നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടൽ പോലെ നീ


യാദൃശ്ചികമായി അനുവിന്റെ മൊബൈലിൽ കണ്ട ഒരു മെസ്സേജിലാണ് എന്റെ മനസമാധാനം മുഴുവൻ നഷ്ടമായത് .ഞാൻ സാധാരണ മിക്ക ഭർത്താക്കന്മാരേയും പോലെ എന്റെ ഭാര്യയുടെ മൊബൈൽ പരിശോധിക്കുകയോ അവളുടെ ഫോണിലേക്കു വരുന്ന കോളുകളുടെ ഉറവിടം തിരക്കുകയോ ചെയ്യുന്ന ഒരാളായിരുന്നില്ല .അത് പ്രണയിച്ചിരുന്ന കാലത്തും വിവാഹശേഷവും അങ്ങിനെ തന്നെ. ഓരോരുത്തർക്കും വ്യക്തിപരമായി ഓരോ സ്പേസ് ഉണ്ട് .അത് ഭാര്യയാണെങ്കിലും ഭർത്താവു ആണെങ്കിലും ഒന്നാണ് എന്നും പറയുമ്പോഴും ഒന്നല്ലാത്ത ഇടങ്ങൾ ഉണ്ട് .ചിലപ്പോൾ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്ന മനസ്സുണ്ട് .സുതാര്യമല്ലാത്ത ചിന്തകളും ഉണ്ട് കാരണം രണ്ട് പേരും രണ്ടു മനസ്സുള്ള വ്യക്തികളാണെന്നു തന്നെ .
അന്ന് പകൽ ഞാൻ അയച്ച സന്ദേശങ്ങൾക്കൊന്നും അവൾ മറുപടി തന്നില്ല .അവിചാരിതമായി അവളുടെ മൊബൈൽ കയ്യിൽ കിട്ടിയപ്പോൾ എന്റെ സന്ദേശങ്ങൾ അവൾക്കു ലഭിച്ചോ എന്നറിയാൻ കൂടിയാണ് ഞാൻ വാട്സ് ആപ്പ് നോക്കിയത്
.ഒരു ഗോകുൽ. ചിലപ്പോൾ .അവളുട സുഹൃത്താകും,പക്ഷെ ഞാൻ ഇതുവരെ ആ പേര് കേട്ടിട്ടില്ല
"ഇന്നത്തെ പകൽ ഞാൻ മറക്കില്ല താങ്ക്യൂ "അവൾ അങ്ങോട്ടു അയച്ചതാണ് ..
സംശയത്തിന്റെ നേർത്ത ഒരു തരി ഉള്ളിൽ വീണു കഴിഞ്ഞാൽ പിന്നെത്തെ അവസ്ഥ എത്ര ഭയങ്കരമാണെന്നറിയാമോ ?നമ്മളൊരു കത്തുന്ന കാട്ടിലൂടെ നടക്കുന്ന പോലെയാണ് . പൊള്ളുന്ന മനസ്സുമായി ഏകാഗ്രത ഇല്ലാതെ അങ്ങനെ അങ്ങനെ...
അനു ഫിസിക്സിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയാണ് .ഈയിടെയായി പഠിക്കാൻ കുറച്ചധികം ഉളളത് കൊണ്ട് അവൾ വൈകിയാണ് ഉറങ്ങാറ് ..എന്റെ ജോലിത്തിരക്കുകൾ കഴിഞ്ഞു ക്ഷീണിച്ചു ഞാൻ ഉറങ്ങി കഴിഞ്ഞു എപ്പോളോ ആകും അവൾ വന്നു കിടക്കുക .
ഈ സന്ദേശത്തെ കുറിച്ച് അവളോട് ചോദിച്ചാലോ എന്ന് ഞാൻ ആലോചിക്കാതെയിരുന്നില്ല .എന്തോ എനിക്കതിനു കഴിഞ്ഞില്ല .അവൾക്കൊരു റിലേഷൻഉണ്ടെങ്കിൽ അതെന്നെക്കാൾ മികച്ചതും പ്രിയപ്പെട്ടതും ആണെങ്കിൽ അവളെന്നോട് പറയട്ടെ ...അതല്ലേ ശരി ?
പിറ്റേന്ന് പകൽ ഞാൻ അനുവിനെ വിളിക്കുമ്പോഴൊക്കെ അവളുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു .വല്ലാത്ത ഒരു ആധി എന്റെ മനസ്സിനെ പൊതിഞ്ഞു .ഞാൻ അവളുട കൂട്ടുകാരി നീലിമയെ വിളിച്ചു .
അവൾ ഇന്ന് കോളേജിൽ വന്നില്ലല്ലോ എന്ന അവളുടെ മറുപടിയിൽ സത്യത്തിൽ ഞാൻ തകർന്നു പോയി .ഞാൻ ഓഫീസിൽ നിന്ന് വീട്ടിലേക്കു പോരുന്നു .മനസ്സും ശരീരവും തളർന്നു ഞാൻ കിടക്കയിലേക്ക് വീണു
അനു വന്നപ്പോൾ ഞാൻ അവൾക്കു മുഖം കൊടുക്കാതെ തലവേദനയാണെന്നു പറഞ്ഞു ഒഴിഞ്ഞു .
'ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ ദീപു "അവൾ മെല്ലെ പറഞ്ഞു ബാത്റൂമിലേക്കു പോയി .
ഞാൻ അന്നാദ്യമായി അവളുടെ അലമാര പരിശോധിച്ചു.എന്തെങ്കിലും തെളിവുകൾ ?വല്ല സമ്മാനങ്ങളോ മറ്റോ ?ഞാൻ അതാണ് തിരഞ്ഞത് ...ഡ്രോയറിൽ ഒരു ഫയൽമാത്രമേ ഉണ്ടായിരുന്നുള്ളു അതുഞാൻ തുറന്നു
കുറെയധികം ടെസ്റ്റുകളുടെ റിസൾട്ടുകൾ ..ഞാൻ ഓരോന്നായി നോക്കി.
അവസാനറിസൾട്ട് ഒരു ബയോപ്സിയുടെ റിസൾട്ട് ആയിരുന്നു .എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി ഞാൻ വിറയ്ക്കുന്ന വിരലുകളോടെ അതെന്റെ കണ്ണിനു മുന്നിൽ പിടിച്ചു
"നെഗറ്റീവ് "
ഞാൻ വേഗം അതൊക്കെ അവിടെ വെച്ച് കട്ടിൽ വന്നു കിടന്നു .എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു .
അവൾക്കു ഗർഭപാത്രത്തിൽ ഒരു മുഴയുണ്ടായിരുന്നു.കഠിനമായ വേദനയിൽ അവൾ ഗുളികകൾ കഴിച്ചിരുന്നു . അവളുട ഡോക്ടറുടെ പേര് ഗോകുൽ പ്രസാദ് എന്നായിരുന്നു .അവൾ അയച്ച സന്ദേശത്തിന്റ അർഥംഇപ്പോൾ എനിക്ക് മനസിലായി .പക്ഷെ ഇന്നവൾ എങ്ങോട്ടു പോയിരുന്നു എന്നെനിക്കു അവൾ പറഞ്ഞാലേ അറിയുമായിരുന്നുള്ളു
രാത്രി ടെറസ്സിൽ ആകാശം നോക്കി കിടക്കുമ്പോൾ അവൾ വന്നെന്റെ അരികിൽ കിടന്നു
"ദീപു ?"
"ഉം "
"ഞാൻ ഇന്ന് എന്റെ അമ്മയെ കാണാൻ പോയിരുന്നു .."
ഞാൻ ഒന്ന് മൂളി
"പറഞ്ഞില്ല സോറി " അവൾ ഇടർച്ചയോടെ പറഞ്ഞു
"സാരോല്ല "
"ദീപു.... എന്നെ ദീപുവിന് എത്ര ഇഷ്ടമുണ്ട് ?"
"കടലോളം ...ഒരു കടലോളം "
ഞാൻ മെല്ലെ പറഞ്ഞു .
വിങ്ങിപ്പൊട്ടിക്കരഞ്ഞു കൊണ്ട് അനു എന്റെ നെഞ്ചിൽ വീണു ..അവൾ പറഞ്ഞു തീർത്ത വേദനയുടെ കടൽ എന്റെ മിഴികളിലൂടെ ഒഴുകിക്കൊണ്ടിരുന്നു .
"എന്നോടെന്താ പറയാഞ്ഞത് ?"
ഞാൻ ഇടർച്ചയോടെ ചോദിച്ചു
"നമ്മുടെ കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു ഒരു സന്ധ്യയിലാണ്..ദീപു ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറീല . നമ്മൾ അന്ന് കന്യാകുമാരിയിൽ അസ്തമയം കണ്ടു നിൽക്കുമ്പോൾ ..ഞാൻ ദീപുവിനോട് ചോദിച്ചു ..."ഞാൻ ഇല്ലാണ്ടായാൽ ദീപു എന്ത് ചെയ്യും ?കുസൃതി ചോദ്യമായിരുന്നു ..പക്ഷെ ദീപു അന്ന് പറഞ്ഞു ..."അവളെ മുഴുമിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല. എനിക്ക് അത് ഓർമയുണ്ടായിരുന്നു.
"ഈ കടൽ സാക്ഷി ..ദീപു ഇല്ല പെണ്ണെ .."ഞാൻ അത് പൂരിപ്പിച്ചു
"അത് കൊണ്ടാണ് ..ഒന്നും തീർച്ചയാകാതെ പറഞ്ഞാൽ... ദീപുന് എന്റെ ധൈര്യം ഇല്ല .പേടിച്ചിട്ടാണ് പറയാഞ്ഞത് ..ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ഇനിയും ഒരു പാട് കാലം എന്റെ ദീപുവിനോപ്പം എനിക്ക് ജീവിക്കാമല്ലോ എന്നോർക്കുമ്പോൾ ഇപ്പൊ എനിക്ക് ....."അവൾ പാതിയിൽ നിർത്തി ..
അവളെ സംശയിച്ചു പോയതിനു ഞാൻ ദൈവത്തോട് മാപ്പു പറഞ്ഞു ..പിന്നീട് അതൊക്കെ അവളോടും പറഞ്ഞു ..എല്ലാം പറഞ്ഞു തീർത്തു ഞങ്ങൾ സ്വസ്ഥമായി ..അവളെന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു ..കണ്ണുകൾക്കുള്ളിൽ പ്രണയത്തിന്റെ കടൽ ഒളിപ്പിച്ച നോട്ടം
ഞാൻ കണ്ണുകളടച്ചു അവളെ എന്റെ ഹൃദയത്തിലേക്ക് അണച്ചു പിടിച്ചു. ആ ചുമലിൽ മെല്ലെ താളം പിടിച്ചു.
"എന്റെ മോളുറങ്ങിക്കോ "
ഉറങ്ങിയിട്ടെത്ര നാളുകൾ ആയിട്ടുണ്ടാകും ...പാവം .
. ഒരു കടലിന്റെ വേദനയെ ഒറ്റയ്ക്ക് ചുമന്നവൾ. അവളോട്‌ ഞാൻ കടപ്പെട്ടിരിക്കുന്നു എന്റെ ഈ ജന്മം മുഴുവനും .
അനു ഉറങ്ങിയിട്ടും ഞാൻ ഏറെ നേരം ആകാശം നോക്കിക്കിടന്നു ഇനിയൊരു കാർമേഘവും ഉണ്ടാകരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട്.

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot