നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 11

 

മാളവിക - തുടരുന്നു ....

കല്യാണത്തിന്റെ തലേദിവസം മാളുവിന്റെ വീട്ടിൽ ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു.സാവിത്രി ഏർപ്പാടാക്കിയ ബ്യൂട്ടീഷ്യൻ മാളുവിനെ അണിയിച്ചൊരുക്കി.
കറുപ്പും ചുവപ്പും കലർന്ന ലാച്ചയിൽ  മാളു അതീവ സുന്ദരിയായിരുന്നു!
ദേവിയും കുഞ്ഞും നേരത്തെ തന്നെ എത്തിയിരുന്നു.ദേവി മാളുവിന്‌ വിവാഹസമ്മാനമായി ഒരു നെക്‌ലേസ് കൊടുത്തു.
മാളുവിന്റെ കണ്ണുകൾ ദത്തനെ പരതി .
"അമ്മ എങ്ങോട്ട്  പോവാനാ  നല്ല ഉടുപ്പിട്ട് നിൽക്കുന്നെ?" ആമി അവളോട് ചോദിച്ചു.
"അമ്മ ഒരു സ്ഥലം വരെ പോവാ ." മാളു പറഞ്ഞു.
"പാർക്കിലേക്കാണോ ? എന്നെക്കൂടി കൊണ്ടുപോവുമോ അമ്മെ?" ആമി പ്രതീക്ഷയോടെ മാളുവിനെ നോക്കി.
"മോളെ അങ്ങോട്ട് കൊണ്ടുപോകാൻ പറ്റില്ല.പകരം അമ്മയ്ക്കുവേണ്ടി ഒരു കാര്യം ചെയ്യാമോ?അച്ഛനോട് ഒരു കാര്യം ചോദിക്കാമോ?"അവൾ ആമിയുടെ ചെവിയിൽ എന്തോ പറഞ്ഞു.
"ഞാൻ ചോദിക്കാം  അമ്മെ."ആമി സന്തോഷത്തോടെ പറഞ്ഞു.
ദേവി മാളുവിന്റെ മുറിയിൽ വന്നപ്പോൾ ആമി അവളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.അതുകണ്ട് ദേവിയുടെ കണ്ണുനിറഞ്ഞു.
"മാളു പുറത്ത് നിന്നെക്കാണാൻ ആൾക്കാർ വന്ന് നിൽക്കുന്നു .നീ മുറിക്കകത്തു കേറി ഇരുന്നാൽ അവരൊക്കെ എന്താ വിചാരിക്കുക?എല്ലാത്തിനും ലേഖ ഒറ്റയ്ക്കല്ലേ  ഓടി നടക്കുന്നത്?നീ പുറത്തുപോയി അവരെയൊക്കെ ഒന്ന് മുഖം കാണിക്ക് മോളെ."ദേവി മാളുവിനെ നോക്കി വിഷമത്തോടെ പറഞ്ഞു.
"ആമി നീ മാറിനിൽക്ക് ആന്റി വെളിയിലേക്ക് ചെല്ലട്ടെ ."ദേവി ആമിയെ പിടിച്ച് മാറ്റി.
"അവൾ ഇന്നും കൂടെ എന്നെ അമ്മെ എന്ന് വിളിച്ചോട്ടെ അമ്മെ."മാളു കണ്ണീരോടെ ദേവിയോട് പറഞ്ഞു.
പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്ക് ആമി മാളുവിന്റെ കട്ടിലിൽ ഉറക്കം പിടിച്ചിരുന്നു..
അവിടെ അധികം വന്ന ഭക്ഷണം ലേഖ പാത്രത്തിലാക്കി  ദേവിയെ ഏൽപ്പിച്ചു.പാത്രങ്ങൾ ഒരുപാടുണ്ടായിരുന്നതിനാൽ അതും കുഞ്ഞിനേയും ഒരുമിച്ച് പിടിക്കാൻ അവർ ബുദ്ധിമുട്ടി.ഞാനും വരാം  എന്ന് പറഞ്ഞ്  മാളു ഉറങ്ങിക്കിടന്ന ആമിയേയും  എടുത്ത് കുറച്ച് പാത്രങ്ങളും കൈയിൽ പിടിച്ച് വേഷം പോലും മാറാതെ  ദേവിയുടെ  കൂടെ ഇറങ്ങി.ലേഖ എതിർത്തൊന്നും പറഞ്ഞില്ല.
മാളു മുൻപിലും ബാക്കി പാത്രങ്ങളുമായി  ദേവി പിറകിലും നടന്നു.
അപ്പുറത്ത് ചെന്ന് ബെൽ അടിച്ചു.ഡോർ തുറന്ന് ഇറങ്ങിയ  ദത്തൻ മാളുവിനെ ആ വേഷത്തിൽ കണ്ട് അമ്പരന്നു. ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു .
"മാളുവിനെ ബുദ്ധിമുട്ടിക്കണ്ടായിരുന്നല്ലോ  അമ്മെ.എന്നെ വിളിച്ചാൽ ഞാൻ വരുമായിരുന്നല്ലോ ." ദത്തൻ  ദേവിയെ കുറ്റപ്പെടുത്തി.
"അമ്മയോട് ചൂടാവാണ്ട.ഞാനാ പറഞ്ഞത് ഞാൻ കൂടി വരാമെന്ന്"മാളു  കുഞ്ഞിനേയും കൊണ്ട് അകത്ത്  കയറി.
കൈയിലിരുന്ന  പാത്രങ്ങൾ അവിടെ മേശയിൽ  വെച്ചിട്ട് ദേവിയുടെ മുറിയിൽ  കുഞ്ഞിനെ കൊണ്ട് കിടത്തി.
ദേവി പാത്രങ്ങൾ വെയ്ക്കാൻ അടുക്കളയിലേക്ക് പോയി.
തിരിച്ച് വന്ന് മാളു ദത്തനെ നോക്കി.ഇനിയെങ്കിലും ഒന്ന് വിളിച്ചുകൂടെ എന്ന് അവളുടെ കണ്ണുകൾ അവനോട് ചോദിച്ചു.
അവനും അവളെ തന്നെ നോക്കിനിന്നു.
"മോള് പൊയ്ക്കോളൂ " തിരികെ വന്ന് ദേവി പറഞ്ഞു.
"അമ്മയ്ക്കും ഞാനിവിടുന്ന് പോയാൽ മതീന്നായി അല്ലെ ?" മാളു വേദനയോടെ ചിരിച്ചു .
ദേവി ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.
"നടക്ക്  ഗേറ്റ് വരെ ഞാനും വരം." ദത്തൻ മാളുവിനോട് പറഞ്ഞു..
"വേണ്ട എനിക്കാരുടേം ഔദാര്യം വേണ്ട."മാളു മുഖം വീർപ്പിച്ചു.
"ഓ ശരിയാണ്.കെട്ടിപ്പിടിക്കാനും കൊണ്ടുവിടാനും  ആൾക്കാരുണ്ടല്ലോ .മറന്നുപോയി" ദത്തൻ അവളെ പരിഹസിച്ചു.
"ഹേ മനുഷ്യാ ! ദത്തേട്ടനെ എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് നിങ്ങളുമായുള്ള  വിവാഹത്തിന് എനിക്ക് താൽപര്യമില്ല എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് കരഞ്ഞപ്പോഴാണ് ആ മനുഷ്യൻ എന്നെ ആശ്വപ്പിക്കാനായി ഒന്ന് കെട്ടിപ്പിടിച്ചത്.അല്ലാതെ നിങ്ങൾ കരുതുംപോലെ കാമം മൂത്തിട്ടല്ല."മാളു അവന്റെ മുഖത്തു നോക്കി പറഞ്ഞു.
ദത്തൻ ഇടിവെട്ടേറ്റത്‌ പോലെ നിന്നുപോയി!
മാളു കരഞ്ഞുകൊണ്ട്  അവിടെ നിന്നും ഇറങ്ങിപ്പോയി.
പിറ്റേന്ന് മാളുവും ലേഖയും വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തിൽ പോയി തൊഴുതു.
"ഈശ്വരാ  എന്തെങ്കിലും അത്ഭുതം സംഭവിക്കണേ . എനിക്ക് ദത്തേട്ടനെ തന്നെ തരണേ..!" അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.
തിരിച്ച് വീട്ടിൽ എത്തിയതും മാളു വെളിയിൽ വന്ന് അപ്പുറത്തേക്ക് ഒന്ന് നോക്കി ദത്തനോ ദേവിയോ വെളിയിൽ നിൽപ്പുണ്ടോ എന്ന് . അവൾ നിരാശയോടെ അകത്തേക്ക് മടങ്ങി.ബ്യൂട്ടീഷ്യൻ അവളെ കാത്തുനിൽപ്പുണ്ടായിരുന്നു.അവർ അവളെ അണിയിച്ചൊരുക്കി.
കല്യാണവേഷത്തിൽ അണിഞ്ഞൊരുങ്ങിയ മകളെ കണ്ട് ലേഖ സന്തോഷം കൊണ്ട് കരഞ്ഞുപോയി!
അവർ  സതീശന്റെ ഫോട്ടോയുടെ മുൻപിൽ നിന്ന് പ്രാർത്ഥിച്ച് മാളു ലേഖയുടെ കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങി   ആഡിറ്റോറിയത്തിലേക്ക്  തിരിച്ചു. ആഡിറ്റോറിയത്തിന്റെ തൊട്ടടുത്ത് ഒരു റിസോർട്ട് ഉണ്ട്.ദൂരെ നിന്നും വന്ന അതിഥികൾക്ക് താമസിക്കാനായി അവിടെ മുറികൾ എടുത്തിട്ടുണ്ടായിരുന്നു.മാളുവും ചന്തുവും കല്യാണപെണ്ണിനും ചെറുക്കനും മുഹൂർത്ത സമയം വരെ ഇരിക്കാൻ ബുക്ക് ചെയ്ത രണ്ടു കോട്ടേജുകളിലായിരുന്നു  .ഇടയ്ക്കിടയ്ക്ക് പെണ്ണിനേയും ചെറുക്കനേയും കാണാൻ അതിഥികൾ അങ്ങോട്ട് വന്നുകൊണ്ടേയിരുന്നു...

ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണന്റെ ഒരു വെണ്ണക്കൽ പ്രതിമ നടുക്കുവെച്ച് മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ച പന്തൽ അതിമനോഹരമായിരുന്നു! മുഹൂർത്ത  സമയമായപ്പോഴേക്ക് ആഡിറ്റോറിയം ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു.
ദേവിയും ദത്തനും ആമിയും മറ്റാളുകളുടെ  കൂട്ടത്തിൽ ഇരുന്നു .ദേവിയും ആമിയും  മാളുവിനെ കാണാൻ അവളുടെ കോട്ടേജിൽ   ചെന്നു .മാളുവിനെ  കണ്ടതും സങ്കടവും സന്തോഷവും കൊണ്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞു.അവളെ സന്തോഷത്തോടെ അനുഗ്രഹിച്ച് അവർ  തിരിച്ച് ദത്തന്റെ  അടുത്ത്  വന്നിരുന്നു.
"അമ്മ എന്താ നമ്മുടെ അടുത്ത് വന്നിരിക്കാത്തത് അച്ഛമ്മേ ?" ആമി ചോദിച്ചു.
"അമ്മ ഇന്ന് മുതൽ വേറൊരു വീട്ടിൽ പോവാ" ദേവി പറഞ്ഞു.
"നമ്മുടെ വീട്ടിലേക്ക്  ആണോ?" ആമി സന്തോഷത്തോടെ  ചോദിച്ചു.
ദേവി ദത്തനെ നോക്കി.അവൻ മണ്ഡപത്തിലേക്ക് നോക്കി ഇരിക്കുകയാണ്.കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ.
ആമി ദത്തനെ  നോക്കി.എന്നിട്ട്  എന്തോ ഓർത്ത  മട്ടിൽ അവനോടു പറഞ്ഞു."അച്ഛാ അമ്മ ഒരുകൂട്ടം ചോദിക്കാൻ പറഞ്ഞു അച്ഛനോട്"
ചോദ്യഭാവത്തിൽ ദേവിയും ദത്തനും ആമിയെ നോക്കി.
"അമ്മയെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോവമോ എന്ന് ." ദത്തൻ നെഞ്ച് വിങ്ങി  ഇരുന്നു.
"ആമി ഇങ്ങു വാ അച്ഛമ്മ ഒരു കഥ പറഞ്ഞു തരാം." വിഷയം മാറ്റാനായി ദേവി ആമിയെ അടുത്തുവിളിച്ചു.
മുഹൂർത്ത സമയമടുത്തപ്പോൾ
ശിവദാസനും സാവിത്രിയും ചന്തുവിനെ വിളിക്കാനായി കോട്ടേജിലേക്ക്  പോയി.
കുറച്ച് കഴിഞ്ഞിട്ടും അവർ ഇറങ്ങി വന്നില്ല.ലേഖ പരിഭ്രമിച്ച്  അവരുടെ അടുത്തേക്ക് പോയി.പിന്നീട് അവിടെ കൂടിനിന്ന കുറച്ചുപേർ അങ്ങോട്ട്  ഓടിപ്പോവുന്നത് കണ്ടു.കാര്യം എന്തെന്നറിയാതെ ദേവിയും ദത്തനും തമ്മിൽ തമ്മിൽ നോക്കി. അതിഥികളും പരസ്പരം നോക്കി എന്തൊക്കെയോ പിറുപിറുത്തു.
പിന്നെ ആരോ പറഞ്ഞറിഞ്ഞു."കല്യാണം നടക്കില്ല!ചെറുക്കൻ മുങ്ങി.പെണ്ണിന്റെ അമ്മ കുഴഞ്ഞുവീണു!"
ദേവിയും ആമിയെ എടുത്തുകൊണ്ട്  ദത്തനും വേഗം  അവരുടെ അടുത്തെത്തി.
സാവിത്രിയുടെ അടുത്തിരുന്ന്  തേങ്ങിക്കരയുന്നു ലേഖ.
കരയണോ ചിരിക്കണോ എന്നറിയാതെ തൊട്ടടുത്ത്  മാളു വെറും നിലത്ത് ഇരിക്കുന്നു!
ശിവദാസൻ ആരെയൊക്കെയോ ഫോൺ ചെയ്ത് മകന്റെ വിവരം തിരക്കുന്നു.
"ലേഖേ സമാധാനമായിരിക്ക് .അവൻ എവിടെ ആണെങ്കിലും ശിവേട്ടൻ അവനെ കണ്ടുപിടിച്ച് കൊണ്ടുവരും"സാവിത്രി ലേഖയെ സമാധാനിപ്പിച്ചു.
"ഞങ്ങളോടീ ചതി വേണ്ടായിരുന്നു സാവിത്രി! അവനീ കല്യാണത്തിന് താൽപ്പര്യം ഇല്ലെങ്കിൽ പറയാനെത്ര അവസരമുണ്ടായിരുന്നു..എന്റെ കുഞ്ഞിനെ ഇങ്ങനെ വേഷം കെട്ടിക്കണമായിരുന്നോ?മണ്ഡപത്തിൽ കയറുന്നതിനുമുന്പേ കല്യാണം മുടങ്ങിയ ഇവൾക്കിനി  ആര് ജീവിതം കൊടുക്കും..!?"ലേഖ ഏങ്ങലടിച്ച് കരഞ്ഞു.
ദേവി മകനെ നോക്കി.അവൻ മാളുവിനെ തന്നെ നോക്കി ഇരിക്കുകയാണ്.
ദേവി ലേഖയുടെ അടുത്തേക്ക് ചെന്ന് അവരുടെ തോളിൽ കൈവെച്ചു.
"ദേവിയേച്ചി എന്റെ കുഞ്ഞ് !" ലേഖ കൊച്ചുകുട്ടിയെപോലെ വാവിട്ട്  കരഞ്ഞു .
"ലേഖേ നിനക്കിഷ്ടമാകുമോ എന്നറിയില്ല.പല തവണ ചോദിക്കാൻ തുനിഞ്ഞതാണ് .ഇവളെ ഞങ്ങൾക്ക് തന്നേക്കാമോ?പൊന്നുപോലെ നോക്കിക്കോളാം." ദേവി ചോദിച്ചു.
ലേഖ വിശ്വാസം  വരാതെ  അവരെ നോക്കി.
"അതെ ലേഖേ എന്റെ ദത്തന്റെ പെണ്ണായിട്ട് ഇവളെ കൊണ്ടുപോയ്‌ക്കോട്ടെ?ഈ ഇട്ടിരിക്കുന്ന സ്വർണ്ണം  മുഴുവൻ നിങ്ങൾ അഴിച്ചെടുത്തോളു.ഒന്നും വേണ്ട.ഇവളെ മാത്രം മതി ഞങ്ങൾക്ക്." ദേവി കണ്ണീരോടെ പറഞ്ഞു.
ദത്തന് അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി!നടക്കുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അവൻ നിന്നു .അതെ അവസ്ഥയിലായിരുന്നു മാളുവും.
ദേവിയുടെ ചോദ്യം കേട്ട് മാളു ദത്തനെ നോക്കി.ദത്തൻ മാളുവിനെ നോക്കാതെ ഗൗരവം നടിച്ച് നിൽക്കുകയായിരുന്നു.പെട്ടെന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു.ആമിയെ അവിടെ താഴെ നിർത്തി അവൻ അതുമായി വെളിയിലേക്കിറങ്ങി.ആമി നേരെ മാളുവിന്റെ അടുത്തേക്ക് ചെന്നു.
"ഞാനെന്താ ദേവിയേച്ചി പറയുക.എനിക്ക് രണ്ടാമതൊന്നാലോചിക്കാനില്ല.എനിക്ക് വേണ്ടി എന്റെ മോൾ അവളുടെ ഇഷ്ടങ്ങൾ കുഴിച്ച് മൂടിയിട്ടുണ്ട്.ദത്തന് എന്റെ മോളെ സ്വീകരിക്കാൻ മനസ്സുണ്ടെങ്കിൽ  എനിക്കും എന്റെ മോൾക്കും ഈ  വിവാഹത്തിന് സമ്മതമാണ്!" ലേഖ മകളെ നോക്കി.മാളു സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി നിൽക്കുകായണ്‌.
"ലേഖേ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?ശിവേട്ടൻ എങ്ങനെയെങ്കിലും അവനെ കണ്ടുപിടിക്കും." സാവിത്രി കെഞ്ചി.
"എന്തിന്?വീണ്ടും എന്റെ മോളെ കുരങ്ങുകളിപ്പിക്കാനോ?ഞങ്ങൾക്ക് ഒരു ജീവിതം തന്നതിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട് .പക്ഷെ എന്റെ മോളുടെ ജീവിതം വെച്ച് കളിക്കാൻ  ഞാൻ ആരെയും സമ്മതിക്കില്ല!"ലേഖ സാവിത്രിയോട് രൂക്ഷമായി പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ദത്തൻ തിരിച്ചുവന്നു.
"ദത്താ അമ്മ പറഞ്ഞത് നീ  കേട്ടല്ലോ.നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലേ?"ദേവി മകനെ കുസൃതിച്ചിരിയോടെ നോക്കി.
"എനിക്കീ വിവാഹത്തിന് സമ്മതമല്ല!" വലിഞ്ഞുമുറുകിയ മുഖത്തോടെ ദത്തൻ പറഞ്ഞു.എല്ലാവരും  സ്തബ്ധരായി നിന്നു!

To be continued ...............

രചന:അഞ്ജന ബിജോയ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot