Slider

അമ്മയ്ക്ക് പറയാനുള്ളത്

0

അമ്മയ്ക്ക് പറയാനുള്ളത്
--------------------------------------------
"തല പൊട്ടിയതും ,മേല് ചതഞ്ഞതും ഇനിയൊന്നും വരില്ലായിരിക്കുംല്ലേ .."
സിസ്റ്റർ ആനി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് . ആശുപത്രിയുടെ ആളൊഴിഞ്ഞ വരാന്തയിലേക്ക് നോക്കി നെടുവീർപ്പിട്ടു .എത്രയെത്ര സ്വപ്നങ്ങളാണ് ,ഇവിടെയിത്തിരി നേരം കൊണ്ട് പൊലിഞ്ഞില്ലാതാവുന്നത് . എത്ര പുതിയ സ്വപ്നങ്ങളാണ് നാമ്പിടുന്നത് .
അപ്പുറത്തുള്ള ഗൈനക്കോളജി വാർഡിൽ നിന്നും കരയുന്ന കുഞ്ഞുകുട്ടികളുടെ ശബ്ദമുയരുന്നു . ഒരു തലമുറയാണ് ഇവിടെ ജനിക്കുന്നത് . ഇവരിനി ജീവിക്കാൻ പോകുന്ന കാലങ്ങളിൽ താനൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല .
രാത്രി അപകടങ്ങളുടേതു കൂടിയാണ് . കുടിച്ചും ,വലിച്ചും ബോധമില്ലാത്ത മനുഷ്യരുടെ പാച്ചിലുകൾ മിക്കപ്പോഴും എത്തിനിൽക്കുന്നത് ഈ വരാന്തകളിലാണ് .
നൈറ്റ് ഡ്യൂട്ടി എന്നുമൊരു മുഷിപ്പാണ് .ചുറ്റുമുള്ള ലോകം ബോധമില്ലാതുറങ്ങുമ്പോൾ , ചോരമണമുള്ള കത്തിയും ,തുണിയും പിടിച്ചുകൊണ്ട് രാത്രി നീങ്ങാതെ നിൽക്കും .
ആനി രെജിസ്ട്രേഷൻ കൗണ്ടറിലെ ഡെസ്കിലേക്ക് തല ചായ്ച്ചു .
"ടോട്ടറെ .അവനെ രക്ഷിക്കണേ .." പെട്ടെന്നുള്ള കരച്ചിൽ കേട്ട് ആനി കണ്ണ് തുറന്നു .
ഒരു സ്ത്രി രാത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ഷിബു ചാക്കോ യുടെ കാലിൽ വീണു കരയുന്നു .
ആനി അങ്ങോട്ട് ചെന്നു .
അവർ പിന്നെ ആനിയോടായി കരച്ചിൽ .
"എന്റെ മോനെ രക്ഷിക്കാൻ ടോട്ടരോട് പറ സിസ്റ്ററെ .." ആ സ്ത്രീയുടെ കണ്ണിൽ നിന്നൊഴുകുന്നത് കണ്ണീരല്ല ,ചോരയാണെന്ന് ആനിക്ക് തോന്നി . അവൾ ഷിബു ഡോക്ടറെ നോക്കി .
"നിങ്ങൾക്ക് അവൻ മോനാണ് . പക്ഷേ ഈ സമൂഹത്തിനു അവൻ ഒരു പെൺകുട്ടിയെ നിഷ്കരുണം ബലാൽക്കാരം ചെയ്തു കൊന്നവനാണ് . അവനെ രക്ഷിച്ചു ഞാനെന്റെ കൈവിരലുകൾ അഴുക്കാക്കില്ല . ഇതിനെ നിങ്ങൾക്ക് ഒരു ഡോക്ടറിന്റെ എത്തിക്സിന് എതിരെന്നോ എന്തും പറയാം . ആനിക്ക് മനസ്സിലായോ ,ഇവർ ആരുടെ കാര്യമാണ് പറയുന്നതെന്ന് .. നടുറോഡിൽ വെച്ച് നമ്മുടെ ജൈനിയെ വലിച്ചുക്കീറിയിട്ടും കോടതിയുടെ സംശയനുകൂല്യം കിട്ടി പുറത്തിറിങ്ങിയ പോളിനെ പറ്റി ..ഇന്നലെ രാത്രിയുണ്ടായ ആക്സിഡന്റിൽ അവൻ ഇവിടെ അഡ്മിറ്റായിട്ടുണ്ട് ഇത്തിരി മുന്നേ .."
ആനി പിന്നോട്ട് മാറി . ജൈനി ,തന്റെ ക്ലാസ് മേറ്റും , സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരിയുമായിരുന്നവൾ . ഗൾഫിൽ ജോലി ശരിയായതിന്റെ സന്തോഷത്തിൽ , അന്ന് ഹോസ്പിറ്റൽ മുഴുവൻ ലഡു വിതരണം ചെയ്താണ് അവൾ അന്ന് വീട്ടിലേക്ക് പോവാനിറങ്ങിയത് .പക്ഷേ ,ഒരിക്കലും തിരിച്ചു വരവില്ലാത്ത യാത്രയായിരുന്നതെന്ന് .. പഠനം കഴിഞ്ഞു താൻ അതേ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു .അന്ന് തൊട്ടിന്നോളം ഈ വരാന്തകളിൽ അവളുടെ ചിരിയുടെ ശബ്ദം ഒറ്റക്കിരിക്കുമ്പോൾ താൻ കേൾക്കാറുണ്ട് .ആനി തന്റെ കണ്ണുകൾ തുടച്ചു .
" രക്ഷിക്കൂ ഡോട്ടറേ .." ആ അമ്മ വീണ്ടും കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു .
" അമ്മയുടെ മോളായിരുന്നെങ്കിൽ ജൈനിയെന്നു വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ .."
"എനിക്കെന്റെ മോനെ തിരിച്ചു വേണം .." ആ സ്ത്രീയുടെ ശബ്ദം ഉറച്ചതായിരുന്നു .
"നിങ്ങളൊരു പെണ്ണല്ലേ ..എങ്ങനെ കഴിയുന്നു ഇങ്ങനെ പറയാൻ ..." ആനി അവരെ രൂക്ഷമായി നോക്കി .
"നിങ്ങൾക്കായാളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാം ..ഇവിടെ അയാൾ ട്രീറ്റ് ചെയ്യപ്പെടില്ല . അതിനു ഇവിടെയുള്ളവർക്ക് നിങ്ങൾ വധശിക്ഷ തന്നെ വാങ്ങി തന്നാലും ... ജൈനി ഈ ഹോസ്‌പിറ്റലിലെ ഓരോ സ്റ്റാഫിനും കൂടപ്പിറപ്പാണ് ..ഞാൻ അപ്പുറത്തെ വാർഡിലേക്ക് പോവാണ് .." ഡോക്ടർ ഷിബു സ്തെതസ്കോപ്പ് കഴുത്തിലേക്കിട്ട് പറഞ്ഞു .
ആ സ്ത്രീ ഷിബുവിന്റെ കയ്യിൽ മുറുകെ പിടിച്ചു .
"നിങ്ങൾ എന്റെ കൂടെ വരണം .." അവർ ഷിബുവിനെ ബലമായി പിടിച്ചു ഐ സി യുവിന്റെ മുന്നിലേക്ക് കൊണ്ടുപോയി . ചെറിയപഴുതിലൂടെ അവർ കൈ ചൂണ്ടി .
"ഇവൾക്ക് വേണ്ടിയാണ് .... ഞാനിവൾക്ക് കൊടുത്തിരിക്കുന്ന വാക്കാണ് . അവളുടെ ഭർത്താവിനെ ,എന്റെ മോനെ ജീവനോടെ അവളുടെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തുമെന്ന് .. എല്ലാം അറിഞ്ഞ അന്ന് അവനെ കൊല്ലാൻ വേണ്ടി വീശിയ കത്തി അവൻ ബലമായി പിടിച്ചു അവൾക്ക് നേരെ വീശിയപ്പോൾ തളർന്നു പോയതാണ് ന്റെ മോള് ... അവനെ എനിക്ക് ജീവനോടെ വേണം ..ന്റെ മോള് ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ അവൾക്കില്ലാതാക്കാനായിട്ട് ...അവളെ തിരിച്ചുകൊണ്ടുവരാൻ ഞാനവൾക്ക്' കൊടുക്കുന്ന വാക്കാ അത് .. ഇവൻ മരിച്ചാല് പിന്നെ ഞാനെന്തു വാക്കു പറഞ്ഞു ഇവളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കും ..?"
അവർ ഐ സി യു ചുവരുകളിൽ പിടിച്ചു താഴെ ഇരുന്നു .. കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു .
"എന്നെ പോലൊരു അമ്മയിനി ജനിക്കാതിരിക്കട്ടെ ..ദൈവങ്ങൾക്ക് അവനെ എന്റെയുള്ളിൽ തന്നെ കൊന്നുകളയാമായിരുന്നില്ലേ ...ഓരോ നിമിഷവും നീറ്റാൻ എന്തിനാണ് അവനെ ജീവിപ്പിച്ചത്..എനിക്കൊരമ്മയാവുന്നതിന്റെ സുഖം തന്നു പിന്നെ ഒരു ജന്മം മുഴുവൻ ഓർത്തുകരയാനുള്ള വേദനകൾ തന്നത് .."
Harsha Sarath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo