Slider

പൂമരത്തിന്‍റെ ദുഃഖം

0
Image may contain: 1 person, beard and closeup
വിടപറയുന്നുവോ, പൂമരക്കൂട്ടില്‍നിന്നും?
പറന്നകലുന്നുവോ, തളിർച്ചില്ലയിൽനിന്നും?
നിന്നുള്ളം മുറിയുന്നതറിയുന്നു ഞാന്‍
ഹൃദയം പിടയുന്നതറിയുന്നെന്നുള്ളവും.
നാളെയീ കൂട്ടിലൊരു പുതു കിളിയെത്തിടും
നിന്‍റെ പാട്ടുകളെന്നിലോർമ്മകളായിടും.
എനിക്കായ് ചെയ്തുതീര്‍ത്ത ത്യാഗങ്ങളും
കരുതലായ്ത്തന്ന സ്നേഹലാളനയും
സ്മാരകശിലകളായ് നില്ക്കട്ടെയെന്നും.
വേരുകളിറങ്ങാ,തിടറിനിന്നപ്പോള്‍
ഒരു ജനുവരിക്കുളിരിൽ പറന്നെത്തി,
ഇലയില്ലാ ചില്ലയില്‍ കൊക്കുരുമ്മി,
ഗണിതച്ചുള്ളിയാൽ കൂടൊന്നു തീർത്ത്,
മുരടിച്ചുനില്ക്കുമെന്നില്‍ വിത്തെറിഞ്ഞ്
വിയർപ്പിന്‍റെയുപ്പിൽ നീ കിതച്ചപ്പോൾ,
കബനീതീരത്തെ ചെറുമരച്ചോടുകൾ
തളിരിട്ടു, താരിട്ടു, തലയുയർത്തി.
കാലഗതിയിലീ പൂമരച്ചില്ലയിൽ
കിളികളനേകമിനിയും പറന്നുവരും
വന്നവർ, പോയവർ, വീണ്ടും വരുന്നവർ
വിരുന്നുകാരായും പലരും വന്നണയും.
ഋതുമാറ്റത്തില്‍ കൊഴിയാത്തൊരു പൂവായ്
നിന്നോര്‍മ്മകള്‍ വിരിഞ്ഞുനില്ക്കും.
കാലമെഴുതിയ സുന്ദരകാവ്യമായ്
നിന്‍റെ പേരുകളിലെയക്ഷരങ്ങളോ-
രോന്നുമെന്‍ വര്‍ഷവലയങ്ങള്‍ക്കൊപ്പം
ഇഴപിരിയാതെ ചേര്‍ത്തുവയ്ക്കും.
ബെന്നി.ടി .ജെ
ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ച, എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനു വേണ്ടി എഴുതിയത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo