നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"മുഖംമൂടിയണിഞ്ഞ തൂലിക"


"മുഖംമൂടിയണിഞ്ഞ തൂലിക"
***************************************
"ടെസാ.....നിന്നേ ദേ....ബോസ് വിളിക്കുന്നു". സീനിയര്‍ റിപ്പോര്‍ട്ടര്‍
ആതിര ട്രെയിനിയായ റിപ്പോര്‍ട്ടര്‍ ടെസയ്ക്ക് ആ മെസേജ് കൈമാറി
"നേരോ...ചേച്ചീ..?" ടെസാ കോശിക്ക് നേരിയ സംശയം.
"അതേടീ ...ദേ..ക്യാബിനില്‍ ഉണ്ട് ഞാന്‍ എന്തിനാ കള്ളം പറയുന്നേ..?"
ആതിര തന്‍റെ ഭാഗം ന്യായീകരിച്ചു.
"മേ...ഐ ..കമിന്‍ സര്‍ ..?" വാതില്‍ മെല്ലെ തുറന്ന ടെസയുടെ
മര്യാദയുടെ വരമ്പില്‍ ചവിട്ടിയുള്ള ചോദ്യം ബോസിന് മറ്റൊന്നും
ചിന്തിക്കാന്‍ സമയം കൊടുക്കാതെയുള്ള മറുപിടി "എസ്... കമിന്‍"
മുന്നില്‍ കിടന്ന കസേരയിലേക്ക് വിരല്‍ ചൂണ്ടി ബോസ് പറഞ്ഞു
"ടെസ...ഇരിക്കു" "നന്ദി സര്‍ .." ചേതമില്ലാത്ത ഒരു വാക്ക് ബോസിനും
നല്‍കി അവളും അയാള്‍ക്ക് അഭിമുഖമായി ഇരുന്നു.
"ടെസാ... താന്‍ ചാനലില്‍ ട്രെയിനിയായി കയറിയിട്ട് മൂന്ന് മാസം
കഴിഞ്ഞു അല്ലെ .? ഇതുവരെ ഒരു നല്ല റിപ്പോര്‍ട്ട് കവറുചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോ ..? എന്നും സീനിയറിന്‍റെ കൂടെ ഇങ്ങനെ ഒരു
വാലായി നടന്നാല്‍ മതിയോ ..?
അവസരങ്ങള്‍ വന്നുചേരില്ല നാം തേടിപ്പിടിക്കണം അറിയപ്പെട്ടു
തുടങ്ങുമ്പോള്‍ മാത്രമേ അവസരങ്ങള്‍ നമ്മേ തേടി വരുള്ളൂ.
ദേ....ഇത് ആ ആത്മകഥ എഴുതിച്ച് പ്രസിദ്ധയായ കരുണ എന്നാ സ്ത്രീയുടെ അഡ്രസ്സ് ആണ് നാളെ ടെസ പോയി അവരുടെ ഒരു
അഭിമുഖം തയ്യാറാക്കു നമ്മുടെ മുഖാമുഖം പരിപാടിക്ക് വേണ്ടി.
അവരുടെ "എന്‍റെ മോഹവും നിങ്ങളുടെ ദാഹവും" എന്ന പുസ്തകം
ഇറങ്ങുന്നതിന് മുന്‍പും പിന്‍പും ഉള്ള അവരുടെ ജീവിതസാഹചര്യങ്ങള്‍ അവരില്‍ നിന്നും മനസ്സിലാക്കുക അതാണ്‌
ടെസയുടെ ദൌത്യം അറിയാമെല്ലോ അവര്‍ ഒരു സെക്സ് വര്‍ക്കര്‍
ആയിരുന്നു ക്യാമറാമാന്‍ ഹിരിയെ കൂടെ കൂട്ടിക്കോളു."
ബോസ് വളരെ ഭംഗിയായി തന്‍റെ ഭാഗം വിശദീകരിച്ചു ടെസ അഡ്രസ്സും വാങ്ങി മുറി വിട്ടിറങ്ങി.
"കരുണ എന്ന ആളിന്‍റെ വീട് ഇതുതന്നെയല്ലേ ..?" വീട് കണ്ടുപിടിച്ച്
ഉറപ്പിക്കാനായി ഒരു നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന
സ്ത്രീയോട് ടെസയുടെ ചോദ്യം.
"അതേ..വീട് ഇതാണ് ഞാനാണ് കരുണ എന്താണ് വേണ്ടത് നിങ്ങള്‍
ആരാണ്...?" ആ സ്ത്രീയുടെ ആകാംഷയോടെയുള്ള ചോദ്യം.
"ചേച്ചി ഞാന്‍ ടെസ ഇത് ഹരി ഞങ്ങള്‍ "സത്യം" ചാനലില്‍
നിന്നും വരുവാ ചേച്ചിയോട് കുറച്ചു കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍
വന്നതാ ചേച്ചിയുടെ ജീവിതകഥയെ പറ്റിയും അതിന് ആസ്പദമായ
സാഹചര്യങ്ങളെ പറ്റിയും ഒക്കെ അറിയണം. ചേച്ചി അനുമതി
നല്‍കിയിട്ടുണ്ട് എന്ന് ഞങ്ങളുടെ ബോസ് പറഞ്ഞു അതാ വന്നത്"
ടെസ കുറച്ചു ഭയത്തോട് കാര്യങ്ങള്‍ പറഞ്ഞു.
"ഓ ....ചാനലീന്നാ ..അല്ലെ വരൂ ..വരൂ എന്തോ ചോദിക്കാന്‍ ഉണ്ട്
എന്ന് ഒരു സാറ് പറഞ്ഞിരുന്നു ആകാം എന്ന് ഞാനും പറഞ്ഞു
അതിന് എന്തിനാ ഈ ക്യാമറയും ഒക്കെയായി വന്നത് പടം പിടിക്കാനും ഒന്നും പറ്റില്ല" കരുണയുടെ വിശദീകരണത്തോടെയുള്ള
എതിര്‍പ്പ്."ചേച്ചീ ...ഞങ്ങള്‍ ചേച്ചിയുടെ മുഖം ഒന്നും ആരെയും
കാണിക്കില്ല ചേച്ചി പേടിക്കേണ്ടാ.?"
'അതൊക്കെ നിങ്ങള്‍ ഇപ്പോള്‍ പറയും ഇങ്ങനെയൊക്കെ പറഞ്ഞു
വന്ന ഒരുവളാ മുഖമറിയാത്ത എന്‍റെ ഈ പേരിനേ ഇത്രയും പ്രശസ്തയാക്കിയത് എന്‍റെ പേരും എന്‍റെ ജീവിതവും പശസ്തമായി
എന്നിട്ടും ഞാന്‍ പ്രശസ്തയായില്ല ഇന്നും ആ പഴയ കരുണ തന്നെ.
ഒരു വത്യാസം മാത്രം അന്ന് ശരീരം വിറ്റ് ജീവിച്ചു ഇന്ന് തൊഴിലെടുത്ത് ജീവിക്കുന്നു.
എഴുതിയവള്‍ പ്രശസ്തയായി ലോകം അറിഞ്ഞു ആദരിച്ചു.
എല്ലാം നിനക്ക് വേണ്ടി എന്ന് പറഞ്ഞ് എതൊക്കെയോ പേപ്പറില്‍
എവിടൊക്കെയോ എന്‍റെ ഒപ്പിട്ടു വാങ്ങി എന്‍റെത് എന്ന് പറഞ്ഞ്
എന്നേക്കുറിച്ച് എഴുതിയത് ഒന്നും സത്യമായിരുന്നില്ല.
ആ പുസ്തകത്തിലേ കരുണ ഞാനായിരുന്നില്ല അതിൽ
എഴുതിയ മാതിരി ഒന്നും എന്‍റെ ജിവിതത്തില്‍ നടന്നിട്ടും ഇല്ല.
ഏകമകളായ ഞാന്‍ എന്‍റെ മാതാപിതാക്കളുടെ കഷ്ട്പ്പാട് കണ്ട്
അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിനും മരുന്നിനുമായി അന്തസ്സായ
ഒരു തൊഴില്‍ തേടിയിറങ്ങിയ എന്നേ ഈ സമൂഹം ആണ് ഒരു
അഭിസാരിക ആക്കിയത്.പലർക്കും വേണ്ടിയിരുന്നത് എന്റെ ശരീരം
മാത്രമായിരുന്നു അത് നൽകാൻ വിസമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി പലരും പലവട്ടം.
പിന്നെ മുന്നോട്ട്‌ ഞാന്‍ ശരീരം വിറ്റതും സുഖഭോഗങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. അവരുടെ വിടവാങ്ങലിന് ശേഷം അഗാധമായ ആ
ഗര്‍ത്തത്തില്‍ അകപ്പെട്ടുപോയ എനിക്ക് അവിടെനിന്നും കരകയറാനും കഴിഞ്ഞില്ല കരകയറണം എന്ന് കരുതിയിട്ടും.
ആയിടക്കാണ് എന്‍റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വന്ന സാമൂഹിക
പ്രവര്‍ത്തക എന്ന് അവര്‍ അവകാശപ്പെടുന്ന ഒരു സ്ത്രീയേ പരിചയപ്പെടുന്നത് പിന്നീട് ആണ് എനിക്ക് മനസ്സിലായത് ഞാന്‍
ശരീരത്തിന്‍റെ കച്ചവടക്കാരി ആണെങ്കില്‍ അവര്‍ കണ്ണുനീരിന്‍റെ
കച്ചവടക്കാരി ആണെന്ന്.
നിനക്ക് ഈ തൊഴില്‍ നിര്‍ത്തി ജീവിക്കാന്‍ ഞാന്‍ ഒരു വഴിയൊരുക്കാം എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു നീ എന്‍റെ കൂടെ നിന്നാല്‍ മാത്രം മതി എന്നായിരുന്നു
അവരുടെ ആവശ്യം.ഞാന്‍ ഇനിയെന്ത് നോക്കാന്‍ കുഴിയില്‍ കിടക്കുന്ന എന്നേ കൈപിടിച്ച് കരകയറ്റാന്‍ ഒരാള്‍ വന്നപ്പോള്‍ ഞാന്‍
എന്തിന് എതിര് പറയണം.
"ഞാന്‍ നിന്‍റെ ആത്മ കഥ എഴുതാം അത് നമുക്കൊരു പുസ്തകം
ആക്കാം അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നിനക്ക് സുഖമായി ജീവിക്കാം നീ എന്ത് പറയുന്നു..??"
ഒരു അഭിസാരികയുടെ ജിവിതത്തില്‍ നല്ലത് ഒന്നും നടന്നിട്ടുണ്ടാകില്ല
പിന്നെ എന്ത് എഴുതും ..?ഇനി എന്തെങ്കിലും എഴുതിയാലും അത്
അശ്ലീലം ആകില്ലേ..?
അവര്‍ പറഞ്ഞ മറുപിടി എന്നേ അത്ഭുദപ്പെടുത്തി "അതേ..അതാണ്‌ ജനങ്ങള്‍ക്കും വേണ്ടത് വിലക്ക് കല്‍പ്പിക്കുന്നത്
കേള്‍ക്കാനും കാണാനും ആണ് എല്ലാവര്‍ക്കും ഇഷ്ടം അതിനാണ് ഇന്ന്‍ ഇവിടെ ആവശ്യക്കാരേറെയും .എല്ലാം ഞാന്‍ പറഞ്ഞു തരാം അല്ല
ഞാന്‍ തന്നെ ചെയ്തോളാം നീ ഒരു സമ്മതപത്രം ഒപ്പിട്ടു തന്നാല്‍ മതി."
എന്നേപ്പറ്റി നിങ്ങള്‍ക്ക് എന്തറിയാം ..?ഒന്നും അറിയാതെ നിങ്ങള്‍
എന്നേപ്പറ്റി എങ്ങനെ പുസ്തകം എഴുതും..? ഞാന്‍ ചോദിച്ച ആ
ചോദ്യത്തിന് അവര്‍ പറഞ്ഞ ഉത്തരം അവരുടെ കഴിവില്‍ എനിക്കുള്ള സംശയം ഇല്ലാതാക്കി.
"ഒരു അഭിസാരികയുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കും അല്ലെങ്കില്‍ നടക്കാം എന്ന് ഒരുപെണ്ണായ എനിക്ക് അറിയാം നീ ഒന്നും
പറയേണ്ടാ" അവര്‍ എന്‍റെ കയ്യില്‍ നിന്നും എന്തൊക്കെയോ ഒപ്പിട്ടു വാങ്ങി.
ഒരിക്കല്‍ ഒരു പുസ്തകവുമായി അവര്‍ എന്നേ കാണാന്‍ വന്നു.
"ഇതാണ് നമ്മുടെ പുസ്തകം നീ വായിക്കു ഞാന്‍ പിന്നെ വരാം"
എന്‍റെ ബാങ്ക് അക്കൗണ്ട്‌ വാങ്ങി അവര്‍ മടങ്ങി.
എന്നേക്കുറിച്ച് ഞാന്‍ ഒന്നും പറയാതെ മറ്റൊരാള്‍ എഴുതിയ എന്‍റെ
കയ്യില്‍ ഇരിക്കുന്ന എന്‍റെ ജീവിത കഥയില്‍ ഞാന്‍ ഒന്ന് നോക്കി.
നിസ്സഹായതയുടെ നടുവില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു ചുവന്ന റോസാപ്പൂവും അതിനേ ചുറ്റി വട്ടമിട്ടു പറക്കുന്ന അനേകം വര്‍ണ്ണ
ശലഭങ്ങളും ആ ചിത്രത്തിന് താഴെ ചുവന്ന അക്ഷരങ്ങളാല്‍ കോരിയിട്ട ഈ വാക്കുകളും "ഒരു അഭിസാരികയുടെ ആത്മകഥ"
"എന്‍റെ മോഹവും നിങ്ങളുടെ ദാഹവും" അതിന് താഴെ അവരുടെ
ചിത്രവും പേരും.
ഞാന്‍ അറിയാത്ത എന്‍റെ ആത്മകഥ ഞാന്‍ വായിച്ചുതുടങ്ങി
അടുക്കിക്കെട്ടിയ ആ അക്ഷരങ്ങള്‍ക്ക് ഇടയില്‍ ഞാന്‍ എന്നേ എവിടെയും കണ്ടില്ല അവസാനംവരെ എത്തിയിട്ടും
അംമ്പരചുമ്പികളില്‍ സ്വര്‍ണ്ണത്താലത്തില്‍ അത്താഴം കഴിക്കുന്നവരുടെ
കൂടെ അന്തിയുറങ്ങുന്ന ഒരു നക്ഷത്രവേശ്യയെ മാത്രമേ ആവര്‍ത്തിച്ചു
വായിച്ചിട്ടും എനിക്കതില്‍ കാണാന്‍ കഴിഞ്ഞുള്ളൂ.
അന്നന്നത്തെ അന്നത്തിനായി അന്തിവരെ പണിയെടുത്ത് വൈകിട്ട്
ഒരുഗ്ലാസ് വിലകുറഞ്ഞ മദ്യം അകത്ത് ചെല്ലുമ്പോള്‍ കെട്ടിയവളോട്
ഒരു അകല്‍ച്ച തോന്നുന്ന ചില പച്ചയായ നാടന്‍ കൂലിപ്പണിക്കാരുടെ
വിയര്‍പ്പ് മണമുള്ള ചുരുണ്ടുമടങ്ങിയ നോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ മാറിലേ ചൂടുപറ്റി എന്‍റെ ബ്ലൌസിനുള്ളില്‍ ഇരിക്കാന്‍.
അല്ലെങ്കില്‍ അശുദ്ധിയാണ് എന്നും പറഞ്ഞ് അകത്തിക്കിടത്തുമ്പോള്‍ പെണ്ണിന്‍റെ ചൂടും ചൂരുമില്ലാതെ ഉറക്കം വരാത്ത
ചില മണ്ണിന്‍റെ മണമുള്ളവരുടെ കൈകള്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍.
അല്ലെങ്കില്‍ ആണത്വം ഭാര്യമാരുടെ മുന്നില്‍ തെളിയിച്ചുകൊടുക്കാന്‍
കഴിയാത്ത ചില അഭിമാനികളായ നിസ്സഹായരുടെ കൈകളിലെ ചില്ലറനോട്ടുകള്‍. അതുമല്ലെങ്കില്‍ പൈസതന്ന്‍ തുണിയുരിയിപ്പിച്ച് നഗ്നത കാണുമ്പോള്‍ വിങ്ങിപ്പൊട്ടാന്‍ മാത്രമറിയാവുന്ന ചില പാവങ്ങളുടെ നോട്ടുകള്‍.
എന്താണ് പെണ്ണ്‍ എന്നറിയാന്‍ വെമ്പല്‍ കൊള്ളുന്ന ചില കൌമാരങ്ങളുടെ കുടുക്കപൊട്ടിച്ച ചില്ലറകള്‍.
ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണിനേ തൃപ്തിപ്പെടുത്താന്‍
കഴിയുമോ എന്ന സംശയം തീര്‍ക്കാന്‍ എത്തുന്ന ചില പുയ്യാപ്ലകളുടെ നോട്ടുകള്‍.
അതൊക്കെയായിരുന്നു കരുണ എന്ന അഭിസാരികയുടെ ഖജനാവ്.
എന്നാല്‍ അവരുടെ ഭാവനയിലെ നക്ഷത്രവേശ്യയുടെ ചുണ്ടില്‍ ചായം
തേയ്ച്ചിരുന്നു .കയ്യില്‍ ലഹരിയുടെ ഗ്ലാസും കണ്ണില്‍ കത്തുന്ന കാമവും
ചിന്തകളില്‍ അശ്ലീലതയുടെ ചലനങ്ങളും ഉണ്ടായിരുന്നു .
വാനിറ്റി ബാഗില്‍ വിലകൂടിയ ഫോണും വജ്രാഭരണങ്ങളും ഉണ്ടായിരുന്നു .നാസികയെ ഉത്തേജിപ്പിക്കാന്‍ സുഗന്ധങ്ങളുടെ
കലവറ ഉണ്ടായിരുന്നു നോട്ടുകെട്ടുകള്‍ മുടക്കുന്നവന്‍റെ നഷ്ടം
കുറയ്ക്കാന്‍ ദീര്‍ഘദൂര മരുന്നുകള്‍ ഉണ്ടായിരുന്നു.
ഞാന്‍ അതിനേപ്പറ്റി അവരോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപിടി "കാല്‍ക്കാശിനു വിലയില്ലാത്ത നിന്‍റെ അനുഭവങ്ങള്‍ ഇവിടെ
ആരും വായിക്കില്ല എന്നാല്‍ വിലയുള്ളവരുടെ കൂടെ നീ അന്തിയുറങ്ങി എന്നറിഞ്ഞാല്‍ ധാരാളം വായനക്കാരുണ്ടാകും പുസ്തകങ്ങള്‍ നിരവധി വിറ്റഴിയും".
ശെരിയായിരുന്നു അവര്‍ പറഞ്ഞത് പുസ്തകങ്ങള്‍ കിട്ടാനില്ലാതെയായി ജനം നെട്ടോട്ടം ഓടി എല്ലാ ഭാഷകളിലും ഇറക്കി
കോടികള്‍ കുമിഞ്ഞുകൂടി അവരുടെ അക്കൗണ്ടില്‍ എനിക്കോ
വല്ലപ്പോഴും വല്ല നക്കാപ്പിച്ച കിട്ടിയാലായി എന്‍റെ മാനം വിറ്റ കാശ്
എനിക്കില്ല അത് അവര്‍ക്ക് സ്വന്തം മാനം എന്‍റെയാണെങ്കിലും ബുദ്ധി
അവരുടെയാണല്ലോ.
എഴുത്തുകാരിക്ക് അഭിനന്ദനപ്രവാഹം അവാര്‍ഡുകള്‍ എനിക്കോ ..?
ഇന്നും അവഹേളനങ്ങള്‍.ആഭാസവാക്കുകള്‍,അനാവശ്യചോദ്യങ്ങള്‍
ഇതൊക്കെയായിരുന്നു എന്‍റെ അക്കൗണ്ടില്‍ കുന്നുകൂടിയത്.
ഇന്നും ഞാൻ തൊഴിലുറപ്പിന് പോയി കിട്ടുന്ന കാശുകൊണ്ട് അരിവാങ്ങുന്നു.ആ സ്ത്രീയോ...? മാനമില്ലാത്ത ഒരു പാവം പെണ്ണിന്റെ കണ്ണ്നീരിൽ തയ്യാറാക്കിയ വിഭവങ്ങളും കഴിച്ച് ശീതികരിച്ച മുറിയിൽ ഉറങ്ങി രാജ്യങ്ങൾ തോറും പറന്ന് ആരാധകരെ നേടുന്നു. കഴിയുമോ കുട്ടീ നിനക്ക് ഇത് ജനങ്ങളോട് പറയാൻ..?
ഇല്ല നിങ്ങള്‍ പറയില്ല കാരണം അവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവൾ ആണ് അവരുടെ മുഖംമൂടി അഴിയാന്‍ നിങ്ങള്‍
സമ്മതിക്കില്ല അതാണല്ലോ ഇപ്പോള്‍ നടക്കുന്നതും.
പാവപ്പെട്ടവന്റെ കഷ്ടപ്പാടോ അവരുടെ ഇല്ലായ്‌മയോ തുറന്ന്
പറഞ്ഞാൽ നിങ്ങളുടെ ചാനലിന് നിലനിൽപ്പ് ഇല്ലല്ലോ..?
പാവപ്പെട്ട ഒരു കൊച്ചുകുട്ടി വിശന്നിട്ട് ഏതെങ്കിലും ചായക്കടയിലെ
അലമാരയില്‍ കയ്യിട്ട് ഒരു വട എടുത്താല്‍ അവനേ ഒരു ദിവസം
പത്ത് വട്ടം ചിത്രം സഹിതം കാണിക്കും ഇവന്‍ കള്ളന്‍ ഇവന്‍ കട്ടു
എന്നൊക്കെ.എന്നാല്‍ സമൂഹത്തിലെ മാന്യര്‍ എന്ന് സ്വയം പറയുന്നവര്‍ എന്ത് തെറ്റ് ചെയ്താലും നിങ്ങള്‍ പറയും ഒരു
പ്രമുഖ വ്യക്തി ആണ് അതിന് പിന്നില്‍ എന്ന് സംശയിക്കുന്നു.
അല്ലേ അതല്ലേ സത്യം...?
തെളിവ് ഞാന്‍ തന്നില്ലേ ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം ..?
പോകു...ഇത് കൊണ്ടുപോയി സമൂഹത്തിനെ ബോധ്യപ്പെടുത്തു
അവരുടെ മുഖംമൂടി വലിച്ചഴിക്കു.....ഞാന്‍ നാളത്തെ വാര്‍ത്തക്കായി
കാത്തിരിക്കാം..................
പിറ്റേന്ന് സത്യം ചാനലില്‍ മുഖാമുഖം കണ്ട കരുണ ഞെട്ടി.
"എല്ലാവർക്കും മുഖാമുഖം പരിപാടിയിലേയ്ക്ക് സ്വാഗതം ഇന്ന്
നമ്മോടൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്
തന്റെ ആത്മകഥ എഴുതിച്ച് സമൂഹത്തിലെ പല വമ്പൻമാരുടെയും
മുഖംമൂടി വലിച്ചുകീറിയ കരുണ എന്ന ലൈംഗികത്തൊഴിലാളിയാണ്
നമുക്ക് സ്വാഗതം ചെയ്യാം കരുണയെ"
മുഖം അവ്യക്തമായ ഒരു സ്ത്രീ സംസാരിക്കുന്നു. അവൾക്ക് മനസ്സിലായി അതവൾതന്നെയാണ് ശബ്ദം മറ്റാരുടെയോ ആണ് താൻ പറഞ്ഞ ഒരു വക്കും അവർ പറയുന്നില്ല താൻ കേട്ടിട്ട്പോലും ഇല്ലാത്ത പല പേരുകളും പറയുന്നു അവർ.
അവൾ ആ സ്ത്രീയെ തന്റെ ദൈവമായി കാണുന്നു എന്നാണ്
പറയുന്നത് അവര്‍ക്ക് ദീര്‍ഘായുസ്സും നേരുന്നു.സത്യം ചാനലിൽ പറയുന്ന അസത്യങ്ങൾ കേട്ട് മുകളിലേക്കു നോക്കി അവൾ പറഞ്ഞു
ദൈവമേ ..നീ ഇതൊന്നും കാണുന്നില്ലേ ......
നൂറനാട് ജയപ്രകാശ്
****************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot