ബസ്സില്‍ എന്റെ സീറ്റിനരികിലാണ് അയാളും കുഞ്ഞും ഇരുന്നത്.നല്ല ഓമനത്തമുള്ള അഞ്ചു വയസ്സുകാരന്‍.
അയാള്‍ മൊബൈലില്‍ ആരുമായോ ചാറ്റ് ചെയ്യുകയാണ്.ഇടയ്ക്കിടെ അയാളുടെ മുഖത്ത് ഒരു കാമുകന്റെ ചിരി വിടരുന്നുണ്ട്.
കുട്ടി എന്നെ നോക്കി ചിരിച്ചു.ഞാന്‍ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
അവന്റെ ടീഷര്‍ട്ടില്‍ ആയിരം നീലനക്ഷത്രങ്ങള്‍ വിടരുന്ന ചിത്രം .ഓരോ നിമിഷവും അവന്റെ ചലനത്തിനൊപ്പം അവ പുറത്തേക്ക് വരാന്‍ വെമ്പുന്നത് പോലെ.
സന്ധ്യയാകുന്നു.രാത്രിയാകാശത്തില്‍ നക്ഷത്രപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നു.
സന്ധ്യയാകുന്നു.രാത്രിയാകാശത്തില്‍ നക്ഷത്രപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നു.
ആ നക്ഷത്രങ്ങള്‍ ജനിക്കുന്നത് അവന്റെ കുഞ്ഞു നെഞ്ചിലാണെന്ന് എനിക്ക് തോന്നി.
ചുവന്ന വെളിച്ചത്തിന്റെ പൊട്ടുകള്‍ വിടരുന്ന നഗരത്തിന്റെ ഉത്സവസന്ധ്യയിലേക്ക് ഞങ്ങളുടെ ബസ് മെല്ലെ പ്രവേശിച്ചു.
അവന് ഉറക്കം വരുന്നുണ്ടായിരുന്നു.എങ്കിലും അവന്‍ ഇടയ്ക്കിടെ ബസിന്റെ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
തടിച്ചു കറുത്ത കരടിയുടെ ചിത്രമുള്ള ഒരു വലിയ ബലൂണ്‍ പൊങ്ങിപ്പറക്കുന്നത് അവന്‍ അച്ഛനെ കാണിക്കാന്‍ ശ്രമിച്ചു.അയാള്‍ അവന്റെ കൈകള്‍ ഈര്‍ഷ്യയോടെ തട്ടിമാറ്റി.എനിക്കത് കണ്ടു സങ്കടം തോന്നി.അവനും സങ്കടം വന്നു .പക്ഷേ അവന്‍ അത് വേഗം മറന്നെന്ന് തോന്നി.കാരണം ബസ് നിര്‍ത്തിയപ്പോള്‍ ഒരു വഴിവാണിഭക്കാരന്‍ അവനെനോക്കി ചിരിച്ചുകൊണ്ട് വില്‍ക്കാന്‍ വച്ചിരുന്ന ഒരു പുല്ലാങ്കുഴല്‍ ഊതി.അവന്‍ കണ്ണുകള്‍ വിടര്‍ത്തി അയാളെ നോക്കിയിരുന്നു.പക്ഷെ പാട്ട് തീരുംമുന്‍പേ ബസ് മുന്‍പോട്ടെടുത്തു.എനിക്കപ്പോള്‍ ഞങ്ങളുടെ ബസ്സിന്റെ ഡ്രൈവറോട് ദേഷ്യം തോന്നി.
അയാള്‍ക്ക് ഒരു ഫോണ്‍ വന്നു.
“അവനിവിടെയുണ്ട്.എവിടെ പോകാനാ.നിന്റെ നിര്‍ബന്ധം കാരണമാ.ഒരു നിമിഷം അടങ്ങിയിരിക്കുന്നില്ല.എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്.”.അയാള്‍ ഫോണിനോട് മുറുമ്മി.
അവന്‍ ആ ഫോണ്‍ പിടിച്ചു വാങ്ങി ചിണുങ്ങി.
“അമ്മ ,ഐസ്ക്രീം അച്ഛനോട് ..”
പറഞ്ഞുതീരുന്നതിനുമുന്‍പ് അയാള്‍ അവന്റെ കയ്യില്‍നിന്ന് ഫോണ്‍ വാങ്ങി കട്ട് ചെയ്തു.
എനിക്കപ്പോള്‍ ഡ്രൈവറോടു തോന്നിയ ദേഷ്യം കുറഞ്ഞു.
അയാള്‍ക്ക് വീണ്ടും ഫോണ്‍ വന്നു.ഇപ്പോള്‍ അയാളുടെ മുഖത്ത് ഒരു പ്രണയഭാവമുണ്ട്.
“എന്റെ കൂടെ കൊച്ചുണ്ട്.ഉത്സവത്തിന് പോവുകാ. ഇറങ്ങിയിട്ട് ചാറ്റ് ചെയ്യാം.”അയാള്‍ മെല്ലെ ഫോണിനോട് പറയുന്നത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു.
ഞങ്ങള്‍ ഉത്സവപറമ്പിനു മുന്‍പില്‍ ബസ്സിറങ്ങി.
ലക്ഷദീപത്തിന്റെ മഞ്ഞവെളിച്ചത്തില്‍ ചിരിതൂകുന്ന മുഖങ്ങള്‍.ചന്ദനത്തിന്റെയും കര്‍പ്പൂരത്തിന്റെയും ഗന്ധം.ഉലയുന്ന പട്ടുപാവാടകള്‍.അല്‍പ്പമകലെ ഗാനമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങുന്നു.ഐസ്ക്രീം വില്‍പ്പനക്കാര്‍,കളിപ്പാട്ടങ്ങളും,കുപ്പിവളകളും വില്‍ക്കുന്ന കടകള്‍.സൂചികുത്താനിടമില്ലാത്ത തിരക്ക്.അതിനിടയിലേക്ക് അയാളുടെ കൈയില്‍ തൂങ്ങി അവന്‍ മറയുന്നത് ഞാന്‍ കണ്ടു.
വെടിക്കെട്ട് തുടങ്ങി.പലനിറത്തില്‍ വിടരുന്ന വര്‍ണ്ണക്കുടകള്‍ ആകാശത്തില്‍ പൊട്ടിവിടരുന്നു.ഞാന്‍ അവന്റെ നക്ഷത്രങ്ങള്‍ ജനിക്കുന്ന ഇളംനെഞ്ചിനെക്കുറിച്ച് ആലോചിച്ചു.
വെടിക്കെട്ട് തീര്‍ന്നപ്പോള്‍ ഗാനമേള ആരംഭിച്ചു.പഴയ പാട്ടുകള്‍.എനിക്ക് മടുത്തു.ഉറക്കവും വന്നു തുടങ്ങിയിരിക്കുന്നു.അവനിപ്പോള്‍ അയാളുടെ തോളില്‍ മയങ്ങിക്കിടക്കുകയാവും.
ഞാന്‍ തിരികെപോകാന്‍ ബസ്സില്‍ കയറി.ബസ്സില്‍ നല്ല തിരക്ക്.
ഒരു സീറ്റിന്റെ അരികില്‍ അയാള്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.അയാള്‍ ഇപ്പോഴും ഫോണില്‍ കുത്തുകയാണ്.
അയാളുടെ ഒപ്പം അവനുണ്ടായിരുന്നില്ല.
അയാളുടെ അടുത്തിരുന്നയാള്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ അയാളുടെയൊപ്പം ഇരുന്നു.
അയാളുടെ കുഞ്ഞ്...എന്റെ ഉള്ളില്‍ ചോദ്യം വെമ്പി .
ഒടുവില്‍ അയാള്‍ മൊബൈലില്‍നിന്ന് മുഖംഉയര്‍ത്തിയപ്പോള്‍ മടിച്ചു മടിച്ചു ഞാന്‍ അയാളോട് ചോദിച്ചു.
“കുട്ടി എവിടെ ?”
അയാള്‍ ഒരുനിമിഷം എന്നെനോക്കി ഭാവഭേദമൊന്നുമില്ലാതെയിരുന്നു.
പിന്നെ ..അലറിക്കരഞ്ഞുകൊണ്ട് എഴുന്നേറ്റു.
“അയ്യോ...അയ്യോ..എന്റെ മോനെ കാണാനില്ല..വണ്ടി നിര്‍ത്തു...”.
വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ ആ ഉത്സവപറമ്പിലേക്ക് ഓടിമറയുന്നത് ഞാന്‍ നോക്കിയിരുന്നു.
അയാള്‍ക്ക് അവനെ വലിയ ഇഷ്ടമായിരുന്നുവെന്നു തോന്നുന്നു.എനിക്കും.
(അവസാനിച്ചു)
By Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക