നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 10


മാളവിക - തുടരുന്നു ....

"എന്തിനാ  മാളു നീ ദേഷ്യപ്പെടുന്നെ?"ലേഖ ചോദിച്ചു
"എന്തിനാ ദേഷ്യപ്പെടുന്നെ എന്ന് അമ്മയ്ക്ക് അറിയില്ലേ?എല്ലാം അറിഞ്ഞ് വെച്ചിട്ട് പൊട്ടികളിക്കുന്നു."മാളു ഒച്ചയുയർത്തി സംസാരിച്ചു.
"അമ്മയ്ക്ക് വലുത്  മകളുടെ ഇഷ്ടങ്ങളോ അവളുടെ ആഗ്രഹങ്ങളോ ഒന്നുമല്ല.അപ്പച്ചിയോടുള്ള കടം വീട്ടണം.അതിനു മകളെ അവർക്ക് തീറെഴുതി കൊടുക്കണം.മകൾക്ക് ഈ വിവാഹത്തിന് താൽപ്പര്യമുണ്ടോ സമ്മതമാണോ എന്നൊന്നും അമ്മയ്ക്ക്  അറിയേണ്ട .അമ്മയും പ്രേമിച്ച് വിവാഹം കഴിച്ചതല്ലേ?മകളുടെ മനസ്സിലെ ഇഷ്ടം മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്തതുപോലെ ഉള്ള ഈ അഭിനയമുണ്ടല്ലോ!എങ്ങനെ കഴിയുന്നു അമ്മയ്ക്ക് ?"മാളു  വെറുപ്പോടെ പറഞ്ഞു.ലേഖ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല .
"മാളു അമ്മ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.അതുകൊണ്ടുതന്നെയാണ് അഭയാർത്ഥികളെ പോലെ നമ്മൾക്ക് കഴിയേണ്ടിവന്നതും .ആ ഗതി എന്റെ മോൾക്കും വരരുത് എന്ന്  കരുതിയാണ് പിടിച്ച പിടിയാലേ നിന്നെ എങ്ങനെയെങ്കിലും അങ്ങോട്ടയക്കാൻ അമ്മ  നോക്കുന്നത്.നീ പറഞ്ഞതുപോലെ ചന്തുവുമായുള്ള വിവാഹം നിനക്കിഷ്ടമല്ല എന്ന് അമ്മയ്ക്ക് അറിയാം .പക്ഷെ ഇപ്പൊ ദത്തനോടും ആമിയോടുമുള്ള നിന്റെ ഇഷ്ടം ആണ് ഈ വിവാഹത്തിന്  തടസ്സമായി  നിൽക്കുന്നതെങ്കിൽ ദത്തന് നിന്നെ സ്വീകരിക്കാൻ മനസ്സുണ്ടെങ്കിൽ നമുക്ക്  സാവിത്രിയോട് സംസാരിക്കാം.അമ്മ കൊടുത്ത വാക്കിന് വിലയില്ലാതാവും.ഒരുപക്ഷെ സാവിത്രി ഇതിന്റെ പേരിൽ ജീവിതകാലം മുഴുവനും നമ്മളോട് പിണങ്ങിയേക്കാം.എന്നാലും സാരമില്ല.മോള് പറ.അമ്മ സാവിത്രിയോട് സംസാരിക്കട്ടെ?"
മാളു കരഞ്ഞുകൊണ്ട് ലേഖയുടെ നെഞ്ചിലേക്ക് വീണു.
"എന്താ മാളു?അമ്മ നിനക്ക് സന്തോഷം ഉള്ള കാര്യം അല്ലെ പറഞ്ഞത്?എന്തിനാ  കരയുന്നെ?"ലേഖ സങ്കടത്തോടെ ചോദിച്ചു.
"വേണ്ട അമ്മെ.ഞാൻ..ഞാൻ മാത്രമേ സ്നേഹിക്കുന്നുള്ളു.ദത്തേട്ടന് എന്നോട് അങ്ങനെയൊന്നും ഇല്ല .." മാളു കരഞ്ഞുകൊണ്ട് പറഞ്ഞു.
ലേഖ മകളെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു...
പിറ്റേന്ന് വൈകിട്ട് ചന്തുവും  ശിവദാസനും സാവിത്രിയും മാളുവിനെ കാണാൻ എത്തി.മാളു തലവേദന ആണെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു.സാവിത്രി അവളുടെ മുറിയിൽ ചെന്ന് അവളെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് വന്നു.
"ചെല്ല് ശിവേട്ടനും മോനും വെളിയിൽ ഇരിപ്പുണ്ട് "  സാവിത്രി പറഞ്ഞു.മാളു സിറ്റ് ഔട്ടിലേക്ക് നടന്നു.
"എന്താ ലേഖേ മാളു കരഞ്ഞത്പോലെ  ഉണ്ടല്ലോ?" സാവിത്രി ചോദിച്ചു..ലേഖ അവർക്ക് കാപ്പി എടുക്കുകയായിരുന്നു .
"അവൾക്ക് എന്നെ വിട്ടു പോവുന്നതിന്റെ  സങ്കടം.ഇതുവരെ ഒരു രാത്രിപോലും ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ലല്ലോ."ലേഖ സാവിത്രിയുടെ  മുഖത്തു നോക്കാതെ പറഞ്ഞു.
സിറ്റ് ഔട്ടിൽ  മാളു ചെല്ലുമ്പോൾ ശിവദാസനും ചന്തുവും എന്തോ കാര്യമായി ശബ്ദം താഴ്ത്തി സംസാരിക്കുകയായിരുന്നു.അവളെ കണ്ടപ്പോൾ അവർ സംസാരം നിർത്തി അവളെ നോക്കി ചിരിച്ചു.
"ആഹ് സുഖമാണോ ടീച്ചറെ ?" ചന്തു  ചിരിച്ചുകൊണ്ട് ചോദിച്ചു.
"അതെ" മാളു ചിരിക്കാനൊരു ശ്രമം നടത്തി.
"നിനക്കെന്താ വയ്യേ?മുഖമൊക്കെ വല്ലാതെ  ഇരിക്കുന്നു?"
മുഖത്തു ചമയങ്ങളൊന്നുമില്ലാതെ അലങ്കോലമായികിടന്ന മുടിയും തലേന്ന് കരഞ്ഞുവീർത്ത കൺപോളകളുമായി  നിൽക്കുന്ന മാളുവിനെ കണ്ട് ചന്തു  ചോദിച്ചു.
"രാത്രി ഉറക്കമളച്ചിരുന്ന് കുറച്ച്  നോട്ട്സ് പ്രിപ്പയർ ചെയ്തു  ..അതിന്റെ ആവും .."മാളു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ലേഖ അവർക്ക് കാപ്പി കൊടുത്തു.
"ലേഖേ ഞങ്ങൾ മുഹൂർത്തം നോക്കിയിട്ട് വരണ വഴിയാ . തീയതി അന്ന് പറഞ്ഞതിൽ നിന്ന് വെത്യാസമുണ്ട്.  അത് വീക്‌ഡേ ആണ് . ആഫീസിൽ പോകുന്നവർക്ക് വരാൻ ബുദ്ധിമുട്ടായിരിക്കും.അതുകൊണ്ട് ഞായറാഴ്ച്ച ഉണ്ടോ എന്ന് നോക്കിച്ചപ്പോ  അടുത്ത മാസം 28 ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കുമിടയിൽ  നല്ല മുഹൂർത്തം ഉണ്ട്.ഞായർ ആയത്കൊണ്ട് ആർക്കും അവധി എടുക്കേണ്ടിയും വരില്ല.എല്ലാവർക്കും  വരാൻ സാധിക്കും.ഡേറ്റ് കുറച്ച് നീങ്ങിയതുകൊണ്ട് നമുക്ക് എല്ലാം ഒരുക്കാനും സമയം കിട്ടും.നമ്മക്ക് സൂര്യപ്രഭ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താം .അവിടെ പത്തു രണ്ടായിരം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ട് പിന്നെ ഹാൾ ഏ.സി യും ആണ്.ലേഖ എന്ത് പറയുന്നു?"ശിവദാസൻ ചോദിച്ചു.
"സൂര്യപ്രഭ.. അതൊക്കെ വലിയ ചിലവല്ലേ ശിവേട്ടാ ?എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല." ലേഖ വിഷമം അറിയിച്ചു.
"എന്റെ പൊന്നു ലേഖേ നിന്നോട് കാശിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ?നിന്റെ മകളെ ഞങ്ങടെ ചന്തുവിന്  ഈ പറഞ്ഞെ മുഹൂർത്തത്തിൽ കെട്ടിച്ച് തരാൻ സൗകര്യം ഉണ്ടോ ഇല്ലയോ എന്ന് മാത്രേ ചോദിച്ചുള്ളൂ."സാവിത്രി പറഞ്ഞു.
എല്ലാവരും ലേഖയുടെ ഉത്തരത്തിനായി കാത്തു.
ലേഖ മാളുവിനെ നോക്കി.മാളു വേറെ ഏതോ ലോകത്താണെന്ന് തോന്നി അവളുടെ നിൽപ്പുകണ്ടപ്പോൾ .
ചന്തുവും  മാളുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
"നീ സമ്മതിച്ചാൽ മാത്രം മതി ലേഖേ.ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾക്ക് വിട്ടേക്കു ." സാവിത്രി ആവേശത്തോടെ പറഞ്ഞു.
"എല്ലാം നിങ്ങൾ തന്നെ തീരുമാനിച്ചോളൂ "ലേഖ മകളെ നോക്കാതെ സമ്മതം മൂളി.
"കല്യാണത്തിന്റെ അന്ന് തന്നെ മോതിരംമാറൽ ചടങ്ങും നടത്താം.ഇപ്പൊ  പോയാൽ ചന്തുവിന് ഇനി അടുത്ത് എപ്പോഴാ ലീവ് കിട്ടുകയെന്ന് പറയാൻ പറ്റില്ല. അതാ നിശ്ചയവും കല്യാണവുമെല്ലാം ഒരേ ദിവസ്സം തന്നെ നടത്താമെന്ന് വെച്ചത് . ഹാളിന്റെയും  സദ്യയുടെയും കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം .ലേഖയും മോളും  ആരെയൊക്കെയാ  ക്ഷണിക്കുന്നത്   എന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കിത്തരണം.ആൾക്കാരുടെ എണ്ണം കിട്ടിയാലേ കാർഡ് അടിക്കാൻ കൊടുക്കാൻ പറ്റു .വിളിക്കേണ്ടവരെ വിളിച്ചുതുടങ്ങിക്കോളൂ.അടുത്ത മാസം കല്യാണം വെച്ചിട്ട് ഇപ്പോഴാണോ ക്ഷണിക്കുന്നതെന്ന്  എല്ലാവരും ചോദിക്കും .ചെറുക്കന് ലീവ് ഇല്ലാത്തതുകൊണ്ടാണ് കല്യാണം എടുപിടീന്ന് നടത്തുന്നതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല .പിന്നെ സാരിയുടെയും ആഭരണങ്ങളുടേയും   കാര്യം നിങ്ങൾ പെണ്ണുങ്ങൾ തന്നെ തീരുമാനിക്ക്. അതൊക്കെ എടുക്കാൻ പോവുമ്പോൾ ഡ്രൈവറെ കൂട്ടി പൊക്കോണം .എനിക്ക് വയ്യ കടയുടെ മുൻപിൽ മണിക്കൂറുകളോളം കുത്തിയിരിക്കാൻ."ശിവദാസൻ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.
അവർ പോവാനിറങ്ങി.ഗേറ്റ് വരെ മാളുവും ഒപ്പം ചെന്നു .ചന്തു  കാറിൽ നിന്നും ഒരു കവർ എടുത്ത് മാളുവിന്റെ കയ്യിൽ വെച്ചുകൊടുത്തു. .എന്താണെന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി.
"നിനക്കും അമ്മായിക്കുമുള്ള കുറച്ച് സാധനങ്ങളാ..പിന്നെ ഞാൻ പുതിയ സിം എടുത്തു.നിന്നെ വിളിച്ചോളാം." ചന്തു  ചിരിയോടെ പറഞ്ഞു.
"മതിയെടാ അവൾ അങ്ങോട്ട്  തന്നെയല്ലേ വരുന്നത്.അവന്  മാളുവിനെ ഇപ്പൊ തന്നെ കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ട്."സാവിത്രി ചന്തുവിനെ കളിയാക്കി.
അവർ യാത്ര പറഞ്ഞ് ഇറങ്ങി.
ലേഖയും മാളുവും ഗേറ്റ് അടച്ച് തിരിഞ്ഞതും അപ്പുറത്ത് ഇതെല്ലാം കണ്ട് ദത്തൻ നിൽപ്പുണ്ടായിരുന്നു.ആമി അവന്റെ തോളിൽ കിടന്ന് ഉറങ്ങുന്നു.
മാളു ഓടി മതിലിനരികിലെത്തി.ലേഖ അവളെ തടുക്കാൻ പോയില്ല.ഇനി എത്ര ദിവസ്സം കൂടി.അവർ മനസ്സിൽ വിചാരിച്ചിട്ട്  അകത്ത് കയറിപ്പോയി.ദത്തൻ ആമിയെയും കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
"ആമിക്ക് വയ്യ .വൈറൽ  ഫീവർ  ആണ്.മരുന്നുകൊടുക്കുന്നുണ്ട്.വയ്യാത്തതിന്റെ ആവും നല്ല വാശിയാണ്.അമ്മയെ ഇരുത്തുന്നില്ല.അമ്മയ്ക്കാണെങ്കിൽ ഒട്ടും വയ്യ .കുറെ നേരമായി ഞാൻ എടുത്തോണ്ട് നടക്കുന്നു.ഇപ്പഴാ ഒന്നുറങ്ങിയത് ."അവൻ ആമിയെ ഉണർത്താതെ ശബ്ദം താഴ്ത്തി പറഞ്ഞു.
മാളു പതുക്കെ കുഞ്ഞിന്റെ തലയിൽ വിരലോടിച്ചു.
"മാളു പൊക്കോളൂ" ദത്തൻ അവളെ നോക്കാതെ പറഞ്ഞു.
"എന്നെ പറഞ്ഞുവിടാൻ ധൃതി ആയി അല്ലെ?" മാളു സങ്കടത്തോടെ ചോദിച്ചു.
അവൻ ഒന്നും മിണ്ടിയില്ല.
“മുഹൂർത്തം അറിയിക്കാനാ  അവർ വന്നത്.സന്തോഷമായോ?" മാളു വേദനയോടെ ദത്തനെ നോക്കി.
ദത്തന്റെ നെഞ്ചിൽ എന്തോ കൊളുത്തിവലിച്ചതുപോലെ വേദനിച്ചു!
ഇത്രപെട്ടെന് അവളുടെ കല്യാണം ഉണ്ടാവുമെന്ന് അവൻ പ്രതീക്ഷിച്ചില്ല.
"ഞാൻ പോട്ടെ.ഇവളെ കൊണ്ടുപോയി കിടത്തട്ടെ " നിറഞ്ഞുവരുന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ   അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനായി ദത്തൻ പറഞ്ഞു. അവൻ നടന്നകലുന്നത്കണ്ട് മാളുവിന്റെ നെഞ്ച് വിങ്ങി.അവൾ മതിലിൽ മുഖം കുനിച്ച്  ഏങ്ങലടിച്ചു കരഞ്ഞു.
ദത്തൻ സിറ്റ് ഔട്ടിൽ  തന്നെ മറഞ്ഞ് നിൽക്കുകയായിരുന്നു.മാളു കരച്ചിൽ നിർത്തി വീടിനുള്ളിലേക്ക്  തിരികെ പോയി എന്നുറപ്പ് വരുത്തിയതിനു ശേഷമാണ് അവനും വീടിനകത്തേക്ക് കയറിയത്.
സാരിയും ആഭരണങ്ങളും എടുക്കാൻ എല്ലാവരും ചന്തുവിന്റെ കാറിൽ പോയി.ദേവിയെ കൂടെ  വിളിക്കാൻ ലേഖ മറന്നില്ല. ദത്തനേയും ആമിയേയും വീട്ടിലാക്കി ദേവിയും അവരുടെ ഒപ്പം ചെന്നു .ലേഖയ്ക്ക് ദേവിയോടും കുടുംബത്തോടുമുള്ള അമിത അടുപ്പം സാവിത്രിക്കത്ര പിടിച്ചില്ല എങ്കിലും അവർ അത് പുറത്ത് കാട്ടിയില്ല.മാളു ഒന്നിലും താൽപര്യമില്ലാതെ  മാറിനിൽക്കുന്നത് ചന്തു  ശ്രദ്ധിച്ചു.
കല്യാണത്തിന്റെ സാരിയും ആഭരങ്ങളും മറ്റും വാങ്ങി ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് അവർ മടങ്ങി.
ലേഖ വീട്ടിൽ ഇല്ലാതിരുന്ന  ഒരു ദിവസ്സം ചന്തു  മാളുവിനെ കാണാൻ വന്നു .മാളു ചെടികൾക്ക് വെള്ളം ഒഴിച്ച് ടാപ്പ് അടയ്ക്കാൻ വീടിന്റെ പിറകിലേക്ക് പോകുന്നത് കണ്ടുകൊണ്ടാണ് ചന്തു  വന്നത്.ചന്തുവും അങ്ങോട്ട് ചെന്നു.പെട്ടെന്ന് ചന്തുവിനെ കണ്ടപ്പോൾ  മാളു ഒന്ന് പകച്ചു.
"അമ്മ ഇവിടെ ഇല്ല ചന്തുവേട്ടാ.വെളിയിൽ പോയിരിക്കയാണ് ."മാളു പറഞ്ഞു.
"അറിയാം .നിന്നെ ഒന്ന് കാണാൻ വന്നതാ ഞാൻ." ചന്തു  പറഞ്ഞു.
എന്തിന്  എന്ന അർത്ഥത്തിൽ അവൾ ചന്തുവിനെ നോക്കി.
"മാളുവിന്‌ ഈ വിവാഹത്തിന് താൽപ്പര്യം  ഇല്ലേ?" ചന്തു മുഖവുര ഒന്നുമില്ലാതെ  ചോദിച്ചു.
മാളു ഒന്ന് ഞെട്ടി! എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി..
"തുറന്ന് പറയുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല.ഞാൻ വന്നപ്പൊത്തൊട്ട് ശ്രദ്ധിക്കുന്നതാ നിന്നെ.ഞാൻ കാണുമ്പോഴൊക്കെ നീ മൂടിക്കെട്ടി ഇരിക്കുന്നു.ഒരു സന്തോഷവുമില്ല.പണ്ടത്തെ കളിയില്ല ചിരിയില്ല.ഞാൻ നിന്നെ പലതവണ  ഫോൺ വിളിച്ചിട്ടും  ഒരിക്കൽ പോലും നീ അതെടുത്തില്ല..ഞാൻ അയച്ച മെസ്സേജുകൾക്ക് മറുപടി ഇല്ല.എന്താ നിന്റെ മനസ്സില്?ഈ കല്യാണം വേണ്ട എന്നുണ്ടെങ്കിൽ നീ തുറന്ന് പറയണം." അവൻ പറഞ്ഞു..
"ചന്തുവേട്ടാ പതുക്കെ..അമ്മയെങ്ങാനും കേട്ടോണ്ട് വന്നാൽ.." മാളു അവനോട് ശബ്ദം താഴ്ത്തി സംസാരിക്കാൻ പറഞ്ഞു.ലേഖ വരുന്നുണ്ടോ എന്ന് അവൾ ഗേറ്റിലോട്ട് നോക്കി..
അവൻ അവളുടെ മുഖത്തേക്ക് നോക്കി.പെയ്യാൻ വെമ്പി നിൽക്കുന്ന ഒരു കാർമേഘം ആയിരുന്നു അവൾ!
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്നോട് ക്ഷമിക്കണം ചന്തുവേട്ടാ.ഞാൻ ചന്തുവേട്ടനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.നിങ്ങൾ വെച്ചുനീട്ടിയ ജീവിതത്തിനു പകരം തരാൻ  ഞങ്ങളുടെ കയ്യിൽ ഒന്നുമില്ലായിരുന്നു.അമ്മയുടെ താൽപര്യം കൊണ്ടുമാത്രമാണ് ഞാൻ ഇതിന് സമ്മതം മൂളിയത് ."മാളു  പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
"അത് മാത്രമാണോ കാരണം?നിന്റെ മനസ്സിൽ വേറെ ആരെങ്കിലുമുണ്ടോ?"ചന്തു ശബ്ദം താഴ്ത്തി  അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
മാളു ഒന്നും മിണ്ടിയില്ല.
"പറയ് നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?" അവൻ ചോദിച്ചു.
മാളു ഉവ്വ് എന്ന് തലകുലുക്കി.
"പറയ് മാളു .ആരാ അത് ?" ചന്തു  വീണ്ടും ചോദിച്ചു.
"ദത്തൻ..ദത്തേട്ടൻ.." മാളു വിക്കി വിക്കി പറഞ്ഞു.
"ദേവിയാന്റിയുടെ മോനോ?"ചന്തു ചോദിച്ചു.
അതെ എന്ന് മാളു തലകുലുക്കി.
"ഇപ്പഴെങ്കിലും നീ തുറന്നുപറഞ്ഞല്ലോ.ഈ വിവാഹത്തിന് നിനക്ക് ഇഷ്ടമില്ല എന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു.ഇങ്ങനെ ഒരിഷ്ടം ഉണ്ടെന്നും തോന്നിയിരുന്നു.പക്ഷെ അത് ദത്തനോടാവും എന്ന് വിചാരിച്ചില്ല."ചന്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
"ചന്തുവേട്ടന് എന്നോട് ദേഷ്യമില്ലേ ?" മാളു  അവനോട് ചോദിച്ചു.
"ടി മണ്ടി ,എനിക്കിതൊക്കെ പറഞ്ഞാൽ മനസ്സിലാകും. അച്ഛനേയും അമ്മയേയും ഞാൻ പറഞ്ഞ്  മനസ്സിലാക്കിക്കോളാം.എതിർപ്പുണ്ടാവും.എന്നാലും സാരമില്ല.ഇഷ്ടമില്ലാത്തൊരു ജീവിതത്തിന് നിന്നെ ആരും നിർബന്ധിക്കില്ല.ഉറപ്പ് ." ചന്തു  അവൾക്ക് വാക്കുകൊടുത്തു .
"എന്നോട് ക്ഷമിക്കണേ ചന്തുവേട്ടാ.നന്ദികേട് കാട്ടിയെന്ന് വിചാരിക്കല്ലേ ."മാളു  കരഞ്ഞുകൊണ്ട് അവന്റെ മുൻപിൽ കൈകൂപ്പി.
ചന്തു  അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം  ഒരു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ചു .എന്നിട്ട് അവളുടെ തോളിൽ തട്ടി.
"നീ പേടിക്കണ്ട.നീ ആഗ്രഹിക്കുന്നൊരു ജീവിതം  നിനക്ക് കിട്ടിയിരിക്കും ."അവൻ അവൾക്ക് വാക്ക് നൽകി.
പിന്നെ യാത്ര പറഞ്ഞ് മടങ്ങി.
മാളു തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും  അപ്പുറത്ത് അടുക്കളയുടെ മുകളിലെ തന്റെ  മുറിയുടെ ജനാലയ്ക്കരികിൽ നിന്നും  തന്നെ നോക്കി നിൽക്കുന്നു ദത്തൻ.മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു ! മാളുവിന്  കാര്യം മനസ്സിലായില്ല.താൻ ചന്തുവേട്ടനുമായി സംസാരിച്ചത് കേട്ടുകാണുമൊ ?രണ്ടുപേരും  പതുക്കെയാണ് സംസാരിച്ചത് അതുകൊണ്ട് തങ്ങളുടെ  സംസാരം കേൾക്കാൻ വഴിയില്ല. ഇനി ചന്തുവേട്ടൻ തന്നെ കെട്ടിപ്പിടിച്ചത് കണ്ടുകാണുമോ?താൻ ചന്തുവേട്ടനോട്   സംസാരിച്ചതൊന്നും കേട്ടുകാണില്ല .കെട്ടിപ്പിടിച്ചത് മാത്രമാവും കണ്ടത്.
അവൾ വല്ലാതായി  .സത്യാവസ്ഥ ബോധിപ്പിക്കണമെന്ന് അവൾക്ക് തോന്നി.അവൾക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ ദത്തൻ ജനൽ വലിച്ചടച്ചു! അതുകണ്ട് അവളുടെ നെഞ്ച് വേദനിച്ചു.
"കെട്ടിപ്പിടിക്കാൻ നിന്ന് കൊടുക്കുന്നു!കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ." ദത്തൻ പിറുപിറുത്തു.മാളുവിനെ വേറൊരുത്തൻ നോക്കുന്നതുപോലും തനിക്ക് സഹിക്കാൻ പറ്റുന്നില്ല.അപ്പൊ പിന്നെ അവൾ വേറൊരാളുടെ ഭാര്യ ആവുന്നത് താൻ എങ്ങനെ കണ്ടുനിൽക്കും ..അവന്റെ മനസ്സ് നീറിപ്പുകഞ്ഞു.
ചന്തുവിനെ കണ്ട കാര്യം മാളു ലേഖയോട് പറഞ്ഞില്ല.മാളു ഓരോ നിമിഷവും സാവിത്രിയുടെ  വിളി പ്രതീക്ഷിച്ചു.ചന്തു  അവരോടു കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചുകാണുമെന്ന് അവൾ പ്രതീക്ഷിച്ചു.
മറുവീടിന്റെ  കാര്യം ചോദിച്ച് സാവിത്രി വിളിച്ചതൊഴിച്ചാൽ മാളുവും  ചന്തുവുമായി സംസാരിച്ച വിഷയത്തെ  പറ്റി ചോദിക്കാൻ അവിടുന്ന് ആരും വിളിച്ചില്ല.കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു.

To be continued ...............

രചന:അഞ്ജന ബിജോയ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot