നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കരിക്കലത്തില്‍ വീണ കാവൃ

കരിക്കലത്തില്‍ വീണ കാവൃ
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഞാന്‍ ഗോപാലകൃഷ്ണന്‍.....
ഇടക്കിടെ എന്തെങ്കിലും എഴുതി ഈ ഗ്രൂപ്പിലേക്‌ പോസ്റ്റ് ചെയ്യുന്ന പാര്‍ട്ട് ടെെം എഴുത്തുക്കാരനായ ജി.കെ യെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട കാരൃമില്ലെന്നറിയാം...
പക്ഷേ....
എന്നിലെ എന്നെ നിങ്ങള്‍ക്ക് അറിയില്ല.
ആവശൃത്തിന് സ്വത്തുളള ഒരു കുടുംബത്തിലെ, അച്ഛന്‍െറയും അമ്മയുടെയും ഏകപുത്രനാണെന്നറിയില്ല...
പുകവലിയും, മദൃപാനവും, മുച്ചീട്ടു കളിയും ഇല്ലാത്ത, കരിഞ്ചന്തയിലേക്ക് സാധനങ്ങള്‍ വിറ്റു മറിക്കാത്ത, നാട്ടിന്‍പുറത്തുക്കാരനായ ഒരു റേഷന്‍ക്കടക്കാരനാണെന്നറിയില്ല..
ഭാരൃയെ സ്നേഹിച്ചു കൊതി തീരാത്തവനാണെന്നറിയില്ല....
അല്ലെങ്കിലും അതൊക്കെ അറിഞ്ഞിട്ട് വലിയ കാരൃമില്ല....
കാരണം ഇന്ന് എന്‍െറയും,മഞ്ജുവിന്‍െറയും വിവാഹമോചന ദിവസമാണ്...
അകന്നകന്നു പോകുന്ന മനസ്സുകള്‍ക്ക്, സ്നേഹോപാധിയോടെ, ഒന്നിച്ച് ജീവിക്കാന്‍ കഴിയുമോയെന്ന്, പുനര്‍ചിന്തനം ചെയ്യാന്‍ കോടതി അനുവദിച്ച സമയം ഇന്ന് പതിനൊന്ന് മണിക്ക് തീരുകയാണ്....
''നമ്മള്‍ക്ക് പിരിയേണ്ട ഗോപേട്ടാ '' എന്നൊരു പ്രതീക്ഷ നിറഞ്ഞ വിളിക്കുവേണ്ടി കാത്തിരിക്കുന്ന എനിക്കു മുന്നില്‍ നിശ്ചലമായി കിടക്കുന്ന മൊബെെല്‍, ജീവിതം ഒരു മരീചികയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
എത്ര പെട്ടെന്നാണ് ഞങ്ങളുടെ ദാമ്പതൃം തകിടം മറിഞ്ഞത് ?
പത്ത് വര്‍ഷത്തെ വിവാഹബന്ധത്തില്‍, എട്ടു വര്‍ഷത്തോളം ഞങ്ങള്‍ ഇണക്കുരുവികളായിരുന്നു....
ഈ അവസാന രണ്ടു വര്‍ഷങ്ങളള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്.....
അവളുടെ ഒരിഷ്ടത്തിനും എതിരുനിന്നിട്ടില്ല....
വീട്ടിലിരുന്നു ബോറടിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍, തുച്ഛമായ വരുമാനമാണെങ്കിലും, പാല്‍ സൊസെെറ്റിയിലെ ജോലിക്ക് പറഞ്ഞുവിട്ടു...
എന്നിട്ടും ഈ അപസ്വരം ?....
മെത്തയില്‍ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കളും, നാണംകൊണ്ട് കണ്ണടച്ച ദീപങ്ങളും ഞങ്ങളെ ശപിച്ചിട്ടുണ്ടാകാം..
എല്ലാ ഉഗ്രശാപങ്ങള്‍ക്കും ഇന്നാണ് ഫലം ലഭിക്കുന്നത്..
ഒരുനാള്‍..
ഒരു പുലര്‍ക്കാലത്ത്.
കട്ടന്‍ചായയുമായി എനിക്ക് മുന്നിലേക്ക് വരാറുളള അവള്‍ കടുംചായം തേച്ച ചുണ്ടുമായി വന്നപ്പോള്‍, പതിവില്ലാത്ത അവളുടെ ചുട്ടി കുത്തല്‍ കണ്ട് പുഞ്ചിരിയോടെ ഒന്നു നോക്കിയപ്പോള്‍, ഗംഗ നാഗവല്ലിയായതു പൊടുന്നനെയായിരുന്നു..
''എന്താ വായും പൊളിച്ച് നോക്കുന്നേ... അന്‍റാര്‍ട്ടിക്കയിലെ പെണ്ണുങ്ങള്‍ പോലും ഇങ്ങിനെയാ നടക്കാറ് ''
ഈ കുഗ്രാമത്തില്‍ കിടക്കുന്ന ഇവളെന്തിന് ഒരു പുലബന്ധം പോലുമില്ലാത്ത അന്‍റാര്‍ട്ടിക്കയെ കൂട്ടുപിടിച്ചതെന്ന സംശയം ഉളളിലൊതുക്കി ഞാന്‍ പറഞ്ഞു.
''ന്‍െറ പെണ്ണേ.. അന്‍റാര്‍ട്ടിക്കയില്‍ മനുഷൃജിവിയില്ല.. അവിടെ മെെനസ് ഡിഗ്രിയാ ''
''നിങ്ങള് എന്തേലും ഞാന്‍ പറേണേ അംഗീകരിച്ചിട്ട് ഉണ്ടോ? ഇല്ലല്ലോ? ലോകപരിചയം ഇല്ലാന്നു വെച്ചാ അതു പറഞ്ഞാ മതി.. വെറും ഫൂളാ നിങ്ങള്‍..''
അന്നാദൃമായി എന്‍െറ പ്രഷര്‍ കൂടുകയും, അവളെ കെെവെക്കുകയും ചെയ്തു...
കുതിരാന്‍മലക്കപ്പുറം മറ്റൊരു ലോകമുണ്ടോയെന്ന് നാഴികയ്ക്ക് നാല്പത് വട്ടം ചോദിക്കുന്ന അവള്‍ എന്‍െറ ലോകപരിചയത്തിനുമുകളില്‍ കത്തിവെച്ചപ്പോളലല്ല ഞാനവളുടെ കരണത്ത് കെെ വെച്ചത്... മറിച്ച്.. ഇങ്ങിനെയൊരു നിരക്ഷരകുക്ഷിയെ വിവാഹം ചെയ്ത നീ വെറുമൊരു ഫൂളാണെന്ന് പറയുന്നവരോട് , അവളെന്‍െറ ലക്ഷ്മിയാണെന്നു പറയുന്ന എന്നെ വെറുമൊരു ഫൂളായി കണ്ടതിനാണ്...
ലൂണാര്‍ ചെരിപ്പിട്ട് എനിക്കു മുന്നിലൂടെ നിശബ്ദം നടക്കാറുളള അവള്‍ അന്നാദൃമായി ഹെെഹീലിന്‍െറ പടഹധ്വനിയോടെ എനിക്ക് മുന്നിലൂടെ കടന്നു പോയി..
അവിടെ നിന്നും അപസ്വരങ്ങള്‍ തുടങ്ങി ....
വാക്കുകള്‍.. വഴക്കുകള്‍....
അതൊരു തുടര്‍ക്കഥയായി..
പാല്‍ സൊസെെറ്റിയിലെ മാഡത്തിന്‍െറ സ്വതന്ത്ര ചിന്താഗതികളെ വാഴ്ത്തികൊണ്ട്, വീട്ടിലുളളവരെ അവള്‍ കുറ്റം പറഞ്ഞു തുടങ്ങി..
സ്വസ്ഥത കളിയാടിയിരുന്ന വീട്ടില്‍ അസ്ഥിരതയുടെ മിന്നല്‍പ്പിണരുകളുതിര്‍ന്നു....
ഏത് നിമിഷവും മന്ത്രങ്ങള്‍ ജപിക്കാറുളള അമ്മ അതൊക്കെ മാറ്റിവെച്ച് അവളെ തെറിവിളിക്കലായി.
ഉപ്പില്‍ വീണ പല്ലിയെപോലെ, പൂമുഖത്തെ ചാരുകസേരയിലിരിക്കാറുളള അച്ചന്‍, ഒരുനാള്‍ ഇരയെ കണ്ട പുലിയെപോലെ അലറി.
''കൊണ്ടു പോയി പടിയടച്ച് പിണ്ഡം വെക്കടാ ആ മൂധേവിയെ ''
ലക്ഷ്മിദേവിയായ് പടികടന്നവള്‍, മൂധേവിയായ് മാറുന്നത് കണ്ട് വിറങ്ങലിച്ച് നില്‍ക്കുന്ന എനിക്ക് മുന്നില്‍ ഒരു പോംവഴിയേയുളളൂ...
ഞങ്ങളുടെ ജീവിതത്തില്‍ ഒരു കുഞ്ഞിക്കാല് കണ്ടിലെങ്കിലും, ഞങ്ങളുടെ കുഞ്ഞിക്കാലായി കണ്ടിരുന്ന അവളെ, ഞങ്ങളുടെ കാലനാകും മുന്‍പ് ഈ വീട്ടില്‍ നിന്ന് പറഞ്ഞയക്കുക....
അതേ ഞാന്‍ ചെയ്യുന്നുളളൂ...
ഇനി പറയൂ.. ഈ വിവാഹമോചനം ശരിയോ, തെറ്റോ ?
എന്നെ എന്നും പ്രോത്സാഹിപ്പിക്കാറുളള ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ അഭിപ്രായം അറിയാനുളള ആകാംക്ഷയോടെ, നിങ്ങളുടെ ഗോപാലകൃഷ്ണന്‍.
ടെെപ്പ് ചെയ്തത് ഒരു വട്ടം കൂടി വായിച്ചതിനു ശേഷം ''പോസ്ററ്'' തൊട്ടുകൊണ്ട് ഗോപാലകൃഷ്ണന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.....
മനസ്സിലെ ആശ്വാസം പോലെ.

കോടതിയിലേക്കുളള കാര്‍യാത്രക്കിടെ അയാള്‍, കമന്‍റുകള്‍ അറിയാനുളള ആകാംക്ഷയോടെ എഫ്.ബി തുറന്നു.
''പൊരിച്ചു ബ്രോ ''
''വറുത്തു ബ്രോ ''
''കരിച്ചു ബ്രോ ''
ആദൃം തന്നെ ഒന്നും വായിച്ചുനോക്കാത്തവരുടെ കമന്‍റുകള്‍ കണ്ട് മനസ്സ് മരവിച്ചെങ്കിലും, താഴോട്ട് പോകുന്തോറും മെസ്സേജിലെ അക്ഷരങ്ങള്‍ കൂടുന്നത് അയാളറിഞ്ഞു.
''ദിലീപിന് പഠിക്കാണ് ലേ ''
ആദൃത്തെ കമന്‍റ് കണ്ട അയാള്‍ ഞെട്ടലോടെ നെഞ്ചൊന്നു തടവി.
''ഒരു പാവം മഞ്ജുവാരൃര്‍ കൂടി പുനര്‍ജ്ജനിക്കുന്നു '' വേറൊരുത്തന്‍െറ പരിദേവനം.
അടുത്തവന്‍െറ ആകാംക്ഷ.
''ഏതാണ് പുതിയ കാവൃ?''
സ്വന്തം ജീവിതം നേരിടുന്ന പ്രതിസന്ധി പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ കണ്ട് അയാള്‍ ഞെട്ടി.
ആശ്വാസത്തിന്‍െറ തൂവല്‍സ്പര്‍ശം ആരില്‍ നിന്നും ഇല്ലായെന്ന് കണ്ടതോടെ അയാള്‍ മൊബെെല്‍ ഓഫ് ചെയ്ത് പുറംകാഴ്ചകളിലേക്ക് കണ്ണയച്ചു.
കോടതിയിലെത്തി, എല്ലാ ഫോര്‍മാലിറ്റീസും കഴിഞ്ഞു , കുന്നിറങ്ങി പോകുന്ന അപ്പൂപ്പന്‍താടി പോലെ, അകലങ്ങളിലേക്ക് നടന്നകലുന്ന അവളെയും നോക്കി, പൊടിയുന്ന നെഞ്ചോടെ അയാള്‍ നിന്നു.
മോരുവെളളം മാത്രം കുടിക്കാറുളള അയാള്‍ അന്നാദൃമായി ബാറില്‍ കയറി ബിയറടിച്ച്, ഉറയ്ക്കാത്ത കാലടികളോടെയാണ് വീട്ടില്‍ വന്നു കയറിയത്...
മൊബെെലെടുത്ത് അയാള്‍ അലക്ഷൃമായി എഫ്.ബി ഒാണ്‍ ചെയ്തു.
മഞ്ഞളിച്ച കണ്ണുകള്‍ക്ക് മുന്നില്‍ മഞ്ഞയില്‍ കുളിച്ചു നില്‍ക്കുന്ന മെസ്സേജ് കണ്ടപ്പോള്‍ അയാള്‍ പതിയെ അതില്‍ തൊട്ടു.
''ഡോണ്ട് വറി ഗോപൂ.. പോകുന്നവര്‍ പോകട്ടെ... ഗോപുവിന് ഇഷ്ടമാണെങ്കില്‍ ഏത് നിമിഷവും ഞാന്‍ ഗോപുവിന്‍െറ ജീവിതത്തിലേക്ക് വരാന്‍ തയ്യാറാണ് ''
ആശ്വാസത്തിന്‍െറ കുളിര്‍തെന്നലായ ആ മെസ്സേജിന്‍െറ ഉടമയുടെ പേര് നോക്കി അയാള്‍ മന്ത്രിക്കുമ്പോള്‍, അടുത്ത വീട്ടില്‍, ബെഡ്റൂമില്‍ കിടന്ന് ഒരു പെണ്ണ് നിറമുളള സ്വപ്നങ്ങള്‍ കാണുകയായിരുന്നു.
÷÷÷÷÷÷÷÷÷÷÷+
ഒരു മാസത്തിനു ശേഷം, മഴയൊഴിഞ്ഞു നിന്ന ഒരു പകലില്‍, വരണമാലൃവും അണിഞ്ഞ് പാല്‍സൊസെെറ്റിയിലേക്ക് വന്ന കാവൃമാഡത്തെ കണ്ട് കണ്ണുമഞ്ഞളിച്ച മഞ്ജുവിന്‍െറയുളളില്‍ അവര്‍ പറഞ്ഞു തന്ന വാക്കുകള്‍ അലിയാത്ത ഒരു കല്ല് പോലെ കിടക്കുകയായിരുന്നു.
''എനിക്കീ വിവാഹജിവിതത്തില്‍ താല്പരൃമില്ല മഞ്ജൂ..... അതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാത്തത്.... ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നത് എനിക്കു തീരെ ഇഷ്ടമല്ല... എെ മീന്‍ സ്ത്രീകള്‍ പുരുഷന്‍െറ അടിമയല്ല.... അടുക്കളയില്‍ തളച്ചിടേണ്ടവളും അല്ല.... അനന്തമായ വിഹായസ്സില്‍, അതിരുകളില്ലാതെ സ്വാതന്ത്രത്തോടു കൂടി പാറിപറക്കേണ്ടവളാണ് സ്ത്രീ ....
തന്‍െറ മനസ്സില്‍ വിഷം കുത്തിനിറച്ച്, തന്‍െറ ജീവിതം തകര്‍ത്തു തരിപ്പണമാക്കിയ ഈ താടകയുടെ മനസ്സ് മാറ്റിയ കാമദേവന്‍ ആരാണെന്ന സംശയം, മഞ്ജുവിന്‍െറ മനസ്സില്‍ തിളച്ച പാല്‍ പോലെ നുരഞ്ഞ നിമിഷമാണ് കാവൃയുടെ കിളിശബ്ദമുയര്‍ന്നത്.
''കളളകൃഷ്ണാ അകത്ത് വരൂ.... ഇവിടെ എന്‍െറ ഭരണമാ.... ബാക്കിയുള്ളോര്‍ ജോലിക്കാരാ... ''
പറഞ്ഞു തീര്‍ന്നതും, അങ്കം ജയിച്ചു വരുന്ന ആരോമലിനെ പോലെ അകത്തേക്കു കയറിയ ഗോപാലകൃഷ്ണനെ കണ്ട മഞ്ജുവിന്‍െറ മനസ്സ് പിടിമുറിഞ്ഞ ചുരികയായി.
''കളളകൃഷ്ണന്‍ കസേരയിലിരിക്ക്.. ഞാന്‍ നിന്നോളാം ''
ഉത്തമയായ ഒരു ഭാരൃയായ് കാവൃ മൊഴിഞ്ഞതും, ചുറ്റുംകൂടി നിന്നവരെ മെെന്‍ഡ് ചെയ്യാതെ, കസേരയിലിരുന്ന ഗോപാലകൃഷ്ണന്‍െറ മടിയില്‍ കയറിയിരുന്നതും നിമിഷാര്‍ദ്ധങ്ങള്‍ക്കുളളിലായിരുന്നു.
'' നിങ്ങള്‍ക്കറിയോ.. മൂന്നാം ക്ളാസ്സില്‍ വെച്ച് എനിക്കു മഷിത്തണ്ടും, ഇലഞ്ഞിപ്പൂക്കളും കൊണ്ടു തരുന്ന ഈ കളളകൃഷ്ണനെ അന്നു തൊട്ടേ എനിക്കിഷ്ടമായിരുന്നു.
കരിക്കലത്തില്‍ വീണ കാവൃമാധവനെന്നു കളിയാക്കി വിളിച്ചപ്പോഴൊക്കെ അതനിക്ക് പാല്‍ ഭരണിയില്‍ വീണതു പോലെയായിരുന്നു.
ആതിരനിലാവ് പൊഴിയുന്ന രാത്രിയില്‍ ഒറ്റയ്ക്കു ഞാന്‍ കുളത്തില്‍ നീന്തുമ്പോള്‍, കറാച്ചി എരുമയാണെന്ന് തെറ്റിദ്ധരിച്ച് എന്നെ കല്ലെടുത്തെറിഞ്ഞതിന്‍െറ വേദന ഇന്നും ഒരു സുഖമുളള നൊമ്പരമായി ഞാന്‍ കൊണ്ടുനടക്കുന്നു.
പെട്ടെന്ന് കാവൃയുടെ സ്വരമുയര്‍ന്നു.
''പക്ഷേ എന്‍െറ പ്രതീക്ഷകളൊക്കെ തെറ്റിച്ച്, മറ്റൊരുത്തിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ എനിക്കു സഹിക്കാനായില്ല..
തൊട്ടടുത്ത വീട്ടില്‍ നിങ്ങള്‍ ഇണക്കുരുവികളെപോലെ കഴിയുമ്പോള്‍, ഉറക്കം വരാതെ നെഞ്ചുരുകിയ എത്രയെത്ര രാത്രികള്‍ ?
പെണ്ണിന്‍െറ മനസ്സ് വെണ്ണയായിരിക്കാം.. പക്ഷേ ആ മനസ്സിലെ ശപഥം പാറ പോലെ ഉറച്ചതായിരിക്കും..
''ഈ കരിക്കലത്തില്‍ വീണ കാവൃയ്ക്ക് ഒരു പുരുഷനുണ്ടെങ്കില്‍ അത് എന്‍െറ കളളകൃഷ്ണനായിരിക്കുമെന്ന ശപഥം.
എന്‍െറ കളളകൃഷ്ണന്‍, ആരുടെയെങ്കിലും, ഭര്‍ത്താവായാലും ശരി, അച്ഛനോ,അപ്പൂപ്പനോ ആയാലുംശരി, എന്നെങ്കിലും ഈ കരിക്കലത്തെ തേടിവരുമെന്ന പ്രതീക്ഷയിലാണ് കാത്തിരുന്നതും ജീവിച്ചതും ''
ഒരു കിതപ്പോടു കൂടി കാവൃ പറഞ്ഞു നിര്‍ത്തി മഞ്ജുവിനെ നോക്കിയപ്പോള്‍, ആ മിഴികള്‍ പാലില്‍ വീണ പഴുതാരപോലെ പിടയുകയായിരുന്നു.
കാവൃ പതിയെ ഗോപാലകൃഷ്ണന്‍െറ മടിയില്‍ നിന്നെഴുന്നേറ്റ് മഞ്ജുവിന്‍െറ അരികിലേക്കു ചെന്നു.
''ഞാന്‍ ഇവിടുത്തെ ജോലി രാജിവെക്കുകയാണ്..നീ ട്രെെ ചെയ്യ്.. നിനക്കിപ്പൊ ഒരു ജോലി അതൃാവശൃമാ..''
കാവൃ, പാക്കറ്റില്‍ നിന്നും ആദൃ ലഡ്ഡുവെടുത്ത് ഗോപാലകൃഷ്ണന്‍െറ വായില്‍ വെച്ചു കൊടുത്തു.
''നാളത്തെ തിരുവാതിര എന്‍െറ പൂത്തിരുവാതിരയാണ്... ഞാനും എന്‍െറ കളളകൃഷ്ണനും താമരക്കുളത്തില്‍ നീന്തിതുടിക്കുന്ന ദിവസം''
എല്ലാം കേട്ട് അമ്പരന്ന്, പൊട്ടിക്കരയാന്‍ പോലും കഴിയാതെ, എല്ലാവരുടെയും ഉളളില്‍ ലഡ്ഡു മധുരം വിതറി പൊട്ടിയപ്പോള്‍, പൊട്ടാത്ത ലഡ്ഡുവും തൊണ്ടയില്‍ തടഞ്ഞ് അവളിന്നും ജീവിക്കുകയാണ്...
അതിരുകളിലില്ലാത്ത ആകാശം കൊതിച്ച്, പറമ്പിന്‍െറ നാലതിരുകള്‍ക്ക് പുറത്തുപോകാന്‍ കഴിയാതെ, വീടിന്‍െറ നാലു ചുമരുകള്‍ക്കുളളിലിരുന്നു, വല്ലപ്പോഴും തുറക്കുന്ന ജാലകപ്പഴുതിലൂടെ കാണുന്ന നീലാകാശത്തിന്‍െറ ഒരു തുണ്ട് മാത്രമാണ് അവളുടെ സ്വന്തം.
അറിവില്ലായ്മ കൊണ്ട് പുഴയില്‍ ചാടുന്ന മഞ്ജുമാരും, സൂത്രം കൊണ്ട് കരയ്ക്കു കയറുന്ന കാവൃമാരും, ഒഴുക്കിനനുസരിച്ച് നീന്തുന്ന ഗോപാലകൃഷ്ണന്‍മാരും നമുക്ക് ചുറ്റും ഒരുപാടുണ്ട്. കാരണം മലരിയും, ചുഴിയുമുളള ഒരു പുഴയാണ് ജീവിതം.
÷÷÷÷÷÷÷÷÷÷÷÷÷÷÷
സന്തോഷ് അപ്പുക്കുട്ടന്‍.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot