നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരീക്ഷണങ്ങളുടെ ഇന്നലെകൾ.

Image may contain: 1 person, beard and closeup

•••••••••••••••••••••••••••••••••••••••
ഈ കഥയിലെ പരീക്ഷണങ്ങൾ ‘ഇന്നലെകളിലെ നിങ്ങൾ’ എവിടെയെങ്കിലും കണ്ടുവെങ്കിൽ യാതൊരു വിധത്തിലും ഞാൻ ഉത്തരവാദിയല്ല. കാരണം ഇവയിൽ ഒന്നിന്റെയും പേറ്റന്റ്‌ എന്റെ പേരിലില്ല.
ആദ്യത്തെ പരീക്ഷണം ഞാനോർമ്മിക്കുന്നത്‌ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണെന്നാണു . അന്ന് ഗോതമ്പ്‌ നുറുക്കിന്റെ ഉപ്പ്മാവായിരുന്നു സ്കൂളിലെ ഉച്ചഭക്ഷണം.
സ്കൂൾ മുറ്റത്ത്‌ വച്ചായിരുന്നു അന്നൊക്കെ ഉച്ചഭക്ഷണവിതരണം. വീതിയുള്ള ഇലകളിൽ (ഉപ്പിലചപ്പ്‌)വിളമ്പുന്ന ഉപ്പ്‌മാവിനോട്‌ വിശപ്പ്‌ തോറ്റ്‌ വയർ നിറഞ്ഞ്‌ നിൽക്കുമ്പോളാണു ഞങ്ങളുടെ മനസ്സിൽ ആദ്യത്തെ പരീക്ഷണബുദ്ധി മുള പൊട്ടുന്നത്‌. ഞങ്ങൾ കഴിച്ച്‌ മാറുന്നതും നോക്കിയിരിക്കുന്ന കാക്കകളായിരുന്നു ആദ്യത്തെ പരീക്ഷണഇര. ഇലകളിൽ ബാക്കിയാവുന്ന ഉപ്പ്മാവിൽ നിന്ന് ഒരു പിടി എടുത്ത്‌ അതിന്റെ നടുവിൽ ചെറിയ ഒന്നോ രണ്ടോ കല്ലുകൾ വച്ച്‌ ഉരുട്ടി ഉരുളകളാക്കും. അങ്ങനെ ഉരുളകളാക്കിയ ഉപ്പ്മാവ്‌ ഉണ്ടകൾ അറിയാതെ കാക്കകൾ വിഴുങ്ങി തൊണ്ടയിൽ കുരുങ്ങും. ക്ലാസ്സിലിരിക്കുമ്പോൾ ഒച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന കാക്കകളുടെ ശബ്ദം അങ്ങനെ ഇല്ലാണ്ടാക്കാം എന്നതായിരുന്നു ഉദ്ദേശം.
എന്നാൽ കാക്ക കല്ലില്ലാതെ ഉപ്പ്മാവ്‌ കൊത്തി തിന്നു പോകുമെങ്കിലും ബാക്കിയാവുന്ന ഉപ്പ്‌മാവിൽ പിറ്റേന്നും ഞങ്ങൾ പരീക്ഷണം ആവർത്തിക്കും.
അതിലും വലിയ കൗശലക്കാരനായ കാക്ക ഞങ്ങളെ തോൽപിച്ചു കൊണ്ടേ ഇരുന്നു സ്കൂളിൽ ഉപ്പ്മാവ്‌ നിർത്തുന്നത്‌ വരെ.
അടുത്ത പരീക്ഷണം കാലത്ത്‌ വിജനമായ പറമ്പിൽ കുടുംബത്തിലെ ആൺപെൺ വ്യത്യാസമില്ലാതെ തൂറാൻ (അൺപാർലമെന്ററി തോന്നുന്നവർക്ക്‌ ‘രണ്ടിനു’) പോകുന്ന സമയത്തായിരുന്നു. ഉയരമുള്ള കൊമ്പിൽ കയറി കാര്യം സാധിക്കുക എന്നത്‌ ഉശിരുള്ള ആൺപിള്ളേരുടെ മറ്റൊരു പരീക്ഷണമായിരുന്നു.
അത്‌ കഴിഞ്ഞ്‌ ഇത്തിരി ആഴത്തിലും ചതുരത്തിലും കുഴി കുഴിച്ച്‌ അതിന്റെ രണ്ട്‌ സൈഡിലും തെങ്ങോലയുടെ മട്ടൽ കൊണ്ട്‌ ചവിട്ടിയിരുന്ന് കാര്യം സാധിക്കുന്ന പുരാതന കക്കൂസുകളും ഞങ്ങളുടെ കുട്ടിക്കാലം പരീക്ഷിച്ച്‌ വിജയിപ്പിച്ചവയിൽ പെടും. പീന്നീട്‌ അതിന്റെ ചുറ്റും പഴയ സാരി വച്ച്‌ മറക്കുകയും കൂടുതൽ ഉപയോഗിച്ചവ മണ്ണിട്ട്‌ മൂടി പുതിയവ നിർമ്മിക്കുകയും ചെയ്തിരുന്നു അദ്ധ്വാനശീലരായ ഞങ്ങളുടെ കുട്ടിക്കാലം.
പിന്നീട്‌ ഞങ്ങൾ മോട്ടോർമേഖലയിലേക്ക്‌ തിരിഞ്ഞു. ആദ്യ പരീക്ഷണം ഉജാലയുടെ പാട്ടയുടെ രണ്ട്‌ ഭാഗങ്ങളിലും കമ്പി പഴുപ്പിച്ച്‌ ദ്വാരമിട്ട്‌ എം ആർ എഫിന്റെ ടയറിനെ വെല്ലുന്ന റബ്ബർചെരുപ്പ്‌ വട്ടത്തിൽ മുറിച്ച ടയറുകൾ കമ്പിലൂടെ കടത്തിയാണു ആദ്യത്തെ വണ്ടി ഇറക്കുന്നത്‌.
പിന്നീട്‌ ടയറുകളുടെ എണ്ണം കൂട്ടി, പി വി സി പൈപ്പിന്റെ സഹായത്തോടെ വണ്ടി പരിഷ്കരിച്ചു. ചെറിയ സ്റ്റിയറിംഗ്‌ ഒക്കെ ഘടിപ്പിച്ച്‌ അതിൽ നിന്ന് രണ്ട്‌ ചരടുകൾ രണ്ട്‌ വീലുകളിലേക്കും കണക്റ്റ്‌ ചെയ്ത്‌ രണ്ട്‌ വശത്തേക്കും ഒടിക്കാനും തിരിക്കാനും പറ്റുന്ന വണ്ടികൾ ഞങ്ങൾ വികസിപ്പിച്ചു. അതിൽ തന്നെ ചിലർ അപാര ഡെക്കറേറ്റുകൾ നൽകി കൂടുതൽ സുന്ദരമാക്കുമായിരുന്നു. ജലക്ഷാമം നേരിടുന്ന വരൾച്ച കാലത്ത്‌ കുളി കഴിഞ്ഞ്‌ വരുമ്പോൾ ഇതിന്റെ ഹാൻഡ്ലിൽ തൂക്കി ചെറിയ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ട്‌ വരാൻ പാകത്തിൽ കരുത്തുണ്ട്‌ എന്നതും ആ വണ്ടിയുടെ പ്രത്യേകതയായിരുന്നു.
അമ്മയുടെ വീടും പരിസരങ്ങളും ആയിരുന്നു ഇതിനൊക്കെ പറ്റിയ നല്ല വർക്ക്ഷോപ്പ്‌.
നാട്ടിൽ ടി വി വന്നപ്പോൾ അതിലെ രാമായണം കണ്ട്‌ അമ്പും വില്ലും, പഴയ ഇഡ്ഡലി പാത്രവും വടിയും വച്ച്‌ വാളും പരിചയും ഒക്കെ ഉപയോഗിച്ച്‌ യുദ്ധസാമഗ്രികൾ ഉണ്ടാക്കുന്നതും ഞങ്ങളുടെ കാലത്തെ ചെറിയ പരീക്ഷണങ്ങളിൽ പെടും. യുദ്ധത്തിനിടയിൽ ഒരു ദിവസം മഴ പെയ്യുകയും യുദ്ധം വീടിന്റെ ഉമ്മറത്തേക്ക്‌ താൽക്കാലികമായി മാറ്റിയ അവസരത്തിൽ ചെവി തൊട്ട്‌ തൊട്ടില്ല എന്ന മട്ടിൽ കടന്ന് പോയ ഒരമ്പ്‌ പിന്നിലെ മുറിയിലെ വാതിലിൽ തറച്ച്‌ നിൽക്കുന്നത്‌ കണ്ട്‌ അന്തം വിട്ട്‌ ബാക്കി കിട്ടിയ കണ്ണും കൊണ്ട്‌ ഓടി യുദ്ധക്കളത്തോട്‌ വിട പറഞ്ഞവരിൽ ഞാനടക്കം പലരും കാണും.
പിന്നീട്‌ ഞങ്ങൾ ആഭരണമേഖലയിൽ പരീക്ഷണവുമായി ഇറങ്ങി. തേങ്ങചിരട്ടയുടെ കഷ്ണങ്ങൾ വെള്ളത്തിൽ കുതിർത്ത്‌. കുതിർന്ന കഷ്ണത്തെ കുപ്പികഷ്ണം കൊണ്ട്‌ മണിക്കൂറുകളോളം രാകി രാകി വൃത്താകൃതിയിലാക്കി, പിന്നീടതിനെ അലക്കുന്ന കല്ലിൽ ഉരച്ചുരച്ച്‌ ഷേപ്പാക്കി മൂന്നോ നാലോ ദിവസം വെളിച്ചെണ്ണയിൽ മുക്കിവച്ച്‌ കറുപ്പിക്കുന്ന ചിരട്ടമോതിരത്തിനു വമ്പിച്ച ഡിമാന്റായിരുന്നു. രണ്ട്‌ രൂപക്കൊക്കെ വിറ്റുപോയ ചിരട്ടമോതിരങ്ങൾ വരെ ഉണ്ടായിട്ടുണ്ട്‌ ആ പരീക്ഷണകാലത്ത്‌.
പകൽ ഇത്തരം പരീക്ഷണങ്ങൾ കഴിഞ്ഞാലും രാത്രിയിലും വല്ല പരീക്ഷണങ്ങളും നടത്താതെ ഉറങ്ങാൻ പറ്റില്ല യഥാർത്ഥ ശാസ്ത്രഞർക്ക്‌. അവർ ബാറ്ററിയുടെ ചതുരത്തിലുള്ള കാർഡ്ബോർഡ്‌ ബോക്സിന്റെ ഒരു ഭാഗം മുറിച്ച്‌ ആ ഭാഗം വിളക്കിൽ തിരിയിടാൻ വെച്ച വെള്ള തുണി കൊണ്ട്‌ മറച്ച്‌ അതിന്റെ ഓരമൊക്കെ സൂചിയും നൂലും വച്ച്‌ തുന്നി സ്ക്രീൻ റെഡിയാക്കും. അതിനു ശേഷം മുട്ടായി വാങ്ങുമ്പോൾ കിട്ടുന്ന ഫിലിം ജോലി കഴിഞ്ഞ്‌ വന്ന അച്ഛന്റെ ബാറ്ററിയുടെ ബൾബിനു മുന്നിൽ ഭദ്രമായി വച്ച്‌ മൂടിയിടും. അതിനു ശേഷം ഈ സ്ക്രീനിലോട്ട്‌ ടോർച്ച്‌ തെളിക്കും. ദേ ചിരിച്ച്‌ കൊണ്ട്‌ മമ്മൂട്ടി സ്ക്രീനിൽ. ആദ്യത്തെ പ്രൊജക്റ്റർ വിജയിച്ച സന്തോഷത്തിൽ വലിയ ഗമയിൽ അനിയത്തിക്കും ടോർച്ച്‌ തെളിക്കാൻ കൊടുത്തു. അവൾ ഈ സ്ക്രീനിൽ അടിക്കുന്നതിനു പകരം കുമ്മായം തേച്ച ചുമരിൽ ഇതിലും വലിയ മമ്മൂട്ടിയെ കാണിച്ച്‌ തന്ന് വാ പൊത്തി ചിരിച്ചു. തോൽക്കാൻ മനസ്സില്ലാത്ത ശാസ്ത്രജ്ഞൻ അവളെയും കൂട്ടി തേക്കാത്ത മുറിയിൽ സ്ക്രീൻ ഫിറ്റ്‌ ചെയ്ത്‌ കാണിച്ചിട്ട്‌ ജേതാവായി.
ഓർമ്മ ശരിയാണെങ്കിൽ കുട്ടിക്കാലത്തെ പരീക്ഷണങ്ങളിൽ ഒടുവിലത്തെ പരീക്ഷണം ആയി മാറിയത്‌ ടോർച്ച് ഉണ്ടാകിയതാണെന്നാണു ഓർമ്മ.
കടയിൽ പോകുമ്പോൾ ഒന്നുകിൽ വലിയ ചൂട്ട്‌ കെട്ടലായിരുന്നു പണ്ട്‌. പിന്നീട്‌ മെഴുകുതിരിയിലേക്ക്‌ മാറി. അതും കടാലിസിൽ പൊതിഞ്ഞത്‌ കൈയ്യിലേക്ക്‌ ഉരുകിയൊലിക്കുന്നതിൽ നിന്നും പിന്നീട്‌ പച്ചില കൂട്ടിപിടിക്കുന്നതിൽ നിന്നും മാറി ചിരട്ടയിൽ മെഴുകുതിരി കത്തിച്ച്‌ കൊണ്ടുപോകുന്നതും പരീക്ഷിച്ച്‌ വിജയിപ്പിച്ച്‌ വരുന്നൊരു കാലം. ആ മെഴുകുതിരി ചിരട്ടയോട്‌ ചേർന്ന് ചൂടാകുമ്പോൾ ഉള്ളൊരു മണമുണ്ട്‌. ശ്വസിച്ച്‌ നോക്കണം വായിച്ചാൽ മനസ്സിലാകില്ല.
കടയിൽ പോകുമ്പോൾ ഉള്ള ഈ ചെരട്ടയിലെ മെഴുകുതിരിയുടെ ഇരുണ്ട യുഗം അവസാനിപ്പിക്കണമെന്ന ചിന്തയിൽ നിന്നാണു എന്റെ ആദ്യത്തെ ടോർച്ച്‌ പരിക്ഷണം വിജയകരമായി പൂർത്തിയാകുന്നത്‌.
കട്ടികടലാസ്‌ കൊണ്ട്‌ പൊതിഞ്ഞ ചെറിയ രണ്ട്‌ പഴയ ബാറ്ററി, ഒരു ചെറിയ കഷ്ണം വയറും ബൾബും കൊണ്ട്‌ യോജിപ്പിച്ച്‌ ആദ്യത്തെ ടോർച്ച്‌ റെഡിയാക്കി.
കടയിൽ പോകുമ്പോൾ തെളിക്കാൻ പാകമാക്കി നിർത്തിയ ടോർച്ചും കൊണ്ട്‌ പോകാൻ ഇരുട്ട്‌ ആകുന്നത്‌ വരെ കാത്തിരുന്ന എന്നെ അമ്മ ചെവിക്ക്‌ പിടിച്ച്‌ നേരത്തേ കടയിലേക്കയച്ചു. അങ്ങോട്ട്‌ പോകുമ്പോൾ അടിക്കാൻ പറ്റിയില്ലെങ്കിൽ ഇങ്ങോട്ട്‌ വരുമ്പോൾ ടോർച്ച്‌ തെളിച്ചേ വരൂ എന്നത്‌ വാശിയായി.
നല്ല തിരക്കുള്ള കടയിൽ സാധനം വാങ്ങിക്കാൻ നിൽക്കുമ്പോൾ എന്റെ മുന്നിൽ സാധനം വാങ്ങിക്കാൻ വന്ന പ്രായമുള്ളൊരാൾ “ആ കുട്ടിക്ക്‌ കൊടുക്ക്‌ ഇരുട്ടായി” എന്ന് പറഞ്ഞ്‌ സ്നേഹം കാണിച്ചപ്പോൾ ‘അത്തരം ഔദാര്യമൊന്നും വേണ്ടെന്ന്’ മനസിൽ പറഞ്ഞ്‌ ടോർച്ച്‌ തെളിച്ച്‌ അയാളോട്‌ ഇത്തിരി പുച്ഛഭാവത്തിൽ “നിങ്ങൾ വാങ്ങിച്ചോ എനിക്ക്‌ ടോർച്ചുണ്ട്‌” എന്ന് പറഞ്ഞ്‌ ടോർച്ച്‌ തെളിച്ച്‌ കാണിച്ചപ്പോൾ കടയിൽ നിന്നവരൊക്കെ ഒരു ചിരിയും “അമ്പട കേമാ” ന്നൊരു വിളിയും.
സാധനങ്ങൾ വാങ്ങി പൈസയൊക്കെ കൊടുക്കുമ്പോളേക്കും വിചാരിച്ചത്‌ പോലെ ഇരുട്ടായി തുടങ്ങിയിരുന്നു. സാമാന്യം കനമുള്ള സഞ്ചി തലയിലേറ്റി, അച്ചമ്മക്കുള്ള വെറ്റിലയും പുകയിലയും ട്രൗസറിന്റെ ഒരു കീശയിലും അച്ഛന്റെ ബീഡി മറ്റേ കീശയിലും വച്ച്‌ ഞാൻ കടയിൽ നിന്നിറങ്ങി. മെയിൻ റോഡിൽ നിന്ന് ഒരു ഇടവഴി നടന്ന് വേണം വീട്ടിലേക്കെത്താൻ. ഞാൻ ഇടവഴി കടന്നതോട്‌ കൂടി ടോർച്ച്‌ അടി തുടങ്ങി. ടിക്ക്‌, ടിക്ക്‌ വഴിയിൽ മാത്രമല്ല വഴിയിലെ തിണ്ടിലും ഒക്കെ അടിച്ച്‌ വിശദമായ നടത്തം.
ടിക്ക്‌, ടിക്ക്‌. ടി...ക്‌...ക്ക്‌…
ഒന്ന് നീണ്ട്‌ മിന്നി എന്റെ ടോർച്ച്‌ ദീർഘശ്വാസം വലിച്ചു. ഞാൻ ഇടവഴിലെ ഏകദേശം നടുവിൽ എത്തുകയും ചെയ്തു. ചുറ്റും കൂനാകൂനിരുട്ട്‌.. പൊതുവെ പാമ്പുകൾ ഉള്ള വഴിയായത്‌ കൊണ്ട്‌ നല്ല വെളിച്ചമില്ലാതെ ആരും ആ ഇടവഴിയിൽ കൂടി രാത്രി സമയം നടക്കാറില്ല.
എനിക്ക്‌ തിരിച്ച്‌ റോഡിലേക്ക്‌ പോകണോ വീട്ടിലേക്ക്‌ പോകണോ എന്നായി സംശയം. അപ്പോഴുണ്ട്‌ ആരോ നല്ല അരിമുറുക്ക്‌ തിന്നുന്ന മണം. മണം ഒന്ന് കൂടി ശ്വസിച്ച എന്റെ തൊണ്ടയിലെ വെള്ളം വറ്റി. മൂർഖൻ പാമ്പ്‌ വാ തുറക്കുമ്പോൾ ആണു പോലും ഇങ്ങനെ മുറുക്ക്‌ തിന്നുന്ന മണം വരുന്നത്‌. നിന്ന നിൽപിൽ നിന്ന് അനങ്ങാൻ തന്നെ പേടിയായി. ഉച്ചത്തിൽ വിളിച്ച്‌ കൂവിയാലോ എന്നോർത്തു ആദ്യം, എത്ര ഉച്ചത്തിൽ കൂവിയാലും കേൾക്കാൻ പാകത്തിൽ അടുത്ത്‌ ഒരു വീടും ഇല്ല.. ട്രൗസർ നനഞ്ഞേക്കുമോ എന്ന് തോന്നിത്തുടങ്ങിയപ്പോ വരുന്നിടത്ത്‌ വച്ച്‌ കാണാം എന്ന മട്ടിൽ കണ്ണിറുക്കി അടച്ച്‌ കാലിന്റെ മുന്നടി മാത്രം നിലത്ത്‌ ചവിട്ടി തുള്ളി തുള്ളി ഒരൊറ്റ ഓട്ടം.( ഈ ഓട്ടം ഓർക്കാൻ കുതിരവട്ടം പപ്പുവിന്റെ വിഖ്യാതമായ വെള്ളം… കര.. കര.. വെള്ളം ഓർത്താൽ മതി) അങ്ങനെ ഞാൻ ഓടിയതും ഒരു പരീക്ഷണമായിരുന്നു. അഥവാ ഒരു സ്റ്റെപ്പ്‌ പാമ്പിനെ ചവിട്ടിപ്പോയാലും അടുത്ത സ്റ്റെപ്പ്‌ വളരെ ദൂരത്ത്‌ പതിയുന്നത്‌ കൊണ്ട്‌ കടിക്കാൻ ഉദ്ദേശിച്ച പാമ്പ്‌ കാൽ കാണാതെ ഇളിഭ്യനാകുമല്ലോ. എന്തായാലും പാമ്പിനു ഒരവസരവും കൊടുക്കാതെ അടുത്ത വീട്ടിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണുന്നത്‌ വരെ ഓടി. കണ്ണു അടച്ചോ തുറന്നോ ന്നൊന്നും ഓർമ്മയില്ല. അതപ്പോൾ അടച്ചാലും തുറന്നാലും ഒന്നും കാണാത്ത ഇരുട്ടായത്‌ കൊണ്ട്‌ അതിൽ വലിയ കാര്യവുമില്ല.
ഓടിക്കിതച്ച്‌ വീട്ടിലെത്തുമ്പോൾ ടോർച്ച്‌ വെളിച്ചം പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ മുന്നിൽ അരിയും സഞ്ചിയും താഴെ വച്ച്‌ കിതച്ച്‌ കൊണ്ട്‌ ഞാൻ പരീക്ഷണം ചതിച്ച കാര്യം പറഞ്ഞു. അത്‌ കേട്ട അമ്മ “ആ കുന്ത്രാണ്ടം ഇങ്ങ്‌ കൊണ്ടാ” എന്നും പറഞ്ഞ്‌ എന്റെ പരീക്ഷണം വാങ്ങി ദൂരെ എറിഞ്ഞു.
അത്‌ കണ്ട്‌ കൈപൊത്തി അനിയത്തിയും ‘നിന്റെ അഹങ്കാരം കൊണ്ടല്ലേ അനുഭവിച്ചോ’ എന്ന മട്ടിൽ ചിരട്ടയിലെ മെഴുകുതിരിയും എന്നെ നോക്കി ഊറിചിരിക്കുന്നുണ്ടായിരുന്നു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot