നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 4


***************************************************************************************
Reserved Forest Area , Elephanta Island, Mumbai - അതേ സമയം.
***************************************************************************************
കാതു തുളക്കുന്ന ഹെലികോപ്റ്റർ ബ്ലേഡിന്റെ ശബ്ദമാണ് ഡോ. രഘുചന്ദ്രയെ ഉണർത്തിയത്.
കണ്ണു തുറന്നതും അസഹ്യമായ വേദനയാൽ അലറി നിലവിളിച്ചു പോയി അദ്ദേഹം. തലക്കു പുറകിൽ ബെഡ്ഡിനോട് ചേർത്തു സ്ഥാപിച്ചിരുന്ന അനേകം മെഡിക്കൽ ഉപകരണങ്ങളിൽ നിന്നും അപായ മണികൾ മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഇടതു കണ്ണു മൂടി വെച്ചിരുന്ന ബാൻഡേജ് രക്തത്തിൽ കുതിർന്നു.
“ഡോക്ടർ!” തൊട്ടടുത്തു തന്നെ ഒരു പെൺകുട്ടിയുടെ ഉറക്കെയുള്ള വിളി കേട്ടു.
“ആഹാ! എഴുന്നേറ്റോ ?” ഗ്ലാസ്സ് ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ഡോക്ടറുടെ കൈ കടന്നെടുത്ത അയാൾ ഒരു വെളുത്ത ലാബ് കോട്ടാണ് ധരിച്ചിരുന്നത്. കഴുത്തിൽ സ്റ്റെതസ്കോപ്പും കയ്യിൽ ക്ലിപ്പ് ബോർഡുമൊക്കെയായി ഒരു ഡോക്ടറാണെന്ന് വിളിച്ചറിയിക്കും വിധമായിരുന്നു അയാളുടെ വേഷവിധാനം.
“വാട്ട് ദ ഫക്ക് ഹപ്പെൻഡ് റ്റു മീ ശങ്കർ ?” ഡോ. രഘുചന്ദ്ര അലറി. “എന്റെ കണ്ണുകൾ...”
“ഈസി...ഈസി ഡോക്ടർ...ബഹളം വെക്കല്ലേ. എല്ലാം ഞാൻ പറഞ്ഞു തരാം.” അയാൾ ഡോക്ടറുടെ വായ് പൊത്തി.
“താങ്കളുടെ ഇടതു കണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കോൺക്രീറ്റ് കഷണം ഐ സോക്കറ്റിലേക്ക് തറഞ്ഞു കയറിയ നിലയിലായിരുന്നു.”
രഘുചന്ദ്ര നിശബ്ദനായി.
“താങ്കൾ കണ്ണുകൾ ചലിപ്പിച്ചാൽ മുറിവ് വീണ്ടും വഷളാകും. അതുകൊണ്ട് സ്ഥിരമായി ഒരു പോയിന്റിലേക്ക് തന്നെ നോക്കി കുറച്ചു നാൾ കഴിയേണ്ടി വരും. അല്ലെങ്കിൽ ഒരു ഐ പാച്ച് കൊണ്ട് രണ്ടു കണ്ണുകളും മറക്കാം. യു സീ, ഒരു കണ്ണ് അനങ്ങുമ്പോൾ മറ്റേതും അനങ്ങുമല്ലോ.”
“ശരിക്കും അവിടെ എന്താണുണ്ടായത്?” രഘുചന്ദ്ര ശാന്തനായി.
“നിങ്ങൾ എനിക്കു പറഞ്ഞു തരണം ഡോക്ടർ. എല്ലാവരും കൺഫ്യൂസ്ഡാണ്.ഇന്നലെ താങ്കളുടെ ക്ലിനിക്കിൽ എന്താണുണ്ടായത്?”
ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. ഡോ. ശങ്കർ അദ്ദേഹത്തിന്റെ തുടിക്കുന്ന വലം കണ്ണിലേക്കു തന്നെ അക്ഷമനായി നോക്കിയിരുന്നു. ഒടുവിൽ.
“ഈ കണ്ണ് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പറ്റില്ലേ?” ഡോ. രഘുചന്ദ്ര ഹതാശനായിരുന്നു.
“ഒരു മുഴുവൻ കണ്ണ് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പറ്റുമോ ഡോക്ടർ? താങ്കളും ഇതൊക്കെ പഠിച്ചിട്ടുള്ളതല്ലേ? അതോ, ഇനി മെഡിക്കൽ ഡിഗ്രിയുണ്ടെന്നു പറയുന്നതെല്ലാം വെറുതെയാണോ?”
അദ്ദേഹം ഞെട്ടി ശങ്കറിനെ നോക്കി. ഇന്നലെ സുജിത്ത് ചോദിച്ച അതേ ചോദ്യം. പല്ലുകൾ ഞെരിഞ്ഞമർന്നു.
“എന്തായാലും, കഴിഞ്ഞതു കഴിഞ്ഞു. ഒരു കണ്ണു ബാക്കിയുണ്ടല്ലോ. അതു തന്നെ ധാരാളം. ഇതെവിടെയാണീ സ്ഥലം?”
“ഇത്, എലിഫെന്റാ ഐലൻഡ്. നമ്മൾ മുംബൈ വിട്ടിട്ടില്ല.”
“ഇതൊരു ടൂറിസ്റ്റ് പ്ലേസല്ലേ?” ഡോക്ടറുടെ ചോദ്യത്തിൽ ആശ്ചര്യമായിരുന്നു.
“ഏയ്... പേടിക്കണ്ട. ടൂറിസമൊക്കെ ഈ മലയുടെ അപ്പുറത്താണ്.“ ശങ്കർ കൈ കൊണ്ട് ആംഗ്യം കാട്ടി. ” ഈ വന മേഖല പൂർണ്ണമായും മിലിട്ടറി നിയന്ത്രണത്തിലാണ്. ഹെലികോപ്റ്ററിലല്ലാതെ ഇവിടേക്ക് എത്തിപ്പെടാനാകില്ല. “
ഡോക്ടറുടെ നോട്ടം മുറിക്കുള്ളിലെ വിവിധ വൈദ്യുതോപകരണങ്ങളിലേക്കായപ്പോൾ ശങ്കർ തുടർന്നു,”എല്ലാം ജനറേറ്ററിലാണ്. അഞ്ചാറു മാസത്തേക്കുള്ള സപ്പ്ളേയ്സ് ഉണ്ട്. പേടിക്കണ്ട. “
”അപ്പൊ എനിക്ക് ഇവിടെ ഒരു ലാബ് തുടങ്ങി, എക്സ്പെരിമെന്റ്സ് കണ്ടിന്യൂ ചെയ്യാം. അല്ലേ? “
”ആദ്യം നമുക്ക് ഒരു നഷ്ടക്കണക്കെടുക്കാം. എന്നിട്ടു മതി ബാക്കി. അറിയാമോ? 30 ജീവനാണ് ഇന്നലത്തെ ആ പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. “
”യാ... പക്ഷേ അതെല്ലാം, ഒരു നലിയ നേട്ടത്തിനു വേണ്ടി-“
”കൊടുക്കേണ്ടി വരുന്ന ചെറിയ വില. എനിക്കറിയാം. നിങ്ങൾ അത് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ.“ ശങ്കർ അയാളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. ”നമുക്ക് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് വേണം. ഇനിയങ്ങോട്ട് എന്തായിരിക്കണമെന്ന് തീരുമാനിക്കണം. പിന്നെ താങ്കളുടെ ഈ രഹസ്യ സ്വഭാവം... അതിനെപ്പറ്റി ഒന്നു സംസാരിക്കണം. കാരണം, കോടികൾ കുറച്ചധികമായി മുടക്കുന്നു. ഇതുവരെ നമുക്കൊരു നല്ല റിസൾട്ട് കാണിക്കാനായിട്ടില്ല. ഇന്നലത്തെ മിലിട്ടറി ആക്ഷനിൽ, എല്ലാം നശിപ്പിച്ചു കളയേണ്ടി വന്നു. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം. “
”വെൽ...“ഡോക്ടർ തന്റെ തലയിലേക്കു വിരൽ ചൂണ്ടി. ”ഇതിനകത്താണ് എല്ലാം. എന്റെ ബ്രെയിൻ ഇൻറ്റാക്റ്റ് ആയിരിക്കുന്നിടത്തോളം, എക്സ്പെരിമെന്റ് സേഫാണ്. ഇപ്പോ നമ്മൾ ഏതാണ്ട് 90% വിജയിച്ചും കഴിഞ്ഞു സുഹൃത്തേ. അതിന്റെ തെളിവാണ് പേഷ്യന്റ് 27. മി. സുജിത്ത്! അവൻ പെർഫെക്റ്റ് ആയിരുന്നു. ഏതാണ്ട് 3 മാസത്തോളം അവനെ ഞാൻ ടെസ്റ്റ് ചെയ്തതാണ്. നോ സൈഡ് എഫക്റ്റ്സ്! പക്ഷേ...“
“ഓക്കേ! ലെറ്റ് അസ് ടോക്ക് എബൗട്ട് ദാറ്റ്! സുജിത്തിനെപ്പറ്റി പറയൂ. അവനെന്താണു സംഭവിച്ചത്?” ശങ്കർ ബെഡ്ഡിനോടു ചേർന്ന് ഒരു സ്റ്റൂളിൽ ഇരുന്നു.
“ശങ്കർ! നിങ്ങളുടെ ഈ ചോദ്യം ചെയ്യൽ എനിക്കത്ര താല്പ്പര്യമായി തോന്നുന്നില്ല കേട്ടോ. ആരാണ് നിങ്ങളെ ഈ ചാർജ്ജെല്ലാം ഏല്പ്പിച്ചത്? ഇതെന്റെ എക്സ്പെരിമെന്റ്. പരിപൂർണ്ണമായും എന്റേതു മാത്രമാണ്. മുഴുവനും എന്റെ സ്വാതന്ത്ര്യത്തിലായിരിക്കും എന്ന് ഉറപ്പു തന്നതുകൊണ്ടു മാത്രമാണ് ഞാനിതിനു സമ്മതിച്ചതു തന്നെ. മനസ്സിലായോ?”
“ഡോക്ടർ...” ശങ്കർ പുഞ്ചിരിച്ചു. “നിങ്ങൾക്കൊരു ഇരട്ടപേരുണ്ട്. അറിയാമോ? ഏഞ്ചൽ ഓഫ് ഡെത്ത്! അതായത്, നിങ്ങളെ ആരെങ്കിലും ഒരിക്കൽ പരിചയപ്പെട്ടാൽ, വെറുതേ കൈ പിടിച്ചൊന്നു കുലുക്കിയാൽ, പിന്നെ അവന് അധികം ആയുസ്സുണ്ടാകില്ല. ഉദാഹരണത്തിന് എന്നെ നോക്കൂ. താങ്കളുടെ ജീവൻ രക്ഷിച്ചിട്ടാണ് ഞാൻ ഇവിടെ ഈ ഇരിക്കുന്നത്. പക്ഷേ ഇനി എനിക്കൊരു സാധാരണ ജീവിതം സാധ്യമാണോ? ഞാൻ നിങ്ങളെ ചോദ്യം ചെയ്യുകയല്ല. നമ്മൾ ഒരുമിച്ച് ഇത്രയും വന്നു. ഇനിയെങ്കിലും ഇത് ഭംഗിയായി അവസാനിപ്പിക്കാനുള്ള ശ്രമമാണ്.”
ഡോക്ടറുടെ മുഖം തെളിഞ്ഞില്ല. അയാൾ അനിഷ്ടത്തോടു കൂടിത്തന്നെ തുടർന്നു. “എല്ലാം ഭംഗിയായിത്തന്നെ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. പതിയെ പതിയെ ഞാൻ ഡോസേജിൽ ചെറിയൊരു മാറ്റം വരുത്തി. ഈ മരുന്നു കിട്ടിയില്ലെങ്കിൽ അവൻ വയലന്റാകുന്നുണ്ടോ എന്നു കൂടി നോക്കണ്ടേ. ഇത്രയും കാശു മുടക്കി, അഡിക്ടീവായൊരു മയക്കുമരുന്നാണ് ഉണ്ടാക്കിയതെന്നു വരരുതല്ലോ. സോ, അളവു കുറച്ചു കൊണ്ടു വന്നു, പെട്ടെന്നൊരു ദിവസം, ഞാൻ ട്രീറ്റ്മെന്റ് നിർത്തിവെച്ചു. എന്താണുണ്ടാകുക എന്നറിയാൻ വേണ്ടി മാത്രം. അവിടെയാണെനിക്ക് പിഴച്ചത്...“
”അവൻ വയലന്റായി. അല്ലേ?“
”ഉം... വയലൻസ് മാത്രമല്ല, ചെറുതായി സൈക്കോട്ടിക്ക് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഹലൂസിനേഷൻസ്. മായക്കാഴ്ച്ചകൾ ഒക്കെ കാണാൻ തുടങ്ങിയതായി പറഞ്ഞു. മുൻപത്തെ പേഷ്യന്റ്സിനും ഇതൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവന്റെ കേസിൽ, വ്യത്യാസമുണ്ടായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവൻ സ്റ്റേബിളായിരുന്നു. കണ്ട്രോൾ ഉണ്ടായിരുന്നു. സോ, ഞാൻ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിച്ചു. പക്ഷേ, അവൻ അപ്പോഴേക്കും എന്തൊക്കെയോ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അവസാനത്തെ ഡോസ് സിറിഞ്ചിലാക്കി ഞാൻ അവനു കൊടുത്തയച്ചു. പക്ഷേ അവൻ അത് ഇഞ്ചെക്റ്റ് ചെയ്ത ലക്ഷണമില്ല. പിറ്റേന്ന്, അതായത് ഇന്നലെ ക്ലിനിക്കിൽ വന്നപ്പോൾ വല്ലാതെ വയലന്റായിരുന്നു. ഞാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ, ഒരു സെല്ലിൽ ലോക്ക് ചെയ്തിടാൻ പറഞ്ഞു. അതിനു വേണ്ടി അവനെ കൊണ്ടു പോകുമ്പോഴാണ് ...“
”ഈ സ്ഫോടനം. അല്ലേ?“
ഡോക്ടർ തലയാട്ടി.
കുറേ നേരത്തേക്ക് പിന്നെ നിശബ്ദതയായിരുന്നു. ഡോക്ടറുടെ ഇടത്തേ കണ്ണിലെ ബാൻഡേജ് രക്തത്തിൽ കുതിർന്നു കഴിഞ്ഞിരിക്കുന്നു. ഒടുവിൽ,
“അവൻ തന്നെയാണോ സ്ഫോടനം നടത്തിയത്?” ശങ്കർ നിശബ്ദത ഭംജിച്ചു.
“അവനല്ലാതെ വേറെയാര്?”
“അത്രയും സ്ഫോടക വസ്തുക്കൾ അവന്റെ കയ്യിൽ വരുന്നതെങ്ങനെ? അതും, അത്ര വിദഗ്ധമായി അവനതെങ്ങനെ പ്ലേസ് ചെയ്തു?”
ഡോക്ടറിൽ നിന്നും ഒരു ദീർഘനിശ്വാസം കൂടി ഉയർന്നു. “ആർ ഡി എക്സ് ആ ബിൽഡിങ്ങിൽ തന്നെ ബേസ്മെന്റിൽ ഞാൻ കരുതിയതാ. എല്ലാം കഴിയുമ്പോൾ കെട്ടിടം തകർക്കാൻ തന്നെയായിരുന്നല്ലോ പ്ലാൻ. അവൻ എങ്ങനെയോ അതു കണ്ടുപിടിച്ചിരിക്കണം. ടൈമർ വെച്ചുള്ള എന്തെങ്കിലും സംവിധാനം അവൻ ഉണ്ടാക്കിയതാകാനാണ് വഴി.”
“പക്ഷേ, അതിനു നല്ല എക്സ്പീരിയൻസ് വേണ്ടേ? ഇയാൾ വെറും ഒരു സാദാ മേജറല്ലേ?”
അതിനുള്ള മറുപടി ഒരു കൂർത്ത നോട്ടമായിരുന്നു. സാധാരണ മേജർ എന്ന പ്രയോഗം ഡോക്ടർക്കിഷ്ടപ്പെട്ടില്ല എന്നു വ്യക്തം. ”അവനെ ജീവനോടെ കിട്ടിയോ? “ മുഖഭാവം മാറാതെ തന്നെയായിരുന്നു ഡോക്ടറുടെ ചോദ്യം.
ശങ്കർ മുഖമുയർത്തി. ”ആ ബാൻഡേജ് മാറ്റണം. ഞാൻ പോയി ആ നേഴ്സിനെ ഇങ്ങോട്ടു വിടാം. “
”ഞാൻ ചോദിച്ചതു കേട്ടില്ലേ ശങ്കർ? സുജിത്തിനെ കിട്ടിയോ?“
”താങ്കൾ വയലന്റാകരുത്. അവൻ ആ തിരക്കിനിടയിൽ, ഒരു പട്ടാളക്കാരനെ അടിച്ചു വീഴിച്ച് അവന്റെ യൂണിഫോം ധരിച്ച് അവരുടെ തന്നെ ഒരു ജീപ്പിൽ സ്ഥലം വിട്ടു. ആകെ 4 മിനിറ്റ് മിഷനായിരുന്നു. ആർക്കും ശ്രദ്ധിക്കാനായില്ല.“
”വാട്ട്!!“
”അവൻ വളരെ സ്മാർട്ടല്ലേ? നിങ്ങളല്ലേ അവന്റെ ഡോക്ടർ? എന്തായാലും പേടിക്കണ്ട. ആ ജീപ്പ് ട്രാക്ക് ചെയ്തിട്ടുണ്ട്. ‘തുൽസി’ ലെയ്ക്കിനടുത്ത് ഒരു കൊക്കയിലേക്ക് മറിഞ്ഞ നിലയിലാണ്. നമ്മൾ രണ്ടു പേരെ വിട്ടിട്ടുണ്ട്.“
”വെറും രണ്ടു പേരെയോ?“ ഡോക്ടറുടെ മുഖത്ത് ആശ്ചര്യഭാവം.
”കൊടും കാടാണ്. അവൻ അധിക ദൂരം പോകാനിടയില്ല. ഇന്നു രാത്രി മുഴുവൻ ട്രൈ ചെയ്തിട്ടും രക്ഷയില്ലെങ്കിൽ നമുക്ക് ഹെലികോപ്റ്ററുമായി ഇറങ്ങാം.“
“ഹെലി കോപ്റ്റർ...” ഡോക്ടർ പിറുപിറുത്തു. “ഇതിനെല്ലാം പേപ്പർ വർക്കുകളില്ലേ? വെറുതേ ഒരു ആർമ്മി ഹെലികോപ്റ്ററുമെടുത്ത് ആർക്കെങ്കിലും ഇറങ്ങാനാകുമോ? ഇത്രയും കാലം ഒരു മനുഷ്യ ജീവിയുടെ പോലും ശ്രദ്ധയിൽ പെടാതെ ഞാൻ കൊണ്ടു നടന്നതാണ്.”
“ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല ഡോക്ടർ! ക്യാറ്റ് ഈസ് ഔട്ട് ഓഫ് ദ ബാഗ്! പരമാവധി ശ്രദ്ധിച്ചേ നമ്മൾ എന്തും ചെയ്യൂ. പക്ഷേ നിവൃത്തിയില്ലെങ്കിൽ ചിലപ്പോൾ ഒരു ഫുൾ ഫ്ളെഡ്ജ്ഡ് ആക്ഷൻ തന്നെ വേണ്ടിവരും.”
”ഷൂട്ട് അറ്റ് സൈറ്റ്! ഓക്കേ? അവന്റെ കയ്യിൽ ആ സിറിഞ്ചുണ്ടെങ്കിൽ അതു വീണ്ടെടുക്കണം.“
ശങ്കർ കുലുങ്ങിച്ചിരിച്ചു.
“മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ചുമതലയുള്ള ഒരു ഡോക്ടറുടെ വായിൽ നിന്നു വീണ വാക്കുകൾ കേട്ടു ചിരിച്ചതാണ്. ‘ഷൂട്ട് അറ്റ് സൈറ്റ്’ പോലും! അതൊക്കെയിരിക്കട്ടെ ഈ മരുന്നുമായി നിങ്ങൾ അവനെ വീട്ടിൽ പറഞ്ഞു വിട്ടതാണെനിക്ക് മനസ്സിലാകാത്തത് ഡോക്ടർ! അവനെ അവിടെ കിടത്തി ചികിൽസിച്ചു കൂടായിരുന്നോ?“
”അതല്ലേ ഞാൻ ആദ്യം പറഞ്ഞത്? “ ഡോക്ടർ പൊട്ടിത്തെറിച്ചു. ”ഹി വാസ് സ്റ്റേബിൾ! മറ്റുള്ളവരെയെല്ലാം നമ്മൾ സെല്ലിൽ പൂട്ടിയിട്ടാണ് പരീക്ഷിച്ചത്. അതുകൊണ്ടാണോ ട്രീറ്റ്മെന്റ് ഫെയിലായതെന്നു കൂടി നോക്കണ്ടേ? അവൻ വളരെ പെർഫെക്റ്റായിരുന്നു. യാതൊരു പ്രശ്നവുമുണ്ടാക്കിയില്ല. അവസാനം മരുന്നു നിർത്തുന്നതു വരെ.“
”ഓക്കേ!“ ഡോ. ശങ്കർ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു. ”താങ്കളുടെ കണ്ണ് വീണ്ടും ഡ്രസ്സ് ചെയ്യണം. ഞാൻ ഒരു നേഴ്സിനെ വിടാം. പിന്നെ... അല്പ്പം മുൻപ് ഒരു ഹെലികോപ്റ്റർ ശബ്ദം കേട്ടിരുന്നോ?“
”ഉം“ഡോക്ടർ തല കുലുക്കി.
”നമ്മുടെ ക്ലയന്റാണ്. മിസ്റ്റർ ഐഗ്വോ യിങ്ങ്!“
ഡോ. രഘുചന്ദ്ര ഒന്നു നടുങ്ങി.
“അവരെ ആരാ ഇതൊക്കെ അറിയിച്ചത്?”
“വെൽ... അവരെ പ്രത്യേകിച്ച് അറിയിക്കേണ്ട കാര്യമുണ്ടോ ഡോക്ടർ? താങ്കളുടെ ക്ലിനിക്ക് 24 മണിക്കൂറും ചൈനീസ് സാറ്റലൈറ്റ്സ് നിരീക്ഷണത്തിലായിരുന്നു എന്നാണവൻ പറയുന്നത്. എക്സ്പ്ലോഷൻ ഉണ്ടായി രണ്ടു മിനിറ്റിനുള്ളിൽ നമുക്ക് കോൾ വന്നു.”
ഡോക്ടർ ഇരു കൈകളും കൊണ്ട് തന്റെ മുടിയിഴകളിൽ ഇറുക്കെ പിടിച്ചു.
“എവെരിത്തിങ്ങ് ഈസ് ഫക്ക്ഡ്! അവന്മാരിപ്പോ കരുതിക്കാണും എക്സ്പെരിമെന്റ്സ് പരാജയപ്പെട്ടെന്ന്.”
“വെൽ... 90% വർക്കിങ്ങ് ആയ ഒരു ഫോർമുല കയ്യിലില്ലേ? അയാളെ പറഞ്ഞു മനസ്സിലാക്കൂ. ഇനി മനസ്സിലായില്ലെങ്കിൽ വിട്ടു കളയണം. വിറ്റഴിക്കാൻ മാർക്കറ്റ് ഒരിക്കലും നമുക്കൊരു പ്രശ്നമല്ല!”
“നോ... ചൈനീസ് വെറുതേയിരിക്കില്ല. കൈ വിട്ടാൽ വൻ അപകടം ഉറപ്പാണ്. ഒരു പക്ഷേ ഒരു ...” ഡോക്ടർ നിർത്തി.
“യുദ്ധം തന്നെ ഉണ്ടായേക്കാമെന്ന്. അല്ലേ?” ശങ്കർ പൊട്ടിച്ചിരിച്ചു. “കാടു കയറി ചിന്തിക്കല്ലേ ഡോക്ടർ! ഇവരൊക്കെ സാധാരണ മനുഷ്യരാണ്. പട്ടാളക്കാരാണെന്നു കരുതി ആർക്കും സൂപ്പർ പവർ ഒന്നും ഇല്ല. ഒരു ബല പ്രയോഗമാണ് അവന്റെ ലക്ഷ്യമെങ്കിൽ... അവനിവിടെ നിന്ന് ജീവനോടെ പോകില്ല. ഡോക്ടർ അതൊന്നും ആലോചിക്കാതെ നമ്മുടെ ഫോർമുല പെർഫക്റ്റ് ആക്കൂ. മാത്രമല്ല, ഇതൊക്കെ വളരെ ചെറിയ പ്രശ്നമാണ്. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് ഇടപെട്ടിട്ടുണ്ടെന്നാണ് കേട്ടത്. അവരുടെ രണ്ട് ഏജന്റ്സ് പുറപ്പെട്ടിട്ടുണ്ടത്രേ.“
ഒറ്റ നിമിഷം കൊണ്ട് ഡോക്ടറുടെ തൊണ്ട വരണ്ടു പോയത് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.
“ആരോ നമുക്കെതിരേ കളിക്കുന്നുണ്ട് ശങ്കർ. ‘റോ’ ഇടപെട്ടിട്ടുണ്ടെങ്കിൽ ഇത് ഇവിടം കൊണ്ടൊന്നും നില്ക്കില്ല. ഇറങ്ങിത്തിരിച്ചാൽ പിന്നെ അവർ പുറകോട്ടു പോകില്ല. അവരുടെ ഏജന്റ്സിനെ ലൊക്കേറ്റ് ചെയ്തോ?”
“എനിക്ക് പത്തു മിനിറ്റ് മുൻപാണ് വിവരം കിട്ടിയത്. രണ്ടു പേരുണ്ട്. അതിൽ ഒരു പെൺകുട്ടിയെ മാത്രം തിരിച്ചറിയാനായിട്ടുണ്ട്. ഏജന്റ് മിഷേലെന. കൂടെ ഒരുത്തനും കൂടിയുണ്ട്. ‘ഹയാത് റീജൻസിയിലാണ്’ അവസാനമായി കണ്ടത്. അവൻ അവിടെ തങ്ങുകയാണെന്നു കരുതുന്നു. പെൺകുട്ടി സ്ഥലം വിട്ടു. ഡോണ്ട് വറി. ആളെ വിട്ടിട്ടുണ്ട്. ഉടനെ തന്നെ അവരെ നമുക്ക് പൊക്കാം.”
“പറ്റിയാൽ, ജീവനോടെ കൊണ്ടുവരണം. നമുക്കിനി ടെസ്റ്റ് സബ്ജക്റ്റ്സ് ഇല്ല. ഇവരെപ്പോലെ കമാൻഡോ ട്രെയിനിങ്ങ് കഴിഞ്ഞ രണ്ടു പേരെ കിട്ടിയാൽ അത് എക്സ്പെരിമെന്റിന് നല്ല സഹായമാകും.”
വീണ്ടും നിശബ്ദത. ഒടുവിൽ...
“ശങ്കർ!”
“പറയൂ ഡോക്ടർ!”
“എന്റെ ജീവൻ രക്ഷിച്ചതിന് താങ്ക്സ്! കൂടാതെ എല്ലാത്തിനും കൂടെ നില്ക്കുന്നതിനും.”
അതിന് മറുപടിയൊന്നും പറയാതെ ശങ്കർ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. അയാളുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.
അല്പ്പ സമയം കഴിഞ്ഞ് വാതിലിൽ ഒരു മുട്ടു കേട്ടു. നേഴ്സാണ്.
**************************************************************************************************
Hotel Hyat Regency, Bhandhup Mumbai. ഏതാനും മിനിറ്റുകൾക്കു മുൻപ്.
**************************************************************************************************
നതാലിയ ചുറ്റും നോക്കി.
ഇനി ഈ പ്രശ്നം തീർക്കാതെ തനിക്ക് യാത്ര തുടരാനാകില്ല. അവൾ റോഡിലൂടെ വരുന്ന ഓരോ വാഹനത്തേയും സസൂഷ്മം നിരീക്ഷിച്ചു.
ഡിറ്റക്ടീവിന്റെ പൊടി പോലുമില്ല. അവൾ വണ്ടി സാവധാനം മെയിൻ റോഡിലേക്കുരുട്ടി.
തുടർന്നു നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവൾക്കൊരു ധാരണയുണ്ടായിരുന്നില്ല. ക്ലിനിക്കിലേക്ക് ചെന്നിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മിലിട്ടറിയാണ് ഇടപെട്ടിരിക്കുന്നത്. തെളിവുകളൊന്നും അവശേഷിപ്പിച്ചിരിക്കാനിടയില്ല. തനിക്കു മുൻപോട്ടു പോകാൻ പിടിവള്ളികളൊന്നുമില്ല.. പക്ഷേ അവൾ നിരാശയായില്ല. ഇത്തരം സന്ദർഭങ്ങളിൽ എന്താണു ചെയ്യേണ്ടതെന്നവൾക്കറിയാം.
എതിരാളികളുടെ ശ്രദ്ധയാകർഷിക്കാനായി എന്തെങ്കിലും ചെയ്യുക എന്നതു മാത്രമാണ് ഏക വഴി. അപകടമാണ്. പക്ഷേ അവൾക്കത് ശീലമായിരുന്നു.
മെയിൻ റോഡിലേക്കു കയറിയതും വണ്ടി കുതിച്ചു പായാൻ തുടങ്ങി. ഡാഷ് ബോർഡിലെ സ്ക്രീനിൽ ലൊക്കേഷൻ മാപ്പ് തെളിഞ്ഞിരുന്നു. അവൾ ഇടക്കിടെ അതിലേക്ക് കണ്ണോടിച്ചുകൊണ്ട് പരമാവധി വേഗത്തിൽ ആ കാർ പായിച്ചു.
‘ഭാണ്ടൂപ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കു’ കടന്നതും വേഗത കുറച്ചു. ഇനിയങ്ങോട്ട് തന്റെ നീക്കങ്ങൾ ശ്രദ്ധിക്കപ്പെടാനിടയുണ്ടെന്നവൾക്കു തോന്നി. ഏതാണ്ട് 400 മീറ്റർ ദൂരെയാണ് ക്ലിനിക്ക്.
റോഡിനിരു വശവും പല വലിപ്പത്തിലുള്ള കണ്ടൈനർ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. എന്നാൽ അടുത്തെങ്ങും ആരുമില്ല. ഇടതു വശത്തായി ഒരു പടുകൂറ്റൻ വർക്ക്ഷോപ്പാണ്. പല തരം കാറുകളുടെ ഒരു ശവപ്പറമ്പു പോലെ. തീർത്തും വിജനമായ ആ സ്ഥലം, മുംബൈ പട്ടണത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകും.
“In 200 meters, you will arrive at your destination!” കാറിലെ നാവിഗേഷൻ സിസ്റ്റം ശബ്ദിച്ചു.
അടുത്ത നിമിഷം അവൾക്കു പുറകിൽ ഒരു ട്രക്ക് പ്രത്യക്ഷപ്പെട്ടു. റിയർ വ്യൂ മിററിലൂടെ അവൾ ശ്രദ്ധിച്ചു. ഒരു കണ്ടെയ്നറാണ്. അവൾക്ക് സംശയമൊന്നും തോന്നിയില്ല. ഉച്ചത്തിൽ ഹോൺ മുഴങ്ങിയതും അവൾ വണ്ടി ഇടത്തേക്ക് പരമാവധി ഒതുക്കി വഴി കൊടുത്തു.
എന്നാൽ ട്രക്ക് ഓവർടേക്ക് ചെയ്തതും, നേരെ അവളുടെ കാറിനു മുൻപിലേക്കു കയറി വേഗത കുറച്ചു.
“ആഹാ! ഫൈനലി! സം ആക്ഷൻ!!” അവൾ പുഞ്ചിരിയോടെ പിറുപിറുത്തു.
ക്ലിനിക്കിനു മുൻപിലെത്തിയതും ട്രക്കിന്റെ ബ്രേക്കുകൾ അലറുന്ന ശബ്ദം കേട്ടു. അതിന്റെ കൂറ്റൻ ടയറുകൾ നിലത്തുരഞ്ഞ് ആ പ്രദേശം മുഴുവൻ പൊടി നിറഞ്ഞു.
“GPS Signal Lost!” (ഉപഗ്രഹ വിനിമയം നിലച്ചിരിക്കുന്നു) വീണ്ടും നാവിഗേറ്റർ ശബ്ദം. നതാലിയാ കാർ ചവിട്ടിക്കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു. സ്ക്രീനിൽ ഒരു ചുവന്ന അപായ ചിഹ്നം. റേഡിയോ സിഗ്നൽ ജാമായിരിക്കുകയാണ്.
ഇനി?
ഇടതു വശത്ത് ‘ന്യൂറോ-വെൽ സൈക്കിയാട്രിക്ക് ക്ലിനിക്ക്’ എന്നൊരു ചെറിയ ബോർഡു കാണാം. ഒപ്പം പുറകിൽ തകർന്നു കിടക്കുന്ന ആ കെട്ടിടത്തിലേക്കും അവൾ മിഴി പായിച്ചു.
“ഈ പ്രദേശം ഇൻഡ്യൻ ആർമിയുടെ നിരീക്ഷണത്തിലാണ്. അനധികൃതമായുള്ള പ്രവേശനം, ഫോട്ടോഗ്രാഫി എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.” കവാടത്തിൽ തന്നെ ഒരു കൂറ്റൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ചിരുന്ന നീളൻ കണ്ടെയ്നറിനുള്ളിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു തുടങ്ങിയിരുന്നു. നതാലിയയുടെ ശ്രദ്ധ പൂർണ്ണമായും ട്രക്കിലേക്കായി.
നോക്കി നില്ക്കേ, അതിന്റെ പിന്നിലെ ഡോർ മുകളിൽ നിന്നും താഴേക്കു തുറക്കാനാരംഭിച്ചു. നിമിഷങ്ങൾക്കുള്ളിൽ അത് താഴ്ന്നു വന്ന് ഒരു റാമ്പ് പോലെ റോഡിലേക്ക് ചേർന്നു.
ഉള്ളിൽ ഇരുട്ടാണ്. എങ്കിലും, ഒരു തോക്കു ധാരി നില്ക്കുന്നത് അവ്യക്തമായി കണാമായിരുന്നു. അവൾ ജാഗരൂഗയായി.
റാമ്പ് പൂർണ്ണമായും റോഡിലേക്കെത്തിയതോടെ കണ്ടെയ്നറിനുള്ളിൽ ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു. അതോടെ ഉള്ളിൽ നിന്നിരുന്നവൻ തോക്ക് പിടിച്ച കൈ മടക്കി ചുമലിലേക്ക് ചേർത്തുപിടിച്ച് മുൻപോട്ട് വന്ന് കാർ അകത്തേക്ക് ഓടിച്ചു കയറ്റാൻ ആംഗ്യം കാട്ടി.
നതാലിയ തല താഴ്ത്തി ഗ്ലാസ്സിലൂടെ അവന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു. എന്നിട്ട് അവനോട് താഴേക്കിറങ്ങി വരാൻ ആംഗ്യം കാണിച്ചു.
മറുപടിയായി അല്പ്പം കൂടി മുൻപോട്ട് നടന്നു വന്ന് തോക്ക് അവൾക്കു നേരെ ചൂണ്ടിപ്പിടിച്ചു.
“റിയലി?? “അവളുടെ മുഖത്ത് പരിഹാസഭാവം. ” നീ പട്ടാപ്പകൽ ഈ നടു റോഡിൽ എന്നെ വെടി വെച്ചിടാൻ പോകുകയാണോ? അതൊന്നു കണ്ടിട്ടേയുള്ളൂ.” നതാലിയ സീറ്റിലേക്ക് ചാരി.
അടുത്ത നിമിഷം!
തീരെ പ്രതീക്ഷിക്കാതിരുന്നതാണ് സംഭവിച്ചത്.
ചീറിപ്പാഞ്ഞു വന്ന ഒരു വെടിയുണ്ട അവളുടെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു കളഞ്ഞു!
“What the Fuck!!” അമ്പരന്നു പോയ നതാലിയ പെട്ടെന്നു തന്നെ ഡോർ തുറന്ന് വെളിയിലിറങ്ങി. ഇരു കൈകളും ഉയർത്തിപ്പിടിച്ചിരുന്നു. വന്നിരിക്കുന്നവർ വളരെ അപകടകാരികളാണെന്നവൾക്കു മനസ്സിലായി.
അപ്പോഴേക്കും താഴെയിറങ്ങി വന്ന അക്രമി ഒരു കൈ കൊണ്ട് തോക്ക് അവളുടെ വയറിലേക്കു ചേർത്ത് ചൂണ്ടിപ്പിടിച്ച് മറു കൈ കൊണ്ട് അവളുടെ മുടിയിൽ പിടികൂടി. “ജീവനോടെ കൊണ്ടു പോകണമെന്നില്ല എനിക്ക്. മനസ്സിലായോ?” ഒരു ഹിസ്ര ജന്തുവിന്റേതു പോലെ തോന്നി ആ സ്വരം. “മര്യാദക്ക് എന്റെ കൂടെ വന്നാൽ നീ കുറച്ചു നേരം കൂടി ജീവിച്ചിരിക്കും.” അയാൾ തോക്കിൻകുഴൽ അവളുടെ ഇടുപ്പിലേക്കമർത്തിയപ്പോൾ നല്ല ചൂടനുഭവപ്പെട്ടു.
. നതാലിയ ചിന്തിക്കുകയായിരുന്നു. ഇവർ എത്ര പേരുണ്ടെന്നറിയില്ല. ഉദ്ദേശമറിയില്ല. പെട്ടെന്ന് ഈയൊരുത്തനെ മാത്രം അടിച്ചു വീഴിച്ചാൽ അത് അപകടം ക്ഷണിച്ചു വരുത്തലായിരിക്കും. മാത്രമല്ല, ഇവരിലൂടെയേ ഈ കേസ് മുൻപോട്ടു പോകാനും വഴിയുള്ളൂ. അവൾ വഴങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.
അപ്പോൾ ട്രക്കിന്റെ ഫ്രണ്ട് ഡോർ തുറന്നു. പാസഞ്ചർ സൈഡിൽ നിന്നും അജാനുബാഹുവായ ഒരുത്തൻ ചാടിയിറങ്ങി അവർക്കരികിലേക്കെത്തി.
നതാലിയായെ ഒന്നു പാളി നോക്കിയതിനു ശേഷം അവൻ അവളുടെ കാറിനുള്ളിലേക്ക് കുനിഞ്ഞു നോക്കി.
“Where is the other guy? (മറ്റേയാൾ എവിടെ?)” ശാന്തമായിരുന്നു അയാളുടെ ചോദ്യം.
നതാലിയായുടെ നെറ്റിയിൽ ചുളിവുകൾ വീണു.
“നിന്റെ കൂടെ മറ്റൊരുത്തൻ കൂടി ഉണ്ടായിരുന്നില്ലേ? അവനെവിടെയെന്നാണ് ചോദിച്ചത്?” ഇപ്രാവശ്യം അയാളുടെ ശബ്ദമുയർന്നിരുന്നു.
പെട്ടെന്ന് ദൂരെ പാഞ്ഞു വരുന്ന കുറേ വാഹനങ്ങൾ അവരുടെ കണ്ണിൽ പെട്ടു.
“ഇവിടെ വെച്ചു വേണ്ട. നമുക്ക് സ്ഥലം വിടാം. ആ കാർ അകത്തേക്ക് കയറ്റിയിട്! ” തോക്കു ധാരിയാണത് പറഞ്ഞത്.
പറഞ്ഞു തീരുന്നതിനു മുൻപു തന്നെ മറ്റവൻ ഡ്രൈവിങ്ങ് സെറ്റിലേക്കു കയറി കാർ മുൻപോട്ടെടുത്തു കഴിഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവളുടെ കാർ ആ റാമ്പിലൂടെ അയാൾ കണ്ടെയ്നറിനുള്ളിലേക്കോടിച്ചു കയറ്റി.
“ഇനി നീ!” തോക്കു ധാരി അവളുടെ മുടിയിൽ പിടിച്ച് അവളെയും ട്രക്കിലേക്ക് നടത്തി.
റാമ്പിലൂടെ മുകളിലേക്ക് കയറുന്ന സമയത്ത് അയാളുടെ കൈ നതാലിയായുടെ പിൻ ഭാഗത്തമർന്നു. “വേഗമാകട്ടെ. നമുക്ക് അധികം സമയമില്ല.”
നതാലിയ തിരിഞ്ഞ് അവനെയൊന്നു നോക്കി. റാമ്പിന്റെ മദ്ധ്യഭാഗത്താണ് താനിപ്പോൾ. അവന്റെ മുഖം തന്റെ അരക്കെട്ടിന്റെ ഉയരത്തിൽ.
ഒരൊറ്റ കിക്ക് മതി. അവന്റെ താടിയെല്ല് വേർപെടും. പക്ഷേ... നതാലിയ പുഞ്ചിരി മായാതെ തന്നെ തിരിഞ്ഞ് കണ്ടെയ്നറിനുള്ളിലേക്ക് കയറി. പുറകേ ആ മനുഷ്യനും.
അകത്തു കയറിയ ഉടനെ അയാൾ ഭിത്തിയിലെ ഒരു ലിവർ വലിച്ചു. തുറന്നതിനേക്കാൾ വേഗത്തിൽ ആ റാമ്പ് പൊങ്ങി വന്ന് കണ്ടെയ്നർ അടഞ്ഞു.
വെളിച്ചം നന്നേ കുറവാണ് ഉള്ളിൽ. മൂലയിൽ ഒരു ചുവന്ന ബൾബ് മാത്രം തെളിഞ്ഞു കിടന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് നതാലിയ ആ ‘മുറി’ ആകെ സ്കാൻ ചെയ്തു.
കയറി വരുമ്പോൾ ഇടതു വശത്തുള്ള ഭിത്തിയിൽ വളരെ ആധുനീക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കാബിനെറ്റുകളാണ്. ഒരു മോഡുലാർ കിച്ചൻ പോലെ തോന്നിച്ചു. ചെറിയൊരു ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ എല്ലാമുണ്ട്. പുറമേ നിന്നു കാണുന്ന പോലെ തുരുമ്പെടുത്തു തുടങ്ങിയ ഒരു കണ്ടെയ്നർ അല്ല അകത്ത്. വളരെ വൃത്തിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നു. വലതു വശത്തെ ഭിത്തിയോട് ചേർന്ന് മടക്കി വെക്കാവുന്ന തരം ഒരു ബെഡ് ആണ്.
“സോ...” കാറിൽ നിന്നും വെളിയിലിറങ്ങിയ ആ മനുഷ്യൻ അവളെ സമീപിച്ചു. “ഞാൻ ആദ്യം ചോദിച്ചതിനു മറുപടി പറയൂ. നിന്റെ കൂടെയുണ്ടായിരുന്ന മറ്റേ ഏജന്റെവിടെ?”
“ഞാനൊറ്റക്കാണ്. കൂടെ ആരുമില്ല.” നതാലിയ ഉറച്ച ശബ്ദത്തിൽ മറുപടി കൊടുത്തു.
“കുട്ടീ...” ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് അയാൾ തന്റെ കയ്യിലിരുന്ന നതാലിയായുടെ ഫോണും തോക്കും ഒരു കാബിനെറ്റ് തുറന്ന് അകത്തേക്കിട്ടു. “നിന്നെ ഒട്ടും നോവിക്കാതെ തന്നെ സത്യം പറയിപ്പിക്കാൻ എനിക്കു കഴിയും. അറിയാമോ? പക്ഷേ എന്തിനാണു വെറുതേ ആവശ്യമില്ലാത്ത കോമ്പ്ലിക്കേഷൻസ്? എന്തായാലും നീ വന്നു കുടുങ്ങി. ഇനി ബുദ്ധിപരമായി ചിന്തിക്കൂ. എങ്ങനെ ജീവൻ രക്ഷിക്കാം എന്നതിനാണ് മുൻതൂക്കം കൊടുക്കേണ്ടത്. ഞാൻ ആദ്യം മുതൽ ഒന്നുകൂടി തുടങ്ങാം. എന്താണ് നിന്റെ പേര്? ”
“ശീതൾ!” അവൾക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. “ശീതൾ ഖാണ്ഢൽവാൽ.”
ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു.
“നീയെന്നെക്കൊണ്ട് കടും കൈ ചെയ്യിക്കുമല്ലോ എന്റെ കുട്ടീ.”
അവൾ നിശബ്ദയായി നിലകൊണ്ടു.
“നതാലിയ മിഷെലേന!” അയാൾ കൈ വിരലുകൾ പിണച്ചു വെച്ച് മുകളിലേക്കുയർത്തി ഒന്നു സ്ട്രെച്ച് ചെയ്തു. “നിന്നെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.വളരെ അപകടകാരിയാണെന്നും, സൂക്ഷിച്ചില്ലെങ്കിൽ ഞങ്ങൾ മൂന്നു പേരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ വെറും കൈ കൊണ്ട് നീ കൊന്നു കളയുമെന്നുമൊക്കെയാണ് ഞങ്ങൾക്കു കിട്ടിയ വിവരം. എനിക്കതിൽ സംശയവുമില്ല. നിന്നെ കണ്ടാൽ തന്നെ അറിയാം ഒരു ചീറ്റപ്പുലിയാണെന്ന്. കമാൻഡോ ട്രെയിനിങ്ങ് അല്ലേ. മോശമാകാൻ വഴിയില്ലല്ലോ.”
“ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ബാക്കി കൂടി അറിയാമായിരിക്കുമല്ലോ. ഞാൻ 24 മണിക്കൂറും സാറ്റലൈറ്റ് നിരീക്ഷണത്തിലാണ്.“
മറുപടിയായി അയാൾ ഒരു ക്യാബിനെറ്റിലേക്കു വിരൽ ചൂണ്ടി. ”16 തരം റേഡിയോ ട്രാൻസ്മിഷൻസ് തടസ്സപ്പെടുത്താൻ ചെയ്യാൻ ശേഷിയുള്ള സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിഗ്നൽ ജാമറാണ് അതിനുള്ളിൽ. ആരും ഒന്നും അറിയാൻ പോകുന്നില്ല.“
“റേഡിയോ സിഗ്നൽ കിട്ടുന്നില്ലെങ്കിൽ ഉടനെ തന്നെ SWAT ടീം ഇവിടെയെത്തും. അത്ര തന്നെ.” നതാലിയക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
“ഓ... അങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.” ആ മനുഷ്യൻ സാവധാനം നടന്നു ചെന്ന് ആ ക്യാബിനെറ്റ് തുറന്ന് ജാമർ പ്രവർത്തനരഹിതമാക്കി.
“See? Everything is back to normal! പിന്നെ, ഏറ്റവും ഇമ്പോർട്ടന്റായി ഒരു കാര്യം നതാലിയ മനസ്സിലാക്കണം. ഈ മിഷൻ ഒരു ‘റോ’ ഓതറൈസ്ഡ് മിഷൻ അല്ല. നിന്റെ ഡയറക്ടർ മി. സോമനാഥ് ചാറ്റർജിക്ക് രാജ്യസ്നേഹം മൂത്ത് നടത്തുന്ന ഒരു പേഴ്സണൽ മിഷനാണ്. അതായത്, ആ മനുഷ്യനെ ഇല്ലാതാക്കിയാൽ ഈ മിഷനും ഒപ്പം ഇല്ലാതാകും. മനസ്സിലാകുന്നുണ്ടോ? ഇങ്ങനെയൊരു സംഭവം നടക്കുന്ന വിവരം നിന്റെ ടീമിന് അറിയുമോ എന്ന കാര്യം വരെ സംശയമാണ്. എന്തായാലും, ഹെലികോപ്റ്ററും പാറ്റൻ ടാങ്കുമൊക്കെയായി ആരെങ്കിലും നിന്നെ രക്ഷിക്കാൻ വരുമെന്ന് തല്ക്കാലം നതാലിയ പ്രതീക്ഷിക്കണ്ട.” അയാൾ കുലുങ്ങിച്ചിരിച്ചു.
തുടർന്ന് കൗണ്ടറിനു മുകളിലിരുന്ന വയർലെസ് സെറ്റ് എടുത്ത് അയാൾ ഡ്രൈവറോട് വണ്ടി എടുക്കാൻ നിർദ്ദേശം കൊടുത്തു.
***************************************************************************************
*** Tactical Assault Unit (TAU), Trombay, Mumbai. അല്പ്പം മുൻപ്.
****************************************************************************************
കമാൻഡർ വിശാൽ, ബെൻസൻ ഹെഡ്ജസിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചതും മേശപ്പുറത്ത് ഫോണടിക്കാൻ തുടങ്ങി.
“ഹലോ!”
“Sir! Agent Natalia is completely off the grid! സകല കമ്മ്യൂണിക്കേഷനും നിലച്ചിരിക്കുന്നു.”
“വാട്ട്!!” അയാൾ ചാടിയെഴുന്നെറ്റു.
*** ‘റോ’ പോലുള്ള ഇന്റലിജൻസ് ഏജൻസികൾക്ക് വേണ്ട സൈനീക സഹായം ചെയ്തു കൊടുക്കുന്ന ഒരു ചെറിയ മിലിട്ടറി യൂണിറ്റാണ് T A U. എല്ലാ സംസ്ഥാനങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇത്തരം യൂണിറ്റുകളുണ്ടെന്നാണ് കരുതേണ്ടത്. അത്യാധുനീക സൗകര്യങ്ങളുള്ള ഇവർക്ക് പരിപൂർണ്ണമായ ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഉണ്ട്. ട്രോംബേയിലെ ഈ യൂണിറ്റിന്റെ ചുമതല കമാൻഡർ വിശാൽ സത്യനാഥ് എന്ന മുപ്പതുകാരനാണ്.
മീഡിയാ റൂമിലെ വലിയ സ്ക്രീനിൽ നതാലിയായുടെ കാറിന്റെ സാറ്റലൈറ്റ് ദൃശ്യം കാണാമായിരുന്നു.
“സർ! ശ്രദ്ധിച്ചാൽ മനസ്സിലാകും. ആ ട്രക്ക് ഓവർടേക്ക് ചെയ്തതും സിഗ്നൽ ലോസ്റ്റായി. ജാം ചെയ്തിരിക്കാനാണ് സാധ്യത.”
സ്ക്രീനിൽ ഇപ്പോൾ വലിയ അക്ഷരത്തിൽ, ‘GPS Signal Lost!’ എന്ന അക്ഷരങ്ങൾ മാത്രമേ കാണാനുള്ളൂ.
“കോപ്റ്റർ റെഡിയല്ലേ?” ശാന്തമായിരുന്നു അയാളുടെ ചോദ്യം.
“യെസ് സർ! 2 മിനിറ്റ്സ്! ” ആ ഉത്തരം മുഴുമിപ്പിക്കുന്നതിനു മുൻപു തന്നെ ഒരു ഏജന്റ് ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള പേപ്പർ വർക്കുകൾ ആരംഭിച്ചു.
അപ്പോൾ!
“Sir! She is back online…and moving!” മറ്റൊരു ഓഫീസർ വിളിച്ചു പറഞ്ഞു.
പക്ഷേ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യം കണ്ട് അവർ അമ്പരന്നു പോയി.
“That’s really interesting!” കമാൻഡർ പിറുപിറുത്തു.

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot