Slider

കാലനുമിത് കലികാലം (കഥ)

0

ഷോയ്ബ് അക്തറിന്റെ പന്തു കണക്കേ തന്റെ തല ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന മീഞ്ചട്ടിയിലിട്ട തവി...
അതിന്റെ പിന്നാമ്പുറം കാണാതേ തന്നെ അത് ഇതാണെന്ന് ഉറപ്പിക്കാൻ പറ്റിയ തന്റെ ബുദ്ധിവൈഭവത്തെ പ്രശംസിക്കാൻ ഒട്ടും നേരമില്ലെന്നറിഞ്ഞ കാലൻ, തവിയെ അകമ്പടി സേവിച്ച് ചാളക്കറിയും ചട്ടിയും കൂടി വരുമ്മുമ്പേ ബാഹുബലിയിലെ കാലകേയനെപ്പോലെ അതി വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.
പോയി ഉരസാനൊരു ബാറ്റില്ലാതെ വന്നാൽ ബോളിനുണ്ടാവാറുള്ള അതേ സങ്കടം തവിക്കുമുണ്ടായെങ്കിലും കാലപുരിയുടെ ചുമരിൽത്തട്ടി ധടുപിടോ... ന്ന് താഴെ വീണപ്പോ അല്പമാശ്വാസം അതിനുമുണ്ടായി.
അവളാണ്.. 'ധൂമോർണ്ണ' തന്റെ പ്രാണപ്രിയ.. അവൾ കലിപ്പിലാണല്ലോ...
ആ ഒടുക്കത്തെ പ്രേമം സിനിമ കണ്ടതിനു ശേഷം "മുഷ്ടി ചുരുട്ടണ്... ആകെ വിറക്കണ്... നാഡി ഞരമ്പ് വലിഞ്ഞു മുറുകണ്... "എന്നൊക്കെ പാടാനും തുടങ്ങിയിട്ടുണ്ട്.
എല്ലാത്തിനും അവളാ കാരണക്കാരി, ആ ചിത്രഗുപ്തന്റെ ഭാര്യ.
ഇന്നാളവൾടെ ഫോണില് എന്തോ കുന്ത്രാണ്ടം കണ്ടെന്നും പറഞ്ഞ് എന്നേം വഷളാക്കാൻ വന്നതാ.
ഈ ടിക്കിട്ടോക്കി ചെയ്യാനൊന്നും എന്നെ കിട്ടത്തില്ലെന്ന് പറഞ്ഞു വിട്ടു.ആയ കാലത്ത് പോലും ചെയ്തിട്ടില്ല.എന്നിട്ടല്ലേ ഇപ്പം..
തന്നെ കണ്ട സ്ഥിതിയ്ക്ക് അവള്ടെ നാക്കിപ്പൊ പരവതാനി വിരിക്കും...ഇരുന്ന് കൊടുക്കുക തന്നെ.
മ്മടെ സാമീടെ സോപ്പിട്ടൊന്ന് പതപ്പിച്ചു നോക്കാം.അഥവാ പതഞ്ഞാലോ...
"എടിയേ... നീയിങ്ങോട്ടൊന്നിരുന്നേ...!''
"ഹും.. എന്നെയങ്ങിരുത്താനാ പ്ലാൻ ..വെറുതേയല്ല നിങ്ങളെ എല്ലാരും കാലാന്ന് വിളിച്ച് തലേക്കൈ വെച്ച് പ്രാകണ്. ഇതല്ലേ കൈയിലിരിപ്പ്..''
"എടിയേ..നീയിതേതു ലോകത്താ ....?കെട്ട് യോളുമാരെല്ലാം കെട്ടിയോ മ്മാരേം,അതുകഴിഞ്ഞ് എല്ലാരും കൂടി രാഷ്ട്രീയമേലാളമ്മാരേം പ്രാകി പ്രാകി യഥാർത്ഥ കാലനെത്തന്നെ മറന്നിരിക്കുവാടീ...
"അതിലിച്ചിരെ സത്യമുളളതാ..."
'എന്താടീ ന്റെ ധൂമൂ... നിന്റെ പ്രശ്നം. അതുപറ.
"അതിന് ഞാമ്പറയുന്ന വല്ലോം ആ ചെവീലോട്ട് എത്തിയാലല്ലേ..
"അതല്ലെടീ...എനിക്കിപ്പൊ ഇച്ചിരിച്ചെ സമയോക്കെ കിട്ടുന്നുണ്ട് .ഫിൽട്ടർ ചെയ്യാൻ അധികം സമയം ചിലവാക്കണ്ടെന്നേ...
"ങ്ങേ.. അതെപ്പൊത്തുടങ്ങി ഈ പുതിയ പരിപാടി?"
" പുതിയതൊന്നും അല്ലെന്റെ കാന്തേ..പണ്ടേയ്ക്കു പണ്ടേ ഉള്ളതല്ലിയോ...?
ദൂതന്മാർ എത്തിക്കുന്ന പരേതരെ തരം തിരിക്കുന്ന പണിയാ അത്. ഗുപ്തു നോക്കിക്കോളും.ഇപ്പൊ സംഗതി ഈസിയാണെന്നാ അവനും പറേണതെടി."
"അതെങ്ങനെ..." ?
തന്റെ ആവശ്യം നിരത്താൻ പറ്റാത്തതിലെ നിരാശ കടിച്ചമർത്തി അവൾ ചോദിച്ചു.
"മുക്കാലെണ്ണത്തിനും ഡയറക്ട് റിക്രൂട്ട്മെന്റ് ആണെന്നേ നരകത്തിലോട്ട്..."
''ഓ...അങ്ങനെ...നിങ്ങള് വല്യ പുളളി ചമയ്വൊന്നും വേണ്ട.സ്വന്തം കെട്ട് യോൾടെ ഒരാവശ്യം സാധിച്ചു കൊടുക്കാത്ത ആളാ.'
"അങ്ങനെ പറയല്ലേടീ..നിന്നെക്കഴിഞ്ഞേ എനിക്കെന്റെ സഹോദരങ്ങൾ മനുവും യമിയും പോലുമുളളൂ.''
"ഒവ്വ !ഒവ്വാ...അവരെക്കാണുമ്പോ തിരിച്ചും പറഞ്ഞാ തീർന്നല്ലോ ..! "
"നീയൊന്നു പറയെടി ... നിനക്കിപ്പം എന്താ വേണ്ടേ..?''
"പറയട്ടെ..."
"പറയെന്റെ കാലീ ..."
"ങ്ങേi പറയന്റെ കാലിയോ.... ങ്ഹാ."
"അല്ലടി...ന്റെ സ്വന്തം കാലീ ... നീയൊന്ന് മൊഴിയ്...."
"അതേയ്...ഇന്നാളൊരു ദിവസം ഓപ്പോ ഫോണ് വാങ്ങിത്തരാൻ പറഞ്ഞപ്പൊ തന്നോ...ഇല്ലല്ലോ...?"
നിനക്കൊപ്പം ഞാന്ളളപ്പൊ എന്തിനാടീ ഒരു ഒപ്പൊ ഫോണ്!പോരാത്തതിന് നമ്മടെ സ്വന്തം പോത്തും.''
അവന്റെ പുറത്ത് കയറ്റി നിന്നെ എവിടൊക്കെ കൊണ്ടു പോയി ഞാൻ..?"
"അതിന്റെ കാര്യമിവിടിനി മിണ്ടരുത്.ഇതാ ഞാൻ പറയാനുണ്ടെന്ന് പറഞ്ഞതും.''
ആ വൃത്തി കെട്ട പോത്തിന്റെ പുറത്ത് നിങ്ങടെ പുറകിലിരിക്കാൻ ഇനി എന്നെക്കിട്ടില്ല."
ങ്ങേ..'' ഞെട്ടിത്തരിച്ച് കാലപുരിയുടെ റൂഫിൽത്തട്ടിത്തരിച്ച തന്റെ തലയിൽ തടവിക്കൊണ്ട് ഗദ്ഗദ കണ്ഠനായി കാലൻ മൊഴിഞ്ഞു.
"ഇത്രേം വർഷോം സേവനമനുഷ്ഠിച്ച നമ്മുടെ പോത്തിനെ അവഹേളിക്കുകയാണോ നീ ധൂമൂ...
പണ്ടേയ്ക്കു പണ്ടേ ജനങ്ങൾടെ മനസ്സിലൊരു രൂപമുണ്ട് എന്നെപ്പറ്റി .ഞാനതെങ്ങനെ മാറ്റും പ്രിയേ..
നീ നമ്മെ പരീക്ഷിക്കല്ലേ...!"
നിങ്ങൾക്കിതൊന്നും അറിയേണ്ടല്ലോ... പൊറകിലിരിക്കുന്നത് ഞാനല്ലേ .. ആ ജന്തുവിന് പ്രകൃതീന്ന് വല്ല വിളിയും വന്നാൽ വൃത്തികേടാവണത് എന്റെ കൈയാ..."
"ഈ പുതുവർഷത്തില് കുറേ പുതിയ മോഡലുകൾ ഇറങ്ങീട്ടുണ്ടത്രേ.''
"നമുക്കും വാങ്ങാം ഒരു അടിപൊളി ബൈക്ക്."
തലയിൽക്കൈവെച്ച് താഴെവീഴുന്നതിനിടയിൽ കാലൻ അറിയാതെ വിളിച്ചു പോയ് ചിത്രഗുപ്താ....
"ആയുസ്സ് കണക്കുകൂട്ടി കണക്കുകൂട്ടി ആയുസ്സൊടുങ്ങാനായ അങ്ങേരെ വിളിച്ചിട്ട് എന്താക്കാനാ...?"
"ഓൺലൈനിക്കൂടി വാങ്ങ്യാല് ലാഭം കിട്ടും.ഞാനവളോട് പറയട്ടെ നല്ല മോഡൽ നോക്കാൻ..."
ഉസൈൻ ബോൾട്ടിനെ വെല്ലുന്ന തരത്തിൽ ഓടിപ്പോകുന്ന ധൂമുവിനെ മിന്നായം പോലൊന്നു കണ്ടതും തന്റെ തലയ്ക്കു ചുറ്റും പറക്കുന്ന നക്ഷത്രങ്ങളെ ഓരോന്നായി കാലൻ എണ്ണാൻ തുടങ്ങി....ഒന്ന് ... രണ്ട്... മൂന്ന്...

സരിത.പി.കാവുമ്പായി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo