പതിനഞ്ചു വര്‍ഷങ്ങൾക്കു മുമ്പ് നടന്നൊരു കഥയാണിത്.കട്ട കൊണ്ടുണ്ടാക്കിയ വീട് മാറ്റി കല്ലു കൊണ്ടുള്ള വീട് ഉണ്ടാക്കുന്നതു
കൊണ്ട് ഞങ്ങളെല്ലാം തറവാട്ടിലായിരുന്നു താമസം. പഴയ വീടിന്റെ പൂമുഖം പൊളിച്ചു മാറ്റിയിട്ടില്ലാത്തതിനാൽ ഉപ്പ പകൽ അവിടെ തന്നെ നിൽക്കും. രാത്രി ഉറക്കിനേ തറവാട്ടിലേക്ക് പോകൂ.
പണിക്കാർക്കുള്ള ഭക്ഷണം തറവാട്ടിൽ നിന്നുണ്ടാക്കി കൊണ്ടു പോവാറാണ് പതിവ്.
അന്നൊരു ദിവസം പണിക്കാർക്കുള്ള ചോറും കൊണ്ട് പോയതായിരുന്നു ഞാൻ. ചോറും കൊടുത്തു അവിടെ തന്നെ നിന്നു. അവിടെ ഞാൻ കളിച്ചു കൊണ്ടിരിക്കെ എൻറെ കൂട്ടുകാരി വന്നു.ഞങ്ങൾ രണ്ടു പേരും കളിക്കുകയായിരുന്നു.കളിക്കിടെ മുറ്റത്തെ ബദാം മരത്തിൽ നിന്നും വീണ ബദാം ഞങ്ങൾ പെറുക്കി എടുത്തു.തലേ ദിവസം തേങ്ങ പറിച്ചിരുന്നു.പറമ്പിൽ നിന്നും ഒരു തേങ്ങ കിട്ടി എനിക്ക് . അത് ഞാനുപ്പാക്കു കൊടുത്തു." നിൻറെ ഉമ്മയാ ഇന്നലെ തേങ്ങ പെറുക്കി കൂട്ടിയത്, ഇത് കണ്ടിട്ടില്ലായിരിക്കും.നീ ആ വാക്കത്തി ഇങ്ങെടുക്ക്.നമുക്ക് ഇത് പൊളിച്ച് നോക്കാം"
എന്നുപ്പ പറഞ്ഞു.അങ്ങനെ
തേങ്ങ പൊളിക്കാൻ വേണ്ടി വാക്കത്തിക്ക് തിരയുകയായിരുന്നു ഞങ്ങൾ മൂവരും.
മുറ്റത്തെ തിണ്ണയിൽ വീട്ടിലെ വലിയൊരു അലമാര വെച്ചിരുന്നു. മണിയറയിലൊക്കെ വെക്കുന്ന അലമാര, തറവാട്ടിലേക്ക് കൊണ്ടു പോകൽ ബുദ്ധി മുട്ടായിരുന്നു. അലമാരയിലും , തിണ്ണയിലുമായി ചവിട്ടി നിന്നു ഞാൻ വാക്കത്തിക്കു തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു ആളുകൾ ഓടിക്കൂടി.
അലമാര മുറ്റത്തേക്ക് മറിഞ്ഞു വീണിട്ടുണ്ട്, എന്നെ കാണുന്നില്ല, പണിക്കാരും നാട്ടുകാരുമുൾപ്പെടെ ശബ്ദം കേട്ടിടത്തേക്ക് ജനം ഓടിയെത്തി. അവിടെക്കൂടിയ ആൾക്കാരൊക്കെ സ്തംഭിച്ചു നിൽക്കുന്നു. അതിനടിയിൽ ആണ് ഞാനുള്ളത് എന്ന് എൻറെ കൂട്ടുകാരി വിളിച്ചു പറഞ്ഞു. തീർന്നു കാണുമെന്ന് എല്ലാരും വിലയിരുത്തി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ എല്ലാരും നോക്കി നിൽക്കേ, നാലു പേർ ഒന്നിച്ചു പിടിച്ചാൽ നീങ്ങാത്ത ആ അലമാര എൻറെ ഉപ്പ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിലോ ആ നിമിഷമുണ്ടായ വിവേകത്തിലോ ഒറ്റക്ക് ഉയര്‍ത്തി മാറ്റി.കുറച്ചു ഉയർത്തിയപ്പോൾ എൻറെ ശരീരം ഉപ്പ കണ്ടു. പക്ഷെ കഴുത്തിന് മുകളിൽ കാണുന്നില്ല. അല്ലാഹുവിനെ വിളിച്ചു കരഞ്ഞു കൊണ്ട് വീണ്ടും ഉയർത്തിയപ്പോൾ കണ്ടു.
അപ്പോഴേക്കുംപണിക്കാർക്കുള്ള വൈകുന്നേരത്തെ ചായയുമായി എൻറെ ഉമ്മയും അവിടെ എത്തിയിരുന്നു .വീടിനു മുന്നിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ടു, എന്താണെന്നറിയാതിരുന്ന എൻറെ ഉമ്മയോട് അവർ സംഭവം വിവരിക്കുന്നുണ്ടായിരുന്നു.
ഞാനൊന്നുമറിഞ്ഞില്ല.കുറച്ചു നേരത്തേക്ക് എൻറെ ബോധം പോയിരുന്നു.ഒരു ചെറു മരണം പോൽ, പതിയെ ഞാൻ കണ്ണുകൾ തുറക്കുമ്പോൾ എനിക്കു മുന്നിൽ ഒരു കർട്ടൻ നീങ്ങുന്നതു പോലെ. മങ്ങിയ കാഴ്ചയിൽ കുറേ ജനം.പതിയെ എന്നിലേക്ക് വന്ന വെളിച്ചത്തിൽ ഞാൻ കണ്ടു. എൻറെ ജീവൻറെ ജീവനായ ഉപ്പ ഒറ്റക്ക് ആ വലിയ അലമാര ഉയർത്തുന്നത്.
എനിക്ക് ഒരു പോറൽ പോലുമേൽക്കാതെ ദൈവം അവരുടെ കൈകളിലേക്ക് എന്നെ മടക്കി നല്‍കി. അവിടെ നിന്നും എഴുന്നേറ്റ ഞാൻ കണ്ടു, എൻറെ ഉപ്പാന്റെ ഉള്ളിൽ ഈ ചെറിയ സമയം കൊണ്ടുണ്ടായ ഭയവും , പിന്നെ സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞതും. എന്നെ ചേർത്തു നിർത്തി, ഒരക്ഷരം പറയാനാവാതെ എൻറെ ഉപ്പ. ആ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഒരു ചെറുപുന്ജിരിയോടെ എല്ലാരെയും നോക്കി നിൽക്കുകയായിരുന്നു.
അന്നൊരു പക്ഷേ, എന്റെ ഉപ്പാക്ക് അതുയർത്താൻ പറ്റിയിരുന്നില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഇങ്ങിനെ ഒരാളുണ്ടാവുമായിരുന്നില്ല. ഈ ഭൂമിയിൽ ജന്മം നല്‍കുകയും ജീവിത കാലം മുഴുവൻ സ്നേഹവും സംരക്ഷണവും നൽകിയ ആ വലിയ മനുഷ്യനെ എങ്ങനെയാണ് വർണ്ണിക്കേണ്ടത് എന്നെനിക്കറിയില്ല.
സ്നേഹത്തോടെ
മുനീറ ഷംസുദ്ദീൻ ബിൻത് അബ്ദുല്ല
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക