നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സിനിമ

Image may contain: Giri B Warrier, closeup and outdoor

ഗിരി ബി. വാരിയർ
*************
ഇന്നലെ ടൌണിൽ പോയി
മൾട്ടിപ്ലെക്സിലെ
ശീതികരിച്ച ഹാളിൽ
വിദേശത്തുനിന്നും
ഇറക്കുമതി ചെയ്ത
ശബ്ദസംവിധാനത്തിനോടൊപ്പം
വിറയ്ക്കുന്ന, പതുപതുത്ത
പുഷ്ബാക്ക് സീറ്റിൽ
തണുത്ത് വിറച്ച്
മലർന്നുകിടന്നു്
ഒരു സിനിമ കണ്ടു.
ഇടവേളയിൽ ഹാളിനു പുറത്തെ
സ്റ്റാളിൽ നിന്നും പെപ്സിയും
പോപ്കോണും
ഐസ് ക്രീമും കഴിച്ചു..
തിരിച്ചിറങ്ങി പിസ്സാഹട്ടിൽ
കയറി മൂക്കറ്റം തട്ടി.
വീട്ടിലെത്തിയപ്പോൾ ചിന്തകൾ
സിനിമയെക്കുറിച്ചായിരുന്നില്ല,
വയറൊട്ടി മെലിഞ്ഞ
പേഴ്സിനെക്കുറിച്ച്
ഓർത്തായിരുന്നു.
പണ്ട് ...
നാട്ടിൻപുറത്തെ ടാക്കീസിൽ
മൂട്ടയുടെ കടിയേറ്റ്
വരിയിലാരെങ്കിലും
ചൊറിയുമ്പോൾ
ഇളകുന്ന ബെഞ്ചിലും
കസേരയിലും ഇരുന്നു
സിനിമ കാണുന്ന സുഖം!
കാണികളുടെ നിർത്താത്ത
കയ്യടിയും കൂക്കിവിളിയും
കമൻറുകളും കേട്ട് ചിരിച്ച്
അവരുടെകൂടെ ആസ്വദിച്ച്
കണ്ട സിനിമകളുടെ രസം..
ഇടവേളയിൽ
തിയേറ്ററിനകത്തുനിന്നു
തന്നെ കിട്ടിയിരുന്ന
കപ്പലണ്ടിയുടെയും
ബോണ്ടയുടെയും
പഴംപൊരിയുടെയും
മണവും സ്വാദും..
വീട്ടിൽ തിരിച്ചെത്തി
വീട്ടുകാരുടെയും
ബന്ധുക്കളോടും കൂടെ
വട്ടത്തിലിരുന്ന് സിനിമയിലെ
രംഗങ്ങളെപ്പറ്റി സംസാരിച്ച്
നേരത്തെയുണ്ടാക്കിവെച്ച
തണുത്ത ഭക്ഷണം രുചിയോടെ
കഴിച്ചപ്പോഴത്തെ സന്തോഷം ...
അന്ന്.. നമ്മൾ സിനിമ
കാണുകയല്ലായിരുന്നു..
ആസ്വദിക്കുകയായിരുന്നു.
*****
ഗിരി ബി. വാരിയർ
11 ജനുവരി 2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot