Showing posts with label നൂറനാട് ജയപ്രകാശ്. Show all posts
Showing posts with label നൂറനാട് ജയപ്രകാശ്. Show all posts

ഒരു വിഷുഓർമ്മ

Image may contain: 1 person, sunglasses and selfie

വിഷു എന്താണെന്നും അതിന്‍റെ പ്രാധാന്യം എന്തെന്നും അറിയില്ലെങ്കിലും വിഷുവിന് കണി കാണണം എന്ന് അറിയാൻ തുടങ്ങിയ കാലം . ആർക്ക് ..? എന്‍റെ കുഞ്ഞുപെങ്ങൾ മായയ്ക്ക്. എന്നേക്കാൾ ആറ് വയസ്സ് ഇളപ്പമുള്ള അവൾ ഒരു വിഷുത്തലേന്ന് എന്നോട് പറഞ്ഞു "അണ്ണാ ..എല്ലാവരും വിഷുവിന് കണികാണും നമുക്കും കണി കാണേണ്ടേ..?"
ആഗ്രഹം ഉണ്ടെങ്കിലും ദാരിദ്ര്യം കൊടികുത്തിവാഴുന്ന ആ കാലത്ത് കണിയൊരുക്കുക ഒരു വലിയ ചിലവാണ് എന്ന് കരുതിയിരുന്ന ഞാൻ അതിനേ എതിർത്തു.
"പോ ..പെണ്ണേ ..അതൊക്കെ വലിയവീട്ടിലേ ആൾക്കാർ ചെയ്യുന്ന കാര്യമാ". എന്നോട് പറഞ്ഞാൽ നടക്കില്ല എന്ന് മനസ്സിലാക്കിയ അവൾ ചിണുങ്ങിക്കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് ഓടി. "അമ്മേ എനിക്കും കണി കാണണം" അമ്മയും ആട്ടിപ്പായിച്ചു അവളേ.
പിന്നെ ഏക ആശ്രയം അച്ഛമ്മയാണ് അച്ഛനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അവൾക്കറിയാം.
അവൾ അച്ഛമ്മയെ സോപ്പിട്ട് ഏതാണ്ടൊരു അൻപത് ശതമാനം സമ്മതമുള്ള ഒരു മൂളൽ ഒപ്പിച്ചെടുത്തു.
ഒരു സന്ധ്യയാകാറായപ്പോൾ അച്ഛമ്മ എന്നോട് പറഞ്ഞു "മോനേ നീ ..ആ തോട്ടിയും എടുത്തോണ്ട് തെക്കേ അയ്യത്തോട്ട് വന്നേ" ഞങ്ങൾ രണ്ടുംകൂടി തെക്കേ തൊടിയിലേയ്ക്ക് ..മായാമോളും പിറകേ. എന്‍റെ കയ്യിലിരുന്ന ഈറത്തോട്ടിയുടെ കുടുക്ക് മൂവാണ്ടൻ മാവിലേ ഒരുകുല മാങ്ങയിൽ പിടുത്തമിട്ടു. അടുത്ത് മുകളിലോട്ട് നോക്കി വായുംപൊളിച്ചു നിന്ന മായാമോളോട് മാറിനിൽക്കാൻ പറഞ്ഞിട്ട് ഒറ്റവലി .... ജനിച്ചപ്പോൾ മുതൽ ഇതുവരെ പിരിഞ്ഞിട്ടില്ലാത്ത ആ മാംപൈതങ്ങൾ ചിതറിതെറിച്ച് തലതല്ലി താഴേയ്ക്ക് പതിച്ചപ്പോൾ മായമോൾക്ക് ആവേശം കൂടി ചൊനയൊഴുകുന്ന മാങ്ങകൾ പറുക്കിയെടുത്ത അവൾ അത് തന്‍റെ കുഞ്ഞു പെറ്റിക്കോട്ട് ഒരു കുട്ടയാക്കി അതിൽ അടുക്കി.
"മേല്...പൊള്ളും കുഞ്ഞേ" എന്ന അച്ഛമ്മയുടെ വാക്കുകൾ പോലും വകവയ്ക്കാതെ. തിരികെ വന്ന അച്ഛമ്മ അച്ഛന് ചോറുകൊടുക്കുന്ന ഒരു വലിയ സ്റ്റീൽ പിഞ്ഞാണം ഉണ്ട് വീട്ടിൽ അതെടുത്ത് കഴുകിത്തുടച്ച് രണ്ടു മാങ്ങാ അതിൽ വച്ചു.വിഷുവിനും,ഓണത്തിനും ശിവരാത്രിക്കും മാത്രം നാലഞ്ച് കറികൾ കൂട്ടി ഉണ്ണാനുള്ള ഭാഗ്യം കൈമുതലായുള്ള ഞങ്ങൾക്ക് പിറ്റേന്നത്തേയ്ക്ക് ഉള്ള അവിയലിനും സാമ്പാറിനും ഒക്കെയായി അച്ഛൻ വാങ്ങി അടുക്കളയുടെ മൂലയിൽ ഒരു ചണച്ചാക്കിൽ നിരത്തിയിരുന്ന പച്ചക്കറിയിൽ നിന്നും ആകെയുണ്ടായിരുന്ന ഒരുതുണ്ട് വെള്ളരിയും ഒരു പച്ച ഏത്തക്കയും അച്ഛമ്മ ചൂണ്ടിയെടുത്ത് ആ പിഞ്ഞാണത്തിൽ വച്ചു.
താടിക്ക് കൈകൊടുത്ത് അച്ഛമ്മ ഒന്നാലോചിച്ചു ഇനിയെന്ത്..?
അവിയലിനും പരിപ്പിനും അരയ്ക്കാനായി വാങ്ങിയത് ആകെയൊരു നാളീകേരം ആയിരുന്നു അതിൽ അച്ഛമ്മയുടെ കണ്ണുടക്കി രണ്ടാമതൊന്ന് ആലോചിക്കാതെ നാളീകേരം പൊട്ടിച്ച് അതിലെ വെള്ളം മായമോളുടെ വായിലേക്ക് ഒഴിച്ചുകൊടുത്ത് ഒരുമുറി നാളീകേരം പാതകത്തിൽ കമഴ്ത്തി വച്ച് മറുമുറി ആ തളികയിലും വച്ചു.വീണ്ടും കൈ താടിയിലേയ്ക്ക്.
അച്ഛമ്മയ്ക്ക് അനുജത്തിയുടെ മകൻ വിഷുവിന് തോളിലിടാൻ വാങ്ങിക്കൊടുത്ത ഒരു ഈരേഴേൻ തോർത്ത് ട്രങ്ക് പെട്ടിയിൽ വച്ചിരുന്നു അച്ഛമ്മ. അതും മനസ്സില്ലാമനസ്സോടെ എടുത്തുവച്ചു ആ പിഞ്ഞാണത്തിൽ.
വീണ്ടും കൈ താടിയിലേയ്ക്ക്. മുറ്റത്തേയ്ക്ക് ഇറങ്ങിയ അച്ഛമ്മയ്ക്ക് പിറകേ ഞങ്ങളും ഇറങ്ങി ചായിപ്പിന്‍റെ ഒരു വശത്തായി തൂക്കിയിട്ടിരുന്ന ഉമിക്കരിപ്പാളായുടെ അടുത്തായി അച്ഛൻ മീശവെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒരു പൊട്ടിയ കണ്ണാടിക്കഷ്ണം ഉണ്ടായിരുന്നു അതും എടുത്ത് കഴുകിത്തുടച്ച് സ്റ്റീൽ പിഞ്ഞാണത്തിൽ വച്ചു അച്ഛമ്മ. ക്ലാവ് പിടിച്ച് കറുത്തിരുന്ന ഒരു കുഞ്ഞൻ നിലവിളക്കുണ്ടായിരുന്നു വീട്ടിൽ അച്ഛൻ അമ്മയെ കെട്ടിക്കൊണ്ടു വന്നപ്പോൾ സ്വീകരിച്ചു കയറ്റാൻ ഒരു നിലവിളക്ക് പോലും ഇല്ലാത്ത വീടാണ് ഇതെന്ന് മനസ്സിലാക്കിയ അമ്മയുടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ് പോലും ഈ ഒറ്റച്ചാൺ നീളമുള്ള നിലവിളക്ക്
ഇത് അമ്മയോട് അച്ഛമ്മ അമ്മായിഅമ്മപ്പോര് എടുക്കുമ്പോള്‍
ഇടയ്ക്കിടെ അമ്മ പ്രയോഗിക്കുന്ന ഒരു ബ്രഹ്മാസ്ത്രമായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തായാലും വേണ്ടില്ല ആ വിളക്കും എടുത്ത് അടുപ്പില്‍ നിന്നും കുറച്ചു ചാരവും വാരി അച്ഛമ്മ തേച്ചുമിഴക്കുന്നിടത്തേയ്ക്ക് പാഞ്ഞു ഞങ്ങളും പിറകെ ........
ചാരം ഇട്ട് തേയ്ച്ചപ്പോള്‍ സ്വര്‍ണ്ണം പോലെ തിളങ്ങിയ ആ വിളക്ക് കണ്ടപ്പോള്‍ മയമോള്‍ക്ക് ഒരു സംശയം."ഇത് സ്വര്‍ണ്ണമാണോ അമ്മൂമ്മേ ..." അവള്‍ സംശയം മറച്ചുവച്ചില്ല.
"അയ്യോ ...പിന്നേ ..ചൊര്‍ണ്ണം.....നിന്‍റെ തള്ളയ്ക്ക് സ്ത്രീധനം കിട്ടിയതാ കുഞ്ഞേ ഈ ചൊർണ്ണ വിളക്ക് ...." അവിടെയും അച്ഛമ്മ അമ്മയ്ക്കിട്ട് ഒരു താങ്ങ് താങ്ങി. കഴുകിത്തുടച്ച ആ വിളക്കും വച്ചു കണിക്കൂട്ടത്തിൽ. "ഇനിയൊരു കൃഷ്ണന്‍റെ പടം വേണം"
അച്ഛമ്മയുടെ ചുണ്ടുകൾ മൊഴിഞ്ഞു. "നമ്മുടെ കൃഷ്ണനേ എടുക്കാം അമ്മൂമ്മേ..." മയമോളുടെ അഭിപ്രായം. നമ്മുടെ കൃഷ്ണൻ എന്ന് അവൾ ഉദ്ദേശിച്ചത് അമ്മ ഈ വീട്ടിൽ വരുന്നതിന് മുൻപെങ്ങാണ്ട് അച്ഛമ്മ വെട്ടിക്കോട്ട് അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അച്ഛനും കൂടെ പോയിപോലും തൊഴുതിറങ്ങിയ അച്ഛൻ അച്ഛമ്മയുടെ കണ്ണ് വെട്ടിച്ച് പോയി ആനമയിലൊട്ടകം കളിച്ചപ്പോൾ കിട്ടിയത് ഒരു ഉണ്ണിക്കണ്ണന്‍റെ പടമായിരുന്നു.അത് അച്ഛൻ അച്ഛമ്മയെ ഏൽപ്പിച്ചു അന്നുമുതൽ ആ കൃഷ്ണൻ അച്ഛമ്മയുടെ കസ്റ്റഡിയിൽ ആണ്.
മുൻപേ ആ നിലവിളക്ക് എടുത്തത് ഈ കൃഷ്ണന്‍റെ മുൻപിൽ നിന്നും ആയിരുന്നു. ചെറ്റപ്പുരയുടെ ഭിത്തിയിൽ ഈ ഉണ്ണിക്കണ്ണനെ അച്ഛമ്മ പച്ചീർക്കിലുമായി കൊരുത്തു വച്ചിരിക്കുകയായിരുന്നു. അന്ന് ആ ചെറ്റഭിത്തിയിൽ കുരുങ്ങിപ്പോയ കണ്ണനെ ഇന്ന് അച്ഛമ്മ സ്വതന്ത്രനാക്കി. ഏകദേശം കണ്ണന്‍റെ കാൽമുട്ടുവരെ ചിതലുകൾ സ്വന്തമാക്കിയിരുന്നു ബാക്കിയുള്ള ഭാഗം പൊടിതട്ടിയെടുത്ത് കണിപ്പാത്രത്തിൽ ഇരുത്തി ആ ഉണ്ണിക്കണ്ണനേയും അച്ഛമ്മ.
വീണ്ടും അച്ഛമ്മയുടെ കൈ താടിയിലേയ്ക്ക് പോകും എന്നുറപ്പായപ്പോൾ ഞാൻ ചോദിച്ചു "അച്ഛമ്മേ കൊന്നപ്പൂവ് വേണ്ടേ..?" " പിന്നേ ..അതല്ലേ മോനേ പ്രധാനം .... മോൻ ഒരു കാര്യം ചെയ്യ് കിഴക്കേലെ പപ്പുച്ചേട്ടന്‍റെ അങ്ങ് കൊന്നമരം ഉണ്ട് ഓടിപ്പോയി കുറച്ച് പൂ എടുത്തിട്ട് വാ ....."
എന്‍റെ മനുഷ്യവണ്ടി ഞാൻ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇട്ട് മുന്നോട്ടെടുത്തപ്പോൾ മായാമോളും കയറി വണ്ടിയിൽ അന്നൊക്കെ മനുഷ്യവണ്ടിയിൽ കയറുന്നത് എങ്ങനെയെന്ന് അറിയുമോ ..? ഡ്രൈവറുടെ പിറകിൽ നിന്ന് നിക്കറിൽ പിടിക്കും ആദ്യപാസഞ്ചർ അടുത്തയാൾ അതിയാന്‍റെ നിക്കറിൽ അങ്ങനെ എത്രപേർ വേണമെങ്കിലും കയറും ആ വണ്ടിയിൽ .എത്രപേരേ വേണമെങ്കിലും വലിക്കും ആ വണ്ടി. എന്തായാലും വണ്ടി മുന്നോട്ട് എടുത്തപ്പോൾ മായമോളുടെ പിടി പിറകോട്ട് വലിഞ്ഞു .പിന്നെത്തെ കഥ പറയണോ..? ബട്ടൻസ് പൊട്ടിയതിനാൽ കെട്ടിവെച്ചിരുന്ന എന്‍റെ കാക്കിനിക്കർ ഉരിഞ്ഞുവീണു താഴേയ്ക്ക്. പാദത്തിൽ കിടന്ന കാക്കിനിക്കർ കവുങ്ങിൽ കയറാൻ കാലിൽ തളപ്പ് ഇട്ടമാതിരി. പെങ്ങള്കൊച്ച് മാത്രമേ കണ്ടുള്ളു അതുകൊണ്ട് മാനം പോയില്ല.
വലിച്ചഴിച്ചവൾ തന്നെ മൂക്കത്ത് വിരൽ വച്ച് ഊയി .....പറഞ്ഞപ്പോൾ
ദേഷ്യം ഇരച്ചുകയറി.
വലിച്ചുകയറ്റിയ നിക്കർ വീണ്ടും കെട്ടി അവളേ വണ്ടിയിൽനിന്നും ഇറക്കി നീ നിന്‍റെ വണ്ടി എടുത്തോ എന്ന് പറഞ്ഞു. രണ്ടു വണ്ടികളും നീങ്ങി കിഴക്കേൽ ചെന്നപ്പോൾ നല്ല കോലമാ അവിടെ നാട്ടിലേ മൊത്തം പിള്ളേരും ഉണ്ട് ആ കൊന്നമരത്തിന്‍റെ ചുവട്ടിൽ. എല്ലാവരും മുകളിലേയ്ക്ക് നോക്കി നിൽക്കുകയാ ആർക്കും കയറാൻ വയ്യ.
ഒരു പോത്തൻ മരമാണേ ....കുട്ടികൾക്ക് കയറാൻ പാടാ ...
ആരെങ്കിലും പൂ പറിക്കാൻ വരുമ്പോൾ ഇത്തിരി ചോദിക്കാം എന്ന് കരുതി നിൽക്കുന്നവരാ ഇവരെല്ലാം.
കുറച്ചുനേരം നിന്നപ്പോൾ എനിക്ക് ഒരു ഐഡിയാ തോന്നി ഞാൻ ഒരു കല്ലെടുത്ത് ഒറ്റ കീച്ച് ...ഒരുകുല പൂവ് അടർന്നുവീണു ....എന്‍റെ ഐഡിയാ വിജയം കണ്ടപ്പോൾ ബാക്കി നിന്നവരും ചറപറാ ഏറ് തുടങ്ങി. ആവശ്യത്തിന് പൂക്കൾ ആയപ്പോൾ ഞങ്ങൾ പോകാൻ തിരിയവേ ഒരു മുട്ടൻ കല്ല് വന്ന് മായമോളുടെ തലയിൽ.
വെളുത്ത പെറ്റിക്കോട്ടിൽ കൂടി ചോര ഒലിച്ചിറങ്ങി നിലവിളി നിർത്താതെ മായാമോളും.കയ്യിലിരുന്ന കൊന്നപ്പൂക്കൾ കളഞ്ഞ് ഞാൻ അവളേ കോരിയെടുത്ത് വീട്ടിലേയ്ക്ക്. എന്‍റെ ഭാഗ്യത്തിന് അച്ഛൻ അവിടെ ഉണ്ടായിരുന്നു. തല പൊട്ടി ചോര ഒഴുകുന്ന കൊച്ചിനെ കണ്ടപ്പോൾ വാരിക്കിരുന്ന ചൂരൽ എടുത്ത് അച്ഛൻ എന്‍റെ ചന്തിക്ക് നാല് പൊട്ടീര് തന്നിട്ട് മായമോളേം എടുത്ത് അച്ഛൻ ആശുപത്രിയിലേയ്ക്ക്.
പന്തളം മെഡിക്കൽ മിഷനിൽ മോളുടെ തലയിൽ അഞ്ച് തയ്യലും ഇട്ട് അച്ഛൻ വന്നത് വിഷുവിന്‍റെ അന്ന് ഉച്ചയ്ക്ക്. വന്നപാടേ മയമോളുടെ അന്വേഷണം കണിയെക്കുറിച്ച് ആയിരുന്നു " നീ ഇരിക്ക് ഇപ്പോൾ ഞാൻ കണികാണിക്കാം..." അമ്മയുടെ ദേഷ്യം എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു.
കണിയൊരുക്കിയ ആ സ്റ്റീൽ പിഞ്ഞാണത്തിൽ തന്നെ അടുപ്പത്തിരുന്ന അവിയൽ കോരി അമ്മ മായമോളുടെ മുന്നിൽ വച്ചു.
"ഇന്നാ ...ഇത് കണി കണ്ടോ .." മുന്നിലിരിക്കുന്ന ആവിപറക്കുന്ന അവിയല്‍ കണ്ട് കണ്ണ്‍തള്ളിയ മയമോള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ..."അതേടീ ...നീ ഒരുക്കിയ കണി എല്ലാം ഇതിലുണ്ടെടീ.....
വെള്ളരിക്കാ,നാളീകേരം,മാങ്ങാ,ഏത്തക്കായ എല്ലാം ...കണ്ടോ നല്ലോണം കണികണ്ടോ ..." അങ്ങനെ ആദ്യകണി അവിയൽ കാണേണ്ടി വന്ന എന്‍റെ കുഞ്ഞുപെങ്ങൾ എന്‍റെ മുഖത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പ് ഇട്ടു ആ നെടുവീര്‍പ്പ് ഇന്നും എന്‍റെ മനസ്സില്‍ ഒരു മായാത്ത വിഷു ഓര്‍മ്മയായി നില്‍ക്കുന്നു.
ചന്തിയില്‍ നിഴലിച്ച ചൂരലിന്‍റെ തടിപ്പിൽ തടവിക്കൊണ്ട് ഞാനും കൂടി അവള്‍ക്കൊപ്പം ആ കണി അവിയല്‍ കൂട്ടാന്‍ .....
നൂറനാട് ജയപ്രകാശ്

ഓട്ടംതുള്ളൽ. കഥ : പ്രവാസപുരാണം

Image may contain: 1 person, sunglasses and selfie

നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
നേരംപോക്കിന് പറയുകയല്ലിത്...
പേർഷ്യേപ്പോയൊരു കഥയത് ചൊല്ലാം...
നേരാംഇക്കഥ കേട്ടുകഴിഞ്ഞാൽ....
നേരിയ പുഞ്ചിരി ആവാം ചുണ്ടിൽ .....
പത്താംക്ലാസിന് മുകളിൽ പോകാൻ.....
പറ്റില്ലെന്ന് പറഞ്ഞൊരു കാലം .....
എന്നാപ്പിന്നെ...തൂമ്പയെടുത്തോണ്ട്....
എന്നോടൊപ്പം ഇറങ്ങാനച്ഛൻ......
വെട്ടുംകിളയും വശമില്ലെന്നും ....
വിയർപ്പ് കളയാനാകില്ലെന്നും...
ഒറ്റയടിക്കത് ചൊല്ലീ ഞാനും .....
ഓട്ടക്കാലണയില്ലാഞ്ഞിട്ടും.....
അക്കരയെങ്ങാൻ പോയാലോ ഞാൻ...
അന്തസ്സുള്ളൊരു പണിയത് നേടാം ....
പത്താംക്ലാസ്സിൽ തോറ്റനിനക്കൊരു ...
പണി തരുകില്ലെൻ മകനേ ആരും ....
തെക്കേവീട്ടിലൊരെമ്മേക്കാരൻ ...
അരിവാങ്ങിക്കാൻ പൊരി വിൽക്കുന്നു......
അങ്ങേവീട്ടിലേ ലംബോദരനോ .....
അഞ്ചാംക്ലാസ്സും ഗുസ്തീംമാത്രം ....
അവരുടെ വീട്ടിൽ വരുന്നത് കണ്ടോ ....
അറബിപ്പൊന്നും അത്തറ്മണവും ....
അക്കരെവരെയൊന്നെത്തിച്ചാൽ ഞാൻ ...
അതിലും വലിയൊരു മാളിക പണിയും ....
അച്ഛനേം അമ്മേം പൊന്നാൽ മൂടും ...
അക്കച്ചിക്കൊരു ചെക്കനെ വാങ്ങും......
നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
ഒറ്റമുറിക്കൊരു വീടുള്ളത് ഞാൻ ....
ഒക്കെയെടുത്തത് പണയം വച്ചു ....
അച്ഛൻ കെട്ടിയ താലിയറുത്തു .....
അമ്മവളർത്തിയൊരാടിനെ വിറ്റു .....
അങ്ങനെ ഞാനിവിടെത്തപ്പെട്ടു ....
അറബി നടത്തുമൊരവിയല് കടയിൽ .....
എത്ര വരേയ്ക്ക് പഠിച്ചെന്നായി ...
ബെൽറ്റ് കഴുത്തിൽ കെട്ടിയ മാന്യൻ ....
"പത്താം തരമത്" ചൊല്ലീ ഞാനൊരു ...
പത്താൾ കേൾക്കെയതുച്ചതിൽ.....
വിരലുകൾ ചൂണ്ടിയ ഭാഗത്തേയ്ക്കൊരു ...
വിസ്മയമോടെ നോക്കീ ഞാനും ....
എച്ചില്പാത്രം മോറുംമുറിയുടെ ...
മൂലേൽ നിന്നൊരു കയ്യുമുയർന്നു ....
കോഴിക്കോട്ടേ ഖാദറ് കോയാ ....
കോട്ടും സൂട്ടും വേഷോം പിന്നെ ...
വെള്ളക്കാരുടെ ഭാഷേം മാത്രം ....
ഓനാ ...ഞങ്ങടെ സൂപ്പർവൈസർ ...
പാത്രം മോറൽ സൂപ്പർവൈസർ .....
നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
പാത്രം മോറി മടുത്തൊരു നാളിൽ ...
കോയാക്കാനേ കണ്ടു പറഞ്ഞു ....
കാലുപിടിക്കാം കോയാകാക്കേ ...
വേറെന്തെങ്കിലുമൊരു പണി നൽകു ....
ഡിഗ്രി കഴിഞ്ഞവരൊക്കെ ഇവിടെ ...
മേശതുടച്ചു നടക്കുമ്പോൾ ....
പത്താംക്ലാസ്സിൽ തോറ്റവനേ ഈ ...
ഹോട്ടലിൽ ഇനി ഞാനെവിടെയിരുത്തും.....
കഞ്ഞികുടിച്ചൊരു പാത്രം പോലും ...
കഴുകീട്ടില്ല ഞാനെന്‍ വീട്ടില്‍ .....
കണ്ടവനൊക്കെ തിന്നൊരു പത്രം ....
കഴുകിയലക്കീ...ഞാനീ നാട്ടില്‍ .....
നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
ലക്ഷം രൂപാ സ്വപ്നം കണ്ടവന്‍ ...
മിച്ചം വച്ചത് മുക്കാല്‍ ചക്രം .....
അത്തറ് വാങ്ങാൻ കാശില്ലിവിടെ ...
എച്ചില് മണമാ ദേഹം മുഴുവൻ ....
കവലേലൊന്ന് കറങ്ങാറില്ല ....
കരിവളകൈകൾ കാണാനില്ല .......
കലുങ്കേലൊന്നുമിരിക്കാറില്ല ...
കിളികളേ നോക്കി രസിക്കാറില്ല ....
നേരേചൊവ്വേ ...ഉറങ്ങാറില്ല ....
എന്തിന് ............................
വൈകിട്ടിത്തിരി മോന്താറില്ല .....
നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
ഒന്നാം തീയ്യതി കാശിവിടെത്തും ....
നമ്പര്കുത്തിയതൊക്കെയെടുക്കും...
അവിടം മുതലേ കണക്കുകൾ കൂട്ടും ....
കൈവിരലൊക്കെ മടക്കി നിവർത്തും ....
ഡ്രാഫ്റ്റുമെടുത്തു വരുന്ന വഴിക്കൊരു ...
ചായേം വടയും തിന്നാലായി .....
രണ്ടാംതീയ്യതി രാവിലെ പക്ഷേ ...
ഉണ്ടാകില്ലൊരു രൂപാ പേഴ്സിൽ ....
കണ്ടാലറിയും കൂട്ടരൊടൊക്കെ ...
തെണ്ടാനാകും പിന്നൊരു യോഗം ....
ഇട്ടുകളഞ്ഞിത് പോയാലെന്നൊരു ...
മുപ്പത് വട്ടം മൂളി നടന്നു .....
എന്നാലിനിയൊരു കൊല്ലം കൂടി
നിന്നാലോന്നൊരു പൂതി ജനിച്ചു ....
ആ ..ഒരു കൊല്ലം നീണ്ടുനിവർന്നൊരു
മുപ്പത്കൊല്ലം വരെയിവിടെത്തി ....
നാരായണ നമഃ നാരായണ നമഃ
നാരായണ നമഃ നാരായണ നമഃ .....
സമ്പാദിച്ചതതെന്തെന്നറിയുക ...
സന്താനങ്ങൾ മാത്രം മിച്ചം ....
ബാക്കിയൊരിത്തിരി ബാലൻസുള്ളത് ...
പ്രഷറും ഷുഗറും കൊളസ്ട്രോളും .......
എന്നാപ്പിന്നിനി ....നിർത്താമെന്നൊരു ...
മോഹമുദിച്ചു ..മനസ്സിന്നുള്ളിൽ ....
അന്ന് വിളിച്ചു പറഞ്ഞു ഞാനത് .....
അക്കരെയുള്ളാ...പെണ്ണവളോട് .....
"ഇപ്പോളിങ്ങട് ...വന്നാലെങ്ങനെ ...
നിന്നു പിഴക്കും മനുഷ്യാ നമ്മൾ ....
എത്തട്ടൊരുഗതി മക്കൾക്കെല്ലാം .....
അതുവരെയൊന്നു ക്ഷമിക്കു നിങ്ങൾ"
എന്നാപ്പിന്നൊരു കൊല്ലം കൂടി ...
എച്ചിൽപ്പാത്രം മോറിയൊരുക്കാം .....
പേർഷ്യേക്കാരുടെ വരവും പോക്കും ...
കണ്ടുകൊതിച്ചത് എന്നുടെ തെറ്റ് ......
നൂറനാട് ജയപ്രകാശ് 

പെങ്ങള്പെണ്ണ്


Image may contain: 1 person, sunglasses and selfie

പെങ്ങള്പെണ്ണേ....നിനക്കോർമ്മയുണ്ടോ
ആന്നു നാം താണ്ടിയ നാട്ടുവഴിയൊക്കെയും
അനുഭവത്താളിലന്നന്യോന്യമെഴുതിയ
അഭിവന്ദ്യനാളുകളോർമ്മയുണ്ടോ..?
കൂട്ടുകാരോടൊത്തൊരു കുടുംബം കളിക്കുമ്പോൾ
കുസൃതികാട്ടി നാം പൊട്ടിച്ചിരിച്ചപ്പോൾ
പെണ്ണായ്പിറന്നവള്‍ പെങ്ങളാണെന്നമ്മ
പാടിപഠിപ്പിച്ചതോർമ്മയുണ്ടോ..?
കണ്ണൻചിരട്ടയിൽ കഞ്ഞിവെച്ചുണ്ടതും
തൊണ്ണാനുരുട്ടി നാം വണ്ടിയോടിച്ചതും
തണ്ടിതിരിഞ്ഞു നാം ഞൊണ്ടി കളിച്ചതും
നിന്നെയിരുത്തി ഞാൻ പാളവലിച്ചതും
ഇന്നലെപ്പോലെഞാനോർക്കുന്നു കണ്ണേ ...
ചീനിയിലത്തണ്ടാലൊരു മാലകൊരുത്തതും
ചീനിക്കാ ...പറിച്ചത്‌ പമ്പരമാക്കീതും
ചീനിയിലയരിഞ്ഞതിലത്തപ്പൂവിട്ടതും
ചിത്തത്തിലുണ്ടോ നിനക്കിന്നും മിത്രമേ ...?
നാലണയമ്മേടെ കുടുക്കേന്നെടുത്തതും
നാരങ്ങാമിഠായി വാങ്ങി നുണഞ്ഞതും
നാലാളറിഞ്ഞപ്പോളെന്നേ... പഴിച്ചതും
തങ്ങളിൽ തല്ലി നാം തമ്മിൽ പിരിഞ്ഞതും
ഓർമ്മയുണ്ടോ നിനക്കെന്‍റെ ഓമലാളേ ..?
മാറ് മറയ്ക്കാതെ നമ്മളൊന്നിച്ചൊരു
കർക്കിടകക്കരിമഴക്കൊപ്പം നനഞ്ഞതും
നാണം പറഞ്ഞൊരു ചൂണ്ടുവിരലന്നെന്‍റെ
നാസിക ചുംബിച്ചതോർമ്മയുണ്ടോ..?
അക്കാലമെവിടെന്ന് തിരയുവാൻ നമുക്കിനി
ഗൂഗിളിൽ പോകാതെ രക്ഷയില്ലോമനേ......
നൂറനാട് ജയപ്രകാശ് 

സൂക്ഷിക്കണേ

Image may contain: 1 person, sunglasses and selfie
ഏട്ടാ....എനിക്ക് രണ്ട് ചുരിദാർ എടുക്കണം ...ഏട്ടൻ വന്നിട്ട് പോകാം എന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ"
അവധിക്ക് നാട്ടിൽ ചെന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്‍റെ ശ്രീമതിയുടെ ആവശ്യം ആണ് മുകളിൽ കേട്ടത്.
"ഞാന്‍ നിന്‍റെ പേരിലല്ലേ പൈസാ അയക്കുന്നത് അപ്പോൾ നിനക്ക് ഒന്നോ രണ്ടോ വാങ്ങിക്കൂടായിരുന്നോ..? ആകെ കിട്ടുന്നത് മുപ്പത് ദിവസത്തെ അവധിയാ ഇങ്ങനെ ഓരോ കാര്യങ്ങൾക്ക് ഇറങ്ങിപ്പോയാൽ അന്നത്തെ ദിവസം പോക്കാ.." എന്‍റെ നീരസം ഞാനും അറിയിച്ചു.
"ഞാൻ എടുക്കാൻ പോയാൽ ഏറ്റവും കുറഞ്ഞതേ എടുക്കു ഏട്ടാ അതിനേ കാണു പൈസാ. എണ്ണിച്ചുട്ട അപ്പംപോലെ അയക്കുന്ന പൈസ ആവശ്യങ്ങൾ എല്ലാം കഴിയുമ്പോൾ പിന്നെ നല്ല തുണി ഒന്നും എടുക്കാൻ തികയില്ലെന്നേ ....അതാ ഞാൻ ഏട്ടൻ വരട്ടെ എന്ന് തീരുമാനിച്ചത്..."
ശ്രീമതിയുടെ കൗശലപരവും എന്നാൽ കഴമ്പുള്ളതുമായ വിശദീകരണം കേട്ടപ്പോൾ കാര്യം ശെരിയാണ് എന്ന് എനിക്കും തോന്നി.
"എന്നാ ...വാ ..."
ഞങ്ങളുടെ ടൂവീലർ അധികം വലുതല്ലാത്തതും എന്നാൽ തീരെ ചെറുതല്ലാത്തതുമായ ഒരു ജൗളിക്കടയുടെ മുന്നിൽ നിന്നു.
അകത്തുകയറി രണ്ട് ചുരിദാർ സെലക്റ്റ് ചെയ്ത് പണം അടയ്ക്കാൻ വന്നപ്പോൾ ബില്ലടിക്കുന്ന ഒരു ഫ്രീക്കന്‍റെ ഉപദേശം "ഇട്ട് നോക്കിയോ...?" ഇല്ലെന്ന് ഞാൻ
"എന്നാൽ ഇട്ട് നോക്കിക്കോ.. അതിനുള്ള സൗകര്യം ഉണ്ട് .."
"വേണ്ടാ അളവിനുള്ളതാ എടുത്തത് പാകമാകും" എന്ന് ഞാനും.
"കടവിട്ട് പോയിട്ട് തിരികെ വന്നാൽ സാധനം തിരികെ എടുക്കില്ല" എന്ന ഫ്രീക്കന്‍റെ താക്കീത് കേട്ടപ്പോൾ എനിക്ക് തെല്ല് സംശയം ആയി
"എവിടെയാ ഇട്ട്നോക്കുന്ന സ്ഥലം..?" ഞാൻ ചോദിച്ചു.
"മുകളിൽ ആണെന്ന്" ഫ്രീക്കൻ
 "എന്നാൽ വാടോ .." ശ്രീമതിയെയും കൂട്ടി ഞാൻ മുകളിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ഫ്രീക്കൻ "ചേട്ടനെന്തിനാ പോകുന്നേ ചേച്ചി പോയി ഇട്ട് നോക്കിയിട്ട് വരട്ടേ .."എന്നായി
"ഞാൻ എന്‍റെ ഭാര്യയുടെ കൂടെ അല്ലേ പോകുന്നത് അല്ലാതെ നിന്‍റെ ഭാര്യയുടെ കൂടെയല്ലല്ലോ പോകുന്നത്" എന്ന് ഞാനും.
"അവിടെ വേറേ സ്ത്രീകൾ കാണും" എന്ന് പറഞ്ഞ ഫ്രീക്കൻ എന്നേ തടഞ്ഞു.അപ്പോൾ എന്‍റെ സംശയം ഉറച്ചു. ഞാനും കൂടെ പോകും എന്ന്‍ പറഞ്ഞു ഞങ്ങൾ മുന്നോട്ട് നീങ്ങി.
"ചേട്ടൻ പോകാൻ പറ്റില്ല " എന്നും പറഞ്ഞുകൊണ്ട് ഫ്രീക്കൻ ഇറങ്ങി എന്‍റെ മുന്നിൽ നിന്നു. ഫ്രക്കന്‍റെ കഴുത്തിന് പിടിച്ച് ഒരു തള്ള് കൊടുത്തിട്ട് ഞാൻ മുന്നോട്ട് നീങ്ങി മാനേജരെ വിളിച്ചു.
അവിടെനിന്ന ഒന്നുരണ്ടുപേർ എനിക്ക് സപ്പോർട്ട് തന്നു .അയാൾ അയാളുടെ ഭാര്യയുടെ കൂടെ തുണി മാറുന്നിടത്ത് പോകുന്നതിന് നിങ്ങൾക്ക് എന്താണ് പ്രശ്‌നം എന്നായി സപ്പോർട്ട് തന്നവർ.
അവസാനം മാനേജർ സമ്മതിച്ചു. ഞങ്ങൾ മുകളിൽ കയറി രണ്ട് ചെറിയ ക്യാബിൻ ഉണ്ട് സ്ത്രീകൾക്ക് തുണി പാകം നോക്കാൻ.
അകത്ത് കയറിയ ഞാൻ അവിടെ അരിച്ചുപെറുക്കി നോക്കി സംശയാസ്പദമായി ഒന്നും കാണാൻ കഴിഞ്ഞില്ല. തിരികെ ഇറങ്ങാൻ നേരം അനാവശ്യമായി ഫിറ്റ് ചെയ്തിരുന്ന ഒരു സ്ക്രൂ എന്‍റെ ശ്രദ്ധയിൽ പെട്ടു. അത് ഫിറ്റ് ചെയ്തിടത്ത് അങ്ങനെ ഒരു സ്ക്രൂവിന്‍റെ ആവശ്യം ഇല്ല എന്നെനിക്ക് ബോധ്യമായപ്പോൾ ഞാൻ അത് വിശദമായി പരിശോദിച്ചു. എന്‍റെ മൊബൈലിലെ ലൈറ്റ് ഓൺ ആക്കി ഞാൻ സ്ക്രൂവിന്‍റെ മുഖത്തേയ്ക്ക് അടിച്ചു. അതേ അതൊരു ക്യാമറ ആയിരുന്നു. താഴെവന്ന ഞാൻ എനിക്ക് സപ്പോർട്ട് തന്നവരുമായി വീണ്ടും മുകളിൽ എത്തി അത് ക്യമാറ തന്നെയാണ് എന്ന് ഉറപ്പുവരുത്തി പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തും എന്ന് ഉറപ്പായപ്പോൾ ഫ്രീക്കനും രണ്ട് കൂട്ടാളികളും മുങ്ങിക്കളഞ്ഞു.പിടിക്കപ്പെട്ടത് ഒന്നുമറിയാത്ത ആ മാനേജരും.
സൂക്ഷിക്കുക ഇതുപോലെ പല ചതികളും പതിയിരുപ്പുണ്ട് നിങ്ങൾക്ക് മുന്നിൽ.തുണി എടുക്കാൻ കയറുന്ന കടയിൽ തിരികെ എടുക്കില്ല എന്ന് പറയുന്നിടത്ത് ഉറപ്പാണ് ഇതുപോലുള്ള ചതികൾ ഉണ്ടായിരിക്കും.കഴിവതും വീട്ടിൽ കൊണ്ടുവന്ന് തുണികൾ ഇട്ടുനോക്കി പാകം ഉറപ്പുവരുത്തുക.അതല്ലെങ്കിൽ ഇട്ടിരിക്കുന്ന പഴയ തുണിയുടെ മുകളിൽ കൂടി ഇട്ട് നോക്കുക.ഇനി നിർബന്ധമായും പഴയതുണി നീക്കിയ ശേഷമേ പുതിയ തുണിയുടെ പാകം നോക്കാൻ പറ്റു എങ്കിൽ ചുരീദാറിന്‍റെ ഷോൾ എടുത്ത് മുഖം മറയത്തക്കവിധം തലയിലൂടെ ചുറ്റുക. നാം എത്ര സൂക്ഷ്മമായി പരിശോധിച്ചാലും ഒന്നും കണ്ടുപിടിക്കാൻ കഴിയാത്ത വിധം ആയിരിക്കും ഇത്തരം ക്യാമറകൾ ഫിറ്റ് ചെയ്തിരിക്കുക.
ഇനി ഹോട്ടലിൽ.ബസ്സ്റ്റാൻഡിൽ.റെയിൽവേസ്റ്റേഷൻ. വിമാനത്താവളം എന്നിവിടങ്ങളിലെ ടോയ്‌ലറ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോകുന്ന സമയത്തും ഇമ്മാതിരി മുഖംമറച്ച് തലവഴി സാരിയുടെ തുമ്പോ ചുരിദാറിന്‍റെ ഷോളോ ചുറ്റുക .........
ഉണരൂ ...സഹോദരിമാരെ ..ഉണരൂ ...................
ഉണർത്തു ...സഹോദരന്മാരെ ...അവരേ ...ഉണർത്തു ......
നൂറനാട് ജയപ്രകാശ്.

മരു"മകൻ"


മരു"മകൻ"
*************
ആരവങ്ങൾ ഒഴിഞ്ഞു ആളുകൾ പിരിഞ്ഞു ആഗ്രഹം സഫലീകരിച്ചു
മകളും മരുമകനും നല്ലവിരുന്നും വന്നു എന്നിട്ടും മുറ്റത്തുയർത്തിയ
പന്തൽ പൊളിക്കാൻ എന്തേ പന്തല് ഗോപി വരാഞ്ഞത് ...?
തന്‍റെ നല്ലപാതി ലേഖ കൊടുത്ത കട്ടൻചായയിലേ ചൂട് ഊതിയകറ്റി
ചുണ്ടോടടുപ്പിക്കുമ്പോൾ പ്രകാശ് ആലോചിച്ചു.ഗോപിക്ക് വേറേ
പന്തലിന്‍റെ പണിയൊന്നും കിട്ടിക്കാണില്ല അതാ ഈ പന്തൽ
അഴിക്കാൻ വരാതിരുന്നത്.ഇനി അവൻ വരുമ്പോൾ എന്തോ
സമാധാനം പറയും ദൈവമേ ..?
ആലോചന പൂർത്തീകരിക്കും മുൻപ് നക്ഷത്രം പോലെ മുറ്റത്തുദിച്ചു
ബ്ലേഡ്നന്ദൻ.ബൈക്ക് സ്റ്റാൻഡിൽ വച്ച് നടന്നടുത്ത നന്ദന്‍റെ
അടുത്തേയ്ക്ക് അതിലും വേഗതയിൽ പ്രകാശും നടന്നു.
അത് അവനോടുള്ള സ്നേഹം കൊണ്ടല്ല മുറ്റത്തുവന്നുനിന്ന്
നാണക്കേട് പറയുമ്പോൾ എല്ലാവരും കേൾക്കില്ലേ അതൊഴിവാക്കാൻ ആയിരുന്നു അവന്‍റെ അടുത്തേയ്ക്ക് നീങ്ങിയത്.
"അണ്ണാ ...എനിക്ക് പോയിട്ട് ഇത്തിരി ധൃതിയുണ്ട് കോശി വീട്ടിൽ
വന്ന് നിൽക്കുന്നു കാലത്തേ അവന് ഒരു രണ്ട് രൂപ ഇന്ന് കൊടുക്കാം
എന്ന് പറഞ്ഞിരുന്നു.അതിഞ്ഞു തന്നിരുന്നെങ്കിൽ അവന് കൊടുത്തു
വിടാമായിരുന്നു.".നന്ദൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
അത്.... നന്ദാ നീ എനിക്ക് ഒരാഴ്ച്ച സമയം കൂടി തരണം.കാശ്
ശെരിയായില്ല.
"ദേ ...പ്രകാശ്അണ്ണാ തമാശ കേൾക്കാനുള്ള മൂഡിൽ അല്ല ഞാനിപ്പോ.
ഇന്നലെ വൈകിട്ട് ബാക്കി തരാം എന്നായിരുന്നു നമ്മൾ തമ്മിൽ
ഉള്ള കരാർ .ഇന്നും ഇല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ ശെരിയാവുക.?"
അത് ...നന്ദാ ...ഒരാഴ്ച്ചത്തെ പലിശ ചേർത്തു ഞാൻ തരാം പറഞ്ഞുവച്ച കാശ് കിട്ടിയില്ല അതുകൊണ്ടാ ...പ്രകാശ്
താഴ്മയായി പറഞ്ഞു.
"ദേ ...അണ്ണാ ..എന്ന് വിളിച്ച നാവുകൊണ്ട് അക്ഷരം മാറ്റി
വിളിപ്പിക്കരുത് തരാൻ പാങ്ങില്ല എങ്കിൽ പിന്നെന്തിനാടോ വാങ്ങിയത്..?ഇതാ ..ഞാൻ അയലത്ത്കാർക്ക് കാശ് കൊടുക്കാത്തത് .കല്യാണം കഴിയുന്ന അന്നുതന്നെ തരാം എന്ന് പറഞ്ഞല്ലേ താൻ
എന്‍റെ കയ്യിൽ നിന്നും നാല് ലക്ഷം രൂപാ വാങ്ങിയത് ..?
അധികം പലിശയും ഞാൻ പറഞ്ഞില്ല നാല് ദിവസത്തേയ്ക്ക്
നാല് ലക്ഷത്തിന് വെറും ഇരുപതിനായിരം രൂപ .
രണ്ടു ലക്ഷവും പലിശയും താൻ പറഞ്ഞ സമയത്ത് തന്നു .ബാക്കി
ഇന്നലെ തരാം എന്നല്ലേ പറഞ്ഞത്.? ഇപ്പോൾ പറയുന്നു കാശ്
തരമായില്ല എന്ന് .
വീട്ടിൽ വന്ന് നിൽക്കുന്ന കോശിയോട് ഇനി ഞാൻ എന്ത് പറയും .?
ഒരുമാതിരി മാറ്റേടത്തെ പണിയായിപ്പോയില്ലേ ഇത്"
നന്ദാ ...പതുക്കെപറ പിള്ളേർ വന്നിട്ടുണ്ട് അവർ കേട്ടാൽ
നാണക്കേട് ആകും.പ്രകാശ് വീണ്ടും കെഞ്ചി .
"ആർക്ക് ...നാണക്കേട് ..?എനിക്കോ .?എനിക്ക് ഒരു നാണക്കേടും
ഇല്ല തനിക്കല്ലേ നാണക്കേട് അതിന് ഞാൻ എന്തിനാ പറയാതിരിക്കുന്നത്.? കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ .
നാളെ വൈകിട്ട് ഞാൻ വരും ബാക്കി പൈസ എനിക്ക് കിട്ടണം
എന്‍റെ സ്വഭാവം അറിയാല്ലോ തനിക്ക് ..?ഞാൻ മഹാ ചെറ്റയാ ...
ഞാൻ വീട്ടിൽ കേറി വല്ല ചെറ്റത്തരവും കാണിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല കെട്ടിക്കാറായ ഒന്നൂട് ഉണ്ടല്ലോ വീട്ടിൽ അത് ഓർമ്മ വേണം." ഇത്രയും പറഞ്ഞുകൊണ്ട് വണ്ടിയും എടുത്ത് ഒറ്റപ്പോക്ക്
ആയിരുന്നു ബ്ലേഡ്നന്ദൻ.
"ദേ....നിങ്ങള്‍ പോയി കുറച്ചു ചിക്കന്‍ വാങ്ങിവരു..കുട്ടികള്‍
വന്നതല്ലേ..."ലേഖയിലെ അമ്മായിയമ്മ ഉണര്‍ന്നു.
"വേഗം പോ ....മണി ഒന്‍പതായി ഇനി താമസിച്ചാല്‍ കിട്ടില്ല.."
അടുക്കളയില്‍ മരുമകന് ഏറ്റവും ഇഷ്ടപ്പെട്ട പുട്ട് ഉണ്ടാക്കുന്ന
തിരക്കില്‍ ആയതിനാലാകാം തിടുക്കത്തില്‍ അകത്തേയ്ക്ക് പോയി.
അഴിഞ്ഞ കാര്‍കൂന്തല്‍ വാരിപ്പിടിച്ച്‌ കെട്ടിക്കൊണ്ട് ആലസ്യം
വിട്ട് മറാത്ത മുഖവുമായി മകള്‍ അഞ്ചു.. മുറിക്ക് പുറത്തേയ്ക്ക്
ഇറങ്ങി ഒരു അമറന്‍ ഡയലോഗ് കാച്ചി...
"അച്ഛാ ...ചിക്കൻ വേണ്ടാ ..പോയിടത്ത് ഒക്കെ ചിക്കാനായിരുന്നു
കപ്പയും കരിമീനും മതി ..ചേട്ടനും അതാ ഇഷ്ടം .."
ദൈവമേ ...കരിമീനോ ..? കരിമീൻ ഞാൻ പടത്തിൽ അല്ലാതെ
ജീവനോട് കണ്ടിട്ടില്ല .കല്യാണം കഴിഞ്ഞ് കളസം കീറി നില്‍ക്കുന്ന
ഞാന്‍ ഇപ്പോള്‍.... വാങ്ങാം കരിമീന്‍ ..
തന്നെയുമല്ല മത്തി വാങ്ങി കറിവയ്ക്കുമ്പോള്‍ നടുക്കഷ്ണം കിട്ടാൻ
ഇളയവളമായി തല്ല് കൂടാറുള്ള ഇവൾ എപ്പോൾ ആണ് കരിമീന്‍റെ
രുചിയറിഞ്ഞത്..?പ്രകാശ് മനസ്സില്‍ ഓര്‍ത്തു .
ഇത്രയും ആയപ്പോള്‍ തന്‍റെ പള്‍സറിന്‍റെ താക്കോല്‍ കയ്യിലിട്ട്
കറക്കിക്കൊണ്ട് മരുമകന്‍ രഞ്ജിത്ത് ഇറങ്ങിവന്നു.
"ഞാനും വരാം അച്ഛാ ..നടന്നുപോയാല്‍ താമസിക്കും"
തന്‍റെ പ്രീയതമനും കൂടെ പോകുന്നു എന്നറിഞ്ഞപ്പോള്‍ അഞ്ചു
ചുവട് ഒന്ന്‍ മാറ്റി ചവിട്ടി .
"ചേട്ടാ ..കരിമീന് രുചിയില്ലാത്ത മാസാമാണ് ഇത് എന്ന്‍
ഞാന്‍ കുക്കറി ഷോയില്‍ ലക്ഷമി നായര്‍ പറയുന്നത് കേട്ടു
ഇപ്പോള്‍ ആണ് അത് ഓർത്തത് .മത്തിയ്ക്ക് നല്ല നെയ്യുള്ള
സമയമാ ..രണ്ടുകിലോ മത്തി വാങ്ങീര് പൊള്ളിച്ചു തരാം ."
വാതിലിൽ നിന്ന ലേഖ മകളേ നോക്കി ഒരു വളിച്ച ചിരി പാസാക്കി
അതിൽ എല്ലാം ഉണ്ടായിരുന്നു.എടീ ...ഭയങ്കരീ നിന്‍റെ
കെട്ടിയോൻ കൂടെപ്പോയാൽ കാശ് അവന്‍റെ പോക്കറ്റിൽ നിന്നാവും
പോകുക എന്ന് കരുതിലല്ലേടീ അഞ്ച്മിനിറ്റ് കൊണ്ട്
കരിമീന്‍റെ രുചി പോയത് ..?നീ ആള് കൊള്ളാമെല്ലോ ..?
"അച്ഛാ ഞാനോ എന്‍റെ വീട്ടുകാരോ സ്ത്രീധനം എന്തെങ്കിലും
ചോദിച്ചിരുന്നോ..?ഇല്ലല്ലോ ...എനിക്ക് പെണ്ണിനേ ഇഷ്ടമായി
തരുമോന്ന് ചോദിച്ചു അതിന് നമ്മൾ തമ്മിൽ ഒരു കരാറും
ഉണ്ടാക്കിയില്ലല്ലോ..ഉവ്വോ ..?"
ഓടുന്ന പൾസറിന്റെ അതിജീവിച്ച് മരുമകൻ രഞ്ജിത്തിന്‍റെ
വാക്കുകൾ പ്രകാശിന്‍റെ ചെവിയിൽ പതിഞ്ഞപ്പോൾ അവൻ
ചോദിച്ചു എന്താ മോനേ ..അങ്ങനെ ചോദിച്ചത് ..?
"പിന്നെ എന്തിനാ ഈ പണം കൊള്ളപ്പലിശയ്ക്ക് വാങ്ങി ഇത്രയും
സ്വർണ്ണം എടുത്തത് ..? അതല്ലേ ഇപ്പോൾ വല്ലവന്‍റെയും
വായിൽ ഇരിക്കുന്ന തെറി എല്ലാം ഒറ്റയ്ക്ക് കേൾക്കേണ്ടി വരുന്നത്.?"
രാവിലെ കട്ടൻചായയുടെ കൂടെ തനിക്ക് കിട്ടിയ കടി മരുമോൻ
കേട്ടു എന്ന് മനസ്സിലാക്കിയ പ്രകാശ് പറഞ്ഞു....
അത് ...മോനേ നീയും വീട്ടുകാരും ഒന്നും ചോദിച്ചില്ല .എങ്കിലും
പെൺമക്കളെ വെറുതേ ഇറക്കിവിടാൻ ഒരച്ഛനും അമ്മയ്ക്കും
മനസ്സുവരില്ല.
ഇത്തിരി പൊന്ന് അവളുടെ കഴുത്തിലും കൈയിലും കിടക്കുന്നത്
കണ്ടാലേ അവരുടെ മനസ്സ് നിറയു .അങ്ങനെ ആയിപ്പോയി
കേരളത്തിലെ എല്ലാ അച്ഛനമ്മമാരുടെയും മനസ്സ്.
എനിക്ക് രണ്ടു പെൺമക്കൾ പിറന്നതിൽ പിന്നെ നാട്ടിലെ ആര് വന്ന്
വിവാഹം ക്ഷണിച്ചാലും ഞാൻ നല്ല ഒരു തുക സംഭാവനയായി
കൊടുക്കുമായിരുന്നു.
ഈ ..നാട്ടിൽ അതൊരു പതിവാണ്. അതൊരു കൂട്ടിവയ്ക്കൽ
പോലെയാണ്.നമ്മുടെ മക്കളുടെ വിവാഹം ആകുമ്പോൾ നമ്മൾ
കൊടുത്തതിൽ കുറച്ചു കൂട്ടി ഒരു തുക അവർ നമുക്ക് തരികയും
ചെയ്യും അത് നൂറ്റാണ്ടുകളായി നടക്കുന്ന ഒരു രീതിയാണ് .
അത് എല്ലാവരും ചെയ്യുന്ന കാര്യമാ.പലതുള്ളി പെരുവെള്ളം
ബാങ്കിൽ പണം നിക്ഷേപിക്കുന്ന പോലെയാണ് നാട്ടിൻ പുറങ്ങളിൽ
ഇങ്ങനെയുള്ള സംഭാവനകൾ കൊടുക്കുന്നത്.
കൊടുക്കുന്നവരും വാങ്ങുന്നവരും സംഭാവനയുടെ കണക്ക് വയ്ക്കും.
അങ്ങനെ ഞാൻ കൊടുത്ത സംഭാവനയുടെ കണക്ക് നോക്കിയാണ്
ഞാൻ കുറച്ച് കാശ് മറിച്ചത്. പക്ഷേ ആ കണക്കുകൂട്ടലുകൾ
എല്ലാം തെറ്റി .പതിനഞ്ച് വർഷം മുന്നേ ഞാൻ 500 രൂപ
കൊടുത്തവർ ഇന്ന് 501 രൂപ തിരികെ തന്നപ്പോൾ എന്‍റെ കണക്ക്
തെറ്റി കണക്കിൽ ശിഷ്ടങ്ങൾ ഇല്ലാതായി
കൂട്ടാൻ ശിഷ്ടങ്ങൾ ഇല്ലാതെ വന്നപ്പോൾ നഷ്ടങ്ങൾ ആയിരുന്നു മോനേ
 ഉത്തരം.പറഞ്ഞു നിർത്തുമ്പോൾ പ്രകാശിന്‍റെ തൊണ്ട ഇടറി.
അത് മനസ്സിലാക്കിയ മരുമകൾ ചോദിച്ചു.
"ഇനി എത്ര കൊടുക്കാൻ ഉണ്ട് രാവിലെ വന്നവന് ...?"
ഇനി രണ്ട് ലക്ഷം .ബാക്കി ഞാൻ കൊടുത്തു പ്രകാശ് പറഞ്ഞു.
ചാളക്കറി കൂട്ടി കപ്പ കഴിച്ചിട്ട് അച്ചിയും നായരും കൂടി ഉച്ചമയക്കത്തിന് മുറിയിൽ കയറി. "അഞ്ചു ...അച്ഛന്‍റെ
അവസ്ഥ വളരെ പരിതാപകരം ആണ് നിന്‍റെ കല്യാണത്തിന്
എടുത്ത കടം വീട്ടാൻ കഴിയാതെ പുള്ളി വളരെ ബുദ്ധിമുട്ടുകയാണ്.
ഞാൻ ഒന്നും ചോദിക്കാതെ പത്തമ്പത് പവന്‍റെ സ്വർണം ആ
മനുഷ്യൻ നിന്‍റെ കഴുത്തിൽ ഉണ്ടാക്കിയിട്ടാ നിന്നേ ഇറക്കി വിട്ടത്
അതങ്ങനെ നമ്മുടെ അലമാരയിൽ വെറുതേ ഇരിക്കുകയല്ലേ..?
അതിൽ ഒരു പത്ത് പവൻ നമുക്ക് അദ്ദേഹത്തിന് കൊടുത്താലോ.?
അത് വിറ്റോ ..പണയം വച്ചോ കടം വീട്ടി ആ മനുഷ്യൻ
മനസ്സമാധാനമായി ജീവിക്കട്ടെ..? നീ ...എന്ത് പറയുന്നു ..?"
"നിങ്ങൾ ....ഇങ്ങനെ ഒരു പോഴൻ ആയിപ്പോയല്ലോ മനുഷ്യാ ...
കൈയ്യിൽ കിട്ടിയ ചോറ് കുടഞ്ഞു കളഞ്ഞിട്ട് വീണ്ടും കൈ നീട്ടാനോ.?
എന്‍റെ സ്വർണ്ണത്തിലെ ഒരു തരി ഞാൻ കൊടുക്കില്ല ഇത് എന്‍റെ
പിള്ളേർക്ക് വേണ്ടി എനിക്ക് കരുതാനാ ഇല്ലെങ്കിൽ നമുക്കും
ഈ ഗതി വരും. നിങ്ങളോട് അച്ഛൻ ചോദിച്ചോ സ്വർണ്ണം ..?
ഇല്ലല്ലോ ..? അപ്പോൾ മിണ്ടാതെ അങ്ങ് ഇരുന്നാൽ മതി.കടം
വീടാൻ അച്ചനെന്തെങ്കിലും വഴി കണ്ടോളും ..."
അവന്‍റെ നെഞ്ചിലൂടെ അവളുടെ കൈകൾ ഇഴയാൻ തുടങ്ങി
അപ്പോളേക്കും രഞ്ജിത്ത് അവന്‍റെ കൂർക്കംവലി ഉറങ്ങാതെതന്നെ
പുറപ്പെടുവിക്കാൻ തുടങ്ങിയിരുന്നു.
എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാൾ മുകളിലുണ്ട്
എന്നാണല്ലോ പൊതുവേ ഒരു വയ്പ്പ് ഇവിടെയും ആ ആളുണ്ടായിരുന്നു.കുറച്ചുനാൾ മുന്നേ ഈ ആൾ കണ്ട ഒരു കാര്യം
അയവിറക്കി ചിരിച്ചുകൊണ്ട് .
എടീ ....പെണ്ണേ ...നിശ്ചയം കഴിഞ്ഞപ്പോൾ വിഷമിച്ചിരുന്ന
അച്ഛനോട് അന്ന് നീ പറഞ്ഞതല്ലേ .."എന്തിനാ അച്ഛൻ വിഷമിക്കുന്നത്
അവർ ഒന്നും ചോദിച്ചില്ലല്ലോ നമ്മുടെ കയ്യിൽ ഉള്ളത് അനുസരിച്ച്
എന്തെങ്കിലും വാങ്ങിയാൽ മതി എനിക്കങ്ങനെ സ്വർണ്ണം ഇട്ട്
ഞെളിഞ്ഞു നടക്കാൻ ഒന്നും വലിയ മോഹം ഇല്ല . ഒരു മാലയും
കമ്മലും മാത്രമായാലും എനിക്ക് സന്തോഷം.."
ആ നീയാണോ ഇപ്പോൾ ഈ പറഞ്ഞത് ..?
പിറ്റേന്ന് ഉച്ചയായപ്പോൾ വെറുതേ കിടന്ന തൊഴുത്തിൽ ഒന്ന്
കയറി വാരിക്ക് ചൊരുകി വച്ചിരുന്ന കയർ അവിടെ ഉണ്ടോ എന്ന്
നോക്കി പ്രകാശ്.പത്തുപന്ത്രണ്ട് ലിറ്റർ പാല് കറന്നുകൊണ്ടിരുന്ന
തന്‍റെ പൂവാലിപ്പശുവിനെ കല്യാണ ആവശ്യത്തിനായി അഴിച്ചുവിറ്റപ്പോൾ വാങ്ങിയവർ അവളേ കൊണ്ടുപോകാൻ
പുതിയ കയറുമായി ആണ് വന്നത് .അന്ന് ആ പഴയ കയർ ചുരുട്ടി
വാരിക്ക് വയ്ച്ചതാണ്. ഉണ്ട് അതവിടെ തന്നെയുണ്ട്.
തൊടിയിൽ ഒന്നരയാൾ പൊക്കമുള്ള 65 കിലോ ഭാരം താങ്ങാൻ
ശേഷിയുള്ള മൂവാണ്ടൻ മാവിന്‍റെ ഒരു ശിഖരവും നോക്കി വച്ച്
സന്ധ്യ മയങ്ങാൻ കാത്തിരുന്നു പ്രകാശ്.
ഉമ്മറത്തേ നിറം മങ്ങിയ ചൂരൽ കസേരയിൽ നാല് മണിക്ക് ലേഖ
നൽകിയ കട്ടൻചായയും കുടിച്ചിരിക്കുമ്പോൾ മരുമകന്‍റെ പൾസർ
മുറ്റത്തുവന്ന് ബ്രെയ്ക്കിട്ടു
"അച്ഛാ ഇന്നലെ രാവിലേ വന്ന് തെറി പറഞ്ഞവന്‍റെ വീട് ഏതാ ..?
ഇവിടടുത്താ ...എന്തിനാ മോനേ ..?പ്രകാശ് ആശ്ചര്യത്തോട് ചോദിച്ചു.
"വാ...നമുക്ക് അവിടെ വരെ ഒന്ന് പോകാം ..."
"കനകമ്മേ ...നന്ദൻ ഇവിടില്ലേ ...?പ്രകാശ് ചോദിച്ചു .
"ഉണ്ട് കൊച്ചാട്ടാ ...ഞാൻ വിളിക്കാം...ഡാ ...നിന്നേ ദേ ...പ്രകാശൻ
കൊച്ചാട്ടൻ വിളിക്കുന്നു .."
കനകമ്മ മകനേ ഉറക്കെ വിളിച്ചു ...
മുറ്റത്തേയ്ക്ക് ഇറങ്ങിവന്ന നന്ദനെ റോഡിലേയ്ക്ക് നീക്കി നിർത്തി
രഞ്ജിത്ത്. "തനിക്ക് ഇനി എത്ര കാശ് താരനുണ്ട് അച്ഛൻ..?"
"മുതലായി ഒരു രണ്ട് ഉണ്ട് പലിശ മൂന്ന് ദിവസത്തേതെ ഉള്ളു അതിന്
ഞാൻ കണക്കൊന്നും പറയുന്നില്ല എന്തെങ്കിലും തന്നാൽ മതി.."
"അത്...തരാം ഇപ്പോൾ ഇതാ ഇത് പിടി" രണ്ടുകെട്ട് നോട്ടുകൾ
നന്ദന്‍റെ കയ്യിൽ കൊടുത്തു രഞ്ജിത്ത്.
പണം വാങ്ങി എണ്ണി നോക്കി നന്ദൻ ."ഇത് രണ്ടുണ്ട് .."
"ഉണ്ടല്ലോ ...രണ്ടുണ്ടല്ലോ .?മുതലായല്ലോ ഇനി പലിശ ഇന്നാ......
നല്ല ഒരു തെങ്കാശിപ്പടക്കം പൊട്ടുന്ന ഒരു ശബ്ദം മാത്രമേ പ്രകാശ് കേട്ടൊള്ളു ...
പിന്നെ കരണം പൊത്തി നിൽക്കുന്ന നന്ദനെയും നന്ദൻ
മാത്രം കണ്ട പൊന്നീച്ചയിൽ ഒന്ന് രണ്ടെണ്ണം കണ്ടോ എന്ന ഒരു
സംശയവും.
"മേലിൽ ..ആരോടായാലും പറയേണ്ടത് മാത്രമേ പറയാവു .
തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കൊടുത്ത ആളിനെ
തെറിവിളിക്കാവു.അല്ലെങ്കിൽ ഇടപാട് തീർത്തുകഴിയുമ്പോൾ
വിളിച്ച തെറി തിരിച്ചു വാങ്ങാനുള്ള ഒരു സംവിധാനം കൂടി
ഉണ്ടാക്കണം.ഇല്ലെങ്കിൽ ഇതുപോലെ പലിശ കൂട്ടിക്കിട്ടും."
"ചില ചെറ്റകളുടെ അടുത്ത് ഞാൻ നിന്നേക്കാൾ ചെറ്റയാ കേട്ടോടാ
പൊലയാടി മോനേ ....പലിശ പോരെങ്കിൽ ഇപ്പോൾ പറേണം
ഞാൻ തരാം .അച്ഛനോട് ചോദിക്കരുത് ......"
പ്രകാശിനേയും പേറി രജിത്തിന്‍റെ പൾസർ നീങ്ങുമ്പോൾ പോക്കറ്റിൽ കിടന്ന മൊബൈൽ ചിലച്ചു ....വണ്ടി ഒതുക്കി ഫോൺ
എടുത്ത് നോക്കി ...അഞ്ചു കാളിംഗ് .....
"ഹാലോ ...ചേട്ടാ ..ചേട്ടൻ എവിടെയാ ...?"
മിണ്ടരുതെന്ന് അമ്മായിയപ്പനോട് പറഞ്ഞിട്ട് അവൻ മറുപിടി പറഞ്ഞു ."ഞാൻ കൊല്ലകടവ് ജങ്ങ്ഷനിൽ നിൽക്കുന്നു ..എന്താടീ ..?"
"ചേട്ടൻ ..വേഗം ഇങ്ങോട്ട് ..വാ നമ്മുടെ വീട്ടിൽ കള്ളൻ കയറി .
അലമാര തുറന്നു കിടക്കുന്നു സ്വർണ്ണം കുറച്ചു കാണുന്നില്ല .."
അഞ്ചു...കരച്ചിലിന്‍റെ വക്കത്ത് എത്തിയിരുന്നു ...
ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത രഞ്ജിത്ത് പ്രകാശിനോട്
പറഞ്ഞു "ന്നാ ....അച്ഛൻ ഇറങ്ങിക്കോ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ .."
ഇടവഴിയിലൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ പ്രകാശ്
ഓർക്കുകയായിരുന്നു ...ദൈവമേ ആൺകുട്ടികൾ ഇല്ലാത്ത ദുഃഖം
എന്നേ ഒരുപാട് അലട്ടിയിരുന്നു ..ആര് പറഞ്ഞു എനിക്ക് മകനില്ലെന്ന്.
ഇവൻ എന്‍റെ മകൻ തന്നെയല്ലേ ..?അതേ ...മരു"മകൻ".....
നൂറനാട് ജയപ്രകാശ്
****************************

"മുഖംമൂടിയണിഞ്ഞ തൂലിക"


"മുഖംമൂടിയണിഞ്ഞ തൂലിക"
***************************************
"ടെസാ.....നിന്നേ ദേ....ബോസ് വിളിക്കുന്നു". സീനിയര്‍ റിപ്പോര്‍ട്ടര്‍
ആതിര ട്രെയിനിയായ റിപ്പോര്‍ട്ടര്‍ ടെസയ്ക്ക് ആ മെസേജ് കൈമാറി
"നേരോ...ചേച്ചീ..?" ടെസാ കോശിക്ക് നേരിയ സംശയം.
"അതേടീ ...ദേ..ക്യാബിനില്‍ ഉണ്ട് ഞാന്‍ എന്തിനാ കള്ളം പറയുന്നേ..?"
ആതിര തന്‍റെ ഭാഗം ന്യായീകരിച്ചു.
"മേ...ഐ ..കമിന്‍ സര്‍ ..?" വാതില്‍ മെല്ലെ തുറന്ന ടെസയുടെ
മര്യാദയുടെ വരമ്പില്‍ ചവിട്ടിയുള്ള ചോദ്യം ബോസിന് മറ്റൊന്നും
ചിന്തിക്കാന്‍ സമയം കൊടുക്കാതെയുള്ള മറുപിടി "എസ്... കമിന്‍"
മുന്നില്‍ കിടന്ന കസേരയിലേക്ക് വിരല്‍ ചൂണ്ടി ബോസ് പറഞ്ഞു
"ടെസ...ഇരിക്കു" "നന്ദി സര്‍ .." ചേതമില്ലാത്ത ഒരു വാക്ക് ബോസിനും
നല്‍കി അവളും അയാള്‍ക്ക് അഭിമുഖമായി ഇരുന്നു.
"ടെസാ... താന്‍ ചാനലില്‍ ട്രെയിനിയായി കയറിയിട്ട് മൂന്ന് മാസം
കഴിഞ്ഞു അല്ലെ .? ഇതുവരെ ഒരു നല്ല റിപ്പോര്‍ട്ട് കവറുചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോ ..? എന്നും സീനിയറിന്‍റെ കൂടെ ഇങ്ങനെ ഒരു
വാലായി നടന്നാല്‍ മതിയോ ..?
അവസരങ്ങള്‍ വന്നുചേരില്ല നാം തേടിപ്പിടിക്കണം അറിയപ്പെട്ടു
തുടങ്ങുമ്പോള്‍ മാത്രമേ അവസരങ്ങള്‍ നമ്മേ തേടി വരുള്ളൂ.
ദേ....ഇത് ആ ആത്മകഥ എഴുതിച്ച് പ്രസിദ്ധയായ കരുണ എന്നാ സ്ത്രീയുടെ അഡ്രസ്സ് ആണ് നാളെ ടെസ പോയി അവരുടെ ഒരു
അഭിമുഖം തയ്യാറാക്കു നമ്മുടെ മുഖാമുഖം പരിപാടിക്ക് വേണ്ടി.
അവരുടെ "എന്‍റെ മോഹവും നിങ്ങളുടെ ദാഹവും" എന്ന പുസ്തകം
ഇറങ്ങുന്നതിന് മുന്‍പും പിന്‍പും ഉള്ള അവരുടെ ജീവിതസാഹചര്യങ്ങള്‍ അവരില്‍ നിന്നും മനസ്സിലാക്കുക അതാണ്‌
ടെസയുടെ ദൌത്യം അറിയാമെല്ലോ അവര്‍ ഒരു സെക്സ് വര്‍ക്കര്‍
ആയിരുന്നു ക്യാമറാമാന്‍ ഹിരിയെ കൂടെ കൂട്ടിക്കോളു."
ബോസ് വളരെ ഭംഗിയായി തന്‍റെ ഭാഗം വിശദീകരിച്ചു ടെസ അഡ്രസ്സും വാങ്ങി മുറി വിട്ടിറങ്ങി.
"കരുണ എന്ന ആളിന്‍റെ വീട് ഇതുതന്നെയല്ലേ ..?" വീട് കണ്ടുപിടിച്ച്
ഉറപ്പിക്കാനായി ഒരു നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന
സ്ത്രീയോട് ടെസയുടെ ചോദ്യം.
"അതേ..വീട് ഇതാണ് ഞാനാണ് കരുണ എന്താണ് വേണ്ടത് നിങ്ങള്‍
ആരാണ്...?" ആ സ്ത്രീയുടെ ആകാംഷയോടെയുള്ള ചോദ്യം.
"ചേച്ചി ഞാന്‍ ടെസ ഇത് ഹരി ഞങ്ങള്‍ "സത്യം" ചാനലില്‍
നിന്നും വരുവാ ചേച്ചിയോട് കുറച്ചു കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍
വന്നതാ ചേച്ചിയുടെ ജീവിതകഥയെ പറ്റിയും അതിന് ആസ്പദമായ
സാഹചര്യങ്ങളെ പറ്റിയും ഒക്കെ അറിയണം. ചേച്ചി അനുമതി
നല്‍കിയിട്ടുണ്ട് എന്ന് ഞങ്ങളുടെ ബോസ് പറഞ്ഞു അതാ വന്നത്"
ടെസ കുറച്ചു ഭയത്തോട് കാര്യങ്ങള്‍ പറഞ്ഞു.
"ഓ ....ചാനലീന്നാ ..അല്ലെ വരൂ ..വരൂ എന്തോ ചോദിക്കാന്‍ ഉണ്ട്
എന്ന് ഒരു സാറ് പറഞ്ഞിരുന്നു ആകാം എന്ന് ഞാനും പറഞ്ഞു
അതിന് എന്തിനാ ഈ ക്യാമറയും ഒക്കെയായി വന്നത് പടം പിടിക്കാനും ഒന്നും പറ്റില്ല" കരുണയുടെ വിശദീകരണത്തോടെയുള്ള
എതിര്‍പ്പ്."ചേച്ചീ ...ഞങ്ങള്‍ ചേച്ചിയുടെ മുഖം ഒന്നും ആരെയും
കാണിക്കില്ല ചേച്ചി പേടിക്കേണ്ടാ.?"
'അതൊക്കെ നിങ്ങള്‍ ഇപ്പോള്‍ പറയും ഇങ്ങനെയൊക്കെ പറഞ്ഞു
വന്ന ഒരുവളാ മുഖമറിയാത്ത എന്‍റെ ഈ പേരിനേ ഇത്രയും പ്രശസ്തയാക്കിയത് എന്‍റെ പേരും എന്‍റെ ജീവിതവും പശസ്തമായി
എന്നിട്ടും ഞാന്‍ പ്രശസ്തയായില്ല ഇന്നും ആ പഴയ കരുണ തന്നെ.
ഒരു വത്യാസം മാത്രം അന്ന് ശരീരം വിറ്റ് ജീവിച്ചു ഇന്ന് തൊഴിലെടുത്ത് ജീവിക്കുന്നു.
എഴുതിയവള്‍ പ്രശസ്തയായി ലോകം അറിഞ്ഞു ആദരിച്ചു.
എല്ലാം നിനക്ക് വേണ്ടി എന്ന് പറഞ്ഞ് എതൊക്കെയോ പേപ്പറില്‍
എവിടൊക്കെയോ എന്‍റെ ഒപ്പിട്ടു വാങ്ങി എന്‍റെത് എന്ന് പറഞ്ഞ്
എന്നേക്കുറിച്ച് എഴുതിയത് ഒന്നും സത്യമായിരുന്നില്ല.
ആ പുസ്തകത്തിലേ കരുണ ഞാനായിരുന്നില്ല അതിൽ
എഴുതിയ മാതിരി ഒന്നും എന്‍റെ ജിവിതത്തില്‍ നടന്നിട്ടും ഇല്ല.
ഏകമകളായ ഞാന്‍ എന്‍റെ മാതാപിതാക്കളുടെ കഷ്ട്പ്പാട് കണ്ട്
അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിനും മരുന്നിനുമായി അന്തസ്സായ
ഒരു തൊഴില്‍ തേടിയിറങ്ങിയ എന്നേ ഈ സമൂഹം ആണ് ഒരു
അഭിസാരിക ആക്കിയത്.പലർക്കും വേണ്ടിയിരുന്നത് എന്റെ ശരീരം
മാത്രമായിരുന്നു അത് നൽകാൻ വിസമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി പലരും പലവട്ടം.
പിന്നെ മുന്നോട്ട്‌ ഞാന്‍ ശരീരം വിറ്റതും സുഖഭോഗങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. അവരുടെ വിടവാങ്ങലിന് ശേഷം അഗാധമായ ആ
ഗര്‍ത്തത്തില്‍ അകപ്പെട്ടുപോയ എനിക്ക് അവിടെനിന്നും കരകയറാനും കഴിഞ്ഞില്ല കരകയറണം എന്ന് കരുതിയിട്ടും.
ആയിടക്കാണ് എന്‍റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വന്ന സാമൂഹിക
പ്രവര്‍ത്തക എന്ന് അവര്‍ അവകാശപ്പെടുന്ന ഒരു സ്ത്രീയേ പരിചയപ്പെടുന്നത് പിന്നീട് ആണ് എനിക്ക് മനസ്സിലായത് ഞാന്‍
ശരീരത്തിന്‍റെ കച്ചവടക്കാരി ആണെങ്കില്‍ അവര്‍ കണ്ണുനീരിന്‍റെ
കച്ചവടക്കാരി ആണെന്ന്.
നിനക്ക് ഈ തൊഴില്‍ നിര്‍ത്തി ജീവിക്കാന്‍ ഞാന്‍ ഒരു വഴിയൊരുക്കാം എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു നീ എന്‍റെ കൂടെ നിന്നാല്‍ മാത്രം മതി എന്നായിരുന്നു
അവരുടെ ആവശ്യം.ഞാന്‍ ഇനിയെന്ത് നോക്കാന്‍ കുഴിയില്‍ കിടക്കുന്ന എന്നേ കൈപിടിച്ച് കരകയറ്റാന്‍ ഒരാള്‍ വന്നപ്പോള്‍ ഞാന്‍
എന്തിന് എതിര് പറയണം.
"ഞാന്‍ നിന്‍റെ ആത്മ കഥ എഴുതാം അത് നമുക്കൊരു പുസ്തകം
ആക്കാം അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നിനക്ക് സുഖമായി ജീവിക്കാം നീ എന്ത് പറയുന്നു..??"
ഒരു അഭിസാരികയുടെ ജിവിതത്തില്‍ നല്ലത് ഒന്നും നടന്നിട്ടുണ്ടാകില്ല
പിന്നെ എന്ത് എഴുതും ..?ഇനി എന്തെങ്കിലും എഴുതിയാലും അത്
അശ്ലീലം ആകില്ലേ..?
അവര്‍ പറഞ്ഞ മറുപിടി എന്നേ അത്ഭുദപ്പെടുത്തി "അതേ..അതാണ്‌ ജനങ്ങള്‍ക്കും വേണ്ടത് വിലക്ക് കല്‍പ്പിക്കുന്നത്
കേള്‍ക്കാനും കാണാനും ആണ് എല്ലാവര്‍ക്കും ഇഷ്ടം അതിനാണ് ഇന്ന്‍ ഇവിടെ ആവശ്യക്കാരേറെയും .എല്ലാം ഞാന്‍ പറഞ്ഞു തരാം അല്ല
ഞാന്‍ തന്നെ ചെയ്തോളാം നീ ഒരു സമ്മതപത്രം ഒപ്പിട്ടു തന്നാല്‍ മതി."
എന്നേപ്പറ്റി നിങ്ങള്‍ക്ക് എന്തറിയാം ..?ഒന്നും അറിയാതെ നിങ്ങള്‍
എന്നേപ്പറ്റി എങ്ങനെ പുസ്തകം എഴുതും..? ഞാന്‍ ചോദിച്ച ആ
ചോദ്യത്തിന് അവര്‍ പറഞ്ഞ ഉത്തരം അവരുടെ കഴിവില്‍ എനിക്കുള്ള സംശയം ഇല്ലാതാക്കി.
"ഒരു അഭിസാരികയുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കും അല്ലെങ്കില്‍ നടക്കാം എന്ന് ഒരുപെണ്ണായ എനിക്ക് അറിയാം നീ ഒന്നും
പറയേണ്ടാ" അവര്‍ എന്‍റെ കയ്യില്‍ നിന്നും എന്തൊക്കെയോ ഒപ്പിട്ടു വാങ്ങി.
ഒരിക്കല്‍ ഒരു പുസ്തകവുമായി അവര്‍ എന്നേ കാണാന്‍ വന്നു.
"ഇതാണ് നമ്മുടെ പുസ്തകം നീ വായിക്കു ഞാന്‍ പിന്നെ വരാം"
എന്‍റെ ബാങ്ക് അക്കൗണ്ട്‌ വാങ്ങി അവര്‍ മടങ്ങി.
എന്നേക്കുറിച്ച് ഞാന്‍ ഒന്നും പറയാതെ മറ്റൊരാള്‍ എഴുതിയ എന്‍റെ
കയ്യില്‍ ഇരിക്കുന്ന എന്‍റെ ജീവിത കഥയില്‍ ഞാന്‍ ഒന്ന് നോക്കി.
നിസ്സഹായതയുടെ നടുവില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു ചുവന്ന റോസാപ്പൂവും അതിനേ ചുറ്റി വട്ടമിട്ടു പറക്കുന്ന അനേകം വര്‍ണ്ണ
ശലഭങ്ങളും ആ ചിത്രത്തിന് താഴെ ചുവന്ന അക്ഷരങ്ങളാല്‍ കോരിയിട്ട ഈ വാക്കുകളും "ഒരു അഭിസാരികയുടെ ആത്മകഥ"
"എന്‍റെ മോഹവും നിങ്ങളുടെ ദാഹവും" അതിന് താഴെ അവരുടെ
ചിത്രവും പേരും.
ഞാന്‍ അറിയാത്ത എന്‍റെ ആത്മകഥ ഞാന്‍ വായിച്ചുതുടങ്ങി
അടുക്കിക്കെട്ടിയ ആ അക്ഷരങ്ങള്‍ക്ക് ഇടയില്‍ ഞാന്‍ എന്നേ എവിടെയും കണ്ടില്ല അവസാനംവരെ എത്തിയിട്ടും
അംമ്പരചുമ്പികളില്‍ സ്വര്‍ണ്ണത്താലത്തില്‍ അത്താഴം കഴിക്കുന്നവരുടെ
കൂടെ അന്തിയുറങ്ങുന്ന ഒരു നക്ഷത്രവേശ്യയെ മാത്രമേ ആവര്‍ത്തിച്ചു
വായിച്ചിട്ടും എനിക്കതില്‍ കാണാന്‍ കഴിഞ്ഞുള്ളൂ.
അന്നന്നത്തെ അന്നത്തിനായി അന്തിവരെ പണിയെടുത്ത് വൈകിട്ട്
ഒരുഗ്ലാസ് വിലകുറഞ്ഞ മദ്യം അകത്ത് ചെല്ലുമ്പോള്‍ കെട്ടിയവളോട്
ഒരു അകല്‍ച്ച തോന്നുന്ന ചില പച്ചയായ നാടന്‍ കൂലിപ്പണിക്കാരുടെ
വിയര്‍പ്പ് മണമുള്ള ചുരുണ്ടുമടങ്ങിയ നോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ മാറിലേ ചൂടുപറ്റി എന്‍റെ ബ്ലൌസിനുള്ളില്‍ ഇരിക്കാന്‍.
അല്ലെങ്കില്‍ അശുദ്ധിയാണ് എന്നും പറഞ്ഞ് അകത്തിക്കിടത്തുമ്പോള്‍ പെണ്ണിന്‍റെ ചൂടും ചൂരുമില്ലാതെ ഉറക്കം വരാത്ത
ചില മണ്ണിന്‍റെ മണമുള്ളവരുടെ കൈകള്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍.
അല്ലെങ്കില്‍ ആണത്വം ഭാര്യമാരുടെ മുന്നില്‍ തെളിയിച്ചുകൊടുക്കാന്‍
കഴിയാത്ത ചില അഭിമാനികളായ നിസ്സഹായരുടെ കൈകളിലെ ചില്ലറനോട്ടുകള്‍. അതുമല്ലെങ്കില്‍ പൈസതന്ന്‍ തുണിയുരിയിപ്പിച്ച് നഗ്നത കാണുമ്പോള്‍ വിങ്ങിപ്പൊട്ടാന്‍ മാത്രമറിയാവുന്ന ചില പാവങ്ങളുടെ നോട്ടുകള്‍.
എന്താണ് പെണ്ണ്‍ എന്നറിയാന്‍ വെമ്പല്‍ കൊള്ളുന്ന ചില കൌമാരങ്ങളുടെ കുടുക്കപൊട്ടിച്ച ചില്ലറകള്‍.
ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണിനേ തൃപ്തിപ്പെടുത്താന്‍
കഴിയുമോ എന്ന സംശയം തീര്‍ക്കാന്‍ എത്തുന്ന ചില പുയ്യാപ്ലകളുടെ നോട്ടുകള്‍.
അതൊക്കെയായിരുന്നു കരുണ എന്ന അഭിസാരികയുടെ ഖജനാവ്.
എന്നാല്‍ അവരുടെ ഭാവനയിലെ നക്ഷത്രവേശ്യയുടെ ചുണ്ടില്‍ ചായം
തേയ്ച്ചിരുന്നു .കയ്യില്‍ ലഹരിയുടെ ഗ്ലാസും കണ്ണില്‍ കത്തുന്ന കാമവും
ചിന്തകളില്‍ അശ്ലീലതയുടെ ചലനങ്ങളും ഉണ്ടായിരുന്നു .
വാനിറ്റി ബാഗില്‍ വിലകൂടിയ ഫോണും വജ്രാഭരണങ്ങളും ഉണ്ടായിരുന്നു .നാസികയെ ഉത്തേജിപ്പിക്കാന്‍ സുഗന്ധങ്ങളുടെ
കലവറ ഉണ്ടായിരുന്നു നോട്ടുകെട്ടുകള്‍ മുടക്കുന്നവന്‍റെ നഷ്ടം
കുറയ്ക്കാന്‍ ദീര്‍ഘദൂര മരുന്നുകള്‍ ഉണ്ടായിരുന്നു.
ഞാന്‍ അതിനേപ്പറ്റി അവരോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപിടി "കാല്‍ക്കാശിനു വിലയില്ലാത്ത നിന്‍റെ അനുഭവങ്ങള്‍ ഇവിടെ
ആരും വായിക്കില്ല എന്നാല്‍ വിലയുള്ളവരുടെ കൂടെ നീ അന്തിയുറങ്ങി എന്നറിഞ്ഞാല്‍ ധാരാളം വായനക്കാരുണ്ടാകും പുസ്തകങ്ങള്‍ നിരവധി വിറ്റഴിയും".
ശെരിയായിരുന്നു അവര്‍ പറഞ്ഞത് പുസ്തകങ്ങള്‍ കിട്ടാനില്ലാതെയായി ജനം നെട്ടോട്ടം ഓടി എല്ലാ ഭാഷകളിലും ഇറക്കി
കോടികള്‍ കുമിഞ്ഞുകൂടി അവരുടെ അക്കൗണ്ടില്‍ എനിക്കോ
വല്ലപ്പോഴും വല്ല നക്കാപ്പിച്ച കിട്ടിയാലായി എന്‍റെ മാനം വിറ്റ കാശ്
എനിക്കില്ല അത് അവര്‍ക്ക് സ്വന്തം മാനം എന്‍റെയാണെങ്കിലും ബുദ്ധി
അവരുടെയാണല്ലോ.
എഴുത്തുകാരിക്ക് അഭിനന്ദനപ്രവാഹം അവാര്‍ഡുകള്‍ എനിക്കോ ..?
ഇന്നും അവഹേളനങ്ങള്‍.ആഭാസവാക്കുകള്‍,അനാവശ്യചോദ്യങ്ങള്‍
ഇതൊക്കെയായിരുന്നു എന്‍റെ അക്കൗണ്ടില്‍ കുന്നുകൂടിയത്.
ഇന്നും ഞാൻ തൊഴിലുറപ്പിന് പോയി കിട്ടുന്ന കാശുകൊണ്ട് അരിവാങ്ങുന്നു.ആ സ്ത്രീയോ...? മാനമില്ലാത്ത ഒരു പാവം പെണ്ണിന്റെ കണ്ണ്നീരിൽ തയ്യാറാക്കിയ വിഭവങ്ങളും കഴിച്ച് ശീതികരിച്ച മുറിയിൽ ഉറങ്ങി രാജ്യങ്ങൾ തോറും പറന്ന് ആരാധകരെ നേടുന്നു. കഴിയുമോ കുട്ടീ നിനക്ക് ഇത് ജനങ്ങളോട് പറയാൻ..?
ഇല്ല നിങ്ങള്‍ പറയില്ല കാരണം അവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവൾ ആണ് അവരുടെ മുഖംമൂടി അഴിയാന്‍ നിങ്ങള്‍
സമ്മതിക്കില്ല അതാണല്ലോ ഇപ്പോള്‍ നടക്കുന്നതും.
പാവപ്പെട്ടവന്റെ കഷ്ടപ്പാടോ അവരുടെ ഇല്ലായ്‌മയോ തുറന്ന്
പറഞ്ഞാൽ നിങ്ങളുടെ ചാനലിന് നിലനിൽപ്പ് ഇല്ലല്ലോ..?
പാവപ്പെട്ട ഒരു കൊച്ചുകുട്ടി വിശന്നിട്ട് ഏതെങ്കിലും ചായക്കടയിലെ
അലമാരയില്‍ കയ്യിട്ട് ഒരു വട എടുത്താല്‍ അവനേ ഒരു ദിവസം
പത്ത് വട്ടം ചിത്രം സഹിതം കാണിക്കും ഇവന്‍ കള്ളന്‍ ഇവന്‍ കട്ടു
എന്നൊക്കെ.എന്നാല്‍ സമൂഹത്തിലെ മാന്യര്‍ എന്ന് സ്വയം പറയുന്നവര്‍ എന്ത് തെറ്റ് ചെയ്താലും നിങ്ങള്‍ പറയും ഒരു
പ്രമുഖ വ്യക്തി ആണ് അതിന് പിന്നില്‍ എന്ന് സംശയിക്കുന്നു.
അല്ലേ അതല്ലേ സത്യം...?
തെളിവ് ഞാന്‍ തന്നില്ലേ ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം ..?
പോകു...ഇത് കൊണ്ടുപോയി സമൂഹത്തിനെ ബോധ്യപ്പെടുത്തു
അവരുടെ മുഖംമൂടി വലിച്ചഴിക്കു.....ഞാന്‍ നാളത്തെ വാര്‍ത്തക്കായി
കാത്തിരിക്കാം..................
പിറ്റേന്ന് സത്യം ചാനലില്‍ മുഖാമുഖം കണ്ട കരുണ ഞെട്ടി.
"എല്ലാവർക്കും മുഖാമുഖം പരിപാടിയിലേയ്ക്ക് സ്വാഗതം ഇന്ന്
നമ്മോടൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്
തന്റെ ആത്മകഥ എഴുതിച്ച് സമൂഹത്തിലെ പല വമ്പൻമാരുടെയും
മുഖംമൂടി വലിച്ചുകീറിയ കരുണ എന്ന ലൈംഗികത്തൊഴിലാളിയാണ്
നമുക്ക് സ്വാഗതം ചെയ്യാം കരുണയെ"
മുഖം അവ്യക്തമായ ഒരു സ്ത്രീ സംസാരിക്കുന്നു. അവൾക്ക് മനസ്സിലായി അതവൾതന്നെയാണ് ശബ്ദം മറ്റാരുടെയോ ആണ് താൻ പറഞ്ഞ ഒരു വക്കും അവർ പറയുന്നില്ല താൻ കേട്ടിട്ട്പോലും ഇല്ലാത്ത പല പേരുകളും പറയുന്നു അവർ.
അവൾ ആ സ്ത്രീയെ തന്റെ ദൈവമായി കാണുന്നു എന്നാണ്
പറയുന്നത് അവര്‍ക്ക് ദീര്‍ഘായുസ്സും നേരുന്നു.സത്യം ചാനലിൽ പറയുന്ന അസത്യങ്ങൾ കേട്ട് മുകളിലേക്കു നോക്കി അവൾ പറഞ്ഞു
ദൈവമേ ..നീ ഇതൊന്നും കാണുന്നില്ലേ ......
നൂറനാട് ജയപ്രകാശ്
****************************

വെള്ളിയരഞ്ഞാണം.

വെള്ളിയരഞ്ഞാണം.
***************************
"ഗൗരിയമ്മേ ......ഗൗരിയമ്മോ...?"
മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ആ ആറുവയസ്സുകാരൻ
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഇടിഞ്ഞു നിരന്ന
അരക്കയ്യാലയ്ക്ക് അപ്പുറം നിൽക്കുന്നു സരസ്വതിയമ്മട്ടീച്ചർ
വിളിച്ചത് അവന്റെ മുത്തശ്ശിയെ. അപ്പം ചുട്ടുകൊണ്ടിരുന്ന
അടുപ്പിലെ ഏരിയാത്ത ചുള്ളിക്കമ്പുകൾ വലിച്ചു വെളിയിലാക്കി
അടുപ്പിലെ തീ കുറച്ച് അവൻ ടീച്ചറുടെ അടുത്തേയ്ക്ക് നടന്നടുത്തു.
"എന്തിയേടാ നിന്റെ അമ്മൂമ്മ...?"ടീച്ചറുടെ ചോദ്യം.
"അപ്പുറത്തിരുന്ന് തേച്ചുമിഴക്കുന്നു."അവന്റെ മറുപിടി
"ഒന്ന് വിളിച്ചേടാ....'
"അച്ചാമ്മേ.....ദേ ...അമ്പിളിയമ്മ വിളിക്കുന്നു."
അമ്പിളി സരസ്വതിയമ്മ സാറിന്റെ മകളാണ് അവനും അവൾക്കും
ഒരേ പ്രായം ആണ് കളിക്കൂട്ടുകാരും ആണ്.
അമ്പിളിയുടെ അമ്മയായതുകൊണ്ട് അവൻ ടീച്ചറേ വിളിക്കുന്നത് അമ്പിളിയമ്മ എന്നാണ്.
സരസ്വതിയമ്മസാർ പടനിലം സ്കൂളിലെ അദ്ധ്യാപികയാണ്
പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ ആൺ സാറന്മാരെയും
പെൺ ടീച്ചറന്മാരെയും സാർ എന്നാണു വിളിക്കുന്നത്.അതുപോലെ
പെൺസാറന്മാർക്ക് പേരിന്റെ കൂടെ അമ്മസ്ഥാനം നൽകുക
പതിവായിരുന്നു.പ്രത്യേകിച്ചും പടനിലം സ്കൂളിലെ ടീച്ചറന്മാർക്ക്
അതിൽ ചില സാറന്മാർ ആയിരുന്നു ഭാരതിയമ്മസാർ, ഭവാനിയമ്മസാർ,കമലമ്മസാർ.ശാന്തമ്മസാർ.രാജമ്മസാർ
ശ്രീദേവിയമ്മസാർ,ശോശാമ്മസാർ,ആനിയാമ്മസാർ,സൂസമ്മസാർ
ആമിനാമ്മസാർ,അഷിതാമ്മസാർ...................
അങ്ങനെ എല്ലാം 'അമ്മ സാറന്മാർ ആയിരുന്നു.
പിറകിൽനിന്നും തേച്ചുമിഴക്കിക്കൊണ്ടിരുന്ന അവന്റെ അച്ഛമ്മ
കൈകളിലേ വെള്ളം ഉടുത്തിരുന്ന കൈലിയിൽ തുടച്ചുകൊണ്ട്
നടന്നുവന്നുചോദിച്ചു "എന്താ ..സരസ്വതീ ...കാലത്തേ..?"
വന്നകാര്യം പറയുന്നതിന് മുൻപേ ടീച്ചർ അവനേനോക്കി ചോദിച്ചു
"ഇവനെ എന്താ ഇങ്ങനെ മുഴുവൻകാളയായി വിട്ടിരിക്കുന്നത്..?
ഇവന് തുണിയൊന്നും ഇല്ലേ ഗൗരിയമ്മേ..?"
"അവന്റെ കാര്യം ഒന്നും പറയേണ്ടാ സരസ്വതീ തുണി ഇടുന്നത്
ചെറുക്കന് ഇഷ്ടമല്ല നിക്കർ ഇടിച്ചാൽ അന്നേരം അതങ്ങ് ഊരിക്കളയും അസത്ത്‌"
ഓലപ്പുരയുടെ വാരിയിൽ ചൊരുകിയിരുന്ന ഒരു പഴയ കാക്കിനിക്കറും എടുത്ത് അച്ഛമ്മ അവന്റെ നേർക്ക് നടന്നു
"എന്തിയേണ്ടാ കുറച്ചുമുമ്പേ ഞാൻ ഇടീച്ച നിക്കർ...?"
അവൻ ഇടതുകൈ അവന്റെ പാചകപ്പുരയ്ക്ക് നേർക്ക് ചൂണ്ടി
മണ്ണപ്പത്തിന് കറിയായി ഒരു കണ്ണൻചിരട്ടയിൽ ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് വച്ചിരിക്കുന്നു "കളസക്കറി"
"ദേണ്ടെ ....കണ്ടോ സരസ്വതീ കുറച്ചുമുൻപ് ഞാൻ ഇടീച്ച നിക്കറാ"
കളസക്കറിയിലെ കഷ്ണം ഉയർത്തിക്കാട്ടി ഗൗരിയമ്മ ടീച്ചറോട്
ചോദിച്ചു.
അച്ഛമ്മ അവന്റെ കൈക്ക് പിടിച്ച് ഏറ്റിവലിച്ച് അടുപ്പിച്ചു നിർത്തി
"പുഞ്ഞാണിയേക്കൊണ്ട് മണ്ണ് തെറ്റിക്കാൻ വല്യ ഇഷ്ടാ അവന്"
പറ്റിയിരുന്ന മണ്ണ് തട്ടിക്കളഞ്ഞ് പിറുപിറുത്തുകൊണ്ട് നിക്കറിടീക്കാൻ
നോക്കിയപ്പോൾ ദേ ...നിക്കറിന് ബട്ടൻസ് ഇല്ല ബ്ലൗസിൽ നിന്നും
ഒരു സിറ്റീപ്പൻ ഊരി കുത്തിക്കൊടുത്തു ഗൗരിയമ്മ കൊച്ചുമകന്.
കണ്ടുനിന്ന അമ്പിളിയമ്മ ചിരിച്ചുകൊണ്ട് വന്നകാര്യം പറയാൻ
തുടങ്ങി. "അഞ്ചെട്ട് ജോലിക്കാരുണ്ട് ഗൗരിയമ്മേ വീട്ടിൽ ഞാനും
ഗോപാലൻ സാറും കൂടി അജിയേയും കൊണ്ട് പോളിയോ എടുപ്പിക്കാൻ പോകുവാ. പത്തുമണിക്ക് പണിക്കാർക്ക് കഞ്ഞിയും
പുഴുക്കും കൊടുക്കണം ഗൗരിയമ്മ ഒന്ന് വരാമോ ..? അമ്പിളിയും
ഒറ്റയ്ക്കാ" അമ്പിളിയമ്മ പറഞ്ഞു നിർത്തി.
"അയ്യോ ...സരസ്വതീ ഇവിടെയും ആരും ഇല്ല ഇവന്റെ എളേതിനേം
കൊണ്ട് അവരും പോയിരിക്കുവാ പോളിയോ എടുക്കാൻ ഇവനേ
എന്നേ ഏൽപ്പിച്ചിട്ടാ പോയത്" ഗൗരിയമ്മ തന്റെ നിസ്സഹായത
അറിയിച്ചു.
"എന്നാൽ അവനേക്കൂടി കൂട്ടിക്കോ" അമ്പിളിയമ്മ പരിഹാരവും പറഞ്ഞു.ഇടയ്ക്ക് ഗൗരിയമ്മ പുലയിരേത്തു വീട്ടിൽ ചെറിയ കൈജോലികൾ ചെയ്തുകൊടുക്കാൻ പോകും.
അതിന് പിന്നിൽ സ്നേഹത്തിലുപരി നാല് നേരം വയറുനിറയ്ക്കാം
എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു.ഇടയ്ക്ക് കൊച്ചുമകനെയും
കൊണ്ടുപോകും.ഗൗരിയമ്മയുടെ കൈകൾ വീണ്ടും ഉയർന്നു അടുത്ത
വാരിയിൽ തപ്പി ഒരു പഴയ ഉടുപ്പെടുത്ത്‌ കുടഞ്ഞിട്ട് അവനെ വിളിച്ചു
"വാടാ ഇവിടെ ഇതും ഇപ്പം അങ്ങ് ഊരിക്കളഞ്ഞേക്കണം മേലരക്കരുത് കേട്ടോ.."
ഉടുപ്പിനും ആകെ ഒരു ബട്ടൻസ് മാത്രമേയുള്ളു ഗൗരിയമ്മയ്ക്ക്
ദേഷ്യം പിടിച്ചു "ബാക്കി ബട്ടൻസ് ഒക്കെ എന്തിയേടാ നീ തിന്നോ..?
നായുടെ കൂ.......അവിടെ കിടക്കട്ടെ എന്റെ ബ്ലൗസേൽ ഇനി സിറ്റീപ്പെൻ ഇല്ല "
ആ ഒറ്റബട്ടൻസും ഇടീച്ചുകൊണ്ട് ഗൗരിയമ്മ കൊച്ചുമകനെയും കൂട്ടി
കന്നുകാലികളും,കച്ചിത്തുറുവും പുഞ്ചകൃഷിയും,പുത്തരിച്ചോറും
വാർത്തവീടും,വസ്തുവകകളും ഒക്കെയുള്ള പുലയിരേത്ത്‌
തറവാട്ടിലേക്ക് തിരിച്ചു.
അവർ എത്തുമ്പോൾ പത്തുപേർക്കോളം കഴിക്കാൻ ഉള്ള വാട്ടുകപ്പ
ഒരു കലത്തിൽ തിളച്ചുമറിയുന്നു അടുക്കളയുടെ പിറകിലേ ചായിപ്പിൽ. ഒരു വലിയ ചിരട്ടത്തവിയെടുത്ത് കലത്തിൽ ഇട്ട് ഒന്നിളക്കി ഒരു തവി കോരി അതിലൊരുകഷ്ണം വാട്ടുകപ്പയിൽ
ഞെക്കി നോക്കി മുഖം ചുളിപ്പിച്ചു ഗൗരിയമ്മ.
സംശയം ദൂരീകരിക്കാൻ അതിലൊരു കഷ്ണം വായിലിട്ട് കടിച്ചു നോക്കി അതേ വേവായിരിക്കുന്നു.ഒരു സ്റ്റീൽ ഡവറയിൽ ഒരുതവി
കപ്പ കോരി ഉപ്പുനീരും തളിച്ച് തിരുങ്ങിവച്ചിരുന്ന തേങ്ങാപ്പൂഴൂരയിൽ നിന്ന് ഒരുനുള്ള് വിതറി അവന്റെ നേർക്ക് നീട്ടിപ്പറഞ്ഞു "ഇന്നാടാ കൊണ്ടുപോയി തിന്നോ"
ആർത്തിയോട് അത് വാങ്ങുമ്പോൾ അവന്റെ മനസ്സിൽ
പാതി വേവായാ മണ്ണപ്പവും കളസക്കറിയും ആയിരുന്നിരിക്കാം.
"ആ കൊച്ചിനെങ്ങും കൊടുക്കരുത് സരസ്വതി കണ്ടാൽ എന്നേ വഴക്ക്
പറയും പറഞ്ഞേക്കാം"അച്ഛമ്മയുടെ നിർദ്ദേശവും അനുസരിച്ചു
നടന്നുനീങ്ങുമ്പോൾ അതാ തൊട്ടു മുന്നിൽ പ്രത്യക്ഷപ്പെട്ടു അമ്പിളി.
വെളുത്തു മെലിഞ്ഞ ഒരു നരന്തു സുന്ദരി കൺകുഴികളിൽ ഇരിക്കാൻ
ഇടംതികയാതെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കണ്ണുകൾ.
ഉണ്ടക്കണ്ണി എന്നാണ് അവൻ അവളേ വിളിക്കുന്നത്.
ചിലപ്പോളൊക്കെ അതിന് അവൾ നൽകിയ ശിക്ഷയുടെ പാടുകൾ ഇപ്പോളും അവന്റെ തുടയിൽ ഉണ്ടാകും പെൺനുള്ളിന്റെ പാടുകൾ.
അവനേ കണ്ടതും അവൾ അവനുനേരെ കൈനീട്ടി.
വാട്ടുകപ്പ ഊറ്റിയത് അവൾക്ക് വലിയ ഇഷ്ട്മാണ് പക്ഷേ അമ്പിളിയമ്മ അതൊന്നും തിന്നാൻ സമ്മതിക്കില്ല പാലും മുട്ട പുഴുങ്ങിയതും ഒക്കെയാ അവളുടെ പോഷകാഹാരം.
അവൾ നീട്ടിയ കൈകൾക്ക് മുന്നിൽനിന്നും അവൻ പത്രം പിൻവലിച്ചു അവൾ പിന്നെയും കെഞ്ചി ചോദിച്ചു. ആ നിഷ്ക്കളങ്കതയുടെ മുന്നിൽ
അവൻ തോറ്റ്‌പോയി. നാലുപാടും നോക്കി ഒരു കഷ്ണം കപ്പ അവൾക്ക് നൽകി അത് വായിലിട്ട് അവൾ വീണ്ടും കൈകൾ നീട്ടി
കപ്പപ്പാത്രം പിറകുവശത്തേക്ക് മാറ്റിപ്പിടിച്ചുകൊണ്ട് അവൻ അവളുടെ കുട്ടിയുടുപ്പ് മുകളിലേക്ക് ഉയർത്തി എന്തോ ഒന്ന്
ഉറപ്പ് വരുത്തുന്ന രീതിയിൽ അതേ അത് അവിടെത്തന്നെയുണ്ട് .
അത് തിളങ്ങുന്ന എന്തോ ഒന്ന് ആണ് എന്താണെന്ന് അവനും അറിയില്ല
അത് എവിടെ നിന്നും വരുന്നു എന്നും അറിയില്ല നിക്കറിന് ഇടയിലൂടെ തുടപറ്റിക്കിടക്കുന്ന ഒരു തിളക്കം അതിന് അവസാനം ഒരു വാഴക്കൂമ്പ് രൂപവും
അതെന്താണെന്ന് ഒന്ന് അറിയണം അത് മൊത്തമായി ഒന്ന് കാണണം
അത് ഒരു മോഹമായി മനസ്സിൽ കൂടിയിട്ട് മൂന്നാല് തവണയായി.
"വാ മോളെ കുളിപ്പിക്കാം വെള്ളം ചൂടായി'
അവളേ കുളിപ്പിക്കാൻ ഉള്ള പുറപ്പാടാണ് ഗൗരിയമ്മ അമ്പിളിയമ്മ
പറഞ്ഞിട്ട് പോയതാണ് കുളിപ്പിക്കണം എന്ന്. കർപ്പൂരം മണക്കുന്ന
ഒരുകൈ കാച്ചെണ്ണ അവളുടെ തലയിൽ പൊത്തി ഗൗരിയമ്മ
കയ്യിൽ പറ്റിയിരുന്ന ശേഷിച്ച എണ്ണ അവന്റെ മുടിയിലും തൂത്തു.
കിണറ്റുകരയിലെ നനക്കല്ലിൽ കയറ്റിനിർത്തി കുട്ടിയുടുപ്പ് ഉരിഞ്ഞു മാറ്റി തലയിൽ പടർന്ന എണ്ണയിൽ വിരലുകളോടിച്ച്‌ ആ വിരലുകൾ
ദേഹത്തു തേയ്ച്ചപ്പോൾ അവന് ആകാംഷയായി.
നിക്കർ ഒന്ന് ഊരിയിരുന്നെങ്കിൽ അവന് ആ തിളക്കം മൊത്തമായും ഒന്ന് കാണാമായിരുന്നു.
കൊടിയില ഞെരടി വെയിലത്തുവച്ചുചൂടാക്കിയ വെള്ളത്തിലെ ഇലത്തുണ്ടുകൾ പെറുക്കിക്കളഞ്ഞ് ഇളംപച്ചനിറത്തിലുള്ള
കുരുമുളക് മണമുള്ള ആ വെള്ളം നിക്കർ ഊരാതെതന്നെ ഗൗരിയമ്മ
അമ്പിളിയുടെ ദേഹത്തേയ്ക്ക് കോരിയൊഴിച്ചു.
പക്ഷെ ആ വെള്ളം വീണത് അവന്റെ പ്രതീക്ഷയുടെ തലയിൽ ആയിരുന്നു.ചന്ദനത്തിന്റെ മണമുള്ള ഒരു സോപ്പ് ഇഞ്ചയിൽ തേയ്ച്ച്
അവളുടെ ശരീരത്തിൽ മൃദുവായി തലോടുമ്പോൾ ഗൗരിയമ്മ അവനോടു പറഞ്ഞു "നിക്കറും ഉടുപ്പും ഊരിയിട്ട് നീയും ആ കിണറ്റുകരയിലോട്ട് നിൽക്കെടാ ഞാൻ കുളിപ്പിക്കാം"
കേൾക്കാത്ത പാതി നിക്കറും ഉടുപ്പും ഊരി വായുവിൽ ചുറ്റിച്ചെറിഞ്ഞ അവൻ ഒറ്റക്കുതിപ്പിന് കിണറ്റുകല്ലിൽ കയറി നിന്നു.
അവളുടെ ദേഹത്ത് സോപ്പ് പുരട്ടിയശേഷം ഗൗരിയമ്മ തിരിഞ്ഞ്
കിണറ്റിൽ നിന്നും ഒരു തോട്ടി വള്ളം കോരി അവന്റെ തലവഴി ഒഴിച്ചു ചന്ദനമണമുള്ള സോപ്പ് അവന്റെ ദേഹത്തുകൂടി ഒന്നോടിച്ചു.
അഞ്ഞൂറ്റൊന്നിന്റെ ബാറാസോപ്പ് ഇട്ട് മാത്രം കുളിച്ചിട്ടുള്ള അവൻ
ചന്ദനത്തിന്റെ മണവും ആസ്വദിച്ച് നിന്നു.
"മേല് തേയ്ക്കെടാ അപ്പോളേക്കും ഞാൻ കൊച്ചിനെ കുളിപ്പിച്ച് വരാം"
ഗൗരിയമ്മ അവളുടെ നേർക്ക് തിരിഞ്ഞു കൊടിയില വെള്ളം
ഒരുകൈ കൂടി അവളുടെ ദേഹത്തുകോരിയൊഴിച്ചുകൊണ്ട് നിക്കർ താഴേക്ക് ഊരിയെടുത്തു അവൻ കുറച്ചുകൂടി അടുത്തുനിന്നു.
അതാ അരചുറ്റിക്കിടക്കുന്നു ആ തിളങ്ങുന്ന നൂൽ എന്തൊരു അഴകാണ് അതിന്.അവൻ ആകാംഷയോട് അച്ഛമ്മയോട് ചോദിച്ചു.
"അച്ചമ്മേ എന്താ ഉണ്ടക്കണ്ണിയുടെ അരയിൽ തിളങ്ങുന്നത്..?"
"അത് അരഞ്ഞാണമാണെടാ" അവളുടെ കാലുകൾ തേയ്ക്കുന്നതിടയിൽ ഗൗരിയമ്മ പറഞ്ഞു.
"അപ്പോൾ ഇതെന്താ...? അവന്റെ അരയിൽ മൂന്നാല് മടക്കായി കെട്ടിയിരുന്ന കറപ്പുചരട് കാട്ടി അവൻ ചോദിച്ചു.
"അതും അരഞ്ഞാണമാണെടാ അത് പാവങ്ങളുടെ അരഞ്ഞാണം ഇത്
പണക്കാരുടെ അരഞ്ഞാണം" ഗൗരിയമ്മ അവനേപ്പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"എനിക്കും അതുപോലെ ഒന്ന് വേണം അച്ചമ്മേ" അവന് കൊതിയായി
"ഡാ ...പോടാ ..ചെക്കാ നീയ്.. പാറചുമക്കാൻ പോകുന്ന നിന്റെ തന്തയ്ക്ക് അതിനുള്ള പാങ്ങില്ല അതാ കറപ്പ്ചരട് കെട്ടിയത് ഇവളുടെ തന്തേം തള്ളേം വാദ്യാരാ അതാ അവൾക്ക് വെള്ളിയരഞ്ഞാണം കെട്ടിയത് നിന്റെ കൊതി നിന്റെ കൊച്ചുങ്ങൾക്കെങ്കിലും കെട്ടി
കാണാൻ പറ്റുമോന്നു തോന്നുന്നില്ല പിന്നാ... കോതിയൊക്കെ പാങ്ങൊള്ളോർക്ക് പറഞ്ഞിട്ടുള്ളതാ മോനേ നമ്മൾ വെറുതെ കൊതിക്കാം എന്ന് മാത്രം"
പക്ഷേ അവന്റെ ആദ്യത്തെ മോൾക്ക് അവൻ കെട്ടിയത് വെള്ളിയരഞ്ഞാണം ആയിരുന്നില്ല പൊന്നരിഞ്ഞാണം ആയിരുന്നു.
അത് കെട്ടിയതോ അച്ഛമ്മയും അന്ന് അച്ഛമ്മയുടെ കണ്ണിൽനിന്നും
മുത്തുകൾ പൊഴിഞ്ഞ് അവന്റെ മകളുടെ വയറ്റത്ത് വീണ് ചിന്നിച്ചിതറുന്നത് അവൻ സംശയത്തോടെ നോക്കിനിന്നു അത്
ആനാന്ദാശ്രു ആണോ അതോ ദുഃഖാശ്രു ആണോ എന്ന സംശയം.
ആ അവന്‍ ഞാനായിരുന്നു. കഥ എന്റെ ഓര്‍മ്മയില്‍ കോരി നിറച്ചത്
അച്ഛമ്മയും.
ഇന്ന് ഉണ്ടക്കണ്ണിയ്ക്ക് പടനിലം സ്കൂളിൽ അവളുടെ അമ്മയുടെ ജോലിയാണ് പേരിന്റെ കൂടെ അമ്മയില്ലാത്ത അമ്പിളിടീച്ചർ.
നല്ല കുറേ ഓർമ്മകൾ ബാക്കിവച്ച് അമ്പിളിയമ്മ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു.അച്ഛമ്മ ഇന്നും ഉണ്ട് എന്റെ കൂടെ.
അന്നത്തെ ആ ആറുവയസ്സുകാരിക്ക് ഇപ്പോൾ ഇതൊക്കെ ഓർമ്മയുണ്ടോ ആവോ ..??????????
നൂറനാട് ജയപ്രകാശ്
****************************

അന്തിച്ചന്ത...


അന്തിച്ചന്ത...
**************
"എല്ലാവർക്കും സ്വാഗതം നമ്മൾ എല്ലാവരും ഇന്നിവിടെ കൂടിയത്
പുതുവർഷം ആഘോഷിക്കാൻ ആണ്.ഈ നാല് ചുവരുക്കുകൾക്കുള്ളിൽ നിങ്ങൾ എത്തപ്പെട്ടത് പല കാരണങ്ങളാൽ
ആണ് നിങ്ങളിൽ ചിലർ ദോഷികളുണ്ടാകാം ചിലർ നിർദ്ധോഷികൾ
ഉണ്ടാകാം.
ചിലർ നന്മയെ കാത്തുസൂക്ഷിക്കാൻ തിന്മ ചെയ്തവരാണ് മറ്റ്ചിലർ
തിന്മയെ സംരക്ഷിക്കാൻ തിന്മ ചെയ്തവർ ആകും രണ്ടായാലും ഇവിടെ നിങ്ങൾ സമന്മാർ ആണ്.
നിങ്ങളിൽ പലരും പല മേഘലകളിൽ നിന്നും വന്നവരാണ്.പലരും പല ദുഃഖങ്ങളും പേറി ജീവിക്കുന്നവരാണ് എന്നും അറിയാം.
എല്ലാം നിങ്ങൾ ഈ ഒരു ദിവസത്തേയ്ക്ക് മറക്കുക ഈ വർഷത്തിന്റെ അവസാന നാളുകൾ നമുക്ക് ആഘോഷിക്കാം.
അതിനായി ഇവിടെ ചില കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട് അത്
മറ്റാരും അല്ല നിങ്ങളിൽ ഉള്ളവർ തന്നെ.
നിങ്ങൾക്കും ഉണ്ടാകും പലതും പറയാൻ നിങ്ങളുടെ ജീവിതവും
നിങ്ങളുടെ കുടുംബവും ,കൂട്ടുകാരും, നാടും ,നാട്ടാരും ,ഇവിടെ
എത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളും ഒക്കെ.
അത് നിങ്ങൾ കഥയായോ,കവിതയായോ കഥാപ്രസംഗം ആയോ നിങ്ങളുടെ കൂട്ടുകാരുമായി ഇവിടെ പങ്കുവയ്ക്കു.
ഇതൊരു മത്സരമല്ല ഇവിടെ വിധികർത്താക്കൾ ഇല്ല.പറയുന്നതും
നിങ്ങളിൽ ചിലർ കേൾക്കുന്നതും നിങ്ങളിൽ ചിലർ.
അപ്പോൾ നമ്മൾ തുടങ്ങുകയല്ലേ ..?പേര് നൽകിയവർ വിളിക്കുമ്പോൾ സ്റ്റേജിൽ കയറി നിങ്ങൾക്ക് പറയാനുള്ളത് എന്തുതന്നെയായാലും
അത് തുറന്ന് പറയുക."
സെൻട്രൽ ജയിലിലെ പുതുവർഷ പരിപാടികൾ നടക്കുന്ന വേദിയിൽ
നിന്നും ജയിലർ സത്യമൂർത്തി പറഞ്ഞ വാക്കുകൾ ആണ് നിങ്ങൾ
ഇപ്പോൾ കേട്ടത്.
'ഹാലോ ...ഹാലോ ..ശ്രദ്ധിക്കു... പരിപാടികൾ സമാരംഭിക്കുന്നു.
നമ്പർ 107 ചെല്ലപ്പൻ"
"എല്ലാവർക്കും എന്റെ നമസ്ക്കാരം ഞാൻ ഒരു കലാകാരൻ ഒന്നും
അല്ല ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ. അന്നായിരുന്നു നാട്ടിൻപുറം ഇന്ന് അങ്ങനെയല്ല കേട്ടോ നാടാകെ മാറിപ്പോയി
എന്ന് കഴിഞ്ഞാഴ്ച്ച എന്റെ പെമ്പ്രന്നോത്തി കാണാൻ വന്നപ്പോൾ
പറഞ്ഞു.അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഞാൻ എന്റെ വിധി
ചോദിച്ചു വാങ്ങിയതാണ് അത് നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ
ആഗ്രഹിക്കുന്നു.
പക്ഷേ അത് ചുമ്മാതങ്ങുപറഞ്ഞാൽ നിങ്ങളിൽ പലരും ഇരുന്ന്
ഉറങ്ങും അതിനാൽ കുറച്ചു കഥയും കുറച്ചു പാട്ടും ഒക്കെയായി
പറയാം.
എന്റെ ജീവിത കഥയുടെ പേര് "അന്തിച്ചന്ത"
****************
കേരളത്തിലെ ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഒരു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത് "നൂറനാട്" എന്ന നാട്
"തട്ടീരും വെട്ടീരും ഒട്ടുമില്ലാത്തൊരു
ഓടിന്റേം,ഓലേടേം വീടുള്ള നാട്
ഓണത്തിനുണ്ണുന്ന സ്നേഹങ്ങൾ കൊയ്യുവാൻ
ഓമനത്തിങ്കളിൻ പാട്ടുള്ള നാട് ......"(2)
അതേ അതാണെന്റെ നാട് നൂറനാട് പണ്ട് പടവെട്ടി ചരിത്രം ഉള്ള നാട് പടനിലങ്ങളിൽ കൊയ്തെടുത്ത തലകളുമായി നാട്ടുരാജാക്കന്മാർ
ഉറഞ്ഞു തുള്ളിയ നാട്.
"നൂറനാടെന്നൊരു നാട്ടിനുള്ളിൽ
നൂറുകണക്കിന് കൊച്ചു നാട്
കൊയ്തും മെതിച്ചും കഴിഞ്ഞൊരു നാട്
കൊപ്രയുണക്കി തളർന്നൊരു നാട്..."(2)
അതെ ...കൊയ്ത്തും മെതിയും കൊപ്രയുണക്കും ഒക്കെ ധാരാളം
ഒള്ള ഒരു ചാരുതയാർന്ന നാട്.
അന്തിച്ചന്തകൾ ഒരുപാടുള്ള നാട് അന്തിച്ചന്ത എന്നുപറഞ്ഞാൽ വെറും ഒരു ചന്തയല്ല പിന്നോ....
"മുട്ടവിറ്റാണേലും മത്തിയും വാങ്ങാൻ
പട്ടിണിപ്പാവങ്ങളെത്തുന്ന ചന്ത
കിട്ടുന്ന കാശിലൊരെട്ടണകാശിന്
മോഹത്തിൻ കപ്പല് വാങ്ങണ ചന്ത.."(2)
അങ്ങനെയൊരു ചന്തയാണ് ഞങ്ങളുടെ പടനിലം അന്തിച്ചന്ത
അവിടുത്തേ കച്ചവടക്കാരിൽ ഏറെയും പെണ്ണുങ്ങൾ ആണ് എന്നത്
ഒരു സത്യം.ഈ ചന്തയിൽ കിട്ടാത്ത സാധനങ്ങൾ ഇല്ല ഉപ്പ് തൊട്ട്
കർപ്പൂരം വരെ എല്ലാം അവിടെ കിട്ടും.
"മൂക്കുത്തി,വാക്കത്തി,പാക്കുവെട്ടീം പിന്നെ
മാക്കൊട്ട,തേക്കൊട്ട,മൺവെട്ടിയും
മാങ്ങയും,തേങ്ങയും,മത്തങ്ങയും പിന്നെ
കപ്പയും,കാച്ചിലും,കത്തിരിക്കായും..."(2)
എന്ത് വേണോ അത് ഞങ്ങളുടെ ചന്തയിൽ ഉണ്ട്. എന്റെ പെണ്ണ്
വന്ന് ഒരു അഞ്ച് വർഷം കഴിഞ്ഞപ്പോൾ അവളെനിക്കൊരു ക്ടാത്തനേ തന്നു അവനൂടി വന്നപ്പോൾ പിന്നെ ചിലവ് കൂടി .
കൊയ്യാനും മെതിക്കാനും പോയേച്ചും വന്നിട്ട് അന്തിച്ചന്തയിൽ പോയി ചട്ടിക്കലം വിൽക്കാം എന്നായി എന്റെ പെണ്ണ് കുട്ടിയമ്മ. ഞാൻ പറഞ്ഞില്ലേ പെണ്ണുങ്ങൾ ആണ് കച്ചവടക്കാർ കൂടുതലും.
"അന്തിക്ക് പെണ്ണുങ്ങൾ ചന്തയ്ക്ക് പോകുമ്പോൾ
ചന്തിരൻ തോക്കണ ചന്തമാണേ
ചേലുള്ള ചെള്ളയ്ക്ക് പൗഡറു പൂശുമ്പോൾ
ചേനപ്പൂ പോലുള്ള ചേലാണേ...."(2)
ഈ ചന്തയിൽ പെണ്ണുങ്ങൾ കച്ചവടം നടത്തിയാലേ വല്ലോം വിൽക്കു
നിരത്തിയിട്ട ചരക്കുകൾക്ക് പിറകിൽ പെണ്ണിരുന്നാലേ ആവശ്യക്കാരെത്തു. അങ്ങനെ എന്റെ കുട്ടിയമ്മയും ചട്ടിക്കലം
വിൽക്കാൻ ചന്തയ്ക്ക് പോയിത്തുടങ്ങി വീട്ടിൽ വരുമാനം കൂടി
ജീവിതം നല്ലരീതിൽ മുന്നോട്ടു പോയി.
ഇപ്പോൾ നിങ്ങള് ചോദിക്കും ഇവൻ എന്തിര് മനുഷ്യേനാടാ പെണ്ണിനേ ജോലിക്ക് വിട്ടിട്ട് ഇവൻ ഇരുന്ന് തിന്നുകയാണോ എന്ന്..?
"ചെങ്കല്ല് വെട്ടണ ചെല്ലപ്പൻ ഞാൻ
ചേറിന്റെ മണമുള്ള ചെറുമക്കിടാത്തൻ
അന്തിക്കടിക്കുന്ന കള്ളിന്റെ ലഹരിയിൽ
അരയിലേ കത്തിയിൽ തഴുകുന്ന ചെറുമൻ.."(2)
അതേ ..പാടത്തു പണിയുള്ളപ്പോൾ ചേറുകിളയ്ക്കാനും ഞാറലാക്കാനും ഒക്കെ പോകും ആ പണിയില്ലാത്തപ്പോൾ ചെങ്കല്ല്
വെട്ടാൻ പോകും വൈകിട്ട് രണ്ടുഗ്ലാസ് അന്തിയടിക്കും അല്ലാതെ
ഒരു ദുശ്ശീലവും ഇല്ല ഈ എനിക്ക്.ചന്തയ്ക്ക് കുട്ടിയമ്മ കാലവും പേറി പോകുന്ന വഴിലായി ഒരു കലുങ്ക് ഉണ്ട് നാട്ടിലേ തൊഴിലില്ലാത്ത
ചെറുപ്പക്കാർ ഒരു നാല് പേര് എപ്പോളും അവിടെ കാണും വായിനോട്ടം തന്നെ പണി.അതിലൊരുവനാണ് വേലായുധൻ പക്ഷേ
അവനിഷ്ടം കലുങ്കിൽ ഇരിക്കാൻ അല്ല ചന്തയിലേ കച്ചവടക്കാരികളായ പെണ്ണുങ്ങളുടെ അടുത്ത് കൊഞ്ചാനും കുഴയാനും ഒക്കെയായി എപ്പോഴും കാണും ചന്തയിൽ.
"വേലയില്ലാത്തൊരു വേലായുധൻ
അന്തിവരേയ്ക്കുമാ ചന്തയിലുണ്ടാകും
മാറ് മറയ്ക്കാതെ പെണ്ണുങ്ങൾ വന്നാൽ
മാദകം തിന്നുന്ന മാടമ്പിയാണവൻ..."(2)
കുട്ടിയമ്മയുടെ ചട്ടിക്കച്ചവടം പൊടിപൊടിക്കുന്ന കാലം ഈയിടകൊണ്ട് വേലായുധൻ കുട്ടിയമ്മയുടെ അടുത്താണ് അധികം
ചുറ്റിക്കറങ്ങുക അവൾക്ക് ഇഷ്ട്ടമല്ല എങ്കിലും അവൻ കീഴീന്ന് മാറില്ല അവനേ പറഞ്ഞിട്ടും കാര്യമില്ല അവളേ ആരുകണ്ടാലും ഒന്ന് നോക്കും അത്രയ്ക്ക് അഴകാ എന്റെ കുട്ടിയമ്മയ്ക്ക്.
"കാരിക്കറുപ്പാണ്‌ കാരിരുമ്പാണവൾ
കാണാനഴകുള്ള ചെറുമിക്കിടാത്തി
ചെങ്കൊടിക്കളറുള്ള ചെഞ്ചുണ്ടിലാണേൽ
ചേമന്തിപൂവിന്റെ ചേലാണതെന്നും..."(2)
അതിമനോഹാരിയാണവൾ ചിലപ്പോൾ ഞാൻ തന്നെ ആലോചിച്ചിട്ടുണ്ട് എനിക്ക് ഇവളേ എങ്ങനെ കിട്ടി എന്ന് വവ്വാല്
ചപ്പിയ മോന്തയുള്ള എന്നേ ഇവൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന്.
ചട്ടിയും പേറി ചന്തയ്ക്ക് പോകുമ്പോൾ കലുങ്കിൽ ഇരിക്കുന്ന വായിനോക്കികൾ അവളേ കളിയാക്കി പാടുന്ന ഒരു പാട്ടുണ്ട്.
"ചട്ടികൾ വിയ്ക്കണ കുട്ടിയമ്മേ നീ
കെട്ടിപ്പെറുക്കിയിതെങ്ങോട്ടാ..?
എട്ടണ വിയ്ക്കണ ചട്ടികളാണേടീ
പൊട്ടിയാൽ പിന്നൊരു പട്ടിയും നോക്കില്ല..."(2)
തിരിച്ചു വരുമ്പോൾ അവൾ എന്നോട് പറയും എന്നല്ലാതെ അവരോട്
മറുപിടി ഒന്നും പറയാറില്ല വേലായുധന്റെ ശല്യം ഇപ്പോൾ കുറച്ചു
കൂടുതൽ ആണെന്നും പറയാറുണ്ട് . അവന് പെണ്ണുങ്ങളുടെ മുൻപിൽ
കൂടി എപ്പോളും കറക്കമാ ചില പെണ്ണുങ്ങളുടെ മാറിലെ തോർത്ത്
ചിലപ്പോൾ മാറിക്കിടക്കും പിന്നെ അവിടെ നിൽക്കും വെള്ളംഒലിപ്പിച്ചൊണ്ട് അവർ ഒന്നും പറയാനും പറ്റില്ല ഇയാൾ മാടമ്പിയല്ലിയോ അവർ തോർത്തുപിടിച്ചിട്ട് നേരെയിരുന്നാൽ
അടുത്തആളിന്റെ അടുത്ത് പോകും .
കുട്ടിയമ്മ അങ്ങനെയല്ല കേട്ടോ അവൾ പിന്നെങ്ങനാ..?
"മാറ് മറയ്ക്കുവാൻ തോർത്ത് പുതയ്ക്കുന്ന
മാദകപെണ്ണാണെൻ കുട്ടിയമ്മ
ഉന്തിയ ചന്തിതൻ ചന്തം മറയ്ക്കാൻ
ലുങ്കി പുതപ്പിച്ച കുട്ടിയമ്മ...."(2)
അവൾ അല്ലാതെ വേലായുധന് കാണത്തക്ക രീതിയിൽ ഇരിക്കില്ല
അതിനാൽ വേലായുധന് അതൊന്നു കാണണം എന്ന വാശിയും
അന്നൊരിക്കൽ നേരത്തേ പണി തീർന്ന ഞാൻ അന്തിക്ക് രണ്ടെണ്ണം
അടിച്ചപ്പോൾ ചന്തയിൽ പോയി കുട്ടിയമ്മയെ ഒന്ന് കാണണം എന്ന്
തോന്നി.ചന്തയ്ക്ക് അടുത്തെത്തിയപ്പോൾ കുട്ടിയമ്മ ഇരുന്ന് ചട്ടി
വിൽക്കുന്നിടത്ത് ആളുകൾ കൂടി നിൽക്കുന്നു പൊട്ടിയ ചട്ടികൾക്കിടയിൽ കുട്ടിയമ്മ ഇരുന്ന് കരയുന്നു.
എന്നേ കണ്ടതും മാറ് പൊത്തിപ്പിടിച്ചുകൊണ്ട് ഓടിവന്ന് എന്റെ
നെഞ്ചിലേക്ക് ചാഞ്ഞു കരച്ചിലിനിടയിൽ കാര്യവും പറഞ്ഞു.
നെഞ്ചത്തുകിടന്ന തോർത്ത് കുറച്ചു മാറ്റിക്കൊടുക്കണം വേലായുധന്
അവളുടെ മാറ് ഒന്ന് കാണാൻ അനുസരിക്കാത്ത കുട്ടിയമ്മയുടെ ബ്ലൗസ് അവൻ വലിച്ചു കീറി പോലും.
"കണ്ണ് കലങ്ങിയെൻ പെണ്ണ് പറഞ്ഞപ്പോൾ
പിന്നൊന്നും നോക്കിയില്ലീഞാനുമന്ന്
അരയിൽ നിന്നൂരിയ പിച്ചാത്തിപ്പിടിവരെ
മാടമ്പി വേലൂന്റെ നെഞ്ചിലൊളിപ്പിച്ചു..?(2)
അതേ ...ആ പിച്ചാത്തിപ്പിടിവരെ അന്ന് ഞാൻ അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു തിരികെ ഏടുക്കാനേ പോയില്ല .
എങ്ങും പോയില്ല അവിടിരുന്നു എന്റെ കുട്ടിയമ്മയെയും കെട്ടിപ്പിടിച്ചുകൊണ്ട്.ഓടിയൊളിക്കാൻ ഞാനെന്താ ഭീരുവാണോ..?
ചെയ്തതിൽ എനിക്ക് ഒരു തെറ്റും തോന്നിയതും ഇല്ല .
ഏമാന്മാർ എത്തി .എന്റെ പിച്ചാത്തിയും നെഞ്ചിലേറ്റി മലർന്നുകിടക്കുന്ന വേലായുധന്റെ അടുത്ത് ഒന്ന് വട്ടം കറങ്ങിയിട്ട്
എന്റെ നേർക്ക് തിരിഞ്ഞു.
"പെണ്ണിൻ മാനത്തിൽ തൊണ്ണാനെറിഞ്ഞപ്പോൾ
ഏമാനോടെന്താണ് ചൊല്ലാഞ്ഞതെന്നും
ചെയ്തതിനെന്താണ് തെളിവുള്ളതെന്നും
ഏഴെട്ടുതൊപ്പിക്കാരെന്നോടു ചോദിച്ചു..?(2)
നീ .....ആരാടാ ഗുണ്ടയാണോ ..? ഇവിടെ നിയമം നടത്താൻ ഞങ്ങൾ
ഉള്ളപ്പോൾ നീ അത് ഏറ്റെടുത്താൽ പിന്നെ ഞങ്ങൾ എന്തിനാടാ
ഇവിടെ ചെരയ്ക്കാനോ ....ഏടാ .......മോനേ ..?
എണീക്കേടാ പട്ടീ ...നിന്റെ പെണ്ണ് ആരാടാ ഉർവ്വശിയോ ..?
അതോ വെണ്ണയോ ഒന്ന് തൊട്ടാൽ അങ്ങ് അലിയാൻ ..?
നീയൊക്കെ എന്നാടാ മാറ് മറയ്ക്കാൻ തുടങ്ങിയത്..?
നിന്റെയൊക്കെ അഹങ്കാരം കൊണ്ട് പൊറുതിമുട്ടിയല്ലോ കേറെടാ
ജീപ്പിലോട്ട് ....അലറി ആ പോലീസ് ഏമാൻ.
"മൂക്കിനുതാഴത്തേ രോമവും കാണിച്ച്
ഏമാനേനോക്കി പറഞ്ഞുഞാനപ്പോൾ
പെണ്ണിന്റെ നെഞ്ചത്ത് കയ്യിട്ടലക്കുമ്പോൾ
കെഞ്ചിപ്പറയാനെൻ പട്ടി പോകും.."(2)
അവിടെവച്ച് അവർ എന്നേ ആവശ്യത്തിലധികം തല്ലി ആ മാടമ്പി പോലീസുകാർ വിലങ്ങുവച്ച് അകത്താക്കി.
കോടതി വിളിപ്പിച്ചു കൂട്ടിൽ കയറി വക്കീൽ വേണ്ടാന്ന് അന്നേ ഞാൻ
പറഞ്ഞിരുന്നു എന്നിട്ടും ആരെയോ ഏർപ്പാടാക്കി.
"ചെയ്തുവോ നീയെന്ന് കോടതികേട്ടപ്പോൾ
നെഞ്ച് വിരിച്ചുഞാൻ ചെയ്തെന്നു ചൊല്ലി
പേടിയില്ലേമാനേ തൂക്കിലെറിഞ്ഞാലും
തൂങ്ങുന്നതെൻപെണ്ണിൻ മാനവും കാത്തിട്ട്.."(2)
ഒരു പേടിയും ഇല്ല തൂങ്ങാൻ ഈ നാറിയ വ്യവസ്ഥിതിയിൽ ഒരു
നല്ലതെങ്കിലും ചെയ്തിട്ട് മരിക്കാൻ ഒട്ടും ഭയമില്ല.
അഭിമാനിക്കുന്നു ഞാൻ എന്നെയോർത്ത്‌ .എത്ര ചോദിച്ചിട്ടും ഞാൻ
അതുതന്നെ പറഞ്ഞു.
"കുശുമ്പ്കൊണ്ടാരെയും കുത്തിയതല്ല ഞാൻ
കൂലിക്ക് കുത്തിക്കൊന്നതുമല്ല
ജാതിപറഞ്ഞേന് തീർത്തതല്ലവനേ
മാറിൽകയ്യിട്ടെൻപെണ്ണിന്റെ മാനം കവർന്നേനാ..?(2)
എന്തിനാണ് നിങ്ങൾ എന്നേ ശിക്ഷിക്കുക എന്റെ പെണ്ണിന്റെ മാറാപ്പിൽ കയ്യിട്ട് മാനം പിച്ചിയെടുക്കാൻ ശ്രമിച്ചവനേ തീർത്തതിനോ...? അപ്പോൾ അല്ലാതെ ഞാൻ എന്ത് ചെയ്യണമായിരുന്നു നോക്കി നിൽക്കണമായിരുന്നോ....?അതോ നെഞ്ചത്തടിച്ചു കരയണമായിരുന്നോ..?.
അവളേ മരിക്കും വരെ സംരക്ഷിക്കാം എന്ന ഒരു വാക്ക് എഴുതി അവളുടെ കഴുത്തിൽ ഒരു മഞ്ഞച്ചരടിൽ കെട്ടിത്തൂക്കിയിട്ടുണ്ട് ഞാൻ അത് ഞാൻ കെട്ടിയതാണെങ്കിൽ അതിപ്പോഴും
അവിടുണ്ടെങ്കിലും ഞാൻ ജീവനോട് ഉണ്ടെങ്കിലും ഇതുപോലെ കണ്ടാൽ ഇനിയും ഞാൻ ചെയ്യും
അത് ആരായാലും ഏത് വമ്പൻ ആയാലും.
കൊട്ടുവടി കൊണ്ട് മേശമേൽ ആഞ്ഞടിച്ച ഏമാന്മാർ രണ്ടു ജീവപര്യന്തമാക്കി എന്നോട് ദയ കാണിച്ചു.
"മനം തിന്നേച്ചു പെണ്ണിനേ കൊന്നവൻ
മറ്റാരുമറിയാതെ മുറ്റത്തിരിക്കുന്നു
മാനം കൊടുത്തൊരു പെണ്ണിനേ കാത്തോൻ
തടവറയ്ക്കുള്ളിലിരുമ്പഴിയെണ്ണുന്നു....?(2)
"നീതിയുടെ ദൈവമേ നീയറിഞ്ഞോ
ന്യായമിവിടെവിടാണ് പാവങ്ങൾക്ക്...?(2)
എല്ലാവർക്കും ഈ ചെല്ലപ്പന്റെ പുതുവർഷ ആശംസകൾ...
നൂറനാട് ജയപ്രകാശ്
*****************************

ഉറുമ്പുകള്‍ പറഞ്ഞത്


ധനുമാസത്തെ ചെറിയ കുളിര് മാറാന്‍ കാലത്ത് കുറച്ച് ഇളംവെയില്
തിന്നുക പതിവായിരുന്നു ഞാന്‍. അതിന്‍റെ കൂടെ മനവിയുടെ ഒരു കട്ടന്‍ചായയും പിന്നെ പത്രവും കിട്ടിയാല്‍ ഹോ ....ഒരു മണിക്കൂര്‍
പോകുന്നതറിയില്ല.
പതിവ്പോലെ ചൂടും തിന്ന് കട്ടനും കുടിച്ച് മുറ്റത്ത് കുത്തിയിരിക്കുമ്പോള്‍ മനവി എന്തോ ഒരു പൊതിയുമായി വന്നു
വാഴയിലയില്‍ പൊതിഞ്ഞ പൊതിയഴിച്ച് എന്‍റെ നേര്‍ക്ക് നീട്ടി.
"ഇന്നാ..തെക്കേതിലെ ശിവന്‍കൊച്ചാട്ടനും മോളും കൂടി മലയ്ക്ക്
പോയി വന്നപ്പോള്‍ തന്നതാ ഞാനങ്ങു മറന്നുപോയി റേഡിയോവില്‍
രാവിലെ അയ്യപ്പന്‍റെ പാട്ട് കേട്ടപ്പോള്‍ ആണ് ഓര്‍മ്മ വന്നത്"
കട്ടന്‍ചായയുടെ ഗ്ലാസ് മുറ്റത്തെ നിരപ്പല്ലാത്ത തറയില്‍ മറിയാതെ
നിര്‍ത്തിയിട്ട് രണ്ടുകയ്യും നീട്ടി അയ്യപ്പന്‍റെ പ്രസാദം വാങ്ങി ഞാന്‍.
"ഉറുമ്പ്‌ ഉണ്ട് നോക്കി തിന്നനം അല്ലാതെ എല്ലാംകൂടി അണ്ണാക്കില്‍
ഇട്ടിട്ട് ഉറുമ്പ്‌ കടിക്കുമ്പോള്‍ എന്നേ തെറി വിളിച്ചോണം"
ഉറുമ്പുകള്‍ മൊത്തം തിന്നുതീര്‍ക്കുന്നതിന് മുന്‍പ് അയ്യന്‍റെ പ്രസാദം
എനിക്ക് നല്‍കിയ മനവിയുടെ സത്യസന്ധതയെ ഞാന്‍ മനസ്സില്‍
വാനോളം പുകഴ്ത്തി.
പൊതിയഴിച്ച് ഉറുമ്പിനെ കുറച്ചൊക്കെ തട്ടിക്കളഞ്ഞ് ഒരുപിടി
പ്രസാദം സ്വാമിയെ മനസ്സില്‍ നമിച്ച് നെറ്റിയില്‍ ഒന്ന്‍ തൊടുവിച്ച്
വായിലേക്കിട്ടു. ചെറുകഷ്ണങ്ങളാക്കിയ അപ്പവും,അവിലും.മലരും
പൊരിയും,കദളിപ്പഴത്തിന്‍റെ നുറുക്കും,കല്‍ക്കണ്ടവും.തെറ്റിപ്പൂവും
എല്ലാംകൂടി വായില്‍ കിടന്ന് ഒരു യുദ്ധം നടത്തി.
ഉറുമ്പിനെ കളയുന്നതിനിടയില്‍ പ്രസാദത്തില്‍ നിന്നും കുറെ പൊരികള്‍ തീഴെ വീണു. ഉപദ്രവകാരികള്‍ അല്ലാത്ത ഒരുതരം
കട്ടുറുമ്പുകള്‍ ധാരാളം ഉണ്ട് വീട്ടുമുറ്റത്ത്.നിങ്ങള്‍ക്ക് അറിയാം
ഓ...ആ ...തല വലുതായ ഒരിനം ഉറുമ്പേ .....അത് കടിക്കില്ല
അതേ....അത് തന്നെ ...വരിവച്ചും അല്ലാതെയും മുറ്റത്ത് എപ്പോളും
കാണും നമുക്ക് ശല്യം ഇല്ലാത്തതിനാല്‍ ചാഴിപ്പൊടിയും മറ്റും വാങ്ങി പ്രയോഗിക്കാറില്ല .
ആ .....അപ്പോള്‍ പറഞ്ഞുവന്നത് നമ്മുടെ പൊരികള്‍ താഴെവീണതും
എവിടെനിന്നോ കുറെ കട്ടുറുമ്പുകള്‍ ഓടിക്കൂടി.
ട്രെയിന്‍ എത്തുമ്പോള്‍ ഈ കൂലികള്‍ ഓടിയടുക്കില്ലേ അതുപോലെ
എനിക്ക് ഒരു കൌതുകം തോന്നി ഞാന്‍ പ്രസാദം വായിലിട്ട് ആട്ടി
ആദ്യത്തെ എണ്ണ ഇറക്കിയതിന് ശേഷം ചക്കില്‍ കിടന്ന ചണ്ടിയിലേയ്ക്ക് കുറച്ച് ചൂടാറിയ കട്ടന്‍ചായയും ഒഴിച്ചുകൊടുത്ത്
വീണ്ടും ആട്ടിക്കൊണ്ട് കട്ടുറുമ്പുകളുടെ വികൃതി കാണാന്‍
തയ്യാറായി ഇരുന്നു.
പിന്നെ അവിടെ കണ്ട കാഴ്ച ഒരു സന്ദര്‍ഭം വന്നെങ്കിലേ നിങ്ങളോട്
പറയാന്‍ കഴിയു.പറയാം കേട്ടോ ആ സന്ദര്‍ഭം വരട്ടെ വരും
വരാതിരിക്കില്ല. ഉറുമ്പുകളുടെ കലാപരിപാടികള്‍ അതിന്‍റെ
അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ഇളയ മകള്‍ മുന്നിലെത്തി.
"അച്ഛാ ട്യുഷന്‍ ഫീസ്‌ ഇന്നു കൊടുക്കണം ."
ഇന്ന്‍ എന്‍റെകയ്യില്‍ കാശില്ല മോളേ നാളെയാകട്ടെ ഉറുമ്പുകളുടെ
വേദിയില്‍ നിന്നും തലയുയര്‍ത്താതെ അവളോട്‌ പറഞ്ഞു.
"ഞാന്‍ പത്തിലാ പഠിക്കുന്നേ അത് ഓര്‍മ്മ വേണം" അത് അവള്‍
പറഞ്ഞത് ഒരു താക്കീത് പോലെ എനിക്ക് തോന്നി.
പിറ്റേന്ന് കാലത്ത് മുറ്റത്തേക്ക്‌ ഇറങ്ങാല്‍ തുടങ്ങിയപ്പോള്‍ വിളി
വന്നത് പിന്നില്‍നിന്നും."അച്ഛാ ഫീസ്‌"
കൊച്ചേ കാശ് ശെരിയായില്ല രണ്ടുദിവസം കൂടി കഴിയട്ടെ എന്ന് ഞാനും "എന്നാല്‍ ഞാന്‍ ഇന്നുമുതല്‍ ട്യുഷന് പോകുന്നില്ല"വാശിയോട്
അവളും.എന്നാല്‍ പോകേണ്ടാ എനിക്കും വാശി.
അപ്പോള്‍ അവള്‍ ആ വജ്രായുധം പ്രയോഗിച്ചു "പരീക്ഷയ്ക്ക് മാര്‍ക്ക്
കുറഞ്ഞാല്‍ എന്നേ ഒന്നും പറഞ്ഞേക്കരുത് പറഞ്ഞേക്കാം"
അത് എന്‍റെ നെറ്റിയില്‍ തന്നെ തറച്ചു.
നെറ്റിയും തിരുമ്മി മുറ്റത്തേയ്ക്ക് നടക്കുമ്പോള്‍ ആണ് ഞാന്‍ മുന്‍പേ
നിങ്ങളോട് പറഞ്ഞ ആ സന്ദര്‍ഭം ഓര്‍മ്മ വന്നത്.
ആ ....ഉറുമ്പുകളുടെ കലാപരിപാടിയേ....അതേ... അത് തന്നെ .
അത്തൂ....ടീവി സ്റ്റാന്‍റില്‍ ഒരു വാഴയില പൊതിയിരുപ്പുണ്ട് അത്
എടുത്ത് വാ. എന്‍റെ ആവശ്യം അവള്‍ നിറവേറ്റി.
പോകാന്‍ തിരിഞ്ഞ അവളോട്‌ ഞാന്‍ ..നീ ...പോകാന്‍ വരട്ടെ .
വാ ..എന്‍റെ കൂടെ ഇന്നലെ ഞാന്‍ ഇരുന്ന സ്ഥലത്ത് എത്തി പൊതി
തുറന്ന് കുറച്ച് പൊരി വാരി മുറ്റത്ത് ഇട്ടൂ.
തീറ്റതേടിയലയുന്ന ഉറുമ്പുകള്‍ ഓടിയടുത്തു. ഞാന്‍ മകളോട് പറഞ്ഞു
ഇനി എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിച്ചുനോക്കു.അവളും എന്‍റെ
കൂടെ അവിടെയിരുന്നു.
പൊരി നിലത്ത് വീണതറിഞ്ഞ ചുരുക്കം ചിലര്‍ അത് അറിയാത്തവരെ
അറിയിക്കാന്‍ പാഞ്ഞു.
അതുവരെ കാക്കാന്‍ ക്ഷമയില്ലാത്തവര്‍ ഓരോ പൊരിയെടുത്ത് ഇഴയാന്‍ തുടങ്ങി ചിലര്‍ വീണിടത്ത് തന്നെ ഭക്ഷിക്കാന്‍ തുടങ്ങി .
പൊരികളുമായി ഇഴയുന്നവരുടെ മിന്നില്‍ ഞാന്‍ ഓരോ തടസ്സങ്ങള്‍
സൃഷ്ടിച്ചു ചിലര്‍ തടസ്സങ്ങളെ അവഗണിച്ചും യാത്ര തുടര്‍ന്നു.
ചിലര്‍ പൊരിയുപേക്ഷിച്ച് എങ്ങോട്ടോ ഇഴഞ്ഞകന്നു. ചിലര്‍ മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ കണ്ടപ്പോള്‍ ദിശ മാറി യാത്ര തുടര്‍ന്നു. ഒന്ന്‍രണ്ട് തവണ തടസ്സം നേരിട്ടവര്‍ ആ പൊരിയുപേക്ഷിച്ച് പഴയ
സ്ഥലത്ത് എത്തി പുതിയ പൊരി എടുത്ത് യാത്രയായി.
ഒരു ഉറുമ്പ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു നാലഞ്ച് തവണ ഞങ്ങള്‍
മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടും ആ ഉറുമ്പ്‌ പിന്‍വാങ്ങിയില്ല
വീണ്ടും വീണ്ടും ദിശമാറി അത് പൊയ്ക്കൊണ്ടിരുന്നു.
ഞങ്ങള്‍ക്കും വാശിയായി ഞാന്‍ പൊരിയില്‍ ഒരു ഭാരം വച്ച്
അതിന് വലിച്ചുകൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്കി .
ആവുന്നതും പരിശ്രമിച്ചു ആ ഉറുമ്പ്‌ പൊരി അനക്കാന്‍ പറ്റിയില്ല
പൊരി ഉപേക്ഷിച്ച് ആ ഉറുമ്പ്‌ എവിടേയ്ക്കോ ഇഴഞ്ഞകന്നു.
ഞങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടത് വരിവരിയായി ഇഴഞ്ഞു നീങ്ങുന്ന
ഉറുമ്പുകളുടെ ഇടയിലേയ്ക്ക് കയറി അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു (പറഞ്ഞതാകാം) .
അഞ്ചെട്ട് ഉറുമ്പുകള്‍ കൂട്ടായി അതിനുപിറകേ എത്തി ഞാന്‍ വച്ച
ഭാരം മാറ്റാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു സാധിച്ചില്ല വന്നവര്‍ തിരികെ പോയി .നമ്മുടെ നായകന്‍ ഉറുമ്പ്‌ കുറച്ചുനേരം കൂടി ആ പൊരിയില്‍
നോക്കി നിര്‍വ്വികാരതയോടെ നിന്നു.
ആ നിര്‍വ്വികാരത കണ്ട മകളുടെ മനസ്സലിഞ്ഞു അവള്‍ ആ പൊരിയുടെ ഭാരം എടുത്തു മാറ്റി. അവസാന ശ്രമമായി ആ പൊരി കടിച്ചുവലിച്ചു നോക്കി നമ്മുടെ നായകന്‍.ഇക്കുറി വിജയിക്കുകതന്നെ ചെയ്തു അതും ചുണ്ടില്‍ കടിച്ചുപിടിച്ച് ഇഴഞ്ഞകന്നു ഞങ്ങള്‍ പിറകേ കൂടി കുറച്ചകലെ ഒരു കുഴിയിലേക്ക്
ഇറങ്ങി പോകുകയും ചെയ്തു.
ഞാന്‍ എന്‍റെ മകളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു നിനക്ക് എന്ത്
മനസ്സിലായി ഇതില്‍ നിന്ന് ..?
"വിശപ്പ് എല്ലാ പ്രതിസന്ധികളെയും മറികടക്കും അതല്ലേ നാം ഇപ്പോള്‍ കണ്ടത്..?" അവള്‍ ചോദിച്ചു
ഞാന്‍ പറഞ്ഞു അല്ല അതല്ല നാം കണ്ടത്
"ലക്ഷ്യം ആണ് പ്രധാനം എങ്കില്‍ മാര്‍ഗ്ഗം ഒരു തടസ്സം ആകില്ല"
നമ്മള്‍ എത്ര തവണ അതിന്‍റെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിച്ചു അത്
പിന്‍വാങ്ങിയില്ല .വിശപ്പ്‌ ആയിരുന്നു പ്രധാനം എങ്കില്‍ അതിന്
അവിടെവച്ചുതന്നെ അത് ഭക്ഷിക്കാമായിരുന്നു മറ്റ് ഉറുമ്പുകള്‍ ചെയ്തപോലെ എന്നിട്ടും ആ ഉറുമ്പ്‌ അത് ചെയ്തില്ല.
കാരണം അതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു അത് ആ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു .അതേ ആ ലക്ഷ്യബോധം ആണ്
നാം ഇപ്പോള്‍ കണ്ടത്.
അവള്‍ എന്നേ കെട്ടിപ്പിടിച്ച് ഒരു മുത്തം നല്‍കി "ഫീസ്‌ പിന്നെ ഉള്ളപ്പോള്‍ തന്നാല്‍ മതി കേട്ടോ ഞാന്‍ പോകുവാ ബസ്സ്‌ വരാറായി"
വെള്ളിക്കൊലുസ്സണിഞ്ഞ പാദങ്ങള്‍ മണിയും കിലുക്കി എന്‍റെ മുന്നിലൂടെ ഓടിയകന്നു..............
നൂറനാട് ജയപ്രകാശ്
****************************

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo