നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജനുവരിയില്‍ വിരിയുമോ,മെഴുകുപോല്‍ ഉരുകുമോ




*****************************************************
“ഇനി എത്ര നേരമുണ്ട് മൂന്നാര്‍ക്ക് ?”
“രണ്ടു മണിക്കൂര്‍ കൂടിയുണ്ട് മേഡം.അവിടെ മഞ്ഞുവീഴ്ചയൊക്കെയായത്‌ കൊണ്ട് ഒരുപാട് ടൂറിസ്റ്റുകള്‍ വരുന്നുണ്ട്.അതാ ഇത്ര ബ്ലോക്ക്.”
ഡ്രൈവര്‍ പറഞ്ഞു.
ഞാനും കണ്ടിരുന്നു വാട്ട്സാപ്പില്‍ ആ ചിത്രങ്ങള്‍.
ഇലകളില്‍ ,മരങ്ങളില്‍ ,കുന്നുകളില്‍ ,വഴിയോരങ്ങളില്‍ വെളുത്ത മഞ്ഞിന്റെ ശകലങ്ങള്‍.
അത് മനോഹരമാണ്.
അത് കാണാന്‍ ടൂറിസ്റ്റുകള്‍ വരുന്നു.
അത് മൂലം ബ്ലോക്ക് ഉണ്ടാകുന്നു.
മനോഹരമായതിനു പുറമേ ബുദ്ധിമുട്ടേറിയ ഒന്ന് നിങ്ങളെ കാത്തിരിക്കുന്നു.എന്റെ ജീവിതം പോലെ.
എന്റെ കാമുകനൊപ്പം ജീവിക്കാനാണ് ഞാന്‍ ദുബായിലേക്ക് പോയത്. എന്നെ മാത്രം പ്രതീക്ഷിച്ചു ജീവിച്ച മാതാപിതാക്കളെയും എന്നെ ജീവനെപ്പോലെ സ്നേഹിച്ച ഓട്ടിസം ബാധിച്ച അനിയത്തിയെയും ഞാന്‍ മറന്നു.അതിനുപകരം ഞാന്‍ നല്‍കേണ്ടിവന്നതാണ് ഈ ശൂന്യത.
എന്റെ വെളുത്ത സുന്ദരനായ കാമുകന് ചുരുണ്ട മുടിയും കട്ടിമീശയുമുണ്ടായിരുന്നു. എന്നെപ്പോലെ അവനും വേണുഗോപാലിന്റെ മെലഡികള്‍ വല്ലാതെ ഇഷ്ടമായിരുന്നു.
“മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ. ..”
ഒരിക്കല്‍ അവനെനിക്ക് ആ പാട്ട് പാടിത്തന്നു.അതും ഇതുപോലൊരു ഒരു മൂന്നാര്‍ യാത്രയിലായിരുന്നു.ഇരുവശത്തും തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ വിജനമായ ഏതോ വഴിയോരത്തു ഞാന്‍ അവന്റെ മടിയില്‍ കിടക്കുകയായിരുന്നു.അടര്‍ന്നുവീഴാറായ ഒരു കല്‍മതിലിനരികില്‍.ഞങ്ങളുടെ അരികില്‍ എല്ലാത്തിനും സാക്ഷിയായി അവന്റെ ബുള്ളറ്റ് കാത്തുനിന്നു.അത് പാടുമ്പോള്‍ അവന്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.പച്ചക്കുന്നുകള്‍ക്കിടയിലേക്ക് മറയുന്ന വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതയിലേക്ക് അത് കേട്ട് നോക്കിക്കിടന്നു ഞാന്‍..
കാര്‍ നേര്യമംഗലം കഴിഞ്ഞു.വഴിയരുകില്‍ ഒരു വെള്ളച്ചാട്ടം .അതിനരികില്‍ കുറെ ചായക്കടകള്‍.
“മേഡത്തിനു ചായ കുടിക്കണോ ?”ഡ്രൈവര്‍ ചോദിച്ചു.
ഞാന്‍ മൂളി.
വെള്ളച്ചാട്ടം കാണണം എന്നുണ്ടായിരുന്നില്ല.നല്ല തണുപ്പുണ്ടായിരുന്നത് കൊണ്ട് ചായ കുടിക്കണം എന്ന് തോന്നി.ഞങ്ങള്‍ ഇറങ്ങി.
ചായകുടിച്ചു കൊണ്ട് നില്‍ക്കെ വെള്ളച്ചാട്ടത്തിനു മുന്‍പില്‍നിന്ന് സെല്‍ഫിയെടുക്കുന്ന ചെറുപ്പക്കാരായ കമിതാക്കളെ കണ്ടു.കോളേജ് കുട്ടികളായിരിക്കണം.അവളുടെ ചുണ്ടുകള്‍ അവന്റെ താടിയില്‍ ഉരുമ്മുന്നു.അവളെ കടിച്ചുതിന്നാനുള്ള കൊതി അവന്റെ കണ്ണുകളില്‍ കാണാം.
“നിന്നെ ഇപ്പൊ കടിച്ചു തിന്നാന്‍ തോന്നുകാ.” അയാള്‍ അന്ന് പറഞ്ഞത് ഞാന്‍ ഓര്‍മ്മിച്ചു.
ഞങ്ങള്‍ ബുര്‍ജ് ഖലീഫയുടെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു.എന്റെ കഴുത്തില്‍ കൈ ചുറ്റി അയാള്‍ സെല്‍ഫി എടുത്തു.ഞങ്ങളുടെ പുറകില്‍ തിളങ്ങുന്ന രാത്രിയാഭരണങ്ങള്‍ അണിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ഗോപുരം..
എന്തൊരു സ്നേഹമായിരുന്നു അയാളുടെ ശ്വാസത്തില്‍.എന്തൊരു പ്രേമമായിരുന്നു എന്റെ ഉള്ളില്‍.ഞങ്ങളുടെ പുറകിലെ ആ വലിയ മഞ്ഞഗോപുരത്തിനെക്കാള്‍ വലിയ പ്രേമം.അതിനെക്കാള്‍ വലിയ സുന്ദരഗോപുരം പോലെ പ്രണയം ഞങ്ങളുടെ ആത്മാവില്‍ ഉയര്‍ന്നുനില്‍ക്കുന്നത് പോലെ.
“മേഡം രേവതി മേഡം ഫോണിലുണ്ട്..” ഡ്രൈവറുടെ ശബ്ദമാണ് ഉണര്‍ത്തിയത്.ഞാന്‍ ഫോണ്‍ എടുത്തു.
“എടീ ,എനിക്ക് വരാന്‍ കഴിയില്ല.നീ ഒന്നും കൊണ്ടും പേടിക്കണ്ട.അവിടെ രണ്ടു ദിവസത്തേക്ക് വേണ്ട ഫുഡ് ഒക്കെ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്.നീ ചൂടാക്കി കഴിച്ചാല്‍ മതി.വേണേല്‍ കുക്കും ചെയ്യാം.”
“ഉം.”
“പിന്ന,വേറെയൊരു കാര്യം ഇപ്പോഴാ ഓര്‍ത്തത്.ഇന്ദുവിന്റെ കുറച്ചു പെയിന്റിംഗ്സ് അവിടെ എവിടെയോ ഉണ്ട്.നീ തിരിച്ചുപോകുമ്പോ അതും കൂടി കൊണ്ടുപോകണം.”
“പെയിന്റിംഗ്സോ....ഞാന്‍ അത് കൊണ്ട് പോയാല്‍..അച്ഛനോ അമ്മയോ വല്ലതും..”
“അവര് വന്നു തിരഞ്ഞിട്ടു കണ്ടില്ല.അത് സാരമില്ല.അവള്‍ കഴിഞ്ഞ വര്‍ഷം വന്നപ്പോ വരച്ചതാ.ചേച്ചി എപ്പോഴെങ്കിലും വരുമ്പോള്‍ ചേച്ചി കണ്ടുപിടിച്ചോളും എന്ന് പറഞ്ഞ് അവള്‍ തന്നെയാണ് എവിടെയോ ഒളിപ്പിച്ചുവച്ചത്.”പിന്നെ ഒരു നിമിഷം നിര്‍ത്തിയിട്ട് പറഞ്ഞു.
“അവള്‍ പോയതിനുശേഷം ഞാന്‍ അത് തിരഞ്ഞു.പക്ഷേ കണ്ടില്ല .നീ കൂടി തിരയു.നിനക്ക് അറിയാമായിരിക്കുമല്ലോ അവള്‍ സ്ഥിരം ഒളിപ്പിച്ചുവയ്കുന്ന സ്ഥലങ്ങള്‍...”
രേവതി പിന്നെയും എന്തൊക്കെയോ പറഞ്ഞു.
ഒന്നും തലയില്‍ കേറിയില്ല.
ഇന്ദു.എന്റെ അനിയത്തി.എന്റെ പ്രിയപ്പെട്ട അനിയത്തി.അവള്‍ക്ക് ഓട്ടിസം ബാധിച്ചിരുന്നു.ഒരു സ്പെഷ്യല്‍ സ്കൂളില്‍ കുറച്ചുനാള്‍ പോയി.പിന്നെ വീട്ടില്‍ത്തന്നെയായിരുന്നു അവളുടെ ജീവിതം.
പെയിന്റിംഗായിരുന്നു അവളുടെ പ്രധാന ആശ്വാസം.
ഒരുപാട് നാളുകളെടുത്തു മെല്ലെ മെല്ലെ വരയ്ക്കുന്ന ചിത്രങ്ങള്‍.ചിത്രം വരയ്ക്കുമ്പോള്‍ അവള്‍ പാട്ട് കേള്‍ക്കും.ഒരു പ്രകാശം അവളുടെ കണ്ണുകളില്‍ വിടരുന്നത് കാണാം.അവള്‍ക്കും വേണുഗോപാലിന്റെ പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു.
എണ്‍പതുകളിലെ സുന്ദരമായ മെലഡികള്‍..
തറവാട്ടുവീട്ടില്‍ ഒരവധിക്കാലത്ത് ,പോക്കുവെയില്‍ ചാഞ്ഞിറങ്ങുന്ന ഒരു വൈകുന്നേരം അവള്‍ പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നത് മറ്റൊരു പെയിന്റിംഗ് പോലെ ഇപ്പോഴും മനസ്സില്‍ തെളിയുന്നു.
തൂണില്‍ ചാരിയിരുന്നു ഒരു സ്കെച്ച്ബുക്കില്‍ അവള്‍ വരയ്ക്കുകയായിരുന്നു.അടുത്ത് ഒരു സി.ഡി പ്ലേയറില്‍നിന്ന് വേണുഗോപാലിന്റെ സ്വരം.
“പൂത്താലം വലംകയ്യിലേന്തി വാസന്തം,മധുമാരിയില്‍ സുമരാജിയില്‍ കാറ്റിന്‍ തൂവല്‍ തഴുകി..."
ഒരു കയ്യില്‍ പൂക്കള്‍നിറഞ്ഞ വള്ളിക്കുട്ടയുമായി ഏതോ നാട്ടിന്‍പുറത്തെ മണ്‍റോഡിലൂടെ ഓടിവരുന്ന പെണ്‍കുട്ടിയെയാണ് അവള്‍ വരച്ചുകൊണ്ടിരുന്നത്.അവളുടെ ചുണ്ടിലെ ചിരിയാണ് ചിത്രത്തിലെ ആ പെണ്‍കുട്ടിക്കും.
ഇന്ദുവിന് എന്നെ ജീവനായിരുന്നു.എനിക്ക് അവളും.
എന്റെ ഉടഞ്ഞ ആത്മാവ് പോലെയാണ് അവളുടെ മുഖമെന്നു ചിലപ്പോള്‍ ഞാന്‍ ദു:ഖത്തോടെ ഓര്‍ക്കാറുണ്ട്.
“മേഡം ഉറങ്ങിയോ ?നമ്മള്‍ എത്തി.”
ഒരു കുന്നിന്‍മുകളിലെ ഇരുനിലവീടിന്റെ പോര്‍ച്ചിലാണ് വണ്ടി നിന്നത്.ചുറ്റും നേര്‍ത്ത മഞ്ഞിന്‍പാളിയില്‍ മൂടിക്കിടക്കുന്ന തേയിലക്കുന്നുകള്‍.ഇളംനീല നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്ന വീടിന്റെ മുന്‍പില്‍ റോസച്ചെടികള്‍.ഒന്നോ രണ്ടോ പൂക്കള്‍ ഉറങ്ങിയതു പോലെ നില്‍പ്പുണ്ട്.മഞ്ഞിന്‍തുള്ളികള്‍ കട്ടിപിടിച്ചിരിക്കുന്ന അവയുടെ ഇലഞരമ്പുകള്‍.
രേവതിയുടെ വീടാണിത്.അമ്മയുടെ അനിയത്തിയുടെ മോള്‍.ഇടയ്ക്ക് അവധിക്കാലത്ത് ഞങ്ങളും ഇവിടെ വരുമായിരുന്നു.മഞ്ഞില്‍ മുങ്ങിയ മൂന്നാര്‍ കാണുവാന്‍.ഇപ്പോള്‍ ഇവിടെ ആരുമില്ല.രേവതി എറണാകുളത്തു ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയാണ്.അവള്‍ക്ക് സദാ തിരക്കാണ്.
ഇന്ദുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്.അവള്‍ക്ക് പെയിന്റ് ചെയ്യാന്‍ പറ്റുമായിരുന്ന ഒരു പാട് കാഴ്ച്ചകള്‍ ഈ കുന്നിന്‍മുകളിലുണ്ട്.പച്ചക്കടല്‍ പോലെ തേയിലക്കാടുകള്‍,മഞ്ഞില്‍ മയങ്ങിനില്‍ക്കുന്ന പൂച്ചെടികള്‍,വെള്ളാരംകല്ലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ നീര്‍ചോലകള്‍..
മരിക്കുന്നതിനുമുന്‍പ് എന്നായിരുന്നു ഇന്ദു ഇവിടെ അവസാനം വന്നത് ?കഴിഞ്ഞ ഓണത്തിനായിരിക്കും.
അവള്‍ എന്തായിരിക്കും ഇവിടെ വന്നു വരച്ചത് ?
കാര്‍ തിരിച്ചു പോയപ്പോള്‍ ഒറ്റയ്ക്കായി.
ശൂന്യമായ വലിയ വീട്.
അകത്തു ഇളം റോസ് നിറമുള്ള ഭിത്തികള്‍.കുറച്ചുനാള്‍ അടഞ്ഞുകിടന്നത് കൊണ്ട് തണുത്ത പഴക്കമുള്ള വായുവിന്റെ അടഞ്ഞ ഗന്ധം.ഒരു ജനല്‍ തുറന്നു.തണുത്ത കാറ്റ് അകത്തേക്ക് വീശി.തണുപ്പ് നന്നായിട്ടുണ്ട്.
നല്ല ക്ഷീണം തോന്നി.ഹീറ്റര്‍ ഓണ്‍ ചെയ്തു.ചൂടുവെള്ളത്തില്‍ കുളിച്ചു.ഫ്രിഡ്ജ് തുറന്നു.മുട്ട ഇരിപ്പുണ്ട്.റൊട്ടി ടോസ്റ്റ് ചെയ്തു കഴിച്ചു.
കട്ടിലില്‍ കിടന്നതേ ഓര്‍മ്മയുള്ളൂ.കണ്ണടഞ്ഞത് അറിഞ്ഞില്ല.
ഉറക്കത്തിലും വിഹ്വലമായ സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്നു.ഒരു കുന്നിന്‍മുകളിലേക്ക് താന്‍ ഓടിക്കയറുകയാണ്.അങ്ങോട്ട്‌ പോകരുത് ,അങ്ങോട്ട്‌ പോകരുത് എന്ന് ആരോ തന്നോട് പിറകില്‍നിന്ന് വിളിച്ചു പറയുന്നു.ഞെട്ടി വിയര്‍ത്താണ് ഉണര്‍ന്നത്.തണുപ്പില്‍ കിടുകിടാ വിറയ്ക്കുന്നു.വന്നപ്പോള്‍ തുറന്ന ജനല് അടച്ചിട്ടില്ല.അതില്‍നിന്നാണ് കള്ളനെപ്പോലെ തണുപ്പ് അരിച്ചു കയറുന്നത്. മെല്ലെ എഴുന്നേറ്റു.ലൈറ്റ് ഓണ്‍ ചെയ്തു.
കമ്പിളി പുതച്ചുകൊണ്ട് ജനലിന്റെ അരികില്‍ ചെന്നുനിന്നു.പുറത്തു മഞ്ഞു പൊഴിയുന്നുണ്ട്‌.പോര്‍ച്ചിലെ ലൈറ്റിന്റെ പ്രകാശത്തില്‍ മതില്‍ക്കെട്ടിനരികില്‍ ഏതോ പേരറിയാ മരത്തിന്റെ ശിഖരങ്ങളില്‍ വെളുത്ത മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ചു തിളങ്ങുന്നതു കണ്ടു.കുറെനേരം അത് നോക്കിനിന്നു.വിറയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ജനല്‍ അടച്ചത്.
വെറുതെ മുറികളില്‍ക്കൂടി കയറി ഇറങ്ങാന്‍ തോന്നി.ആരുമില്ലെന്ന് അറിയാമെങ്കിലും വെറുതെ..
ശൂന്യത തന്റെ ഹൃദയത്തിലാണ്.
പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അകത്തു മുറിയിലെ തന്റെ മൊബൈലില്‍നിന്നാണ്.നോട്ടിഫിക്കേഷന്‍ അലാം.
ഫെയ്സ്ബുക്ക് നോട്ടിഫിക്കെഷനാണ് .
അയാളുടെ.തന്റെ കാമുകനായിരുന്നയാളുടെ .അയാളിപ്പോഴും തന്റെ ഫെയ്സ്ബുക്ക് ഫ്രണ്ടാണ്.
സ്നോ ആന്‍ഡ് ക്യാമ്പ് ഫയര്‍ അറ്റ്‌ മൂന്നാര്‍ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
തീകൂട്ടിയിരിക്കുന്നതിന്റെ മുന്നില്‍ തന്റെ വെളുത്ത സുന്ദരിയായ പുതിയ കാമുകിയുമൊത്ത് ആഹ്ലാദിക്കുന്നതിന്റെ സെല്‍ഫി അയാള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.ഗ്ലാസില്‍ മദ്യം ഉയര്‍ത്തിപ്പിടിച്ചു കാമുകിയെ നെഞ്ചോട്‌ ചേര്‍ത്ത് ...
മൊബൈല്‍ വലിച്ചൊരു ഏറു വെച്ചുകൊടുത്തു.അത് നൂറു കഷണങ്ങളായി ചിതറി.തണുപ്പ് ദേഹത്തില്‍നിന്ന് പേടിച്ചു ഓടിയിറങ്ങിപോയി.രക്തം തിളയ്ക്കുകയാണ്.
എല്ലാം മറക്കാമെന്നു കരുതിയാണ് ഇവിടെ വന്നത്.ഈ തണുത്ത ഏകാന്തതയില്‍ എല്ലാം കുറച്ചെങ്കിലും മറക്കാന്‍ കഴിയുമെന്ന് വെറുതെ പ്രതീക്ഷിച്ചു.
അയാള്‍ ഇവിടെ വന്നിരിക്കുന്നു.മൂന്നാറില്‍.കാമുകിയുമായി ഉല്ലസിക്കാന്‍.
അച്ഛനും അമ്മയും പറഞ്ഞത് എതിര്‍ത്തു താന്‍ അയാള്‍ക്കൊപ്പം പോയി.അയാള്‍ എന്നെ വിവാഹം കഴിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.എല്ലാ ദിവസവും അയാളുടെ പാട്ട് കേട്ട് ഞാന്‍ ഉറങ്ങുമെന്നു ഞാന്‍ വിചാരിച്ചു.ഞാന്‍ ഒരു പൊട്ടിയായിരുന്നു.
“നീ.. ജനുവരിയില്‍ വിരിയുമോ ..പ്രണയമായ് പൊഴിയുമോ..ഹിമമഴയില്‍ നനയുമോ ..മെഴുകു പോല്‍ ഉരുകുമോ...”
ചെവിയില്‍ അയാളുടെ പാട്ട്.
ഇപ്പോള്‍ അയാള്‍ അവളുടെ ചെവിയില്‍ പാടുകയായിരിക്കും.അവള്‍ ഇക്കിളിപൂണ്ടു ചിരിക്കുകയാകും.ഒരിക്കല്‍ താന്‍ അയാളുടെ വിരലുകളുടെ ചലനത്തില്‍ ,ആ നനുത്ത ശബ്ദത്തില്‍ വിറപൂണ്ടു ചിരിച്ചതു പോലെ..
അയാള്‍ക്കൊപ്പം യൂറോപ്പില്‍ അവധി ആഘോഷിക്കുമ്പോഴാണ് ഇന്ദു മരിച്ചത്.
അച്ഛനും അമ്മയും തന്നെ ഏറെ അന്വേഷിച്ചു.തന്റെ ഫോണ്‍ ഓഫായിരുന്നു.
ആല്‍പ്സ് പര്‍വതനിരകളിലെ ,മഞ്ഞുവീണ വിജനമായ ഏതോ സ്ഥലത്ത് ,ടെന്റിനുള്ളില്‍ അയാള്‍ക്കൊപ്പം ചൂട് പങ്കുവയ്ക്കുമ്പോള്‍ ഇന്ദുവിന്റെ ശവദാഹം നടക്കുകയായിരുന്നു.
അറിഞ്ഞപ്പോള്‍ വൈകിപോയി.
എല്ലാം .
ഇന്ദുവിന്റെ മരണം അറിഞ്ഞപ്പോള്‍ മാത്രമല്ല.
അയാള്‍ക്ക് മറ്റു രഹസ്യ പ്രണയങ്ങള്‍ കൂടിയുണ്ടായിരുന്നെന്ന് അറിഞ്ഞപ്പോള്‍.
“ഇന്നത്തെ കാലത്ത് ഇത് വലിയ കാര്യമൊന്നുമല്ല..സം റിലേഷന്‍ ഹാപ്പന്‍ ജസ്റ്റ് ഫോര്‍ ഫണ്‍.”അയാള്‍ അത് പറയുമ്പോള്‍ തന്റെ ഹൃദയം ഉറഞ്ഞുകൂടുകയായിരുന്നു.കല്ല്‌പോലെ ഉറച്ച ഒരു വെളുത്ത മഞ്ഞുകട്ട.
അയാള്‍ അവിടെ ആഘോഷിക്കുകയാണ്.അയാള്‍ കാരണമാണ് തന്റെ മാതാപിതാക്കള്‍ തന്നെ ഉപേക്ഷിച്ചത്.സ്വന്തം അനിയത്തിയുടെ ശവംപോലും കാണാന്‍ വരാതെ കാമുകന്റെ കൂടെ പോയവള്‍..
അയാള്‍ അനുഭവിക്കണം.നാളെ നേരം പുലരുമ്പോള്‍ അയാള്‍ അറിയണ്ടത് തന്റെ മരണവാര്‍ത്തയാവണം.
ലൈഫ് ഈസ് നോട്ട് ഫണ്‍.
ഉള്ളില്‍ മരിക്കാനുള്ള തീരുമാനം ഉറയ്ക്കുബോള്‍ തണുപ്പ് മായുന്നു .ശരീരം ചൂട് പിടിക്കുന്നു.
നേരെ അടുക്കളയിലേക്ക് നടന്നു.ഒരു കത്തിയുടെ മൂര്‍ച്ചയുള്ള അഗ്രം മതി തന്റെ ഞരമ്പ്‌ മുറിക്കാന്‍.
പച്ചക്കറി മുറിക്കുന്ന കത്തിയാണ് തിരഞ്ഞത്.കാണുന്നില്ല.
എല്ലാം കിച്ചന്‍ കാബിനറ്റില്‍ അടച്ചു വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.
ഒരു റാക്ക് തുറന്നു.അകത്തു ഒരു പിച്ചാത്തിയുടെ അറ്റം കണ്ടു.ആശയോടെ കൈ അകത്തേക്കിട്ടു അത് വലിച്ചെടുത്തപ്പോള്‍ ഒരു കടലാസ് കഷണം ഉലയുന്ന ശബ്ദം.
അകത്തു ഒരു ബുക്ക് ആരോ ചുരുട്ടി വച്ചിരിക്കുന്നു.
കത്തിക്കൊപ്പം ആ ബുക്കും പുറത്തെടുത്തു.
താളുകള്‍ നിവര്‍ത്തി.
എല്ലാം പെയിന്റിങ്ങുകളാണ്.ഇന്ദു തനിക്കായി ഒളിപ്പിച്ചുവച്ച അവളുടെ ചിത്രങ്ങള്‍.
ഓരോന്നായി താളുകള്‍ മറിച്ചു.
ആദ്യം താനും അയാളും ബൈക്കിനരികില്‍ മൂന്നാറിലേക്കുള്ള വഴിയോരത്ത് ഒരുമിച്ചിരിക്കുന്നത്‌.അടുത്തത് അയാളും താനും സെല്‍ഫി എടുക്കുന്നത് ,അടുത്തതു തങ്ങള്‍ യൂറോപ്പില്‍ യാത്ര ചെയ്യുന്നത് ,പിന്നെ തന്റെ നിറഞ്ഞ കണ്ണുകള്‍ ,പിന്നെ താന്‍ ഈ ബംഗ്ലാവില്‍ ആ ജനാലയ്ക്കരികില്‍ പോയി നില്‍ക്കുന്നത്.
ഏറ്റവും ഒടുവില്‍ താന്‍ ആ കത്തിയുമായി അടുക്കളയില്‍ മരിക്കാന്‍ ഒരുങ്ങുന്ന ചിത്രം.അതിനു മാത്രം ഒരു വ്യതസ്തയുണ്ടായിരുന്നു.
ആ ചിത്രത്തില്‍ ഇന്ദുവുമുണ്ട്.
അടുക്കളവാതില്‍ക്കല്‍ നിന്ന് അരുതേ എന്ന് നിറഞ്ഞ കണ്ണുകളോടെ അവള്‍ യാചിക്കുന്നു.
വാതില്‍ക്കലേക്ക് നോക്കി.
ഒരു തണുത്ത ശൂന്യത.
അവിടെ ഇന്ദുവുണ്ട്.
അവളെ തനിക്ക് കാണാനാകുന്നില്ല.
അവള്‍ക്ക് പക്ഷെ തന്നെ കാണാനാകും..
“മോളെ...എന്റെ ഇന്ദു..”ആ കത്തി വലിച്ചെറിഞ്ഞു ഒരു പൊട്ടിക്കരച്ചിലോടെ ആ ശൂന്യതയിലേക്ക് വീണു.അത് മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളു.
നേരം പുലര്‍ന്നു ഏറെ നേരം കഴിഞ്ഞപ്പോഴാണ് ഉണര്‍ന്നത്.
ഇന്നലെ...ഇന്നലെ എനിക്ക് എന്താണ് സംഭവിച്ചത് ?
അരികില്‍ അവളുടെ സ്കെച്ചു ബുക്ക് കിടപ്പുണ്ട്.
അത് തുറന്നു നോക്കി.
അതില്‍ ഒരേ ഒരു ചിത്രം മാത്രം.
അച്ഛനും അമ്മയും താനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.അല്‍പ്പം മാറി തങ്ങളെ വരയ്ക്കുന്ന ഇന്ദു.
ഒരു കണ്ണീര്‍ത്തുള്ളി ആ കടലാസിലേക്ക് ഇറ്റ് വീണു.
ആ ചിത്രവും നെഞ്ചോടു ചേര്‍ത്ത് വെളിയിലേക്കിറങ്ങി.
വെയില്‍ തെളിഞ്ഞിരിക്കുന്നു.
മുറ്റത്തെ പേരറിയാ മരത്തിന്റെ ചില്ലയില്‍ മഞ്ഞുരുകുന്നു.
മെഴുകുപോലെ.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot