Slider

കഥ

0
Image may contain: 1 person, smiling, selfie and closeup
ഞാനവളെ കണ്ടു.
അവളുടെ കൈകളിൽ ഭാരമേറിയ രണ്ട് സഞ്ചികൾ ഉണ്ടായിരുന്നു.
അവളെന്നെ നോക്കാതെ ആ ഭാരവുമായി നടന്ന് പോയി.
ഞാൻ പറഞ്ഞു.
"സഞ്ചിയിങ്ങ് തരൂ ഞാൻ പിടിയ്ക്കാം.
അവൾ അത് ശ്രദ്ധിക്കാതെ നടന്ന് നീങ്ങി. എന്നോട് ഇത്രയ്ക്കും ദേഷ്യമോ?
ഞാനും പുറകെ നടന്നു.
അവൾ വീട്ടിലെത്തി.
പുറകെ ഞാനും.
അവൾ തിരിഞ്ഞ് നോക്കി.
ഞാൻ ചിരിച്ചു.
"എന്താ പിണക്കം മാറിയില്ലേയെന്ന്..?"എന്റെ ചോദ്യം അവൾ കേട്ട ഭാവം കാണിച്ചില്ല.
അവൾ പോയി ഗേറ്റടച്ചു വന്നു.
വാതിൽ തുറന്ന് അകത്ത് കയറി.
ഭാരമുള്ള സഞ്ചികൾ തറയിലേക്ക് വച്ച് കൈയൊന്നു കുടഞ്ഞു.
നടുവൊന്ന് നിവർത്തി.
മുറിയ്ക്കുള്ളിലേക്ക് കയറുമ്പോൾ പതിവ് പോലെ ഞാനും കൂടെ ചെന്നു.
കറങ്ങുന്ന ഫാനിൽ നടന്നു തളർന്ന അവളുടെ വിയർപ്പിന്റെ ഗന്ധം.
വസ്ത്രം മാറാനാകണം.
ഇരു കൈകൾ കൊണ്ടും അവൾ അതിന്റെ താഴെ തുമ്പുകളിൽ പിടിച്ചു.
മേലേക്കുയർത്താൻ ഒന്നു മടിച്ചു നിൽക്കുന്നു.
ഞാൻ നിൽക്കുന്നത് കൊണ്ടാകാം.
പിണക്കം മാറിയിട്ടില്ല.
ഞാൻ പുറത്തിറങ്ങി.
അവൾ വന്ന് മുറിയുടെ വാതിലടച്ചു.
മുറിയ്ക്ക് പുറത്തും ഉണ്ടായിരുന്നു അവളുടെ വിയർപ്പിന്റെ ഗന്ധം.
വാതിൽ തുറന്നവൾ പുറത്തിറങ്ങി.
വസ്ത്രം മാറിയിട്ടുണ്ട്.
മുഖത്തിപ്പൊഴും പിണക്കം മാറിയിട്ടില്ല.
ഭാരമുള്ള സഞ്ചികളുമായവൾ അടുക്കളയിലേക്ക് നടന്നു.
പുറകെ ഞാനും.
ഇടയ്ക്കവൾ തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.
അടുത്തേയ്ക്ക് നടന്നു വന്നവൾ.
എന്റെ കണ്ണുകളിൽ പറ്റിയിരുന്ന മാറാലകൾ
ചില്ല് ചിത്രത്തിൽ നിന്നവൾ തുടച്ചു നീക്കി.
എന്റെ നെഞ്ചിലൂടൊരു കൊള്ളിയാൻ പാഞ്ഞു.
ഞാനൊന്നാഞ്ഞവളെ കെട്ടിപ്പിടിച്ചു.
എന്റെ ശരീരത്തിനുള്ളിലൂടവൾ ഊർന്ന് പോയി...
വീണ്ടും ഞാനവളുടെ പുറകെയും...
"ദേ..മനുഷ്യാ നിങ്ങക്കാ മുറീന്നിറങ്ങി പോകാതെയാ മുറിക്കുള്ളിലെ സ്വപ്നം കണ്ടങ്ങ് തീർത്തൂടായിരുന്നോ..?
വെറുതെ മനുഷ്യരെ കരയിക്കാൻ.
അതെങ്ങനാ നല്ല സ്വപ്നങ്ങൾ ഒന്നും കാണൂല്ലാലോ?" എന്നവൾ പറയുന്നു.
ഞാൻ ചിരിച്ചു.
"അതല്ല കൊച്ചേ..നീയെന്താ എന്നെ നോക്കിയിട്ടും ഒന്നും മിണ്ടാതെ പോയേന്ന് ഞാനാലോചിക്കുവാർന്നു."
"നിങ്ങക്കിനി ഒരു കഥയാക്കാനുള്ളതായല്ലോ അല്ലേ..?"
''ശരിയാ ഇത് കഥയാക്കാമല്ലോ?" എന്ന് ഞാൻ.
"പിന്നെ കഥയാക്കുന്നെ ഒക്കെ കൊള്ളാം മറ്റേ.. പതിവും, വസ്ത്രോം, വിയർപ്പ് നാറ്റോം ഒന്നും എഴുതല്ലെട്ടാ..."
"ഒരിക്കലുമില്ല.... "

ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo