Slider

പെങ്ങള്പെണ്ണ്

0

Image may contain: 1 person, sunglasses and selfie

പെങ്ങള്പെണ്ണേ....നിനക്കോർമ്മയുണ്ടോ
ആന്നു നാം താണ്ടിയ നാട്ടുവഴിയൊക്കെയും
അനുഭവത്താളിലന്നന്യോന്യമെഴുതിയ
അഭിവന്ദ്യനാളുകളോർമ്മയുണ്ടോ..?
കൂട്ടുകാരോടൊത്തൊരു കുടുംബം കളിക്കുമ്പോൾ
കുസൃതികാട്ടി നാം പൊട്ടിച്ചിരിച്ചപ്പോൾ
പെണ്ണായ്പിറന്നവള്‍ പെങ്ങളാണെന്നമ്മ
പാടിപഠിപ്പിച്ചതോർമ്മയുണ്ടോ..?
കണ്ണൻചിരട്ടയിൽ കഞ്ഞിവെച്ചുണ്ടതും
തൊണ്ണാനുരുട്ടി നാം വണ്ടിയോടിച്ചതും
തണ്ടിതിരിഞ്ഞു നാം ഞൊണ്ടി കളിച്ചതും
നിന്നെയിരുത്തി ഞാൻ പാളവലിച്ചതും
ഇന്നലെപ്പോലെഞാനോർക്കുന്നു കണ്ണേ ...
ചീനിയിലത്തണ്ടാലൊരു മാലകൊരുത്തതും
ചീനിക്കാ ...പറിച്ചത്‌ പമ്പരമാക്കീതും
ചീനിയിലയരിഞ്ഞതിലത്തപ്പൂവിട്ടതും
ചിത്തത്തിലുണ്ടോ നിനക്കിന്നും മിത്രമേ ...?
നാലണയമ്മേടെ കുടുക്കേന്നെടുത്തതും
നാരങ്ങാമിഠായി വാങ്ങി നുണഞ്ഞതും
നാലാളറിഞ്ഞപ്പോളെന്നേ... പഴിച്ചതും
തങ്ങളിൽ തല്ലി നാം തമ്മിൽ പിരിഞ്ഞതും
ഓർമ്മയുണ്ടോ നിനക്കെന്‍റെ ഓമലാളേ ..?
മാറ് മറയ്ക്കാതെ നമ്മളൊന്നിച്ചൊരു
കർക്കിടകക്കരിമഴക്കൊപ്പം നനഞ്ഞതും
നാണം പറഞ്ഞൊരു ചൂണ്ടുവിരലന്നെന്‍റെ
നാസിക ചുംബിച്ചതോർമ്മയുണ്ടോ..?
അക്കാലമെവിടെന്ന് തിരയുവാൻ നമുക്കിനി
ഗൂഗിളിൽ പോകാതെ രക്ഷയില്ലോമനേ......
നൂറനാട് ജയപ്രകാശ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo