Showing posts with label Anandam. Show all posts
Showing posts with label Anandam. Show all posts

അനന്താനന്ദാന്വേഷണം. 17

Image may contain: 1 person, text

^^^^^^^^^^^^^^^^^^^^^^^^^^
ജനിജൻ താനറിഞ്ഞുകൊണ്ടിരിക്കുന്ന
അറിവിന്റെ അനുഭൂതികളിൽ
സ്വയമലിഞ്ഞ അവസ്ഥയിലായി
അസ്തമയത്തിനു മുമ്പേ
രാജാവിനെ യാത്രയാക്കിയ
മഹർഷി ശിഷ്യരോടൊപ്പം
പുൽത്തകിടിയിൽ നടന്ന് വന്ന്
നദി രണ്ടായി പിരിയുന്നതിനഭിമുഖമായി
ഇരുന്നു
ചുറ്റുമായി ശിഷ്യരും
മുനികുമാരന്മാർ പഠനംകഴിഞ്ഞ്
നാളെ യാത്രയാവൂകയാണ്
മൂന്നു സൂര്യസഞ്ചാരകാലം
ഒരുമിച്ചു നടന്ന സതീർത്ഥ്യർ പിരിയുന്നതിന്റെ ഒരു മൗനം ഓരോ മുഖങ്ങളിലും കാണാം.
നന്മാനന്ദ മഹർഷി പറയുവാനാരംഭിച്ചു,
ഇന്നു പറയുന്നകാര്യങ്ങൾ അർധനയനങ്ങളാകുംവിധമുള്ള
ധ്യാനസാധകരായി നിങ്ങളൂടെ
ഹൃദയാന്തരാളങ്ങളിലേക്ക് സ്വീകരിക്കുക,
ഗുരു ആവശ്യപ്പെട്ടു
അപ്പോൾ പുൽക്കൊടികൾ പോലും
ഇലയനങ്ങാതെ മൗനമായിനിന്നു
ഗുരു
ധർമ്മരാജമുനിയെ വിളിച്ച് തന്റെ
വലത്ത് ഭാഗത്ത് ഇരുത്തി
നന്മാനന്ദ മഹർഷിയുടെ തേജസ്സാർന്ന
മുഖത്തിന് ശോഭ പകർന്നുകൊണ്ട്
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നൂ
കിഴക്ക് നദിയൂടെ നേരേ മുകളിലായി
അസാധാരണ വലുപ്പത്തിലാണ്
ഇന്ന് ചന്ദ്രനെ കാണുന്നത്
നദിയിലെ കുഞ്ഞലകൾക്കൊപ്പം
ചന്ദ്രന്റെ പ്രതിബിംബം നദിയിലൂടെ
ഗുരുവിനുനേരേ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
നമ്മുടെ പർണ്ണശാലകളെ ചുറ്റി
രണ്ട് നദികളൊഴുകുന്നത് നാം കാണുന്നു,
അവ
നമ്മെ ചുറ്റി തഴുകിയാണ് ഒഴുകുന്നത്
നമുക്ക്
ആ നദിയെ അനുഭവിച്ചറിയുവാൻ
എന്തുചെയ്യണം,
അതിലിറങ്ങി കൈക്കുമ്പിളിൽ കോരി
കുടിച്ചാലെ നദിയുടെ ഗുണാംശം അനുഭവിക്കാനാകൂ,
എന്നാൽ ശിരസ്സുയർത്തി
മിഴികൾ തെളിച്ചു
മുന്നോട്ടുനോക്കിയാൽ
അവ രണ്ടല്ല ഒരുനദിയാണെന്ന്
തിരിച്ചറിവുണ്ടാകും,
ഈ ജഗത്തായ ജഗത്തിൽ മുഴുവനായി
നിറഞ്ഞിരിക്കുന്ന ആ അദൃശ്യ ചൈതന്യവും
ഇങ്ങനെയാണ്
അഥവാ
കാണാവുന്നതും കാണാത്തവയുമായ
നക്ഷത്രലോകമാകെയും
നാമിരിക്കുന്ന ഈ ഭൂമിയുമാകെ
നിറഞ്ഞിരിക്കുന്ന ചൈതന്യം ഉണ്ട്
അത്,
ഈശാ ആകുന്നു .
ഈശാ ഇവിടെയെല്ലായിടത്തും വസിക്കുന്നു
ഈ ജഗത്താകെയും
ആ ചൈതന്യം
കാറ്റു പോലെ
പ്രകാശം പോലെ
എന്നെ സദാ തഴുകുകയാണ്
നിങ്ങളുടെ ചുറ്റും അതുണ്ട്
അതിനെ ആഗ്രഹിച്ചന്വേഷിച്ചാൽ മാത്രമേ
ആ സാമീപ്യം തിരിച്ചറിയാനാകൂ .
അത് നാമാകുന്നു
ധർമ്മരാജമുനിയുടെ നേരേ വിരൽ
ചൂണ്ടി ഗുരു പറഞ്ഞു,
അത് നീയാകുന്നു.
എന്നാൽ
നമ്മൾ രണ്ടല്ല
ഒന്നാകുന്നു
ഈ പൂർണ്ണചന്ദ്രന്റെ
പ്രതിബിംബം നദിയിലൂടെ
ഒഴുകിവരുന്നത് നിങ്ങൾ കാണുന്നില്ലേ,
അതുപോലെതന്നെയാണ്
എന്റെ ശിരസ്സിലൂടെ
ഈശായുടെ ചൈതന്യ പ്രകാശം
ഒഴുകിയിറങ്ങുന്നത്
ഈരാവിൽ
ധർമ്മന്
ഈ പ്രകാശചൈതന്യ ദർശനം
നാം പകരും
നാളെ
നിങ്ങളെല്ലാം യാത്രയാവുകയാണ്
വത്സലശിഷ്യരെല്ലാം
അവരവരുടെ കർമ്മരാജ്യങ്ങളിൽ
ജനങ്ങളെ
ആത്മബോധത്തിലേക്ക് നയിക്കുന്ന
ഗുരുനാഥന്മാരായി
മഹത്വമാർജ്ജിക്കാൻ
നാം അനുഗ്രഹിക്കുന്നു.
നാളെ മധ്യാഹ്നത്തിനു മുമ്പേ
ഒരു ധുനി പൂജയോടെ
നിങ്ങൾക്ക് യാത്രയാകാം
ധർമ്മരാജമുനി
നിങ്ങളെ നയിക്കും
ഇനിയൊരുകാലം വരെ
ഞാൻ
നിർവ്വാണ തപസ്സിൽ പ്രവേശിക്കുകയാണ്.
° ° ° ° °
ശിഷ്യന്മാർ അവരുടെ
പർണ്ണശാലകളിലേക്ക്
ഉറങ്ങുന്നതിനായി പ്രവേശിച്ചു.
മഹർഷിയുടെ പർണ്ണശാലയിൽ ദീപം തെളിച്ചശേഷം,
ധർമ്മരാജമുനി പതിവുപോലെ
ഗുരുവിന്റെ ശയ്യ വിരിച്ചു .
നന്മാനന്ദമഹർഷി സ്നേഹപൂർവ്വം
ധർമ്മനെ വിളിച്ചരികിലിരുത്തി
ധർമ്മരാജൻ ഗുരുപാദങ്ങൾ
നമസ്കരിച്ചു,
ധർമ്മൻ,
ഞാനനുഭവിച്ച് ആനന്ദിക്കുന്ന
ആ പ്രകാശചൈതന്യം
ഇപ്പോൾ നിനക്ക് കാണിച്ചുതരണമെന്നാണ്
ഞാനാഗ്രഹിക്കുന്നത് ,
മനസ്സ് പരിപൂർണ്ണമായും
ഏകഭാവമെത്തിയെങ്കിൽ
നിനക്ക് അത് ദർശിക്കാം
ഇല്ലെങ്കിൽ പിന്നീട്
സാധനയിലൂടെ അത് നിനക്ക്
നേടിയെടുക്കാം.
അത് നാമാകുന്നു
അത് നീയാകുന്നു
എന്ന് കാണുമ്പോൾ
ഈ ലോകമായ സർവ്വലോകവും
നീറഞ്ഞുനിൽക്കുന്ന ആ ചൈതന്യത്തിന്റെ അംശമായ നമ്മളിലേക്കും ആ ശക്തി
പ്രവേശിക്കൂം അപ്പോൾ
ആ ചൈതന്യവും
ഞാനും
ഒന്നായിത്തീരും
ഈ പ്രപഞ്ച ചൈതന്യമായ ഈശായും നീയും
രണ്ടല്ലാതായി മാറും
ഒരേ ചൈതന്യം കുടികൊള്ളുന്ന
നമ്മൾ രണ്ടല്ല ഒന്നായിമാറും
അങ്ങനെ ഒന്നിൽനിന്നും ഒന്നിലേക്കു
പകരുന്നതെല്ലാം നന്മയാകും .
നമ്മെ തഴുകുന്ന ആ ചൈതന്യത്തിൽ നിന്നും നാം
കൈക്കുമ്പിളിൽ കോരി
നമ്മുടെ ഉള്ളം നിറയ്ക്കുമ്പോൾ
ഉള്ളം പ്രകാശമാകും
അവിടെ നന്മയെ
നന്മ
പ്രതിഷ്ഠിക്കണം
എന്നിട്ടാ നന്മയെ സദാ പൂജിക്കണം
നന്മയെ മനനം ചെയ്യണം
പതിയെ പതിയെ
നന്മ നമ്മളെ കീഴടക്കും
പിന്നെ നമ്മളിൽ നിന്ന്
നന്മയല്ലാതൊന്നും പുറപ്പെടുകില്ല
അതിൽനിന്നുറവിടുന്ന
പരമാനന്ദം നാം
അനുഭവിക്കാൻ തുടങ്ങും അപ്പോൾ .
ഈ അനുഗ്രഹ വചനത്തോടെ
ശിഷ്യന്റെ ശിരസ്സിൽ കരംവച്ച്
ഒരു നാഴിക നീണ്ട
അനുഗ്രഹ തപസ്സിൽ ഗുരു പ്രവേശിച്ചു.
° ° ° °
അർദ്ധരാത്രിയോടടുക്കുകയാണ്
സമയം ,
വന്ദ്യ വയോധികനായമഹർഷി
ശന്തമായുറങ്ങൂന്നു.
ധർമ്മരാജമുനി
വിശറിയുമായി അരികിലിരിക്കുന്നു,
ധർമ്മരാജൻ ചിന്തകളിലാണ്ടുപോയി,
ഒൻപത് സൂര്യസഞ്ചാരകാലം കഴിഞ്ഞുപോയിരിക്കൂന്നു
പർണ്ണശാലയുടെയും
ധന രത്ന കലവറയുടെയും
സൂക്ഷിപ്പുകാരനും അധികാരിയുമായി
ഒരു സുവർണ്ണകാലം.
ഓരോ കാലവൂം വരുന്ന ശിഷ്യരുടെയും
രാജ ഭടന്മാരുടെയും ബഹുമാനങ്ങൾ
എത്ര സുഖമാണ് നൽകിയത്
നാളെമൂതൽ സാമന്തരാജാവ് ഭരണംനടത്തുന്ന ,തന്റെ
പട്ടിണിനാട്ടിൽ , ആ രാജ്യത്തെ
ദാരിദ്ര്യത്തിന്റെ മടിത്തട്ടിൽ
ഇനിയുമൊരു ജീവിതം….
ധർമ്മന്റെ മനസ്സ് ആകെ
കലങ്ങിമറിയാൻ തുടങ്ങി,
ചെറിയൊരു രാജ്യത്തെ
രാജഗുരുവായെങ്കിലും
ഇവിടെ നിന്നും വളരാനായില്ല
തന്റെ ലോകം ശൂന്യമാകുന്നത്പോലെ തോന്നി ധർമ്മന്
സമയം പോകെപോകെ
ധർമ്മന്റെ ശരീരത്തിൽ വിയർപ്പുകണങ്ങളുതിർന്നു
മുഖംചുവന്നു
മുഖമാകെ മുറുകിവന്നു
ശ്വാസഗതി പാടുപെട്ട്
ധർമ്മൻ അടക്കിനിർത്തി
ഗുരുവിന്റെ മുഖത്തേക്ക് നോക്കാതെ
പതിയെ അരികിലെത്തി
മഹർഷിയുടെ
കഴുത്തിൽ ചുറ്റിയിരുന്ന
സ്ഥാനോത്തരീയത്തിന്റെ
രണ്ടു തുമ്പുകൾ
ഇരുവശങ്ങളിലേയ്ക്ക്
ബലമായി വലിച്ചുപിടിച്ച്
ധർമ്മരാജമുനി
പുതിയൊരു തപസ്സിലേക്ക് കണ്ണടച്ചു.
° ° ° °
ബ്രാഹ്മമുഹൂർത്തത്തിൽ
ഗുരുപാദവന്ദനത്തിന്
ഉള്ളിലേക്ക് പ്രവേശിച്ച
ശിഷ്യർ കണ്ടത്
ശാന്തമായുറങ്ങുന്ന ഗുരുവിനെയാണ്
പാദങ്ങളിൽ വീണുകിടന്നുറങ്ങുന്ന
ധർമ്മരാജമുനിയേയും
അനക്കം കേട്ട് ധർമ്മൻ മുഖമുയർത്തി
അർദ്ധരാത്രി കഴിഞ്ഞും
ദിവ്യതേജസ്സ് പകർന്നുനൽകുകയായിരുന്നു ഗുരുനാഥൻ,
ഉറങ്ങിപ്പോയി,
ഗുരുവിനെ വിളിച്ചൂണർത്തൂ
ഞാൻ വേഗം ജലവുമായെത്താം
ധർമ്മൻ
മൺപാത്രം കയ്യിലെടുത്ത്
നദീയിലേക്കു നടന്നു,
ജലവുമായെത്തിയ മുനി
പർണ്ണശാലയിലെ നേർത്ത
വിലാപത്തിലേക്കാണ് കയറിച്ചെന്നത്,
ധർമ്മനെക്കണ്ടതും
അവർ കരഞ്ഞു പോയി
നമ്മുടെ ഗുരു നമ്മളെ വിട്ട് പോയി
ചിലർ വാവിട്ട് വിലപിച്ചുപോയീ,
ധർമ്മന്റെ കയ്യിൽനിന്നും
മൺപാത്രം താഴെവീണുടഞ്ഞു
ഗുരുപാദങ്ങളീലേക്ക്
കണ്ണീർപ്രവാഹമായി
ആ ശിഷ്യൻ വീണു,
ഏതാനും സമയം കടന്നൂപോയി
ധർമ്മരാജൻ മുഖമുയർത്തി
ഗുരുവചനങ്ങളാൽ
ലോകത്തെ നയിക്കേണ്ടത് നാമാണ്
ഗുരു പറഞ്ഞതോർമ്മയില്ലേ
ധുനി പൂജ
അത്
ഗുരുവിന്റെ ശരീരസ്ഫുടം തന്നെയാണ്
അതിനുള്ള മരങ്ങളടൂക്കുക
ഗുരുവചനം മറന്നോ
അത് നാമാകുന്നു
അത് നീയാകുന്നു
അതേ ഞങ്ങൾ
ഈശായുടെ അവതാരങ്ങളായിരുന്നു
നമ്മൾ രണ്ടല്ല ഒന്നാകുന്നു
അതേ ഇന്നലെരാത്രി
ഗുരു എന്നിലേയ്ക്ക് പകരപ്പെട്ടിരിക്കൂന്നു ,
ഇപ്പോൾ ആ അവതാരം
ഞാനായിത്തീർന്നിരിക്കുന്നു
ഗുരുവിന്റെ അവതാരലക്ഷ്യം
നമുക്ക്‌ പൂർത്തീകരിക്കണം
ഗുരുപാദത്തിൽ സമർപ്പിക്കപ്പെട്ട
സമ്പത്ത് മുഴുവൻ
അതിനായുള്ളതാണ്
അവയൊന്നും നഷ്ടപ്പെട്ടുകൂടാ
താമസിക്കരുത് ധുനീപൂജ താമസിക്കരുത്
ഗുരുവീന്റെ
കണ്ഠത്തിലണിഞ്ഞിരിക്കുന്ന
സ്ഥാനോത്തരീയം
എന്നെ അണിയിക്കുക
സ്ഥാനോത്തരീയമണിഞ്ഞ
ധർമ്മരാജമുനിയുടെ
പാദങ്ങൾ വണങ്ങി
ശിഷ്യർ
ധർമ്മരാജ ദേവന്റെ
അരുളപ്പാടുകൾക്കായി ഒതുങ്ങിനിന്നു.
ഗുരുവിന്റെ ചിതയെ വണങ്ങി
സ്വർണ്ണ,രത്‌ന കലവറയാകെ
കയറ്റിയ വള്ളങ്ങൾക്ക് പിന്നാലെ
ഭടന്മാരുടെ അകമ്പടിയോടെ
അവാതരമായ,
ധർമ്മരാജദേവൻ
നഗരത്തിൽ ദേവപീഠ ആസ്ഥാനമായി
ഗുരുവചന സ്വർണ്ണശാല തീർക്കുന്നതിനുള്ള യാത്ര ആരംഭിച്ചു.
VG.വാസ്സൻ.

അനന്താനന്ദാന്വേഷണം 16.

അനന്താനന്ദാന്വേഷണം 16.
^^^^^^^^^^^^^^^^^^^^^^^^^
ജനിജൻ
ആത്മാവുണർത്തി ജാഗരൂകനായി
ധ്യാനാവസ്ഥയിൽ ആയിരിക്കുന്നു
പ്രാവ്
ചിറകുകൾ വെയിലേൽക്കും വിധം
ചിറകുവിതിർത്തുവച്ച്
വലീയൊരു വൃക്ഷശിഖരത്തിൽ
സ്വസ്ഥമായി ഇരിക്കുന്നു,
മെല്ലെ മെല്ലെ
ഒരു പുൽമേട് തെളിയുകയായി
എന്തൊരുഭംഗിയാണതിന്
ഒരു ദ്വീപ് പോലെ കാണാം.
മുകളിൽ നിന്ന് കളകളംപാടി അലതല്ലി ചിരിച്ച് ഒഴുകിയെത്തിയ നദി,
രണ്ടായിപിരിഞ്ഞ് ആ പുൽ പരവതാനിയെ ചുറ്റിവന്ന് വീണ്ടും
ഒന്നായി ശാന്തമായൊഴുകുന്നു
പുൽമേടിന്റെ പടിഞ്ഞാറ് ഭാഗം
ഇടതൂർന്ന മുളംകാടിനാൽ സമൃദ്ധം,
അതിൽ നിറയെ പക്ഷികൾ
പറന്നുല്ലസിക്കുന്നു
പുൽമേടിനെ പുള്ളിയുടുപ്പാക്കുംപോലെ
വെൺമുയലുകൾ ചാടിയും
പുള്ളിമാനുകൾ ഓടിയുംകളിക്കുന്നു
ഹിംസ്രജന്തുക്കളോ
വിഷപാപാമ്പുകളോ ഇല്ലാത്ത
അതിസുന്ദരമായ കാനനപച്ച,
നദിയോരത്ത് ഒരരികിൽ
പന്ത്രണ്ട് മല്ലയോദ്ധാക്കൾ
മെയ് അഭ്യാസത്തിലും
ആയുധ പരിശീലനത്തിലും മുഴുകിയിരിക്കുന്നു
പരിചകൾ കൂട്ടിയിടിക്കൂന്ന
ചമൽക്കാരശബ്ദം
ഉറുമി പുളഞ്ഞു വീശുന്ന
സീൽക്കാരം
നെടു വടി വീശലിന്റെ ഹുങ്കാരശബ്ദം
ഏതോ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാർ.
° ° ° °
മനോഹരമായ ഒരു നൃത്തഗാനത്തിന്റെ
ശീലുകൾ എവിടെനിന്നോ നേർത്ത് ഒഴുകിയെത്തുന്നു
ആ ഗാനം തെളിമയുള്ളതായി
താഴെ നദിയിലൂടെ വലിയ ഒരു
അരയന്നം ഒഴുകിവരുന്നു
അരയന്നരൂപമുള്ള വലിയ തട്ട് പണിതിട്ടുള്ള അരയന്നത്തോണിയാണത്
നർത്തകിമാരുടെ നൃത്തം തുടരുകയാണ്
സിംഹാസനത്തിലിരിക്കുന്നത്
മഹാനായ മുസിരീസ് മഹാരാജാവ്
അദ്ദേഹം സന്തോഷവാനാണ്.
അരയന്നത്തോണി തീരത്തണഞ്ഞു
മല്ലന്മാരോടിയെത്തി
മഹാരാജാവിനെ വണങ്ങി
തോണിയുടെ തട്ട് തുറക്കപ്പെട്ടു
രത്നങ്ങൾ സ്വർണ്ണനിധികൾ
പവിഴവും മുത്തൂം അടങ്ങിയ
നിധികുംഭങ്ങൾ
മല്ലന്മാരും നർത്തകിമാരും
തലയിലേറ്റി.
പല്ലക്കിലേറിയ രാജാവും പരിവാരങ്ങളും
കിഴക്കേ ചരിവിലേക്ക് യാത്രയായി.
° ° ° °
അതാ
ഏതാനും പുൽക്കുടിലുകൾ
ചുറ്റുപാടുമുള്ള മാനുകൾ ചെവിവട്ടംപിടിച്ചു
അവ ഒതുങ്ങിനിന്നു
മുനികുമാരന്മാരുടെ ഗുരുകുലമാണവിടം
പരിചിതരെ പ്രതീക്ഷിച്ചെന്നപോലെ
ഉള്ളിൽ നിന്നും മുനികുമാരന്മാർ
നിരയായിറങ്ങിവന്നു
സ്വാത്വികമാനസനായ,
നന്മാനന്ദ മഹർഷി വരികയായി,
തൊട്ടുപിന്നിൽ പർണ്ണശാലയുടെ
ചുമതലക്കാരനും മഹർഷീയുടെ സന്തസഹചാരിയുമായ
ധർമ്മരാജമുനി,
രാജാവ് പല്ലക്കിൽനിന്നിറങ്ങി
ഗുരുവായ
നന്മാനന്ദമഹർഷിയെ സർവ്വാംഗനമസ്കാരം ചെയ്തു
അവീടുത്തെ അനുഗ്രഹത്താൽ
രാജ്യം അനുദിനം ശ്രേയസ് നേടുന്നു ഗുരോ,
ഗുരു ശിഷ്യന്റെ ശിരസ്സിലൂടെ കൈ തഴുകി
പർണ്ണശാലയുടെ ഉള്ളിൽ നിന്നാരംഭീക്കുന്ന ഭൂമിക്കടിയിലെ
നിധിയറയിലേക്ക്
ധർമ്മരാജൻ വഴികാണിച്ചു.
തുരങ്കത്തിലെ അള്ളയറകളിലെ
തിളങ്ങുന്ന നിധീകളിലേക്കുനോക്കുമ്പോൾ
ധർമ്മരാജന്റെ കണ്ണുകൾ
വല്ലാതെ തിളങ്ങിനിന്നു.
° ° ° °
നന്മാനന്ദമഹർഷിയുടെ
വാക്കുകൾക്കായി മുനികുമാരന്മാർ ചെവികൂർപ്പിച്ചു
കടലിലൂടെയുള്ള ഒരാക്രമണം സമ്പത്ത് നഷ്ടപ്പെടുത്താതിരിക്കാനാണ്
രാജാവ് ഈ വനത്തിൽ നിധിയറ ഉണ്ടാക്കിയത്
എന്നാൽ അതിനു മുകളിൽ
നാം പർണ്ണശാല കെട്ടിയത്
മനസ്സിനെ അടംക്കം ചെയ്യുന്നതിനാണ്
കഴിഞ്ഞ മൂന്നു സൂര്യസഞ്ചാരകാലം കൊണ്ട്
സ്വർണ്ണത്തിനും രത്നത്തിനും മീതെ കിടന്ന്
ശാന്തമായുറങ്ങാൻ നിങ്ങൾ പഠിച്ചു
സൂര്യൻ മൂന്നുവട്ടം
ഉത്തരദക്ഷിണ സഞ്ചാരം പൂർത്തിയാക്കി
ഇപ്പോൾ നേരേ
മേൽ ഇടം സ്ഥാനമാക്കീയിരിക്കുന്നു
അടക്കം ചെയ്യുക എന്നാൽ സംസ്കാരം ,
ഏതൊന്നിനെയാണോ ശുദ്ധീകരിച്ച്
സംസ്കരിച്ച് മികച്ച ഒന്നിനെ വീണ്ടെടുക്കുന്നത്
അതാണ് സംസ്കാരം.
ഞങ്ങൾ ഏഴു മഹർഷിമാരാണ്
ഭൂമിയുടെ തെക്കേയറ്റത്തെ കടൽമുനമ്പിൽ ഒത്തുചേർന്നത്,
സാധുജനങ്ങളുടെ പൂജാരാധനകൾക്കായീ
മുപ്പത്തിമു കോഠി
അഥവാ
മുപ്പത്തിമൂന്ന്. യഥാർത്ഥമായ
ദേവതാശക്തീകളെ
തിരിച്ചറിഞ്ഞ് ജനങ്ങൾക്കത് പകർന്നുനൽകി .
ഞങ്ങൾ അവിടെനിന്ന് യാത്രയായി
ഒരാളെങ്കിലും ഉത്തരാഗ്ര ഹിമഗിരിയിൽ
എത്തിച്ചേരുവാനുള്ളയാത്ര
ഇവിടെയെത്തിയപ്പോൾ
എനിക്കുള്ള ഇടമാണിതെന്നറിഞ്ഞ
ഞാൻ ഇവിടം പർണ്ണശാലാ കേന്ദ്രമാക്കി
ഒരു കാലം ഏഴു മഹർഷിമാരും ഒത്തുചേരാം എന്ന സത്യവാക്കീൽ
മറ്റ്‌ മഹർഷിമാർ യാതാര തുടർന്നു .
° ° ° °
മുനികുമാരന്മാർ അത്ഭുത പരതന്ത്രരായിരിക്കേ
പുറത്ത് ചെറുകാറ്റ് വീശാൻ തുടങ്ങി
കാറ്റിനു ശക്തി വർദ്ധിച്ചു വന്നു,
നന്മാനന്ദ മഹർഷി ശിഷ്യരുമായി
പുറത്തിറങ്ങി
മുളങ്കാടിനെ നോക്കി
ധ്യാനം ചെയ്യാനാവശ്യപ്പെട്ടു
കാറ്റീലാടിയുലഞ്ഞ മുളങ്കാട്
മെല്ലെമെല്ലെ
ഒരു ഹുങ്കാരസ്വരം പുറപ്പെടുവിച്ചു,
പതിയെ ആ സ്വരം തെളിഞ്ഞുവന്നു
ഊ..ഊ..ഉം..ഊ..ഉം
ഇപ്പോൾ അത് കാതുകളെയും
ശരീരത്തെയും പ്രകമ്പനം കൊള്ളിക്കുകയാണ്….
പൂർണ്ണമായി അത് തെളിഞ്ഞിരീക്കുന്നു
ജനിജൻ
ആകെ പ്രകമ്പിതനായി
ഊ...ഉം..ഉം...ഓ..ഓം..ഓം..ഓം..ഓം
ഓം കാര നാദം
ആ വനമാകെ മുഴങ്ങി
നന്മാനന്ദമഹർഷിയുടെ സ്വരം
കാതുകളിൽ അലയടിച്ചു
പ്രകൃതിയുടെ ആദ്യശബ്ദമാണ്
നാം കേൾക്കുന്നത്
പ്രകൃതിയുടെ
ആകെ മന്ത്രവും ഇതുതന്നെ
ഓം
ഓം കാരം
VG.വാസ്സൻ.

അനന്താനന്ദാന്വേഷണം 15.

അനന്താനന്ദാന്വേഷണം 15.
^^^^^^^^^^^^^^^^^^^^^^^^^
സാറിനെ പ്രാഥമിക ശുശ്രൂഷ നൽകി
രണ്ടു പേരുംകൂടി എടുത്ത് കിടപ്പുമുറിയിൽ
എത്തിച്ചു,
ബോധം വീണ്ടെടുത്ത തോമസ്ജോൺ
പരവശനായി
അനീഷ് പതിയെ തിരികെയെത്തി
റീപ്ളേ ബട്ടണിൽ വിരലമർത്തി
പറന്നടുക്കുന്ന അമ്പുകളും
ശരം തോൽക്കുന്ന വേഗതയിൽ
ഉയരത്തിൽ നിന്ന് പൂളഞ്ഞുപറക്കുന്ന പാമ്പും
ഒരേ ലക്ഷ്യം അനീഷിന് ഹൃദയം നിലച്ചപോലെ തോന്നി,
അമ്പുകളേ തോൽപ്പിച്ച് പാഞ്ഞടുത്ത പാമ്പ് പ്രാവിന്റെ ഉടലിനുനേർക്ക്
വായ് പിളർത്തി
ആ നിമിഷത്തിന്
സൂര്യകിരണ അകലത്തിൽ
പ്രാവ് ഒന്നു തത്തിച്ചാടി…
ആ സമയം ഉയർന്നുവന്ന
അഞ്ച് അമ്പുകൾ ആ ഉടൽ തുളച്ചു
കൊരുത്തുകിടന്നു
അനീഷിന്റെ ശരീരമാകെ വിറകൊണ്ടു
ആ വിഷപ്പാമ്പ് അമ്പുകളേറ്റ ഉടലുമായി
മരച്ചില്ലയിൽ തൂങ്ങിയാടി
അനീഷിൽ നിന്നും വലിയൊരു ദീർഘനിശ്വാസമുതിർന്നു
അനീഷ് ബഡ്റൂമിലേക്ക് ഓടുകയായിരുന്നു
ആവേശകരമായ ആ രംഗം കാണാൻ
സാറിനെ പിടിച്ചു വലിച്ചുകൊണ്ട്
തിരികെയെത്തി,
ആ മുറിയിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു.
° ° ° °
രാത്രി
തോമസ് ജോൺ പ്രാർത്ഥനയിൽ
മുഴുകിയിരിക്കുന്നു,
നിലവറയിൽ രണ്ടു സഹായികളും
ഉറക്കമിളച്ച് കരുതലോടെ ഇരിക്കൂവാൻ
വേണ്ട ഒരുക്കങ്ങളിലാണ്
പാതിരാവ് അടുത്തനേരം
ചെറിയ കാറ്റടിക്കുവാനാരംഭിച്ചു
നിമിഷനേരംകൊണ്ട്
അതിശക്തമായ കാറ്റ്
മരങ്ങളാടിയുലയുന്ന ഹുങ്കാരശബ്ദം
ജനൽപാളികൾ വന്നടിക്കുന്ന ശബ്ദം
പേടിപ്പെടുത്തുന്നതായി
തോമസ്ജോൺ
മുട്ടുകുത്തി കൈവിരിച്ച്
മുപ്പത്തിമൂന്ന് വട്ടമുള്ള
പരമപ്രധാനമായ
ആവർത്തനപ്രാർത്ഥനയിൽ
മുഴുകി
അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന്
ചുടുകണ്ണീർ ഒഴുകിയിറങ്ങി.
° ° ° °
ജിൻസി
വളരെ ശാന്തമായ ഒരു പ്രകൃതത്തിലേക്ക്
മാറിയിരിക്കുന്നു
പുറത്ത് ശക്തമായ കാറ്റടിക്കൂന്നതറിയുന്നുണ്ടെങ്കിലും
അവളുടെ മുഖത്ത് യാതൊരു ഭാവവത്യാസവും കാണാനില്ല
പ്രസവദിവസം ഡോക്ടർ പറഞ്ഞിരിക്കുന്നത് അടുത്തയാഴ്ച,
സഹായത്തിനുള്ള സ്ത്രീ
കാര്യങ്ങളെല്ലാം ചിട്ടയായി ക്രമീകരിച്ചിട്ടുണ്ട് എപ്പോൾ വേണമെങ്കിലും ആശുപത്രിയിൽ പോകുവാൻ ഡ്രസ്സ് വരെ പായ്ക്ക് ചെയ്തു വച്ചിരിക്കുന്നു,
പക്ഷേ ഇപ്പോൾ അവർ ഭയന്നുവിറച്ചിരിക്കുന്നു
തന്റെ മുറിയിൽനിന്നും ബെഡ് എടുത്ത്
ജിൻസിയുടെ തൊട്ടരികിൽ കൊണ്ടിട്ടു,
ഭയന്നിരുന്നു ഏതെല്ലാമോ പ്രാർത്ഥനകൾ ഉരുവിടുന്നു,ഇടയ്ക്ക് ഓരോ പിറുപിറുക്കൽ കേൾക്കാം
മാസം തികഞ്ഞപെണ്ണുമായി
തനിയെ,
കൊടുങ്കാറ്റുവീശുന്ന പാതിരാത്രി
അവരെ വല്ലാതെ പേടിപ്പിച്ചിരിക്കുന്നു
പെട്ടെന്നാണ് ജിൻസിക്ക് ഒരു നോവുപോലെ തോന്നിയത്
അടുത്തനിമിഷം അവൾ വേദനകൊണ്ടുപുളഞ്ഞു
ജിൻസി അമ്മേ...എന്ന് അലറിവിളിച്ചുപോയി
ആ സ്ത്രീ അറിയാതെ കരഞ്ഞുപോയി
ചതിച്ചോ ദൈവമേ…..
കാലനുറഞ്ഞുതുള്ളുന്ന രാത്രിയാണല്ലോ..
എന്റെ കൊച്ചിനെ കാത്തോണേ
പുറത്തെറങ്ങാൻമേലാത്ത ഈ രാത്രി
എങ്ങനെയെങ്കിലും വെളുപ്പിച്ചുതരണേ…
തന്റെ ധൈര്യമെല്ലാം ചോർന്നുപോകുന്നപോലെ തോന്നി
ജിൻസിക്ക്
ഇടവിട്ടിടവിട്ട് വരുന്ന വേദനയാൽ അവൾ പുളയാൻ തുടങ്ങി
ചേച്ചി അവളെ പൊതിഞ്ഞുപിടിച്ചു പ്രാർത്ഥിക്കുന്നുണ്ട്
പപ്പായെ വിളിക്കാനാവില്ല എന്നവൾക്കറിയാം
ജനിയുടെയോ കുഞ്ഞിന്റെയോ ജീവൻ
ഈരാത്രി അപകടത്തിൽ പെടും
എന്നൊരുഭീതി അവളെ വിഴുങ്ങി
ആ വേദനയ്ക്കിടയിലും
അവൾ പറഞ്ഞു
ആശുപത്രിയിൽ വിവരമറിയിക്കു ചേച്ചീ
അവർ ഫോണെടുത്തു…
ജിൻസി പതിയെ കൈയ്യെത്തിച്ച്
ബൈബിൾ വലിച്ചെടുത്തുതുറന്നു
അതുകമഴ്ത്തി തന്റെ നെഞ്ചോടുചേർത്തു.
° ° ° °
മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദംകേട്ട് തോമസ്ജോൺ
ചാടിയെണീറ്റ് പുറത്തെ ലൈറ്റിട്ടു
വേഗം പുറത്തിറങ്ങി
ആംബുലൻസ് കണ്ട് അദ്ദേഹം വിറങ്ങലിച്ചുപോയി
തൊണ്ടയിൽനിന്ന് ഒരാർത്തനാദം
എന്റെ മോളേ…….
അയാൾ മോളുടെ അടുത്തേക്കോടി
ഒരു നേഴ്‌സ് അദ്ദേഹത്തെ തടഞ്ഞുനിർത്തി
മോളെ ഇപ്പോൾ പുറത്തേക്ക് കൊണ്ടുവരും
പേടിക്കാനൊന്നുമില്ല
ഡോക്ടർ അകത്തുണ്ട്
മോൾക്കൊരു
ആൺകുഞ്ഞ് പിറന്നിരിക്കുന്നു.
സന്തോഷം നൽകിയ ആ നിമിഷത്തിലെ
മിഴിനനവിൽ അദ്ദേഹം ഭാര്യയെ മനസ്സിലൊന്നു ചേർത്തുപിടിച്ചു ,
സോഫായിലേക്ക് തളർന്നിരുന്നു
ജനാലയിലൂടെ പറമ്പിലെ കാഴ്ച
കണ്ട് അദ്ദേഹം ഞെട്ടിപ്പോയി
കാട്ടാനക്കൂട്ടം കയറീ മെതിച്ചപോലെ
മരച്ചില്ലകളും വാഴകളും ചെടികളും
ഒടിഞ്ഞു തൂങ്ങിയിരീക്കുന്നു
ഒരാന്തലോടെ ആദ്ദേഹം നിലവറയിലേക്ക്
ഓടി.
കിളിവാതിലിലൂടെ നോക്കിയപ്പോൾ
രാവീലെയുള്ള മൗനജപത്തിന
വിളക്ക് തെളിക്കുന്ന സഹായികളെ കണ്ട്
മനസ്സു തണുത്തു.
വേഗം മുത്തേടന്റെ ബന്ധനപ്പുരയിലേക്ക് ,
കളങ്ങളെല്ലാം മാഞ്ഞിരിക്കുന്നു
പക്ഷേ ഒൻപത് പന്തങ്ങളും എരീഞ്ഞുകൊണ്ടേയിരുന്നു
അത്ഭുതം തോന്നി ഓലമറച്ചുണ്ടാക്കിയ
ആ ഷെഡ്ഡിന് ഒരു കേടും പറ്റിയിട്ടില്ല
പാൽനദിച്ചെമ്പിൽ തലചായ്ച്ച് കൈവിരിച്ച് നിലത്തിരിക്കുകയാണ്
മുത്തേടൻ,
കാൽപ്പെരുമാറ്റം കേട്ട് മുത്തേടൻ
തലയുയർത്തി
ആ….കുഞ്ഞു വന്നോ
വല്ലാത്ത ഒരുരാത്രി
അതുകഴിഞ്ഞു
ഇനി ഒന്നും പേടിക്കാനില്ല
തോമസ്ജോൺ പെട്ടെന്ന്
മുത്തേടനെ കെട്ടിപ്പിടിച്ചു
സാറിന്റെ കണ്ണിൽ നീർപൊടിഞ്ഞു
മുത്തേടനും വല്ലാതെയായി
നമ്മുടെ കൊച്ച്… അമ്മയായി കേട്ടോ
ആൺകുട്ടി
മുത്തേടൻ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു
കുഞ്ഞു… വല്യപ്പനായി അല്ലേ
ഞാനെന്നാ വീട്ടിലോട്ട് ഒന്നു ചെല്ലട്ടെ,
കുറേദിവസമായി വീട്ടീന്നിറങ്ങിയിട്ട്.
തോമസ്ജോൺ കുഞ്ഞുവാവയെ
കാണാൻ ആകാംക്ഷയോടെ
വേഗം നടന്നു.
° ° ° °
ജനിയുടെ ആത്മാവ്
പ്രാവിന്റെ ശരീരവുമായി മരച്ചില്ലയിൽ
തളർന്നിരുന്നു
ഏതാനും മണിക്കൂറുകൾ കടന്നുപോയപ്പോഴാണ്
പ്രാവ് തന്റെ കണ്ണുകളിലെ ഭയത്തെ
കുടഞ്ഞെറിഞ്ഞത്
പതിയെ പതിയെ
സൃഷ്ടിയുടെ. താഴ് വര ,
ഇന്നും ഇടിമിന്നലിന്റെ അകമ്പടിയിൽ
പുതിയ ജീവിവർഗ്ഗങ്ങൾ ഉരുവം കൊള്ളുന്ന സൈലന്റ് വാലി,
അതിന്റെ രഹസ്യങ്ങൾ
ജനിജന്റെ കണ്ണുകളിലേക്ക്
തെളിച്ചുകൊടുക്കാൻ തുടങ്ങി.
° ° ° °
ടി.വി.സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾ കണ്ട് അനീഷ് വാപൊളിച്ചുപോയി
കാലചക്രം പുറകോട്ടുരുളുന്നപോല
പഴമയിലേക്ക് ഓരോ ദൃശ്യവും ഓടിക്കൊണ്ടിരുന്നു
കാളവണ്ടി യുഗത്തിൽ നിന്ന്
കുതിരയുടെ രാജഭരണ കാലവും കടന്ന് ,
അമ്പും വില്ലുമായി നടക്കുന്ന ഗോത്രജനതയും സ്ക്രീനിൽ വന്നു മറഞ്ഞു
ഇപ്പോൾ നഗ്നരായ മനുഷ്യർ വനത്തിൽ
ജീവിക്കുന്നു
ചെറു മൃഗങ്ങളെ കൂർത്ത കല്ലിനെറിഞ്ഞു വീഴിച്ച് മൃഗങ്ങളെപ്പോലെ പച്ചമാംസം തിന്നുകയാണ് ചിലർ ,
വേറേ ചിലർ കിഴങ്ങ് മാന്തി
പച്ചയ്ക്ക് കടിച്ചുപറിച്ചു തിന്നുന്നു.
പെട്ടന്നാണ് മൃഗങ്ങൾ കൂട്ടത്തോടെ ഓടുന്നത് കണ്ടത്
മനുഷ്യരും മൃഗങ്ങളുടെ പിറകേ ഓടാൻ തുടങ്ങി
ഒരു പുൽപ്പരപ്പിൽ മൃഗങ്ങളും
മനുഷ്യരും എത്തിച്ചേർന്നു
മൃഗങ്ങൾ നോക്കുനാന ദിക്കിലേക്ക്
നോക്കിയ മനുഷ്യർ വിറയ്ക്കാൻ തുടങ്ങി
സൂര്യനേപ്പോലെ ഉള്ള ഒരുസാധനം
വനത്തിലൂടെ പടർന്നുവരുന്നു
അത് കടന്നുപോയിടത്തെ മരങ്ങളെല്ലാം
രാത്രിയുടെ നിറമായീരിക്കുന്നു ,
ശൂശൂശ്ളൂശ്ളൂ ശബ്ദത്തോടെ വന്ന അതിന്റെ കാറ്റടിച്ചപ്പോൾ അവർ
ശൂ ശൂ. ശൂട് എന്ന് വിളിച്ചുകൂവി
പുൽപ്പരപ്പിനു മുന്നിൽ വന്നത് കെട്ടടങ്ങി
രണ്ട് രാത്രി കഴിഞ്ഞ് അവർ
ആ ഇരുണ്ട വനത്തിലൂടെ തിരികെ നടന്നു
വിശന്നു വലഞ്ഞ ചിലർ
കരിഞ്ഞുകിടക്കുന്ന വള്ളികൾക്ക് താഴെ മാന്തി കിഴങ്ങെടുത്തു
അത് കടിച്ചതും
അവർ സന്തോഷത്താൽ തുള്ളിച്ചാടി
ചിലർ മുള്ളുടക്കി കരിഞ്ഞു കിടന്ന
ഒരു മാനിന്റെ കാലിൽ പിടിച്ചു വലിച്ചു
ആ കാല് ശരീരത്തിൽ നിന്ന് വിട്ട്പോന്നു
ഒരു മണം അവിടെ പരന്നൂ
അത് വായിലേക്ക് വെച്ച അവർ ,
സൂര്യനിറമുള്ള ആ ശൂട് തേടി നടന്ന് കണ്ടെത്തി
അതിലേക്ക് ഉണങ്ങിയ ചുള്ളിക്കമ്പുകളിട്ട് വളർത്തി
അതിനെ വരുതിയിലാക്കി
അതിലേക്ക് പിടിച്ച മൃഗത്തേയും
മാന്തിയ കിഴങ്ങും ഇട്ട്
ശൂട്ട് തിന്നാൻ തുടങ്ങി.
https://m.facebook.com/groups/1106244119458074?view=permalink&id=1721115054637641
VG.വാസ്സൻ.

അനന്താനന്ദാന്വേഷണം.14.

അനന്താനന്ദാന്വേഷണം.14.
^^^^^^^^^^^^^^^^^^^^^^^^^
കർമ്മങ്ങളിൽ മുഴുകിയിരുന്ന
മുത്തേടന്റെ കണ്ണുകളിൽ ഒരുതിളക്കം അലയടിച്ചു,
തോമസ്ജോണിനെ വിവരമറിയിക്കാൻ
മകനെ പറഞ്ഞയച്ചശേഷം
പതിയെ അനങ്ങാതെ എണീറ്റ്
ഒൻപത് ദീപക്കാലിലും എണ്ണപകർന്നു
വിശ്വസിക്കാൻ പറ്റാത്തപോലെ സൂക്ഷിച്ചുനോക്കി,
പാൽനദിച്ചെമ്പിലെ വാഴനാര് വലയിൽ
ഒരുപ്രാവ് പറന്നിറങ്ങി ശാന്തമായി
പാൽ കൊത്തിക്കുടിക്കുന്നു
വലയിൽ അങ്ങിങ്ങ് നടന്ന് പാൽ കൊത്തിക്കുടിച്ചിട്ട്,വലയിൽ പതുങ്ങിയിരുന്നു
ഇവിടെങ്ങും കാണാത്ത നിറമാണതിന്
വലുപ്പം കൂടുതലുംഇളം തവിട്ട്നിറം
ചിറകുകൾക്കരികിലൂടെ പുരികവണ്ണത്തിൽ ഇളംകറുപ്പുവര
അത് കണ്ണടച്ചിരിക്കുന്നു.
നോക്കിനിൽക്കേ മുത്തേടൻ ഞെട്ടിത്തരിച്ചു,
പ്രാവിന്റെ ഉടൽ ചെരഞ്ഞു വീണിരിക്കുന്നു
അതേ അതിന്റെ ജീവൻ പറന്നകന്നു,
ഡോക്ടറും
ജോമീയും,അനീഷും പാഞ്ഞെത്തി.
മുത്പേടനും മകനും ചേർന്ന് ബന്ധനപ്പുര
കളമെഴുതി നിറദീപങ്ങളാൽ മന്ത്രബലംവരുത്തി.
ഡോക്ടറും ജോമിയുംകൂടി
പ്രാവിന്റെ ശരീരത്തിൽ
ബ്രയിൻ റീഡർ ഘടിപ്പിച്ചു
താഴെ ചെറിയോരു സിഗ്നൽ ചിപ്പും
മുകളിൽ കുഞ്ഞു സോളാർ ബാറ്ററി
തലയോട്ചേർന്ന് കടുകുമണിപോലെ രണ്ട് റിസീവറുകൾ
ഇപ്പോൾ ഒരോ യന്ത്രപ്രാവ് എന്നു തോന്നും
മുകളിലും താഴെയും നല്ല തിളങ്ങുന്ന
വെള്ളിനിറം.
* * *
തോമസ് ജോൺ ഇരുകണ്ണുമടച്ചു പ്രാർത്ഥനയിലാണ്
ജനിജൻ വിവേചിക്കാനാവാത്ത വികാരങ്ങളോടെ ധ്യാനപൂർവ്വം
വലിയൊരു ഓട്ടുരുളിയിൽ നിൽക്കുകയാണ്
കണ്ണുതുറന്ന തോമസ്ജോൺ
കിണ്ടിയിൽ കരുതിയിരുന്ന എണ്ണ
ജനിയുടെ ശിരസ്സിലൂടെ ധാരയായി ഒഴിക്കുകയാണ്
ജനിജൻ
ഇനിയും തന്റെമേൽ ഏതെങ്കിലും ദോഷമോ അശുദ്ധിയോ ഉണ്ടെങ്കിൽ
അതിനെ ഇല്ലായ്മചെയ്യാൻ
ആ എണ്ണ ശരീരമാകെ ലേപനം ചെയ്തു.
ഉണ്ണീ,
ഒരു വാക്കേ എനിക്കിനി പറയാനുള്ളൂ,
സൂഷ്മതയാണ് ഏത് വിദ്യയും ഫലമണിയിക്കുന്നത്
ഭൂമിമുഴുവൻ പ്രകാശംതരുന്ന വലിയ സൂര്യന്റെ കിരണങ്ങളിൽ
കണ്ണുചീമ്പി നോക്കുമ്പോൾ കാണുന്ന
പ്രകാശകണികയാണ്
നീളത്തിനെ അളക്കുന്ന അളവുകോലിന്റെ സൂഷ്മാംശം
ഈ സൂഷ്മാംശങ്ങളിൽ കണ്ണെത്തുമ്പൊഴേ വിദ്യ സിദ്ധിയാവുകയുള്ളൂ.
നിലവറയിലെത്തിയ ജനിജൻ
മന്ത്രോച്ചാരണങ്ങളോടെ
ഏഴ് തിരിയിട്ട അഞ്ച് വിളക്കുകൾ തെളിച്ചോ
ദൈവനാമത്തിൽ ഒരുദീപം
ചിരാതിൽ തെളിച്ച് തറയിൽ വച്ചു
വികാരഭരിതമായ നിമിഷം
സഹായികളുടെപോലും ശ്വാസഗതി ഉയർന്നുവന്നു
ജനിജൻ എണ്ണത്തോണിയിലേക്ക്
വജ്രാസനത്തിൽ ഇരുന്നു
നമസ്കരിച്ചശേഷം തിരിഞ്ഞ്
കാൽനീട്ടി കൈകൾ വശങ്ങളിൽ പിടിച്ച്
തലമാത്രം എണ്ണയുടെ മുകളിൽ കാണും വിധം കിടന്നു
മന്ത്രാക്ഷരങ്ങൾ ആയിരത്തിഒന്ന്
ഉരുവിടാൻ തുടങ്ങി,
മന്ത്രജപം പൂർത്തീകരണമായ നിമിഷം
കരങ്ങൾ പിടിയയഞ്ഞ് എണ്ണത്തോണിയിലേക്ക് മുങ്ങിപ്പോയി
കണ്ണുകളിൽ നിന്നും ചലനത്തെ വലിച്ചെടുത്തുകൊണ്ട്
ജനിജന്റെ. ആത്മാവ് പറന്നുയർന്നു,
സഹായികൾ ചമതയില എടുത്ത്
പ്രാർത്ഥനയോടെ ജനിയുടെ
മുഖം ചമതയിലകളാൽ പൊതിഞ്ഞുമൂടി.
° ° °
ഒരുറക്കത്തിൽ നിന്നെന്നപോലെ
പാൽനദിച്ചെമ്പിൽ
പ്രാവ് എണീറ്റുനിന്നു
ചിറകടിച്ചുയർന്ന് ചെമ്പിനൊന്ന് വലംവച്ച്
ജനിയുടെ ആത്മാവ് പ്രാവിന്റെ ശരീരവുമായി
ഈശാനദിക്ക് ലക്ഷ്യമാക്കി
പറന്നകന്നു.
എല്ലാവരെയും ഒരമ്പരപ്പ് ബാധിച്ചിരിക്കുന്നു ആരും സംസാരിക്കുന്നില്ല
തോമസ്ജോണിന്റഞ ശ്വാസഗതി
ബന്ധനപ്പുരയും കടന്ന് വെളിയിൽ കേൾക്കാം.
അനീഷ് മൗനം മുറിച്ചു
വരൂ നമുക്ക് ടിവി റൂമിലേക്ക് പോകാം.
മുത്തേടനാണ് മറുപടി പറഞ്ഞത്,
നിങ്ങൾ നടക്ക്
കുഞ്ഞിവിടെ നിൽക്കട്ടെ,
കുഞ്ഞേ
ഈ രാത്രി വളരെ പ്രധാനപ്പെട്ടതാണ്
ആത്മാവില്ലാത്ത ഒരു ശരീരം
ഇവിടെയുണ്ട്
അതറിഞ്ഞെത്തിയ ദുരാത്മാക്കൾ പുറത്തും പേടിക്കരുത്
വേണ്ട പ്രാർത്ഥനാ കരുതലുകൾ എടുക്കണം
രണ്ടുവീടുകളുടെയും കോടിക്കോണുകൾ
ബനഡിക്ടൻ കുരിശ് സ്ഥാപിച്ചുറപ്പിക്കണം
എന്ത് ശബ്ദം കേട്ടാലും നോക്കരുതെന്ന്
മോളെ പറഞ്ഞു മനസ്സിലാക്കണം.
° ° ° °
ടി.വി.സ്ക്രീനിനു മുന്നിൽ
ആശങ്കയോടെ ഇരിക്കുകയാണ്
തോമസ് ജോണും
ജോമിയും,അനീഷും
യാതൊരോ സിഗ്നലും തെളിയാതെ
മണിക്കൂറുകൾ കടന്നുപോയിരിക്കുന്നു
ഫാനിന്റെ കീഴിലിരുന്നിട്ടും
തോമസ്ജോണിനെ വിയർത്തൊഴുകി
മകന്റെ ജീവനും മകളുടെ ജീവിതവും
ഏതോ തുലാസിലാടുന്ന തോന്നൽ
ഒരു ശ്വാസംമുട്ടൽ പോലെ സാറിനെ വിഷമിപ്പിച്ചു,
അഞ്ച് മണി കഴിഞ്ഞുകാണും
പെട്ടെന്ന് ടിവി സ്ക്രീൻ ഒന്നു തുള്ളിതിളങ്ങി,
അനീഷ് വേഗം സിസ്റ്റം പരമാവധി ക്ളാരിറ്റിയിൽ കൊണ്ടുവന്നു,
പതിയെ ഇളംവെയിലിൽ തിളങ്ങുന്ന
നിഴൽച്ചാർത്തു വീണ
ഒരു വനം തെളിഞ്ഞുവന്നു,
വലിയൊരു ദീർഘനിശ്വാസത്തോടെ
മൂന്നുമുഖങ്ങളും പുഞ്ചിരിയിലേക്കുവന്നു
ജോമി അനീഷിന്റെ കൈപിടിച്ച് കുലുക്കി
സന്തോഷം പ്രകടിപ്പിച്ചു.
അനീഷേ ലൊക്കേഷൻ സെർച് ചെയ്യ്
എവിടാണെന്ന് നോക്കാം
ഒരുമിനിട്ടിനകം അനീഷിന്റെ
മറുപടിവന്നു,
സൈലന്റ് വാലി ആണ് കാണുന്നത്,
തോമസ് ജോൺ ചാടിഎണീറ്റു
ഇരുവരുടെയും തോളിൽ കൈവച്ച്
അദ്ദേഹം ഉറക്കെപ്പറഞ്ഞു,
ലക്ഷ്യത്തിലേക്ക് തന്നെ…
സൈലന്റ് വാലി..
സൃഷ്ടിയുടെ താഴ്വവരയായ വനം
അതേ അതുതന്നെ
മരങ്ങളും പക്ഷികളുമായി
വനശബ്ദങ്ങൾക്കിടയിൽ പെട്ടെന്നാണ് മനുഷ്യസ്വരം കയറിവന്നത്
ആണ്ടൊരു മിനുമിനുപ്പൻ പക്കി.
ചിത്രം പതിയെ തെളിഞ്ഞു,
വനനരന്മാരുടെ കുട്ടികൾ
അമ്പും വില്ലും കുട്ടയുമൊക്കെയായി
അഞ്ചാറ് കുട്ടികൾ
ജനിജന്റെ ചിന്തകൾ കാഴ്ചകൾ എല്ലാം
നമുക്ക് കാണാം അതെല്ലാം ഡോക്യുമെന്ററി ആയി എല്ലാ എഫക്റ്റോടുംകൂടി തയ്യാറാക്കണം
ജോമി അനീഷിനെ ഓർമ്മപ്പെടുത്തി
സാറിനെ ധൈര്യപ്പെടുത്താനുള്ള
ജോമിയുടെ സംഭാഷണം
മനോഹരമായ ഒരു പുഞ്ചിരിയിൽ അനീഷ്
സ്വീകരിച്ചു.
മുന്നിൽ തെളിഞ്ഞ ദൃശ്യം കണ്ടമൂന്നുപേരും വിറച്ചുപോയി
പ്രാവിനു നേരേ ഉന്നംപിടിച്ച് അമ്പുകുലച്ച്
നിൽക്കുന്ന കുട്ടികൾ..
പുറകിലൊരു ഉയർന്ന മരച്ചില്ലയിൽ
പ്രാവിനുനേരേ വായ് തുറന്ന
പട്ടംപോലെ ഉടൽവിരിച്ച
ഒരു പറക്കും പാമ്പ്….
ഒരു നിമിഷം
തോമസ്ജോൺ ബോധരഹിതനായി
നിലംപതിച്ചു.
VG.വാസ്സൻ

അനന്താനന്ദാന്വേഷണം. - 13

അനന്താനന്ദാന്വേഷണം.
^^^^^^^^^^^^^^^^^^^^^^
ക്ഷീരധാരാ പ്രാർത്ഥനയ്ക്കുശേഷം
ജനിജൻ നിലവറയിൽ പ്രവേശിച്ചിട്ട്
ഇന്ന് ഇരുപത്തിഒന്നാം നാൾ
നിലവറക്കിണറിൽ നിന്ന്,
പഞ്ചശിരസ്സ് കൊത്തിയ എണ്ണത്തോണി
പതിയെ ഉയർന്നുവരുന്നു
സഹായികളായെത്തിയവർ
കാര്യങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു
നിലവറമധ്യത്തിലേക്ക് എണ്ണത്തോണി
കയറിട്ട് വലിച്ചുകയറ്റുകയാണ്.
നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ട്
കരിവീട്ടിപോലെ കറുത്തഴകാർന്ന
എണ്ണയുടെ മിനുമിനുപ്പ് വെളിച്ചംഅടിച്ച്
തിളക്കംപകർന്നു.
അസാധാരണമായ ഒരു മൗനം എല്ലാവരേയും ബാധിച്ചിരിക്കുന്നു
അത്യപൂർവ്വമായ താളിയോലകൾ
തിരഞ്ഞെടുത്ത്
തോമസ്ജോൺ ജനിജന് കൈമാറിക്കൊണ്ടിരുന്നു
ധ്യാനാവസ്ഥയിൽ ഓരോ കർമ്മങ്ങളുടെയും പ്രയോഗവിന്യാസങ്ങൾ
ജനിജൻ മനസ്സിലുരുവിട്ടുകൊണ്ടിരുന്നു,
മുഖാവരണത്തിനുവേണ്ടി എത്തിച്ച
ചമതയിലകൾ പരിപൂർണ്ണമായി
പരിശോധിച്ച് കൃമികീട മുക്തമെന്ന്
ഉറപ്പുവരുത്തി എണ്ണത്തോണിയുടെ
വലത്തു തലയ്ക്കൽ
എടുത്തുവച്ചിരിക്കുന്നു
പ്രാർത്ഥനാപൂർവ്വം തോണിയിലേക്ക്
എണ്ണപകരൽ ആരംഭിച്ചു
ധാരധാരയായി തടസ്സമില്ലാതെ
ഒരാത്മാക്കളും കേൾക്കാത്തവിധം
നിശബ്ദമായി ഒരു കുമിളപോലുമുയരാതെ,
കത്തിച്ചുവച്ച അഞ്ചുതിരിവിളക്കിനെ
പഞ്ചഭൂത പഞ്ചേന്ദ്രിയ പ്രതീകമായി
സാക്ഷി നിർത്തി
എണ്ണപകരൽ തുടരുകയാണ്
° ° °
മുത്തേടൻ തന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു
ഇനി ചെമ്പിനുമുകളിൽ
വാഴനാര് വല ഉറപ്പിക്കൽ മാത്രമാണ് അവശേഷിക്കുന്നത്
തോമസ്ജോൺ എല്ലാ സഹായവുമായി
കൂടെയുണ്ട് പക്ഷേ പറയുന്നതിനപ്പുറം
ഒന്നിലും തൊടാൻപോലും
മുത്തേടൻ സമ്മതിക്കുന്നില്ല
കുഞ്ഞ് അതിൽ തൊടണ്ട എന്ന്
പറയുമ്പോൾ
അറിയാതൊരു ഭയം ഉള്ളിലേക്ക്
അരിച്ചുകയറുന്നത് അനുഭവപ്പെടുകയാണ്,
ജനിച്ചനാൾമുതൽ കാണുകയും
കൂട്ടുകാരെപ്പോലെ കഴിയുകയും ചെയ്ത
മനുഷ്യന്റെ കണ്ണിൽ ഇന്നുവരെ കാണാത്ത
തിളക്കം കണ്ട് തോമസ്ജോണിന്റെ മനസ്സ്
പതറിപ്പോകുന്നു
അനുദിനം മാറിയിടുന്ന
ക്ഷീരനദീജലസംയുക്തം
ഇന്നുമുതൽ അനക്കമില്ലാതെ കിടക്കണം
പാലിൽ പരന്നുകിടക്കുന്ന വിധത്തിൽ
വാഴനാര് വല
ചുറ്റോടുചുറ്റും വാഴപ്പോളകൊണ്ട്
കെട്ടിയുറപ്പിക്കുകയാണ്.
മുത്തേടൻ
എന്തോ ഒരു ശക്തി തന്നിൽ ആവേശിച്ചതുപോലെ സ്വയംമറന്ന്
ഓരോ കർമ്മവും മന്ത്രസിദ്ധിയാലെന്നപോലെ
തികഞ്ഞ സാധനയായി ചെയ്യുകയാണ്.
ഇന്ന് ഇരുപത്തിഒന്നാം ദിവസമാണ്
അടുത്ത ഏഴുദിവസങ്ങൾ
അതിപ്രധാനം
മുത്തേടൻ മൗനമായി ഇരുന്ന്
കളമെഴുതിയിട്ടത് വീണ്ടും തെളിച്ചുകൊണ്ടിരുന്നു,
എന്തൊക്കെ സംഭവിക്കും എന്ന വ്യക്തത
ഇല്ലാതെ തോമസ്ജോൺ
ബന്ധനപ്പുരയ്ക്ക് പുറത്ത്
ചിന്താഭാരത്തോടെ ഉലാത്തുകയാണ്.
° ° °
കാമറയിൽ അത്ഭുതംവിരിയിക്കുന്ന
അനീഷും സഹായികളും
രണ്ട് ദിവസമായി തോമസ്ജോണിന്റെ വീട്ടിലെത്തിയിട്ട്
പുറത്തേക്ക് തുറസ്സുകളില്ലാത്ത ഒരു മുറി
സ്റ്റുഡിയോ റൂമായി രൂപമാറ്റം വരുത്തുകയാണവർ
ആത്മാവിന്റെ കാഴ്ചയുംചിന്തയും
ഒരുപോലെ ദൃശ്യമാകാൻ
വലിയൊരു ടിവി സജ്ജീകരിച്ചിരിക്കുന്നു
റൂമിന്റെ എയർപോയിന്റുകളും ലൈറ്റ് പോയിന്റുകളും പരിപൂർണ്ണമായി
സീൽചെയ്ത് ആൽബംകാർഡ് അടിച്ച്
ഡാർക്ക് റൂം സെറ്റ് ചെയ്തിരിക്കുന്നു.
സന്ധ്യയോടെ ജോമിയും എത്തിയതോടെ
തോമസ്ജോൺ തളർച്ച മറന്ന്
കാര്യങ്ങളൊക്കെ വിവരിച്ചു,
ജോമി ഏൽപിച്ചിരുന്ന ബ്രെയിൻ റീഡർ
സിസ്റ്റവുമായി കണക്ട് ചെയ്ത്
ഓണാക്കി.
അനീഷ് അതിന്റെ
ക്യാച്ചിംഗ് നോബുകൾ തന്റെ
ശിരസ്സിലേക്ക് പതിപ്പിച്ചു
ടി.വി. സ്ക്രീനിൽ അവ്യക്തമായ
ചിത്രങ്ങൾ തെളിഞ്ഞുവന്നു
മൗനം തിങ്ങിനിന്ന അന്തരീക്ഷം
പെട്ടെന്ന് സന്തോഷം പകർന്ന ചിരിയിലേക്ക് തെളിഞ്ഞുവന്നു.
തുടരും.

VG Vassan

അനന്താനന്ദാന്വേഷണം. 12

അനന്താനന്ദാന്വേഷണം. 12
^^^^^^^^^^^^^^^^^^^^^^^^^
ഏറ്റുമാനൂര് ഉത്സവത്തിന്റ
എട്ടാം ഉത്സവരാവ് ഉച്ചസമയത്തെ ഉത്സവബലി ദർശനം മുതൽ ജനിജൻ പരിപൂർണ്ണ മനോലയം അനുഭവിച്ചു ചിന്തകളില്ലാത്ത ധ്യാനഭാവം പൂണ്ടിരിക്കുന്നു
പഞ്ചവാദ്യത്തിന്റെ പകൽ പ്രകമ്പനം സൃഷ്ടിച്ച പ്രകമ്പനോർജ്ജം
രാത്രിയുടെ ആദ്യ യാമത്തിൽ
നാഗസ്വരത്തിന്റേയും തകിലിന്റെയും
ഉച്ചസ്ഥായിയിൽ മനുഷ്യമനസ്സുകളെ
ഏകാഗ്രമായ ഒരുണർവ്വിൽ നിർത്തി ആനന്ദമനുഭവിപ്പിച്ചുകൊണ്ടിരുന്നു
ജനിജന്റെ മിഴികൾ പാതിയടഞ്ഞ്
ആനന്ദസായൂജ്യം പ്രതിഫലിപ്പിച്ചു.
അർദ്ധരാത്രിയും ഒരുനാഴികയുമായി
ഏഴരപ്പൊന്നാനദർശന മുഹൂർത്തം
ഒഴുകിയെത്തിയ ജനങ്ങൾക്കു മുന്നിൽ
ആ പുണ്യ വാതിലുകൾ തുറക്കപ്പെട്ടു,
ഭക്തജനങ്ങളിൽ നിന്നുയർന്ന
പ്രാർത്ഥനാ മർമ്മരങ്ങളിൽ
ലയിച്ച് ജനിജൻ
ആ ദർശന സായൂജ്യം നേടി
ഇനി കർമ്മങ്ങളുടെ തുടർച്ചയ്ക്കായി
രാത്രിയുടെ അകമ്പടിയിൽ ഏകനും
മൗനിയുമായി നേരേ ബന്ധനപ്പുര ലക്ഷ്യമാക്കി നടന്നു.
മുത്തേടനോടൊപ്പം അകത്തേക്ക് കടന്ന ജനിജന്റെ കൈയ്യിലേയ്ക്ക് നൂറ്റൊന്നു ദീപം തെളിക്കാനുള്ള കൈത്തിരി പകർന്നു നൽകി
ഗണിത ചിത്രങ്ങൾക്കനുസൃതമായി
നിരത്തിയ മൺചിരാതുകൾ
തെളിഞ്ഞ് ചിത്രദീപം ചാർത്തിനിന്നു.
അതിരാവിലെ ഗേറ്റ് തുറന്ന്
അക്ഷമയോടെ തോമസ്ജോൺ
മുറ്റത്തുകൂടി നടക്കുകയാണ്
പ്രഭാതമാകാൻ ഇനി അധികസമയമില്ല,
മുറ്റത്തേയ്ക്ക് ഒരുകാറ് വന്ന് നിന്നു
ജോമി,അനീഷ്,ഡോ.ഇക്ബാൽ
തോമസ് സാറ് മൂവരേയും കൂട്ടി വേഗം നടന്നു,
മുത്തേടൻ
ബന്ധനപ്പുരയിൽ നൂറ്റിയൊന്ന്
മൺചിരാതുകൾ തെളിച്ചിരിക്കുന്നു
എട്ടു മുത്തപ്പന്മാരെ പ്രതീകവത്കരിച്ച്
എട്ട് ദിക്കിലും തീപ്പന്തങ്ങൾ
മധ്യഭാഗത്തായി വച്ച ചെമ്പിൽ കാൽഭാഗത്തോളം പാലൊഴിച്ചിരിക്കുന്നു
മൺചിരാതുകളുടെ മധ്യേ പ്രാർത്ഥനാനിരതനായി ജനിജൻ.
മൂവരും കാലും മുഖവും കഴുകി വെള്ള വസ്ത്രം ധരിച്ച് അകത്തേക്ക് കയറി,
തോമസ്ജോൺ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു
പ്രപഞ്ചചൈതന്യവും
പ്രകാശംപോലെയും കാറ്റുപോലെയും
ജീവജാലങ്ങളെ സദാ തഴുകി നിൽക്കുന്ന
ദൈവികഭാവമേ
അവിടുത്തെ പ്രതീകമായി ഇവിടെ
വച്ചിരിക്കുന്ന വെൺ നിറമാർന്ന പാലിൽ,
അവിടുത്തെ ചൈതന്യത്തെ സദാ തപോധ്യാനം ചെയ്യുന്നവരിൽ അങ്ങ് അനുഭവവേദ്യമാകുന്ന ഇളംമഞ്ഞ ദീപ്രകാശ പ്രതീകമായി കണ്ടുകൊണ്ട്
അൽപം മഞ്ഞൾ ചേർക്കുന്നു.
മുത്തേടൻ പാല് നന്നായി ഇളക്കിച്ചേർത്തു
ഇപ്പോൾ പാല് ഇളംമഞ്ഞ നിറത്തിലായി
നദിയിൽ നിന്ന് കൊണ്ടുവന്ന ജലം
ചെറിയ ചെമ്പ് കുടത്തിൽ നെഞ്ചോട് ചേർത്ത് മൂന്നുപേരും പ്രാർത്ഥനാപൂർവ്വം നിന്നു
ഇക്കാണുന്നവയിലെല്ലാം ബാലനെപ്പോലെ,
മനസ്സുപായിക്കുന്ന ഇക്ബാൽ എന്ന ഞാൻ
എന്നിലെ നന്മയും ബലഹീനതയും
ആത്മാവും ആകുന്ന മൂന്നിനെയും എന്നെത്തന്നെയും
ത്രൈതാത്രൈതമായി അങ്ങിൽ സമർപ്പിക്കുന്നു
ചെമ്പുകുടത്തിലെ ജലം
നെഞ്ചിൽ മനസ്സിന്റെ ഇരിപ്പിടമായ
അനാഹതചക്ര സ്ഥാനത്ത് ചേർത്ത്
ശിരസ്സ് ശമിക്കും വിധം കുനിഞ്ഞ്
പാലിലേക്ക് ജലം സമർപ്പിച്ചു.
അനിയന്ത്രിതമായ ഇഷ്ടങ്ങളിൽ ബന്ധനസ്ഥനായ യൗവ്വനം പാലിക്കുന്ന
അനീഷ് എന്ന ഞാൻ
എന്നിലെ ത്രൈതാത്രൈത ഭാവങ്ങളെ
അങ്ങിൽ സമർപ്പിക്കുന്നു.
ജലം സമർപ്പിച്ചു നിവർന്ന അനീഷിന്റെ കണ്ണിൽ ആവാച്യമായ അനുഭൂതി നിറഞ്ഞു.
ജഗത്തിന്റെ യോഗഭാവങ്ങളിൽ മിതത്വം പാലിക്കുന്ന ജോമി എന്ന ഞാൻ
എന്നിലെ
ത്രൈതാത്രൈത ഭാവങ്ങളെ അങ്ങിൽ സമർപ്പിക്കുന്നു.
മുത്തേടന്റെ നിർദ്ദേശമനുസരിച്ച് ജനിജൻ
മുട്ടുകുത്തി കുനിഞ്ഞ് ചെമ്പിലേക്ക് ശിരസ്സ് നമിച്ചു നിന്നു
മൂന്നുപേരും മൂന്നുവട്ടം ചെമ്പിൽ നിന്നുമെടുത്ത പാൽ ജനിജന്റെ ശിരസ്സിലൂടെ ധാരയായൊഴുക്കി.
“ ° °
ഓരോദിനവും മുന്നോട്ടു പോകുമ്പോൾ
തോമസ്ജോൺ വളരെയധികം അസ്വസ്ഥനായിക്കൊണ്ടിരുന്നു
മകളൂടെ അടുത്തേക്ക് പോയിട്ട് ദിവസങ്ങളായി
മകളുടെ ജീവിതം വലിയ ഒരു
ചൂതുകളിയിലേക്ക് താൻ വലിച്ചെറിഞ്ഞപോലെ ഒരുചിന്ത.
ആത്മസഞ്ചാരം കഴിഞ്ഞ് ജനിജൻ
ഉണർന്നില്ലയെങ്കിൽ താനും കുടുംബവും
പ്രതിസന്ധിയിലാകും ഉണർന്ന് സർവ്വസംഗ പരിത്യാഗിയായി മാറിയാൽ
രണ്ടായാലും മോളുടെ മുന്നോട്ടുള്ള ജീവിതം ഏകാന്തതയുടെ വഴിയിലൂടെയാകും,
തന്നെ കാണണമെന്ന് പറഞ്ഞ്
ആളയച്ചിരിക്കുന്നു
മകളുടെ മുഖത്ത് നോക്കാൻ ശക്തിയില്ലാതെ കുനിഞ്ഞമുഖവുമായി
തോമസ്ജോൺ പുതിയ വീട്ടിലേക്ക് പതിയെ നടന്നു.
പപ്പാ ഇരിക്ക്
ജിൻസിയുടെ ശബ്ദത്തിൽ അറിയാതെ
ഔപചാരികത കടന്നുവന്നിരിക്കുന്നു
കിലുകിലെ സംസാരിച്ചിരുന്ന തനിക്കെന്തുപറ്റി എന്ന് അവൾ ആശങ്കപ്പെട്ടു,
തുടർന്ന് സംസാരിക്കാനില്ലാതെ
മൗനം വളർന്നു,
എന്തു പറയണമെന്നറിയാതെ
തോമസ്ജോൺ ചോദിച്ചു
മോൾക്ക് ഭയമുണ്ടോ ?
മൗനമായി നിന്ന ജിൻസിയുടെ മുഖം
തിരിച്ചറിയാനാവാത്ത പലവികാരങ്ങൾക്ക് ശേഷം
തികച്ചും ശാന്തമായി,
പപ്പാ
പപ്പ വിഷമിക്കേണ്ട
പപ്പായെ കുറ്റപ്പെടുത്തുന്ന ഒരുചിന്തയും
എന്റെ മനസ്സിലുണ്ടാവില്ല
ജീവനോടെയോ അല്ലാതെയോ
ജനിയെ എനിക്ക് നഷ്ടപ്പെട്ടേക്കാം എന്ന തിരിച്ചറിവ് എനിക്കുണ്ട്.
പക്ഷേ പപ്പായുടെ തീരുമാനത്തിന് കഴുത്തുനീട്ടിയ ബലിയാടാണ് മകൾ എന്ന്
പപ്പ സങ്കടപ്പെടരുത്
കോളേജിലെ കുസൃതിക്കും കലഹത്തിനുമിടയിൽ മനസ്സിൽ കയറി
ഞാൻ മനസ്സിൽ ജീവനായി കൊണ്ടുനടന്ന ജനിയാണ്
എന്റെ തൂലികാനാമമാണ്
ഇപ്പോൾ എന്റെ ഭർത്താവായത്,
ഞാൻ ആഗ്രഹിച്ച ജീവിതമാണ്
ഞാൻ സ്വീകരിച്ചത്
അത് നഷ്ടപ്പെട്ട്പോകാതിരിക്കാൻ
മാതാവിന്റെ മുന്നിൽ
നൂറ്റമ്പത്തിമൂന്ന് മണി ജപമാണ്
രാവിലെയും വൈകിട്ടും ഞാനെത്തിക്കുന്നത്,
അവളുടെ കണ്ണുകളിലൂടെ
നീർമുത്തുകൾ അടർന്നുവീണു
മാതാവിന്റെ രൂപത്തിങ്കൽ
സ്പർശിച്ചുകൊണ്ട് ക്ഷീണിതയായ
അവൾ മുട്ടുകുത്തി .
മനസ്സു നഷ്ടപ്പെട്ട ശൂന്യതാഭാവത്തിലും
മകൾ മുതിർന്ന ഒരു സ്ത്രീയായിരിക്കുന്നു
എന്ന തിരിച്ചറിവിൽ
തോമസ്ജോൺ മാതാവിനു മുന്നിൽ കൈകൾ കൂപ്പി.
VG.വാസ്സൻ.

അനന്താനന്ദാന്വേഷണം. 9

അനന്താനന്ദാന്വേഷണം. 9
^^^^^^^^^^^^^^^^^^^^^^^^
ഉണ്ണീ
വൈക്കത്തേയ്ക്ക് കാണിക്കയുമായി വന്ന മഞ്ചൽ വിശ്രമത്തിനു താഴ്ത്തിയതാണ് ഏറ്റുമാനൂരപ്പന്റെ തിരുമുറ്റത്ത്.
പിന്നീട് മഞ്ചലുയർത്താൻ പറ്റാതെ വന്നപ്പോൾ ,
ഉള്ളിലിരുന്ന
ഏഴരപ്പൊന്നാനകൾ ഭഗവാന് മുന്നിൽ
സമർപ്പിക്കപ്പെട്ടു.
ജനിജൻ താത്പര്യത്തോടെ കേട്ടിരുന്നു,
നമ്മുടെ പൂർവ്വികരുടെ കഥയും ഇതുപോലെയാണ് മൂന്നാം നൂറ്റാണ്ടിൽ
കുറവിലങ്ങാട് ദേശത്ത് പരിശുദ്ധ മാതാവ്
പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പള്ളി പണിതു എന്നറിഞ്ഞ് അവിടേക്ക് പോകാൻ യാത്രചെയ്തു വന്ന നമ്മൾ
ഇവിടെ ഉറച്ചു.
ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന എണ്ണ തൊട്ടു ശുദ്ധമാക്കുക
എന്ന ചുമതല.ഒരു നിയോഗമായി
നമ്മളിൽ വന്നുചേർന്നു.
താനെത്തിപ്പെട്ട ദേശത്തിന്റെ
മഹത്വത്തിൽ ജനിജൻ അത്ഭുതപ്പെട്ടു
തന്റെ ജീവിതവും ഒരു നിയോഗം പോലെ
ജനിക്കു തോന്നി.
അവർ മുറ്റത്തേക്ക് ഇറങ്ങി,
ലക്ഷണമൊത്ത ഒരു കൊച്ചു വീടിന്റെ പണികൾ അതിവേഗം നടക്കുകയാണ്,
ആധുനിക സൗകര്യങ്ങൾ ഉള്ള
വീട് വേണം പിള്ളേർക്ക് എന്നാണ്
പപ്പയുടെ നിർബന്ധം
രണ്ട് ബഡ്റൂം ഹാൾ മറ്റ്‌ സൗകര്യങ്ങൾ
താനങ്ങനെയുള്ള ഒരു റൂമിൽ
ഇതുവരെ ഉറങ്ങിയിട്ടില്ല
എന്നകാര്യം പപ്പയ്ക്ക് അറിയുമോ എന്തോ?
മന്ത്രാക്ഷരങ്ങൾ നാലും ജപക്കണക്ക്
നൂറ്റി ഇരുപത്തിനാല് വീതം കൂട്ടി എടുത്താൽ ഒന്ന് അഥവാ
ഏകം
തോമസ് ജോൺ വിശദീകരിച്ചു…
ജനിയുടെ നടത്തം അൽപം പിറകിലായി,
ഉണ്ണീ എന്താ
മോള് വിളിക്കുന്നുണ്ടോ,
ജാള്യത മറച്ച്
ജനി ഒപ്പമെത്തി
ഇല്ല വെറുതെ എന്തോ.. പറയാൻ.
നടന്നെത്തിയത്
തൊടിയിൽ പനയോലകളാൽ
പുതുതായി കെട്ടിയുയർത്തിയ
ഒരു സമചതുരപ്പുരയുടെ മുന്നിൽ.
ചാണകം മെഴുകിയ തറയിലിരുന്ന്
മൂത്തേടൻ,
വാഴപ്പോള പൊളിച്ചെടുക്കുന്നു
തോമസ് ജോൺ ,
വാഴപ്പോള കൈയ്യിലെടുക്കാനാഞ്ഞു,
തൊടരുത് കുഞ്ഞേ,
മുത്തേടന്റെ നേർത്ത സ്വരത്തിന്
നല്ല തീഷ്ണതയുള്ളത് പോലെ,
ഇതുണങ്ങാനോ നാരെടുക്കാനോ
വല നെയ്യാനോ രണ്ടാമതൊരാൾ
തൊടാൻ പാടില്ല.
തന്റെ നേരേ നോക്കുമ്പോൾ
അസാധാരണമായ ഒരു വാത്സല്യം
ആ കണ്ണുകളിൽ തെളിഞ്ഞുവരുന്നത്
ജനി കണ്ടു.
ഉണ്ണി വരൂ,
മുത്തേടന് ഊണ് അവിടെ എടുത്തു കാണും .
ണാൻ വന്നോളാം കുഞ്ഞേ.
പതിവില്ലാതെ
മേശയിൽ ചോറും കറികളും
ഒരുക്കിവച്ച്
ജിൻസി അടുക്കളയിലേക്ക്
വലിഞ്ഞു,
ഊണ് കഴിയുംവരെ അവിടെ പമ്മിനിന്നു.
ജനിയെ കൈയ്യും കണ്ണും കാണിച്ചത്
പപ്പ പിടിച്ചെടുത്തത് ആകെയൊരു
ചമ്മലായിപ്പോയി.
ഊണ്കഴിഞ്ഞ് എണീൽക്കാൻ നേരം
രാവിലെ കുറച്ചു സമയം പുറത്തേക്ക്
ഒന്നിറങ്ങി അൽപം വർത്തമാനം
പറയുന്നന്നേയുള്ളൂ
ഉച്ചകഴിഞ്ഞ് എല്ലാവരും ഇവിടൊക്കെത്തന്നെ ഒണ്ട് കേട്ടോ
ആരോടെന്നില്ലാതെ പറഞ്ഞിട്ട്
നേർത്ത ചിരിയോടെ
തോമസ് ജോൺ തന്റെ മുറിയിലേക്ക് നടന്നു.
അലമാരയിൽ ചാരി നിന്നിരുന്ന ജിൻസി
അറിയാതെ വലിയൊരു പ്ളേറ്റെടുത്ത്
മുഖംമറച്ചു.
മുറിയിലെത്തിയതും അവൾ മുഖം വീർപ്പിച്ചു
എന്തൊരു പഠിത്തമാ ഇത്
ഏതുനേരവും എന്നാ പറയുവാ
പപ്പയും മോനും.
ജനിയുടെ ഉള്ളിൽ ചിരി പൊട്ടിയെങ്കിലും
ഗൗരവം വിടാതെ പറഞ്ഞു,
നീ കേട്ടാൽ കഥയാക്കിക്കളയും
എന്നാ പപ്പ പറയുന്നത്
അതാണ് നിന്നോട് പറയാത്തത്.
ചിണുക്കത്തോടെ എന്തോ പറയാനാഞ്ഞ
അവളുടെ മുഖം
ജനി തന്റെ നെഞ്ചിൽ ഒളിപ്പിച്ചു.
അവന്റെ പുറം നുള്ളിപ്പറിക്കണം
എന്നു വിചാരിച്ചു നീങ്ങിയ
അവളുടെ വിരലുകൾ
നാണത്താൽ പിറകിലൂടെ
അവന്റെ ചുമലിലൊളിച്ചു.
ബ്രാഹ്മ മുഹൂർത്തം ആരംഭിക്കും മുമ്പേ
കുളിച്ച് നിലവറയിൽ പ്രവേശിച്ചു
ജനിജൻ വിളക്ക് തെളിച്ചു,
ഇതേസമയം
തോമസ് ജോണിന്റെ പ്രാർത്ഥനാമുറി
പന്ത്രണ്ട് മെഴുകുതിരികളാൽ
വിളങ്ങി നിന്നു.
ജനിജൻ പ്രകമ്പനോർജ്ജം
ജീവശ്വാസമായെടുത്തുകൊണ്ട്
മന്ത്രിച്ചു,
പ്രപഞ്ച ശക്തി അനുഗ്രഹമായി
വരുവാൻ
അതെന്നിൽ പ്രകാശമാകുവാൻ
ഏഴു വൻകരകളെ
എന്റെ ശരീരത്തിലെ ഏഴു ഭാഗമാക്കി
നൂറ്റി ഇരുപത്തിനാലു ജപിക്കുന്നു ഞാൻ,
ഏഴു സാഗരങ്ങളെ
എന്നിലെ
മിഴിനീർ മുതൽ ജനിനീർ. വരെയുള്ള
ഏഴ് ജലാംശമാക്കി
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
ഏഴുനിറങ്ങളെ
എന്റെ ശരീരത്തിലെ ഏഴ് നിറങ്ങളായിക്കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
ഏഴുസ്വരങ്ങളെ
എന്നിലുറവാകുന്ന ഏഴുശബ്ദങ്ങളായി കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
നാല് മന്ത്രാക്ഷരങ്ങളാൽ
നാനൂറ്റി തൊണ്ണൂറ്റാറ് ജപം കഴിഞ്ഞ്
ഉണർന്ന ജനിജൻ
തന്റെ ശരീരത്തിലെ ഓരോ അണുവും
പ്രകമ്പനം കൊള്ളുന്നതറിഞ്ഞു.
നിലവറ തുറക്കുന്നതും കാത്ത്
മറഞ്ഞു നിന്ന ജിൻസി
തന്റെ കണ്ണിൽ പതിഞ്ഞ
മാന്ത്രിക തേജസ്സ് താങ്ങാനാകാതെ
കണ്ണുകൾ ചിമ്മിയടച്ചു.
തലേദിവസം
ചോറുണ്ണാനെത്തിയ മുത്തേടനപ്പാപ്പൻ
പറഞ്ഞ കഥകളെല്ലാം അവളോർത്തു
മോളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെയെല്ലാം ജോലിക്കും അധ്വാനത്തിനും ഫലമുണ്ടാക്കുന്നത്
ഇവിടുത്തെ മകളും അമ്മയും പെണ്ണും
എല്ലാമായി നിൽക്കുന്നത് മോളാണ്
മോളുവേണം എല്ലാം ജയിപ്പിക്കാൻ.
അറിയാതെ അവൾ മുട്ടുകുത്തി
കണ്ണുകൾ മുകളിലേക്കുയർത്തി.
VG.വാസ്സൻ. തുടരും

അനന്താനന്ദാന്വേഷണം. 8


അനന്താനന്ദാന്വേഷണം. 8
^^^^^^^^^^^^^^^^^^^^^^^^
ടെലി ഫിലിം രംഗത്തെ പ്രശസ്ത കാമറമാൻ
ശ്രീ. അനീഷ് കാണക്കാരി
കാമറയുമായി നിൽക്കുന്നത് കണ്ട്
സോഷ്യൽ മീഡിയയിൽ വാർത്തപരന്നതിനെ തുടർന്ന്
രജിസ്റ്റർ ആഫീസ് പരിസരം ജനങ്ങളാലും
മൊബൈൽ കാമറകളാലും നിറഞ്ഞു.
ഒപ്പിട്ടതിന്ശേഷം ഓരോ കൂവളമാല അണിഞ്ഞ് ഇറങ്ങിവന്ന
വധൂവരന്മാരുടെ മുന്നിൽ
വിവരിക്കാനാവാത്ത മുഖഭാവത്തോടെ
സീതാലക്ഷ്മിയമ്മ നിശബ്ദം
നിശ്ചലയായി നിന്നു .
സന്യാസത്തിലേക്ക് മകൻ തിരിയൂന്നതോടെ കുടുംബം അന്യംനിന്ന് പോയല്ലോ എന്ന നിർവ്വികാരത
ഇപ്പോൾ നേരിയ സന്തോഷമായി മാറി
പക്ഷെ വിവാഹ സമയത്ത്
താനനുഭവിച്ച വേദനകളുടെ
നുറിരട്ടിയാണല്ലോ ഈ പെൺകുഞ്ഞിന് സമൂഹം നൽകുക എന്ന ഓർമ്മയിൽ
അവരുടെ നോട്ടം , ഉയർന്നുനിന്ന മൊബൈലുകളിൽ തറച്ചുനിന്നു.
അമ്മയുടെ ആഭരണങ്ങൾ അണിഞ്ഞു നിന്ന ജിൻസി
അമ്മ തന്നെ പുൽകിനിൽക്കുന്ന ഒരനുഭൂതിയിൽ സാന്ദ്രമായ മൂഖത്തോടെ നിന്നു.
തന്റെ മുന്നിൽ കുനിഞ്ഞ മക്കളെ
നേർത്ത കണ്ണീർത്തുള്ളിയോടെ അനുഗ്രഹിച്ചശേഷം
നിശബ്ദയായി നടന്നുചെന്ന് കാറിൽ കയറി.
കഥയറിഞ്ഞ ഓൺലൈനന്മാർ,
ഒരുമ്പെട്ടവളുമാര് നാടുമുടിക്കാൻ
അടക്കമില്ലാതെ ചാടിക്കോളും എന്നും
സംഗതി അറിയാത്തവർ
നല്ല നടി
അമ്മവേഷം ചെയ്ത പുതുമുഖം തന്നെ
എന്നും നിരൂപണ മൃതിയടഞ്ഞു
ഷെയർ ചെയ്തശേഷം പിരിഞ്ഞു പോയി.
തിരക്കിനിടയിൽ പാൽ കരുതാൻ
ജോൺ സാറ് മറന്നു,
ആളും ബഹളവുമില്ലാത്ത
ആ കല്യാണ വീട്ടിൽ
അവരുടെ ആദ്യരാത്രി
പാലിന്റെ അകമ്പടി ഇല്ലാതെ
കടന്നുവന്നു
ശബ്ദമില്ലാത്ത സംഭാഷണങ്ങളാൽ
ശരീരങ്ങൾ നഷ്ടപ്പെട്ട മനസ്സുകൾ
പ്രണയത്തിന്റെ സുഖകരമായ ചൂടിൽ
സ്വയം മറന്ന് നിൽക്കുന്നത്
ജനാലയിലൂടെ പൂനിലാചന്ദ്രൻ കണ്ടുനിന്നു.
അതിരാവിലെ ജനിയെ വിളിച്ചുണർത്തിയ
തോമസ് ജോൺ പറഞ്ഞു തുടങ്ങി,
ഉണ്ണീ
വിവാഹം കഴീഞ്ഞ ദമ്പതികൾ
പെരുന്നാളും
ഉത്സവവും കൂടുന്നത്‌ ഒരൈശ്വര്യമാണ്
അതിരമ്പുഴയിൽ ഇന്ന്‌ ആദ്യ പ്രദക്ഷിണ ദിവസമാണ്
അതിപുരാതനമായ ഒരു നീയോഗ പ്രാർത്ഥനാ രീതി അവിടെ കാണാം
ജീവിത പ്രതിസന്ധികളിൽ നിന്ന്
രക്ഷയേകണം എന്ന പ്രാർത്ഥനയോടെ
വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളുന്നതിന് മുമ്പായി
ചെറിയ പള്ളിയുടെ നട മുഴുവൻ
ആളുകൾ ചാണകം കൊണ്ട് മെഴുകി
വൃത്തിയാക്കും,
ഞാനത് ചെയ്തിട്ടുണ്ട്
ഇത്തവണ മോള് ചെയ്യട്ടെ
ഉണ്ണി വേണ്ടെന്ന് പറയരുത .
ഉണ്ണി അവിടെ ചില കാര്യങ്ങൾ ചെയ്യണം
മുന്നോട്ടുള്ള യാത്രയുടെ തുടക്കമാണത്
മനുഷ്യന്റെ ചങ്കും ഹൃദയവും തകർക്കുന്ന
പുതീയ ഒരു മേളമുണ്ടല്ലോ
നാസിക് ഡോൾ
ഹും
ചെണ്ടയും കൊടിതോരണങ്ങളും
മനുഷ്യന്റെ മനസ്സുണർത്താനുള്ളതാണ്
ശരീരകോശങ്ങൾക്കുള്ളിലെ
ആറ്റങ്ങളുടെ സദാചലന പ്രകമ്പനം പോലെ വേണം,
മൂല മന്ത്രാക്ഷര ജപങ്ങളാൽ
നമ്മുടെ ശരീരം പ്രകമ്പനം കൊള്ളേണ്ടത്.
മന്താരാക്ഷര സ്വരം ശരീരത്തിനകം
വിറപ്പിക്കുന്നത് നമുക്ക് അനുഭവപ്പെടണം.
പുലർകാലത്തെ നേർത്ത വെളിച്ചത്തിൽ
കാറിൽ നിന്നുമിറങ്ങിയ. ജിൻസി
ഇടത് കൈയ്യിൽ തെരുപ്പിടിച്ച താലിയും
വലത് കൈയ്യിൽ ചാണകവുമായി
ആളുകളുടെ ഇടയിലേക്ക് നടന്നു നീങ്ങി.
ജനിജൻ തിരക്കില്ലാത്ത ഇടംനോക്കി
വെള്ളിത്തോരണങ്ങൾക്കരികിലായി
ഒരു ധ്യാനത്തിലെന്നവണ്ണം
ഏകാഗ്ര ചിത്തനായി
പെരുന്നാൾ സ്ഥലത്തെ
ശബ്ദ കോലാഹലങ്ങൾ
ഓരോന്നായി ചെവികളിൽ നിന്ന്
ഒഴിവാക്കി ഒഴിവാക്കി വന്നു,
ഇപ്പോൾ
തോരണം ചെറുകാറ്റിലിളകുന്ന കിലുകിലാരവം
അത് ചെവികളിലൂടെ പ്രവേശിച്ചു
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും
നേർത്തൊരു വിറയലായ് തഴുകിയൊഴുകുന്നു
കൈവിരൽത്തുമ്പുകളിൽ അത്
കണ്ണിന് ദൃശ്യമാകും വിധം
പ്രകമ്പനം ചെയ്യുന്നതറിഞ്ഞ്
എല്ലാം മറന്ന് ഒരു നിർവ്വൃതിയിൽ ലയിച്ചു.
പതിയെ ആ കണ്ണുകൾ അടഞ്ഞു വന്നു.
നിശ്ചലനായി പ്രകശമാനമായ മുഖത്തോടെ നിൽക്കുന്ന ജനിയെ
കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്
തന്റെ ഭർത്താവിൽ ഇന്നലെവരെ
കാണാത്ത പുതിയ ഭാവം കണ്ട്
അവൾ മൗനമായി നിന്നു.
കണ്ണുതുറന്ന ജനിജൻ
അവളെ നോക്കി പുഞ്ചിരിച്ചു,
പോയി
പുണ്യാളന്
എന്റെപേരിൽ
അഞ്ച് അമ്പ് എഴുന്നള്ളിച്ചിട്ട് വരൂ,
തലയാട്ടിക്കൊണ്ട് അവൾ വേഗം
പള്ളിയിലേക്ക് നടന്നു.
എന്തിനെന്നറിയില്ല എങ്കിലും
കണ്ണീരൊഴുക്കിയുള്ള അവളുടെ പ്രാർത്ഥന
ജനിജൻ നോക്കി നിന്നു
പതിയെ അവനരികിലേക്ക്
നടന്നടുത്ത ജിൻസിയുമായി ജനിജൻ
ചിന്തിക്കടകളുടെ വർണ്ണാഭമായ
കാഴ്ചകളിലേക്ക് നടന്നുകയറി
അറിയാതവൾ അവന്റെ
കരം കവരുകയും ചുമലിലേക്ക്
ചാഞ്ഞുപോവുകയും ചെയ്തു.
പെരുന്നാളിനിടയിലൂടെ
അവർ ഒഴുകിനീങ്ങി.
VG.വാസ്സൻ. തുടരും

അനന്താനന്ദാന്വേഷണം . 7


Read all parts in Nallezhuth Android App---
രാവിലെ ഗേറ്റ് തുറക്കുന്ന ശബ്ദം ചെവിയോർത്ത് നിൽക്കുകയായിരുന്നു
ജിൻസി,
അടുക്കളയിലെ ജനാലയിലൂടെ
കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു.
ഏറ്റുമാനൂരപ്പനെ തൊഴുത് മടങ്ങിയെത്തിയ ജനിജൻ ഗേറ്റ് തുറന്നു.
കസവില്ലാത്ത കോടിമുണ്ടും വേഷ്ടിയും
മേൽമുണ്ട് കോണാകൃതിയിൽ
മടക്കി പുതച്ചിരിക്കുന്നു ,
നെഞ്ചിലെയും കൈകളിലേയും ചന്ദന.വരകൾ വ്യക്തമായി കാണാം
നെറ്റിയിൽ ചന്ദനക്കുറി, തീർത്ഥ പുഷ്പങ്ങൾ ഒന്നുരണ്ടെണ്ണം മുടിയിൽ
ശാന്തമായ നടപ്പും മുഖഭാവവും.
ഒരിക്കലും സ്വന്തമാക്കാനാവില്ല എന്നറിഞ്ഞിട്ടും മോഹിക്കുന്ന മനസ്സിനെ
അവൾ വെറുക്കാൻ തുടങ്ങി,
പപ്പയുടെയും ജനിയുടെയും മുന്നിൽ ചെല്ലാൻ അവൾക്ക് വിഷമം തോന്നി,
തന്റെ മുഖം വായിച്ചെടുത്താലോ…
ഒരു വിധം ചായ വരാന്തയിലെത്തിച്ച്
വേഗം തിരിച്ചു പോന്നു,
പത്രം എടുക്കുന്ന ജോലി
ജനി ഏറ്റെടുത്തിരിക്കുന്നു
അതിനാൽ മുൻവശത്ത് എത്തേണ്ട
ആവശ്യങ്ങൾ ഒഴിവായിക്കിട്ടി.
ഉണ്ണീ
ക്ഷേത്രദർശനവും ധ്യാനവുമൊക്കെ
നന്നായിരിക്കുന്നോ
ഉവ്വ്
ജനി മറുപടി പറഞ്ഞു ,
ഉണ്ണിക്ക് പരമാവധി ഊർജ്ജം സംഭരിക്കേണ്ട കാലയളവാണിത്
ഭഗവാന്റെ അനുഗ്രഹ തരംഗങ്ങൾ
നൂറിൽ നൂറ്റൊന്ന് ശതമാനവും സ്വീകരിച്ചു വേണം മടങ്ങാൻ .
ഉവ്വ്..
മന്ത്രാക്ഷരങ്ങളാൽ പ്രകമ്പനം കൊള്ളുന്ന
ഭഗവത് വിഗ്രഹത്തിൽ നിന്നും
ഉതിരുന്ന അനുഗ്രഹ തരംഗങ്ങൾ
ഒന്നൊഴിയാതെ നെഞ്ചിൽ പതിയണം
നിശ്ചിത അകലം സ്വീകരിച്ചു വലത്ത് ഒഴിഞ്ഞ് നിന്ന് വേണം ദർശന പുണ്യം നേടാൻ.
ഉവ്വ്…
നവപാഷാണങ്ങൾ ഔഷധമാകുന്ന
അത്ഭുതം ലോകത്തിന് നൽകിയവരാണ്
കേരളത്തിലെ ക്ഷേത്ര പ്രതിഷ്ഠാ ആചാര്യന്മാർ
നവപാഷാണ പ്രതിഷ്ഠയിലൂടെ
ഒഴുകിയെത്തുന്ന പുണ്യതീർത്ഥം
രോഗനാശിനിയുമാണ്,
ഉവ്വ് …
കാണപ്പെടുന്ന രതിശില്പങ്ങൾ
മനുഷ്യൻ
സൃഷ്ടിയുടെ രചനാ സങ്കേതങ്ങളിലൂടെ
നിർവ്വാണമടയേണ്ടതിന്റെ സൂത്രവാക്യങ്ങളാണ്
സന്യാസിയുടെ കഠിനതപസ്സിന്നവസാനം
നേടിയെടുക്കുന്ന നിർവ്വാണ മഹത്വത്തിന്റെ അംശം
സാധാരണക്കാരായ മനുഷ്യർക്ക്
പങ്കിട്ടു നൽകിയ അത്ഭുത ക്രിയയാണത്.
ഉവ്വ്…
ഉണ്ണിയോട് ഇതെല്ലാം പറയുന്നത്
തപസ്സിന്റെ ചൈതന്യം വിടാതെ തന്നെ,
ഒരു ദാമ്പത്യം ഉടനെ ആരംഭിക്കണം
എന്നതിനാലാണ് .
പറയൂ
ഉണ്ണിയുടെ മനസ്സിലുള്ളത്
അറിയാവുന്ന കുട്ടിയാകുമ്പോൾ
വേഗം നമുക്ക് കാര്യങ്ങൾ നടത്താം.
ഉണ്ണി പറയൂ ?
പത്ത് പന്ത്രണ്ടു വയസ്സിൽ തന്നെ
വേദങ്ങളും പൂജാവിധികളുമായി
അച്ഛൻ
നേരിട്ടും അല്ലാതെയും
സന്യാസം എന്നൊരു ചിന്ത എന്നോടടുപ്പിച്ചു നിർത്താൻ ശ്രമിച്ചിരുന്നു.
അതുകൊണ്ട്
പെൺകുട്ടികളുമായി സൗഹൃദവും
പരിചയവുമൊക്കെ ഉണ്ടെങ്കിലും
അങ്ങനെയൊരിഷ്ടം ആരുമായും
ഉണ്ടായിട്ടില്ല.
സുമുഖനായ ജനിയിൽ നിന്നും
ഇങ്ങനെയൊരു മറുപടി
തോമസ് ജോൺ പ്രതീക്ഷിച്ചിരുന്നില്ല .
സംഭാഷണം അവസാനിപ്പിച്ച്
അദ്ദേഹം തൊടിയിലേക്കിറങ്ങി.
ഉച്ചഭക്ഷണത്തിന് ഇരുന്നപ്പോൾ
സംസാരത്തിനിടെ
തോമസ് ജോൺ പറഞ്ഞു
മനസ്സിനൊരസ്വസ്ഥത ഉണ്ട്‌
നമുക്ക് വൈകിട്ട്
അതിരമ്പുഴ പള്ളി വരെ ഒന്നുപോകാം
എനിക്കൊന്നു പ്രാർത്ഥിക്കാനുണ്ട് ,
ഇന്നവിടെ പിണ്ടികുത്തി പെരുന്നാളാണ്
മനോഹരമായ ഒരു കാഴ്ചയും
അനുഭവവുമാണത്
ഉണ്ണി കേട്ടിട്ടുണ്ടോ
ഇല്ല..
ജിൻസിയും അങ്ങനെയൊരു പെരുന്നാളിനെക്കുറിച്ച് കേട്ടിട്ടില്ലായിരുന്നു,
രാത്രി
പെരുന്നാൾ സ്ഥലത്ത് ഏത്തിയ
ജനിജൻ
അത്ഭുതം വിടർന്ന കണ്ണുകളാൽ
ആ ദൃശ്യം നോക്കി നിന്നു ,
പപ്പയും മോളും നേരേ
പള്ളിയകത്തേക്ക് പോയതിനാൽ
ജനി അവിടമാകെ ചുറ്റിനടന്നു.
നൂറോളം വരുന്ന വാഴപ്പിണ്ടികൾ നിറയെ
പ്രത്യേക ആകൃതികളിൽ ചുറ്റിനിൽക്കുന്ന
മൺചിരാത് ദീപങ്ങൾ
നാലു വശങ്ങളിൽ നിന്ന് കാണുമ്പോഴും
നാലുതരം ദൃശ്യ ഭംഗി നൽകും വിധം
ഒതുങ്ങിയും വിടർന്നുമായി
നിരയൊപ്പിച്ച് ആണിനിരത്തിയ ദീപക്കാഴ്ച
നാലു ചുറ്റും നടന്നു കണ്ടു
കോണൊപ്പിച്ചുള്ള
ആ ദീപ സാഗരത്തിന്റ മനോഹാരിതയിൽ
വലിയ പള്ളി ചെഞ്ചായം പൂശി നിൽക്കുന്ന കാഴ്ചയിൽ നിന്ന്
ജനി കണ്ണെടുത്തില്ല.
ഉണ്ണീ ഇഷ്ടപ്പെട്ടോ ഇതൊക്കെ
മനോഹരം ഇങ്ങനെ ഒന്ന്
ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
ആഹാ,
പുരാതനമായ ഒരു തിരുനാളാണിത് .
വരൂ പോകാം
ജിൻസി മൗനിയായി കൂടെ നടന്നു,
ആദ്യമായി കാണുകയായിരുന്നെങ്കിലും
അതാസ്വദിക്കാൻ പറ്റാത്ത വിധം
അവളുടെ മനസ്സ് കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തിയപാടെ മുറിയിലേക്ക്
ഓടീയൊളിക്കാനാഞ്ഞ ജിൻസിയെ
പപ്പായുടെ വിളി തടഞ്ഞു നിർത്തി,
മോളേ
നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന
ഈ കാര്യങ്ങൾക്ക വലിയ പ്രാധാന്യമാണുള്ളത് ,
വർക്കി പാപ്പൻ അതായത് എന്റെ
അപ്പൂപ്പൻ
ഞാൻ അദ്ദേഹത്തിന്റെ തനിപ്പകർപ്പാണെന്നാ പ്രായമുള്ളവരെല്ലാം പറഞ്ഞു കേട്ടിട്ടുള്ളത്
ആ വലിയ മനുഷ്യന്റെ പഠനവും ജീവിതവും
ഉണ്ണിയുടെ വല്യച്ഛന്റെ വല്യച്ഛൻ
ആഗ്രഹിച്ച കാര്യത്തിനായി
ഉഴിഞ്ഞു വച്ചു ,
വർക്കി പാപ്പൻ മരണക്കിടക്കയിൽ വച്ച ,
നമ്മുടെ വീട്ടിലുള്ളത് മുഴുവൻ
നീ പഠിച്ചോണം എന്ന് അനുഗ്രഹിച്ചപ്പോൾ
എനിക്ക് ഏഴു വയസ്സാണ്
അപ്പൻ വേണ്ട മാർഗ്ഗങ്ങളും ഗുരുക്കന്മാരേയും കാണിച്ചു തന്നു
ഉണ്ണിയുടെ വല്യച്ഛൻ
തന്റെ ഏക മകളെ ബന്ധു ജനങ്ങളുടെ
മുഴുവൻ എതിർപ്പ് നേരിട്ട്
തന്റെ പ്രിയ ശിഷ്യന് ഭാര്യയായി നൽകി
കൂടെ താമസിപ്പിച്ചു
ആ ശിഷ്യൻ തന്റെ മകനെ
ഏറ്റവും മിടുക്കനാവും വിധം പഠിപ്പിക്കയും ചെയ്തു .
പപ്പാ
എന്തപറ്റി പപ്പാ
ഇവിടുത്തെ കാര്യമെല്ലാം
എനിക്കറിയാവുന്നതല്ലേ
ഞാൻ ഒരു കാര്യത്തിലും വീഴ്ച വരുത്തില്ല
എനിക്ക് സാധിക്കുന്ന പ്രാർത്ഥനയോ നോയമ്പോ
ഇവിടുത്തെ ജോലികളോ
ഒരു വീഴ്ചയും വരുത്താതെ ഞാൻ ചെയ്തോളാം
പപ്പാ വിഷമിക്കല്ലേ
അതല്ല മോളൂ
വലിയ പ്രയാസങ്ങളാണ്
നേരിടേണ്ടത് എന്നറിയാം
നിന്റെ സൗഭാഗ്യങ്ങൾ പലതും നഷ്ടപ്പെട്ടു പോകുമെന്നും അറിയാം
പക്ഷെ
പപ്പാ പറയുന്നത്.മനസ്സിലാക്കണം,
ഒരു നിമിഷം മൗനമായിരുന്നിട്ട്
തോമസ് ജോൺ പതിയെ പറഞ്ഞു,
നിങ്ങൾ ഭാര്യാ ഭർത്താക്കന്മാരാകണം
നിങ്ങൾ വിവാഹം കഴിക്കണം
അപരിചിതയായ ഒരു പെൺകുട്ടി
ഉണ്ണിയുടെ ഭാര്യയാകാൻ പാടില്ല.
ആവസാനം പറഞ്ഞതൊന്നും ജിൻസി കേട്ടില്ല
ആ വാചകം
അവളുടെ കാതിൽ
അലയടിച്ചുകൊണ്ടിരുന്നു.
ജനിജൻ കേട്ടത് വിശ്വസിക്കാനാകാതെ
നന്നായി ശ്വാസം കിട്ടാത്തത് പോലെ
വിങ്ങി വിയർത്തു.
തന്റെ ജീവിതത്തിൽ
എന്തോ ശാപം പിന്തുടരും പോലെ
അവനു തോന്നി .
വർഷങ്ങൾ ഒരു പെൺകുട്ടി
വിദ്വേഷത്തോടെ പെരുമാറുക
പിന്നീട് അവളുടെ വീട്ടീൽ
താമസിക്കേണ്ടി വരിക
ഇപ്പോൾ അവളെ വിവാഹം കഴിക്കാൻ
നിർബന്ധിക്കപ്പെടുക .
ജനിക്കിതെല്ലാം ഉൾക്കൊള്ളാനാവാത്ത വിധം അവീശ്വസനീയമായി തോന്നി.
ജിൻസി മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു
പപ്പാ
എനിക്ക് തനിയെ ഒന്ന് സംസാരിക്കണം
ഉണ്ണി ചെല്ലൂ
നല്ല തീരുമാനം എടുക്കുന്നതിന്
ഞാൻ പ്രാർത്ഥിക്കാം
അദ്ദേഹം പ്രാർത്ഥനാ മുറിയിലേക്ക് കയറിപ്പോയി .
ജനിജൻ അവളുടെ പിന്നാലെ
നിർവ്വാഹമില്ലാതെ
അകത്തെ ഇടനാഴിയിലേക്ക് കയറി
ജനീ
പപ്പാ ചോദിച്ചത് കേട്ടോ
ആദ്യം കണ്ട നാൾ മുതൽ
മനസ്സിൽ കൊണ്ടു നടക്കുന്ന പുരുഷനെ
വിവാഹം ചെയ്യാമോ
എന്നാണ് പപ്പ ചോദിച്ചത്
കേട്ട വാക്കുകളുടെ ശക്തിയിൽ
ലോകം കീഴ്മേൽ മറിയുന്നപോലെ
ജനിക്കു തോന്നി
കോളേജ് മുതൽ
ഇന്ന് രാത്രി വരെ കണ്ടുകൊണ്ടിരുന്ന
ജിൻസിയുടെ രൂപഭാവങ്ങളെല്ലാം
നിമിഷാർധം കൊണ്ട് കണ്ണുകളിൽ
നൃത്തമാടി
പ്രജ്ഞയടെ കണികകൾക്കിടയിലൂടെ
നോക്കുമ്പോൾ
സൂര്യനുദിക്കുന്ന ചിരിയോടെ
തിരിഞ്ഞു നോക്കിക്കൊണ്ട്
അവൾ പുറത്തേയ്ക്ക്
ഓടുന്നതാണ് കണ്ടത്
ആകാശത്തുയർന്ന് പറക്കും പോലെ
ലക്ഷ്യമറീയാതെ അവൾക്ക് പിന്നാലെ
ജനി ഓടി
ചന്ദ്രനുദിച്ച ആരാത്രിയിൽ
വിശാലമായ ആ പുൽ മൈതനത്തേക്ക്
അവർ പറന്നിറങ്ങി
അവരെ കാത്ത് എന്ന വണ്ണം
ആ ദീപാലങ്കാര കാഴ്ച ഒന്നാകെ
അപ്പോൾ
തെളിഞ്ഞു നാളങ്ങളിളക്കി നൃത്തമാടി.
VG.വാസ്സൻ. തുടരും

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo