
നവോത്ഥാനം പുതിയ മേലങ്കിയണിയുന്ന നവയുഗപ്രഭാവം ഗ്രാമീണ വായനശാലയേയും മുഖരിതമാക്കി.
"ലഘു നാടകമാവാം ... " പ്രസിഡണ്ട് ചാമിയേട്ടൻ അഭിപ്രായം മുന്നോട്ടുവെച്ചു .
"സവർണ്ണമേധാവിത്വത്തിനെതിരെയുള്ള ശക്തമായ സന്ദേശമായിരിക്കണം കഥ .. "
പുതുരക്തത്തിന്റെ ശബ്ദം.
ചർച്ചകൾ കൊടുമ്പിരി കൊണ്ടു ....
പുറകിലെ ബഞ്ചിൽ നിശ്ശബ്ദനായിരിക്കുന്ന രാമൻ നായർ തന്റെ നരച്ച കുറ്റിത്താടിയിൽ വിരലുകളോടിച്ചു ... ചിന്തകളുടെ ഭാരം അയാളുടെ വർത്തമാനകാലത്തെ കലുഷിതമാക്കിയിരുന്നു. ...
"വാഴക്കുലയായാലോ ...? "
"മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമാക്കിടാങ്ങളിലോന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു. "
ചങ്ങമ്പുഴയുടെ വരികളിലെ സൗന്ദര്യം ഗ്രബ്രിയേലിന്റെ സ്വരത്തിൽ ഒഴുകി വന്നു. ...
"ഫ്യൂഡലിസത്തിനെതിരെ ശക്തമായ പടവാളാണത് ... കാലാതിവർത്തി ... അതു തന്നെ മതി ."
അഭിപ്രായങ്ങളുണർന്നു. ....
എല്ലാവരും പ്രസിഡണ്ടിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി ....
"ഈ വായനശാലയുടെ ഉദ്ഘാടനം നടക്കുമ്പോൾ അന്ന് ഞങ്ങൾ അവതരിപ്പിച്ചത് ഇത് തന്നെയായിരുന്നു ... അന്നേറെ പ്രശംസ നേടിയിരുന്നു .. വളരെ നല്ല ഒരു നിർദ്ദേശമാണത് ..." ചാമിയേട്ടൻ ഭവ്യതയോടെ പറഞ്ഞു. ...
"അന്ന് അഭിനയിച്ചവർ തന്നെ വീണ്ടും അരങ്ങിലെത്തിയാലോ.... നല്ലൊരു അനുഭവമായിരിക്കും ...കുട്ടികളെ മാത്രം മാറ്റിയാൽ മതിയെല്ലോ ...? "
ഗബ്രിയേലിന്റെ ആ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പായിരുന്നു. ...
"ഞാനും രാമൻ നായരുമായിരുന്നു അന്ന് പ്രധാന വേഷം ചെയ്തത് ..." ചാമിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു. ...
എല്ലാവരുടേയും ശ്രദ്ധ രാമൻ നായരിലേക്കു തിരിഞ്ഞു ...
"എന്നെ ഒഴിവാക്കണം ... അന്നത്തെ ആ ഒരൂർജ്ജമൊന്നുമിന്നില്ല. ... " രാമൻ നായർ കൈകൂപ്പി .
"അതു പറ്റില്ല. ... നമ്മൾ തീരുമാനിച്ചു കഴിഞ്ഞു നാളെ റിഹേഴ്സൽ തുടങ്ങും ... "
അഭിപ്രായങ്ങൾ നിർബന്ധങ്ങളുടെയും അപേക്ഷയുടേയും സ്ഫുരണങ്ങളായി. ...
ഒടുവിൽ രാമൻ നായർ തയ്യാറായി ...!
"മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയൻറെ മാടത്ത പാട്ടുപാടി. ....."
കാലത്ത് എഴുന്നേറ്റ് , ഒന്നും ചെയ്യാനില്ലാത്ത രാമൻ നായർ ഉമ്മറക്കോലായിലിരുന്ന് വെറുതേ മൂളി ... ഈയിടെയായി പണിയൊന്നുമില്ല. ... കൃഷിപ്പണിയെല്ലാം ജലരേഖകളായിത്തീർന്നു. .. കുറച്ചു കാലം കെട്ടിടം പണിക്കു പോയിരുന്നു. ... പ്രായമുള്ളവരെ ഒഴിവാക്കി ബംഗാളി രക്തങ്ങൾ അരങ്ങു വാണപ്പോൾ അതും കുറഞ്ഞു. .... മൂന്ന് പെൺകുട്ടികളും ഭാര്യയും തിങ്ങി ഞരുങ്ങി കാലം കഴിക്കുന്നു .. ആകെ ഒരാശ്വാസം തൊഴിലുറപ്പ് പണിയാണ് ... രണ്ടാളും മാറിമാറിപ്പോവും ... മൂത്ത മകൾ പഠിത്തമൊക്കെ തീർന്നപ്പോൾ കുറെ ഒരു ജോലിക്കു ശ്രമിച്ചു .എല്ലായിടത്തും അവസാന നിമിഷം പിന്തള്ളപ്പെട്ടു.നിരാശയുടെ മേൽമുണ്ട് അഴിച്ചുമാറ്റി ഒരു മരുന്നു കടയിൽ ജോലിക്ക് പോവുന്നുണ്ട് ... ഇളയവൾ പഠിക്കാൻ മിടുക്കിയാണ് .. നടുവിലുള്ളവർക്ക് നല്ല സുഖമില്ല. ... ഇടയ്ക്ക് ദണ്ഡമിളകും ...
"അച്ഛാ ഇന്ന് പരീക്ഷയാണ് ... "
ഇളയ മകളുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി ...
അയാൾ എഴുന്നേറ്റ് ദീർഘമായി ഒന്നു നിശ്വസിച്ചു.
ടീച്ചറാവാൻ വല്യ മോഹമാ ... ബിഎഡ് കഴിഞ്ഞു ... എതാണ്ട് ഒന്നുകൂടി പാസായാൽ എവിടെങ്കിലും താൽക്കാലികമായി ജോലി കിട്ടും ... രണ്ടു തവണ എഴുതി ...ഒന്നോ രണ്ടോ മാർക്കിന് തോൽക്കും ... ഇത്തവണ ചാമിയുടെ മോളും അവളും കൂടി നല്ലോണം പഠിച്ചിട്ടുണ്ട് .ചാമിക്ക് സർക്കാർ ജോലിയുള്ളതിനാൽ നല്ല നിലയിലാണ്. അതിനാൽ അവൾക്ക് ഇതിനോടൊന്നും അത്ര താൽപര്യമില്ല...
"ന്റെ ദേവീ കുട്ട്യോളെ കാത്തോളണേ..." അയാൾ മിഴികളടച്ചു..
"അവശന്മാ,രാർത്തന്മാ,രാലംബഹീനന്മാ- രവരുടെസങ്കടമാരറിയാൻ? അവരർദ്ധനഗ്നന്മാ,രാതപമഗ്നമാ- രവരുടെ പട്ടിണിയെന്നു തീരാൻ?"
വായനശാലയിൽ റിഹേഴ്സൽ തുടങ്ങി .. പുതിയ ഒരു പയ്യനാ സംവിധായകൻ ... എതാണ്ട് പഠിച്ചവനാ അവൻ.
ചാമിയേട്ടനും രാമൻ നായരും തയ്യാറായി ... പാളത്തൊപ്പിയണിഞ്ഞ് ചാമിയും മേൽമുണ്ട് ധരിച്ച് രാമൻ നായരും ....
"ഇത് ശരിയാവില്ല. ...!"
സംവിധായകൻ അഭിപ്രായപ്പെട്ടു.
എല്ലാവരും അന്യോന്യം നോക്കി ...
"ഫിസിക്കൽ അപ്പിയറൻസ് ഒരു കലാസൃഷ്ടിക്ക് മുഖ്യമാണ് .... മെലിഞ്ഞുണങ്ങിയ വാഴുന്നോർ ശരിയാവില്ല. ... "
വർത്തമാനവ്യഥകൾ രാമൻ നായരുടെ ശരീരത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"വേഷങ്ങൾ പരസ്പരം മാറണം ...!"
ആരും ഞെട്ടിയില്ല. ...
നാടകം അരങ്ങിൽ തകർത്താടി ... രാവിനെ പകലാക്കി ജനങ്ങൾ കൈയ്യടിച്ചു. ...
ഡ്രസ്സിങ്ങ് റൂമിൽ ഓടിക്കിതച്ചെത്തിയ ഗബ്രിയേൽ ചാമിയേട്ടന്റെ ചെവിയിൽ എന്തോ പറഞ്ഞു. ..
പ്രകൃതിയെത്തണുപ്പിച്ച മഞ്ഞു കണങ്ങൾ ഉരുകിയൊലിക്കാൻ തുടങ്ങി ...
രാമൻ നായരുടെ കൊച്ചുപറമ്പിലെ മാവിൽ അവൾ തൂങ്ങിയുറങ്ങുന്നുണ്ടായിരുന്നു .
പരീക്ഷയ്ക്ക് ഒരേ മാർക്ക് നേടിയ കൂട്ടുകാരി ആദ്യ അവസരത്തിൽ വിജയിച്ചപ്പോൾ മൂന്നാം വട്ടം അവൾ നേടിയത് പൂർണ്ണ വിജയമായിരുന്നു. ....!
"ഇടറുന്ന കഴൽവയ്പ്പൊടുഴറിക്കുതിക്കയാ- ണിടയില്ല ലോകത്തിനിവരെ നോക്കാൻ. ഉമിനീരിറക്കാതപ്പാവങ്ങൾ ചാവുമ്പോ- ളുദകക്രിയപോലും ചെയ്തിടേണ്ട."
ഗബ്രിയേൽ മൗനമായി മൂളി ....!
അവസാനിച്ചു ..
✍️ശ്രീധർ.ആർ.എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക