നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ ഒറ്റനിമിഷം

"മനസ്സിൽ ,ഹൃദയത്തിൽ ഒക്കെ സങ്കടത്തിന്റെ കുമിള ഏതു നിമിഷവും ഉടഞ്ഞു പോയേക്കാവുന്ന പോലെ നിൽക്കുകയാ...ചിലപ്പോൾ അത് എന്റെ ഹൃദയത്തെ പോലും "
മീര അശ്വതിയുടെ കൈപ്പത്തിക്ക് മുകളിലേക്ക് മുഖം ചേർത്ത് വെച്ചു.
"എന്തിനാപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എല്ലാം നിന്റെ തോന്നലാ "
"തോന്നലല്ല അച്ചു.നവീനിനിപ്പോൾ ഒട്ടും സമയമില്ല. എപ്പോളും തിരക്കാണ് എന്നോട് മിണ്ടാൻ എന്നെ കേൾക്കാൻ ഒന്നിനും നേരമില്ല ..ഞാൻ തനിച്ചാവുന്ന പോലെ...ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ..."അവൾ പാതിയിൽ നിർത്തി
അശ്വതി അവളോട് എന്തോ ചോദിക്കണമെന്നു വെച്ചിട്ട് വേണ്ടെന്നു വെച്ചു. മീര എന്നുമൊരു തൊട്ടാവാടിയായിരുന്നു . അച്ഛനെയും അമ്മയെയും വിധി ഒരു അപകടത്തിൽ തട്ടിയെടുത്തപ്പോൾ അവൾക്കഞ്ചു വയസ്സ് ഉണ്ടായിരുന്നുള്ളു . അനാഥാലയത്തിൽ വളർന്ന ബാല്യകൗമാരങ്ങളിൽ അവൾ ഒരു ഉൾവലിഞ്ഞ പെൺകുട്ടിയായിരുന്നു .താനും നവീനുമായിരുന്നു അവളുട ശക്തിയും ദൗർബല്യവും
"എനിക്ക് കുഞ്ഞുണ്ടാകില്ല എന്നറിഞ്ഞപ്പോ എന്നെ ഉപേക്ഷിച്ചു പോകാൻ പലവട്ടം ഞാൻ നവീനിനോട് പറഞ്ഞതാ കേട്ടില്ല "മീര വീണ്ടും പറഞ്ഞു
അശ്വതി ദീർഘമായി ശ്വാസം അയച്ചു പുറത്തേക്കു നോക്കിയിരുന്നു .രണ്ടു പക്ഷികൾ സ്നേഹം പങ്കു വെക്കുന്ന കാഴ്ചകളിലേക്ക് ..നിറയെ മരങ്ങളുള്ള തൊടിയിൽ കിളികൾ, അണ്ണൻ കുഞ്ഞുങ്ങൾ...നല്ല രസമുള്ള കാഴ്ചയായിരുന്നു അത്
"നവീനിനെ നമുക്ക് രണ്ടു പേർക്കും നന്നായി അറിയാം മീര ...അവനു നിന്നോട് സ്നേഹമില്ല എന്നത് ഞാൻ വിശ്വസിക്കില്ല.എന്റെ മനുവിനെക്കാളും സ്നേഹത്തിലും കരുത്തലിലും ഒക്കെ എത്രയോ മുകളിലാണ് അവൻ .."
മീര മൗനമായിരുന്നതയെയുള്ളു
"നീയെന്താ ഓഫീസിൽ പോകാത്തത് ?ഇവിടിങ്ങനെ വെറുതെ ഇരിക്കുന്നതു കൊണ്ടല്ലേ ആവശ്യമില്ലത്ത ഓരോ ചിന്തകൾ ?"
"ഒന്നിനും തോന്നുന്നില്ല...ഒന്നിനും..ആകെ വയ്യ "അവളുടെ കണ്ണുകളിൽ വിഷാദരോഗത്തിന്റെ നേർത്ത അലയടികൾ കാണാമായിരുന്നു .
"നമുക്കൊന്ന് നടന്നിട്ടു വരാം ..നിന്റെ തൊടിയിലൂടെ ഈ എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു നേരം ..വാ "അശ്വതി മീരയുടെ കൈ പിടിച്ചു നടത്തി .അവളുട ഉടൽ പക്ഷികുഞ്ഞിന്റേതു പോൽ തളർന്നും ക്ഷീണിച്ചുമിരുന്നു ..
"നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ ?വിളിച്ചില്ലല്ലോ ?"
ഓഫീസിലെ തന്റെ ക്യാബിനിലേക്കു കയറി വന്ന അശ്വതിയെ കണ്ടു നവീൻ വിസ്മയത്തോടെ ചോദിച്ചു
അവൾ കസേരയിലിരുന്നു .. മുഖം വാടിയിരിക്കുന്നത് കണ്ടു നവീൻ എണീറ്റ് അവൾക്കരികിൽ വന്നു നിന്നു
"എന്താ അച്ചു ?'
"എന്തിനാടാ ഇത്ര തിരക്ക് ?ഉം ?"
നവീൻ പുഞ്ചിരിച്ചു
"ഈ രണ്ടാഴ്ച കുറച്ചു തിരക്കായിപ്പോയി മീര വല്ലതും പറഞ്ഞോ ?"
അശ്വതി എന്ന് പറയണം എന്നറിയാതെ ഇരുന്നു .ചില നിമിഷങ്ങൾ അങ്ങനെയാണ് .എങ്ങെനയാണ് തുടങ്ങുക ,എങ്ങനെ തുടരുക ,എങ്ങനെയാണ് അവസാനിപ്പിക്കുക എന്ന് നിശ്ചയമില്ലതെ പോകും .ഹൃദയത്തിന്റെ ഭാഷയെ വാക്കുകൾ കൊണ്ട് സംവേദിപ്പിക്കാൻ അറിയാതെ നാം നിസഹായരായി പോകും .
അശ്വതി പോകാനായി എണീറ്റു
"അച്ചു നീ നാളത്തെ ദിവസം മറന്നോ ?"
അശ്വതി അവന്റെ മുഖത്തേക്ക് നോക്കി .
"നാളെ എന്റെ മീരകുട്ടിയുടെ പിറന്നാളാണ് നീയും മനുവും വരണം ഉച്ചഭക്ഷണം വീട്ടിൽ ...മനുവിനെ ഞാൻ വൈകിട്ട് വിളിച്ചോളാം "
അശ്വതി തലയാട്ടി അവളതു മറന്നതായിരുന്നില്ല .പക്ഷെ നവീൻ അതോര്മിപ്പിച്ചപ്പോൾ അവൾക്കു സന്തോഷമായി .
വീട് നന്നായി അലങ്കരിച്ചിരുന്നു .മീര പതിവുള്ള വിഷാദമൊക്കെ വിട്ടു സന്തോഷവതിയായിരുന്നു
"നവീനിന്റെ പണിയാ "അവൾ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളിൽ തൊട്ടു പറഞ്ഞു
"നവീൻ എവിടെ ?'അശ്വതി അവളോട് ചോദിച്ചു
"ഓഫീസിൽ നിന്നു ഒരു കാൾ വന്നു പോയി .ഇപ്പോൾ വരും " അവൾ പറഞ്ഞു .
പറഞ്ഞു തീർന്നതും കാറിന്റെ ശബ്ദം കേട്ട് അവർ പുറത്തേക്കു വന്നു
ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ആളെക്കണ്ടു അവർ അത്ഭുതപ്പെട്ടു
"ഓർഫനേജിലെ ആനി സിസ്റ്റർ "
"ആനിയമ്മച്ചി"അവൾ ഓടി ചെന്നവരെ ഇറുകെ പുണർന്നു
നവീൻ അവൾക്കു മുന്നിൽ വന്നു നിന്നു .അവന്റെ കൈയിൽ ഒരു ടർക്കി തൂവാലയിൽ പൊതിഞ്ഞു ഒരു പിഞ്ചു കുഞ്ഞുണ്ടായിരുന്നു .മീര പിടഞ്ഞടിക്കുന്ന ഹൃദയത്തോടെ ആ കുഞ്ഞിനെ നോക്കി നിന്നു .
സിസ്റ്റർ ആനി അവന്റെ കൈയിൽ നിന്നു ആ കുഞ്ഞിനെ വാങ്ങി അവളുട കൈയിൽ വെച്ചു കൊടുത്തു .
"ഇന്നലെ വരെ ഇത് ദൈവത്തിന്റെ മാത്രം മാലാഖ കുഞ്ഞായിരുന്നു. ഇന്നു മുതൽ ഇത് നിങ്ങളുടെ കൂടിയാണ്..ഈ കാര്യത്തിന് വേണ്ടിയാണ് നവീൻ ഇത്രയും നാളും ഓടിനടന്നതും "
ഒഴുകി പടരുന്ന കണ്ണീരോടെ അവൾ നവീനിനിന്റെ തോളിലേക്ക് തലചേർത്തു.
അങ്ങോട്ടേക്ക് പോകാനൊരുങ്ങിയ മനുവിന്റെ കൈയിൽ അശ്വതി അമർത്തിപ്പിടിച്ചു വിലക്കി.
ആ നിമിഷത്തെ വർണിക്കാൻ എനിക്ക് കഴിയുകയില്ല
അത് അങ്ങിനെ ഒരു നിമിഷം ആണ്.
സ്നേഹകാഴ്ച്ചകളുടെ സമ്മോഹന നിമിഷം.
ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്ന നിമിഷം.

By: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot