Slider

ലോകത്തോട് പറയുവാനുള്ളത് ( ചെറുകഥ )

0

( ചെറുകഥ - Written by Divija )
പ്രസരിപ്പോടെ സുചിത്ര മൈക്ക് കൈയിലെടുത്തു.
"ഒരു ലൈംഗികതൊഴിലാളിക്ക് ലോകത്തോടു പറയാനുള്ളത് എന്ന പരമ്പരയുടെ അഞ്ചാം ഭാഗത്തിലേക്ക് ഹൃദയപൂർവ്വം ഒരിക്കൽ കൂടി സ്വാഗതം"
ഒരാൾ എങ്ങനെ ഒരു ലൈംഗികതൊഴിലാളി ആകുന്നു...ആ ജീവിതത്തിൽ അവരനുഭവിക്കേണ്ടി വരുന്നത് എന്തെല്ലാം ... ആ തൊഴിൽ അവരുടെ ഭാവിയെ എങ്ങനെ ബാധിക്കുന്നു...
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം തേടി ഇന്നു നമ്മളെത്തിയിരിക്കുന്നത് കൽക്കത്ത എന്ന വൻനഗരത്തിലെ ഒരു ഹെൽത്ത് സെന്ററിലാണ്.
പത്താം വയസ്സിൽ ലൈംഗികതൊഴിലാളിയായിത്തീർന്ന പൂർണ്ണാബായി എന്ന പൂർണ്ണിമ ഇന്നൊരു എയിഡ്സ് രോഗിയാണ്.
ഏതു നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയിൽ
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഈ ആശുപത്രിയിൽ മരണം കാത്തുകഴിയുന്ന പൂർണ്ണാബായിയോടു തന്നെ നമുക്കവരുടെ ജീവിതകഥ ചോദിച്ചറിയാം'
'കരൺ ,ക്യാമറ മുഖത്തേക്ക് ഫോക്കസ് ചെയ്തോളൂ.മുഖഭാവങ്ങൾ വ്യക്തമായി കവർ ചെയ്യണം'
'പൂർണ്ണാബായി ഒരു മലയാളിയായ നിങ്ങൾ എങ്ങനെയാണ് കൽക്കത്തയിൽ വേശ്യാവൃത്തി നടത്തി ജീവിക്കേണ്ട ഒരവസ്ഥയിലേക്കെത്തി ചേർന്നതെന്ന് ഞങ്ങളുടെ പ്രേക്ഷകർക്കു വേണ്ടി ഒന്നു വിവരിക്കാമോ?'
ചൂടിക്കട്ടിലിൽ കറുത്തിരുണ്ട കമ്പിളിക്കുള്ളിലെ എല്ലും തോലുമായ ശരീരമൊന്നിളകി.
മുടിയും പുരികവും കൺപീലികളും കൊഴിഞ്ഞ
മുഖത്ത് ഒരു കുഴിക്കകത്തു വെച്ച പളുങ്കുഗോട്ടി പോലെ കണ്ണുകൾ തിളങ്ങി.
ശൂന്യതയിലേക്കു തുറന്നു പിടിച്ച ആ കൃഷ്ണമണികളിൽ തലയ്ക്കു മുകളിലുയർന്നു നിൽക്കുന്ന കാളീപ്രതിമയിലേക്ക് അത്ഭുതത്തോടെ തലയുയർത്തി നോക്കുന്നൊരു പത്തു വയസ്സുകാരി തെളിഞ്ഞു.
...
'ഓം മഹാ കല്യാ ച വിദ്മഹേ ഷ്മ -ഷാ-ന-വാ സിൻ-യൈ ച ധീ മഹി-തനോ കഹ് ലേ-പ്രചോദയാത്....'
ആയിരം കണ്ഠങ്ങളിൽ നിന്നെന്നോണം മന്ദിരിൽ കാളീമന്ത്രം നിറഞ്ഞു നിന്നു...
രുധിരമിറ്റുന്ന നാവുമായി അറുത്തെടുത്ത ശിരസ്സുയർത്തിപ്പിടിച്ച് രൗദ്രഭാവത്തിലുള്ള കാളീമായുടെ രൂപം കുട്ടിയിൽ ഒരേ സമയം ഭയവും ഭക്തിയും സമ്മിശ്രമായൊരു വൈകാരികതയായി നിറഞ്ഞു.
അവൾ ഇറുകെ പിടിച്ചിരുന്ന വിരലുകൾ വിടുവിച്ച് അവളുടെ അമ്മ കാളിമായെ കൈ കൂപ്പി തൊഴുതു.
ആരതിയുടെ സമയമായിരുന്നു...മന്ത്രോച്ചാരണങ്ങളുടെ താളം മുറുകി.
ജയ് കാളീമാ....ബോലേ ജയ് കാളീമാ
തൊണ്ട പൊട്ടുമാറുറക്കെ വിളിച്ചു വന്നൊരു ഭക്തജനക്കൂട്ടം കുട്ടിയെ തട്ടി തട്ടി നീക്കി എങ്ങോട്ടോ കൊണ്ടുപോയ്ക്കൊണ്ടേയിരുന്നു.
മഞ്ഞയും പച്ചയും നീലയും കലർന്ന കാൽമുട്ടുകൾക്കിടയിലൂടെ കുട്ടി അമ്മയെ തിരഞ്ഞു...
കരയാൻ പോലും മറന്ന് അമ്മേ അമ്മേ എന്നുറക്കെ വിളിച്ച് കാലുകൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി കാലുതെറ്റി ആരുടെയൊക്കെയോ ചവിട്ടടിയിലേക്കു വീണു.
തോളിലും പുറത്തുമേറ്റ ചവിട്ടിന്റെ വേദനയിൽ വാവിട്ടു കരഞ്ഞ കുട്ടിയെ ആരോ എടുത്തുയർത്തി.
ആരാണെന്നു പോലും നോക്കാതെ ഒരഭയം കിട്ടിയ പോലെ കുട്ടി അയാളുടെ തോളിലേക്കു മുഖമമർത്തി രണ്ടുകൈയും കഴുത്തിലൂടെ ചുറ്റി ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.
അയാൾ ചിരിച്ചു...
...
'മാഡം ,ദയവായി ഞങ്ങളോട് സഹകരിക്കണം...നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളിലൂടെ അറിയാൻ ഞങ്ങളുടെ പ്രേക്ഷകർ ആഗ്രഹിക്കുന്നു.നിങ്ങളൊന്നും മിണ്ടാതിരുന്നാൽ ...പ്ളീസ്...'
മനംമടുപ്പിക്കുന്ന ആശുപത്രിഗന്ധവും മുന്നിൽ കിടക്കുന്ന രൂപവും ഉണ്ടാക്കിയ മനംപിരട്ടൽ മുഖത്തു പ്രകടമാകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് സുചിത്ര വീണ്ടും ക്യാമറയെ നോക്കി.
'പൂർണ്ണാബായി എന്ന പൂർണ്ണിമ പത്തു വയസ് മുതൽ വേശ്യാവൃത്തി ചെയ്തു വരുന്നു എന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
യൗവനകാലം മുഴുവൻ ഒരു രാഞ്ജിയെ പോലെ അവർ വേശ്യാത്തെരുവ് അടക്കി വാണു.
പൂർണ്ണാബായി നമ്മോടു സഹകരിക്കാത്ത സാഹചര്യത്തിൽ ജീവിതത്തിന്റെ ഒരു വലിയ കാലഘട്ടം അവർ ചെലവഴിച്ച വേശ്യാത്തെരുവിന്റെ ദൃശ്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്'
'കരൺ , ഇവിടെ നമുക്ക് ആ തെരുവിന്റെ ദൃശ്യങ്ങൾ കൊടുക്കാം.പൂർണ്ണാ ബായിയെ കുറിച്ച് അവിടുള്ളവർ സംസാരിക്കുന്നതിന്റെ ക്ളിപ്പിങ്ങ്സും ഇവിടെ തന്നെ ചേർക്കാം'
അവരുടെ സംഭാഷണത്തിനു പശ്ചാത്തലസംഗീതമെന്ന പോലെ ഉള്ളുലയ്ക്കുന്ന ഒരു ചുമയ്ക്ക് പൂർണ്ണാ ബായി തുടക്കമിട്ടു...
നെഞ്ചിൽ കെട്ടി നിൽക്കുന്ന കഫം വലിയുന്ന സ്വരം ...
കട്ടിലിനോടു പറ്റിച്ചേർന്നു കിടന്നിരുന്ന കമ്പിളിപ്പുതപ്പ് ശക്തമായ് ഉലയാൻ തുടങ്ങി.
സുചിത്രയുടെ മുഖം വല്ലാതൊന്നു വക്രിച്ചു.
അവൾ കരണിനെ നോക്കി അസഹ്യം എന്നു ദ്യോതിപ്പിക്കും വിധം പുരികമുയർത്തി.
....
'ഏയ് പോത് ജോഡി ന ശേഷ് ഹോയ്
തോബേ കെമോൻ ഹോതൊ തുമീ ബോലോതോ
ജോഡി പൃഥ്വി - താ സ്വാപ്നർ ദേശ് ഹോയ്
തോബേ കെമോൻ ഹോതൊ തുമീ ബോലോതോ...'
കടും ചുവപ്പ് പാവാടയിലെ കണ്ണാടിച്ചില്ലിലേക്കു മുഖം കുനിച്ച് ചുണ്ണി നെറ്റിയോളം വലിച്ചിട്ട് അവളിരുന്നു.
അവളെ പോലെ കുറേ അവൾ അവൾക്കു ചുറ്റും നിരന്നിരുന്നു.
മുന്നിൽ നിരന്നിരുന്ന മാന്യമായ കണ്ണുകൾ ചോളിയുടെ ഇറക്കി വെട്ടിയ കഴുത്തിനിടയിലും പാവാട മാറിക്കിടക്കുന്ന കണങ്കാലുകളിലും രൂപയുടെ മൂല്യം തിരഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആശ്വാസത്തിൽ എഴുന്നേറ്റ് മുറിയിലേക്ക് നടക്കുമ്പോൾ
പുറകിൽ ചോളിക്കുള്ളിലേക്കു നോട്ടുകെട്ടുകൾ തിരുകുന്നതിനിടെ രാധാബായി തലയാട്ടി ചിരിക്കുന്നതു കേട്ടു.
'പൂർണ്ണാ തോ ബഡിയാ ഹേ...ഹർ ദിൻ ചാർ പാംച് ആദ്മി കോ സന്തുഷ്ട് കരാത്തി ഹേ ...സീഖ്ലോ ഉസി സേ...സീഖ്ലോ'
തളർന്നുറങ്ങുന്ന പുലരികളിൽ,
ഉറങ്ങാതെ പുലരുന്ന രാവുകളിൽ അവൾ...
മനസ്സും ശരീരവും ബാക്കി വെച്ച മുറിവുകളെ മൃദുവായ് തലോടിക്കൊണ്ടേയിരുന്നു.
...
'അതെ ആ തെരുവിനു പറയാനുള്ളത് പൂർണ്ണ എന്ന ലൈംഗിക തൊഴിലാളിയുടെ തേരോട്ടത്തിന്റെ കഥയാണ്.
കുറഞ്ഞ കാലയളവിൽ തന്നെ അനിഷേധ്യയായി തെരുവ് അടക്കി ഭരിച്ച രാഞ്ജിയായിത്തീർന്ന പൂർണ്ണ...
രാധാബായി എന്ന സ്ത്രീയുടെ മരണം കൊലപാതകമോ ആതമഹത്യയോ എന്ന ചോദ്യം തെരുവിലൊരു ഈച്ചയാർക്കലായി അവശേഷിച്ചപ്പോൾ പൂർണ്ണാബായി എന്ന വേശ്യാലയം നടത്തിപ്പുകാരി ജനിക്കുകയായിരുന്നു.
വിവരങ്ങൾ തരാനായി നമ്മോടൊപ്പം ചേരുന്നത് സ്നേഹ എന്ന മലയാളി നേഴ്സ് ആണ്.
കൽക്കത്തയിൽ വന്ന കാലം മുതലേ ആതുരസേവനം തപസ്സായി കരുതുന്ന കർമ്മനിരതയായ ഈ മാലാഖ
ഇത്തരം തെരുവുകൾ ജീവൻ പണയം വെച്ചും സന്ദർശിക്കുവാനും ബോധവൽക്കരണക്ളാസുകൾ നടത്താനും അവർക്കു വേണ്ട വൈദ്യസഹായം ലഭ്യമാക്കാനും കഴിയും വിധം പരിശ്രമിച്ചിരുന്നു.
പൂർണ്ണാബായി എന്ന വേശ്യാലയം നടത്തിപ്പുകാരിയെ കുറിച്ച് സ്നേഹയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് നമുക്കു ശ്രദ്ധിക്കാം...പറയൂ സ്നേഹ...'
സൗമ്യമായി സ്നേഹ സംസാരിച്ചു തുടങ്ങി.
'മറ്റു വേശ്യാലയം നടത്തിപ്പുകാരെ പോലെ ആയിരുന്നില്ല ഇവർ.ബഹുമാനത്തോടെ ഞങ്ങളെ സ്വീകരിക്കുകയും എല്ലാ തരത്തിലും സഹകരിക്കുകയും ചെയ്യുമായിരുന്നു.
കൂടെയുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ ഒരുപാട് ശ്രദ്ധ പുലർത്തിയിരുന്നു.
താൻ എയിഡ്സ് രോഗിയാണ് എന്നറിഞ്ഞതിൽ പിന്നെ അതാരിലേക്കും പകരാതിരിക്കാൻ നന്നായി ശ്രദ്ധിക്കുമായിരുന്നു.
ആരെയുമറിയിക്കാതെ കഴിയുന്നത്ര പിടിച്ചു നിന്നു.
രോഗം മറച്ചു വെക്കാൻ കഴിയാത്ത വിധത്തിൽ പ്രകടമായതോടെ അവർ വേശ്യാത്തെരുവിൽ നിന്നു പുറത്തായി.
ഞങ്ങളിങ്ങോട്ടു കൊണ്ടുപോന്നു.
ചികിത്സിക്കാനുള്ള ഘട്ടം കഴിഞ്ഞിരിക്കുന്നു.
സമാധാനപൂർണ്ണമായൊരു മരണം മാത്രമേ ഇനി ഇവർക്കു നൽകാൻ കഴിയുകയുള്ളൂ.
അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്'
'നന്ദി സിസ്റ്റർ...ഒരു സഹായം കൂടി ചെയ്തു തരാമോ...
ഇവർ ഇത്രയും നേരമായി ഞങ്ങളോട് സഹകരിച്ചിട്ടേ ഇല്ല.
കൺക്ളൂഡ് ചെയ്യാനായിട്ടെങ്കിലും എന്തെങ്കിലും ഒരു രണ്ടുവാക്ക് അവരുടേതായി ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.'
'സംസാരിക്കുമോ എന്നറിയില്ല.ഞാൻ ശ്രമിക്കാം'
സിസ്റ്റർ സ്നേഹ പതിയെ പൂർണ്ണാ ബായിക്കരികിലെത്തി.
അവരെ താങ്ങി കട്ടിലിൽ ചാരി വെച്ച തലയിണയിലേക്ക് ചേർത്തിരുത്തി.
കഷ്ടപ്പെട്ട് കണ്ണു തുറക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തുടങ്ങിയ ചുമയിൽ എല്ലും തോലുമായ ശരീരം മുന്നോട്ടു മടങ്ങി.
വീണ്ടും ആ ശരീരം കൈകളിൽ താങ്ങി സ്നേഹ അവരെ നേരെ ഇരുത്തി.
'ചേച്ചിയോട് ഇവർക്കെന്തോ ചോദിക്കാനുണ്ടെന്ന്...പറയാമോ എന്തെങ്കിലും...?'
സ്നേഹം ചാലിച്ച ആ സ്വരത്തിനു മുകളിലേക്ക് സുചിത്രയുടെ സ്വരം മുഴങ്ങി.
'പറയൂ മാഡം...ഒരു ലൈംഗികതൊഴിലാളിക്ക് ലോകത്തോട് പറയാനുള്ളത് എന്ന ഈ പരിപാടിയെ വേദിയാക്കി നിങ്ങൾക്ക് ഈ ലോകത്തോട് പറയാനുള്ളത് ഉറക്കെ വിളിച്ചുപറയൂ...'
രക്തപ്രസാദമില്ലാതെ വെള്ള നിറമായ ചുണ്ടുകൾ പതിയേ ഒന്നു ചലിച്ചു.
ആവേശത്തോടെ സുചിത്ര ക്യാമറാമാന്റെ നേരെ തിരിഞ്ഞു.
'കരൺ ക്യാമറ മുഖത്തിനടുത്തേക്കു പിടിക്കൂ...ശബ്ദം വ്യക്തമാവണം'
മുഖത്തിനു നേരെ മുന്നിൽ വന്നു നിന്ന ക്യാമറാ ലെൻസിൽ പളുങ്കു ഗോട്ടികൾ നിശ്ചലമായി...അടുത്ത നിമിഷം ഉള്ള ആയം മുഴുവനുമെടുത്തൊന്നു കാർക്കിച്ച് അവരാ ക്യാമറയിലേക്കാഞ്ഞു തുപ്പി.
ത്ഫൂ.....
ഹേ...കരൺ ഒന്നു പിന്നോക്കം ചാടി .ക്യാമറ ദൂരേക്ക് നീക്കിപ്പിടിച്ചു.
ഒന്നു വെട്ടിവിറച്ച ശരീരം സ്നേഹയുടെ കൈകളിലേക്കു ചാഞ്ഞ് നിശ്ചലമായി.
ക്യാമറച്ചില്ലിലൂടെ ഒഴുകി താഴേക്കിറങ്ങിയ കഫത്തിൽ ചുവന്ന നാരുകളായി രക്തം ചാലിട്ടൊഴുകി.
...
(അവസാനിച്ചു)
ദിവിജ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo