നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്ഷത്രം

Image may contain: 1 person, beard

അന്ന് സ്കൂളിൽ നിന്നും വന്നപാടെ പുസ്തകം വലിച്ചെറിഞ്ഞു ഉമ്മയോട് ഞാൻ ചോദിച്ചു:
"എന്റെ നക്ഷത്രം ഏതാ ?" എല്ലാർക്കും നക്ഷത്രം ഇണ്ട്. എനക്ക് മാത്രം ഇല്ല.
"നമ്മക്ക് നക്ഷത്രം നോക്കൽ ഇല്ലാന്ന് നിനിക്ക് അറിഞ്ഞൂടെ? "
നാളെ അപ്പോൾ രാജുവിനോടും മുരളിയോടും എന്താ പറയുക? ഞാൻ ഉടനെ അടുത്ത വീട്ടിലെ അമ്മൂമ്മയുടെ അടുത്തേക്ക് ഓടി :
"അമ്മമ്മേ ....ന്റെ നക്ഷത്രം ഏതാ ? "
അമ്മമ്മ ഞാനുമായി എന്നും കടിപിടിയാണ്... ഛെ., ഒരു ദയയും ഇല്ലാതെ അവർ ഒരു ""വൃത്തികെട്ട" നക്ഷത്രത്തിന്റെ പേര് പറഞ്ഞു തന്നു...
"ഇത് ബേണ്ട....നല്ല നക്ഷത്രം ബേണം.."
"എന്നാ നീ മകം എടുത്തോ ...മകം നല്ലതാ .."
പിറ്റേന്ന് ആകാശം കീഴടക്കിയ സന്തോഷത്തോടെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരുടെ മറുപടി :
"അയ്യേ ?!! മകം പെണ്ണുങ്ങളുടെ നക്ഷത്രാ... ഒരു കൊണോം ഇല്ല. "
അതോടെ ഈ “കൊണമില്ലാത്ത” നക്ഷത്രം വേണ്ടാന്ന് ഞാനും അങ്ങോട്ട് തീരുമാനിച്ചു.. അങ്ങിനെ ഒരു ടെൻഷനുമില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിൽ എത്തിയപ്പോൾ ഒരു ദിവസം കൂട്ടുകാരി ആ പഴയ ചോദ്യം ചോദിച്ചു:
"ഏതാ നിന്റെ നക്ഷത്രം ?!
"നീ തന്നെ " എന്നവളോട് കളി പറഞ്ഞിട്ടും വിടാതെ എന്റെ ജനനത്തീയതി വെച്ച് പുതിയൊരു സായിപ്പൻ നക്ഷത്രം അവളെനിക്ക് സമ്മാനിച്ചു. ടോറസ്.. ഈ ടോറസ് ചേട്ടനെ ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു..അവൾ അവിടെ നിർത്തിയില്ല.. തിങ്കളാഴ്ച ക്ളാസിൽ വരുമ്പോൾ എനിക്കുള്ള "അടുത്ത ആഴ്ച" ചൊല്ലിക്കേൾപ്പിക്കും.. അവളോടുള്ള വാശിക്ക് വായനശാലയിൽ പോയി 'ഇന്ത്യൻ എക്സ്പ്രസ്സിൽ' നിന്നും ടോറസ് ചേട്ടനെയും അവളുടെ ചേച്ചി നക്ഷത്രത്തെയും വായിച്ചു അങ്ങോട്ട് വിളമ്പാൻ തുടങ്ങിയതോടെ ഒരിക്കൽ കൂടി പിന്നാലെ പാഞ്ഞു വരുന്ന നക്ഷത്രക്കൂട്ടങ്ങളിൽ നിന്നും ഞാൻ തടിയൂരി..
പിന്നെ ഞാൻ നക്ഷത്രം എണ്ണിയത് സുഹൃത്തിന്റെ കല്യാണം മുടങ്ങിയപ്പോഴാണ്. കണ്ടു, ഇഷ്ടമായ, സുന്ദരിപ്പെണ്ണിനെ നക്ഷത്രപ്പയ്യൻ കാല് കൊളുത്തി വീഴ്ത്തിയപ്പോൾ "ആ കോതയെക്കാളും നല്ല വേറെ പെണ്ണിനെ നിനക്ക് കിട്ടുമെന്നുള്ള" പതിവ് സ്വാന്തനം നൽകി അവനെ ആശ്വസിപ്പിക്കാനേ അപ്പോൾ കഴിയുമായിരുന്നുള്ളൂ..
നക്ഷത്രപ്പൊരുത്തം നോക്കി കെട്ടിയ ആ ചെക്കൻ അവളെ പിന്നെ ചുടുചോര തീറ്റിക്കുന്ന രംഗങ്ങൾക്ക് സാക്ഷിയാവേണ്ടി വന്നു...മാനത്തുള്ള ഒരു നക്ഷത്രവും അതറിഞ്ഞതായി ഭാവിച്ചില്ല.
നക്ഷത്രത്തെ നിഷ്കരുണം തല്ലിയോടിച്ചെങ്കിലും അടുത്തുള്ള ജിന്നുമ്മയുടെ കൊടി കെട്ടിയ വീട് കാണുമ്പോൾ ഉമ്മാക്ക് എന്തോ ചിൽ ചിൽ മുഹബ്ബത്ത് ഉള്ളതുപോലെ. ആ കൊടിയുടെ പോരിശ ഞാൻ ചോദിച്ചു. അത് ദൂരെ നിന്ന് വരുന്നവർക്ക് വീട് തിരിച്ചറിയാനുള്ള ഒരടയാളമാണെന്നു വിവരം കിട്ടി. (വീടിന്നടയാളം ശീമക്കൊന്ന പോലെ). ജിന്ന് സേവ ഒരു നല്ല "കുടിൽ വ്യവസായമാണെന്നു" ജിന്നുമ്മയുടെ വളർന്നു കൊണ്ടേയിരിക്കുന്ന വീട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു
കണിയാനും ജിന്നാണത്രെ "നക്ഷത്ര വിശേഷങ്ങൾ" എത്തിച്ചുകൊടുക്കുന്നത്. പത്താം ക്ളാസ് പരീക്ഷാ സമയത്ത് ഒരു ജിന്നിനെ കിട്ടിയെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ചോദ്യപേപ്പർ ചോർത്തി എനിക്ക് മാത്രം കൊണ്ടുവന്നു തരുന്ന ഒരു സുന്ദരി ജിന്ന് ! പക്ഷെ ജിന്ന് അങ്ങിനെയൊന്നും അടുക്കില്ലത്രേ..അടുത്താൽ പിന്നെ അടിച്ചിറക്കിയാലും പോകുകയും ഇല്ലത്രെ.
ഹോ....ഇതൊക്കെ പഴയ കഥ...പുതിയതിലേക്ക് വരാം.
കഴിഞ്ഞ ദിവസം ഓഫിസിലെ പ്രായമുള്ള പാക്കിസ്ഥാനി എന്നെ വിളിച്ചൊരു സ്വകാര്യം പറഞ്ഞു (ഉർദുവിലാണ്).
"എന്റെ കമ്പ്യൂട്ടറിൽ ആരോ വന്നിട്ടുണ്ട് “
ഞാൻ ആകാംഷയോടെ സ്ക്രീനിലേക്ക് തല കുനിച്ചപ്പോൾ ആൾ പറഞ്ഞു :
" നീ അവിടെ എന്ത് കുന്തമാ നോക്കുന്നത്? എന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തിട്ടുണ്ട് ...പക്ഷെ മനുഷ്യനല്ല...ജിന്നാണ്...ജിന്ന്.."
അറുപത്തഞ്ചു വയസ്സുള്ള അയാളെ നോക്കി വേദന കടിച്ചിറക്കി ഞാൻ ചോദിച്ചു:
"ഇനി എന്താ ചെയ്യുക? "
"ജിന്ന് തൊട്ടാൽ പിന്നെ അത് കളഞ്ഞു പുതിയത് എടുക്കുകയേ മാർഗമുള്ളൂ"
അന്ന് രാത്രി കെട്ട്യോളെ വിളിച്ചു ഈ കഥ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:
"നിങ്ങളെപ്പോലെയല്ല, ആ കിളവന് ബുദ്ധിയുണ്ട്.. പുതിയ ലാപ് കിട്ടാനുള്ള വേലയാണത് . വെറുതെ വായിച്ചാലും എഴുതിയാലും മാത്രം പോരാ…പുത്തി വേണം, കേട്ടാ....”
"ആണ് ല്ലേ? ! പൊന്നേ... ...ഞാൻ ഒരു സംശയം ചോദിച്ചോട്ടെ "
"ഈ പാതിരാത്രിക്ക് എന്താ കുട്ടിയുടെ സംശയം? "
"അല്ലാ...നിന്നെ എപ്പോഴാ ജിന്ന് ബാധിക്കുക ...എന്നിട്ട് വേണം എനിക്ക് .."
പിന്നെ എന്ത് പറ്റിയെന്നറിയില്ല, നേരം പുലരുന്നതുവരെ എന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.
(ഹാരിസ്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot