ദൂരെനിന്ന് കേൾക്കുന്ന പഴയ ഗസലിനൊത്ത് ചുറ്റും ദർവേശ് ആടിക്കൊണ്ടിരിക്കുകയാണ്! മിനാരങ്ങുടെ ആർച്ചിലൂടെ വെളിച്ചം അരിച്ചിറങ്ങുന്ന ഇവിടെയാകെ ഊദ് പരക്കുന്നുണ്ട്. വലിച്ച് വിട്ട ഹുക്കയുടെ പുകച്ചുരുളുകൾ അന്തരീക്ഷമാകെ മൂടിനിൽക്കുന്നു. ഈ ഇരുട്ടിനും വല്ലാത്തൊരു പ്രകാശമാണ്. നൂറുൻ അലാ നൂർ. പ്രകാശത്തിന് മേലെ പ്രകാശം.. വെളിച്ചം മഞ്ഞയിൽ ആകാശത്ത് തൂങ്ങിയാടുന്നു. ഇനിയും എന്റെ പ്രണയം പറയാൻ ബാക്കിയായാൽ നീ എനിക്ക് നഷ്ടമായേക്കാം .. മൊഹബ്ബത്തിന്റെ പാനപാത്രങ്ങളിൽ ഇഷ്ടം ഉറവ പൊട്ടി ഉയരുന്നുണ്ട്.. ഏകാന്തതയെ ആർക്കാണ് ഇഷ്ടം വെക്കാനാവാത്തത്.. നിനക്ക് വേണ്ടി എഴുതിയ എത്ര അക്ഷരങ്ങളെയാണ് വെളിച്ചം കാണുന്നതിനു മുമ്പേ അബോർഷൻ ചെയ്ത് കൊന്നുകളഞ്ഞിട്ടുള്ളത്. മെഹദി ഹസനും ഗുലാം അലിയും ബീഗം അക്താറും എന്റെ കൂടെ പാടുകയാണ്.. മുഹമ്മദ് റഫിയും നൂർജഹാനും ഞങ്ങളോടൊപ്പമാണിരിക്കുന്നത്.. എന്നിട്ടും നിന്റെ രണ്ട് വരിക്ക് ഹാർമോണിയം വായിക്കാനെനിക്കാവുന്നില്ല.. ഈ നിലാവിൽ ഓർമകൾക്ക് ചൂടുപകരാനാണ് ഞാനാഗ്രഹിക്കുന്നത്. നിന്റെ കരിമ്പടം എന്റെ മേൽ പുതപ്പിക്കൂ.
എല്ലാം മറന്നെനിക്കൊന്നുറങ്ങണം.
By: Shukoor Bin Razak
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക