നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരു"മകൻ"


മരു"മകൻ"
*************
ആരവങ്ങൾ ഒഴിഞ്ഞു ആളുകൾ പിരിഞ്ഞു ആഗ്രഹം സഫലീകരിച്ചു
മകളും മരുമകനും നല്ലവിരുന്നും വന്നു എന്നിട്ടും മുറ്റത്തുയർത്തിയ
പന്തൽ പൊളിക്കാൻ എന്തേ പന്തല് ഗോപി വരാഞ്ഞത് ...?
തന്‍റെ നല്ലപാതി ലേഖ കൊടുത്ത കട്ടൻചായയിലേ ചൂട് ഊതിയകറ്റി
ചുണ്ടോടടുപ്പിക്കുമ്പോൾ പ്രകാശ് ആലോചിച്ചു.ഗോപിക്ക് വേറേ
പന്തലിന്‍റെ പണിയൊന്നും കിട്ടിക്കാണില്ല അതാ ഈ പന്തൽ
അഴിക്കാൻ വരാതിരുന്നത്.ഇനി അവൻ വരുമ്പോൾ എന്തോ
സമാധാനം പറയും ദൈവമേ ..?
ആലോചന പൂർത്തീകരിക്കും മുൻപ് നക്ഷത്രം പോലെ മുറ്റത്തുദിച്ചു
ബ്ലേഡ്നന്ദൻ.ബൈക്ക് സ്റ്റാൻഡിൽ വച്ച് നടന്നടുത്ത നന്ദന്‍റെ
അടുത്തേയ്ക്ക് അതിലും വേഗതയിൽ പ്രകാശും നടന്നു.
അത് അവനോടുള്ള സ്നേഹം കൊണ്ടല്ല മുറ്റത്തുവന്നുനിന്ന്
നാണക്കേട് പറയുമ്പോൾ എല്ലാവരും കേൾക്കില്ലേ അതൊഴിവാക്കാൻ ആയിരുന്നു അവന്‍റെ അടുത്തേയ്ക്ക് നീങ്ങിയത്.
"അണ്ണാ ...എനിക്ക് പോയിട്ട് ഇത്തിരി ധൃതിയുണ്ട് കോശി വീട്ടിൽ
വന്ന് നിൽക്കുന്നു കാലത്തേ അവന് ഒരു രണ്ട് രൂപ ഇന്ന് കൊടുക്കാം
എന്ന് പറഞ്ഞിരുന്നു.അതിഞ്ഞു തന്നിരുന്നെങ്കിൽ അവന് കൊടുത്തു
വിടാമായിരുന്നു.".നന്ദൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
അത്.... നന്ദാ നീ എനിക്ക് ഒരാഴ്ച്ച സമയം കൂടി തരണം.കാശ്
ശെരിയായില്ല.
"ദേ ...പ്രകാശ്അണ്ണാ തമാശ കേൾക്കാനുള്ള മൂഡിൽ അല്ല ഞാനിപ്പോ.
ഇന്നലെ വൈകിട്ട് ബാക്കി തരാം എന്നായിരുന്നു നമ്മൾ തമ്മിൽ
ഉള്ള കരാർ .ഇന്നും ഇല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ ശെരിയാവുക.?"
അത് ...നന്ദാ ...ഒരാഴ്ച്ചത്തെ പലിശ ചേർത്തു ഞാൻ തരാം പറഞ്ഞുവച്ച കാശ് കിട്ടിയില്ല അതുകൊണ്ടാ ...പ്രകാശ്
താഴ്മയായി പറഞ്ഞു.
"ദേ ...അണ്ണാ ..എന്ന് വിളിച്ച നാവുകൊണ്ട് അക്ഷരം മാറ്റി
വിളിപ്പിക്കരുത് തരാൻ പാങ്ങില്ല എങ്കിൽ പിന്നെന്തിനാടോ വാങ്ങിയത്..?ഇതാ ..ഞാൻ അയലത്ത്കാർക്ക് കാശ് കൊടുക്കാത്തത് .കല്യാണം കഴിയുന്ന അന്നുതന്നെ തരാം എന്ന് പറഞ്ഞല്ലേ താൻ
എന്‍റെ കയ്യിൽ നിന്നും നാല് ലക്ഷം രൂപാ വാങ്ങിയത് ..?
അധികം പലിശയും ഞാൻ പറഞ്ഞില്ല നാല് ദിവസത്തേയ്ക്ക്
നാല് ലക്ഷത്തിന് വെറും ഇരുപതിനായിരം രൂപ .
രണ്ടു ലക്ഷവും പലിശയും താൻ പറഞ്ഞ സമയത്ത് തന്നു .ബാക്കി
ഇന്നലെ തരാം എന്നല്ലേ പറഞ്ഞത്.? ഇപ്പോൾ പറയുന്നു കാശ്
തരമായില്ല എന്ന് .
വീട്ടിൽ വന്ന് നിൽക്കുന്ന കോശിയോട് ഇനി ഞാൻ എന്ത് പറയും .?
ഒരുമാതിരി മാറ്റേടത്തെ പണിയായിപ്പോയില്ലേ ഇത്"
നന്ദാ ...പതുക്കെപറ പിള്ളേർ വന്നിട്ടുണ്ട് അവർ കേട്ടാൽ
നാണക്കേട് ആകും.പ്രകാശ് വീണ്ടും കെഞ്ചി .
"ആർക്ക് ...നാണക്കേട് ..?എനിക്കോ .?എനിക്ക് ഒരു നാണക്കേടും
ഇല്ല തനിക്കല്ലേ നാണക്കേട് അതിന് ഞാൻ എന്തിനാ പറയാതിരിക്കുന്നത്.? കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ .
നാളെ വൈകിട്ട് ഞാൻ വരും ബാക്കി പൈസ എനിക്ക് കിട്ടണം
എന്‍റെ സ്വഭാവം അറിയാല്ലോ തനിക്ക് ..?ഞാൻ മഹാ ചെറ്റയാ ...
ഞാൻ വീട്ടിൽ കേറി വല്ല ചെറ്റത്തരവും കാണിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല കെട്ടിക്കാറായ ഒന്നൂട് ഉണ്ടല്ലോ വീട്ടിൽ അത് ഓർമ്മ വേണം." ഇത്രയും പറഞ്ഞുകൊണ്ട് വണ്ടിയും എടുത്ത് ഒറ്റപ്പോക്ക്
ആയിരുന്നു ബ്ലേഡ്നന്ദൻ.
"ദേ....നിങ്ങള്‍ പോയി കുറച്ചു ചിക്കന്‍ വാങ്ങിവരു..കുട്ടികള്‍
വന്നതല്ലേ..."ലേഖയിലെ അമ്മായിയമ്മ ഉണര്‍ന്നു.
"വേഗം പോ ....മണി ഒന്‍പതായി ഇനി താമസിച്ചാല്‍ കിട്ടില്ല.."
അടുക്കളയില്‍ മരുമകന് ഏറ്റവും ഇഷ്ടപ്പെട്ട പുട്ട് ഉണ്ടാക്കുന്ന
തിരക്കില്‍ ആയതിനാലാകാം തിടുക്കത്തില്‍ അകത്തേയ്ക്ക് പോയി.
അഴിഞ്ഞ കാര്‍കൂന്തല്‍ വാരിപ്പിടിച്ച്‌ കെട്ടിക്കൊണ്ട് ആലസ്യം
വിട്ട് മറാത്ത മുഖവുമായി മകള്‍ അഞ്ചു.. മുറിക്ക് പുറത്തേയ്ക്ക്
ഇറങ്ങി ഒരു അമറന്‍ ഡയലോഗ് കാച്ചി...
"അച്ഛാ ...ചിക്കൻ വേണ്ടാ ..പോയിടത്ത് ഒക്കെ ചിക്കാനായിരുന്നു
കപ്പയും കരിമീനും മതി ..ചേട്ടനും അതാ ഇഷ്ടം .."
ദൈവമേ ...കരിമീനോ ..? കരിമീൻ ഞാൻ പടത്തിൽ അല്ലാതെ
ജീവനോട് കണ്ടിട്ടില്ല .കല്യാണം കഴിഞ്ഞ് കളസം കീറി നില്‍ക്കുന്ന
ഞാന്‍ ഇപ്പോള്‍.... വാങ്ങാം കരിമീന്‍ ..
തന്നെയുമല്ല മത്തി വാങ്ങി കറിവയ്ക്കുമ്പോള്‍ നടുക്കഷ്ണം കിട്ടാൻ
ഇളയവളമായി തല്ല് കൂടാറുള്ള ഇവൾ എപ്പോൾ ആണ് കരിമീന്‍റെ
രുചിയറിഞ്ഞത്..?പ്രകാശ് മനസ്സില്‍ ഓര്‍ത്തു .
ഇത്രയും ആയപ്പോള്‍ തന്‍റെ പള്‍സറിന്‍റെ താക്കോല്‍ കയ്യിലിട്ട്
കറക്കിക്കൊണ്ട് മരുമകന്‍ രഞ്ജിത്ത് ഇറങ്ങിവന്നു.
"ഞാനും വരാം അച്ഛാ ..നടന്നുപോയാല്‍ താമസിക്കും"
തന്‍റെ പ്രീയതമനും കൂടെ പോകുന്നു എന്നറിഞ്ഞപ്പോള്‍ അഞ്ചു
ചുവട് ഒന്ന്‍ മാറ്റി ചവിട്ടി .
"ചേട്ടാ ..കരിമീന് രുചിയില്ലാത്ത മാസാമാണ് ഇത് എന്ന്‍
ഞാന്‍ കുക്കറി ഷോയില്‍ ലക്ഷമി നായര്‍ പറയുന്നത് കേട്ടു
ഇപ്പോള്‍ ആണ് അത് ഓർത്തത് .മത്തിയ്ക്ക് നല്ല നെയ്യുള്ള
സമയമാ ..രണ്ടുകിലോ മത്തി വാങ്ങീര് പൊള്ളിച്ചു തരാം ."
വാതിലിൽ നിന്ന ലേഖ മകളേ നോക്കി ഒരു വളിച്ച ചിരി പാസാക്കി
അതിൽ എല്ലാം ഉണ്ടായിരുന്നു.എടീ ...ഭയങ്കരീ നിന്‍റെ
കെട്ടിയോൻ കൂടെപ്പോയാൽ കാശ് അവന്‍റെ പോക്കറ്റിൽ നിന്നാവും
പോകുക എന്ന് കരുതിലല്ലേടീ അഞ്ച്മിനിറ്റ് കൊണ്ട്
കരിമീന്‍റെ രുചി പോയത് ..?നീ ആള് കൊള്ളാമെല്ലോ ..?
"അച്ഛാ ഞാനോ എന്‍റെ വീട്ടുകാരോ സ്ത്രീധനം എന്തെങ്കിലും
ചോദിച്ചിരുന്നോ..?ഇല്ലല്ലോ ...എനിക്ക് പെണ്ണിനേ ഇഷ്ടമായി
തരുമോന്ന് ചോദിച്ചു അതിന് നമ്മൾ തമ്മിൽ ഒരു കരാറും
ഉണ്ടാക്കിയില്ലല്ലോ..ഉവ്വോ ..?"
ഓടുന്ന പൾസറിന്റെ അതിജീവിച്ച് മരുമകൻ രഞ്ജിത്തിന്‍റെ
വാക്കുകൾ പ്രകാശിന്‍റെ ചെവിയിൽ പതിഞ്ഞപ്പോൾ അവൻ
ചോദിച്ചു എന്താ മോനേ ..അങ്ങനെ ചോദിച്ചത് ..?
"പിന്നെ എന്തിനാ ഈ പണം കൊള്ളപ്പലിശയ്ക്ക് വാങ്ങി ഇത്രയും
സ്വർണ്ണം എടുത്തത് ..? അതല്ലേ ഇപ്പോൾ വല്ലവന്‍റെയും
വായിൽ ഇരിക്കുന്ന തെറി എല്ലാം ഒറ്റയ്ക്ക് കേൾക്കേണ്ടി വരുന്നത്.?"
രാവിലെ കട്ടൻചായയുടെ കൂടെ തനിക്ക് കിട്ടിയ കടി മരുമോൻ
കേട്ടു എന്ന് മനസ്സിലാക്കിയ പ്രകാശ് പറഞ്ഞു....
അത് ...മോനേ നീയും വീട്ടുകാരും ഒന്നും ചോദിച്ചില്ല .എങ്കിലും
പെൺമക്കളെ വെറുതേ ഇറക്കിവിടാൻ ഒരച്ഛനും അമ്മയ്ക്കും
മനസ്സുവരില്ല.
ഇത്തിരി പൊന്ന് അവളുടെ കഴുത്തിലും കൈയിലും കിടക്കുന്നത്
കണ്ടാലേ അവരുടെ മനസ്സ് നിറയു .അങ്ങനെ ആയിപ്പോയി
കേരളത്തിലെ എല്ലാ അച്ഛനമ്മമാരുടെയും മനസ്സ്.
എനിക്ക് രണ്ടു പെൺമക്കൾ പിറന്നതിൽ പിന്നെ നാട്ടിലെ ആര് വന്ന്
വിവാഹം ക്ഷണിച്ചാലും ഞാൻ നല്ല ഒരു തുക സംഭാവനയായി
കൊടുക്കുമായിരുന്നു.
ഈ ..നാട്ടിൽ അതൊരു പതിവാണ്. അതൊരു കൂട്ടിവയ്ക്കൽ
പോലെയാണ്.നമ്മുടെ മക്കളുടെ വിവാഹം ആകുമ്പോൾ നമ്മൾ
കൊടുത്തതിൽ കുറച്ചു കൂട്ടി ഒരു തുക അവർ നമുക്ക് തരികയും
ചെയ്യും അത് നൂറ്റാണ്ടുകളായി നടക്കുന്ന ഒരു രീതിയാണ് .
അത് എല്ലാവരും ചെയ്യുന്ന കാര്യമാ.പലതുള്ളി പെരുവെള്ളം
ബാങ്കിൽ പണം നിക്ഷേപിക്കുന്ന പോലെയാണ് നാട്ടിൻ പുറങ്ങളിൽ
ഇങ്ങനെയുള്ള സംഭാവനകൾ കൊടുക്കുന്നത്.
കൊടുക്കുന്നവരും വാങ്ങുന്നവരും സംഭാവനയുടെ കണക്ക് വയ്ക്കും.
അങ്ങനെ ഞാൻ കൊടുത്ത സംഭാവനയുടെ കണക്ക് നോക്കിയാണ്
ഞാൻ കുറച്ച് കാശ് മറിച്ചത്. പക്ഷേ ആ കണക്കുകൂട്ടലുകൾ
എല്ലാം തെറ്റി .പതിനഞ്ച് വർഷം മുന്നേ ഞാൻ 500 രൂപ
കൊടുത്തവർ ഇന്ന് 501 രൂപ തിരികെ തന്നപ്പോൾ എന്‍റെ കണക്ക്
തെറ്റി കണക്കിൽ ശിഷ്ടങ്ങൾ ഇല്ലാതായി
കൂട്ടാൻ ശിഷ്ടങ്ങൾ ഇല്ലാതെ വന്നപ്പോൾ നഷ്ടങ്ങൾ ആയിരുന്നു മോനേ
 ഉത്തരം.പറഞ്ഞു നിർത്തുമ്പോൾ പ്രകാശിന്‍റെ തൊണ്ട ഇടറി.
അത് മനസ്സിലാക്കിയ മരുമകൾ ചോദിച്ചു.
"ഇനി എത്ര കൊടുക്കാൻ ഉണ്ട് രാവിലെ വന്നവന് ...?"
ഇനി രണ്ട് ലക്ഷം .ബാക്കി ഞാൻ കൊടുത്തു പ്രകാശ് പറഞ്ഞു.
ചാളക്കറി കൂട്ടി കപ്പ കഴിച്ചിട്ട് അച്ചിയും നായരും കൂടി ഉച്ചമയക്കത്തിന് മുറിയിൽ കയറി. "അഞ്ചു ...അച്ഛന്‍റെ
അവസ്ഥ വളരെ പരിതാപകരം ആണ് നിന്‍റെ കല്യാണത്തിന്
എടുത്ത കടം വീട്ടാൻ കഴിയാതെ പുള്ളി വളരെ ബുദ്ധിമുട്ടുകയാണ്.
ഞാൻ ഒന്നും ചോദിക്കാതെ പത്തമ്പത് പവന്‍റെ സ്വർണം ആ
മനുഷ്യൻ നിന്‍റെ കഴുത്തിൽ ഉണ്ടാക്കിയിട്ടാ നിന്നേ ഇറക്കി വിട്ടത്
അതങ്ങനെ നമ്മുടെ അലമാരയിൽ വെറുതേ ഇരിക്കുകയല്ലേ..?
അതിൽ ഒരു പത്ത് പവൻ നമുക്ക് അദ്ദേഹത്തിന് കൊടുത്താലോ.?
അത് വിറ്റോ ..പണയം വച്ചോ കടം വീട്ടി ആ മനുഷ്യൻ
മനസ്സമാധാനമായി ജീവിക്കട്ടെ..? നീ ...എന്ത് പറയുന്നു ..?"
"നിങ്ങൾ ....ഇങ്ങനെ ഒരു പോഴൻ ആയിപ്പോയല്ലോ മനുഷ്യാ ...
കൈയ്യിൽ കിട്ടിയ ചോറ് കുടഞ്ഞു കളഞ്ഞിട്ട് വീണ്ടും കൈ നീട്ടാനോ.?
എന്‍റെ സ്വർണ്ണത്തിലെ ഒരു തരി ഞാൻ കൊടുക്കില്ല ഇത് എന്‍റെ
പിള്ളേർക്ക് വേണ്ടി എനിക്ക് കരുതാനാ ഇല്ലെങ്കിൽ നമുക്കും
ഈ ഗതി വരും. നിങ്ങളോട് അച്ഛൻ ചോദിച്ചോ സ്വർണ്ണം ..?
ഇല്ലല്ലോ ..? അപ്പോൾ മിണ്ടാതെ അങ്ങ് ഇരുന്നാൽ മതി.കടം
വീടാൻ അച്ചനെന്തെങ്കിലും വഴി കണ്ടോളും ..."
അവന്‍റെ നെഞ്ചിലൂടെ അവളുടെ കൈകൾ ഇഴയാൻ തുടങ്ങി
അപ്പോളേക്കും രഞ്ജിത്ത് അവന്‍റെ കൂർക്കംവലി ഉറങ്ങാതെതന്നെ
പുറപ്പെടുവിക്കാൻ തുടങ്ങിയിരുന്നു.
എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാൾ മുകളിലുണ്ട്
എന്നാണല്ലോ പൊതുവേ ഒരു വയ്പ്പ് ഇവിടെയും ആ ആളുണ്ടായിരുന്നു.കുറച്ചുനാൾ മുന്നേ ഈ ആൾ കണ്ട ഒരു കാര്യം
അയവിറക്കി ചിരിച്ചുകൊണ്ട് .
എടീ ....പെണ്ണേ ...നിശ്ചയം കഴിഞ്ഞപ്പോൾ വിഷമിച്ചിരുന്ന
അച്ഛനോട് അന്ന് നീ പറഞ്ഞതല്ലേ .."എന്തിനാ അച്ഛൻ വിഷമിക്കുന്നത്
അവർ ഒന്നും ചോദിച്ചില്ലല്ലോ നമ്മുടെ കയ്യിൽ ഉള്ളത് അനുസരിച്ച്
എന്തെങ്കിലും വാങ്ങിയാൽ മതി എനിക്കങ്ങനെ സ്വർണ്ണം ഇട്ട്
ഞെളിഞ്ഞു നടക്കാൻ ഒന്നും വലിയ മോഹം ഇല്ല . ഒരു മാലയും
കമ്മലും മാത്രമായാലും എനിക്ക് സന്തോഷം.."
ആ നീയാണോ ഇപ്പോൾ ഈ പറഞ്ഞത് ..?
പിറ്റേന്ന് ഉച്ചയായപ്പോൾ വെറുതേ കിടന്ന തൊഴുത്തിൽ ഒന്ന്
കയറി വാരിക്ക് ചൊരുകി വച്ചിരുന്ന കയർ അവിടെ ഉണ്ടോ എന്ന്
നോക്കി പ്രകാശ്.പത്തുപന്ത്രണ്ട് ലിറ്റർ പാല് കറന്നുകൊണ്ടിരുന്ന
തന്‍റെ പൂവാലിപ്പശുവിനെ കല്യാണ ആവശ്യത്തിനായി അഴിച്ചുവിറ്റപ്പോൾ വാങ്ങിയവർ അവളേ കൊണ്ടുപോകാൻ
പുതിയ കയറുമായി ആണ് വന്നത് .അന്ന് ആ പഴയ കയർ ചുരുട്ടി
വാരിക്ക് വയ്ച്ചതാണ്. ഉണ്ട് അതവിടെ തന്നെയുണ്ട്.
തൊടിയിൽ ഒന്നരയാൾ പൊക്കമുള്ള 65 കിലോ ഭാരം താങ്ങാൻ
ശേഷിയുള്ള മൂവാണ്ടൻ മാവിന്‍റെ ഒരു ശിഖരവും നോക്കി വച്ച്
സന്ധ്യ മയങ്ങാൻ കാത്തിരുന്നു പ്രകാശ്.
ഉമ്മറത്തേ നിറം മങ്ങിയ ചൂരൽ കസേരയിൽ നാല് മണിക്ക് ലേഖ
നൽകിയ കട്ടൻചായയും കുടിച്ചിരിക്കുമ്പോൾ മരുമകന്‍റെ പൾസർ
മുറ്റത്തുവന്ന് ബ്രെയ്ക്കിട്ടു
"അച്ഛാ ഇന്നലെ രാവിലേ വന്ന് തെറി പറഞ്ഞവന്‍റെ വീട് ഏതാ ..?
ഇവിടടുത്താ ...എന്തിനാ മോനേ ..?പ്രകാശ് ആശ്ചര്യത്തോട് ചോദിച്ചു.
"വാ...നമുക്ക് അവിടെ വരെ ഒന്ന് പോകാം ..."
"കനകമ്മേ ...നന്ദൻ ഇവിടില്ലേ ...?പ്രകാശ് ചോദിച്ചു .
"ഉണ്ട് കൊച്ചാട്ടാ ...ഞാൻ വിളിക്കാം...ഡാ ...നിന്നേ ദേ ...പ്രകാശൻ
കൊച്ചാട്ടൻ വിളിക്കുന്നു .."
കനകമ്മ മകനേ ഉറക്കെ വിളിച്ചു ...
മുറ്റത്തേയ്ക്ക് ഇറങ്ങിവന്ന നന്ദനെ റോഡിലേയ്ക്ക് നീക്കി നിർത്തി
രഞ്ജിത്ത്. "തനിക്ക് ഇനി എത്ര കാശ് താരനുണ്ട് അച്ഛൻ..?"
"മുതലായി ഒരു രണ്ട് ഉണ്ട് പലിശ മൂന്ന് ദിവസത്തേതെ ഉള്ളു അതിന്
ഞാൻ കണക്കൊന്നും പറയുന്നില്ല എന്തെങ്കിലും തന്നാൽ മതി.."
"അത്...തരാം ഇപ്പോൾ ഇതാ ഇത് പിടി" രണ്ടുകെട്ട് നോട്ടുകൾ
നന്ദന്‍റെ കയ്യിൽ കൊടുത്തു രഞ്ജിത്ത്.
പണം വാങ്ങി എണ്ണി നോക്കി നന്ദൻ ."ഇത് രണ്ടുണ്ട് .."
"ഉണ്ടല്ലോ ...രണ്ടുണ്ടല്ലോ .?മുതലായല്ലോ ഇനി പലിശ ഇന്നാ......
നല്ല ഒരു തെങ്കാശിപ്പടക്കം പൊട്ടുന്ന ഒരു ശബ്ദം മാത്രമേ പ്രകാശ് കേട്ടൊള്ളു ...
പിന്നെ കരണം പൊത്തി നിൽക്കുന്ന നന്ദനെയും നന്ദൻ
മാത്രം കണ്ട പൊന്നീച്ചയിൽ ഒന്ന് രണ്ടെണ്ണം കണ്ടോ എന്ന ഒരു
സംശയവും.
"മേലിൽ ..ആരോടായാലും പറയേണ്ടത് മാത്രമേ പറയാവു .
തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കൊടുത്ത ആളിനെ
തെറിവിളിക്കാവു.അല്ലെങ്കിൽ ഇടപാട് തീർത്തുകഴിയുമ്പോൾ
വിളിച്ച തെറി തിരിച്ചു വാങ്ങാനുള്ള ഒരു സംവിധാനം കൂടി
ഉണ്ടാക്കണം.ഇല്ലെങ്കിൽ ഇതുപോലെ പലിശ കൂട്ടിക്കിട്ടും."
"ചില ചെറ്റകളുടെ അടുത്ത് ഞാൻ നിന്നേക്കാൾ ചെറ്റയാ കേട്ടോടാ
പൊലയാടി മോനേ ....പലിശ പോരെങ്കിൽ ഇപ്പോൾ പറേണം
ഞാൻ തരാം .അച്ഛനോട് ചോദിക്കരുത് ......"
പ്രകാശിനേയും പേറി രജിത്തിന്‍റെ പൾസർ നീങ്ങുമ്പോൾ പോക്കറ്റിൽ കിടന്ന മൊബൈൽ ചിലച്ചു ....വണ്ടി ഒതുക്കി ഫോൺ
എടുത്ത് നോക്കി ...അഞ്ചു കാളിംഗ് .....
"ഹാലോ ...ചേട്ടാ ..ചേട്ടൻ എവിടെയാ ...?"
മിണ്ടരുതെന്ന് അമ്മായിയപ്പനോട് പറഞ്ഞിട്ട് അവൻ മറുപിടി പറഞ്ഞു ."ഞാൻ കൊല്ലകടവ് ജങ്ങ്ഷനിൽ നിൽക്കുന്നു ..എന്താടീ ..?"
"ചേട്ടൻ ..വേഗം ഇങ്ങോട്ട് ..വാ നമ്മുടെ വീട്ടിൽ കള്ളൻ കയറി .
അലമാര തുറന്നു കിടക്കുന്നു സ്വർണ്ണം കുറച്ചു കാണുന്നില്ല .."
അഞ്ചു...കരച്ചിലിന്‍റെ വക്കത്ത് എത്തിയിരുന്നു ...
ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത രഞ്ജിത്ത് പ്രകാശിനോട്
പറഞ്ഞു "ന്നാ ....അച്ഛൻ ഇറങ്ങിക്കോ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ .."
ഇടവഴിയിലൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ പ്രകാശ്
ഓർക്കുകയായിരുന്നു ...ദൈവമേ ആൺകുട്ടികൾ ഇല്ലാത്ത ദുഃഖം
എന്നേ ഒരുപാട് അലട്ടിയിരുന്നു ..ആര് പറഞ്ഞു എനിക്ക് മകനില്ലെന്ന്.
ഇവൻ എന്‍റെ മകൻ തന്നെയല്ലേ ..?അതേ ...മരു"മകൻ".....
നൂറനാട് ജയപ്രകാശ്
****************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot