Slider

വെള്ളിയരഞ്ഞാണം.

0
വെള്ളിയരഞ്ഞാണം.
***************************
"ഗൗരിയമ്മേ ......ഗൗരിയമ്മോ...?"
മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ആ ആറുവയസ്സുകാരൻ
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഇടിഞ്ഞു നിരന്ന
അരക്കയ്യാലയ്ക്ക് അപ്പുറം നിൽക്കുന്നു സരസ്വതിയമ്മട്ടീച്ചർ
വിളിച്ചത് അവന്റെ മുത്തശ്ശിയെ. അപ്പം ചുട്ടുകൊണ്ടിരുന്ന
അടുപ്പിലെ ഏരിയാത്ത ചുള്ളിക്കമ്പുകൾ വലിച്ചു വെളിയിലാക്കി
അടുപ്പിലെ തീ കുറച്ച് അവൻ ടീച്ചറുടെ അടുത്തേയ്ക്ക് നടന്നടുത്തു.
"എന്തിയേടാ നിന്റെ അമ്മൂമ്മ...?"ടീച്ചറുടെ ചോദ്യം.
"അപ്പുറത്തിരുന്ന് തേച്ചുമിഴക്കുന്നു."അവന്റെ മറുപിടി
"ഒന്ന് വിളിച്ചേടാ....'
"അച്ചാമ്മേ.....ദേ ...അമ്പിളിയമ്മ വിളിക്കുന്നു."
അമ്പിളി സരസ്വതിയമ്മ സാറിന്റെ മകളാണ് അവനും അവൾക്കും
ഒരേ പ്രായം ആണ് കളിക്കൂട്ടുകാരും ആണ്.
അമ്പിളിയുടെ അമ്മയായതുകൊണ്ട് അവൻ ടീച്ചറേ വിളിക്കുന്നത് അമ്പിളിയമ്മ എന്നാണ്.
സരസ്വതിയമ്മസാർ പടനിലം സ്കൂളിലെ അദ്ധ്യാപികയാണ്
പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ ആൺ സാറന്മാരെയും
പെൺ ടീച്ചറന്മാരെയും സാർ എന്നാണു വിളിക്കുന്നത്.അതുപോലെ
പെൺസാറന്മാർക്ക് പേരിന്റെ കൂടെ അമ്മസ്ഥാനം നൽകുക
പതിവായിരുന്നു.പ്രത്യേകിച്ചും പടനിലം സ്കൂളിലെ ടീച്ചറന്മാർക്ക്
അതിൽ ചില സാറന്മാർ ആയിരുന്നു ഭാരതിയമ്മസാർ, ഭവാനിയമ്മസാർ,കമലമ്മസാർ.ശാന്തമ്മസാർ.രാജമ്മസാർ
ശ്രീദേവിയമ്മസാർ,ശോശാമ്മസാർ,ആനിയാമ്മസാർ,സൂസമ്മസാർ
ആമിനാമ്മസാർ,അഷിതാമ്മസാർ...................
അങ്ങനെ എല്ലാം 'അമ്മ സാറന്മാർ ആയിരുന്നു.
പിറകിൽനിന്നും തേച്ചുമിഴക്കിക്കൊണ്ടിരുന്ന അവന്റെ അച്ഛമ്മ
കൈകളിലേ വെള്ളം ഉടുത്തിരുന്ന കൈലിയിൽ തുടച്ചുകൊണ്ട്
നടന്നുവന്നുചോദിച്ചു "എന്താ ..സരസ്വതീ ...കാലത്തേ..?"
വന്നകാര്യം പറയുന്നതിന് മുൻപേ ടീച്ചർ അവനേനോക്കി ചോദിച്ചു
"ഇവനെ എന്താ ഇങ്ങനെ മുഴുവൻകാളയായി വിട്ടിരിക്കുന്നത്..?
ഇവന് തുണിയൊന്നും ഇല്ലേ ഗൗരിയമ്മേ..?"
"അവന്റെ കാര്യം ഒന്നും പറയേണ്ടാ സരസ്വതീ തുണി ഇടുന്നത്
ചെറുക്കന് ഇഷ്ടമല്ല നിക്കർ ഇടിച്ചാൽ അന്നേരം അതങ്ങ് ഊരിക്കളയും അസത്ത്‌"
ഓലപ്പുരയുടെ വാരിയിൽ ചൊരുകിയിരുന്ന ഒരു പഴയ കാക്കിനിക്കറും എടുത്ത് അച്ഛമ്മ അവന്റെ നേർക്ക് നടന്നു
"എന്തിയേണ്ടാ കുറച്ചുമുമ്പേ ഞാൻ ഇടീച്ച നിക്കർ...?"
അവൻ ഇടതുകൈ അവന്റെ പാചകപ്പുരയ്ക്ക് നേർക്ക് ചൂണ്ടി
മണ്ണപ്പത്തിന് കറിയായി ഒരു കണ്ണൻചിരട്ടയിൽ ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് വച്ചിരിക്കുന്നു "കളസക്കറി"
"ദേണ്ടെ ....കണ്ടോ സരസ്വതീ കുറച്ചുമുൻപ് ഞാൻ ഇടീച്ച നിക്കറാ"
കളസക്കറിയിലെ കഷ്ണം ഉയർത്തിക്കാട്ടി ഗൗരിയമ്മ ടീച്ചറോട്
ചോദിച്ചു.
അച്ഛമ്മ അവന്റെ കൈക്ക് പിടിച്ച് ഏറ്റിവലിച്ച് അടുപ്പിച്ചു നിർത്തി
"പുഞ്ഞാണിയേക്കൊണ്ട് മണ്ണ് തെറ്റിക്കാൻ വല്യ ഇഷ്ടാ അവന്"
പറ്റിയിരുന്ന മണ്ണ് തട്ടിക്കളഞ്ഞ് പിറുപിറുത്തുകൊണ്ട് നിക്കറിടീക്കാൻ
നോക്കിയപ്പോൾ ദേ ...നിക്കറിന് ബട്ടൻസ് ഇല്ല ബ്ലൗസിൽ നിന്നും
ഒരു സിറ്റീപ്പൻ ഊരി കുത്തിക്കൊടുത്തു ഗൗരിയമ്മ കൊച്ചുമകന്.
കണ്ടുനിന്ന അമ്പിളിയമ്മ ചിരിച്ചുകൊണ്ട് വന്നകാര്യം പറയാൻ
തുടങ്ങി. "അഞ്ചെട്ട് ജോലിക്കാരുണ്ട് ഗൗരിയമ്മേ വീട്ടിൽ ഞാനും
ഗോപാലൻ സാറും കൂടി അജിയേയും കൊണ്ട് പോളിയോ എടുപ്പിക്കാൻ പോകുവാ. പത്തുമണിക്ക് പണിക്കാർക്ക് കഞ്ഞിയും
പുഴുക്കും കൊടുക്കണം ഗൗരിയമ്മ ഒന്ന് വരാമോ ..? അമ്പിളിയും
ഒറ്റയ്ക്കാ" അമ്പിളിയമ്മ പറഞ്ഞു നിർത്തി.
"അയ്യോ ...സരസ്വതീ ഇവിടെയും ആരും ഇല്ല ഇവന്റെ എളേതിനേം
കൊണ്ട് അവരും പോയിരിക്കുവാ പോളിയോ എടുക്കാൻ ഇവനേ
എന്നേ ഏൽപ്പിച്ചിട്ടാ പോയത്" ഗൗരിയമ്മ തന്റെ നിസ്സഹായത
അറിയിച്ചു.
"എന്നാൽ അവനേക്കൂടി കൂട്ടിക്കോ" അമ്പിളിയമ്മ പരിഹാരവും പറഞ്ഞു.ഇടയ്ക്ക് ഗൗരിയമ്മ പുലയിരേത്തു വീട്ടിൽ ചെറിയ കൈജോലികൾ ചെയ്തുകൊടുക്കാൻ പോകും.
അതിന് പിന്നിൽ സ്നേഹത്തിലുപരി നാല് നേരം വയറുനിറയ്ക്കാം
എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു.ഇടയ്ക്ക് കൊച്ചുമകനെയും
കൊണ്ടുപോകും.ഗൗരിയമ്മയുടെ കൈകൾ വീണ്ടും ഉയർന്നു അടുത്ത
വാരിയിൽ തപ്പി ഒരു പഴയ ഉടുപ്പെടുത്ത്‌ കുടഞ്ഞിട്ട് അവനെ വിളിച്ചു
"വാടാ ഇവിടെ ഇതും ഇപ്പം അങ്ങ് ഊരിക്കളഞ്ഞേക്കണം മേലരക്കരുത് കേട്ടോ.."
ഉടുപ്പിനും ആകെ ഒരു ബട്ടൻസ് മാത്രമേയുള്ളു ഗൗരിയമ്മയ്ക്ക്
ദേഷ്യം പിടിച്ചു "ബാക്കി ബട്ടൻസ് ഒക്കെ എന്തിയേടാ നീ തിന്നോ..?
നായുടെ കൂ.......അവിടെ കിടക്കട്ടെ എന്റെ ബ്ലൗസേൽ ഇനി സിറ്റീപ്പെൻ ഇല്ല "
ആ ഒറ്റബട്ടൻസും ഇടീച്ചുകൊണ്ട് ഗൗരിയമ്മ കൊച്ചുമകനെയും കൂട്ടി
കന്നുകാലികളും,കച്ചിത്തുറുവും പുഞ്ചകൃഷിയും,പുത്തരിച്ചോറും
വാർത്തവീടും,വസ്തുവകകളും ഒക്കെയുള്ള പുലയിരേത്ത്‌
തറവാട്ടിലേക്ക് തിരിച്ചു.
അവർ എത്തുമ്പോൾ പത്തുപേർക്കോളം കഴിക്കാൻ ഉള്ള വാട്ടുകപ്പ
ഒരു കലത്തിൽ തിളച്ചുമറിയുന്നു അടുക്കളയുടെ പിറകിലേ ചായിപ്പിൽ. ഒരു വലിയ ചിരട്ടത്തവിയെടുത്ത് കലത്തിൽ ഇട്ട് ഒന്നിളക്കി ഒരു തവി കോരി അതിലൊരുകഷ്ണം വാട്ടുകപ്പയിൽ
ഞെക്കി നോക്കി മുഖം ചുളിപ്പിച്ചു ഗൗരിയമ്മ.
സംശയം ദൂരീകരിക്കാൻ അതിലൊരു കഷ്ണം വായിലിട്ട് കടിച്ചു നോക്കി അതേ വേവായിരിക്കുന്നു.ഒരു സ്റ്റീൽ ഡവറയിൽ ഒരുതവി
കപ്പ കോരി ഉപ്പുനീരും തളിച്ച് തിരുങ്ങിവച്ചിരുന്ന തേങ്ങാപ്പൂഴൂരയിൽ നിന്ന് ഒരുനുള്ള് വിതറി അവന്റെ നേർക്ക് നീട്ടിപ്പറഞ്ഞു "ഇന്നാടാ കൊണ്ടുപോയി തിന്നോ"
ആർത്തിയോട് അത് വാങ്ങുമ്പോൾ അവന്റെ മനസ്സിൽ
പാതി വേവായാ മണ്ണപ്പവും കളസക്കറിയും ആയിരുന്നിരിക്കാം.
"ആ കൊച്ചിനെങ്ങും കൊടുക്കരുത് സരസ്വതി കണ്ടാൽ എന്നേ വഴക്ക്
പറയും പറഞ്ഞേക്കാം"അച്ഛമ്മയുടെ നിർദ്ദേശവും അനുസരിച്ചു
നടന്നുനീങ്ങുമ്പോൾ അതാ തൊട്ടു മുന്നിൽ പ്രത്യക്ഷപ്പെട്ടു അമ്പിളി.
വെളുത്തു മെലിഞ്ഞ ഒരു നരന്തു സുന്ദരി കൺകുഴികളിൽ ഇരിക്കാൻ
ഇടംതികയാതെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന കണ്ണുകൾ.
ഉണ്ടക്കണ്ണി എന്നാണ് അവൻ അവളേ വിളിക്കുന്നത്.
ചിലപ്പോളൊക്കെ അതിന് അവൾ നൽകിയ ശിക്ഷയുടെ പാടുകൾ ഇപ്പോളും അവന്റെ തുടയിൽ ഉണ്ടാകും പെൺനുള്ളിന്റെ പാടുകൾ.
അവനേ കണ്ടതും അവൾ അവനുനേരെ കൈനീട്ടി.
വാട്ടുകപ്പ ഊറ്റിയത് അവൾക്ക് വലിയ ഇഷ്ട്മാണ് പക്ഷേ അമ്പിളിയമ്മ അതൊന്നും തിന്നാൻ സമ്മതിക്കില്ല പാലും മുട്ട പുഴുങ്ങിയതും ഒക്കെയാ അവളുടെ പോഷകാഹാരം.
അവൾ നീട്ടിയ കൈകൾക്ക് മുന്നിൽനിന്നും അവൻ പത്രം പിൻവലിച്ചു അവൾ പിന്നെയും കെഞ്ചി ചോദിച്ചു. ആ നിഷ്ക്കളങ്കതയുടെ മുന്നിൽ
അവൻ തോറ്റ്‌പോയി. നാലുപാടും നോക്കി ഒരു കഷ്ണം കപ്പ അവൾക്ക് നൽകി അത് വായിലിട്ട് അവൾ വീണ്ടും കൈകൾ നീട്ടി
കപ്പപ്പാത്രം പിറകുവശത്തേക്ക് മാറ്റിപ്പിടിച്ചുകൊണ്ട് അവൻ അവളുടെ കുട്ടിയുടുപ്പ് മുകളിലേക്ക് ഉയർത്തി എന്തോ ഒന്ന്
ഉറപ്പ് വരുത്തുന്ന രീതിയിൽ അതേ അത് അവിടെത്തന്നെയുണ്ട് .
അത് തിളങ്ങുന്ന എന്തോ ഒന്ന് ആണ് എന്താണെന്ന് അവനും അറിയില്ല
അത് എവിടെ നിന്നും വരുന്നു എന്നും അറിയില്ല നിക്കറിന് ഇടയിലൂടെ തുടപറ്റിക്കിടക്കുന്ന ഒരു തിളക്കം അതിന് അവസാനം ഒരു വാഴക്കൂമ്പ് രൂപവും
അതെന്താണെന്ന് ഒന്ന് അറിയണം അത് മൊത്തമായി ഒന്ന് കാണണം
അത് ഒരു മോഹമായി മനസ്സിൽ കൂടിയിട്ട് മൂന്നാല് തവണയായി.
"വാ മോളെ കുളിപ്പിക്കാം വെള്ളം ചൂടായി'
അവളേ കുളിപ്പിക്കാൻ ഉള്ള പുറപ്പാടാണ് ഗൗരിയമ്മ അമ്പിളിയമ്മ
പറഞ്ഞിട്ട് പോയതാണ് കുളിപ്പിക്കണം എന്ന്. കർപ്പൂരം മണക്കുന്ന
ഒരുകൈ കാച്ചെണ്ണ അവളുടെ തലയിൽ പൊത്തി ഗൗരിയമ്മ
കയ്യിൽ പറ്റിയിരുന്ന ശേഷിച്ച എണ്ണ അവന്റെ മുടിയിലും തൂത്തു.
കിണറ്റുകരയിലെ നനക്കല്ലിൽ കയറ്റിനിർത്തി കുട്ടിയുടുപ്പ് ഉരിഞ്ഞു മാറ്റി തലയിൽ പടർന്ന എണ്ണയിൽ വിരലുകളോടിച്ച്‌ ആ വിരലുകൾ
ദേഹത്തു തേയ്ച്ചപ്പോൾ അവന് ആകാംഷയായി.
നിക്കർ ഒന്ന് ഊരിയിരുന്നെങ്കിൽ അവന് ആ തിളക്കം മൊത്തമായും ഒന്ന് കാണാമായിരുന്നു.
കൊടിയില ഞെരടി വെയിലത്തുവച്ചുചൂടാക്കിയ വെള്ളത്തിലെ ഇലത്തുണ്ടുകൾ പെറുക്കിക്കളഞ്ഞ് ഇളംപച്ചനിറത്തിലുള്ള
കുരുമുളക് മണമുള്ള ആ വെള്ളം നിക്കർ ഊരാതെതന്നെ ഗൗരിയമ്മ
അമ്പിളിയുടെ ദേഹത്തേയ്ക്ക് കോരിയൊഴിച്ചു.
പക്ഷെ ആ വെള്ളം വീണത് അവന്റെ പ്രതീക്ഷയുടെ തലയിൽ ആയിരുന്നു.ചന്ദനത്തിന്റെ മണമുള്ള ഒരു സോപ്പ് ഇഞ്ചയിൽ തേയ്ച്ച്
അവളുടെ ശരീരത്തിൽ മൃദുവായി തലോടുമ്പോൾ ഗൗരിയമ്മ അവനോടു പറഞ്ഞു "നിക്കറും ഉടുപ്പും ഊരിയിട്ട് നീയും ആ കിണറ്റുകരയിലോട്ട് നിൽക്കെടാ ഞാൻ കുളിപ്പിക്കാം"
കേൾക്കാത്ത പാതി നിക്കറും ഉടുപ്പും ഊരി വായുവിൽ ചുറ്റിച്ചെറിഞ്ഞ അവൻ ഒറ്റക്കുതിപ്പിന് കിണറ്റുകല്ലിൽ കയറി നിന്നു.
അവളുടെ ദേഹത്ത് സോപ്പ് പുരട്ടിയശേഷം ഗൗരിയമ്മ തിരിഞ്ഞ്
കിണറ്റിൽ നിന്നും ഒരു തോട്ടി വള്ളം കോരി അവന്റെ തലവഴി ഒഴിച്ചു ചന്ദനമണമുള്ള സോപ്പ് അവന്റെ ദേഹത്തുകൂടി ഒന്നോടിച്ചു.
അഞ്ഞൂറ്റൊന്നിന്റെ ബാറാസോപ്പ് ഇട്ട് മാത്രം കുളിച്ചിട്ടുള്ള അവൻ
ചന്ദനത്തിന്റെ മണവും ആസ്വദിച്ച് നിന്നു.
"മേല് തേയ്ക്കെടാ അപ്പോളേക്കും ഞാൻ കൊച്ചിനെ കുളിപ്പിച്ച് വരാം"
ഗൗരിയമ്മ അവളുടെ നേർക്ക് തിരിഞ്ഞു കൊടിയില വെള്ളം
ഒരുകൈ കൂടി അവളുടെ ദേഹത്തുകോരിയൊഴിച്ചുകൊണ്ട് നിക്കർ താഴേക്ക് ഊരിയെടുത്തു അവൻ കുറച്ചുകൂടി അടുത്തുനിന്നു.
അതാ അരചുറ്റിക്കിടക്കുന്നു ആ തിളങ്ങുന്ന നൂൽ എന്തൊരു അഴകാണ് അതിന്.അവൻ ആകാംഷയോട് അച്ഛമ്മയോട് ചോദിച്ചു.
"അച്ചമ്മേ എന്താ ഉണ്ടക്കണ്ണിയുടെ അരയിൽ തിളങ്ങുന്നത്..?"
"അത് അരഞ്ഞാണമാണെടാ" അവളുടെ കാലുകൾ തേയ്ക്കുന്നതിടയിൽ ഗൗരിയമ്മ പറഞ്ഞു.
"അപ്പോൾ ഇതെന്താ...? അവന്റെ അരയിൽ മൂന്നാല് മടക്കായി കെട്ടിയിരുന്ന കറപ്പുചരട് കാട്ടി അവൻ ചോദിച്ചു.
"അതും അരഞ്ഞാണമാണെടാ അത് പാവങ്ങളുടെ അരഞ്ഞാണം ഇത്
പണക്കാരുടെ അരഞ്ഞാണം" ഗൗരിയമ്മ അവനേപ്പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"എനിക്കും അതുപോലെ ഒന്ന് വേണം അച്ചമ്മേ" അവന് കൊതിയായി
"ഡാ ...പോടാ ..ചെക്കാ നീയ്.. പാറചുമക്കാൻ പോകുന്ന നിന്റെ തന്തയ്ക്ക് അതിനുള്ള പാങ്ങില്ല അതാ കറപ്പ്ചരട് കെട്ടിയത് ഇവളുടെ തന്തേം തള്ളേം വാദ്യാരാ അതാ അവൾക്ക് വെള്ളിയരഞ്ഞാണം കെട്ടിയത് നിന്റെ കൊതി നിന്റെ കൊച്ചുങ്ങൾക്കെങ്കിലും കെട്ടി
കാണാൻ പറ്റുമോന്നു തോന്നുന്നില്ല പിന്നാ... കോതിയൊക്കെ പാങ്ങൊള്ളോർക്ക് പറഞ്ഞിട്ടുള്ളതാ മോനേ നമ്മൾ വെറുതെ കൊതിക്കാം എന്ന് മാത്രം"
പക്ഷേ അവന്റെ ആദ്യത്തെ മോൾക്ക് അവൻ കെട്ടിയത് വെള്ളിയരഞ്ഞാണം ആയിരുന്നില്ല പൊന്നരിഞ്ഞാണം ആയിരുന്നു.
അത് കെട്ടിയതോ അച്ഛമ്മയും അന്ന് അച്ഛമ്മയുടെ കണ്ണിൽനിന്നും
മുത്തുകൾ പൊഴിഞ്ഞ് അവന്റെ മകളുടെ വയറ്റത്ത് വീണ് ചിന്നിച്ചിതറുന്നത് അവൻ സംശയത്തോടെ നോക്കിനിന്നു അത്
ആനാന്ദാശ്രു ആണോ അതോ ദുഃഖാശ്രു ആണോ എന്ന സംശയം.
ആ അവന്‍ ഞാനായിരുന്നു. കഥ എന്റെ ഓര്‍മ്മയില്‍ കോരി നിറച്ചത്
അച്ഛമ്മയും.
ഇന്ന് ഉണ്ടക്കണ്ണിയ്ക്ക് പടനിലം സ്കൂളിൽ അവളുടെ അമ്മയുടെ ജോലിയാണ് പേരിന്റെ കൂടെ അമ്മയില്ലാത്ത അമ്പിളിടീച്ചർ.
നല്ല കുറേ ഓർമ്മകൾ ബാക്കിവച്ച് അമ്പിളിയമ്മ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു.അച്ഛമ്മ ഇന്നും ഉണ്ട് എന്റെ കൂടെ.
അന്നത്തെ ആ ആറുവയസ്സുകാരിക്ക് ഇപ്പോൾ ഇതൊക്കെ ഓർമ്മയുണ്ടോ ആവോ ..??????????
നൂറനാട് ജയപ്രകാശ്
****************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo