നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 9"അപ്പച്ചിയും ചിറ്റപ്പനും കൂടി എന്റെ വിവാഹം അവരുടെ മോനുമായിട്ട് ഉറപ്പിച്ചിരിക്കുവാ .ഇനി തീയതി കുറിക്കുകയെ വേണ്ടു.
 അമ്മയ്ക്കും വലിയ താൽപ്പര്യമാണ്.." മാളു വിഷമത്തോടെ പറഞ്ഞു.
"നിനക്ക് .. നിനക്കിഷ്ടമാണോ ?" മാളുവിനെ നോക്കാതെ ദത്തൻ ചോദിച്ചു.
"ഈ ചോദ്യത്തിനെന്ത് പ്രസക്തി? എന്റെ ഇഷ്ടം അറിയാൻ ആരും ശ്രമിക്കുന്നില്ല.എന്റെ ഇഷ്ടക്കേടറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് ഭാവിക്കുന്ന എന്റെ അമ്മ ഒരുവശത്ത് .വേറൊരാൾ എന്റെ സ്നേഹം മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്തഭാവത്തിലിരിക്കുന്നു   .." അവൾ ദത്തനെ നോക്കി പറഞ്ഞു.
"ഞങ്ങൾക്ക് ദാനം കിട്ടിയ ജീവിതത്തിനു തിരികെ കൊടുക്കാൻ ഇതേയുള്ളു പ്രതിഫലം. എല്ലാവരുടെയും ഇഷ്ടങ്ങൾ നടക്കട്ടെ..എന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ എനിക്കീ അവസ്ഥ വരില്ലായിരുന്നു." മാളു  മുഖം കുനിച്ചിരുന്ന് ഏങ്ങലടിച്ച് കരഞ്ഞു.
മാളുവിന്റെ കരച്ചിൽ ദത്തന് കണ്ടുനിൽക്കാനായില്ല.അവൻ അവളെ കെട്ടിപിടിച്ച് അവന്റെ നെഞ്ചോട് ചേർത്തു ! അവൾ ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ അവന്റെ  നെഞ്ചോടു ചേർന്നിരുന്നു.
"ഞാൻ..ഞാൻ  വന്നോട്ടെ ആമിയുടെ അമ്മയായിട്ട്?എനിക്ക് പറ്റുന്നില്ല ദത്തേട്ടാ ..ദത്തേട്ടനെയും ആമിയെയും വിട്ട് പോവാൻ  എനിക്കാവില്ല..എന്റമ്മയോട് ഒന്ന് പറയുവോ എന്നെ അങ്ങോട്ട് പറഞ്ഞയക്കരുതെന്ന്?" ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് മാളു  അവനോട് ചോദിച്ചു.
"ദത്തേട്ടൻ ആമിയുടെ അമ്മയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.എന്നെ ആ സ്ഥാനത്ത് കാണാൻ പറ്റുന്നില്ലെങ്കിൽ സാരമില്ല ഞാൻ ഒരു പരാതിയും പറയില്ല.പക്ഷെ എന്നെ കൂടെ കൊണ്ടുപോകുവോ നിങ്ങളുടെ വീട്ടിലേക്ക്? ഞാൻ ആമിയെ പൊന്നുപോലെ നോയ്‌ക്കോളാം.എനിക്ക് വേറൊന്നും വേണ്ട ഞാൻ ഒരു പരാതിയും പറയാതെ ഒരു മൂലയിൽ ഒതുങ്ങിക്കോളാം.എന്നെ അങ്ങോട്ട് പറഞ്ഞയക്കല്ലേ പ്ലീസ് .." അവൾ കെഞ്ചി.ദത്തൻ അവളെ തലോടിക്കൊണ്ടിരുന്നു.നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്ന് പറയാൻ അവൻ കൊതിച്ചു.പക്ഷെ പെട്ടെന്നവന്റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് പോയി.വീട്ടുകാർ പറഞ്ഞുറപ്പിച്ച ഒരു വിവാഹം നടക്കാതെ  വരുമ്പോൾ അതാരെയൊക്കെ എത്ര മാത്രം വേദനിപ്പിക്കും എന്നവൻ ഓർത്തു!
ദത്തൻ ഒന്നും മിണ്ടാതെ അവളെ തന്നിൽ നിന്നടർത്തി മാറ്റി. കാർ സ്റ്റാർട്ട് ചെയ്തു .
മാളു ഒന്നും മനസ്സിലാകാതെ മിഴിച്ചിരുന്നു.
"പോവാം മാളു ഇപ്പൊ തന്നെ ലേറ്റ് ആയി"ദത്തൻ പറഞ്ഞു.
അവൾക്കവളോട് തന്നെ പുച്‌ഛം തോന്നി! ആദ്യമായാണ് ഒരാണിന്റെ മുൻപിൽ അവൾ മനസ്സുതുറക്കുന്നത്.അതിന് കിട്ടിയ മറുപടി ഇങ്ങനെയും.
അവളുടെ കണ്ണുകൾ തോരാതെ പെയ്യുന്നത് ദത്തൻ നെഞ്ചുപൊട്ടുന്ന വേദനയോടെ കണ്ടില്ലെന്ന് നടിച്ചു!
വീട്ടിലെത്തിയപ്പോൾ അവിടെ സാവിത്രിയും ലേഖയും ദേവിയും ഇരിപ്പുണ്ട്.ആമി ദേവിയുടെ മടിയിൽ കിടന്നുറങ്ങുന്നു .
കാറിൽ നിന്നും മാളുവും ദത്തനും ഇറങ്ങി.മാളുവിന്റെ മുഖം കണ്ടപ്പോഴേ കാര്യം പന്തിയല്ലെന്ന് ലേഖയ്ക്ക് മനസ്സിലായി.
"സജി വന്നോ മാളു?കുഴപ്പം എന്തെങ്കിലും ഉണ്ടാക്കിയോ?" ലേഖ പേടിയോടെ ചോദിച്ചു.
"വന്നിരുന്നു.പതിവ് പരുപാടി തന്നെ.വീട്ടിൽ കൊണ്ടുവിടാം എന്നൊക്ക പറഞ്ഞു." മാളു മുഖം തുടച്ചുകൊണ്ട് പറഞ്ഞു.
"നാണമില്ലാത്തവൻ.എത്ര പറഞ്ഞാലും ഒരു പേടിയുമില്ല .അവനോട് എപ്പഴും പറയുന്നതാ മര്യാദയ്ക്ക്  നിൽക്കണമെന്ന്.കള്ളുകുടിയൊക്കെ നിർത്തിയെന്ന് പറഞ്ഞിട്ടെന്താ നശിക്കാനുണ്ടായ ജന്മമാ .തലവിധി. " സാവിത്രി ദേഷ്യത്തോടെ പറഞ്ഞു..
ദേവിയുടെ മുഖം മ്ലാനം ആണെന്ന് ദത്തൻ ശ്രദ്ധിച്ചു.
"ചിറ്റപ്പൻ പെട്ടെന്നൊരത്യാവശ്യം  വന്നിട്ട് പോയതാ മോളെ കൃഷ്ണേട്ടനെയുംകൊണ്ട് .ഇതിനിടയ്ക്ക് ഒരു വിശേഷം കൂടി പറയാനാ അപ്പച്ചി വന്നത്.ചന്തു  അടുത്ത ആഴ്ച്ച  വരുന്നുണ്ട്.തീയതി കുറിപ്പിച്ചു.ഈ മാസ്സം മുപ്പതിന്  നടത്താമെന്നാ  പൊതുവാൾ പറഞ്ഞത്." സാവിത്രി  സന്തോഷത്തോടെ പറഞ്ഞു.
ഇടിവെട്ടേറ്റത്‌  പോലെ നിന്നുപോയി മാളുവും ദത്തനും!
അവൾ ദത്തനെ നോക്കി.അയാൾ ആമിയെ എടുത്ത് വെളിയിലേക്കിറങ്ങി.മാളുവിന്റെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടപ്പോൾ സാവിത്രിക്ക് എന്തോ പന്തികേട് തോന്നി.
"എന്ത് പറ്റി  മോളെ ഒരു സന്തോഷമില്ലാത്തെ ?കല്യാണം എന്ന് കേൾക്കുമ്പോ മോൾക്ക് സന്തോഷമാകുമെന്നാ അപ്പച്ചി വിചാരിച്ചത്." സാവിത്രി വിഷമത്തോടെ പറഞ്ഞു.
"കല്യാണം ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് അവൾ ഓർത്തുകാണില്ല  സാവിത്രി.എന്നെ ഇട്ടേച്ചു പോവേണ്ടി വരുമല്ലോ എന്നാ അവൾക്ക് വിഷമം." ലേഖ പറഞ്ഞൊപ്പിച്ചു.
"അതിപ്പോ പെൺകുട്ടികൾ എന്നായാലും കല്യാണം കഴിച്ച് വേറൊരു വീട്ടിൽ പോവണ്ടതല്ലേ?ഇതിപ്പൊ  മോൾക്ക് അറിയാവുന്ന വീട്ടിലേക്ക് തന്നെ അല്ലെ മോള് വരുന്നത്?അമ്മയ്ക്കും എപ്പൊ  വേണമെങ്കിലും  അങ്ങോട്ട്  വരാമല്ലോ.അല്ലെ ദേവിയേച്ചി?" സാവിത്രി ദേവിയെ നോക്കി.
"അതെ അതെ"ദേവി ചിരിച്ചെന്നു വരുത്തി.
മാളു ദേവിയെ വേദനയോടെ നോക്കി.
ദേവിക്ക് സങ്കടം വന്നു. അവർ മുഖം താഴ്ത്തി.
"പിന്നെ എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതാ നല്ലത് മോളെ.കല്യാണം കഴിഞ്ഞാപ്പിന്നെ സജിയുടെ ശല്യമൊന്നും ഉണ്ടാവില്ല.ഇവിടെ ഒരാൺതുണ ഇല്ലെന്നറിയാം അതിന്റെ അഹങ്കാരമാ അവന്" സാവിത്രി പറഞ്ഞു.
"ഞാൻ ഇറങ്ങുവാ ലേഖേ.സജി വീട്ടിൽ തിരിച്ചെത്തിക്കാണും ." സാവിത്രി വെറുപ്പോടെ പറഞ്ഞു.
"അമ്മയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടോ?കിടപ്പിലാണെന്ന് ലേഖ പറഞ്ഞിരുന്നു." ദേവി സാവിത്രിയോട് ചോദിച്ചു.
"ഒരു മാറ്റവുമില്ല  ദേവിയേച്ചി.കിടന്നകിടപ്പിൽ തന്നെ എല്ലാം.പിന്നെ ലീല ഉള്ളതാ വലിയൊരാശ്വാസം." സാവിത്രി പറഞ്ഞു.
"ലീല..?" ദേവിക്ക് ലീല ആരാണെന്ന് മനസ്സിലായില്ല.
"അമ്മയെ നോക്കാൻ നിൽക്കുന്ന സ്ത്രീയുടെ കാര്യമാ പറഞ്ഞത്. അമ്മയ്ക്ക് ആവതായിരുന്നപ്പോ അടുക്കള ജോലിക്ക് ആളെ  നിർത്തുന്നത് അമ്മയ്ക്കിഷ്ടമല്ലായിരുന്നു.ഞാനും അമ്മയും കൂടിയാ എല്ലാം ചെയ്തോണ്ടിരുന്നേ.അമ്മ വീണുകിടന്നപ്പോ ഒരുത്തിയെ നിർത്തി  അമ്മയെ നോക്കാനും അടുക്കളപ്പണിക്കുമൊക്കെ.അമ്മയെ നോക്കാൻ നിർത്തിയിട്ട് അവളെ നോക്കേണ്ട അവസ്ഥയായി പിന്നെ.ഒന്നും വൃത്തിയായി  ചെയ്യില്ല..ശിവേട്ടന് ദേഷ്യം വന്ന് അവളെ പറഞ്ഞുവിട്ടു.പിന്നെ  കമ്പനിയിൽ ഏതോ സ്റ്റാഫിന്റെ ബന്ധത്തിൽപെട്ട ഒരു സ്ത്രീയെ വയനാട്ടീന്ന് കൊണ്ടുവന്നു.അവരാ ഈ പറഞ്ഞ ലീല.തീരെ നിവർത്തിയില്ലാത്ത കുടുംബമാ.എല്ലാം കണ്ടറിഞ്ഞ് ചെയ്തോളും..അമ്മയെ കുളിപ്പിക്കും സമയാസമയം മരുന്നും ഭക്ഷണോം കൊടുക്കും അടുക്കളക്കാര്യോം നോയ്‌ക്കോളും എനിക്കൊന്നും അറിയണ്ട.എല്ലാം തനിയെ ചെയ്യണം നമ്മളെന്തെങ്കിലും സഹായിക്കാൻ ചെന്നാൽ മുഖം വീർപ്പിക്കും."സാവിത്രി ചിരിയോടെ പറഞ്ഞു.
"ശരി ലേഖേ ഞാൻ വന്ന ഓട്ടോ വെയിറ്റ് ചെയ്യുന്നുണ്ട്.ചെന്നിട്ട് ഞാൻ വിളിക്കാം."എല്ലാവരോടും യാത്ര പറഞ്ഞ് സാവിത്രി ഇറങ്ങി.
"ദേവിയേച്ചി കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങാൻ പോവാ.എല്ലാത്തിനും കൂടെ നിന്നോണം കേട്ടോ."ലേഖ ദേവിയോട് ഉത്സാഹത്തോടെ പറഞ്ഞു.
"അത് പിന്നെ പ്രത്യേകം പറയണോ  ലേഖേ ?ഇവള് എന്റെ മോള് തന്നെയാ.എന്തിനും ഞങ്ങൾ ഉണ്ട് കൂടെ".
ഒരത്താണി എന്നവണ്ണം മാളു ദത്തനെ നോക്കി.അവളുടെ നോട്ടം നേരിടാനാവാതെ അവൻ ദേവിയുടെ മടിയിൽ നിന്നും കുഞ്ഞിനേയും എടുത്ത് അപ്പുറത്തേക്ക് നടന്നു.
"കുഞ്ഞുന്നാളിലേ പറഞ്ഞുറപ്പിച്ചതാണോ ഇവരുടെ വിവാഹം?" ദേവി ലേഖയോട് ചോദിച്ചു.
"ഏയ് അല്ല..മാളൂന്റെ അച്ഛൻ മരിച്ചിട്ടും അമ്മയ്ക്കും സാവിത്രിക്കും ഞങ്ങളോട് അടുക്കാൻ വലിയ മടിയായിരുന്നു.അവരെ കുറ്റം പറയാൻ പറ്റില്ല.സതീശേട്ടന്റെ കല്യാണം സാവിത്രിയുടെ ഒരു കൂട്ടുകാരിയുമായിട്ട് പറഞ്ഞുവെച്ചിരുന്നതാ.അവരും വലിയ തറവാട്ടുകാരായിരുന്നു.അതിനിടയ്ക്കാ അവരെയെല്ലാം വെറുപ്പിച്ചുകൊണ്ട് സതീശേട്ടൻ എന്നെവിളിച്ചിറക്കി കൊണ്ടുവന്നത്.അതോടെ ആ കുട്ടിയും വീട്ടുകാരും സാവിത്രിയുമായിട്ട് തെറ്റി.പിന്നെ മാളുവിന് ഒരുവയസ്സുള്ളപ്പോ ആയിരുന്നു  അവളുടെ മുത്തശ്ശന്റെ മരണം. അത് കഴിഞ്ഞ് സതീശേട്ടന്റെ മരണം.എല്ലാം എന്റെ ദോഷം കൊണ്ടാണെന്നാ അവർ പറഞ്ഞിരുന്നത്.അതുകൊണ്ട് മനസ്സുകൊണ്ട് ഞങ്ങളെ അംഗീകരിക്കാൻ അമ്മയ്ക്കും സാവിത്രിക്കും കഴിഞ്ഞിരുന്നില്ല.എനിക്ക് തയ്യൽ കട തുറക്കാനുള്ള കാശ് തന്നത് ശിവേട്ടന്റെ ഒറ്റ ഒരാളുടെ നിർബന്ധം കൊണ്ടായിരുന്നു.ശിവേട്ടൻ തന്നെ മുൻകൈയെടുത്ത് അമ്മയെയും സാവിത്രിയേയും കൂട്ടി ഞങ്ങളെ  കാണാൻ വന്നു എല്ലാ പിണക്കങ്ങളും ഒത്തുതീർപ്പാക്കണമെന്നും പറഞ്ഞ് .മാളുവിന്റെ കളിയും ചിരിയുമൊക്കെ കണ്ട് അമ്മയുടെ സ്വഭാവത്തിൽ  പതിയെ മാറ്റം വന്നു.ഞങ്ങളോട് അടുപ്പം കാണിക്കാൻ തുടങ്ങി.പക്ഷെ സാവിത്രി അപ്പോഴും  അകൽച്ചയിലായിരുന്നു.ഇടയ്ക്ക് തക്കം കിട്ടുമ്പൊ കുത്തുവാക്കുകൾ പറയും.അത് പക്ഷെ ഞാൻ അർഹിക്കുന്നതായിരുന്നു.ശിവേട്ടന്റെ മുൻപിൽ വെച്ച് ഒന്നും പറയില്ല.ശിവേട്ടനെ പേടിച്ചായിരുന്നു സാവിത്രി ഞങ്ങളോട് അടുപ്പം കാണിച്ചിരുന്നതെന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്‌.അമ്മ വീണ് കിടപ്പിലായത് സാവിത്രിക്ക് വലിയൊരു ഷോക്കായി.കുറച്ച് നാൾ ആരോടും മിണ്ടാതെ വീട്ടിനകത്ത് തന്നെ ആയിരുന്നു.അതുകഴിഞ്ഞ് ഞങ്ങളോടുള്ള പെരുമാറ്റത്തിൽ നല്ല മാറ്റം വന്നു.ഒരിക്കെ വീട്ടിൽ വന്ന് എന്റെ മുൻപിലിരുന്ന് കുറെ കരഞ്ഞു.അമ്മ വീണതോടെ ഒറ്റയ്ക്കായത് പോലെ തോന്നുന്നുവെന്നും  എന്നെയും മോളെയും ഒരുപാട് കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെന്നും സതീശേട്ടന്റെ ആത്മാവ് പൊറുക്കില്ലെന്നും അതുകൊണ്ട് കഴിഞ്ഞതെല്ലാം മറക്കണമെന്നും പറഞ്ഞു. പിന്നീട് മാളുവിനെ വലിയ കാര്യമായിരുന്നു.അവൾക്ക് വേണ്ടതെല്ലാം അവൾ പറയാതെ തന്നെ മേടിച്ചുകൊടുക്കും.ഒന്നുമില്ലെങ്കിലും സ്വന്തം ചോരയല്ലേ.  കുറ്റബോധം തോന്നിക്കാണും.കുറച്ച് നാളുകൾ കഴിഞ്ഞാ ഇങ്ങനെ ഒരു ആലോചനയുമായിട്ട് വന്നത്.കേട്ടപ്പോ എനിക്കും സന്തോഷമായി.എന്റെ കൺമുമ്പിൽ വളർന്ന പയ്യനാ ചന്തു.ഒരു ദുശ്ശീലവുമില്ല.എന്നെയും  മോളെയും വലിയ കാര്യവുമാ." ലേഖ പറഞ്ഞു.
ദേവി ഒന്നും മിണ്ടിയില്ല.
കുറച്ച് കഴിഞ്ഞ് അവിടെ  നിന്ന് യാത്ര പറഞ്ഞിറങ്ങി.
 മാളു ഒന്നും മിണ്ടാതെ കട്ടിലിൽ പോയികിടന്നു.
കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി.
ദത്തനും കണ്ണടച്ച് കിടക്കുകയായിരുന്നു.നെറ്റിയിൽ തണുത്ത കൈ തലോടിയപ്പോഴാണ് അവൻ കണ്ണുതുറന്നത്.
"അമ്മ പോയി ചോദിക്കണോടാ അവളെ നമുക്ക് തന്നേക്കാമോ എന്ന് ?" മകന്റെ സങ്കടം മനസ്സിലാക്കി അവർ പ്രതീക്ഷയോടെ മകനോട് ചോദിച്ചു.അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു എന്നത് അവനെ അതിശയിപ്പിച്ചില്ല.അവർ മകനെ അത്രത്തോളം മനസ്സിലാക്കിയിരുന്നു.
"അമ്മ കണ്ടതല്ലേ ലേഖാന്റിയുടെ മുഖത്തെ സന്തോഷം?ഇപ്പൊ ഇതും പറഞ്ഞ് നമ്മളെങ്ങോട്ട്  ചെന്നാൽ അവർ സമ്മതിക്കുമെന്ന്  അമ്മയ്ക്ക്  തോന്നുന്നുണ്ടോ ?വെറുതെ എന്തിനാ അമ്മെ ബന്ധങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുന്നത്?നമ്മൾ അനുഭവിച്ച അതെ അവസ്ഥ വേറെ ആർക്കും വരരുത് എന്നെനിക്ക് നിർബന്ധം ഉണ്ട് .അതും നമ്മൾ കാരണം.ഇല്ലായിരുന്നെങ്കിൽ ഞാനവളെ വേറാർക്കെങ്കിലും  വിട്ടുകൊടുക്കുമായിരുന്നെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?"ദത്തന്റെ കണ്ണുകൾ നിറഞ്ഞു.അവൻ റൂമിൽ നിന്നുമിറങ്ങിപ്പോയി.
മാളുവിന്‌ ആമിയോടുള്ള  വാത്സല്യവും അതുവഴി  ദത്തനോടുള്ള ചായ്‌വും  ലേഖ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു .പക്ഷെ കൂടുതൽ പറഞ്ഞ് വഷളാക്കണ്ട  എന്ന് വെച്ച് ലേഖ ആ വിഷയം എടുത്തിട്ടില്ല.ചന്തുവുമായുള്ള വിവാഹം നിശ്ചയിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ താൻ മാളുവിന്റെ ഇഷ്ടത്തിന് കൂട്ടുനിന്നേനേം.ദത്തൻ ദേവിയേച്ചിയുടെ മകനാണെന്നുള്ള ഒറ്റ കാരണം മതി ഈ വിവാഹത്തിന് കണ്ണും പൂട്ടി സമ്മതം മൂളാൻ.പക്ഷെ വൈകിപ്പോയിരുന്നു!
ദേവി കുഞ്ഞിനേയും കൊണ്ട് മാളുവിന്റെ വീട്ടിൽ പോകുന്നത് ദത്തൻ  കർശനമായി വിലക്കി.കുഞ്ഞിനെ മാളുവിൽ നിന്നും അകറ്റുന്നതാണ് നല്ലത് എന്നവന് തോന്നി.അവൾ വേറൊരാളുടെ  ഭാര്യ ആകുമ്പോൾ കുഞ്ഞിനെ മറക്കും.പക്ഷെ അവൾ കൂടെയുള്ള ഓരോ നിമിഷവും കുഞ്ഞ് അവളോട് കൂടുതൽ അടുത്തുകൊണ്ടിരിക്കും.അവളുടെ അസാന്നിധ്യം കുഞ്ഞിനെ നല്ലവണ്ണം ബാധിക്കും എന്നവനറിയാമായിരുന്നു.
ആമിയുടെ അമ്മെ അമ്മെ എന്നുള്ള വിളികേൾക്കുമ്പോൾ മാളുവിന്റെ നെഞ്ചുപൊടിയും.കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കുമ്പോൾ മാളു ഓടി മതിലിനരികിലെത്തും.ദത്തൻ അവളെ കണ്ടിട്ടും കാണാത്തഭാവത്തിൽ കാർ  ഓടിച്ച് പോവും.ദത്തൻ വീട്ടിൽ ഉള്ളപ്പോൾ ദേവി ആമിയെ ദത്തനെ ഏൽപ്പിച്ച് മാളുവിന്റെ അടുത്ത് വന്നു കല്യാണവിശേഷങ്ങൾ തിരക്കും.
ആമിയെ കൊണ്ടുവരാൻ മാളു പലതവണ പറഞ്ഞെങ്കിലും ദേവിക്ക് താൽപര്യം  ഉണ്ടായിരുന്നെങ്കിലും ദത്തൻ സമ്മതിച്ചിരുന്നില്ല.
ഒരിക്കൽ ദേവിയും ലേഖയും അമ്പലത്തിൽ പോയ സമയം അപ്പുറത്ത്  ആമിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു .എത്ര നിയന്ത്രിച്ചിട്ടും മാളുവിന്‌ അങ്ങോട്ട് ചെല്ലാതിരിക്കാനായില്ല.പഴയതുപോലെ മതിലുചാടി അവൾ അപ്പുറത്തേക്ക് ചെന്നു .പണ്ടത്തെ അനുഭവം ഓർമ്മയുള്ളത് കൊണ്ട് വളരെ സൂക്ഷിച്ചാണ് അവൾ  മതില് ചാടിയത്.
മാളു ചെന്നപ്പോൾ ദത്തനും ആമിയും സിറ്റൗട്ടിൽ  തന്നെ ഉണ്ട്.മതില് ചാടി വരുന്ന മാളുവിനെ കണ്ട് ദത്തൻ ഒന്ന് പകച്ചു ! ഉറക്കത്തിൽ നിന്നും എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുനേറ്റ് അലറിക്കരയുന്ന ആമിയെ സമാധാനിപ്പിക്കാൻ പാടുപെടുകയായിരുന്നു ദത്തൻ.
മാളു ഒന്നും മിണ്ടാതെ ആമിയെ ദത്തന്റെ കയ്യിൽ നിന്നും ബലമായി വാങ്ങി.അമ്മ അമ്മ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ആമി മാളുവിന്റെ തോളിൽ ഒട്ടികിടന്നു.കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ ആമി ഒന്ന് മയങ്ങി.
അവൾ ആമിയെ തിരികെ കട്ടിലിൽ കിടത്തി.പുതപ്പിച്ചിട്ട് അവളും കുറച്ച്  നേരം ആമിയുടെ കൂടെ കിടന്നു.ദത്തൻ ഇതെല്ലം നോക്കി നിൽക്കുന്നുണ്ടായിരുന്നു  .
ആമി നല്ലതുപോലെ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ മാളു പതിയെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അവൾ ദത്തനെ ശ്രദ്ധിച്ചുകൂടിയില്ല .
"മാളു" ദത്തൻ അവളെ വിളിച്ചു.
അവൾ കേൾക്കാത്ത ഭാവത്തിൽ നടന്നു.
"മാളു വിളിച്ചത് കേട്ടില്ലേ നീ ..!"ദത്തന് ദേഷ്യം വന്നു.അവൻ പിറകെ ചെന്ന്  അവളുടെ കയ്യിൽ പിടിച്ചു.പുറം തിരിഞ്ഞ്  നിന്ന അവളെ ചുമലിൽ പിടിച്ച് അവനഭിമുഖമായി നിർത്തി.
"എന്ത് വേണം?" അവൾ അവന്റെ മുഖത്തു നോക്കാതെ ഗൗരവത്തോടെ ചോദിച്ചു.
"എന്റെ മുഖത്തു ഒന്ന് നോയ്ക്കൂടെ മാളു നിനക്ക്?ഇത്ര വെറുപ്പാണോ എന്നെ ?"അവൻ സങ്കടത്തോടെ ചോദിച്ചു.
"വെറുപ്പ്! അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്?നിങ്ങളുടെ  നെഞ്ചിൽ ചേർന്നുനിന്നുകൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞത്.എന്നിട്ടും ഒരു വാക്കുപോലും പറയാതെ നിങ്ങൾ എന്നെ പുച്ഛിച്ചു."അവൾ സങ്കടത്തോടെ പറഞ്ഞു.
"ഞാൻ പറയുന്നത് ഒന്ന് കേൾക്ക്  മാളു"ദത്തൻ കെഞ്ചി.
"എനിക്ക് ഒന്നും കേൾക്കണ്ട.എന്റെ ദേഹത്തു നിന്ന് കയ്യെടുക്കണം"അവൾ അവനോട് ദേഷ്യപ്പെട്ടു.
"എന്താ നിന്റെ ദേഹത്തു ഞാൻ തൊട്ടാൽ?അന്ന് കാറിൽ നിന്നെ വലിച്ച് എന്റെ  നെഞ്ചിലേക്കിട്ടപ്പോൾ ഈ വെറുപ്പൊന്നും കണ്ടില്ലല്ലൊ ?"ദത്തൻ വീറോടെ പറഞ്ഞു.
അവൻ അവളുടെ കൈയിലെ പിടി മുറുക്കി..അവൾക്ക് വേദനിച്ചുവെങ്കിലും അവൾ കരഞ്ഞില്ല.
"നിങ്ങളെ ഒന്ന് കാണാനായി എത്ര ദിവസ്സം ഞാൻ ആ മതിലിന്റെ അടുത്ത്  വന്നു നിന്നിട്ടുണ്ടെന്നറിയാമോ?ഓരോ  പ്രാവശ്യവും കണ്ടിട്ടും കാണാത്തപോലെ നിങ്ങൾ നടന്നകന്നു.ഈ  കുഞ്ഞിനെപോലും നിങ്ങൾ എന്നിൽ നിന്നകറ്റാൻ ശ്രമിച്ചു..എന്നെ അവഗണിച്ചതും പോരാ എന്നിട്ട് എനിക്ക് വെറുപ്പാണെന്ന്.കൊള്ളാം !"മാളു പരിഹസിച്ചു.
"നിഷേധിക്കുന്നില്ല.എല്ലാം എന്റെ തെറ്റാണ് .എനിക്കൊന്നും പറയാനില്ല.നീ പൊയ്ക്കോളൂ"ദത്തൻ  അവളുടെ കയ്യിലെ പിടിത്തം അയച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.അവൾ അവനെ ഒന്നുകൂടി നോക്കിയിട്ട് അവിടെ നിന്നും ഇറങ്ങി.
ദത്തൻ അവൾക്കായി ഗേറ്റ് തുറന്നു കൊടുത്തു.അവൾ അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ മതില് ചാടി.അവിടെ ലേഖയും ദേവിയും അമ്പലത്തിൽ നിന്നും തിരിച്ചെത്തിയിരുന്നു.
“എന്തിനാ മാളു നീ അപ്പുറത്ത്  പോയത്?" ലേഖ ദേഷ്യത്തോടെ  മാളുവിനെ നോക്കി.
"കുഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു " മാളു പറഞ്ഞു.ദേവി സഹതാപത്തോടെ മാളുവിനെ നോക്കി.
കുഞ്ഞ്  ഉണർന്നോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ദേവി അപ്പുറത്തേക്ക് പോയി.
"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പുറത്തേക്ക് ഒറ്റയ്ക്കു പോവരുതെന്ന്.ചന്തുവെങ്ങാനും ഇതറിഞ്ഞാൽ!" ലേഖ പറഞ്ഞു.മാളുവിന്‌ ദേഷ്യം ഇരച്ചുകയറി.
"ചന്തു  നാളെ  ഇങ്ങെത്തും മാളു! സാവിത്രി അമ്പലത്തിൽ ഉണ്ടായിരുന്നു.." ലേഖ സന്തോഷത്തോടെ പറഞ്ഞു.
"അതിന് ?" മാളു നീരസത്തോടെ ചോദിച്ചു.
"അതിനെന്താണെന്നോ?ടീ  നിന്നെ കെട്ടാൻ പോകുന്നവൻ നാളെ വരും ദുബായിൽ നിന്ന് "
"അതിന് ഞാനെന്തു വേണം?തുള്ളിചാടണോ?"മാളുവിന്റെ ഭാവമാറ്റം കണ്ട് ലേഖ അമ്പരന്നു!

രചന:അഞ്ജന ബിജോയ്


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot