
ഓഡിറ്റോറിയത്തിനു മുൻപിൽ ചുവന്ന ബലൂണുകൾക്കൊണ്ട് തീർത്ത വലിയ കമാനമുണ്ടായിരുന്നു. പുസ്തകപ്രകാശന ചടങ്ങിലേയ്ക്ക് സ്വാഗതം എന്ന് തിളങ്ങുന്ന അക്ഷരങ്ങളിൽ അതിൽ എഴുതിയിട്ടുണ്ട്.
ഞാൻ ആദ്യമായാണ് അത്തരമൊരു ചടങ്ങിന് ചെല്ലുന്നത്. തീരെ നിവൃത്തിയില്ലാഞ്ഞതു കൊണ്ടാണ് ഞാൻ പോയതുതന്നെ. കാരണം എന്റെ കുഞ്ഞിനു സുഖമില്ലാതെ സർക്കാരാശുപത്രിയിലായിട്ട് നാല് ദിവസമായി.
ഹാളിനടുത്തുള്ള മൈതാനത്ത് വില കൂടിയ കാറുകൾ വന്നു പാർക്ക് ചെയ്യുന്നതും സമൂഹത്തിലെ ഉയർന്ന തട്ടിലുള്ള മാന്യരായ മനുഷ്യർ പ്രൗഡമായി ചടങ്ങ് നടക്കുന്ന ഹാളിലേയ്ക്ക് പ്രവേശിക്കുന്നതും ഞാൻ കണ്ടു.ബസ്സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷക്കു വരാൻ പണമില്ലാഞതുകൊണ്ട് പൊരിവെയിലത്ത് ഒന്നര കിലോമീറ്റർ നടന്നതു കൊണ്ട് എന്റെ ശരീരം വിയർത്തു കുളിച്ചിരുന്നു. കുഞ്ഞിന്റെ കൂടെ ആശുപത്രി വാസമായതു കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങൾക്ക് മരുന്നിന്റെ വാട.
ശീതികരിച്ച ഹാളായിരുന്നു അത്. സമ്പന്നതയുടെ സുഖകരമായ ഒരു ഗന്ധം അതിനുള്ളിൽ തങ്ങി നിന്നിരുന്നു. സുന്ദരികളായ സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന പ്രൗഡമായ സദസ്സ്.വിയർത്തു മുഷിഞ്ഞ ഷർട്ടും മുണ്ടും അണിഞ്ഞ എനിക്ക് സ്വയം വെറുപ്പ് തോന്നി.അപകർഷതയോടെ മുഖം താഴ്ത്തി ഞാൻ ഏറ്റവും ഒടുവിലെ നിരയിലെ അറ്റത്തെ കസേരയിൽ ചെന്നിരുന്നു.
" ഇത്ര മനോഹരമായ ഒരു കാവ്യം മലയാളത്തിലുണ്ടായിട്ടില്ല. സ്വന്തം ഹൃദയരക്തം കൊണ്ടാണ് കവി ഇതെഴുതിയിരിക്കുന്നത്.വിദേശത്ത് അനേകം കമ്പനികളുടെ ഉടമയായ എഴുത്തുകാരൻ തിരക്കുകൾക്കിടയിലും തന്റെ കഷ്ടത നിറഞ്ഞിരുന്ന ഭൂതകാലത്തേ കുറിച്ച് ഓർത്തപ്പോൾ നമുക്ക് ലഭിച്ചത് അമൂല്യമായ ഒരു കവിതാ സമാഹാരമാണ്. "
എനിക്ക് കാണേണ്ടിയിരുന്നയാൾ പരിപാടിയുടെ നടത്തിപ്പിന്റെ തിരക്കിനിടയിലാണ്. വേദിയുടെ ഒരു കോണിൽ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്ന അയാൾ എന്നെ ഒന്നു കണ്ടിരുന്നെങ്കിൽ!
എഴുത്തുകാരനെ പൊന്നാട അണിയിക്കുന്ന ചടങ്ങ് കഴിഞ്ഞു. മാംസം മുറ്റിയ കഴുത്ത് തിളങ്ങുന്ന പൊന്നാടയിൽ മിന്നി. ഒരു ചക്രവർത്തിയെ പോലെ അയാൾ വേദിയിലിരുന്നുകൊണ്ട് ചടങ്ങിനെത്തിയവരെ വീക്ഷിക്കുകയാണ്. എല്ലാവരും അയാളുടെ പരിചയക്കാരായ ഉന്നതരാണ്, ചിലരെ നോക്കി അയാൾ ചിരിച്ചു കൊണ്ട് തലയാട്ടുന്നുമുണ്ട്. ഒടുവിൽ ആ നോട്ടം എന്റെ മുഖത്തു വന്നു തറച്ചു.പൊള്ളലേറ്റതു പോലെ ഞാൻ മുഖം കുനിച്ചു.
തലയുയർത്തിയപ്പോൾ എനിക്ക് കാണേണ്ടയാളിനെ അയാൾ വിളിച്ചു സംസാരിക്കുന്നത് കണ്ടു. ഇപ്പോഴും എഴുത്തുകാരന്റെ നോട്ടം എന്റെ മുഖത്താണ്. പക്ഷേ അയാളുടെ മുഖഭാവം ആകെ മാറിയിരിക്കുന്നു. വെറുപ്പും ഭയവുമാണ് ആ മുഖത്ത്.
നടത്തിപ്പുകാരൻ വേഗം വേദിയിൽ നിന്നിറങ്ങി എന്റെയരികിൽ വന്നു.അയാളുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നിരിക്കുന്നു.
"നിങ്ങൾ ഇപ്പോ എന്തിനിങ്ങോട്ടു വന്നു?" അയാൾ മുരണ്ടു.
" പണം ഇതു വരെ കിട്ടിയില്ല. എന്റെ കുഞ്ഞ്… ആശുപത്രി.. " ഞാൻ തപ്പിതടഞ്ഞു.
" പറഞ്ഞതിൽ കൂടുതൽ പണം ഇന്നു വൈകുന്നേരം എത്തിക്കും. വേഗം പോകൂ. അദ്ദേഹം ആകെ ടെൻഷനിലാണ് ." അയാൾ ധൃതിവച്ചു.
ഞാൻ വേഗം പുറത്തിറങ്ങി,
"അടുത്ത അക്കാദമി അവാർഡ് ഈ കവിതകൾക്കായിരിക്കും." ആശംസാ പ്രസംഗകൻ പറയുന്നതു ഞാൻ കേട്ടു.
"അടുത്ത അക്കാദമി അവാർഡ് ഈ കവിതകൾക്കായിരിക്കും." ആശംസാ പ്രസംഗകൻ പറയുന്നതു ഞാൻ കേട്ടു.
അത് എന്റെ കവിതകളാണ് എന്ന് ഉറക്കെ അട്ടഹസിക്കാൻ എനിക്ക് തോന്നി.പക്ഷേ കുഞ്ഞിനു വാങ്ങാൻ ഡോക്ടർ എഴുതിയ വില പിടിച്ച മരുന്നുകളുടെ പോക്കറ്റിൽ കിടന്ന കുറിപ്പ് എന്നെ അതിൽനിന്ന് തടഞ്ഞു.
(അവസാനിച്ചു)
By Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക