Slider

മാളവിക - Part 16

0


" ഈ സ്ത്രീ ഇതെല്ലം എന്തിന് ചെയ്തു എന്ന് പറഞ്ഞുകൊടുക്ക് അച്ഛാ !"
ചന്തു വെറുപ്പോടെ സാവിത്രിയെ ചൂണ്ടി പറഞ്ഞു.
"പറയാം.പക്ഷെ അത് പറയുന്നതിന് മുൻപ് ഒരാൾ കൂടി ഇവിടെ വേണം." ശിവദാസൻ പറഞ്ഞു.
"സജി !" അയാൾ ഉറക്കെ വിളിച്ചു.
വെളിയിൽ നിന്നും ഒരു വീൽചെയറുമായി സജി അങ്ങോട്ട് വന്നു.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എല്ലാവരും ആകാംഷയോടെ നിന്നു!
ശിവദാസൻ കണ്ണുകൾ കൊണ്ടെന്തോ ആംഗ്യം കാണിച്ചപ്പോൾ സജി അതുമായി  വീടിനകത്തേക്ക് കയറിപ്പോയി.
കുറച്ച് നേരം കഴിഞ്ഞപ്പോ ആ വീൽ ചെയറിൽ മാളുവിന്റെ മുത്തശ്ശിയുമായി സജി തിരിച്ചുവന്നു! അവരുടെ കൂടെ ലീലയും ഉണ്ടായിരുന്നു.
 "അമ്മെ ഞാൻ പറയുന്നത്  അമ്മ കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം.മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ അമ്മ എന്നെ സഹായിക്കണം.  ഞാൻ അപേക്ഷിക്കുകയാണ്.മകളോടുള്ള സ്നേഹം കൊണ്ട് അവളെ രക്ഷിക്കാൻ ശ്രമിക്കരുത്  . അമ്മയുടെ മകൾ ഇല്ലാതാക്കാൻ ശ്രമിച്ച കുറച്ച് ജന്മങ്ങൾ ഇവിടെ ഉണ്ട്.അവർക്ക് നീതി കിട്ടണം ! " ശിവദാസൻ അവരോടപേക്ഷിച്ചു.
 " ഞാൻ ചോദിക്കുന്നതിന് എങ്ങനെയാണുത്തരം നൽകേണ്ടതെന്ന് അമ്മയ്ക്കറിയാമല്ലോ. അതെ എന്നാണുത്തരമെങ്കിൽ അമ്മ  കൈ അനക്കണം." ശിവദാസൻ അവരുടെ അടുത്ത് വീൽചെയറിന്റെ  സൈഡിലായി നിന്നു. 
"അമ്മ കിടപ്പിലാവുന്നതിന് മുൻപ്   അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ അമ്മ ആർക്കെങ്കിലും ഇഷ്ടദാനം എഴുതിയിരുന്നോ ?" ശിവദാസൻ ചോദിച്ചു.
മാളുവിന്റെ മുത്തശ്ശി   വീൽ ചെയറിൽ ഇരുന്നുകൊണ്ട് അതെ എന്ന അർത്ഥത്തിൽ അവരുടെ വലതു കൈ അനക്കി.
 " അതോടൊപ്പം  സാവിത്രി അറിയാതെ അമ്മ സബ് രജിസ്റ്റ്രാര്‍  ആഫീസിൽ പോയിരുന്നോ എന്നെങ്കിലും? " ശിവദാസൻ  ചോദിച്ചു.
അവർ അതെ എന്ന് കാണിച്ചു.
സാവിത്രിയുൾപ്പെടെ എല്ലാവരും സ്തബ്ധരായി നിന്നു! ഇനിയൊരു തിരിച്ചുവരവിന് സാധ്യത ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ    ജീവച്ഛവമായി കിടന്നിരുന്ന സ്ത്രീ ഇന്ന് തങ്ങളുടെ മുൻപിൽ ഈവിധം ഇരിക്കുന്നു!
" ഇനി ഒരു ചോദ്യം കൂടി"
ശിവദാസൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
"അന്ന് അമ്മ കാലുതെന്നി  വീണതാണോ പടിക്കെട്ടിൽ നിന്നും ?" ശിവദാസൻ ചോദിച്ചു.
അവർ ഒന്നും മിണ്ടിയില്ല.അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.
"പറയണം .വർഷങ്ങളായില്ലേ മനസ്സിൽ അടക്കിപ്പിടിച്ച് വെച്ചിരിക്കുന്നു പലതും.എല്ലാവരും എല്ലാം അറിയട്ടെ. " അയാൾ പറഞ്ഞു.
അവർ ഒന്നും മിണ്ടാതെ  ഇരുന്ന്  കരഞ്ഞു.
"പറയണം അമ്മെ.ഇത്രയും വർഷങ്ങൾ പുറംലോകം കാണാതെ കിടക്കേണ്ടി വന്നത്  അമ്മയുടെ ഒരു നേരത്തെ അശ്രദ്ധ ആയിരുന്നോ അതോ ആരെങ്കിലും മനപ്പൂർവം ചെയ്തതോ എന്ന് എല്ലാവരുമറിയണം . അന്ന് അമ്മ തെന്നിവീണതാണോ? " ശിവദാസൻ ശബ്ദമുയർത്തി ചോദിച്ചു.
അല്ല എന്നവർ കരഞ്ഞുകൊണ്ട് പതുക്കെ തലയാട്ടി.
 എല്ലാവരും പകച്ച് നിന്നു !
"ഞാൻ വിശദമാക്കിത്തരാം. " ശിവദാസൻ പറഞ്ഞുതുടങ്ങി."സാവിത്രിക്ക് പണ്ടുമുതൽക്കേ ലേഖയെയും മകളെയും ഇഷ്ടമല്ലായിരുന്നു.പണവും പ്രതാപവുമുള്ള അവളുടെ കൂട്ടുകാരിയെ തഴഞ്ഞിട്ട് കാൽകാശിന് വകയില്ലാത്ത ലേഖയെ സ്വീകരിച്ച സതീശനോട് അവൾക്ക് എന്നും ദേഷ്യമായിരുന്നു.സതീശൻ മരിച്ചുകഴിഞ്ഞപ്പോളും അമ്മയ്ക്കും സാവിത്രിക്കും ലേഖയോട് അടുക്കാൻ പ്രയാസമായിരുന്നു .ഞാൻ ഒരാളുടെ  നിർബന്ധം  കൊണ്ടാണ് അമ്മ ഒത്തുതീർപ്പിന്  ലേഖയെ ചെന്നു കണ്ടത്.അത് സാവിത്രിക്കൊട്ടും ഇഷ്ടമായിരുന്നില്ല.കൊച്ചുമകളുടെ ചിരിയും കളിയും കണ്ടപ്പോൾ അമ്മയുടെ മനസ്സ് മാറി.പക്ഷെ സാവിത്രിക്കൊരു മാറ്റവുമുണ്ടായില്ല.എന്നെ പേടിച്ച് ഒന്നും പറഞ്ഞില്ല എന്ന് മാത്രം. മാളു വളർന്നുവന്നപ്പോൾ അമ്മയ്ക്ക് മാളുവിനെ ചന്തുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കണെമെന്ന് വലിയ ആഗ്രഹമായിരുന്നു.പക്ഷെ  ഒരു ഗതിയും പരഗതിയുമില്ലാത്ത  പെണ്ണിനെ ചന്തുവിന് വേണ്ട എന്ന് സാവിത്രി  തീർത്തു പറഞ്ഞു.ലേഖയോടും മകളോടും അടുപ്പം കാണിക്കുന്നതിന്  അവൾ അമ്മയോട് കയർക്കുന്നത് പല തവണ ഞാൻ കേട്ടിരുന്നു.സ്വന്തം  ആങ്ങളയുടെ ഭാര്യയോടും കുഞ്ഞിനോടും  പോര് കാണിക്കരുതെന്ന് ഞാൻ അവൾക്ക് താക്കീത് നൽകി..അമ്മയുടെ പേരിലുള്ള സ്വത്തിൽ അവൾക്ക് കണ്ണുണ്ടായിരുന്നു.ഇട്ടുമൂടാനുള്ളത് ഉണ്ടെങ്കിലും മനുഷ്യന് പണത്തോടുള്ള ആർത്തി ഒരിക്കലും തീരില്ലല്ലോ!  മാളുവിന് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കുന്ന സമയം.സാവിത്രിയുടെ പണത്തോടുള്ള ആർത്തി മനസ്സിലാക്കി അവൾ  അറിയാതെ അമ്മ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ അതായത് ഈ തറവാടും തറവാട് വക സ്കൂളും അതിന്റെ യഥാർത്ഥ അവകാശിയുടെ പേരിൽ ഇഷ്ടദാനം എഴുതി.സാവിത്രിയോട് അമ്പലത്തിൽ പോവാണെന്ന് കള്ളം പറഞ്ഞ് അമ്മ സബ് രജിസ്റ്റ്രാര്‍  ആഫീസിൽ പോയി അത് രജിസ്റ്റർ ചെയ്തു.  അന്ന് അമ്മ സബ്‌ രജിസ്റ്റ്രാര്‍ ആഫീസിൽ നിന്നും ഇറങ്ങിവരുന്നത് സാവിത്രിയുടെ കൂട്ടുകാരി രമ കണ്ടിരുന്നു .രണ്ടുദിവസം കഴിഞ്ഞ് സാവിത്രിയും രമയും സംസാരിച്ചപ്പോൾ അമ്മയെ രജിസ്റ്റ്രാറുടെ  ഓഫീസിൽ കണ്ട കാര്യം രമ ചോദിച്ചു.എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി സാവിത്രി അമ്മയുടെ അലമാര പരിശോധിച്ചു.അമ്മ എഴുതിവെച്ച ഇഷ്ടദാന പത്രം അവൾക്ക് കിട്ടി.അതനുസരിച്ച് അമ്മയുടെ പേരിലുള്ള തറവാടും സ്കൂളും അമ്മ മാളുവിന്റെ പേർക്കാണ് ഇഷ്ടദാനം നൽകിയിരിക്കുന്നത്! അവളുടെ രക്തം തിളച്ചു!  അമ്മയോട് ഈ കാര്യം സംസാരിക്കാൻ തന്നെ സാവിത്രി തീരുമാനിച്ചു.സാവിത്രി ഇതിന്റെ പേരിൽ അമ്മയോട് വഴക്കിട്ടു.തന്റെ മകനോട് ചെയ്ത തെറ്റ് തിരുത്തണമെന്നും അതുകൊണ്ട് അവനവകാശപ്പെട്ടത് അവന്റെ മകൾക്ക് കൊടുക്കാൻ താൻ തീരുമാനിച്ചുവെന്നും അമ്മ പറഞ്ഞു.എവിടെ നിന്നോ  വലിഞ്ഞുകേറി വന്ന സ്ത്രീയ്ക്കും മകൾക്കും  ഈ സ്വത്തിൽ ഒരാവകാശവുമില്ലെന്നും ചന്തുവാണിതിന്റെ യഥാർത്ഥ അവകാശി എന്നും സാവിത്രി വാദിച്ചു..സ്വത്ത് മക്കൾക്ക് തുല്യമായേ വീതിക്കുള്ളു എന്നും വയനാട്ടിലുള്ള എസ്റ്റേറ്റും കമ്പനിയും സാവിത്രിയുടെ പേരിലായതിനാൽ തറവാടും സ്കൂളും മാളുവിന് അവകാശപ്പെട്ടതാണെന്ന്  അമ്മ തീർത്തു പറഞ്ഞു..   സാവിത്രി കരഞ്ഞുപറഞ്ഞിട്ടും കാലുപിടിച്ചിട്ടും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും  അമ്മയുടെ മനസ്സ് മാറിയില്ല.അന്ന് സതീശന്റെ ആണ്ടായിരുന്നു.അന്ന് തന്നെ അത്  മാളുവിനെ ഏൽപ്പിക്കാൻ പോവുകയാണെന്നും പറഞ്ഞ് അമ്മ ആ ഡോക്യുമെന്റ് സാവിത്രിയുടെ കൈയിൽ നിന്നും വാങ്ങി.. അമ്മയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ സാവിത്രി അമ്മ സ്റ്റെയർകേസ് ഇറങ്ങാൻ തുടങ്ങിയതും  പിന്നിൽ നിന്ന് ശക്തിയായി  തള്ളി! വീഴ്ച്ചയുടെ  ശക്തിയിൽ  അമ്മയുടെ തല പടിക്കെട്ടിലിടിച്ചു!" ശിവദാസൻ പറഞ്ഞത് കേട്ട് എല്ലാവരും സ്തബ്ധരായി നിൽക്കുകയാണ്.
" ഇതെല്ലാം കണ്ടും കേട്ടും അവിടെ മറ്റൊരാൾ നിൽപ്പുണ്ടായിരുന്നു.സജി! അവൻ ഔട്ട് ഹൗസിൽ ഉണ്ടായിരുന്ന സമയം. ഞാനും കൃഷ്ണനും അന്ന് വയനാട്ടിലായിരുന്നു.ഭക്ഷണം എടുക്കാനായി  അടുക്കളയിലേക്ക് വരികയായിരുന്ന സജി ഇവരുടെ ഒച്ചയും ബഹളവും ശ്രദ്ധിച്ച് താഴെ നിൽപ്പുണ്ടായിരുന്നു. തന്റെ മുൻപിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടതും അവൻ അലറിവിളിക്കാൻ തുടങ്ങി! എന്തെങ്കിലും കാരണവശാൽ ഇവിടെ നടന്നത്  പുറത്താരെങ്കിലും  അറിഞ്ഞാൽ സജി അമ്മയുടെ അലമാരിയിൽ നിന്നും  കാശ് മോഷ്ടിക്കാൻ കയറിയതാണെന്നും അമ്മ അത് കണ്ടുപിടിച്ചപ്പോൾ മനപ്പൂർവം അപായപ്പെടുത്തിയതാണെന്ന്  വരുത്തിത്തീർക്കുമെന്നും  കള്ളും കഞ്ചാവുമായി നടക്കുന്ന അവനെ ആരും വിശ്വസിക്കില്ലെന്നും  സാവിത്രി അവനെ ഭീഷണിപ്പെടുത്തി.എത്രയും പെട്ടെന്ന് അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കിയ സജിയോട് കുറച്ച് കഴിഞ്ഞ് കൊണ്ടുപോയാൽ മതി എന്ന് ഈ ദുഷ്ട ശാഠ്യം പിടിച്ചു .ഒടുവിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി  .ബോധം വരുമ്പോൾ അമ്മ സത്യങ്ങൾ എല്ലാം എല്ലാവരോടും തുറന്ന്പറയുമെന്ന് സജി സമാധാനിച്ചു.
പക്ഷെ അവിടെയും ദൈവം സാവിത്രിയുടെ  കൂടെ ആയിരുന്നു.ബോധം വന്നപ്പോൾ അമ്മയുടെ സംസാരവും ചലനശേഷിയും നഷ്ട്ടപ്പെട്ടിരുന്നു !
ഒരു റിക്കവറി പ്രയാസമാണെന്നും ഹോസ്പിറ്റലിൽ കിടന്നിട്ടും കാര്യമില്ലെന്നും  മരുന്നുകൾ മുടങ്ങാതെ കഴിക്കണമെന്നും  ഡോക്ടർമാർ പറഞ്ഞതനുസരിച്ച് അമ്മയെ തിരിച്ച് വീട്ടിൽകൊണ്ടുവന്നു.
അമ്മ ഒപ്പിട്ട ആ ഡോക്യുമെന്റ് നശിപ്പിച്ചു കളഞ്ഞിട്ടും കാര്യമില്ല എന്ന് സാവിത്രിക്ക് അറിയാമായിരുന്നു.കാരണം ഇഷ്ടദാനം അല്ലെങ്കിൽ ഗിഫ്റ്റ്   ഡീഡ് എന്ന് പറയുന്നത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ അത് ലീഗൽ  ഡോക്യുമെന്റ് ആയി മാറും. അത് ഇറിവോക്കബിളും ആയിരിക്കും  അതായത് പിന്നീട് അത് തിരുത്താൻ പറ്റില്ല.സ്വത്ത് ആരുടെ പേരിലാണോ എഴുതിവെച്ചിരിക്കുന്നത് അയാൾക്ക് മാത്രമായിരിക്കും അതിന്റെ മുഴുവൻ അവകാശവും.പക്ഷെ നിയമം അനുസരിച്ച് ഇഷ്ടദാനം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവകാശി അത് സ്വീകരിച്ചിരിക്കണം .ഇല്ലെങ്കിൽ ആ ഇഷ്ടദാനം അസാധുവായിപ്പോകും.അതായത് മാളുവിന്റെ മുത്തശ്ശി ജീവിച്ചിരിക്കുമ്പോൾ തന്നെ മാളു ആ സ്വത്ത് സ്വീകരിച്ചിരിക്കണം.പക്ഷെ ഇങ്ങനെ ഒരു ഇഷ്ടദാനം എഴുതിയ കാര്യം ഇപ്പോൾ സാവിത്രിക്കും അമ്മയ്ക്കും സജിക്കും മാത്രമേ അറിയുകയുള്ളൂ.അമ്മയാണെങ്കിൽ മിണ്ടാൻ  വയ്യാതെ കിടപ്പിലുമായി.ആ ഡോക്യുമെന്റ് ഒളിച്ച്  വെച്ചിട്ട് കാര്യമില്ല കാരണം പിന്നീടെന്നെങ്കിലും തറവാടോ സ്കൂളോ വിൽക്കേണ്ടി വന്നാൽ ഇങ്ങനെ ഒരു ഇഷ്ടദാനം നടന്നിട്ടുണ്ടെന്ന് രജിസ്റ്റ്രാര്‍ ഓഫീസിൽ നിന്നും അറിയാൻ കഴിയും.അത് പിന്നെ പണിയാകും. പക്ഷെ ഈ ഡോക്യുമെന്റ് മാളുവിന്റെ  കൈയിൽ എത്തുന്നതിന് മുൻപ് അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ഡോക്യുമെന്റ് അസാധുവാകും! അതുകൊണ്ട്  അമ്മയെ ഇല്ലാതാക്കാൻ തന്നെ സാവിത്രി തീരുമാനിച്ചു! സ്വത്തിനു വേണ്ടി സാവിത്രി എന്തും ചെയ്യാൻ മടിക്കില്ല എന്ന് സജിക്കറിയാമായിരുന്നു.അത് കൊണ്ട് അമ്മയെ വീട്ടിൽ കൊണ്ടുവന്നപ്പോൾ മുതൽ സാവിത്രി സജിയുടെ നിരീക്ഷണത്തിലായി.അസുഖമാണെന്ന് എന്നോട് കള്ളം പറഞ്ഞ് വയനാട്ടിൽ പോകാതെ അവൻ കുറച്ച് നാൾ നാട്ടിൽ ഞങ്ങളുടെ ഔട്ട് ഹൗസിൽ തന്നെ താമസിച്ചു.സാവിത്രി അറിയാതെ സജി അവളുടെ അലമാരിയിൽ നിന്നും ആരും കാണാതെ അവൾ ഒളിച്ച് വെച്ചിരുന്ന  അമ്മ ഒപ്പിട്ട ഇഷ്ടദാനപത്രം കൈക്കലാക്കി.അത് കാണാതായത് സാവിത്രി അറിഞ്ഞിരുന്നില്ല. ഒരിക്കൽ ഉറങ്ങിക്കിടന്ന അമ്മയുടെ മുഖത്തേക്ക് ഇവൾ തലയിണയും കൊണ്ട് ചെല്ലുന്നത് സജി കണ്ടു! അമ്മയ്ക്ക് ഒരു കാരണവശാലും ഒന്നും സംഭവിക്കരുതെന്നും സാവിത്രി കാരണം അമ്മയുടെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ സജി തന്റെ കൈയിലുള്ള ഡോക്യുമെന്റ് പോലീസിനെ ഏൽപ്പിക്കുമെന്നും അത് വഴി സാവിത്രിയുടെ നേർക്ക് അന്വേഷണം ഉണ്ടാവുമെന്നും അവർ കുടുങ്ങും എന്നും അവൻ സാവിത്രിയെ ഭീഷണിപ്പെടുത്തി. ഡോക്യുമെന്റ് സജിയുടെ കൈയിലായതിനാൽ അവൻ പറഞ്ഞതുകേട്ട് സാവിത്രി ഒന്ന് പേടിച്ചു.അമ്മയെ ഇല്ലാതാക്കാനുള്ള മാർഗം അവൾ ഉപേക്ഷിച്ചു.താൻ പറഞ്ഞതുകേട്ട് സാവിത്രി ഭയപ്പെട്ടു എന്ന് സജിക്ക് മനസ്സിലായി.അവൻ വീണ്ടും വയനാട്ടിലേക്ക് വന്നു.ഞാൻ നാട്ടിൽ ഉള്ളപ്പൊ സാവിത്രി ഒന്നിനും മുതിരില്ല എന്ന് സജിക്ക് ഉറപ്പുണ്ടായിരുന്നു.പക്ഷെ ഞാൻ വയനാട്ടിലേക്ക് പോകുന്ന സമയം നാട്ടിൽ പോകണമെന്ന് നിർബന്ധം പിടിച്ച് അവൻ അമ്മയ്ക്ക് കാവലായി ഇവിടെ ഔട്ട് ഹൗസിൽ വന്ന് താമസിക്കുമായിരുന്നു.സ്വത്തെല്ലാം മാളുവിന്റെ പേരിലായതിനാൽ സാവിത്രി ഏതെങ്കിലും വഴി മാളുവിനെയും  അപായപ്പെടുത്തിയേക്കുമെന്ന് ഭയന്ന് അവൻ ഇവിടെ വന്ന് മാളുവിനെ ചുറ്റിപറ്റിനടക്കും. സജി തന്നെ ശല്യം ചെയ്യാനാണ് വരുന്നതെന്ന് മാളു തെറ്റിദ്ധരിച്ചു. മാളുവിന്‌ ഒരാപത്തും സംഭവിക്കാതിരിക്കാനാണ് നിഴൽ പോലെ അവൻ കൂടെ നടന്നത്.
സ്വത്ത് തിരികെ കിട്ടാൻ എന്ത് ചെയ്യണമെന്ന് സാവിത്രി തലപുകഞ്ഞാലോചിച്ചു. .പിന്നെ ഉള്ള ഒരേ ഒരു വഴി മാളുവിനെ തന്റെ മരുമകളായി കൊണ്ടുവരിക എന്നായിരുന്നു.  എല്ലാം മാളുവിന്റെ പേരിലായി കഴിഞ്ഞിരുന്നു..അത് ചന്തുവിന്റെ പേരിലേക്ക് തിരികെ എഴുതി വാങ്ങാൻ സാവിത്രി കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു മാളുവും ചന്തുവും തമ്മിലുള്ള വിവാഹം.അത്രയും നാൾ മാളുവിനെ മരുമകളായി അംഗീകരിക്കാൻ തയാറാകാതിരുന്നവൾ  പെട്ടെന്ന് അടവുമാറ്റി..ലേഖയോട് തന്റെ തെറ്റുകൾ പൊറുക്കണമെന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.മാളുവിനെ സ്നേഹംകൊണ്ട് പൊതിഞ്ഞു...കല്യാണക്കാര്യം പെട്ടെന്നെടുത്തിട്ടാൽ എല്ലാവർക്കും സംശയം തോന്നും എന്നുള്ളത് കൊണ്ട് സാവിത്രി തൽക്കാലം അടങ്ങി.മാളുവിന്റെ പഠിത്തം കഴിഞ്ഞ് അവൾ ജോലിയിൽ കയറുന്ന സമയത്ത് ചന്തുവുമായുള്ള കല്യാണക്കാര്യം എടുത്തിടാം എന്നവൾ മനസ്സിൽ കണക്കുകൂട്ടി. സജി മാളുവിനെ ശല്യം ചെയ്യുന്നു എന്ന് മാളു സാവിത്രിയോട് പരാതി പറഞ്ഞു.പക്ഷെ സജിയെ ഒരു ശല്യക്കാരനായി ചിത്രീകരിക്കുന്നത് സാവിത്രിക്കും ഇഷ്ടമായിരുന്നു ഒരാൺതുണ ഇല്ലാത്തതുകൊണ്ടാണ് സജിയുടെ ശല്യം സഹിക്കേണ്ടിവരുന്നതെന്നും അതുകൊണ്ട് മാളുവിനെ അധികം താമസിയാതെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കണമെന്നും സാവിത്രി ലേഖയോട് പറഞ്ഞുകൊണ്ടേയിരുന്നു.
 കാലം  കടന്നുപോയി.മാളു നമ്മുടെ സ്കൂളിൽ ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു.ചന്തു ബാംഗ്ലൂരിൽ അവന്റെ ജോലിയിൽ പ്രൊമോഷൻ കിട്ടി നിൽക്കുന്ന സമയം.മാളുവിന്‌ വരുന്ന കല്യാണ ആലോചനകളെല്ലാം സാവിത്രി ആരും അറിയാതെ മുടക്കികൊണ്ടിരുന്നു. ആയിടയ്ക്കാണ് ചന്തു നാട്ടിൽ വന്നപ്പോൾ അവൻ മറ്റൊരു കുട്ടിയെ സ്നേഹിക്കുണ്ടെന്നും അവൾ ഗർഭിണിയാണെന്നും സാവിത്രി അറിഞ്ഞത്.തന്റെ ദുരാഗ്രഹത്തിന് വിലങ്ങുതടിയായി നിന്ന സ്വന്തം അമ്മയെപ്പോലും കൊല്ലാൻ നോക്കിയവൾ  സ്വന്തം മകൻ സ്നേഹിക്കുന്ന പെണ്ണിനേയും പിറക്കാനിരിക്കുന്ന അവന്റെ കുഞ്ഞിനേയും കൊന്നുതള്ളാൻ തന്നെ തീരുമാനിച്ചു!കൃഷ്ണന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അവനെ മുതലെടുത്തു.ആ കുട്ടിയേയും കുഞ്ഞിനേയും ഇല്ലാതാക്കി  എന്നഹങ്കരിച്ച് അവൾ നടന്നു..പിന്നീട് താൻ പണ്ട് മാളുവിനോടും ലേഖയോടും  ചെയ്ത തെറ്റുകളൊക്കെ തിരുത്തണമെന്നും അതിനുവേണ്ടി  അമ്മയുടെ ആഗ്രഹപ്രകാരം ചന്തുവിന്റെയും മാളുവിന്റെയും  കല്യാണം നടത്തണമെന്നും സാവിത്രി  എന്നോട് പറഞ്ഞു.. ആദ്യം ഞാനുമത് വിശ്വസിച്ചു. ലേഖയോട് ഞാൻ തന്നെ വിവിവാഹകാര്യം എടുത്തിട്ടു.എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു.
കഴിഞ്ഞതെല്ലാം മറക്കണമെന്നും അവനെ ഉപേക്ഷിച്ച് അവന്റെ കുഞ്ഞിനെ നശിപ്പിച്ചിട്ട്  മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയ ആ പെണ്ണിനെ ഓർത്ത് ജീവിതം പാഴാക്കരുതെന്നും മാളുവിനെ സ്വീകരിക്കണമെന്നും സാവിത്രി മകനോടപേക്ഷിച്ചു. സ്നേഹിച്ച പെണ്ണിനെ മറക്കാൻ ശ്രമിക്കാമെന്നും  പക്ഷെ  ഉടനെ ഒരു വിവാഹത്തിന് നിർബന്ധിക്കരുതെന്നും അവന്  കുറച്ച് സമയം കൊടുക്കണമെന്നും  അവൻ പറഞ്ഞു..കല്യാണം എന്തുകൊണ്ട് ഉടനെ നടത്തിക്കൂടാ എന്ന എന്റെ ചോദ്യത്തിന് ചന്തുവിന്  ദുബായിൽ അവന്റെ പുതിയ ജോലിയിൽ ഒന്ന് സെറ്റിൽ ആയതിനു ശേഷം മതി കല്യാണം എന്ന് അവൻ പറഞ്ഞതായി സാവിത്രി എന്നോട് കള്ളം പറഞ്ഞു..

ഈ സമയമൊക്കെയും സജിയുടെയും കൃഷ്ണന്റെയും  സ്വഭാവത്തിൽ എന്തോ  മാറ്റം ഞാൻ ശ്രദ്ധിച്ചു.അവർ  എന്നിൽ നിന്നും എന്തൊക്കെയോ  ഒളിച്ചു വെക്കുന്നത് പോലെ എനിക്ക് തോന്നി.എന്താണ് കാര്യമെന്ന് പല പ്രാവശ്യം ചോദിച്ചിട്ടും അവർ  ഒഴിഞ്ഞുമാറി.പിന്നീട് എന്റെ നിർബന്ധത്തിന് വഴങ്ങി വേറെ നിവർത്തിയില്ലാതെ സജി  എന്റെ മുൻപിൽ മനസ്സ് തുറന്നു. അവൻ എന്നോടെല്ലാം തുറന്നു പറഞ്ഞു. പണ്ട്  സാവിത്രി അമ്മയെ തള്ളിയിട്ടതും മാളുവിന്റെ പേർക്കെഴുതി വെച്ച ഇഷ്ടദാനത്തെ പറ്റിയും പിന്നെ വയനാട്ടിൽ വെച്ച് സാവിത്രി ഇല്ലാതാക്കാൻ ശ്രമിച്ച  പെൺകുട്ടിയെ പറ്റിയും എല്ലാം. ആ പെൺകുട്ടി ആരാണെന്നോ എന്താണെന്നോ എന്തിന് വേണ്ടിയാണ് സാവിത്രി അവളെ കൊല്ലാൻ  നോക്കിയതെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു..
പിന്നീട് ഞാൻ സാവിത്രിയെ നിരീക്ഷിക്കാൻ തുടങ്ങി.അവൾ ആരും കാണാതെ അമ്മയുടെ അടുത്തിരുന്ന് എന്തൊക്കെയോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കും . അവൾ അമ്മയോട് സംസാരിക്കുന്നത് പല സമയങ്ങളിലായി ഞാൻ റെക്കോർഡ് ചെയ്തു..ഈ ശിക്ഷ നിങ്ങൾ ചോദിച്ചുവാങ്ങിയതാണെന്നും നിങ്ങളെ ഞാൻ കൊല്ലില്ല  പക്ഷെ ഇനി ഒരുകാലത്തും നിങ്ങൾ എഴുന്നേറ്റ് നടക്കില്ല  എന്നും അവൾ അമ്മയോട് പറയുന്നത് ഞാൻ കേട്ടു .ഒരു കാര്യം കൂടി അവൾ പറഞ്ഞു.സ്വത്തെല്ലാം മാളുവിന്റെ പേരിലായ  സ്ഥിതിക്ക് ചന്തുവിനെ മാളുവിന്‌ വേണ്ടി ആലോചിച്ചിരിക്കുകയാണെന്നും അവരുടെ കല്യാണം നടന്നു കഴിഞ്ഞ് സ്വത്തുക്കൾ പതിയെ ചന്തുവിന്റെ പേരിലേക്ക് എഴുതിവാങ്ങുമെന്നും അത് കഴിഞ്ഞ് ഒരു അപകടമരണം അവൾക്കും നൽകുമെന്നും പിന്നീട്  നമ്മടെ കുടുംബമഹിമയ്ക്കും അന്തസ്സിനും ഒത്ത നല്ല സമ്പാദ്യമുള്ള പെണ്ണുമായി ചന്തുവിന്റെ കല്യാണം നടത്തുമെന്നും അവൾ  പറഞ്ഞു.സജി പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് മനസ്സിലായി. ആരോട് പറയണം എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു . നിന്നെ കൊന്നുകളഞ്ഞാലോ എന്നുവരെ ഞാൻ ആലോചിച്ചു സാവിത്രി!പക്ഷെ ഞാൻ നിന്നെപ്പോലെ ഒരു മൃഗം അല്ലാത്തത്കൊണ്ട് എനിക്കതിന് സാധിച്ചില്ല.

സാവിത്രിയോട് ഞാൻ മനപ്പൂർവം ഒന്നും ചോദിച്ചില്ല. ഞാൻ ഈ സത്യങ്ങളെല്ലാം മനസ്സിലാക്കി എന്നവൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അവൾ എന്നെയും അപായപ്പെടുത്താൻ നോക്കിയേനേം..സത്യങ്ങൾ പുറത്ത് കൊണ്ടുവരണമെങ്കിൽ  അമ്മയോ ഹോസ്പിറ്റലിൽ കിടക്കുന്ന ആ പെൺകുട്ടിയോ ആരെങ്കിലും ഒരാൾ വീണ്ടും  സംസാരിച്ചുതുടങ്ങണം. അതത്ര എളുപ്പമായിരുന്നില്ല സാവിത്രിയുടെ മുൻപിൽ ഞാൻ പൊട്ടൻ കളിച്ച് നിന്നു.
ഞാനും സജിയും കൃഷ്ണനും ഹോസ്പിറ്റലിൽ ആ പെൺകുട്ടിയെ കാണാൻ ചെന്നു.കുറച്ച് ദിവസങ്ങളെടുത്തു  അവൾക്ക് ബോധം വീഴാൻ. ബോധം വന്നപ്പോൾ അവൾ കഴിഞ്ഞതെല്ലാം മറന്നുപോയിരുന്നു!സ്വന്തം  പേരുപോലും അവൾക്കോർമ്മയില്ല !.പക്ഷെ കുഞ്ഞ്  കുഞ്ഞ് എന്നവൾ ഇടയ്ക്കിടെ വയറിൽ കൈവെച്ച് പറയുന്നുണ്ടായിരുന്നു..തലയ്ക്കടിയേറ്റ് തലച്ചോറിന് ക്ഷതം സംഭവിച്ചതിനാലാണ്  അവൾക്ക്  ഒന്നും ഓർമ്മ കിട്ടാത്തതെന്നും ഇങ്ങനെ ഉള്ള അവസരങ്ങളിൽ  കഴിഞ്ഞു പോയ ചില കാര്യങ്ങൾ ചിലപ്പൊ  ഓർമ്മയിലുണ്ടാവും അതുകൊണ്ടാണ് അവൾ കുഞ്ഞിന്റെ കാര്യം മറക്കാത്തതെന്നും  ഡോക്ടർ പറഞ്ഞു. ചിലപ്പൊ  ഉടനെ തന്നെ ഓർമ്മ  തിരിച്ച് കിട്ടിയേക്കാം ഇല്ലെങ്കിൽ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം.സാം ഡോക്ടർ അവളെ അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് അടുപ്പമുള്ള കുറച്ച് ഡോക്ടർമാർ നടത്തുന്ന ഊട്ടിയിലുള്ള ഒരു റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി. സജി ഇടയ്ക്കിടെ ഊട്ടിയിൽ പോയി അവളെ കാണുകയും അവളുടെ വിവരങ്ങൾ അറിയുകയും ചെയ്തിരുന്നു.

To be continued ...............

രചന:അഞ്ജന ബിജോയ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo