Slider

മാർബിൾ..

0
Image may contain: 1 person, selfie, closeup and outdoor
ചാണകം മെഴുകിയ തറ.
അതിന് മുകളിലെ മാർബിളിന്റെ തണുപ്പ്.
ആ തണുപ്പിൽ കിടക്കുമ്പോഴും ഓലപ്പുരയുടെ മുകളിലെ വിടവിലൂടെ കാണുന്ന നക്ഷത്രം കണ്ണ് ചിമ്മുന്നുണ്ട്.
താരകത്തിന്റെ മുഖത്തിന്ന് അവളുടെ മുഖത്തുള്ളത് പോലെ സന്തോഷാശ്രുക്കൾ നിറഞ്ഞ മിഴികൾ.
നോക്കി നോക്കി കിടക്കെ ഓലപ്പുരയുടെ അനേകം വിടവുകളിലൂടെ കുഞ്ഞ് കുഞ്ഞ് നക്ഷത്രങ്ങൾ താഴേക്കിറങ്ങി വന്ന് മുറിക്കുള്ളിൽ നൃത്തം ചെയ്യുന്നു.
പതിവിലും കവിഞ്ഞ പ്രകാശമായിരുന്നു മുറിക്കുള്ളിൽ നിറയെ
"അമ്മോയ് നല്ല ചുകമുണ്ടല്ലേ മാമ്പിളിൽ കെടക്കാൻ.."
കുട്ടായീടെ ചോദ്യം.
അവൾ അവനെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു.
ഓലപ്പുരയുടെ വിടവിലൂടെ ചന്ദ്രനും വന്നത് ഒളിഞ്ഞ് നോക്കി.
കഷണങ്ങളായി പൊട്ടിച്ചിതറിയ ദർപ്പണം.
അതിൽ ഓരോന്നിലും വന്ന് പതിക്കുന്ന ചന്ദ്രന്റെ നിലാവ് പോലെ.
ഓലപ്പുരയ്ക്കുള്ളിലെ പ്രകാശം നൂറു കഷണങ്ങളായി അവർക്ക് കൂട്ടാകുന്നു.
സ്വർണ്ണപ്പട്ട് വിരിച്ച് വിളഞ്ഞ് പാകമായി നിൽക്കുന്ന നെൽപ്പാടത്തിനരികിലായിരുന്നു ആ കുഞ്ഞ് വീട്.
പാടത്തിനിടയിലൂടുള്ള ചെറുവരമ്പുകൾ.
ഒരു കൈയ്യിൽ ഊരി പോകുന്ന നിക്കറും, മറുകൈയ്യിൽ ഈർക്കിലിൽ കൊരുത്ത കാറ്റാടിയുമായി അതിനിടയിലൂടൊക്കെ ഓടുന്ന കുട്ടായി.
ഇടയ്ക്കവൻ വഴിയിൽ നിന്ന് കിട്ടുന്ന വെളുത്ത ചതുരക്കഷണങ്ങൾ എടുത്ത് കീശയിൽ നിറയ്ക്കുന്നുണ്ട്.
അതിന്റെ ഭാരം കാരണം താഴേക്ക് ഊർന്ന് പോകുന്ന നിക്കറും പിടിച്ചവൻ വീട്ടിലേക്ക് ഓടി. അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന തടിപ്പെട്ടിയിൽ നിറയ്ക്കാൻ.
സന്ധ്യയ്ക്ക് പാടത്തെ ജോലി കഴിഞ്ഞു അവൾ വന്നപ്പോൾ,
കുട്ടായി സ്ലേറ്റിൽ എന്തൊക്കെയോ വരച്ചു കൂട്ടുവായിരുന്നു.
അവൾ കൊണ്ടുവന്ന നെല്ല് മൺകലത്തിലാക്കി അടുപ്പിൽ വച്ചു.
നെല്ല് വെന്ത് പൊട്ടി അതിലെ മണം പുറത്തേയ്ക്ക് വന്നു.
സ്ലേറ്റിൽ ഒരു വീടിന്റെ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന കുട്ടായി എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
അവന് ഇഷ്ടമായിരുന്നു നെല്ല് പുഴുങ്ങിയെടുക്കുന്ന മണം.
അവൾ അത് കോരി ഈറ്റ വട്ടിയിലേക്കിട്ട് വെള്ളം വാർന്നു പോകാൻ ഒരു മൺകലത്തിന് മുകളിൽ വച്ചു.
ഉണ്ണിക്കുട്ടൻ അടുക്കള മൂലയിലെ നീളത്തിലുള്ള തടിപ്പെട്ടി തുറന്ന് നോക്കി.
വെളുത്ത നിറത്തിലെ മഞ്ഞു കഷണങ്ങൾ കണ്ടു.
"ന്താ.. കുട്ടായേ നീയെന്നും അത് തൊറന്നോക്കുന്നെ..?"
"ഒരൂട്ടണ്ട് പച്ചേങ്കി അമ്മിത് നോക്കല്ലുംട്ടാ.."
"ഇല്ല നോക്കുന്നില്ല."
അടുക്കള ജോലികൾ ഒതുക്കി അവർ പായ വിരിച്ച് കിടന്നു.
മുകളിലെ ഓലക്കീറുകൾക്കിടയിലെ വിടവിലൂടെ ഒരു നക്ഷത്രത്തെ കാണാം.
കുട്ടായി നോക്കിയപ്പോൾ ആ നക്ഷത്രമൊന്ന് കണ്ണടച്ചുകാട്ടി.
കൂടെ കുട്ടായിയും.
"അമ്മേ... "അവൻ വിളിച്ചു.
"എന്താ മോനെ..?"
"ചന്തുട്ടന്റെ വീടെന്ത് ഭംഗിയാണല്ലമ്മേ..?"
"ങാ അവന്റെച്ഛൻ ങ്ങ് ശീമയിലല്ലേ."
"ചീമയിലോ തെവിടാ..?"
"അതങ്ങ് ദൂരെ കടലിന്റെ അക്കരേണ്. "
"നമുക്കെന്താമ്മേ ചന്തൂട്ടന്റെ പോലത്തെ വലിയ വീടില്ലാത്തെ..?"
"അത് ദൂരെ ശീമയിലല്ലേ ചന്തൂന്റെ അച്ഛന് ജോലി.
വരുമ്പം തോനെ പൈസൊക്കെ കൊണ്ടന്ന് വച്ച വീടാണ്.. "
അവന്റെ നെറ്റിയിലും മുടിയിലുമൊക്കെ തലോടി അവൾ മറുപടി പറയും.
"ആണോ..? അപ്പൊ കുട്ടായീടെ അച്ഛനും
ദൂരേന്നാണല്ലോ അമ്മ പറഞ്ഞെ..?
ന്റെച്ഛൻ വരുമ്പോയും നമ്മ അതുപോലെ വലിയ വീട് വയ്ക്കോരിക്കും.
ല്ലേമ്മേ..?"
എന്തു മറുപടി പറയണമെന്നവൾകറിയില്ല.
"മോന്റെ അച്ഛൻ അതിനെക്കാൾ ഒരു പാട് ദൂരെയാണ്.
നമ്മിലേക്ക് വരാൻ കഴിയാത്തത്ര ദൂരെ.
എന്നാൽ നമുക്ക് അവിടേക്ക് പോകാൻ കഴിയുന്നത്ര തൊട്ട് അരികിലാണെന്നോ..?"
"അമ്മയ്ക്ക് അവിടത്തെ തറ ഇഷ്ട്ടാണോ?
നല്ല തണുപ്പാണവിടെ.
മിനുമിനുത്ത തണുപ്പുള്ള തറ.
മ്മളെപ്പോലെ ഈ കറുത്ത ചാണക മണമുള്ളതല്ല."
അവൻ വീണ്ടും പറഞ്ഞു.
''മോൻ വലുതാകുമ്പൊ ജോലിയൊക്കെ കിട്ടി അതുപോലെ വലിയ വീടുവയ്ക്കണോട്ടാ..."
അവരുറങ്ങും വരെ താരകവും ഈ സംഭാഷണങ്ങൾ കേട്ടു നിന്നു.
മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാത്രി. കിടക്കാം പോകും മുൻപെ പതിവ് പോലെ കുട്ടായി കാണാതെ അടുക്കളയിടെ തടിപ്പെട്ടി അവൾ തുറന്ന് നോക്കി.
അതിനകം ശൂന്യമായിരുന്നു.
അന്ന് രാത്രിയായിരുന്നു.
ചാണകം മെഴുകിയ തറയ്ക്ക് മുകളിലെ ഒരു മുറി നിറയെ മാർബിളിന്റെ തണുപ്പുമേറ്റ് അവർ ഉറങ്ങിയത്.
ഓലക്കീറിനിടയിലൂടെ ചന്ദ്രന്റെ നിലാവ്
പൊട്ടിയത് കൂട്ടിച്ചേർത്തുവച്ച ഓരോ മഞ്ഞ് നിറമാർന്ന കഷണങ്ങളിലും പ്രതിഫലിച്ച്‌ അവർക്കും ചുറ്റും പ്രകാശമായി നിന്നു.
താരകമന്നും കുട്ടായിയെ നോക്കി ഒലക്കീറിനിടയിലൂടെ കണ്ണടച്ചു കാട്ടി.
തിരികെ കുട്ടായിയും.
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo