നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 5


(കഴിഞ്ഞ ഭാഗം തുടരുന്നു...)
സ്ക്രീനിൽ കണ്ട കാഴ്ച്ച എല്ലാവരേയും അമ്പരപ്പിച്ചു കളഞ്ഞു.
നതാലിയായുടെ കാർ അപ്രത്യക്ഷമായിരിക്കുന്നു. പകരം ആ കൂറ്റൻ ട്രക്കിനെയാണ് ഇപ്പോൾ സാറ്റലൈറ്റ് ട്രേസ് ചെയ്യുന്നത്.
“She is captured! (അവൾ പിടിക്കപ്പെട്ടിരിക്കുന്നു!)” വിശാൽ പിറുപിറുത്തു.
“Shall I assemble the team sir?” മിലിട്ടറി വേഷവിധാനത്തിലുള്ള ഒരു യുവാവ് അയാൾക്കരികിലേക്കെത്തി.
“വേണ്ട! അവൾ പിടി കൊടുത്തതാകാനാണ് സാധ്യത. We need this lead! ആ ട്രക്ക് സദാ സമയവും നമ്മുടെ നിരീക്ഷണത്തിലായിരിക്കണം.”
“But sir! She could be in Danger! (സർ! ഒരു പക്ഷേ അവൾ അപകടത്തിലായിരിക്കാം.)”
“നതാലിയാ ആവശ്യപ്പെടാതെ ഒരിക്കലും നമ്മൾ ഇടപെടേണ്ട. ഫോണിൽ പാനിക്ക് ബട്ടനുണ്ട്. എന്തെങ്കിലും എമർജൻസി വന്നാൽ അവൾ അതമർത്തും. പക്ഷേ ഇതുവരെ ആയിരുന്നതുപോലല്ല, ഇനിയങ്ങോട്ട് നമ്മൾ കരുതിയിരിക്കണം.”
“പക്ഷേ, ഫോൺ അവരുടെ കയ്യിലാണെങ്കിൽ ? ലക്ഷണം കണ്ടിട്ട് അവർ ഏജന്റ് നതാലിയായെ കാറുൾപ്പെടെ കിഡ്നാപ്പു ചെയ്യുകയാണെന്നു തോന്നുന്നു.”
വിശാൽ ചിന്തയിലാണ്ടു. കണ്ണുകൾ പുറത്ത് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലുടക്കി നിന്നു. ഒടുവിൽ...
“നമുക്ക് ഈ കേസിൽ കുറച്ചു പരിമിതികളുണ്ട്. തല്ക്കാലം വെയ്റ്റ് ചെയ്യാം. എന്തായാലും നതാലിയ അല്ലേ ? അവളെയെന്തായാലും അത്ര എളുപ്പത്തിലവർക്ക് കീഴ്പ്പെടുത്താനാകില്ല എന്നാണെന്റെ വിശ്വാസം.”
“യെസ് സർ!”
**************************************************************************************
Temporary Military Facility – Elephanta Island, Mumbai. Same time.
**************************************************************************************
മുറിയിലേക്ക് കയറി വന്ന നേഴ്സിനെ ഡോക്ടർ അടിമുടി ഒന്നു നോക്കി.
ചെറുപ്പക്കാരിയായിരുന്നു ആ പെൺകുട്ടി. ഒരു റോബോട്ടിനെപ്പോലെ വികാര രഹിതമായ മുഖം. വന്ന ഉടൻ ഡോക്ടറുടെ ബാൻഡേജ് യാതൊരു മയവുമില്ലാതെ അവൾ ഇളക്കിയെടുത്തു. തുടർന്ന് കട്ട പിടിച്ച ചോര ഒരു ഫോഴ്സെപ്സിൽ കോട്ടൻ പിടിപ്പിച്ച് തുടച്ചു നീക്കി. കണ്ണിന്റെ സ്ഥാനത്ത് വളരെ ആഴത്തിൽ - ചോര നിറഞ്ഞ ഒരു കുഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ ഒരു കഷണം സ്പോഞ്ച് അതിനുള്ളിലേക്ക് തള്ളിയിറക്കി ഒന്നു ചുഴറ്റി.വേദന സഹിക്കാനാവാതെ കിടക്കയിൽ അള്ളിപ്പിടിച്ച് ഡോക്ടർ ഉറക്കെ അലറിയിട്ടും അവൾക്ക് യാതൊരു ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല.
കുറച്ചു കഴിഞ്ഞ് ജോലി പൂർത്തിയാക്കി നേഴ്സ് പോകാനായി തിരിഞ്ഞപ്പോളാണ് ഡോക്ടർ അതു ശ്രദ്ധിക്കുന്നത്. ആ പെൺകുട്ടിയുടെ ചലനങ്ങളിൽ എന്തോ അസ്വഭാവികതയുണ്ട്.
“കുട്ടി ഒരു മിനിറ്റ് നില്ക്കൂ... എന്താ കുട്ടിയുടെ പേര് ?” ഡോക്ടർ കയ്യുയർത്തി അവളെ തടഞ്ഞു. അപ്പോഴും വേദന സഹിക്കാനാകാതെ അയാൾ പുളയുന്നുണ്ടായിരുന്നു.
“ഡെയ്സി” പതിഞ്ഞ സ്വരത്തിലായിരുന്നു മറുപടി.
“ഡെയ്സി ആ കൈകൾ രണ്ടും ഒന്നു മുകളിലേക്കുയർത്തൂ.” ഡോക്ടർ ആവശ്യപ്പെട്ടു.
അടുത്ത നിമിഷം തന്നെ അവൾ ഒന്നുമാലോചിക്കാതെ കൈകൾ മുകളിലേക്കുയർത്തിപ്പിടി ച്ച് ഡോക്ടർക്കഭിമുഖമായി തിരിഞ്ഞു.. മുഖം നിർവ്വികാരമായിരുന്നു.
“ഓകെ... നൗ ടേക്ക് ഓഫ് യുവർ ക്ലോത്ത്സ്!” ഡോക്ടർ വീണ്ടും ആവശ്യപ്പെട്ടു.
യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ആ പെൺകുട്ടി താൻ ധരിച്ചിരുന്ന നഴ്സ് കുപ്പായം അഴിക്കാനാരംഭിച്ചു.
“വേണ്ട!” ഡോക്ടർ തടഞ്ഞു. “നീയിപ്പോൾ ഈ നില്ക്കുന്നത് എവിടെയാണെന്നറിയാമോ കുട്ടീ ?”
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ആ പെൺകുട്ടിയുടെ ‘ഫ്രീ വിൽ’ അഥവാ സ്വതന്ത്രമായ ഇച്ഛാശക്തി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ആരെന്തു പറഞ്ഞാലും അനുസരിക്കുന്ന ഒരവസ്ഥയിലാണവൾ.
“ഇപ്പോൾ ഞാൻ കുട്ടിയോട് ആ മേശപ്പുറത്തിരിക്കുന്ന തോക്കെടുത്ത് സ്വയം വെടിവെക്കാൻ പറഞ്ഞാൽ അനുസരിക്കുമോ ?” അടുത്ത ചോദ്യം.
മറുപടിയായി അവൾ നേരെ മേശക്കു സമീപത്തേക്കു നടന്ന് തിരിഞ്ഞു നിന്നു.
“ഇവിടെ തോക്കൊന്നും കാണുന്നില്ലല്ലോ.” വളരെ നിഷ്കളങ്കമായിരുന്നു അവളുടെ സംസാരം.
ഡോക്ടറുടെ പുഞ്ചിരി ഒന്നു കൂടി തെളിഞ്ഞു. ഞാൻ ടെസ്റ്റ് ചെയ്തതാണ്. അതിരിക്കട്ടെ നിന്റെ മരുന്നിന്റെ അടുത്ത ഡോസ് എപ്പോഴാണ് ?”
അവളുടെ ചുണ്ടുകൾ വിറച്ചു. മറുപടി പറയാനാകാതെ അവൾ സ്തംഭിച്ചു നില്ക്കുകയാണ്. പല വിധ വികാരങ്ങൾ മിന്നി മറയുന്നുണ്ട് ആ സുന്ദര മുഖത്ത്. പക്ഷേ ഒന്നും പൂർണ്ണമായി പ്രകടിപ്പിക്കാനാകുന്നില്ല.
“അടുത്ത ഡോസിനുള്ള സമയമായി. നീ സ്വയം ഇഞ്ചക്റ്റ് ചെയ്യുകയല്ലേ ?”
അവൾ അല്ലെന്ന് തലയാട്ടി.
“ഡെയ്സി പൊയ്ക്കോളൂ. ഒന്നു കൊണ്ടും പേടിക്കണ്ട കേട്ടോ. എല്ലാം ശരിയാകും.”
അവൾ മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങിപ്പോയി.
“അറ്റ് ലീസ്റ്റ് ഈയൊരു പരീക്ഷണമെങ്കിലും സക്സസാണ്.” ഡോക്ടർ മനസ്സിൽ കരുതി.
ആ പെൺകുട്ടി വെളിയിലേക്കിറങ്ങിയതും വാതിലിനു പുറത്ത് കാത്തു നില്ക്കുകയായിരുന്ന ആ മനുഷ്യനെ ഡോക്ടർ കണ്ടു.
ഐഗ്വോ യിങ്ങ്!
“മേ ഐ കമിൻ ഡോക്ടർ ?” അസാമാന്യ മുഴക്കമുള്ള ആ സ്വരം ഡോക്ടർ ഞെട്ടലോടെയാണ് കേട്ടത്.
മറുപടിക്ക് കാത്തു നില്ക്കാതെ ആ മനുഷ്യൻ അകത്തേക്കു കയറി വന്നു.
അജാനുബാഹുവായ ഒരു ചൈനക്കാരൻ.
“ഹേയ് മിസ്റ്റർ യിങ്ങ്!” ഡോക്ടർ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ഒരു ശ്രമം നടത്തി.
“അനങ്ങാതെ കിടക്കൂ ഡോക്ടർ! നിങ്ങൾക്ക് നല്ല വിശ്രമം വേണമെന്നാണ് ഡോ. ഷങ്കർ എന്നോട് പറഞ്ഞത്.”
“നല്ല പെയിനുണ്ട്.” ഡോക്ടർ ഒരു കൈ കൊണ്ട് തന്റെ ഇടതു കണ്ണിലെ ബാൻഡേജ് അമർത്തിപ്പിടിച്ചു.
“ഉം...” വന്നയാൾ അതൊന്നും ശ്രദ്ധിക്കുന്ന മട്ടില്ല. “താങ്കൾ റിക്കവറാകാൻ ഉദ്ദേശം എത്ര ദിവസമെടുക്കും ?”
“അറിയില്ല മി. യിങ്ങ്. ഏറി വന്നാൽ ഒരാഴ്ച്ച. അതു കഴിഞ്ഞാൽ ഞാൻ എക്സ്പെരിമെന്റ് കണ്ടിന്യൂ ചെയ്യും. അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ ഞാൻ ഫോർമുല കൈമാറും. പ്രോമിസ്!”
“നോ!” അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി. “ഇനി കാത്തിരിക്കുന്ന പ്രശ്നമുദിക്കുന്നില്ല ഡോക്ടർ. പ്രത്യേകിച്ച് ഈ കൊടും കാട്ടിനുള്ളിലിരുന്ന് നിങ്ങൾ പരീക്ഷണം തുടരുമെന്ന് പറയുന്നത് തികച്ചും വിഡ്ഢിത്തമാണ്. ഞാൻ നാളെ തിരിച്ചു പോകുന്നു. ചൈനയിൽ, ഷെയ്യാങ്ങ് എന്നൊരിടത്ത് സകല സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. നാളെ എന്റെ കൂടെ ആ കോപ്റ്ററിൽ താങ്കളുമുണ്ടാകണം.”
“ഓ... അത് ബുദ്ധിമുട്ടാകും മി. യിങ്ങ്. ഫോർമുല കമ്പ്ലീറ്റ് ആയിക്കഴിയുമ്പോൾ ഞാൻ...”
“അനുവാദം ചോദിച്ചതല്ല ഞാൻ. നിങ്ങളുമായിട്ടേ ഞാൻ മടങ്ങുന്നുള്ളൂ.”
“നോ വേ! സോറി. എനിക്ക് വർക്ക് ചെയ്യാൻ കംഫർട്ടബിളായ ഒരു സ്ഥലം വേണം. ഒരിക്കലും ചൈനയിൽ എനിക്ക്…“
”ഡോക്ടർ!“ അയാൾ പല്ലിറുമ്മുന്ന സ്വരം വ്യക്തമായി കേൾക്കാമായിരുന്നു. ”താങ്കൾക്ക് എന്നോട് നോ എന്നൊരു വാക്ക് ഉച്ചരിക്കാൻ പോലുമുള്ള അവകാശമില്ല. മനസ്സിലായോ ? ഒരു വർഷത്തോളമായി ഈ പരിപാടി തുടങ്ങിയിട്ട്. മറ്റേതെങ്കിലും ഏജൻസിക്കു മറിച്ചു വില്ക്കാനാണ് ശ്രമമെങ്കിൽ... ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം. ഈ വിവരം വെളിയിലായാൽ, ഇരു ചെവിയറിയാതെ നിങ്ങളെ നിങ്ങടെ ഗവണ്മെന്റ് ഇല്ലാതാക്കിക്കളയും. എന്റെ കൂടെ നിങ്ങൾ സുരക്ഷിതനായിരിക്കും എന്നു മാത്രമല്ല... നിങ്ങൾക്ക് ആവശ്യത്തിന് ടെസ്റ്റ് സബ്ജെക്റ്റ്സിനെ ഞങ്ങൾ തരും. എത്ര പേരെ വേണമെന്നു പറഞ്ഞാൽ മതി. ചൈനയിൽ യുദ്ധത്തടവുകാർക്ക് ഇവിടെയുള്ളതു പോലെയുള്ള ഹ്യൂമൻ റൈറ്റ്സ് ഒന്നുമില്ല. നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. എന്തു വിഷം വേണമെങ്കിലും കുത്തിവെക്കാം. ആരും ചോദിക്കാൻ വരില്ല.“
”സോറി മി. യിങ്ങ്...“ ഡോക്ടർ പരവശനായിരുന്നു. ”എന്നെ നിർബന്ധിക്കരുത്. ഇവിടെയാണ് ഞാൻ ഈ പരീക്ഷണം ആരംഭിച്ചത്. ഇവിടെ തന്നെ എനിക്കിത് പൂർത്തീകരിക്കണം. എന്നെ ചവിട്ടിപ്പുറത്താക്കിയ ഇൻഡ്യൻ ആർമ്മിക്കു മുൻപിൽ എനിക്കിത് തെളിയിച്ച് കാണിക്കണം. ഫോർമുല നിങ്ങൾക്കുള്ളതാണ്. അതിൽ സംശയിക്കുകയേ വേണ്ട. ഞാൻ പണത്തിനു വേണ്ടിയല്ല ഇത് ചെയ്യുന്നത്. അറിയാമല്ലോ. സോ, മറ്റൊരു ഏജൻസിക്ക് വില്ക്കുന്ന പ്രശ്നമുദിക്കുന്നില്ല.“
ഐഗ്വോ ചിന്തയിലാണ്ടു.
സംഭാഷണമെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഗ്ലാസ്സിനപ്പുറം ഡോ.ശങ്കർ നില്ക്കുന്നത് കാണാമായിരുന്നു. അയാൾക്ക് ചൈനക്കാരനെ തീരെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മുഖഭാവം കണ്ടാൽ തിരിച്ചറിയാം.
“സോ... ” ഒടുവിൽ ഐഗ്വോ തലയുയർത്തി. “ താങ്കൾ ഇവിടെ പരീക്ഷണം തുടരുകയാണെങ്കിൽ... ഇതെങ്ങനെ ടെസ്റ്റ് ചെയ്യും ? ആരെങ്കിലുമുണ്ടോ ? എല്ലാവരും തീർന്നില്ലേ ആ എക്സ്പ്ലോഷനിൽ.”
“വീ ആർ ലക്കി മിസ്റ്റർ യിങ്ങ്!” ഡോക്ടറുടെ മുഖത്ത് ഒരു ചെറിയ ചിരി വിടർന്നു. “അധികം താമസിയാതെ രണ്ട് ‘RAW’ ഏജന്റ്സിനെ ഇവിടെയെത്തിക്കും. പെർഫക്റ്റ് കാൻഡിഡേറ്റ്സ്! കമാൻഡോ ട്രെയ്നിങ്ങ് കഴിഞ്ഞ രണ്ട് ചെറുപ്പക്കാർ. അതിലൊന്ന് ഒരു പെൺകുട്ടിയാണ്. നമ്മുടെ ആദ്യത്തെ ഫീമെയ്ൽ സബ്ജക്റ്റ്!”
“RAW ?? ” ഐഗ്വോയുടെ സ്വരത്തിൽ നടുക്കം വ്യക്തമായിരുന്നു. “RAW ഏജൻസിനെന്താ ഇവിടെ കാര്യം ? Please don’t tell me they are investigating this!”
“സീ, ഞാൻ പറഞ്ഞല്ലോ. മാക്സിമം രണ്ടാഴ്ച്ച. അതിനുള്ളിൽ നമ്മൾ എല്ലാം തീർത്ത് രാജ്യം വിടുകയല്ലേ ? RAW അല്ല CIA വിചാരിച്ചാലും പിന്നെ നമ്മളെ കിട്ടില്ലല്ലോ.”
“സുഹൃത്തേ! അവരെ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുത്. ഞാനും ഒരു **MSS ഏജന്റാണ്. ഇറങ്ങിത്തിരിച്ചാൽ പിന്നെ അത് തീർത്തിട്ടേ അവർ മടങ്ങൂ. Dangerous and Deadly!”
**Ministry of State Security (MSS) ചൈനീസ് ഇന്റലിജൻസ് ഏജൻസിയാണ്. ബെയ്ജിങ്ങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവരാണ് കൗണ്ടർ ഇന്റലിജൻസ്, ഫോറിൻ ഇന്റലിജൻസ്, രാഷ്ട്രീയ സുരക്ഷിതത്ത്വം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
“വെൽ, എന്റെ മുൻപിൽ വന്നു പെട്ടാൽ, ആദ്യത്തെ ഇഞ്ചെക്ഷനിൽ തന്നെ അവർ മര്യാദക്കാരായിക്കോളും.” ഡോക്ടർ പൊട്ടിച്ചിരിച്ചു.
ഐഗ്വോ മുൻപോട്ടാഞ്ഞ് ഡോക്ടറുടെ കഴുത്തിലെ മാലയുടെ അഗ്രം പരിശോധിച്ചു. അറ്റത്തു കോർത്തിട്ടിരിക്കുന്ന തടിച്ച ലോക്കറ്റിനുള്ളിൽ ഒരു സയനേഡ് ടാബ്ലറ്റ് ഉണ്ടെന്നയാൾ ഉറപ്പു വരുത്തി.
“പിടിക്കപ്പെടുമെന്നു തോന്നിയാൽ...അറിയാമല്ലോ ? ഒരു ചെറിയ തീപ്പൊരി മതി നമ്മുടെ രണ്ടുപേരുടേയും രാജ്യങ്ങൾ കത്തിയെരിയാൻ!”
ഡോക്ടർ പതിയെ ബെഡിലേക്കു തന്നെ ചാഞ്ഞു.
“ഓക്കേ! ഞാൻ തല്ക്കാലം പോകുന്നു. പക്ഷേ ഇനി ഈ എക്സ്പെരിമെന്റ് തീരുന്നതു വരെ ഞാൻ ഇവിടെ തന്നെയുണ്ടാകും. ഗെറ്റ് വെൽ സൂൺ ഡോക്ടർ !”
ആ മനുഷ്യൻ തിരിച്ചു നടന്നപ്പോൾ ഡോക്ടർ രഘുചന്ദ്ര ശ്രദ്ധിച്ചു. ആരോഗ്യവാനാണയാൾ. സദാ സമയവും ഒരു ഏറ്റുമുട്ടലിനു തയ്യാറായിട്ടെന്നവണ്ണം മുഷ്ടി ചുരുട്ടിപ്പിടിച്ചാണ് നടപ്പ്. ഒരു MSS ഏജന്റ് എല്ലാ വിധ ആയോധനകലകളിലും പ്രാവീണ്യം നേടിയിട്ടുണ്ടാകുമെന്നുറപ്പ്.
പുറത്തിറങ്ങിയതും ഐഗ്വോ, ഡോ. ശങ്കറുമായി സംസാരിച്ചു .
“എനിക്ക് ഈ RAW ഏജൻസിനെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും വേണം.”
“സോറി. ക്ലാസ്സിഫൈഡ് ഇൻഫർമേഷനാണ്.” ശങ്കർ സഹകരിക്കാൻ തയ്യാറായിരുന്നില്ല.
“മിസ്റ്റർ ഷങ്കർ!” ഐഗ്വോയുടെ കനത്ത കൈത്തലം അയാളുടെ തോളിലമർന്നു. “ഈ വിഷയത്തിൽ എനിക്കുള്ള എക്സ്പീരിയൻസ് ഇവിടെ വേറെ ആർക്കും കാണില്ല. Let me tell you! അത്ര എളുപ്പത്തിൽ ഇവരെ പിടികൂടി ഇവിടെ എത്തിക്കാൻ പറ്റുമെന്ന് ചിന്തിക്കരുത്. വളരെ അപകടകാരികളായിരിക്കും അവർ. ഞാൻ സഹായിക്കാം.”
മറുപടി ചുണ്ടു കോട്ടിയുള്ള ഒരു ചിരിയായിരുന്നു.
“വെറുതേ എന്നെ പിണക്കാൻ നോക്കണ്ട ഷങ്കർ!” അയാൾ കൈ പിൻവലിച്ചില്ല.
“ഈ ഫെസിലിറ്റി എന്റെ നിയന്ത്രണത്തിലാണ് മിസ്റ്റർ യിങ്ങ്! ഇവിടത്തെ കുടിക്കുന്ന വെള്ളം മുതൽ നീ ഇപ്പൊ ഈ ശ്വസിച്ചു കൊണ്ടിരിക്കുന്ന വായു വരെ.” ഡോ. ശങ്കർ, തന്റെ ലാബ് കോട്ടിന്റെ പോക്കറ്റിൽ നിന്നും ഏതാനും ടെസ്റ്റ്റ്റ്യൂബുകൾ പുറത്തെടുത്തു. “നീ ഇതൊക്കെ ഒന്നു കണ്ടിരിക്കുന്നത് നല്ലതാണ്. ഇവിടെ വന്ന് എന്നെ ഭീഷണിപ്പെടുത്തി ജീവനോടെ പുറത്തു പോകാമെന്നാണു നീ കരുതുന്നതെങ്കിൽ... ഡോ. രഘുചന്ദ്ര മാത്രമല്ല ഇവിടത്തെ സയന്റിസ്റ്റ്! നീ നാളെ കുടിക്കുന്ന ഒരു ഗ്ലാസ്സ് വെള്ളം... ഞാൻ ഇതിൽ നിന്നും ഒരു തുള്ളി കലർത്തി തന്നാൽ, പിന്നെ മരിക്കാൻ നീ കൊതിക്കും. ഓർത്തോളൂ!” ഡോ. ശങ്കർ ആ കൈ തട്ടി മാറ്റി തിരിഞ്ഞു നടന്നു.
***************************************************
The Container Truck!! After 10 minutes.
***************************************************
“സോ, നതാലിയ! നമുക്ക് ആദ്യം തന്നെ വിശദമായി ഒന്നു പരിചയപ്പെടാം. സീക്രട്ട് ഏജന്റ് ഒന്നുമല്ലാത്തതുകൊണ്ട് എനിക്ക് കോഡ് നെയിം ഒന്നും ആവശ്യമില്ല.” അയാൾ പുഞ്ചിരിച്ചു. “എന്റെ പേര് ‘റോബി!’ ദാ അവൻ ‘ബോബി!’ ” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി.
നതാലിയ മടിക്കാതെ ആ കൈ പിടിച്ചു കുലുക്കി.
“നതാലിയക്ക് ഈ എക്സ്പെരിമെന്റിനെപ്പറ്റി എന്തൊക്കെ അറിയാം ?”
അവൾ പുഞ്ചിരിച്ചു. “ഞാൻ എന്തു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കാൻ പോകുന്നില്ലല്ലോ. പിന്നെന്തിനാണ് ഈ ചോദ്യം ചെയ്യൽ ?”
“കാരണം, ഞങ്ങൾക്കുമറിയില്ല എന്താണീ സംഭവമെന്ന്.” അയാൾ പൊട്ടിച്ചിരിച്ചു. “നിനക്കറിയാമോ ഇന്ന് നിന്നെ ഡീൽ ചെയ്തതിനു ശേഷം, ഡെൽഹിയിലേക്കു ചെന്ന് RAW യുടെ ഡയറക്ടറെ കൊല്ലാനാണ് അടുത്ത ഓർഡർ! ബുദ്ധിയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ അത് ? സെണ്ട്രൽ ഇന്റലിജൻസിന്റെ തലപ്പത്തിരിക്കുന്നവരെ തൊട്ടാൽ, അതോടെ തീരില്ലേ എല്ലാം ? പക്ഷേ ഡോക്ടർ പറയുന്നത് ഇതെല്ലാം ഒരു വലിയ നേട്ടത്തിനു വേണ്ടി കൊടുക്കേണ്ടി വരുന്ന ചെറിയ വിലയാണെന്നാണ്.”
“യൂ മീൻ, ഡോ. രഘുചന്ദ്ര ?”
“യെസ്! അയാൾ തന്നെ. സോ, ടെൽ മി. നിനക്കെന്തൊക്കെ അറിയാം ?”
നതാലിയ മൗനം പാലിച്ചു.
“സുഹൃത്തേ. നമുക്കു രണ്ടു പേർക്കുമറിയാം, നിനക്കിനി ഇവിടെ നിന്നൊരു രക്ഷയില്ലെന്ന്. ഞങ്ങളും നിന്നെപ്പോലെ തന്നെ ട്രെയിൻഡ് പ്രൊഫഷണൽസ് ആണ്. നീ സഹകരിക്കുന്നില്ലെങ്കിൽ, കൊന്നു തള്ളിയേക്കാനാണ് പറഞ്ഞിരിക്കുന്നത്. സോ, എന്തിനു വെറുതേ ഒരു മൽസരം ?”
“സോറി മിസ്റ്റർ റോബി. എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളെ സഹായിച്ചേനേ. സത്യമാണ് ഞാൻ പറയുന്നത്.” അവൾ ഇടങ്കണ്ണിട്ട് മറ്റവനെ ശ്രദ്ധിച്ചു. നതാലിയായുടെ ശരീരത്തിലെ ഓരോ ഇഞ്ചും സ്കാൻ ചെയ്തു നീങ്ങുകയാണവന്റെ കണ്ണുകൾ.
“ഓക്കേ! അതു വിട്ടേക്കൂ. ഞാൻ ആദ്യം ചോദിച്ച ചോദ്യം ഓർക്കുന്നുണ്ടോ ? താങ്കളുടെ കൂടെയുണ്ടായിരുന്ന മറ്റേ ഏജന്റെവിടെ ?” ശുദ്ധമായ ഇംഗ്ലീഷിലാണ് സംസാരം. അഭ്യസ്തവിദ്യനാണെന്ന് വ്യക്തം.
“എന്റെ കൂടെ ആരുമില്ല സുഹൃത്തേ. സോളോ മിഷനാണ്.” അവളുടെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല.
“നോ... നോ... നതാലിയ. നിന്റെ കൂടെ എയർപോർട്ടിൽ നിന്നും മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു. ശ്രദ്ധ തിരിക്കാനായിട്ട് അയാൾ ആദ്യം ഒരു ലിമോസിനിൽ കയറി പിന്നീട് കാർ പാർക്കിങ്ങിൽ, സെക്യൂരിറ്റി ക്യാമറയിൽ പെടാത്ത ഒരിടത്തു വെച്ച് നിന്റെ കാറിൽ കയറി. എല്ലാ ഡീറ്റയിൽസും ഞങ്ങൾക്കറിയാം കുട്ടീ.”
നതാലിയ ചുണ്ടു കടിച്ചു പിടിച്ചു നില്ക്കുകയാണ്.
‘ആക്സിഡന്റൽ സ്പൈ’ എന്നൊരു ബുക്ക് വായിച്ചതവൾക്കോർമ്മ വന്നു. ഒരു പാവം പിസ്സാ ഡെലിവറി ബോയ് ഒരു സുപ്രഭാതത്തിൽ ഒരു ഇന്റർനാഷണൽ സ്പൈ ആയി മാറിയ കഥയാണത്. അവളുടെ മുഖത്ത് ഒരു ചിരി പരന്നു. പക്ഷേ പ്രവീണിന്റെ സുരക്ഷയോർത്ത് ഉള്ളിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു.
“നതാലിയ... ” റോബി മുൻപോട്ടു വന്നു. “നിന്നെ നോവിക്കാതെ തന്നെ സത്യമെല്ലാം പറയിപ്പിക്കാൻ എനിക്കാവും. വെറുതേ എന്നെക്കൊണ്ടത് ചെയ്യിപ്പിക്കരുത്.“
”ഞാൻ എന്തൊക്കെ പറഞ്ഞാലും, നിങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. സോ, എന്തിനു വെറുതേ ഇങ്ങനെ ഒരു എക്സർസൈസ്. ആ മനുഷ്യൻ ഒരു വെറും സുഹൃത്തു മാത്രമാണ്. പ്ലെയിനിൽ വെച്ചു ഞാൻ പരിചയപ്പെട്ട ഒരു പാവം ഫാഷൻ ഡിസൈനർ. യൂ കാൻ ഗൂഗിൾ ഹിം. പ്രവീൺ സത്യ വളരെ അറിയപ്പെടുന്ന ഒരു ബ്രാൻഡാണ്.“
”ഒരു ഏജന്റ്, ഇങ്ങനെ അശ്രദ്ധമായി വഴിയിൽ പരിചയപ്പെട്ട ഒരാളുമായി ട്രാവൽ ചെയ്യുക എന്നു പറയുന്നത് എന്തോ...എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല.“
അപ്പോൾ പോക്കറ്റിൽ ‘റോബി’ യുടെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു.
”ഹലോ!“
”.................“
”നൈസ്! അവനെ പൊക്കി ഞങ്ങളെ ഏല്പ്പിക്കണം. ഈ വലിയ ട്രക്കുമായി ആ ഹോട്ടലിലേക്ക് കയറിച്ചെല്ലാനാകില്ല.“
”.................“
”ഓക്കേ! പിന്നെ, അവൻ ഏജന്റൊന്നുമല്ല ഒരു ഫാഷൻ ഡിസൈനർ ആണെന്നാണ് ഇവൾ പറയുന്നത്. കേട്ടിട്ട് സത്യമാകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ വെറുതേ റിസ്കെടുക്കണോ ?“
”.................“
”ശരി. നിങ്ങളുടെ ഇഷ്ടം. ഞാൻ ഇവളെ ‘വേണ്ട വിധത്തിൽ’ഒന്നുകൂടി ചോദ്യം ചെയ്യട്ടെ.! പിന്നെ, എവിടെ നിന്നാണ് എയർ ലിഫ്റ്റിങ്ങ് ? ഈ ഭീമൻ ട്രക്കുമായി അധിക ദൂരം ട്രാഫിക്കിൽ വരാനൊക്കില്ല. “
”.................“
”ഓക്കേ!“ അയാൾ ഫോൺ കട്ട് ചെയ്തു.
”നതാലിയ കള്ളം പറയുകയാണെന്നാണ് എന്റെ ബോസ് കരുതുന്നത്. എന്തു ചെയ്യും ?“
അവളുടെ മനസ്സിലാകെ പ്രവീണിന്റെ നിഷ്കളങ്ക മുഖമായിരുന്നു. ഏതു നിമിഷവും തന്നെ തേടിയെത്തിയേക്കാവുന്ന അപകടമറിയാതെ ആ പാവം ഇപ്പോൾ...
”ഈ നാടകമൊക്കെ ഒന്നു നിർത്തുമോ ?“ മറ്റേയാൾ - ‘ബോബി’ മുൻപോട്ടു വന്നു. ”ഒരു ഷോട്ട് കൊടുക്കൂ. എന്നിട്ടു വേണം എനിക്കിവളെ ഒന്നു ...“ അവൻ നതാലിയായുടെ മാറിലേക്ക് കൈകൾ രണ്ടും നീട്ടിപ്പിടിച്ച് മുൻപോട്ടാഞ്ഞു. നതാലിയ അനങ്ങിയില്ല. പുഞ്ചിരി മായാത്ത മുഖവുമായി അവളവനെ സാകൂതം നോക്കി നില്ക്കുകയാണ്.
”അവൻ പറയുന്നതിലും കാര്യമുണ്ട് നതാലിയ.“ റോബി ഒരു ഡ്രോവർ തുറന്ന് ഏതാനും ഡിസ്പോസിബിൾ സിറിഞ്ചുകളും ഒരു ചെറിയ അക്രലിക്ക് ബോട്ടിലും എടുത്ത് കൗണ്ടറിനു മുകളിലേക്കു വെച്ചു. ബോട്ടിലിനുള്ളിൽ വയലറ്റ് നിറത്തിലുള്ള എതോ ദ്രവകമായിരുന്നു.
”ഇതിൽ നിന്നും ഒരു ‘ഷോട്ട്’ നിനക്കു തന്നാൽ പല പ്രശ്നങ്ങളും സോൾവാകും. എനിക്കറിയേണ്ട എല്ലാ വിവരങ്ങളും നീ തരും. പിന്നെ സമയമുണ്ടെങ്കിൽ അവന്...“ അയാൾ ബോബിയെ നോക്കി നാക്കു കടിച്ച് ഒരു കള്ളച്ചിരി ചിരിച്ചു. ”24 മണിക്കൂറും അവന് ഇതു തന്നെയാണ് ചിന്ത. കേട്ടിടത്തോളം അവൻ വളരെ എക്സ്പെർട്ടുമാണ്. നീ ഒരു പക്ഷേ നന്നായി എഞ്ചോയ് ചെയ്തേക്കാം.“
നതാലിയ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.
എല്ലാം വളരെ ഭംഗിയായി മുൻപോട്ട് പോകുകയായിരുന്നു. ഈ മണ്ടന്മാർ കുറച്ചു കൂടി വിവേകത്തോടെ പെരുമാറിയിരുന്നെങ്കിൽ, യാതൊരു പ്രശ്നവുമുണ്ടാക്കാതെ താൻ ഇവരോടൊപ്പം പോയേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം. അവളിൽ നിന്നും ഒരു ദീർഘശ്വാസമുതിർന്നു.
കണ്ണു തുറന്ന അവൾ റോബിയെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“എന്താണ് ആ ബോട്ടിലിൽ ?”
“അഹാ! നല്ല ചോദ്യം.” അയാൾ ആ ബോട്ടിൽ മുകളിലേക്കുയർത്തി ഒന്നു കുലുക്കി. “ഇതാണ് ‘സ്കോപ്പലമീൻ. കെമിക്കലി പെർഫക്റ്റഡ് സ്കോപ്പലമീൻ’. കൊളംബിയനാണ്. നമ്മുടെ ഡോക്ടർ ഉണ്ടാക്കിയതാ. ഒരു ഷോട്ട് തന്നാൽ, പിന്നെ നീ ഒരു ‘സോംബി’യായി മാറും. ഫ്രീ വിൽ നഷ്ടപ്പെടും. ഞങ്ങൾ ചോദിക്കുന്നതിനെല്ലാം കിറു കൃത്യമായി മറുപടി തരും. ഞങ്ങൾ എന്താവശ്യപ്പെട്ടാലും അതു ചെയ്യും.”
“ഉദാഹരണത്തിന്, ഈ ഉടുപ്പെല്ലാം ഊരിക്കളഞ്ഞ് ബെഡിൽ മലർന്നു കിടക്കാൻ ഞാൻ പറഞ്ഞാൽ നീ കിടന്നു തരും.” ബോബിയാണത് പറഞ്ഞത്. അവന്റെ മുഖത്ത് ഒരു വൃത്തികെട്ട ചിരിയുണ്ടായിരുന്നു.
നതാലിയ തിരിഞ്ഞ് അവനെ ഒന്നു കൂടി നോക്കി. അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ അവന്റെ അവസ്ഥ എന്തായിരിക്കും...
“സോ, ലെറ്റ്സ് ഡു ദിസ്!” റോബി ഒരു സിറിഞ്ചിന്റെ പാക്കറ്റ് തുറന്നു.
ബോബി അപ്പോഴേക്കും അവൾക്കു പുറകിലെത്തിക്കഴിഞ്ഞിരുന്നു. തോക്കിൻ കുഴൽ അവളുടെ കഴുത്തിനു പുറകിൽ തൊട്ടു.
തന്നോട് ചേർന്നു നിന്ന അവന്റെ തോക്ക് മാത്രമല്ല, ശരീരം മുഴുവൻ തന്റെ മേലേക്ക് അമർത്തിയാണവന്റെ നില്പ്പ്.
“ഇനി നീ ഈ ‘തോക്ക്’ ആരുടെ നേരെയും ചൂണ്ടില്ല ബോബി!” അവൾ പതിയെ മന്ത്രിച്ചു.
“എന്താ... എന്തെങ്കിലും പറഞ്ഞോ ?” അവന്റെ നിശ്വാസം നതാലിയായുടെ കവിളിൽ തട്ടി.
അടുത്ത നിമിഷം.
ഒന്നു കണ്ണടച്ചു തുറന്നതാണയാൾ. പിന്നെ കാണുന്നത് തനിക്കഭിമുഖമായി നില്ക്കുന്ന നതാലിയായുടെ മുഖമാണ്.
അമ്പരന്നു പോയ അവൻ അലറിക്കൊണ്ട് തോക്കിന്റെ സേഫ്റ്റി ലോക്ക് വിടുവിക്കാൻ ശ്രമിച്ചതും, ആദ്യത്തെ പ്രഹരം കിട്ടി.
തന്റെ കാലുകൾക്കിടയിൽ ഒരു സ്ഫോടനം നടന്നതു പോലെ തോന്നി അവന്! വലതു കാൽ മുട്ട് പിൻവലിക്കുന്നതിനു മുൻപു തന്നെ നതാലിയ ഇരു കൈകളും വീശി അവന്റെ തലയ്ക്കിരു വശവും ആഞ്ഞൊരടി കൂടി കൊടുത്തു.
നിമിഷങ്ങൾക്കുള്ളിൽ ബോബിയുടെ കൃഷ്ണമണികൾ കണ്ണിന്റെ ഒരു കോണിലേക്ക് താഴ്ന്നിറങ്ങി. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടിരിക്കുന്നു.
“Give me that gun!” നതാലിയ കൈ നീട്ടി മന്ത്രിച്ചു.
“What the fuck did you do to me ?” അയാളുടെ സംസാരം കുഴഞ്ഞു പോയി.
താഴേക്ക് ചെരിഞ്ഞു വീഴാനാഞ്ഞ അവന്റെ മുടിക്കുത്തിൽ പിടിച്ചുയർത്തി തന്റെ അരക്കെട്ടിനോട് ചേർത്ത് മലർത്തിപ്പിടിച്ച അവൾ കൈമുട്ട് മുകളിലേക്കുയർത്തി. പിന്നെ, തുടരെ തുടരെ ആ കൈമുട്ട് ഉയർന്നു താണു. ഓരോ തവണയും അതുയർന്നപ്പോൾ രക്തം ചിതറിത്തെറിക്കുന്നുണ്ടായിരുന്നു.
ഒരു ഞരക്കം പോലും അവശേഷിപ്പിക്കാതെ ബോബി തറയിൽ വീണു. താഴെ കണ്ടെയ്നറിന്റെ ഫ്ളോറിൽ അവന്റെ തല ചെന്നിടിച്ച ശബ്ദം കേട്ടു.
ഇത്രയും കാര്യങ്ങൾ ഏതാണ്ട് 5 സെക്കൻഡുകൾക്കുള്ളിൽ തീർത്ത അവൾ തിരിഞ്ഞ് റോബിയെ നോക്കി.
വിറങ്ങലിച്ചു നില്ക്കുകയാണയാൾ.
“ഒരു കാര്യം ചോദിക്കട്ടെ റോബി...ശരിക്കും വെറുമൊരു G32 പിസ്റ്റൾ കൊണ്ട് എന്നെ കീഴ്പ്പെടുത്താമെന്ന് നിങ്ങൾ കരുതിയിരുന്നോ ?” നതാലിയായുടെ ചോദ്യം ആത്മാർത്ഥമായിരുന്നു.
റോബിയുടെ മുഖത്തെ സൗഹൃദ ഭാവം നഷ്ടമായിരുന്നു.
നതാലിയ കുനിഞ്ഞ് ബോബിയുടെ കയ്യിൽ നിന്നും ആ തോക്ക് വിടുവിച്ചെടുത്തു.
“പറയൂ റോബി...” അവൾ പുഞ്ചിരിച്ചുകൊണ്ട് അവനരികിലേക്ക് ചുവടു വെച്ചു.
അവന്റെ കൈ പുറകിലെ ഡ്രോവർ തിരയുന്നതവൾക്ക് കാണാമായിരുന്നു. അതിനുള്ളിൽ തന്റെ തോക്കുണ്ട്. നതാലിയ അരുതെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.
നിറച്ച സിറിഞ്ച് അയാളുടെ കയ്യിലിരുന്ന് വിറച്ചു.
“ഐ ലൈക്ക് യൂ മാൻ! നീ മറ്റവനെപ്പോലെയല്ല. യൂ ആർ എ പ്രൊഫഷണൽ. പക്ഷേ ഞാനൊരു പെൺകുട്ടിയായതു കൊണ്ട് നീയെന്നെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. അതാണു നിനക്കു പറ്റിയത്.”
അയാളുടെ ഓരോ അനക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചാണ് അവളുടെ നില്പ്പ്. അവിചാരിതമായൊരു നീക്കമാണവന്റെ ലക്ഷ്യമെങ്കിൽ, ഒരു ബുള്ളറ്റ് കൊണ്ട് എല്ലാം തീർക്കേണ്ടിവരും. അതൊഴിവാക്കാനാണവളുടെ ശ്രമം.
“സോ... ‘സ്കോപ്പലമീൻ’ അല്ലേ ?” അവൾ ആ സിറിഞ്ചിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “ഞാൻ ഇനി എന്താ ചോദിക്കാൻ പോകുന്നതെന്നറിയാമല്ലോ ?”
“Sorry! I cannot!!” അയാൾ പിന്നോട്ട് നടന്നു തുടങ്ങി. “ഞാൻ ഓൾറെഡി ഇതിന്റെ ഒരു ഡോസിലാണ് ഇപ്പൊ നില്ക്കുന്നത്. ഓവർഡോസായാൽ ഇത് ലീതലാണ്. മരിച്ചു പോകും ഞാൻ.”
“അതുറപ്പല്ലേ! കൃത്യമായി ആയുസ്സെത്തി മരിക്കാനായിരുന്നെങ്കിൽ നിങ്ങൾ ഈ പണിക്കിറങ്ങില്ലായിരുന്നല്ലോ. Please don’t make me shoot you!“
അവൻ സിറിഞ്ച് അവൾക്കു നേരേ നീട്ടി. “You can inject me!”
നതാലിയ അനങ്ങിയില്ല. അവളുടെ മുഖത്ത് നേരിയ അക്ഷമ നിഴലിച്ചു തുടങ്ങിയിരുന്നു.
അവൾ പിൻതിരിയാൻ ഉദ്ദേശമില്ലെന്നു മനസ്സിലായതും അയാൾ ആ സിറിഞ്ച് തന്റെ കൈത്തണ്ടയിൽ പതിയെ കുത്തിയിറക്കി.
“I am going to die Agent Natalia!” അയാളുടെ ശബ്ദം പതറി.
പെട്ടെന്നാണ്, മൃതപ്രായനായി താഴെ കിടന്നിരുന്ന ബോബി പതിയെ ഞരങ്ങാനും മൂളാനും തുടങ്ങിയത്.
ഒരൊറ്റ നിമിഷം!
നതാലിയ നിന്ന നില്പ്പിൽ തന്നെ തോക്ക് പുറകോട്ട് ചൂണ്ടി കാഞ്ചി വലിച്ചു! മുഖമൊന്ന് തിരിക്കുക പോലും ചെയ്യാതെ.
വെടി പൊട്ടിയ ശബ്ദം കേട്ടതും, നടുങ്ങിപ്പോയ റോബി സിറിഞ്ചിലെ മരുന്ന് മുഴുവനും തന്റെ കൈത്തണ്ടയിലേക്ക് ഇഞ്ചക്റ്റ് ചെയ്തു.
നതാലിയ ഒന്നു തല വെട്ടിച്ചു നോക്കി. ബോബിയുടെ കഴുത്തിലാണ് വെടിയേറ്റത്. ഇപ്പോൾ അനക്കമില്ല.
“എത്ര സമയമെടുക്കും മരുന്ന് പ്രവർത്തിച്ചു തുടങ്ങാൻ ?” തിരിഞ്ഞ് റോബിയെ നോക്കിയ നതാലിയായുടെ ഭാവമാകെ മാറിയിരുന്നു. ആദ്യമായിട്ടാണ് അവളുടെ മുഖത്ത് ഇത്ര ഗൗരവം റോബി കാണുന്നത്. സാധാരണ എത്ര ഭീകരമായ അന്തരീക്ഷമായിരുന്നാലും ഒരു പുഞ്ചിരിയില്ലാതെ നതാലിയായെ കാണാനാകില്ല.
അയാൾ വിരലുകൾ ഉയർത്തി ‘രണ്ട്’ എന്നാംഗ്യം കാണിച്ചു.
“ഓക്കേ! ആ ഡ്രൈവറെ വിളിച്ച് വണ്ടി നിർത്താൻ പറയൂ. നമുക്കിനി ബാക്കി യാത്ര എന്റെ കാറിലാകാം. എന്താ ?”
(TBC…)
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot