Slider

"സ്നേഹനിഴൽ" - കഥ

0


അയാൾ നഗരത്തിൽ ബസ്സിറങ്ങി...
അടുത്ത ഒരു കടയിൽ നിന്നും ഒരു സിഗരറ്റു വാങ്ങി, കത്തിച്ചു പുക ഊതികൊണ്ടു കടക്കാരനോട് ചോദിച്ചു:
ഈ 'മംഗളോദയം' വിവാഹ മണ്ഡപം എവിടെയാണ്?
കടക്കാരൻ പറഞ്ഞു: ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരം വരും...
അയാൾ വഴിയും പറഞ്ഞു കൊടുത്തു...
ഒരു ഓട്ടോ പിടിച്ചു അയാൾ വിവാഹ മണ്ഡപത്തിലെത്തി...
മണ്ഡപത്തിനു ചുറ്റും, വഴിയരികിലും ഒക്കെ കാറുകൾ കിടക്കുന്നു...
മണ്ഡപത്തിനു ചുറ്റും അലങ്കാരങ്ങൾ.... വർണ്ണ പ്രപഞ്ചം..
അയാൾ ഹാളിൽ കയറി ഒരു കസേരയിൽ ഇരുന്നു...
***
ഒരു ദിവസം അയാൾ ഓഫീസിൽ പോകുന്ന വഴിയിൽ
അവിചാരിതമായി അയാൾ വേണുവിനെ കണ്ടത്...
നീണ്ട വർത്തമാനത്തിനിടയിൽ വേണു പറഞ്ഞു: നമ്മുടെ പഴയ കൂട്ടുകാരൻ ഷണ്മുഖന്റെ മകളുടെ കല്യാണമല്ലേ? കല്യാണക്കുറി വീട്ടിൽ കിട്ടി... പക്ഷെ അന്ന് ഞങ്ങൾക്ക് പോകാൻ സാധിക്കുകയില്ല... ഞാനും കുടുംബവും നാട്ടിൽ പോകുകയാണ്.. അന്ന് തന്നെയാണ് എന്റെ സഹോദരിയുടെ വിവാഹവും... ഗുരുവായൂർ അമ്പലത്തിൽ വച്ചാണ്..
തന്നെ വിളിച്ചില്ലേ കല്യാണത്തിന്? വേണുവിന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു: എന്നെ വിളിക്കാൻ മറന്നു പോയിരിക്കും!
എവിടെ വച്ചാണ് കല്യാണം?
വേണു പറഞ്ഞു: കുറെ വർഷമായി അവരിപ്പോൾ മുംബൈയിൽ ആണ് താമസം. ഷണ്മുഖന് അങ്ങോട്ട് ട്രാൻസ്ഫർ ആയല്ലോ. മകളുടെ വിവാഹം മുംബൈയിൽ... തീയതിയും സമയവും വിവാഹമണ്ഡപത്തിന്റെ പേരും ഒക്കെ നൽകി..
വേണു നടന്നകന്നപ്പോൾ അയാളുടെ മനസ്സിൽ ഓർമ്മകൾ ഇളകാൻ തുടങ്ങി...
വർഷങ്ങൾക്കു മുൻപ്.. അയാൾ കണ്ടുമുട്ടിയ ഒരു കൂട്ടുകാരനായിരുന്നു ഷണ്മുഖൻ... ജോലി തേടി നാട്ടിൽ നിന്നും ഡൽഹിയിൽ വന്നു.. അയാൾ താമസിക്കുന്ന വീടിന്റെ അടുത്തുള്ള ഒരു മലയാളി കുടുംബത്തിലെ ഒരു ബന്ധു...
അയാൾ ഷണ്മുഖനെ സ്വന്തം സഹോദരനെപോലെ കരുതി.
അയാളുടെ പരിശ്രമത്താൽ താമസിയാതെ ഷണ്മുഖന് നല്ല ഒരു ജോലിയും കിട്ടി....
താമസിയാതെ ഷണ്മുഖൻ വിവാഹിതനായി. പെണ്ണ് കാണാൻ പോയതും, പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അയാളെ ഷണ്മുഖൻ തന്റെ സ്വന്തം സഹോദരനെപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു..
വിവാഹം കഴിഞ്ഞു താമസിയാതെ അവർ ഒരു പുതിയ വീട് വാങ്ങി താമസം തുടങ്ങി...
എല്ലാ ഞായറാഴ്ചയും അയാളും ഭാര്യയും മോനും ഷണ്മുഖന്റെ വീട്ടിൽ പോകും... അവരുടെ സ്നേഹാന്വേഷണം അറിയാൻ...
ഒരു വർഷം കടന്നു പോയി...
ഷണ്മുഖന്റെ ഭാര്യ ഒരു പെൺകുഞ്ഞിന്റെ അമ്മയായി.
ആ കുഞ്ഞിന് പേര് നിർദേശിച്ചതും അയാൾ തന്നെ... "സിന്ധു"
ആ പേര് എല്ലാവർക്കും ഇഷ്ടപ്പെട്ടു...
മൂന്നു വർഷം വരെ അയാളുടെ സ്നേഹവാത്സല്യം സിന്ധു മോൾക്ക് കിട്ടി.
സിന്ധുവിനെ എടുത്തു അയാൾ പാടും:
"എന്മകളേ... സിന്ധുമോളേ..
നീ പഠിച്ചു മിടുക്കിയാകണം".."
അയാളുടെ പാട്ടു കേട്ട് സിന്ധു മോൾ കുടു കുടെ ചിരിക്കും...
ഒരു ദിവസം.. അവർ ചെന്നപ്പോൾ..
ഷണ്മുഖന്റെ ഭാര്യ പറഞ്ഞു:
"ഈ ചേട്ടനും ചേച്ചിക്കും വേറെ ഒരു പണിയും ഇല്ലേ...
രാവിലെ എഴുന്നള്ളി വരും...!"
ആ വാക്കുകൾ കേട്ട് അവരുടെ ഹൃദയം തകരുന്ന പ്രതീതി...
അയാളുടെ ഭാര്യ പറഞ്ഞു: ഷണ്മുഖ... ഞങ്ങൾ ഇവിടെ വരുന്നത് നിങ്ങളുടെ ഒരു കപ്പു ചായയോ ആഹാരമോ ഉദ്ദേശിച്ചല്ല.. ഇനി ഞങ്ങൾ ഒരിക്കലും ഇവിടെ വരില്ല...
വരില്ലെങ്കിലും വേണ്ട... ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോണില്ല... ഷണ്മുഖന്റെ ഭാര്യ എടുത്തടിച്ചപോലെ പറഞ്ഞു...
അവർ ഇരിക്കാതെപോലും അവിടെ നിന്നും ഇറങ്ങി...
തകർന്ന മനസ്സോടെ...
*****
പതിനേഴു വർഷങ്ങൾ കൊഴിഞ്ഞു പോയി...
സിന്ധു മോളെ ഒന്ന് കാണണം..
അയാൾ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക്‌ തിരിച്ചു..
തലേദിവസം ഒരു ഹോട്ടലിൽ താമസിച്ചു...
വിവാഹ ദിവസം അയാൾ അതിരാവിലെ അയാൾ ഇറങ്ങി...
*****
അയാൾ ഹാളിൽ ഒരു കസേരയിൽ ഇരുന്നു..
പരിചയ മുഖം ഒന്നുമില്ല...
സ്വീകരിക്കാൻ കവാടത്തിൽ നിന്നവരെയും പരിചയമില്ല..
വരനും വധുവും വിവാഹ മണ്ഡപത്തിൽ സന്നിഹിതരായി..
അയാളുടെ കണ്ണുകൾ നിറഞ്ഞു...
സിന്ധു മോൾ... അവൾ എത്ര സുന്ദരിയാണ്...
മണ്ഡപത്തിൽ ഷണ്മുഖനും ഭാര്യയും നിൽക്കുന്നത് അയാൾ കണ്ടു...
അവർ ഈ തന്നെ കണ്ടാൽ തിരിച്ചറിയുമോ?
ഇല്ലായിരിക്കാം... അതുപോലെയാണല്ലോ തന്റെ ഇപ്പോഴത്തെ പ്രകൃതം..
ഒരു അസ്ഥിപഞ്ജരം... നരച്ച മുടി... ഒട്ടിയ കവിൾ...
****
താലികെട്ട് കഴിഞ്ഞു...
ആശംസ അർപ്പിക്കാനുള്ളവരുടെ നിര...
അയാളും നിരയിൽ നിന്നു...
അയാളുടെ ഊഴം ആയി..
സിന്ധു മോളെയും ഭർത്താവിനെയും അയാൾ അനുഗ്രഹിച്ചു..
അയാളെ പരിചയപ്പെടുത്താൻ അവിടെ ആരും ഇല്ലായിരുന്നു.
ഷണ്മുഖനും അയാളും പരസ്പരം നോക്കി...
ഷണ്മുഖന് ഈ മുഖം മനസ്സിലായോ?
ഇല്ലായിരിക്കാം...
അയാൾ സിന്ധുവിന് ഒരു കവർ നൽകി..
അറിയാതെ സിന്ധു ആ കവർ ഷണ്മുഖന്റെ കൈയിൽ കൊടുത്തു!!!
അതിൽ ഒരു നീണ്ട കത്തും ഉണ്ടായിരുന്നു...
രണ്ടു സ്നേഹിതരുടെ കൊഴിഞ്ഞു പോയ കഥ...
*****
അയാൾ വെളിയിൽ വന്നു..
സദ്യ നടന്നുകൊണ്ടിരിക്കുകയാണ്...
ഉണ് കഴിഞ്ഞവർ പറയുന്നു:
അടിപൊളി സദ്യ... നാല് തരം പായസം..
അടപ്രഥമൻ, പാൽപായസം, അരിപ്പായസം,
ചക്ക പ്രഥമൻ...
ചോറുണ്ണാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല..
അയാൾ വഴിയിലേക്ക് നടന്നു.. ഓട്ടോയ്ക്ക് വേണ്ടി
കാത്തു നിന്നു..
സൂര്യാതാപം സഹിക്കാൻ കഴിയുന്നില്ല..
അതോടൊപ്പം വിശപ്പും..!
*************************
[സ്നേഹിതരെ വർഷങ്ങൾക്കു മുൻപ് ഞാൻ എഴുതിയ ഒരു കഥയാണിത്.. ഇപ്പോൾ ആ ഓർമ്മ മനസ്സിൽ വച്ച് കുത്തിക്കുറിച്ചു.. "സ്നേഹനിഴൽ"
എം. എം. ദിവാകരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo