നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലവ് ഡേയ്ൽ ഇൻ - Part 1

Image may contain: 1 person, sky, mountain, cloud, outdoor and nature
- ഭാഗം ഒന്ന് 
പച്ചപ്പാർന്നകുന്നിൻ മുകളിലെ, ആ കോട്ടേജിന്റെ കവാടത്തിന്നരികിലായ് സ്ഥാപിച്ചിരുന്ന...വെളുത്ത ചായം പൂശിയ മരപ്പലകയിൽ, "ലവ്ഡേയ്ൽഇൻ" എന്ന് ...മഞ്ഞയും, പച്ചയും വർണ്ണങ്ങളിടകലർത്തി വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. പൈൻ മരങ്ങൾ അതിരിടുന്ന പ്രധാന പാതക്ക് സമീപത്തായി കരിങ്കല്ലടുക്കി, സിമന്റ് പൂശിയുണ്ടാക്കിയതായിരുന്നു ആ കവാടം... അവിടെ നിന്നും ടാറിളകിത്തുടങ്ങിയ പഴയൊരു റോഡുവഴി കുന്ന് കയറിയാൽ കോട്ടേജിലേക്കെത്താം.
കോട്ടേജിലേക്കുള്ള ടാർ വഴിക്കിരുവശവുമായി അലങ്കാരത്തിന് തേയിലച്ചെടികൾ ഭംഗിയിൽ കത്രിച്ച് ഒരു വേലി പോലെയാക്കി നിർത്തിയിരുന്നു... അതിനിടയിലായി വിവിധ വർണ്ണങ്ങളിലുള്ള ഇലച്ചെടികളും അവിടെ നട്ടുപിടിപ്പിച്ചിരുന്നു. വേലിക്ക് പുറത്തായി പുളിയനോറഞ്ച് മരങ്ങളും, പേരയും, സപ്പോട്ടയും, സബർജില്ലും കായ്ച്ച് നിൽക്കുന്നുണ്ടായിരുന്നു... ആ പാത തീരുന്നിടത്തായ് മരയഴികൾ കൊണ്ടുള്ള ഒരു ഗേറ്റുണ്ട്...അതും കടന്നാൽ കോട്ടേജിന്റെ മുറ്റത്തേക്കെത്തും. ആ മുറ്റം നിറയെ ഡാലിയയും, ഗ്ലാഡിയോളിസും, ജമന്തിയും പൂവിട്ട് വർണ്ണക്കാഴ്ച ഒരുക്കിയിരുന്നു.
പഴയതെങ്കിലും വൃത്തിയായും, ഭംഗിയായും സൂക്ഷിച്ചിരുന്ന കോട്ടേജിന്റെ ഭിത്തികൾ ചാരനിറത്തിലുള്ളവയായിരുന്നു... മുൻവശത്തായി കാണുന്ന വലിയ ഫ്രെഞ്ച് ജാലകങ്ങൾക്കും, കമാന വാതിലിനും വെളുത്ത ചായവും പൂശിയിരുന്നു... ജാലകത്തിന് താഴെ ചെടിച്ചട്ടികളിൽ നിരത്തി വെച്ചിരിക്കുന്ന ആന്തൂറിയം ചെടികളിലപ്പോൾ വിവിധ വർണ്ണങ്ങളിലുള്ള പൂക്കളും വിരിഞ്ഞ് നിന്നിരുന്നു.
***************************
സമയം വൈകിട്ട് ആറു മണിയോടടുത്തു... വെയിൽ ചാഞ്ഞ് അവിടമാകെ മഞ്ഞ് പുതച്ച് തുടങ്ങി... ഓളങ്ങളനങ്ങാതെ പ്രശാന്തമായ സീതാദേവി തടാകത്തിൽ സന്ധ്യയുടെ നിറം ഉതിർന്ന് വീണ് അലിഞ്ഞ് തീർന്നു... ഇരുട്ട് മൂടിത്തുടങ്ങിയിരിക്കുന്നു... നേരിയ നൂല് പോലെ മഞ്ഞ് പെയ്യുന്നുമുണ്ട് !.
ലെഡ്ജറിലെ 2009 ജൂൺ 6 എന്ന പേജ് ക്ലോസ് ചെയ്ത്, കോട്ടേജിന്റെ വാതിൽ പൂട്ടി പുറത്തേക്കിറങ്ങിയ മാനേജർ അരവിന്ദ്‌...താക്കോൽക്കൂട്ടത്തിൽ നിന്നും ഗേറ്റിന്റെ താക്കോലെടുത്ത് വാച്ചർ മുനിച്ചാമിക്ക് കൊടുത്തു.
എന്നിട്ട് നിരാശയോടെ ഇങ്ങനെ പറഞ്ഞു:
" ഇന്ത വർഷം സീസണേ റൊമ്പ മോശം ചാമി ...!
ആളെ കിടക്കവെ ഇല്ലൈ...
പിന്നെയിപ്പം എപ്പടി ഗസ്റ്റ് കിടക്കും... ?. ഇങ്കെയൊരു ഗസ്റ്റ് വന്തിട്ട് ഇന്നേക്ക് രണ്ടു വാരമാച്ച് !. ഇൻട്രിനി ആരും വരുമെന്ന് നിനക്കലൈ... ഞാൻ വീട്ടിലേക്ക് പോകിറേൻ. ''
ആകാശത്തിന്റെ വെള്ളക്കീറിൽ മുഖം തൊട്ട് നിൽക്കുന്ന മലനിരകളുള്ള ഇടുക്കി ജില്ലയുടെ അതിർത്തിയിൽ...തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന "ഹിൽ വാലി " യെന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ആ കോട്ടേജ്...മഞ്ഞ നിറത്തിൽ പൂക്കുന്ന മരച്ചില്ലകൾക്ക് താഴെ യൂറോപ്യൻ കെട്ടിടങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പണിതീർത്തിട്ടുള്ള ‘ലൗവ് ഡേയിൽ ഇൻ’ എന്ന ആ കോട്ടേജിന്റെ...മാനേജർ - കം കെയർ ടേക്കറാണ് അരവിന്ദ്... മുനിച്ചാമി അവിടുത്തെ രാത്രി കാവൽക്കാരനും.
കറുത്ത് മെല്ലിച്ച്, സദാ പുഞ്ചിരിക്കുന്ന മുഖഭാവവും, ആ മുഖത്ത് തെളിഞ്ഞു കാണുന്ന പുകയിലക്കറപിടിച്ച പല്ലുകളും, ചെമ്പൻ തലമുടിയും, ചടച്ച താടിരോമങ്ങളുമുള്ള മുനിച്ചാമി തമിഴ്നാട് സ്വദേശിയായിരുന്നു... ചെറുപ്പത്തിലെ ഹോട്ടൽ ജോലിക്ക് ഇവിടെ എത്തിയ അയാൾക്ക് ഇപ്പോൾ പ്രായം എകദേശം അറുപതിനോട് അടുത്ത് വരും.
അരവിന്ദ് ഈ ജോലിക്ക് ഇവിടെയെത്തിയിട്ട് നാലു വർഷത്തോളമായി... അതിന് മുൻപ് അവൻ കർണ്ണാടകത്തിലെ ‘'’ഒസള്ളി” എന്ന ഉൾ നാടൻ ഗ്രാമത്തിലായിരുന്നു... ചെറുപ്പത്തിലെ തന്നെ അമ്മ മരിച്ച് പോയ അവന് പിന്നെ ഏക ആശ്രയം അവന്റെ പിതാവായിരുന്നു ... അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം അയാളുടെ നാടായ ഹിൽവാലിയിലെത്തിയതായിരുന്നു അരവിന്ദ്... ഇവിടെ എത്തിയപ്പോൾ ആദ്യം സിറ്റിയിലുള്ള ഒരു വർക്ഷോപ്പിൽ മെക്കാനിക്കായാണ് അവൻ ജോലി നോക്കിയിരുന്നത്.
വിദേശത്തുള്ള ബിസ്സിനസുകാരൻ കുര്യച്ചന്റെതാണ് ഈ കോട്ടേജ്... വല്ലപ്പോഴും നാട്ടിലെത്തുന്ന അയാൾ ഇതിന്റെ ചുമതല അരവിന്ദിനെയാണ് ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്.
കാഴ്ചയിൽ... വെളുത്ത് കൊലുന്നനെയുള്ള രൂപക്കാരനും, പെരുമാറ്റത്തിൽ പതിഞ്ഞ സ്വഭാവക്കാരനുമായ അരവിന്ദ് ആത്മാർത്ഥതയുള്ളവനും , സത്യസന്ധനുമായിരുന്നു... ഒരിക്കൽ ഹിൽവാലിയിലെത്തിയ കുര്യച്ചന്റെ കാറ് ഇവിടെ വച്ച് അപകടത്തിൽ പെട്ടു... അന്ന് രക്തത്തിൽ കുളിച്ച് കിടന്നിരുന്ന കുര്യച്ചനെ ആശുപത്രിയിലെത്തിച്ചതും, ബന്ധുക്കൾ എത്തുന്നത് വരെ കൂടെ നിന്നതും അരവിന്ദായിരുന്നു ... അന്നത്തെ അവന്റെ പെരുമാറ്റവും, സ്വഭാവ രീതികളും കുര്യച്ചന് ഏറെ ഇഷ്ടപ്പെട്ടു... ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ കുര്യച്ചനാണ് അവനോട് മെക്കാനിക്കിന്റെ ജോലി ഉപേക്ഷിച്ച് കോട്ടേജിന്റെ കാര്യം നോക്കിനടത്താൻ ആവശ്യപ്പെട്ടത്... അങ്ങനെ കഴിഞ്ഞ നാലു വർഷക്കാലമായി ഈ കോട്ടേജിന്റെ കെയർ ടേക്കറായി ജോലി നോക്കി വരികയാണ് അവൻ.
കോട്ടേജിനു താഴെ 'വ്യൂ' പോയിൻറിനരികിലുള്ള ചെറിയ സിറ്റിയിലാണ് അരവിന്ദിന്റെ വീട്... ഭാര്യക്കും കുഞ്ഞിനുമൊപ്പം അവൻ അവിടെയാണ് താമസിച്ചിരുന്നത്... ഹിൽ വാലിയിലെത്തി ഏറെ കഴിയും മുൻപെ അരവിന്ദ്, അവൻ ജോലി ചെയ്തിരുന്ന വർക്ഷോപ്പിനരികിൽ പൂക്കച്ചവടം നടത്തിയിരുന്ന ‘മണി മേഖല ‘ എന്ന തമിഴ് പെൺകുട്ടിയുമായി പ്രണയത്തിലായി...അവളുടെ പാട്ടിയുടെ മരണത്തോടെ അനാഥയായി തീർന്ന അവളെ അവൻ വിവാഹം കഴിക്കുകയും ചെയ്തു... ഇപ്പോൾ അവർ താമസിക്കുന്ന ‘വ്യൂ പോയിന്റിന് ‘ അരികിലുള്ള വീട് അവന്റെ ഭാര്യ മണിയുടെതാണ്.
********************************
ഗേറ്റും കടന്ന് അരവിന്ദ് വീട്ടിലേക്ക്, റോഡിന്റെ ഓരം ചേർന്ന് നടക്കുമ്പോൾ അവന്റെ മൊബൈൽ ഫോൺ രണ്ട് വട്ടം ശബ്ദിച്ചു...ഭാര്യയാവുമെന്ന് കരുതി പോക്കറ്റിൽ നിന്നും ഫോണെടുത്ത് പരിശോധിച്ചപ്പോൾ, അതിന്റെ ഡിസ്പ്ലേയിൽ മുരുകൻ കോളിംഗ് എന്ന് അവന് തെളിഞ്ഞ് കാണാൻ കഴിഞ്ഞു... അതിലേക്ക് സംശയത്തോടെ ഒന്ന് നോക്കിയ അരവിന്ദ് ഫോൺ ഓൺ ചെയ്ത് തന്റെ ചെവിയോട് ചേർത്തു...
" അരവിന്ദ് സർ മുരുഗൻ പേസ്റേൻ... ഇങ്കെ
ഗസ്റ്റ് വന്തിറുക്ക്... അങ്കെ എല്ലാമെ ഓ.കെ താനാ... എനക്ക് കമ്മീഷൻ നല്ലാ കെടക്കണം.
ഉങ്കളുടെ കോട്ടേജെ പറ്റിതാൻ സൊല്ലിയാച്ച്...
കാലൈ വന്ത് കമ്മീഷൻ വാങ്കലാം."
ഒറ്റ ശ്വാസത്തിൽ ഈ ശബ്ദം ഫോണിന്റെ മറുതലക്കൽ നിന്നും അവൻ കേട്ടു.
" എത്തന പേർ ഇരിക്ക് ?."
അരവിന്ദിന്റെ ഈ ചോദ്യത്തിന് മറുപടിക്ക് മുൻപെ ആ ഫോൺകോൾ കട്ടായി...
മുരുകൻ സിറ്റിക്കടുത്തുള്ള ‘ വ്യൂ പോയിന്റിലെ ' ഗൈഡാണ്... കോട്ടേജിൽ ഇത്തവണ ഗസ്റ്റുകൾ കുറവാണെന്ന കാര്യം രാവിലെ വീട്ടിൽ നിന്നും വരുമ്പോൾ താൻ അവനോട് പറഞ്ഞിരുന്നുവെന്ന് അരവിന്ദ് അപ്പോളോർത്തു...
"ഈ സമയത്ത് ഗസ്റ്റ് ... !!
ഇതിവിടെ പതിവില്ലാത്തതാണ്... ഉച്ചക്ക് മുൻപ് ഇവിടെയെത്തി, പ്രകൃതി സൗന്ദര്യമാസ്വദിച്ച് , അന്നിവിടെ തങ്ങി, തണുത്ത രാത്രിയുടെ ലഹരി നുണഞ്ഞ് പോകുന്നവരാണ് സഞ്ചാരികളിൽ അധികവും. "
ഇങ്ങനെ ചിന്തിച്ച് ...
തിരിച്ച് തിടുക്കത്തിൽ കുന്നുകയറിച്ചെന്ന അവൻ മുനിച്ചാമിയോട് ഗേറ്റ് തുറക്കാനാവശ്യപ്പെട്ടു...
തുറന്ന ഗേറ്റിലൂടെ അകത്ത് കയറി കിതപ്പടക്കികൊണ്ട്, അവൻ ചാമിയോട് പറഞ്ഞു:
" ചാമീ ഗസ്റ്റുണ്ട്...
മോട്ടോർ ഓൺ പണ്ണി ടാങ്കിൽ തണ്ണി നിറയ്. "
എന്നിട്ട് വേഗം ചെന്ന് വരാന്തയിലെ ലൈറ്റുകൾ ഓണാക്കി... പിന്നെ അവൻ പോക്കറ്റിൽ നിന്നും താക്കോൽ കൂട്ടമെടുത്ത്, ഡോറുതുറന്ന് ...ഹാളിലേയും, റൂമുകളിലേയും ലൈറ്റിന്റെ സ്വിച്ച്കൾ കൂടി ഓൺ ചെയ്തു.
തിരികെ വീണ്ടും വരാന്തയിലേക്കെത്തിയ അരവിന്ദ്, അവിടെ നിന്ന് ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു...
മറുതലക്കൽ ഫോണെടുത്ത ഭാര്യ മണിയോട് അവൻ ഇങ്ങനെ പറഞ്ഞു:
" ഹലോ ...മണീ, ഇന്ന് ഗസ്റ്റുണ്ട് ...
മുരുഗൻ ഇപ്പോൾ വിളിച്ചിരുന്നു... അവർ വരുന്നതെയുള്ളു... ഞാൻ വരാൻ കൊഞ്ചം ലേറ്റ് ആകും...വരുമ്പോൾ കടയിൽ നിന്നും നീ പറഞ്ഞ സാധനങ്ങൾ വാങ്ങി വരാം... മുൻവാതിൽ ലോക്ക് ചെയ്തോളൂ... ഞാൻ വന്ന് വിളിച്ചിട്ട് തുറന്നാൽ മതി."
"അരവിന്ദിന്റെ വാക്കുകൾ മൂളിക്കേട്ടു കൊണ്ടിരുന്ന അവൾ, അവൻ പറഞ്ഞ് നിർത്തിയപ്പോൾ... അധികം വൈകരുത് കേട്ടോ. പാപ്പാവുടെ പാൽപ്പൊടിയുടെ കാര്യവും മറക്കവേണ്ട."
എന്ന് മറുപടി പറഞ്ഞു.
"ഇല്ല അത് മറക്കില്ല... ഞാൻ വേഗമങ്ങത്തിക്കോളാം.” ഇതും പറഞ്ഞ് അവൻ ഫോൺ തിരികെ തന്റെ പോക്കറ്റിലേക്ക് വെച്ചു.
അപ്പോഴേക്കും താഴെ റോഡിൽ നിന്നും മഞ്ഞുകണങ്ങൾക്കിടയിലൂടെ ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റുവെട്ടം കോട്ടേജിനരികിലേക്ക് അരിച്ച് കടന്നുവരുന്ന കാഴ്ച ആ വരാന്തയിൽ നിന്ന് അവൻ കണ്ടു...
(തുടരും)..............
കഥയുടെ തുടർഭാഗം വായിക്കാൻ ആഗ്രഹിക്കുന്നവർ, ദയവായി കഥയെ കുറിച്ച് കമന്റ് ചെയ്യണെ.. കമന്റിന് മറുപടിയായി തുടർ ഭാഗങ്ങളുടെ ലിങ്ക് അയക്കുന്നത് മെൻഷൻ ചെയ്യുന്നതിനേക്കാൾ ഫലപ്രദമായതിനാലാണ്... സ്നേഹത്തോടെ
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot