നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുൽക്കൂട്

Image may contain: one or more people
( ജോളി ചക്രമാക്കിൽ )
ജോണിക്കുഞ്ഞിന്റെ കൈയ്യും പിടിച്ച്
സാലി റബ്ബർത്തോട്ടത്തിനരികിലെ വഴിയിലൂടെ.. സാവധാനം നടന്നു .. മൂടൽ മഞ്ഞു കട്ടി പ്രാപിച്ചിരിക്കുന്നു ..,മങ്ങിയ നിലാവെളിച്ചമേയുള്ളൂ .. ആകാശത്തിൽ അങ്ങിങ്ങായ് ചില താരകൾ കൺചിമ്മി തുറക്കുന്നുണ്ട് ... ഉടുത്തിരിക്കുന്ന സാരിത്തുമ്പു തലവഴി മൂടി പുതച്ച് അവൾ നടത്തം തുടർന്നു ...
ഈ കുന്നിറങ്ങി കുന്താണി കാടും കഴിഞ്ഞു
വക്കൻച്ചേട്ടന്റെ തോട്ടവും കഴിഞ്ഞുള്ള കയറ്റത്തിന്റെ അരികിലായാണ് ഇടവകപ്പള്ളി .
ഏതാണ്ട് ഒരു കിലോമീറ്ററോളം അകലെ ..
പാതിര കുർബ്ബാന തുടങ്ങാൻ ഇനിയും നേരമുണ്ട് ...
ഇത്തവണ കൊടിയ മഞ്ഞാണ് ..
റബ്ബർ മരങ്ങളുടെ.. ഇലയില്ലാത്തുമ്പുകൾ മുഴുവനും തുഷാര കണങ്ങൾ പൊതിഞ്ഞു സാന്ദ്രതയേറി തുള്ളികളായി താഴെയ്ക്ക് ഊർന്നു വീണു കൊണ്ടിരുന്നു
ടിപ്.. ടിപ് ...
കൊഴിഞ്ഞു കിടക്കുന്ന ഇലകളിൽ മഞ്ഞു തുള്ളികൾ പതിക്കുന്ന ശബ്ദമാണ്.. ചിലത്
മേല് വീഴുമ്പോൾ തണുപ്പിന്റെ സൂചി കൊണ്ടു കുത്തുന്നതു പോലെയുണ്ട്
ജോണിക്കുഞ്ഞു അമ്മച്ചിയോടു ചേർന്നു നടന്നു
ചാച്ചനെ കുറിച്ചോർത്തപ്പോൾ അവന് കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നു, വല്ലാത്തൊരു ഭാരം നെഞ്ചിനകത്തിരുന്ന് വിങ്ങാൻ തുടങ്ങി...
കഴിഞ്ഞ ക്രിസ്തുമസ്സിന് ചാച്ചന്റേയും അമ്മച്ചിയുടേയും നടുവിൽ രണ്ടാളുടേയും കൈപിടിച്ച് മുട്ടിയുരുമ്മി നടന്നു പോയത് ഇന്നലെയെന്നപ്പോലെ തെളിഞ്ഞു വന്നു...
ചാച്ചൻ നന്നായി പാടുമായിരുന്നു., അമ്മച്ചിയും അങ്ങിനെ തന്നെ.
പള്ളിയിലെ ഗായകസംഘത്തിലെ ഗായകരായിരുന്നു രണ്ടു പേരും.
കഴിഞ്ഞ തവണ ഈ വഴിയിലൂടെ
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..
ഒരു ധനുമാസത്തിൻ കുളിരും രാവിൽ ."
എന്ന പുതിയ പാട്ടും
പാടിക്കൊണ്ടായിരുന്നു മൂന്നു പേരും ചേർന്ന് പള്ളീ ,പോയത്
ഓർമ്മയിൽ പെട്ടെന്നോണം ജോണിക്കുഞ്ഞു
തെല്ലുറക്കെപാടി
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ .ഒരു ധനുമാസത്തിൻ. കുളിരും രാവിൽ "
പൊടുന്നനെ ചൂടുള്ള ഒന്നു രണ്ടു മഞ്ഞുതുള്ളികൾ അവന്റെ കൈത്തണ്ടയിൽ വന്നു പതിച്ചു....
അമ്മച്ചി സാരിത്തലപ്പു കൊണ്ട് കണ്ണീരൊപ്പാൻ പാടുപ്പെടുകയാണു..
ജോണി കുഞ്ഞിനു വരികൾ തൊണ്ടയിൽ തടഞ്ഞു...
ചെമ്പ്രക്കാരുടെ നൂറു ഏക്കറിനോട് ചേർന്ന് ഒരേക്കർ സ്ഥലവും അതിൽ കുറച്ചു റബ്ബറും ,തെങ്ങും ,കമുകും.നിറയെ കുരുമുളക് വള്ളികളും,,, നടുഭാഗത്തായി
കുന്നിൻ ചെരിവിന്റെ ഒരു വശം വെട്ടിയിറക്കി നിരപ്പാക്കി അതിൽ
ചെത്തി തേയ്ക്കാത്ത രണ്ടു മുറികളുള്ള ഒരു കൊച്ചു വീടും .. അതാണവർക്ക് ആകെപ്പാടെ സ്വന്തമായുള്ളത്.'
" ഇമ്പം ''
അതാണ് ചാച്ചൻ വീടിനിട്ടിരിക്കുന്ന പേര്
അമ്മച്ചി അവനെ പ്രസവിക്കാൻ പോയി തിരിച്ചു കൂട്ടിക്കൊണ്ടു വരുന്നതിനു മുൻപായി .. തിടുക്കപ്പെട്ട് ഓലമേഞ്ഞ മേൽകൂര മാറ്റി ഓടുമേഞ്ഞു .
കുഞ്ഞു വരുമ്പോൾ "മേല് തേരട്ടവീഴണ്ട ' എന്നും പറഞ്ഞാണ് ചാച്ചൻ അതു ചെയ്തത്...
മൂന്നു മാസം പുറം പണിയ്ക്കും കൂടി പോയിട്ടാണ്
അതിനുള്ള തുക ചാച്ചൻ സ്വരൂപിച്ചത്
എല്ലാം പലപ്പോഴായി അമ്മച്ചി അവനോടു പറഞ്ഞു കൊടുത്തിട്ടുള്ളതാണ്
ചെമ്പ്രക്കാരുടെ റബ്ബറ് കൂലിയ്ക്ക് വെട്ടുന്നത് ചാച്ചനായിരുന്നു..
കൊച്ചു വെളുപ്പിനേ അമ്മച്ചിയനത്തികൊടുത്ത കട്ടൻച്ചായയും ഊതി കുടിച്ച്
പതിവുപ്പോലെ ഹെഡ് ലൈറ്റ് തലയിലുറപ്പിച്ച്, ടാപ്പിംഗ് കത്തിയും മൂർച്ച കൂട്ടി .. ,
വെളുപ്പിനു മുൻപേ തോട്ടത്തിൽ
പോയതാണ് .
പാലു എടുത്തു വരേണ്ട സമയം, ഒരുപാടു കഴിഞ്ഞിട്ടും കാണാതെയായപ്പോൾ
ആളെ വിട്ടു തിരഞ്ഞപ്പോഴാണു് കാട്ടുപന്നി തട്ടി ,രക്തം വാർന്ന് മരിച്ച നിലയിൽ ചാച്ചനെ
മഴക്കുഴിയിൽ വീണു കിടക്കുന്നത് കണ്ടത് ...
ഈ ക്രിസ്തുമസ്സിനു ഒരു കൊച്ചു സൈക്കിൾ വാങ്ങിത്തരാമെന്ന് ചാച്ചനേറ്റതായിരുന്നു ...
എനിക്ക്.. അതൊന്നും വേണ്ടായിരുന്നു ....!
ചാച്ചനുണ്ടായാ മതിയാർന്നു ...
അവൻ നെടുവീർപ്പിട്ടു ...
കിഴക്കെ അതിരിലെ തോട്ടിലെ. ഉരുളൻ പാറകല്ലുകൾ ചാടികടന്ന് മുകളിൽ ചെന്നാൽ.,
ടാറിട്ട വഴിയ്ക്കപ്പുറം ' ഒപ്പം പഠിക്കുന്ന ജാൻസിയുടെ വീടാണ് .
തോട്ടിനു മുകളിലൂടെ ഒരു തൂക്കുപ്പാലം ഉണ്ട്. വർഷകാലം തോട് കുത്തിയൊഴുകി പോകുമ്പോൾ മാത്രം ആളുകൾ അതിൽ കയറി അക്കരെ ഇക്കരെ കടക്കും.
ഇക്കരെയുള്ള വേങ്ങ മരത്തിൽ നിന്നും ചെറുവിരലിനോളം പോന്ന മൂന്നു കമ്പികൾ അക്കരെയുള്ള കാട്ടുചമ്പകവുമായി വലിച്ചുക്കെട്ടി താഴെ കമുക് കീറി നീളത്തിലടുക്കി വിലങ്ങനെ ഓടമുളയുടെ നീളം കുറഞ്ഞ കഷണങ്ങൾ വിട്ടു വിട്ടു ആണി വച്ച് അടിച്ചു ചേർത്തതാണ് തൂക്കുപാലം ...
വല്ലാത്ത ആട്ടമാണ് പാലത്തിന് ,
പേടിയാവും,
മഴക്കാലത്ത്,
താഴെ പാറ കല്ലുകൾക്കിടയിലൂടെ കുതിച്ചു ചാടി പോകുന്ന വെള്ളത്തിലേയ്ക്ക് നോക്കിയാൽ തലചുറ്റും...
ജാൻസിയ്ക്ക് ആവക പേടിയൊന്നുമില്ല
തോട്ടിറമ്പിലെ മഞ്ഞ കോളാമ്പിപ്പൂക്കൾ
കുലയോടെ പറിച്ചു കൊണ്ടുവന്ന് ഓരോ പൂക്കളായി ഒഴുകുന്ന വെള്ളത്തിലെറിഞ്ഞ് തിരിഞ്ഞും മറിഞ്ഞും തട്ടിയും മുട്ടിയും താഴോട്ടു പോകുന്ന പൂക്കളെ നോക്കി കൈ കൊട്ടിച്ചിരിക്കും .,
ചിരിയ്ക്കുമ്പോൾ അവളുടെ ഇടതു കവിളിൽ മാത്രം ഒരു ചെറിയ നുണക്കുഴി വിരിയും അതിനു താഴെ ഒരു ചെറിയ കാക്കപ്പുള്ളിയുണ്ട്
അതിലൊന്നു തൊട്ടു നോക്കാൻ അവന്..പലവട്ടം.. തോന്നിയിട്ടുണ്ട് ..!
അടുത്ത വർഷം ഹൈസ്കൂളിലോട്ടു ചെല്ലുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വെറെ സ്കൂളാണ്..
ഈ വർഷം കൂടിയേ ഒരുമിച്ച് ഒരേ ക്ലാസ്സിൽ ഇരിക്കാനൊക്കത്തുള്ളൂ എന്നോർക്കുമ്പോൾ
ഒരു വിഷമം ..
അവളുടെ ചാച്ചൻ ജോലിയായ് . ഇറാക്കിലെ ഒരു ഓയിൽ കമ്പനിയിലാണു..
എന്റെ അമ്മച്ചിയും ,അവളുടെ അമ്മച്ചിയും ഒരുമിച്ചു പഠിച്ചതാണ് ചാച്ചൻ മരിച്ചതിനു ശേഷം അമ്മച്ചി അവിടെ സഹായിക്കാൻ പോകും .. മേരി ചേച്ചിയും എല്ലാ വിധത്തിലും അമ്മച്ചിയെ മനസ്സറിഞ്ഞു സഹായിക്കും
പഴയ കൂട്ടുകാരികളായതു കൊണ്ട് മിണ്ടിയും പറഞ്ഞും സമയം പോകുന്നത് അവർ
അറിയാറേയില്ല ..!
അമ്മച്ചിയ്ക്കത് വലിയ ആശ്വാസവുമായിരുന്നു
വീട്ടിലെ റബ്ബറു അമ്മച്ചിയുടെ ഇളയ ആങ്ങള സാബു കുഞ്ഞാഞ്ഞ വന്നു വെട്ടി കൊടുക്കും
ഞങ്ങളുടെ തോട്ടത്തിനോടു ചേർന്നു് സാബു കുഞ്ഞാഞ്ഞയ്ക്കും ഒരേക്കർ തോട്ടം, ' വീതം കിട്ടിയതുണ്ട് ..
അതുകൊണ്ടു മാത്രം ചിലവു കഴിഞ്ഞു പോവില്ല
അമ്മച്ചി മൂന്നു നാലു ആടിനേയും.. കുറെ കോഴികളേയും വളർത്തുന്നുണ്ട് .മുട്ടയും പാലും സ്കൂളിലോട്ടു പോണവഴിയിലുള്ള അക്കരെ കടയിൽ കൊടുക്കണത് ജോണിക്കുഞ്ഞാണ് ..
ക്ണിം ..ക്ണിം..
ജാൻസിയുടെ ചേട്ടനാണ്.., സണ്ണിച്ചൻ "
സൈക്കിളിൽ വരികയാണ്
ജോണികുഞ്ഞേ ...കയറുന്നോ ..?
ഇല്ല ഞാൻ അമ്മച്ചിയുടെ കൂടെ വന്നോളാം
ണ് ർ ർണിം... ണ് ർ ർണിം ...
ജാൻസിയാണു ..,
അടുത്തെത്തിയപ്പോൾ .. ഹാൻഡിലിനു
മുന്നിലായ് , വലകുട്ട പിടിപ്പിച്ചിട്ടുള്ള
തണ്ടില്ലാത്ത സൈക്കിളിൽ നിന്നും ചാടിയിറങ്ങി
അമ്മച്ചിയോടൊപ്പം സൈക്കിളും ഉരുട്ടികൊണ്ട് ' അവൾ നടക്കാൻ തുടങ്ങി...
സാലിയേന്റി ...! ... എന്നാ തണുപ്പാല്ലേ ...
ഉം. .. സ്കാർഫ്.ഒന്നൂടി ചെവി മൂടി കെട്ടി കൊടുത്തുകൊണ്ട് അമ്മച്ചി പറഞ്ഞു... "മഞ്ഞുക്കൊണ്ട് വല്ല പനിയും പിടിക്കണ്ട കൊച്ചെ . ..
ദൂരെ ...
പള്ളിയുടെ മുന്നിലുള്ള കാറ്റാടി മരത്തിൽ കെട്ടിത്തൂക്കിയ നക്ഷത്ര വിളക്ക് ചുവന്ന പ്രകാശം പരത്തിക്കൊണ്ട് കാണാറായി ..
പള്ളിയുടെ മുറ്റത്തേയ്ക്ക് കടന്നപ്പോൾ എല്ലാവർക്കും കാണുന്ന തരത്തിൽ ..
കാറ്റാടി മരം മുഴുവനും കുഞ്ഞു കുഞ്ഞു നക്ഷത്ര വിളക്കുകളും, വർണ്ണ ബോളുകളും മറ്റും ... തൂക്കി .. ഭംഗിയായി ഒരുക്കിയിട്ടുണ്ട് .
പല വർണ്ണങ്ങളുള്ള തോരണങ്ങൾ കൊണ്ട് അലങ്കരിച്ചതിന്റെ താഴെയായി വലിയൊരു പുൽക്കൂട് ... ഉള്ളിൽ
മാതാവും ഔസേപ്പിതാവും. വെള്ള പട്ടുതൂവാല കൊണ്ടു മൂടിയിട്ട ഉണ്ണിയേശുവും ,
പുൽമേട്ടിൽ അവിടവിടെയായി ആട്ടിടയൻമാരും ആടും ,പശുവും, തീ കായുന്ന ആൾക്കൂട്ടവും.. പാറക്കൂട്ടത്തിൽ നിന്നു ഒഴുകിയിറങ്ങി നേരിയ അരുവിയായി മുന്നോട്ടു വളഞ്ഞു പുളഞ്ഞു പോകുന്ന നീർച്ചാലും ..അങ്ങിനെ .. എല്ലാമൊരുക്കിയിട്ടുണ്ട് ,, പുൽക്കൂട്ടിൽ ...
"സന്മനസ്സുള്ളവർക്ക് സമാധാനം " എന്നൊരു സന്ദേശവും കൈയ്യിൽ നിവർത്തി പിടിച്ചൊരു മാലാഖ പുൽകൂടിനു മുകളിൽ നിന്നും ഒരു നൂലിൽ തൂങ്ങിയാടുന്നുണ്ട് ..
കുർബ്ബാന കഴിഞ്ഞതിനു ശേഷം മാത്രമേ ഉണ്ണിയേശുവിനെ മൂടിയിട്ടിരിക്കുന്ന തൂവാല അച്ചൻ വന്നു മാറ്റുകയുള്ളൂ....
ജോണിക്കുഞ്ഞേ ഉണ്ണിയേശുനെ ആദ്യം
കാണുമ്പോൾ എന്ത് ആഗ്രഹിച്ചാലും നടത്തി തരും ട്ടോ..
സാലി അവന്റെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു..
അമ്മച്ചീ ..!...എന്തു പറഞ്ഞാലും സാധിച്ചു തരുവോ ,''
ഉം.. മനസ്സുരുകി പ്രാർത്ഥിച്ചാൽ മതി ."..!
ആത്മാർത്ഥമായുള്ള പ്രാർത്ഥനയാണേ
വേഗം തന്നെ
നടത്തിത്തരും.. "
...
കുർബ്ബാന കഴിഞ്ഞ് അച്ചൻ പുൽക്കൂട്ടിനരികെ വന്ന് ഉണ്ണിയേശുവിനെ മൂടിയിരിക്കുന്ന തൂവാല നീക്കി ഉണ്ണിയേശു പിറന്നതായി പ്രഖ്യാപിക്കുമ്പോൾ ..
കൈകൾ കൂപ്പി കണ്ണുകൾ അടച്ചു കൊണ്ട് ജോണിക്കുഞ്ഞു മനസ്സിൽ ഉള്ളുരുകി പ്രാർത്ഥിച്ചു ..
" എനിക്കൊരു സൈക്കിൾ തരണേ ഉണ്ണീശോയെ...":
സൈക്കിൾ കിട്ടിയാൽ ഞാൻ നിന്നെ സവാരിയ്ക്ക് കൊണ്ടു പോകാം .ട്ടാ..പ്രോമിസ്"
ആ ക്രിസ്സ്മസ്സ് രാവിൽ പള്ളിയങ്കണത്തിൽ ഏവർക്കുമായി ഒരുക്കിവച്ച കേയ്ക്കിൽ ഒരു കഷണം ജോണിക്കുഞ്ഞെടുത്തു..,
തിരിയെ മലയിറങ്ങുമ്പോൾ അത്
ജാൻസിക്കു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു..
"ഞാനൊരൂട്ടം പറഞ്ഞാൽ ...!
ആരോടും പറയരുത് .. പ്രോമിസ് ..
കേക്കിനു പുറത്തെ മധുരമുള്ള ഭാഗം നുണഞ്ഞു കൊണ്ടു.. അവൾ പറഞ്ഞു .
ഞാനാരോടും പറയില്ലാന്നേ ... പ്രോമിസ് ..
"എനിക്ക് . സൈക്കിള് കിട്ടിയാൽ ഉണ്ണീശോയെ ആദ്യസവാരി കൊണ്ടുപോകാമെന്ന് ഏറ്റിട്ടുണ്ട് ...!
" എന്നാ... ടാ ,എന്നേയും കൂട്ടണേ.. , സവാരിയ്ക്ക്..!
ഉം ....
കയ്യിലുള്ള ,..
കാറ്റത്ത് കെടാതിരാക്കാൻ. ചിരട്ടയ്ക്കകത്തായി കത്തിച്ചു വച്ച തുണ്ടുമെഴുതിരിയുടെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖത്ത് അപ്പോഴും ., ഇടത്തെ കവിളിൽ ചിരിയോടൊപ്പം ഒരു നുണക്കുഴി തെളിഞ്ഞു വന്നു ....
തൊട്ടു താഴെയുള്ള കാക്കപ്പുള്ളിയിൽ തൊട്ടു കൊണ്ട് അവൻ പറഞ്ഞു
" കേക്കിന്റെ തരി.. :
ഒരായിരം നക്ഷത്രത്തിളക്കം കണ്ണിൽ ഒളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു ..
" ഹാപ്പി ക്രിസ്മസ്സ് "...
....ഉള്ളിൽ നിറഞ്ഞുയർന്ന സന്തോഷത്തോടെ
അവനും... പറഞ്ഞു ..
" ഹാപ്പി ക്രിസ്മസ്സ് "..
.........
വെളുപ്പിനേ സാബു കുഞ്ഞാഞ്ഞ റബ്ബർ വെട്ടി കഴിഞ്ഞു വന്നാൽ ...,പാലെടുക്കാൻ പോകുമ്പോൾ ജോണിക്കുഞ്ഞും കൂടെ കൂടാൻ തുടങ്ങി ..
പാലെടുത്തു വന്നാൽ അലൂമിനിയം ട്രെയിൽ പാൽ ആസിഡൊഴിച്ച് നേർപ്പിക്കാനും.... ചെമ്പ്രക്കാരുടെ മിഷ്യൻ പുരയിൽ കൊണ്ടുപോയി ഷീറ്റടിക്കാനും .. പതിയെ പതിയെ ജോണിക്കുഞ്ഞും. പഠിച്ചു ...
ഒരിക്കൽ ഷീറ്റടിച്ച് മുറ്റത്തെ കമ്പി വലിച്ചുകെട്ടിയ അയയിൽ ഉണക്കാനിടുമ്പോഴാണ് അമ്മച്ചി വെപ്രാളപ്പെട്ട് ഓടിക്കിതച്ച് വന്നു പറഞ്ഞത് ..
" ജാൻസിക്കൊച്ചിനു.. രണ്ടു മൂന്നു ദിവസമായി
പനിയായിരുന്നു.. പനി മൂർച്ഛിച്ചു പിച്ചും പേയും
പറയുവാണ് ... ജീപ്പ് വിളിച്ച് ആശൂത്രിയിൽ കൊണ്ടുപോവാണ്..."
തിരുഹൃദയത്തിനു മുന്നിൽ മെഴുതിരി കത്തിച്ചു വച്ചു കൊണ്ട് .. സാലി കുരിശു വരച്ചു
ജാൻസി കൊച്ചിനെ കാത്തോളണേ.. എന്റെ കർത്താവ്വേ ...!
ഷീറ്റ് അവിടെയിട്ട് ജോണിക്കുഞ്ഞ് ഒറ്റയോട്ടത്തിനു തോട് ഇറങ്ങിക്കയറി ....
റോഡ് മുറിച്ച് അവൻ
ജാൻസിയുടെ വീടെത്തുമ്പോഴേയ്ക്കും .
പൊടിപറത്തി ജീപ്പ് അവിടം വിട്ടിരുന്നു..
വല്ലാത്ത വിഷമത്തോടെ അവൻ തിരികെ തോടു കടന്ന് തൂക്കുപാലം തുടങ്ങുന്നിടത്തുള്ള വലിയ പാറയിൽ കയറിയിരുന്നു .മുകൾഭാഗം പരന്ന
ഈ വലിയ പാറയെ ഫാൻറം പാറയെന്നാണ് ജാൻസി പറയാറുള്ളത്..
ഇതിനോടു ചേർന്നുള്ള കശുമാവിൽ നിന്നും വീഴുന്ന കശുമാങ്ങകൾ രണ്ടും പേരും ചേർന്ന് പെറുക്കി കൊണ്ട് വന്ന് പാറപ്പുറത്ത് വലിഞ്ഞുകയറി അവിടെ തീ കൂട്ടി കശുവണ്ടി .എത്രയോ ചുട്ടു തിന്നിരിക്കുന്നു
അവധിക്കാലത്ത് ഞങ്ങൾ അധിക സമയവും ചിലവഴിയ്ക്കുന്നത് ഈ പാറപ്പുറത്തു തന്നെയാണ് കൊത്താം കല്ലുകളിച്ചും ,ബുക്കുകൾ വായിച്ചും കടംങ്കഥകൾ ചൊല്ലിയും ..
അങ്ങിനെ ഓരോ ദിവസവും കൊഴിഞ്ഞു പോകും ..
ഇപ്പോൾ ജാൻസിയെ കാണാൻ വല്ലാതെ തോന്നുകയാണ് ..
ആശുപത്രി അങ്ങ് മലയിറങ്ങി ഒരുപാടു ദൂരെ ടൗണിലാണ് ..
ഓർക്കുമ്പോൾ ..
നെഞ്ചു പൊട്ടിത്തകരുകയാണ്
വീട്ടിൽ പോയി അമ്മച്ചിയോടു പറയാം നാളെ
ആശുപത്രിയിൽ പോകണംന്ന്..
അമ്മച്ചീ .. ഒന്നു ആശൂപത്രിയിൽ പോയാലോ
ജാൻസിയെ കാണാൻ ...!
ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ പച്ച വിരിയിട്ട കട്ടിലിൽ വാടിയ തളിരില പോലെ മയങ്ങി കിടക്കുകയാണവൾ
അവളുടെ വെളുത്തു മെല്ലിച്ച കൈകളിൽ ഘടിപ്പിച്ച റ്റ്യൂബിലൂടെ ചോരകയറ്റുന്നുണ്ട് ..
മുഖത്ത് ഓക്സിജൻ മാസ്ക് പിടിപ്പിച്ചിട്ടുണ്ട്
മേരി ചേച്ചി അടുത്തു തന്നെ നിൽക്കുന്നുണ്ട്
മറ്റാരേയും അടുത്ത് ചെല്ലാൻ അനുവദിയ്ക്കുന്നില്ല
ഇനിയും മനസ്സിലാക്കാൻ പറ്റാത്ത ഒരു തരം വൈറസ് പനിയാണ് അവൾക്ക് വന്നിട്ടുള്ളത്..
അവളെ കിടത്തിയ തീവ്രപരിചരണ മുറിയുടെ
ചില്ലിട്ട വാതിലിനുള്ളിലൂടെ നോക്കുമ്പോൾ ,
തല പതിയെ ചെരിച്ച്
ഒരു ദീനതയാർന്ന നോട്ടം അവൾ ജോണികുഞ്ഞിനു നൽകി .. പുഞ്ചിരിയ്ക്കാനുള്ള ഒരു പാഴ്ശ്രമം അപ്പോൾ അവളുടെ നുണക്കുഴിയിൽ തപ്പി തടഞ്ഞു...
കാഴ്ച കലങ്ങിയ കണ്ണുകൾ തുടച്ച് അവൻ അവിടെ വരാന്തയിലുള്ള കസേരയിലിരുന്നു
.......
അധികം താമസിയാതെ നെഞ്ചകം ചുട്ടുനീറ്റുന്ന
ഒരു പുഞ്ചിരി ഓർമ്മയിൽ എക്കാലവും സൂക്ഷിക്കാനേൽപിച്ചുകൊണ്ട് ..അവൾ തനിയെ വെണ്മച്ചിറകുള്ള മാലാഖമാരോടൊപ്പം അകലെ പറുദീസയിലേയ്ക്ക് യാത്രയായി ...
ഓർമ്മകനലുകളെരിയുന്ന ഹൃദയവുമായി അവൻ തീർത്തും ഒറ്റപ്പെട്ടു പോയി...
.........
ദിവസങ്ങൾ അങ്ങിനെ അതിവേഗം കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു.....
വീണ്ടും ഇല കൊഴിയും ശിശിരകാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് മഞ്ഞു പൊഴിയാൻ തുടങ്ങി .... റബ്ബർ മരങ്ങളുടെ ഇലകൾ പതിയെ പതിയെ തൊടിയിലും വഴിയിലുമെല്ലാം ഒറ്റയായും തെറ്റയായും വീണു തുടങ്ങി ... നേരിയ തണുപ്പിന്റെ ആവരണം എടുത്തണിയുകയായീ , പുലരികളും.,സന്ധ്യകളും...
.......,
ഉണങ്ങാനിട്ടിരുന്ന ഒട്ടുപാൽ ചാക്കിലാക്കി കെട്ടി വയ്ക്കുമ്പോഴാണു് .താഴെ ദൂരെ വഴിയിൽ നിന്നും സണ്ണിച്ചനും, മേരി ചേച്ചിയും വരുന്നത് ജോണിക്കുഞ്ഞു കണ്ടത്
പൊടുന്നനെ തിണ്ണയിലിരുന്ന അടക്ക ചാക്കോടെ
തോളിലേറ്റി അടുക്കള വാതിലിൽ ചെന്നു വിളിച്ചു പറഞ്ഞു ... "അമ്മച്ചീ ഞാനിത് ഉണക്കാനിട്ടിട്ടു വരാം ..
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ച് കയ്യാലയിലെ കുത്തുക്കല്ലുകൾ ഇറങ്ങി.. അവരുടെ കണ്ണിൽപ്പെടാതെ തോട്ടിനരികെ പാറപ്പുറത്തേയ്ക്കുള്ള വഴിയേ തിടുക്കപ്പെട്ടു പോകുമ്പോൾ ... മേരി ചേച്ചിയും ,സണ്ണിച്ചനും
ജാൻസികൊച്ചിന്റെ സൈക്കിളും എടുത്ത് പടി കയറി വീട്ടുമുറ്റത്ത് എത്തുന്നതേയുണ്ടായിരുന്നുള്ളൂ ....
സാലീയാന്റീ....?
ആരാ .. ദേ ... വരുന്നൂ ...!
തിണ്ണയിലേയ്ക്ക് തിടുക്കപ്പെട്ട് വന്ന സാലി മേരിയെ കണ്ടതോടെ ,രണ്ടു പേരും നിയന്ത്രണം
വിട്ട് പൊട്ടി കരഞ്ഞു ... സാലി
മേരിയെ അണച്ചു പിടിച്ച് അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ...
രണ്ടു പേരും കട്ടിലിലിരുന്ന് വിതുമ്പിക്കരഞ്ഞു ...
കൊച്ച് പോയിട്ട് ഏതാണ്ട് രണ്ടു മാസമാവുന്നു
....
സാലീ ... ജോണിക്കുഞ്ഞെവിടെ ..
കൊച്ച് പനി മൂർച്ഛിച്ച് പിച്ചും പേയും പറഞ്ഞിരുന്നത് ഒരു കാര്യം മാത്രമാണു് അവളുടെ സൈക്കിൾ അവന് കൊടുക്കണമെന്ന് .
ബോധമുണരുന്ന സമയത്ത്
എന്നെ കൊണ്ട് പ്രോമിസും ചെയ്യിച്ചു. ...
കുഞ്ഞിനോട് വാക്കു് പാലിച്ചില്ലെ അവളുടെ ആത്മാവിന്നൊരു സന്തോഷവും ലഭിയ്ക്കില്ല ..
അത് മാത്രമല്ല അതവിടെ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ .. എന്റെ വിഷമം ഇരട്ടിയാകത്തെയുള്ളൂ ..
കൊച്ചിന്റെ ആഗ്രഹം പോലെ നടന്നൂന്ന് കേൾക്കുമ്പോൾ സ്വർഗ്ഗത്തിലിരുന്ന് അവൾ ഒരു പാടു സന്തോഷിക്കുന്നുണ്ടാവും .. ല്ലേ ...
എന്നാലും കൊതി തീരും മുൻപേ അവളെ നീ തിരിച്ചുവിളിച്ചതെന്തേ .. ചുവരിലെ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തിൽ നോക്കി മേരി വിതുമ്പിക്കരഞ്ഞു ...
കൂട്ടുകാരിയെ തന്നോട് അണച്ചു പിടിച്ചുകൊണ്ട് സാലിയും വിങ്ങിപ്പൊട്ടി .....
പാറപ്പുറത്ത് തല കുമ്പിട്ടിരിക്കുന്ന ജോണിക്കുഞ്ഞിന്റെ തോളിൽ സണ്ണിച്ചൻ പതുക്കെ കൈ അമർത്തി ...
" ഞങ്ങളു .. പോവ്വാ .. നീ എന്തേ അങ്ങോട്ടു തീരെ വരാത്തെ ...
ഇടയ്ക്ക് വരണം അമ്മച്ചിയ്ക്ക് അതൊരാശ്വാസമാകും ... നിന്റെ അമ്മച്ചിയേയും പറഞ്ഞയക്കണം ...
പോയവരൊന്നും തിരിച്ചു വരില്ലാലോ ..
ഇടറിയ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് സണ്ണിച്ചൻ തിരിച്ചുപോയി ....
.......
ജോണിക്കുഞ്ഞു മിഴികൾ ഉയർത്തി തോട്ടിലേയ്ക്ക് നോക്കി ..
തോട്ടിറമ്പിലെ
മഞ്ഞ കോളാമ്പിപ്പൂക്കൾ വ്യസനത്തോടെ
തലകുനിച്ചു നിന്നു....
വീണ്ടും ഒരു ക്രിസ്തുമസ്സ് രാവ് .. അമ്മച്ചി പാതിര കുർബ്ബാനയ്ക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കയാണ് ...
ടാ ... നീ വരുന്നില്ലേ. ..?
..ണ്ട് .. മ് മ്മച്ചീ ഞാൻ വന്നോളാം .
അമ്മച്ചി .. പൊയ്ക്കോ ...
ഉം ... നീ ..നേരം വൈകണ്ട ..
ജോണിക്കുഞ്ഞു .വേഗം താഴെ ഇറങ്ങിപ്പോയി
തോട്ടിറമ്പിലെ കോളാമ്പിപ്പൂക്കൾ കുലയോടെ പറിച്ചെടുത്തു ..
തിരികെ വന്ന് ആലയോടു ചേർത്തു വച്ചിരുന്ന ജാൻസി കൊച്ചിന്റെ
സൈക്കിൾ എടുത്ത് വൃത്തിയായി തുടച്ചു ...
മുന്നിലെ വലക്കുട്ട നിറയെ കോളാമ്പി പൂക്കൾ നിറച്ചു ..
അകത്തു പോയി പുതിയ ഉടുപ്പെല്ലാം അണിഞ്ഞു .പള്ളിയിലേയ്ക്ക് പോവാൻ തയ്യാറായി ..
ണ് ർ ർണിം... ണ് ർ ർണിം ...
എന്നാ പൂവ്വാ ..ജാൻസി കൊച്ചിന്റെ നേരിയ സ്വരം അവന്റെ കാതിൽ മുഴങ്ങി ...
ജോണിക്കുഞ്ഞു കുന്നുകയറി പള്ളിയിലെത്തുമ്പോൾ പാതിര കുർബ്ബാന തുടങ്ങിയിരുന്നു
അവൻ നേരെ പുൽകൂടിനരികിലേയ്ക്ക് പോയി
ഉണ്ണീശോയെ മൂടിയിരുന്ന തൂവാല മാറ്റി പതുക്കെ രൂപം കൈയ്യിലെടുത്തു ..
കോളാമ്പി പൂക്കൾക്ക് മേൽ മെല്ലെ കിടത്തിയ ശേഷം സൈക്കിളിൽ കയറി കുന്നിറങ്ങി
ആദ്യ സവാരിയുടെ സന്തോഷം കൊണ്ടോ എന്തോ ഉണ്ണീശോ ചെറുതായി തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു.
സിമിത്തേരിയുടെ കവാടം കടന്ന് സൈക്കിൾ ജാൻസി കൊച്ചിന്റെ കുഴിമാടത്തിനരികെയെത്തി ..
കൈയ്യിൽ കരുതിയ കോളാമ്പി പൂക്കൾ അവിടെ അലങ്കരിച്ചു വച്ച ശേഷം ചുറ്റും
മെഴുകുതിരികൾ കത്തിച്ചു വച്ചു ഉണ്ണീശോയെ എടുത്ത് പൂക്കൾക്ക് മേൽ വച്ചു
... കൊച്ചേ ... സവാരിയ്ക്ക് നിന്നെ കൂട്ടാൻ എനിക്ക് കഴിഞ്ഞില്ലല്ലോ .. ഇതാ നിന്നരികിലേയ്ക്ക് ഉണ്ണീശോയെ ഞാൻ സവാരി കൊണ്ടു വന്നിരിക്കുന്നു... ഞാനെന്റെ പ്രോമിസ് നിറവേറ്റിയിരിക്കുന്നു ... മരിക്കുവോളം. നീ എന്നൊടൊപ്പം ഉണ്ടായിരിക്കും ...
ഹാപ്പി ക്രിസ്സ്മസ്സ്...
ജാൻസി കൊച്ചിന്റെ ഓർമ്മകൾ ഉണർവ്വാവുന്ന
തോട്ടിറമ്പിലും .,തുക്കൂ പാലത്തിലും ഫാന്റം പാറയിലും ,വഴിയിലും എല്ലായിടത്തും കൊണ്ടുപോയ ശേഷം ..
പുൽകൂടിനുള്ളിൽ ഉണ്ണീശോയെ തിരികെ വച്ച് തൂവാല കൊണ്ടു മൂടി കഴിയുമ്പോൾ ..
സ്നേഹപ്രവാചകന്റെ തിരുപിറവി അറിയിച്ചു കൊണ്ട്
പള്ളിമണികൾ ദീനസ്വരം പുറപ്പെടുവിച്ചു ...
കിഴക്ക് ആകാശച്ചെരുവിൽ ഒരു താരകം അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു
ആ പുഞ്ചിരിയ്ക്ക് നേർക്ക് അവന്റെ കൈകൾ അറിയാതെ നീണ്ടുചെന്നു ...
9 - JAN - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot