നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രോഗി ഇച്ഛിച്ചതും ,വൈദ്യൻകല്പിച്ചതും.[ചെറുകഥ ]


രോഗി ഇച്ഛിച്ചതും ,വൈദ്യൻകല്പിച്ചതും.[ചെറുകഥ ]
സ്ക്കൂളിലേയ്ക്കുള്ള വഴിഇന്നലെപെയ്ത മഴയിൽ നനഞ്ഞ്കിടക്കുന്നു. വളഞ്ഞ് പുളഞ്ഞ ഒറ്റയടിപാത ചെളിയായ് മാറിയിരിക്കുന്നു. സൂക്ഷിച്ച് നടന്നില്ലെങ്കിൽ പാരഗൺ ചെരുപ്പിൽ നിന്നും ഉയർന്ന് പൊങ്ങുന്നചെളി
വെള്ളയൂണിഫോമിന്റെ പിന്നിൽചാറ്റൽ മഴ പോലെവർണ്ണംചാർത്തും. അതു കാണുന്നേരം അമ്മയുടെ ദേഷ്യംകൂടും.
"എന്റെ ദൈവമെ ഇവന് ശരിയാംവണ്ണം നടക്കാൻ കൂടീ അറിയില്ലല്ലോ..." അമ്മയുടെ തലയിൽ കൈവച്ചുള്ള പരിവേദനം പറച്ചിൽ.
കറുത്ത റബർബാൻഡ് കൊണ്ട് വരിഞ്ഞ് മുറുക്കിയ പുസ്തക കെട്ടുകൾ കയ്യിലിരുന്ന് വിയർത്തു.
ചാക്കോസാർ ഇന്ന് എന്തായാലും കൊല്ലും. ഹോം വർക്ക് ചെയ്തിട്ടില്ല.
അത് ഓർക്കുമ്പോൾ തന്നെകാലിൽ നിന്ന് ഒരുവിറയൽ ആരംഭിക്കും.
ഇന്ന് സ്ക്കൂളിൽ പോകാതിരിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കി..
തലവേദന ,വയറ് വേദന ...അങ്ങിനെ പലതും..
ഒരു രക്ഷയുമില്ല. അച്ഛൻ വീട്ടിലുള്ളത് കൊണ്ട് അധികം അഭ്യാസം കാണിക്കാനും പറ്റില്ല. "അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചെറുക്കാനാ. ക്ലാസ് മുടക്കാൻ പറ്റില്ല. പോയെ.. പോയെ..."
ആമ്മ ആട്ടി ഓടിക്കുന്നു. അമ്മയാണത്രെഅമ്മ.
അച്ഛൻ ഇല്ലാതിരിന്നെങ്കിൽ ഇങ്ങിനെ പോകാൻ പറയില്ലായിരുന്നു. അച്ഛന് വരാൻ കണ്ട ഒരു സമയം. ..
മാസത്തിലൊന്നെ വരുകയുള്ളു. ദൂരെ എവിടെയോ ആണ് ജോലി.അച്ഛന് ദേഷ്യം വന്നാൽ പിന്നെ അടിയുടെ പൊടിപൂരമാ.. ഒരു നാൾ ചേട്ടനെ കലിൽ പിടിച്ച് വലിച്ച് ഒരെറ്. ചേട്ടൻ ദാ .തെങ്ങും ചുവട്ടിൽ കിടക്കുന്നു..അ ഭയം കൊണ്ട് മനസില്ലാ മനസ്സോടെ ഇറങ്ങി നടന്നു.. ഒറ്റയടിപ്പാതവിട്ട് മെയിൻറോഡിലേയ്ക്ക് കയറി. റോഡ് അവസാനിക്കുന്നത് സ്ക്കൂളിൽ ആണ്. കലപില കൂട്ടി പോകുന്ന കിളികളെ പോലെ ചിലച്ച് കൊണ്ട് എല്ലാവരും സ്ക്കുളിലേയ്ക്ക് പോവുകയാണ്.റോഡിലെ അങ്ങിങ്ങ് കിടക്കുന്ന മഴവെള്ളം പരസ്പരം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചും ചിരിച്ചും കളിച്ചംകൊണ്ട് എല്ലാവരും സന്തോഷമായിട്ട് സ്ക്കൂളിലേയ്ക്ക് പോകുമ്പോൾ ഞാൻ മാത്രം.. സ്ക്കൂൾ അടുക്കുന്നു.മനസ്സ് പെരുംമ്പറ കൊട്ടാൻ തുടങ്ങി. സ്ക്കൂൾകവാടം അടുത്തു.ഭയം ശരീരം മുഴുവൻ വ്യാപിച്ചു.
പെട്ടൊന്നാണ് എന്തോ വന്ന് ശക്തമായ് പിന്നിൽപതിച്ചു. പിന്നാലെ വലിയ ശബ്ദവും.
കുറച്ച് നേരം കഴിഞ്ഞാണ് സ്ഥലകാലബോധമുണ്ടായത്. എന്നെ ഒരു സൈക്കിൾ ഇടിച്ചിരിക്കുന്നു. താഴെ വീണ് കിടക്കുകയായിരുന്നു. ഞാൻ.
എന്റെ മേൽ സൈക്കിളിന്റെ പിൻചക്രം കറങ്ങുന്നുണ്ടായിരുന്നു. നനഞ്ഞ് കുളിച്ചിരിക്കുന്നു. വല്ലാത്ത ദുർഗന്ധം. ആളുകൾ കൂടീ എന്നെ ഉയർത്തി. ഒരാൾ എന്നെ പൊക്കി എടുത്ത് വട്ടം കറക്കി. [അത് എന്തിനാ എന്ന് ഇന്ന് മനസ്സിലായിട്ടില്ല. ഉളുക്ക് ഉണ്ടെങ്കിൽ മാറും എന്നാണ് ശാസ്ത്രം ]
" കുഴപ്പമൊന്നും പറ്റിയില്ലല്ലോ ..? "ഷർട്ടിടാത്ത ഒരാൾ ചോദിക്കുന്നു. ഇല്ലെന്ന് ഞാൻതലയാട്ടി.കീറിയ പുസ്തകളും എടുത്ത് വേച്ച് വേച്ച് ഞാൻ നടന്നു.
ക്ലാസ് ആരംഭിച്ചു. അവസാന ബഞ്ചിൽ ഞാൻ ഏകനായ് ഇരുന്നു.. ചാക്കോ സാർ വെള്ളി കെട്ടിയ ചൂരലുമായ് വന്നു.
ഹാജർ എടുക്കുന്നിതിനിടയിൽ.
സാർ മുഖമുയർത്തി ചോദിച്ചു..
"എന്താ ഇവിടെ ഒരു മണം ????"
അബിമോൻ ചാടി എഴുന്നേറ്റ് എന്നെ ചൂണ്ടി വിളിച്ച് പറഞ്ഞു "ഇവനെയാണ് സാർ... ഈ മണം. ഇവനെ ഇന്ന് കള്ളും സൈക്കിൾഇടിച്ചു സാറെ.."
ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി.. അപ്പോഴാണ് മനസ്സിലായത് എന്റെ മേൽ മുഴുവൻ കള്ളാണെന്ന കാര്യം.
ചാക്കോ സാറ് അടുത്തെയ്ക്ക് വന്നു.
" നേരാണോടാ ....?"
"അതെ സാർ" പേടിച്ച് വിറച്ച് പറഞ്ഞു..
"ഇവന്റെ വീട് അറിയാവുന്നവർ ഉണ്ടോ ?"
എല്ലാവരോടുമായ് ചോദിച്ചു.
രണ്ട് പേർ എഴുന്നേറ്റ് നിന്നു. ഒരാൾവീടിനടുത്തുള്ള താ .. മറ്റവൻ വെറെയെങ്ങോ ഉളളവനാ. അവന് എന്റെ വീടൊന്നും അറിയില്ല. ഇവനെന്തിനാ എണീറ്റത്..?
അവരോട് ചാക്കോ സാർ ആക്ഞ്ജാപിച്ചു "ഇവനെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ടിട്ട് വരു... "
കേട്ടപാതി കേൾക്കാത്ത പാതി പുസ്തക കെട്ടുമെടുത്ത് ചാടി പുറത്തിറങ്ങി.
കൂടെ ആ രണ്ട് പേരും.
കുറച്ചായപ്പോൾ കള്ളിന്റെ മണമുള്ള എന്നെ കെട്ടിപിടിച്ച് കൊണ്ട് അവർ പറഞ്ഞു.
"ചക്കരെ.. നിന്നെ ഇന്ന് കള്ളുംസൈക്കിൾ ഇടിച്ചില്ലായിരുന്നെങ്കിൽ പെട്ട് പോയൊനെ.. "
ഒന്നും മനസ്സിലാകാതെ അവരെ നോക്കി.
" ഹോ ചാക്കോ സാറിന്റെ അടിയിൽ നിന്നും രക്ഷപെടുത്തിയത് നീയാണ്..."
"അപ്പോ നിങ്ങളും ഹോം വർക്ക് ചെയ്തിട്ടില്ലെ ..??"കള്ളിന്റെ മണം സഹിക്കാനാവാതെ മൂക്ക് പൊത്തി കൊണ്ട് ചോദിച്ചു.
"...ഇല്ലന്നെ.... " അവർ ഒന്നായ് പറഞ്ഞു.
അങ്ങനെ ഹോം വർക്ക് ചെയ്യാത്ത ഞങ്ങൾ മൂന്ന് പേരും..ചിരിച്ച് കളിച്ച് വീട്ടിലേയ്ക്ക് യാത്രയായ്.. [അതായിരുന്നു അദ്യത്തെ അത്ഭുതകരമായ രക്ഷപെടൽ ]
ശുഭം...
നിസാർ VH.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot