നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില ദിവസങ്ങൾ അങ്ങനെയാണ് (കഥ)

Image may contain: one or more people and closeup

*******************************************
ഒരു ചടഞ്ഞ ദിവസമായിരുന്നു അന്ന്!
ഓഫീസിലെ തിരക്കില്ലായ്മയിൽ പെട്ട് മടി പിടിച്ച് റെസ്റ്റ് എടുക്കാൻ തീരുമാനിച്ച ദിവസം. അപ്പോഴാണ് ''എടുക്കെടാ ഒന്ന് എടുക്കെടാ" എന്ന മട്ടിൽ അപ്പുറത്തെ ടേബിളിൽ ടെലിഫോൺ നിർത്താതെ ശബ്ദിച്ചത്. മനം മടുപ്പിക്കുന്ന ആ മണിനാദം മൈന്റ് ചെയ്യാൻ മടി എന്നെ അനുവദിച്ചതേയില്ല. എന്റെ ആലസ്യത്തിന് കുറുകേ തുടരെത്തുടരെ ബാരിക്കേഡുകൾ തീർത്ത അവസരത്തിലാണ് എക്സ്റ്റെൻഷൻ വലിച്ച് ആ കോൾ ഞാൻ അറ്റന്റ് ചെയ്തത്.
എടുത്തൊന്നു ഹലോ പറയും മുമ്പ് ''എത്ര പ്രാവശ്യമായി വിളിക്കുന്നു! ഒരു മര്യാദവേണ്ടേ? ആളുകളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാമോ? വല്യ ആപ്പീസാണു പോലും... ആപ്പീസ്... ഇതിനെയൊക്കെ എവിടുന്ന്‌ കിട്ടിയോ എന്തോ" എന്ന ശകാരം എന്റെ ചെവിക്കല്ലിൽ സ്ഫോടനങ്ങൾ സൃഷ്ടിച്ചു. ഒരു നിമിഷം കൊണ്ട് ചെവിയൊരു പാറമടയായി മാറി! അവിടെ നിന്ന് ലോറിക്കണക്കിന് കല്ലുകൾ അനധികൃതമായി എങ്ങോ കടത്തപ്പെട്ടു...!
എവിടൊക്കെയോ പൊട്ടിത്തെറികൾ! ഞാനപ്പോൾ ഈ അനധികൃത പാറ ഖനനത്തിന് എതിരെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാനുള്ള തിരക്കിലായിരുന്നു. അനുകൂല വിധികളുമായി തിരിച്ചെത്തുമ്പോഴേക്കും അപ്പുറത്തെ ശബ്ദത്തിന് കുറച്ച്‌ മയം വന്നു തുടങ്ങിയിരുന്നു. എത്ര മയപ്പെട്ടിട്ടും ആ ശബ്ദം, മഹാനടൻ തിലകൻ, മാക്രിയുടെ ശബ്ദം മിമിക്രി ചെയ്യുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. തുടർന്നുള്ള സംഭാഷണത്തിൽ അർജൻറായി ഒരു പരസ്യം കൊടുക്കാനാണ് ടിയാൻ വിളിച്ചതെന്ന് മനസ്സിലായി. നല്ല ദേഷ്യം വന്നെങ്കിലും മാക്രിയെ പ്രോസസ് ചെയ്തെടുത്ത ആ ശബ്ദമെന്നെ വല്ലാതെ ചിരിപ്പിച്ചു.
ഒന്നു രണ്ടാളുകൾ ലീവാണെന്നുള്ള സ്ഥിരം നമ്പറുകൾ നല്ല ഭവ്യതയോടെ കാച്ചി, പുറത്തേക്ക് ചാടാൻ നിന്ന പുളിച്ച തെറികൾ തൊണ്ടയിൽ വച്ചു തന്നെ നിർവ്വീര്യമാക്കി, ആ മാക്രി - നാദ - ശ്രവണ ത്തിനായി ഞാൻ സംസാരം തുടർന്നു. എന്റെ കത്തി തുളഞ്ഞ് കയറിയതുകൊണ്ടാവാം ''നാളെ പത്തു മണിക്ക് വീട്ടിലേക്ക് വരൂ'' എന്നു പറഞ്ഞ് അവശതയോടെ നമ്മുടെ തിലകൻ മാക്രി ഫോൺ കട്ട് ചെയ്തത്.
അഡ്വക്കേറ്റ്. ചന്ദ്രാംഗദൻ എന്ന ആ മനുഷ്യൻ ഒരു സംഗീതജ്ഞനും, തിരക്കഥാകൃത്തും, സാഹിത്യകാരനുമാണെന്ന് സെക്ഷനിൽ നിന്നും അറിഞ്ഞപ്പോൾ, മാക്രി ശബ്ദത്തിൽ അദ്ദേഹം പാടുന്നതും, പ്രസംഗിക്കുന്നതും, സാഹിത്യ - സിനിമാ ചർച്ചകളിൽ ഏർപ്പെടുന്നതുമോർത്ത് ഞാൻ ഉള്ളാലെ ചിരിച്ചു. അയാളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചാൽ സിനിമാനടനായി വിലസാം!. പിന്നെ, കൈ നിറയെ ചിത്രങ്ങൾ...! സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പറക്കുന്ന ഞാൻ...! അവാർഡുകൾ വാരിക്കൂട്ടുന്ന ഞാൻ...! കോടികൾ പ്രതിഫലം വാങ്ങുന്ന ഞാൻ...! ചുറ്റിനും ആരാധികമാർ...! ഹൊ! ഒരു നിമിഷം കൊണ്ട് എവിടെയൊക്കെയോ പോയി.
റോഡ് സൈഡിൽത്തന്നെയായിരുന്നു വെളുത്ത നിറമുള്ള ആ വലിയ വീട്‌. ഗേറ്റിന്റെ ഒരു വശത്ത് "ധ്വനി'' എന്നും മറുവശത്ത് 'ചന്ദ്രാംഗദൻ - അഡ്വക്കേറ്റ്' എന്നും ബോർഡുകൾ വച്ചിരുന്നു. പതിനൊന്ന് മണിക്ക് അവിടെയെത്തി മൊബൈലിൽ വിളിച്ചപ്പോൾ മാക്രി നാദത്തിനു പകരം ''ഓഫീസിൽ വെയ്റ്റ് ചെയ്യൂ'' എന്ന സ്ത്രീ ശബ്ദമാണ് കേട്ടത്.
ആ വീടിന്റെ ഔട്ട് ഹൗസ്, മനോഹരമായ ഒരു ഓഫീസ് റൂമാക്കി സെറ്റ് ചെയ്തിരുന്നു. സിറ്റൗട്ടിൽ കിടന്ന മാഗസിൻ വായിച്ച് ഞാൻ ഏതാണ്ട് ഒരു മണിക്കൂറോളം ഒരേ ഇരുപ്പിരുന്നു. ഉലകനായകൻ കമലഹാസൻ മേക്കപ്പിന് വേണ്ടി ചിലവഴിക്കുന്നത് മണിക്കൂറുകളാണ് എന്നറിയാവുന്നതുകൊണ്ടു മാത്രം ഞാൻ ദേഷ്യം കടിച്ചമർത്തി ആ മാഗസിൻ മൂന്ന് തവണ വായിച്ചു...!
പന്ത്രണ്ടരയടിച്ചപ്പോൾ എന്റെ പ്രതീക്ഷകളെയാകെ തകിടം മറിച്ച്, നമ്മുടെ കഥാനായകൻ, പഴയ കുടക്കമ്പി ഇന്ദ്രൻസിന്റെ ഗെറ്റപ്പിൽ ഔട്ട് ഹൗസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. എന്റെ പുഞ്ചിരിയെ അവഗണിച്ച്, രൂക്ഷമായൊന്ന് നോക്കി, ലേറ്റായിപ്പോയി എന്ന ചെറിയ കുറ്റത്തിന് നിന്ന നിൽപ്പിൽ പാറ പൊട്ടിച്ചു തുടങ്ങി. ആഴമുള്ള കിണറ്റിനകത്ത് മാക്രി കരയുന്ന വിഷ്വലായിരുന്നു അപ്പോഴെന്റെ മനസ്സിൽ തോന്നിയത്. ടിയാന്റെ പിറകെ മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി പ്രത്യക്ഷപ്പെട്ടു. അവളുടെ കൈയ്യിലെ സ്ഫടിക പാത്രത്തിൽ നിറയെ മാതള നാരങ്ങയുടെ അല്ലികളായിരുന്നു. ആ പാത്രം ഞങ്ങൾക്ക് മുന്നിൽ വച്ച് ഇന്ദ്രൻസിനോട് 'കീപ്പ് സൈലൻസ്' ആക്ഷനും കാട്ടി അവൾ അകത്തേക്ക് പോയി. ഇന്ദ്രൻസിന് കൃഷ്ണൻകുട്ടി നായരിൽ ഉണ്ടായ ഈ മനുഷ്യനെയാണല്ലോ ഈശ്വരാ ഞാൻ തിലകനായി സങ്കൽപ്പിച്ചത് എന്നോർത്ത് വീണ്ടും വീണ്ടും ചിരി പൊട്ടി...!
ഏതാണ്ട് ഒരു മണിയോടെ പരസ്യ നിരക്കും മറ്റു കാര്യങ്ങളും സംസാരിച്ചുറപ്പിച്ച് ഞങ്ങൾ പിരിയുമ്പോൾ, ഒരല്ലി പോലും എനിക്കു തരാതെ കൊണ്ടുവച്ച മാതളം മുഴുവൻ ആസ്വദിച്ച് ചവച്ച് തിന്നു തീർത്തു നമ്മുടെ ഇന്ദ്രൻസ് ! വിശപ്പും കൊതിയും കാരണം മാക്രികളുടെ ജില്ലാ സമ്മേളനമായിരുന്നു അപ്പോഴെന്റെ വയറ്റിൽ! ഇതിനിടയിൽ രണ്ടു മൂന്നു പ്രാവശ്യം സുന്ദരി ഇറങ്ങി വന്ന് 'പ്രസവിച്ചു കിടക്കുന്ന തള്ളപ്പട്ടിയെപ്പോലെ' എന്നെ നോക്കി മുരണ്ടു. സിനിമാ മോഹമുപേക്ഷിച്ച് ഞാനന്ന് ഉമിനീരിൽ നീന്തി പുറത്തേക്ക് രക്ഷപ്പെട്ടു.
ആദ്യാനുഭവത്തിന്റെ വെളിച്ചത്തിൽ വേണ്ടത്ര തയ്യാറെടുപ്പോടെയാണ് ഞാൻ ബില്ലുമായി 'ധ്വനി' യിലെത്തിയത്. "ഇനി മൊബൈലിൽ വിളിക്കരുത്'' എന്ന് പതിഞ്ഞ മാക്രി ശബ്ദത്തിൽ പറഞ്ഞ് അയാളെന്നെ പുറത്തിരുത്തി. ഓഫീസ് മുറിയ്ക്കുള്ളിൽ ആ സുന്ദരിപ്പെണ്ണിരിക്കുന്നത് ഞാനൊരു മിന്നായം പോലെ കണ്ടു. പരസ്യത്തിൽ ഒരു തെറ്റുപറ്റിയെന്നും ഒന്നു കൂടി കൊടുക്കേണ്ടി വരുമെന്നും ടിയാൻ മുക്കി മൂളി ബുദ്ധിമുട്ടി പറയുമ്പോൾ ''ഛെ! സിനിമയിൽ ഒരു ചാൻസ് കിട്ടാൻ ഇവളൊക്കെ എന്തും ചെയ്യും...കിളവന്റെ ഭാഗ്യം'' എന്നായിരുന്നു എന്റെ മനസ്സിൽ. ഒരു പ്ലേറ്റ് നിറയെ നല്ല പഴുത്ത മാമ്പഴം, ഒരു കഷണം പോലുമെനിക്ക് തരാതെ ചവച്ചരച്ച് തിന്നു കൊണ്ട് മാക്രി വക്കീൽ ആ പരസ്യം കറക്ട് ചെയ്തു തന്നു. പിന്നെയുമൊരു കപ്പൽ മുതലാളിയായ ഞാൻ സിനിമാ മോഹം വീണ്ടുമുപേക്ഷിച്ച് അവിടം വിട്ടു.
രണ്ടു ദിവസം കഴിഞ്ഞ് ഞാനാ വീട്ടിൽ ബില്ലുമായെത്തിയപ്പോൾ ഓഫീസിൽ നിന്ന് അവളിറങ്ങിപ്പോകുന്നത് കണ്ടു. ഇക്കുറി അവളെന്നേ നോക്കിച്ചിരിച്ചെങ്കിലും ഞാനത് മൈന്റ് ചെയ്തില്ല. നല്ല പഴുത്ത പപ്പായ തിന്നുകൊണ്ടിരിക്കുകയായിരുന്നു നമ്മുടെ വക്കീൽ...! ഇതിനിടെ നടനാവാനുള്ള അതിയായ ആഗ്രഹം ഒന്നിട്ടു നോക്കിയെങ്കിലും ''ആ ഫീൽഡൊക്കെ ഞാനന്നേ വിട്ടു"വെന്ന് ആയാസത്തോടെ പറഞ്ഞ് തുക തന്ന് അയാളെഴുന്നേറ്റു പോയി, തുപ്പലൊഴുക്കി ഞാനും...!
പൂമുഖത്തു വച്ച് വീണ്ടുമവളെ കണ്ടപ്പോൾ അറപ്പോടെ ഞാൻ മുഖം വെട്ടിച്ചു. എന്നാൽ സാവധാനം അവൾ എന്റെ അടുത്തെത്തി.
"സാറ് പത്രത്തിലാണല്ലേ? എനിക്ക് ഒരു പരസ്യം കൊടുക്കണമായിരുന്നു"
''ചാൻസ് കിട്ടാൻ നടിമാർക്ക് പത്രപ്പരസ്യമൊന്നും വേണ്ട... അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത ഇങ്ങേരെപ്പോലുള്ള സാറൻമാരെ ദിവസവും പോയി കണ്ടാ മതി'' ഞാൻ ഇഷ്ടക്കേടോടെ പറഞ്ഞു.
"നടിയോ? ഞാനോ? ഇത് ഞങ്ങൾ തുടങ്ങാൻ പോകുന്ന സ്ഥാപനത്തിന്റെ ഒരു പരസ്യത്തിനാ'' ചമ്മൽ മറച്ചുകൊണ്ട് അവളൊന്ന് പുഞ്ചിരിച്ചു.
''നടിയോ വെടിയോ എന്തായാലും ഓഫീസിലേക്ക് വന്നാൽ മതി... നിങ്ങള് തുടങ്ങാൻ പോകുന്ന സ്ഥാപനത്തിന്റെ പരസ്യം എടുക്കുമോ എന്ന് എനിക്കത്ര ഉറപ്പില്ല'' എന്നു കടുപ്പിച്ചു പറഞ്ഞ് അവളെ മൈന്റ് ചെയ്യാതെ ഞാൻ ബൈക്കെടുത്തു..!
തുടർ ദിവസങ്ങളിൽ 'അഡ്വക്കേറ്റെന്നോ' 'ധ്വനി' എന്നോ കേട്ടാൽ അറിയാതെ ഉമിനീരു വരുന്നത് പെർസെപ്ഷൻ തീയറി പഠിച്ചതിനാലാണെന്ന് കരുതി സമാധാനിച്ചു...!
പിന്നെയും 'ധ്വനി'യിൽ നിന്ന് ജൂനിയർ വക്കീലിന്റ വിളി വന്നപ്പോൾ, പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും തീർത്താലും തീരാത്ത സിനിമാ മോഹം എന്നെ ചതിച്ചു. ഇപ്രാവശ്യം ഫ്രൂട്ട് ജൂസുമായാണ് വക്കീൽ പ്രത്യക്ഷപ്പെട്ടത്. എന്നെ ഞെട്ടിച്ചു കൊണ്ട്, "അദ്ദേഹത്തിന് വോയ്സ് റെസ്റ്റാണ്" എന്നും പറഞ്ഞ് ഒരു ട്രേയിൽ വടയും ചായയുമായി അവളും വന്നു. അന്ന് പരസ്യത്തിന്റെ മാറ്റർ ഒക്കെ തന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. നല്ല ഐശ്വര്യമുള്ള അവരെ കണ്ടപ്പോൾ ''വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തപ്പി നടപ്പൂ" എന്ന് ഞാൻ മനസ്സിൽ പാടി. ഇനിയവിടുന്ന് വിളി വന്നാൽ മറ്റാരെയെങ്കിലും പറഞ്ഞു വിടണമെന്നുറപ്പിച്ചാണ് സിനിമാ നടൻ അന്ന് തിരികെ വന്നത്.
പിന്നീട് അധികം വിളികൾ വന്നില്ല! കുറച്ചുനാളിന് ശേഷം 'ആ മാക്രി ശബ്ദം നിലച്ചു' എന്ന വിവരം പത്രത്തിലൂടെ അറിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും തോന്നിയില്ല. അടുക്ക് പാത്രത്തിൽ പലതരം ഫലവർഗ്ഗങ്ങൾക്ക് നടുവിലായി മാലയിട്ട് വച്ചിരിക്കുന്ന 'അംഗദ മുഖം' മനസ്സിൽ ഒന്നു തെളിഞ്ഞു, അത്രമാത്രം...!
ആ സമയം, പത്രത്തിലെ മറ്റൊരു ബോക്സ് ന്യൂസിൽ എന്റെ കണ്ണുടക്കി. 'ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ്, കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. വീണയ്ക്ക് എന്നതായിരുന്നു ആ വാർത്ത; ഒപ്പം ആ പഴയ സുന്ദരിക്കൊച്ചിന്റെ ഫോട്ടോയും...!
അന്നൊരു ദിവസം ചന്ദ്രാ പെയിൻ & പാലിയേറ്റീവ് കെയറിന്റെ ഒരു പബ്ലിസിറ്റിയ്ക്കായി അവിടെ എത്തിയപ്പൊഴാണ് ഞാനാ ഡോക്ടർ കൊച്ചിനെ വീണ്ടും കാണുന്നത്...!
''ഒരു പരസ്യം കൊടുക്കാനുണ്ടായിരുന്നു... ഞങ്ങൾ തുടങ്ങിയ സ്ഥാപനത്തിന്റെയാ... പാലിയേറ്റീവ് കെയർ... കൊടുക്കുമോ?'' മനോഹരമായി ചിരിച്ചു കൊണ്ട് ഡോ. വീണ എനിക്കു നേരേ ചായക്കപ്പ് നീട്ടിയപ്പോൾ ക്ഷമ ചോദിക്കാനെന്നവണ്ണം കൂപ്പുകൈയ്യോടെ അറിയാതെ എഴുന്നേറ്റു നിന്നുപോയി ഞാൻ...!
ഭിത്തിയിൽക്കണ്ട വക്കീലിന്റെ പുഞ്ചിരിക്കുന്ന മുഖം നോക്കി ''ചന്ദ്രാംഗദൻ സാറ് മരിച്ചു പോയതുകൊണ്ടാണോ എനിക്ക് ചായ തന്നത്'' എന്ന തമാശ സത്യത്തിൽ ആ അവസ്ഥയിൽ നിന്ന് ഒരു ചെയിഞ്ചിന് വേണ്ടി ചോദിച്ചതാണെങ്കിലും കിട്ടിയ മറുപടി എന്റെ പുച്ഛത്തിന്റെ തായ് വേരറുക്കാൻ പ്രാപ്തിയുള്ളതായിരുന്നു.
"അതെ... സാറ് അന്ന് പറഞ്ഞത് സത്യമാണ്. നാട്ടുകാരുടെ മുന്നിൽ എന്നും കണ്ണിൽച്ചോര ഇല്ലാത്തവനായിരുന്നു, പക്ഷെ ഒരച്ഛന്റെ സ്ഥാനത്തു നിന്ന് എന്നെ പഠിപ്പിച്ച് ഈ വിധമാക്കിയ വലിയ മനുഷ്യനാണദ്ദേഹം. തൊണ്ടയിൽ ക്യാൻസർ വന്ന് ആഹാരമിറങ്ങാതെ ഒത്തിരി കഷ്ടപ്പെട്ടാണ് അദ്ദേഹം പോയത്. കള്ളം പറഞ്ഞ് കാശുണ്ടാക്കിയ വക്കീലിന് ദൈവം തന്ന ശിക്ഷയാണതെന്ന് എപ്പോഴും സ്വയം പറയും !. അവസാനം സാറും 'കണ്ണിൽ ചോരയില്ലാത്തവൻ' എന്നു വിളിച്ചിട്ടാണ് പോയത് എന്ന് ഞാൻ പറഞ്ഞപ്പൊ, ''എന്നെപ്പോലൊരു ക്യാൻസർ രോഗി കൊടുക്കുന്നത് ആരെങ്കിലും വാങ്ങി കഴിക്കുമോ?'' എന്നു പറഞ്ഞ് അദ്ദേഹം ഒത്തിരി ചിരിച്ചു.'' ഡോക്ടറൊന്ന് വിതുമ്പി.
''സാറിനറിയുമോ അവസാനമവസാനം ഭയങ്കര വാശിയായിരുന്നു, ഞാൻ നിർബ്ബന്ധിച്ച് കൊടുക്കുന്ന പഴങ്ങളും, ജ്യൂസുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. കച്ചേരിയൊക്കെ നടത്തിയിരുന്ന ആളിന്റെ ശബ്ദം പെട്ടെന്ന് മോശമായിതിൽപ്പിന്നെ എല്ലാവരോടും ദേഷ്യമായിരുന്നു പുള്ളിക്ക്. ഭർത്താവിന് വേണ്ടി ആ അമ്മയും മക്കളും ഒരുപാട് അമ്പലങ്ങളിൽ കയറിയിറങ്ങിയിട്ടുണ്ട്... പക്ഷെ ഒടുവിൽ... ഒന്നും ചെയ്യാനാവാതെ... അതൊന്നും ആർക്കും മനസ്സിലാവില്ല... ആർക്കും...!
അദ്ദേഹത്തിന്റെ 'കര...കര' ശബ്ദം ചെവിയിൽ അലയടിച്ചു. കുടിച്ചു കൊണ്ടിരുന്ന ചായ തൊണ്ടക്കുഴിയിൽ തടഞ്ഞിരിക്കുന്ന പോലെ തോന്നിയപ്പോൾ ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു... ഒന്നും പറയാനാകാതെ...
''ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ -
തന്റെ ശംഖം കൊടുത്തവനേ
പാഞ്ചജന്യം കൊടുത്തവനേ'' എന്ന മനോഹരഗാനം ചന്ദ്രാംഗദൻ സാർ എനിക്കായി പാടിക്കൊണ്ടിരുന്നു.
- ഗണേശ് -
19-1-2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot