നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 14അവൾ തിരിഞ്ഞു നോക്കിയതും മുറിയുടെ വാതിൽ അടച്ചു കുറ്റി ഇടുന്നു ദത്തൻ!
"നിങ്ങളെന്താ ഈ  കാണിക്കുന്നത്?എനിക്ക് പോകണം.വാതിൽ തുറക്ക് " മാളു ഒച്ചവെച്ചു.
ദത്തൻ അവളെ തന്നെ നോക്കി വാതിലിന്  കുറുകെ നിന്നു .
"എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി"അവനും വിട്ടുകൊടുത്തില്ല.
"നിങ്ങൾക്ക് പറയാനുള്ളതെല്ലാം അന്ന് മണ്ഡപത്തിൽ വെച്ച് പറഞ്ഞായിരുന്നല്ലോ.അതിൽ കൂടുതൽ എന്താണ് പറയാനുള്ളത് ?" മാളു അവനെ പുച്ഛത്തോടെ നോക്കി.
ദത്തൻ അവളുടെ അടുത്തേക്ക് ചെന്നു .അവന്റെ വരവ് കണ്ട് മാളു പേടിച്ച് പിന്നിലേക്ക് നടന്ന് ഭിത്തിയിൽ തട്ടി നിന്നു .
അവളുടെ മുഖത്ത്  തലോടാൻ ദത്തൻ  കൈ ഉയർത്തി.
"തൊട്ടുപോകരുതെന്നേ!" മാളു  ചീറ്റപ്പുലിയെ പോലെ അലറി .
"വേറൊരുത്തന്റെ ഉച്ഛിഷ്ടമാ .തൊട്ടാൽ നിങ്ങളുടെ കൈ നാറും "അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അത് വക വെയ്ക്കാതെ ദത്തൻ  മാളുവിന്റെ  മുഖം അവന്റെ കൈക്കുമ്പിളിലാക്കി .അവൾ അവന്റെ കൈകൾ തട്ടിമാറ്റാൻ നോക്കി.ദത്തന്റെ  രണ്ടുകൈകളിലും അവളുടെ കൂർത്ത നഖങ്ങൾ കൊണ്ട്  മാന്തി.എന്നിട്ടും ദത്തൻ  അവന്റെ കൈകൾ അയച്ചില്ല.അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു.അവളുടെ ചുണ്ടുകളിൽ അവൻ ചുണ്ടു കോർക്കാൻ തുടങ്ങിയതും മാളു  അവനെ ശക്തിയായി പിന്നിലേക്ക് തള്ളി.അവൻ വേച്ചു പോയി..
"അറപ്പാ എനിക്ക് !എല്ലാവരുടെയും മുൻപിൽ എന്നെ പട്ടിയെപ്പോലെ അപമാനിച്ച് വിട്ടിട്ട് ഇപ്പൊ സ്നേഹം കാണിക്കാൻ വരുന്ന നിങ്ങളെ അറപ്പാ  എനിക്ക്."മാളു ഭിത്തിയിലൂടെ ഊഴ്ന്നിറങ്ങി നിലത്തേക്കിരുന്നു.രണ്ടുകൈകൾ കൊണ്ടും മുഖം പൊത്തി  കരഞ്ഞു.
ദത്തൻ അവളെ കുറച്ച് നേരം നോക്കി നിന്നു. എന്നിട്ട് തന്റെ കട്ടിലിൽ ചെന്നിരുന്നു.മാളുവിന്റെ  കരച്ചിൽ ഒന്നടങ്ങുന്നത് വരെ അവൻ കാത്തിരുന്നു.
പിന്നെ അവൻ പറഞ്ഞുതുടങ്ങി.
"ഞാൻ ഈ നാട്ടിലേക്ക് വന്നതിനുപിന്നിൽ ഒരു ലക്ഷ്യമുണ്ട്. ആമി..അവൾ എന്റെ സ്വന്തം കുഞ്ഞല്ല.എന്റെ അനിയത്തി ലച്ചുവിന്റെ മോളാ  ആമി. ലച്ചു  ഇന്ന് എവിടെയാണെന്നോ അവൾക്കെന്തു സംഭവിച്ചുവെന്നോ എനിക്കറിയില്ല. ബാംഗ്ലൂരിലെ ഒരു കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അവളെ കാണാതാവുന്നത്! ലച്ചു ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്ന് നാട്ടുകാർ പറഞ്ഞുനടന്നു.ഞങ്ങൾ അവൾക്ക് പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങി.ചെറുക്കന്റെ വീട്ടുകാർ ഞങ്ങളോട് വഴക്കിട്ടു അസഭ്യം പറഞ്ഞു ..അവളെയും അന്വേഷിച്ച് ഒരു ഭ്രാന്തനെ പോലെ ഞാൻ അലഞ്ഞു.ഒരു തുമ്പും കിട്ടിയില്ല ..മാസങ്ങൾ കഴിഞ്ഞപ്പോ ആരോ ഞങ്ങളുടെ വാതിൽക്കൽ ഉപേക്ഷിച്ചുപോയതാ ആമിയെ.കൂടെ ഒരു കുറിപ്പും ആമി  ലച്ചുവിന്റെ കുഞ്ഞാണെന്നും  ഇത് മറ്റാരും അറിയരുതെന്നും.അമ്മ പലതവണ പറഞ്ഞിരുന്നു നമുക്ക് ആമിയെയും കൊണ്ട് വേറൊരു നാട്ടിൽ പോയി ജീവിക്കാമെന്ന്. അന്നൊന്നും ഞാൻ അത് ഗൗനിച്ചിരുന്നില്ല.പക്ഷെ ഒരു ദിവസം  എനിക്കൊരു ഫോൺ കാൾ വന്നു.ആമിയെ ഞങ്ങളുടെ കൈയിൽ ഏൽപ്പിച്ചത് അയാളാണെന്നും ഈ നാട്ടിലേക്ക് താമസം മാറണമെന്നും ലച്ചുവിനെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും അയാളുടെ പക്കൽ ഉണ്ടെന്നും പറഞ്ഞു.ലച്ചുവിനെ കാണാതായപ്പൊ തൊട്ട് അവളെ പലയിടങ്ങളിൽ വെച്ച് കണ്ടു പൈസ തന്നാൽ കൂടുതൽ ഡീറ്റെയിൽസ് പറയാം എന്നൊക്കെ പറഞ്ഞ് സ്ഥിരം കോളുകൾ വന്നിരുന്ന സമയമായിരുന്നു അത് .അതുകൊണ്ടുതന്നെ ഈ വിളിച്ചയാളും ഏതോ ഫ്രോഡ്  ആണെന്നാ ഞാൻ ആദ്യം വിചാരിച്ചിരുന്നത്.പക്ഷെ പിന്നീട് എനിക്കൊരു  കൊറിയർ കിട്ടി.അതിൽ ലച്ചുവിന് ഞാൻ പണ്ട് സമ്മാനിച്ച അവൾ കഴുത്തിൽ എപ്പോഴും അണിഞ്ഞുനടന്നിരുന്ന ഡയമണ്ട് ലോക്കറ്റ് ഉള്ള മാലയും പിന്നെ അവളുടെ കൈയിൽ കിടന്നിരുന്ന ഒരു ആനവാൽ മോതിരവുമുണ്ടായിരുന്നു..അയാൾ വീണ്ടും വിളിച്ചു .
അയാളാണ് ആ കൊറിയർ അയച്ചതെന്നും അയാളെ വിശ്വസിക്കണമെന്നും എത്രയും പെട്ടെന്ന് ആമിയെയും കൊണ്ട് ഇവിടെ എത്തണമെന്നും അയാൾ പറഞ്ഞു.
അയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി.പിന്നെ ഒന്നും നോക്കിയില്ല.കുഞ്ഞിനേയും കൊണ്ട് അയാൾ പറഞ്ഞ സ്ഥലത്ത് അയാൾ ഏർപ്പാടാക്കിയ വീട്ടിൽ ഞങ്ങൾ താമസം തുടങ്ങി.
ഞങ്ങൾ ഇവിടെ എത്തി എന്നറിഞ്ഞ്  അയാൾ വിളിച്ചു .ക്ഷമയോടെ കാത്തിരിക്കണം എന്താ വേണ്ടതെന്ന് അപ്പപ്പോ വിളിച്ചറിയിക്കാം  എന്നും  പറഞ്ഞു. അമ്മയോട് പോലും ഞാൻ ഈ  വിവരം പറഞ്ഞിട്ടില്ല.
പിന്നീട് അയാളുടെ കാൾ വന്നത് നിന്റെ വിവാഹദിവസം ആണ് !" ദത്തൻ  മാളുവിനെ  നോക്കി പറഞ്ഞു..
മാളു അമ്പരപ്പോടെ അവനെ നോക്കി.
"എന്തിന് ?" അവൾ ആകാംഷയോടെ  ചോദിച്ചു.
"അമ്മ എനിക്ക് വേണ്ടി നിന്നെ തരുമോ എന്ന് ലേഖാന്റിയോട് ചോദിച്ച  സമയത്ത് അയാൾ വിളിച്ചു.തൽക്കാലം  ഈ വിവാഹം ഒരു കാരണവശാലും നടക്കരുതെന്നും നടന്നാൽ ഒന്നെങ്കിൽ  നീ  വിധവയാകുമെന്നും അല്ലെങ്കിൽ നിന്നെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുമെന്നും അയാൾ  അറിയിച്ചു!"
മാളു കണ്ണുമിഴിച്ച് ദത്തനെ നോക്കി.
"അയാളുടെ വാക്കുകൾ വിശ്വസിക്കണോ വേണ്ടയോ എന്നെനിക്ക് അറിയില്ലായിരുന്നു.പക്ഷെ അയാളുടെ വാക്കു വിശ്വസിച്ച് ഇങ്ങോട്ട് വന്ന എനിക്ക് അയാളെ അനുസരിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. കാരണം എന്റെ ലച്ചുവിനെന്താ സംഭവിച്ചതെന്ന് അയാൾക്കറിയാം!ഞാനാലോചിച്ചിട്ട് എല്ലാവർക്കും  വിശ്വസ്സനീയമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.അപ്പോഴാണ് നിന്നെയും ചന്തുവിനെയും  ഒരുമിച്ച് കണ്ട ആ ദിവസം എനിക്കോർമ്മ   വന്നത്.അങ്ങനെ നിന്നെ കുറ്റക്കാരിയാക്കി..നിന്നെ നഷ്ടപെടുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യായിരുന്നു.നിന്നെ കൂടെ കൊണ്ടുപോകാമോ എന്ന് നീ അന്നെന്നോട് ചോദിച്ചപ്പോൾ ലച്ചുവിന്  പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങി ഞങ്ങൾ നാട്ടുകാരുടെ മുൻപിൽ പരിഹാസപാത്രമായി മാറിയതെനിക്ക് ഓർമ്മ വന്നു. ലേഖാന്റിയും നിന്റെ അച്ഛൻ വീട്ടുകാരും തമ്മിൽ തെറ്റിപ്പിരിയാതിരിക്കാനാണ് ഞാൻ നിനക്ക് മറുപടി ഒന്നും തരാതിരുന്നത്‌ . പിന്നീട് കാത്ത് കാത്തിരുന്ന് ദൈവം തന്നെ നിന്നെ എന്റെ  കൈയിൽ വെച്ച് തന്നപ്പോൾ എത്ര വേദനയോടെ ആണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് നിനക്കറിയില്ല.പക്ഷെ ആ വാക്കുകൾ അത് ..അത് കൂടിപ്പോയി. അറിയാതെ എന്റെ നാവിൻ തുമ്പിൽ നിന്നും വീണതാണ്.എന്റെ ഗതികേട് കൊണ്ട് പറഞ്ഞുപോയതാണ്.എന്നോട് പൊറുക്കണേ മോളെ.. " ദത്തൻ മാളുവിന്റെ  കൈകൾ കൂട്ടിപ്പിടിച്ച് അതിൽ മുഖം പൂഴ്ത്തി ഒരു കൊച്ചുകുഞ്ഞിനെപോലെ കരഞ്ഞു.
മാളു ദത്തനെ  സഹതാപത്തോടെ നോക്കി.പതിയെ അവന്റെ മുഖം അവളുടെ നെഞ്ചോടു ചേർത്തു എന്നിട്ട് ആശ്വസിപ്പിക്കാനെന്ന വണ്ണം അവന്റെ മുടിയിൽ വിരലോടിച്ചു.
അവർ എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല..ആമി കരയുന്നത് കേട്ടാണ്  അവർ ഞെട്ടിമാറിയത്!
മാളു വേഗം മുറിക്ക് പുറത്തിറങ്ങാൻ തുടങ്ങി.
"അമ്മ ഒന്നും അറിയരുത്" ദത്തൻ മാളുവിനെ നോക്കി പറഞ്ഞു.
ഇല്ലെന്ന് അവൾ തലയാട്ടി.
ഒരു ഞായറാഴ്ച്ച  സാവിത്രിയും ശിവദാസനും മാളുവിന്റെ വീട്ടിൽ വന്നു.ലേഖ അവരെ സ്വീകരിച്ചിരുത്തി.വീട്ടിൽ വരുന്നവരോട് മുഖം കറുത്ത് സംസാരിക്കരുതെന്ന് മാളു ലേഖയെ ഓർമ്മപ്പെടുത്തി  .
"ഞങ്ങൾ മനപ്പൂർവം ഇറങ്ങാഞ്ഞതാ ലേഖേ ഇങ്ങോട്ട് .അറിയാമല്ലോ.നടക്കാൻ പാടില്ലാത്തത്  നടന്നു.നമ്മൾ രണ്ടുകൂട്ടർക്കും ഒരുപോലെ മാനക്കേടുണ്ടാക്കി  വെച്ചിട്ടാ അവൻ പോയത്.ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല." ശിവദാസൻ പറഞ്ഞു.
"ഞങ്ങൾ വന്നത് അമ്മയുടെ പിറന്നാളിന് ക്ഷണിക്കാൻ ആണ്.ശിവേട്ടന് നിർബന്ധം ഇത്തവണ അമ്മയുടെ പിറന്നാൾ എല്ലാവരും കൂടി ആഘോഷിക്കണമെന്ന്.വയ്യാതെ കിടക്കുവല്ലെ . ഇനി എത്ര നാൾ കൂടി ഉണ്ടാവുമെന്ന് അറിയില്ലല്ലോ.." സാവിത്രി വിഷമത്തോടെ പറഞ്ഞു.
"രണ്ടു കുടുംബങ്ങളും തമ്മിലുള്ള സ്പർദ്ധ ഇതോടെ തീരുമെങ്കിൽ അങ്ങ്  തീരട്ടെ എന്ന് വെച്ചു.അടുത്ത ഞായറാഴ്ച്ച  ആണ്.രണ്ടാളും വരണം"ശിവദാസൻ ലേഖയോടും മാളുവിനോടും  പറഞ്ഞു.
"ദേവിയൊക്കെ ഉണ്ടോ ലേഖേ അപ്പുറത്ത് ?" സാവിത്രി ചോദിച്ചു.
"ഉണ്ടെന്ന് തോന്നുന്നു.എന്ത് പറ്റി ?" ലേഖ ചോദിച്ചു.
"ശിവേട്ടന് നിർബന്ധം അവരെയും വിളിക്കണമെന്ന്.വരുമോ എന്ന് അറിയില്ല.എന്നാലും വിളിച്ചേക്കാം."സാവിത്രി പറഞ്ഞു.ദേവിയെ വിളിക്കുന്നതിൽ സാവിത്രിക്ക്  ഇഷ്ടക്കേടുണ്ടെന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.
എന്നാലും ശിവദാസന്റെ നിർബന്ധപ്രകാരം ലേഖയും സാവിത്രിയും അപ്പുറത്ത്  ചെന്ന് ദേവിയേയും മകനേയും  ചടങ്ങിന് ക്ഷണിച്ചു.
ദത്തന് വലിയ താൽപ്പര്യം ഇല്ലായിരുന്നു പക്ഷെ  ഇങ്ങോട്ട് വന്ന് ക്ഷണിക്കുമ്പോൾ പോയില്ലെങ്കിൽ അതവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദേവി പറഞ്ഞപ്പോൾ പോകാമെന്ന് ദത്തൻ  സമ്മതിച്ചു. ഞായറാഴ്ച്ച  ലേഖയും മാളുവും തറവാട്ടിലേക്ക് പോവാൻ ഒരുങ്ങി ഇറങ്ങി.
"ലേഖേ ഞങ്ങളും അങ്ങോട്ടേയ്ക്കാ .നമുക്ക് ഒരുമിച്ച് കാറിൽ പോവാം."ദേവി അപ്പുറത്തു നിന്നും വിളിച്ച് പറഞ്ഞു.
"വേണ്ട ദേവിയേച്ചി ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് പൊക്കോളാം."ലേഖ ദത്തനോടുള്ള തന്റെ നീരസം മറച്ചുവെച്ചില്ല.തന്റെ മകളെ പറ്റി  അപവാദം പറഞ്ഞ ആളുടെ കൂടെ ഒരുമിച്ച് പോവുന്നത് അവർക്കിഷ്ടമായിരുന്നില്ല.
"എന്റെ മോൻ എന്തോ വിവരക്കേട് പറഞ്ഞു എന്ന് വെച്ച് നിനക്കെന്നോടെന്തിനാ ദേഷ്യം ലേഖേ?" ദേവി പാതി കളിയായും പാതി കാര്യമായും ചോദിച്ചു.
"അമ്മെ നമുക്ക് അവരുടെ കാറിൽ പോകാം.ചുമ്മാ ഒന്നും പറയാൻ നിക്കണ്ട.ഒരു അറ്റാക്ക് കഴിഞ്ഞ ആൾ ആണ്.അതോർക്കണം!" മാളു ലേഖയെ ശാസിച്ചു.
ലേഖ പിന്നെ ഒന്നും മിണ്ടാതെ മാളുവിന്റെ കൂടെ അപ്പുറത്തേക്ക് നടന്നു.ദത്തൻ ഇതെല്ലം കേട്ടുകൊണ്ട് ആമിയെയും കൊണ്ട് കാറിൽ കയറി.
മാളു പണ്ട് സാവിത്രി നൽകിയ ടിഷ്യു സിൽക്കിന്റെ ഒരു സെറ്റ് സാരി ആയിരുന്നു ഉടുത്തത് .അവളുടെ വെളുത്ത നിറത്തിന്  അത് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.ദത്തന് മാളുവിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.പക്ഷെ മാളു ദത്തനെ നോക്കിയപ്പോൾ അവൻ വേറെ എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു.
ദേവി ഫ്രണ്ട് സീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ ആമി വിലക്കി.
"അച്ഛമ്മ ബാക്കിൽ .ഞാൻ അല്ലെ അമ്മയുടെ കൂടെ ഫ്രണ്ടിൽ ഇരിക്കുന്നെ."
മാളു ഒന്നും മിണ്ടിയില്ല. അവൾ കയറാൻ മടിച്ചുനിന്നു.
"നീ അവിടെ ഇരുന്നോ മോളെ.ഞാൻ ലേഖയുടെ കൂടെ പുറകിൽ ഇരുന്നോളാം." ദേവി മാളുവിനോട് പറഞ്ഞു.
ലേഖയ്ക്ക്  അതൊട്ടും ഇഷ്ടമായില്ല.
"മാളു പിറകിൽ ഇരുന്നോട്ടെ ദേവിയേച്ചി. അവൾ അടുത്തിരിക്കുന്നത്കൊണ്ട് ദത്തന് ചിലപ്പോൾ പ്രയാസം ഉണ്ടാവും. " ലേഖ ദത്തനെ നോക്കി മുനവെച്ച് സംസാരിച്ചു.ദത്തൻ വല്ലാതായി .അവൻ ഒന്നും മിണ്ടിയില്ല.
മാളു രൂക്ഷമായി ലേഖയെ നോക്കി.പിന്നെ ലേഖ  ഒന്നും പറഞ്ഞില്ല.
മാളു ആമിയെയും കൊണ്ട് ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു.
കാറിൽ ആമി മാളുവിന്റെ മടിയിൽ ഇരുന്ന് പുറത്തേക്ക് തലയിട്ട് കാഴ്ച്ചകൾ  ആസ്വദിക്കുകയായിരുന്നു.മാളു ഒരു കൈ കൊണ്ട് അവളെ മുറുക്കെ പിടിച്ചു.
ലേഖ നീരസം വിട്ട് പതിയെ ദേവിയോട് ഓരോന്ന് സംസാരിച്ച് തുടങ്ങി.
ദത്തൻ മാളുവിനെ നോക്കിയത് കൂടി ഇല്ല.
കഴിഞ്ഞദിവസം തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ ആൾ തന്നെ ആണോ ഇതെന്ന് മാളുവിന്‌ അതിശയം തോന്നി.
പക്ഷെ ദത്തൻ ഇടംകണ്ണിട്ട് അവളെ നോക്കിക്കൊണ്ടിരുന്നത് അവൾ അറിഞ്ഞിരുന്നില്ല.
മാളുവിന്റെ തറവാട്ടിലെത്തിയപ്പോൾ ദത്തനും ദേവിയും അമ്പരന്നുപോയി! സിനിമയിൽ ഒക്കെ കാണുന്നതുപോലെ പഴമയുടെ പ്രൗഢിയിൽ തലയുയർത്തി  നിൽക്കുന്ന കൊട്ടാരം പോലെ ഉള്ള വീട്! ടൈൽസ് ഇട്ട  വിശാലമായ മുറ്റം.മുൻപിലായി ഒരു തുളസിത്തറ .
കാർ പോർച്ചിൽ  നിരനിരയായി 4 കാറുകൾ .
ഇത്ര വലിയ തറവാടുണ്ടായിട്ടാണോ ഈ അമ്മയും മകളും ആ കൊച്ചു വീട്ടിൽ പട്ടിണിപ്പാവങ്ങളെ  പോലെ താമസിക്കുന്നത് എന്നവർ മനസ്സിൽ വിചാരിച്ചു.
അവിടെ ഒരു കാറിന്റെ സൈഡിലായി സജി നിൽപ്പുണ്ടായിരുന്നു .സജിയെ കണ്ടതും ദത്തൻ അവനെ രൂക്ഷമായി നോക്കി.മാളുവും ലേഖയും സജിയെ വെറുപ്പോടെ നോക്കി.സാവിത്രി ഇറങ്ങി അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തി.
"ശിവേട്ടൻ എവിടെ?"ലേഖ ചോദിച്ചു.
"മിനിങ്ങാന്ന് വയനാട് പോയതാ ലേഖേ.അവിടെ കമ്പനിയിലെന്തോ പ്രശ്നം.ഇന്ന് വെളുപ്പിനെ തിരിച്ചിട്ടുണ്ട്.ഇടയ്ക്ക് വിളിച്ചിരുന്നു.ഇപ്പൊ  വരും.വരൂ അമ്മയെ കണ്ടിട്ട് വരാം " സാവിത്രി പറഞ്ഞു.
സ്ത്രീകൾ എല്ലാവരും മാളുവിന്റെ മുത്തശ്ശിയുടെ  മുറിയിലെത്തി.മുറി തുറന്നതും മരുന്നിന്റെയും കഷായത്തിന്റെയും മുഷിഞ്ഞ മണം മൂക്കിലേക്ക് തുളച്ചുകയറി! അവശയായി കട്ടിലിൽ അനങ്ങാതെ കിടക്കുന്ന സ്ത്രീ രൂപത്തെ എല്ലാവരും വേദനയോടെ  നോക്കി !
"അമ്മെ ഉറക്കമാണോ?ആരാ വന്നിരിക്കുന്നെ എന്ന് നോക്കിയേ.." സാവിത്രി അവരെ ഉണർത്തി. കൺപോളകൾ പതിയെ വലിച്ച് തുറന്ന് അവർ എല്ലാവരെയും നോക്കി.
മാളുവിനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മാളുവും കരഞ്ഞു തുടങ്ങി.അവൾ അവരുടെ അടുത്ത് ചെന്ന് അവരുടെ ശോഷിച്ച കൈകളിൽ പതിയെ തലോടി.
അവർ ഒന്നും മിണ്ടാനാവാതെ ശബ്ദമില്ലാത്ത കരച്ചിലോടെ അവളെ നോക്കി കിടന്നു.ആ കാഴ്ച്ച  എല്ലാവരെയും കരയിപ്പിച്ചു.
"നല്ലതുപോലെ ഓടിനടന്നതാ .പറഞ്ഞിട്ടെന്താ..തലയിലെഴുത്ത് ഇങ്ങനെ ആയിരിക്കും.. പറയുന്നതൊക്കെ മനസ്സിലാവും .പരിചയമുള്ള ആരെക്കണ്ടാലും അപ്പൊ തുടങ്ങും കരയാൻ."സാവിത്രി പറഞ്ഞിട്ട് തന്റെ കണ്ണുകളോപ്പി.
"പോന്നോളൂ കുട്ടി.അടുക്കളയിൽ പോവാം.കുടിക്കാനെടുത്ത് വെച്ചിട്ടുണ്ട്."സാവിത്രി മാളുവിനോട് പറഞ്ഞിട്ട് വെളിയിലേക്ക് നടന്നു.ദേവിയും ലേഖയും അവരുടെ പിറകെ നടന്നു.
മാളു മുത്തശ്ശിയുടെ കൈയിലെ പിടി അയക്കാൻ തുടങ്ങിയതും  അവർ അവളുടെ കൈയിൽ ഒന്നുകൂടി  മുറുകെ പിടിച്ചു! അവൾ ഞെട്ടി മുത്തശ്ശിയെ നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അവർക്കെന്തോ തന്നോട് പറയാൻ ഉള്ളത് പോലെ മാളുവിന്‌ തോന്നി.ചിലപ്പോ തന്റെ തോന്നലാവാം.
"മാളു ഇങ്ങോട്ട് വായോ." അടുക്കളയിൽ നിന്നും സാവിത്രിയുടെ വിളി വന്നു.
മാളു അവരുടെ കൈ ബലമായി അയച്ചിട്ട് പെട്ടെന്ന്  അടുക്കളയിലേക്ക് ചെന്നു .അവിടെ ലീല സദ്യ എല്ലാം ഒരുക്കിയിരുന്നു.
മാളു പായസത്തിന്റെ പാത്രം തുറന്ന് കുറച്ചെടുത്ത് സ്വാദ് നോക്കി.
"ലീലേച്ചി പാലട സൂപ്പർ ആയിട്ടുണ്ട് കേട്ടോ!" മാളു ലീലയോട് പറഞ്ഞു.അവർ അവളെ നോക്കി ചിരിച്ചു.
"ലീലയ്ക്ക് നല്ല കൈപ്പുണ്യമാ. എന്നെ ഒന്നിനും അടുപ്പിക്കില്ല.അമ്മയുടെ കാര്യമാട്ടെ അടുക്കളകാര്യമാട്ടെ എല്ലാം തനിയെ ചെയ്യണം.എനിക്കതുകൊണ്ട് ഫുൾ റെസ്റ്റാ "സാവിത്രി ചിരിയോടെ പറഞ്ഞു.
ലീല ചിരിച്ചുകൊണ്ട് മറുപടിയൊന്നും പറയാതെ മാളുവിന്റെ മുത്തശ്ശിയുടെ മുറിയിലേക്ക് പോയി.
"അധികം സംസാരിക്കില്ല പക്ഷെ ജോലിയെല്ലാം വൃത്തിയായിട്ട് കണ്ടറിഞ്ഞ് ചെയ്തോളും. നമ്മൾ ഒന്നും പറഞ്ഞുകൊടുക്കണ്ട..ലീല വരുന്നതിന് മുൻപ് എത്രയെണ്ണം വന്നിട്ട് പോയതാ.ഒന്നിനും ഒരു വൃത്തിം വെടിപ്പുമില്ല.ഇവരെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം!" സാവിത്രി എല്ലാവരോടുമായി പറഞ്ഞു.
"മാളു ഈ സംഭാരം ദത്തനും ആമിക്കും കൊടുക്ക് മോളെ." ലേഖ അവളെ രണ്ടു ഗ്ലാസ് സംഭാരം ഏൽപ്പിച്ചു.
മാളു അതുമായി ഹാളിലേക്ക് ചെന്നു .അവിടെ ഷോകേസ് സാധനങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു ആമി.ദത്തൻ ഒരു പത്രം മറിച്ച് നോക്കുന്നു.മാളു അവന്റെ മുൻപിൽ മേശയിൽ ഗ്ലാസ് കൊണ്ട്  വെച്ചു . അവൻ അവളെ നോക്കാതെ അതെടുത്ത്  പതിയെ കുടിച്ചു.
"ഇത്രേം വലിയ വീടുണ്ടായിട്ടാണോ അമ്മേം മോളും അവിടെ താമസിക്കുന്നത്?" ദത്തൻ പത്രത്തിൽ  നിന്നും കണ്ണെടുക്കാതെ  അവളോട് ചോദിച്ചു.
"ഓഹ് അപ്പൊ വായിൽ നാക്കുണ്ട് അല്ലെ?" മാളു ദത്തനെ കളിയാക്കി.
"ഇത് അച്ഛന്റെ  തറവാടാണ്.അച്ഛനെ ഇവിടുന്ന് പണ്ടേ പുറത്താക്കിയതാ .മരിക്കുന്നതുവരെ അവകാശം  പറഞ്ഞ് അച്ഛൻ ഇങ്ങോട്ട് കയറിയിട്ടില്ല.പിന്നെ ഞങ്ങൾക്കെന്തിനാ ഇത്.അച്ഛൻ അദ്ധ്വാനിച്ചുണ്ടാക്കിയ ആ ചെറിയ വീടാണ് ഈ കൊട്ടാരത്തെക്കാളും ഞങ്ങൾക്കിഷ്ടം." മാളു പറഞ്ഞു.എന്നിട്ട്   ഗ്ലാസ് കൈയിൽ പിടിച്ച് ആമിയെ  സംഭാരം കുടിക്കാൻ സഹായിച്ചു.

മുറ്റത്ത് കാർ വന്നു നിന്നു.
"ചിറ്റപ്പൻ വന്നു."
മാളു അടുക്കളയിൽ  ചെന്ന് വിവരം പറഞ്ഞു.ശിവദാസന്റെ ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ സാവിത്രി ഹാളിലേക്ക്  ചെന്നു . അവിടെ എത്തിയതും അവർ തറഞ്ഞുനിന്നു!
 ഹാളിൽ നിൽക്കുന്നു ചന്തു ! ദത്തൻ എന്ത് ചെയ്യണം എന്നറിയാതെ തൊട്ടടുത്ത്  നിൽക്കുന്നു.
 സാവിത്രിയ്ക്ക് ദേഷ്യം ഇരച്ച് കയറി.
 അവർ മകന്റെ കരണം  നോക്കി ഒന്ന് പൊട്ടിച്ചു!
 "നാട്ടുകാരുടെ മുൻപിൽ ഞങ്ങളെ നാണം കെടുത്തിയിട്ട് രായ്ക്കുരാമാനം മുങ്ങിയതല്ലെടാ നീ..പിന്നെന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തത്?"സാവിത്രി മകനെ   വെറുപ്പോടെ നോക്കി.
 ബഹളം കേട്ട് അടുക്കളയിൽ നിന്നും എല്ലാവരും ഓടി എത്തി.
 ചന്തുവിനെ  കണ്ട് എല്ലാവരും പകച്ച് പോയി !
"എനിക്ക് നിന്നെ കാണണ്ട.മാളുവിനെ പോലെ ഒരു പാവം  പെണ്ണിനെ കണ്ണുനീര് കുടിപ്പിച്ചിട്ട് നീ എന്ത് നേടി?ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് !' സാവിത്രി മകനെ നോക്കി അലറി.ചന്തു  ഒന്നും മിണ്ടാതെ അവരെ രൂക്ഷമായി നോക്കി നിന്നു .
 "ഒരു പാവം പെണ്ണിനെ കൊല്ലാക്കൊല  ചെയ്തിട്ട് നീ എന്ത് നേടി സാവിത്രി?"ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി!
 ശിവദാസൻ ആയിരുന്നു അത് !

To be continued ...............

രചന:അഞ്ജന ബിജോയ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot