നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോക്കുവെയിൽ

Image may contain: Giri B Warrier, closeup and outdoor

കഥ | ഗിരി ബി. വാരിയർ
********
"ഇന്ന് സഞ്ചയനം. രാമൻ പിള്ള (75), ഭാര്യ പരേതയായ സുലോചന, മകൻ ജഗദീഷ് പിള്ള. മരുമകൾ മീര , തറവാട്ടിലെ അന്തേവാസികളും സന്തപ്തരായ കൂട്ടുകാരും"
കാലത്ത് പേപ്പർ ഒന്ന് ഓടിച്ചു നോക്കുന്നതിന്നിടയിൽ ചരമ കോളങ്ങൾക്ക് അടിയിൽ ഒരു ഫോട്ടോയും പരസ്യവും. സാധാരണ പേപ്പർ വായന വൈകീട്ടാണ്, ഇന്ന് രണ്ടാം ശനിയാഴ്ച്ച ആയതിനാൽ ബാങ്കിന് അവധിയാണ്.
ഒന്നുകൂടി ആ ഫോട്ടോയിലേക്ക് നോക്കി. ഏതോ പഴയ ആൽബത്തിൽ ഒട്ടിച്ചിരുന്ന ഫോട്ടോയാണെന്ന് അങ്ങിങ്ങായി ഒട്ടിപ്പിടിച്ചത് കീറി വന്നത് കണ്ടാൽ മനസ്സിലാവുന്നുണ്ട്. പഴയ ഫോട്ടോയായതുകൊണ്ട് ആളെ തിരിച്ചറിയാൻ പറ്റി. "പിള്ള സാർ"
പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ ടൌൺ ബ്രാഞ്ചിൽ ജോയിൻ ചെയ്ത അതേ ദിവസം അവിടെ നിന്നും റിട്ടയർ ചെയ്ത പിള്ള സാർ. അതിന് ശേഷം മിക്കവാറും ദിവസങ്ങളിൽ ബാങ്കിലെ സ്ഥിരസന്ദർശകൻ ആയിരുന്നു അദ്ദേഹം. റിട്ടയർമെന്റിനു ശേഷം കിട്ടിയ കാശ് FD ആക്കാനും, പെൻഷൻ കടലാസുകൾ ശരിയാക്കാനും മറ്റുമായി ആറുമാസത്തോളം സ്ഥിരമായി ബാങ്കിൽ വരുമായിരുന്നു. പിന്നീട് കുറച്ചു ദിവസത്തേക്ക്‌ അദ്ദേഹത്തെ കണ്ടില്ല, പിന്നെ ഒരു ദിവസം അദ്ദേഹം വന്നു.
++ + + + +
"സേവ്യെ.." വാതിൽക്കൽ നിന്നുമുള്ള വിളി ആളൊഴിഞ്ഞ ബാങ്കിലെ ചുമരുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു.
അന്ന് ഹർത്താലായിരുന്നതിനാൽ മുൻവശത്തെ ഗ്രിൽ വാതിൽ പൂട്ടി ഇട്ടിരുന്നു. ഞാൻ കൂടാതെ അടുത്ത് തന്നെ താമസിച്ചിരുന്ന ക്ലാർക്ക്‌ ദാമോദരനും പ്യൂൺ സേവ്യറും മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.
പത്തരയോടടുത്താണ് പിള്ളസാർ എത്തിയത്. ആ ബാങ്കിൽ പിള്ള സാർ ഏറ്റവും സ്നേഹിച്ചിരുന്നത് സേവ്യറിനെയാണ്. പിള്ള സാറിന്റെ തറവാട്ടുപറമ്പിലെ പുറംപണികൾ ചെയ്തിരുന്ന ലാസറിന്റെ മകനാണ് സേവ്യർ.
സേവ്യർ ഓടിപ്പോയി വാതിൽ തുറന്ന് പിള്ള സാറിനെ നേരെ എന്റെ ക്യാബിനിലേക്ക് കൊണ്ടുവന്നു. അദ്ദേഹം വളരെ തളർന്ന പോലെ തോന്നിയിരുന്നു. സേവ്യർ ഉണ്ടാക്കിക്കൊടുത്ത ചായ ആസ്വദിച്ച് കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് വരവിന്റെ ഉദ്ദേശം ചോദിച്ചു. കയ്യിലുള്ള ഒരു കവർ എന്റെ നേരേ നീട്ടി. അതിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് ആയിരുന്നു. അസുഖം ബാധിച്ച് മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്നു, പക്ഷെ അവസാനം മരണത്തിന് കീഴടങ്ങി.
എന്നോടെന്തേ പറഞ്ഞില്ല എന്ന പോലെ ഞാൻ സേവ്യറിനെ നോക്കി. എന്തെങ്കിലും പറയും മുൻപ് സേവ്യർ പറഞ്ഞു .
"എനിക്കും അറിയില്ലായിരുന്നു സാറേ . ഞാൻ ഇപ്പോൾ ഭാര്യവീട്ടിലാണ് താമസം. പിന്നെ എന്റെ നാട്ടിലും ബന്ധുക്കൾ ആരൂല്ല്യ, അതോണ്ട് അറിഞ്ഞില്ല്യാ "
"അല്ല സേവ്യെ നിന്നോടെന്നല്ലാ അധികം ആരോടും പറഞ്ഞിട്ടില്ല. എന്താ പറയ്യാ, ഓരോ വിധി അല്ലാണ്ടെന്താ."
ബാങ്കിൽ സമർപ്പിച്ച് നോമിനേഷനിൽ നിന്നും അവരുടെ പേരെ നീക്കം ചെയ്യണം പകരം മകന്റെ പേര് ആക്കണം.
"ഇന്ന് ഹർത്താൽ ആയതിനാൽ ബാങ്കിൽ തിരക്കില്ല, സാറിനെപ്പറ്റി അറിയാൻ ഇതിലും നല്ലൊരു അവസരം കിട്ടുമെന്ന് തോന്നുന്നില്ല, സാറിന് സമയം ഉണ്ടെങ്കിൽ."
ചായ കുടിച്ചുകഴിഞ്ഞു ഒഴിഞ്ഞ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് അദ്ദേഹം പറയാൻ തുടങ്ങി.
"അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ചു. അമ്മയ്ക്ക് എന്നും എന്തെങ്കിലും ഒക്കെ അസുഖമായിരുന്നു. സ്‌കൂളിൽ പോകാൻ പറ്റാറില്ല, അതുകൊണ്ടുതന്നെ പത്താംക്ലാസ് തോറ്റു. ഒരു ഏക്കറിന് കുറച്ച് താഴെ പറമ്പുണ്ട്. അതിൽ കുറേ കൃഷികൾ നടത്താറുണ്ട്. അതിൽ നിന്നും കിട്ടുന്നതായിരുന്നു പ്രധാന വരുമാനം. അക്കാലത്താണ് ഈ ബാങ്കിന്റെ ശാഖ ടൗണിൽ തുറന്നത്. അച്ഛന്റെ ഒരു പഴയ സുഹൃത്ത് മുഖാന്തിരം എനിക്ക് ബാങ്കിൽ ഒരു പ്യൂൺ ആയി ജോലികിട്ടി. കിട്ടുന്ന വരുമാനം മുഴുവൻ അമ്മയുടെ ചികിത്സക്കും കൂടപ്പിറപ്പുകളെ പഠിപ്പിക്കാനും ചിലവഴിച്ചു. എല്ലാവരും നല്ല നിലയിൽ ആയി അവരവരുടെ കൂടുകൾ പണിത് അതിലേക്ക് ചേക്കേറി.
ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയ അവസരത്തിലാണ് സുലോചനയെ പരിചയപ്പെടുന്നത്. ആ പരിചയം വളർന്ന് പിന്നീടത് ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചു.
സുലോചനയുടെ വരവോടെ ജീവിതത്തിന് ഒരു പുതിയ അർത്ഥം കൈവന്നു. ഏഴു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഉണ്ണി പിറക്കുന്നത്. അവനെ കൊഞ്ചിക്കാൻ ഞങ്ങൾ രണ്ടുപേരും മത്സരമായിരുന്നു. തങ്ങൾ അനുഭവിച്ച ക്ലേശങ്ങൾ മകൻ ഒരിക്കലും അനുഭവിക്കരുതെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. മകനെ പഠിപ്പിച്ചു, യാതൊരു കുറവും വരുത്തിയില്ല.
ആ സമയത്താണ് തറവാട്ടിൽ ഭാഗം വെയ്പ്പ് നടന്നത്. വീടിനും കൂടപ്പിറപ്പുകൾക്കും വേണ്ടി കഷ്ടപ്പെട്ടതിന്ന് അവർ തറവാടും അതിനോട് ചേർന്ന് കിടക്കുന്ന ഒരേക്കർ ഭൂമിയും എനിക്ക് തന്നു. അതിനുമുമ്പേ ഞങ്ങൾ കുറച്ചു കൂടി നഗരത്തോട് അടുത്തുള്ള ഒരു പറമ്പ് വാങ്ങി വീട് പണിതിരുന്നു. പക്ഷെ ക്യഷിപ്പണി ഞങ്ങൾ ഉപേക്ഷിച്ചില്ല, ഒഴിവു സമയങ്ങളിൽ ഞാനും സുലോചനയും തറവാട്ടിൽ പോയി കൃഷികൾ നോക്കും.
മകൻ എഞ്ചിനീയറിംഗ് പാസ്സായി, അവന് പൂനെയിൽ ജോലികിട്ടി. പൂനെയിൽ വെച്ച് അവൻ മീരയുമായി അടുപ്പത്തിലായി. ഒരു സാഹചര്യത്തിൽ മീരയെ അവന് വിവാഹം കഴിക്കേണ്ടി വന്നു. എന്നോടും സുലോചനയോടും ചോദിക്കാതെ അവൻ വിവാഹം കഴിച്ചത് ഞങ്ങൾക്ക് ഇഷ്ടമായില്ല. അവനെ ഇനി വീട്ടിൽ കയറ്റില്ല എന്ന് ഉറപ്പിച്ചു. പക്ഷെ വിവാഹശേഷം അവർ വന്നപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. കുറച്ച് ദിവസം താമസിച്ച് അവർ പൂനെയിലേക്ക് തിരിച്ചുപോയി.
പെട്ടെന്നൊരു ദിവസം സുലോചനയ്ക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. മൂന്ന് മാസത്തോളം ആ കിടപ്പ് തുടർന്ന്. ഇന്നേക്ക് പതിനെട്ട് ദിവസം മുൻപ് ഇതുപോലൊരു ഹർത്താൽ ദിവസം അവളും എന്നെ വിട്ട് പോയി. ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ഈ യാത്ര, എത്ര ദിവസം, എത്ര ദൂരം ഒന്നുമറിയാത്ത യാത്ര.
ഒരു ദീർഘനിശ്വാസമിട്ട് പിള്ള സാർ പറഞ്ഞ് നിർത്തി.
കുറച്ചുനേരം എന്തോ ചിന്തിച്ചിരുന്ന് പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹം പോകാനിറങ്ങി.
ടൌണിൽത്തന്നെ താമസിക്കുന്ന ദാമോദരന്റെ വീട്ടിൽ നിന്നുമാണ് ഹർത്താൽ ദിവസങ്ങളിൽ ഭക്ഷണം വരാറുള്ളത്. ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് നിർബ്ബന്ധിച്ചുവെങ്കിലും അദ്ദേഹം നന്ദിപൂർവ്വം അത് നിരസിച്ചു.
"രാധാകൃഷ്‌ണാ, കാത്തിരിക്കാൻ ആരും ഇല്ലെങ്കിലും ആ പരിസരത്ത് സുലോചയുടെ ആത്മാവ് ചുറ്റിപ്പറ്റി കാണും. സമയത്തിന് ഭക്ഷണം കഴിക്കാതെ ഞാൻ അലഞ്ഞാൽ അവളുടെ ആത്മാവിന് അത് സഹിക്കില്ല."
+++++
പരസ്യത്തിൽ കണ്ട "തറവാട്" എന്ന ശരണാലയത്തിന്റെ അഡ്രസ്സ് എഴുതിയെടുത്ത് യാത്ര പുറപ്പെട്ടു. നഗരത്തിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ് അതിൽ പറഞ്ഞ മേൽവിലാസം. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു. ഗ്രാമവീഥികളിലൂടെ പത്ത് മിനുറ്റ് പോയപ്പോൾ ഒരു പഴയ തറവാടിന്റെ പടിക്കൽ ഓട്ടോ നിർത്തി.
പഴയ കാലത്തെ രീതിയിൽ പണികഴിപ്പിച്ച ആ മതിലിൽ വലതുഭാഗത്ത് നല്ല ഭംഗിയിൽ "തറവാട്" എന്ന് സിമന്റിൽ എഴുതിവെച്ചിട്ടുണ്ട്.
പടി കടന്ന് ഏതാണ്ട് ഇരുന്നൂറ് മീറ്റർ നടന്നാണ് പുരാതനമായ ആ തറവാടിന്റെ മുറ്റത്തെത്തിയത്. വലിയ മുറ്റം, മുറ്റത്ത് മൂന്നു വലിയ മാവുകൾ, അവയ്ക്ക് ചുറ്റും ഇരിക്കാൻ പാകത്തിൽ തിണ്ണ പണിതിട്ടുണ്ട്. രണ്ടുമൂന്ന് പേർ അവിടെ ഇരുന്ന് സംസാരിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അതിൽ മുതിര്ന്ന ഒരാൾ എഴുന്നേറ്റ് വന്നു.
"ആരാ ? " അയാൾ ചോദിച്ചു.
"പണ്ട് പിള്ള സാറിന്റെ കൂടെ ജോലി ചെയ്തിരുന്നതാ.. അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞു വന്നതാ. "
"രാധാകൃഷ്ണൻ സാറോ..." പിറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. പണ്ട് ബാങ്കിൽ കൂടെ ജോലി ചെയ്തിരുന്ന ദാമോദരൻസാർ .
"ദാമോദരൻസാർ ഇവിടെ? "
"സാർ, ഞാൻ റിട്ടയർ ആയ ശേഷം പിള്ള സാറിന്റെ കൂടെ കൂടി.."
"അപ്പോൾ ദാമോദരൻ സാറിന്റെ ഭാര്യ, മക്കൾ ഒക്കെ ?"
"അവരൊക്കെ വീട്ടിൽ ഉണ്ട്, ഞാൻ ആഴ്ചയിൽ ഒരിക്കൽ പോകും വീട്ടിൽ.."
ഒരു മകനുണ്ടായിട്ടും പിള്ളസാറിന്റെ മരണം ഈ ശരണാലയത്തിൽ ആയി അല്ലേ .."
"സാറ് കരുതുന്നത് പോലെയല്ല കാര്യങ്ങൾ.
'അമ്മ മരിച്ച് പിള്ള സാർ ഒറ്റക്കായപ്പോൾ അദ്ദേഹത്തോട് പൂനെയിലേക്ക് ചെല്ലാൻ കുറെ മകൻ നിർബന്ധിച്ചു. പക്ഷെ അദ്ദേഹത്തിന് ഇവിടം വിട്ടുപോകാൻ പറ്റില്ലായിരുന്നു.
ഒരു സുപ്രഭാതത്തിൽ പൂനെയിലെ ജോലി രാജിവെച്ച് ഉണ്ണി നാട്ടിൽ വന്നു. അവന് നാട്ടിൽത്തന്നെ ശമ്പളം കുറവാണെങ്കിലും ഒരു ജോലി കിട്ടി. അതിനുശേഷം അച്ഛനും മകനും അവന്റെ ഭാര്യയും കുട്ടിയും എല്ലാവരും കൂടെത്തന്നെയായിരുന്നു. "
"അപ്പോൾ ഈ ശരണാലയത്തിന്റെ പേർ കണ്ടിരുന്നു പേപ്പറിൽ,?"
"ഓ, അതോ, അദ്ദേഹത്തിന് ഇത് ശരണാലയമല്ല, അദ്ദേഹത്തിന്റെ തറവാടാണ്. നഗരത്തിലെ വീട് വിറ്റ ശേഷം പിള്ളസാർ ഇങ്ങോട്ട് പോന്നു. ഒരിക്കൽ പെന്ഷന്റെ കാര്യത്തിന് പോയപ്പോൾ ആണ് പിള്ളസാറിന്റെ രണ്ടു സുഹൃത്തുക്കൾ ശരണാലയത്തിൽ ആണെന്ന് അറിഞ്ഞത്. അതിൽ അദ്ദേഹത്തിന് വല്ലാതെ ദുഃഖം തോന്നി. ഉണ്ണിയിൽ നിന്നും തനിക്കുകിട്ടുന്നതുപോലെ സ്നേഹം അവർക്കും കിട്ടണം എന്ന് പിള്ളസാറിന് തോന്നി. ഉണ്ണിയോട് പറഞ്ഞു അവരെ ഈ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു
അപ്പോഴാണ് അദ്ദേഹത്തിന് ഒരു ബുദ്ധി തോന്നിയത് എന്തുകൊണ്ട് ഇതൊരു ശരണാലയം ആക്കിക്കൂടാ എന്ന്. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതല്ല, തലമുറകളായി കൈമാറിവന്ന മുതലാണ്. ആരും ഈ ഓണംകേറാമൂലയിൽ വന്നു താമസിക്കില്ല. ആർക്കെങ്കിലും ഉപകാരമാവട്ടെ എന്ന് കരുതി ഈ വീടും പറമ്പും ഒരു ട്രസ്റ്റ് ആക്കി, ഉണ്ണിയും, പിള്ളസാറിന്റെ സഹോദരങ്ങളും എല്ലാം ഇതിൽ ട്രൂസ്റ്റികൾ ആണ്. ഇപ്പോൾ ഇവിടെ എട്ടു പത്ത് അന്തേവാസികൾ ഉണ്ട്. ഉണ്ണിയും ഭാര്യയും എല്ലാവരും ഇവിടെ തന്നെയാണ് താമസം.
"വല്യച്ചാ,, എന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്. വരൂ, അകത്തിരിക്കാം." അകത്തുനിന്നും ഒരു സ്ത്രീ പുറത്തുവന്നു.
"ഇത് എന്റെയും പിള്ള സാറിന്റെയും കൂടെ ജോലി ചെയ്തിരുന്ന രാധാകൃഷ്ണൻ സാർ ആണ്" ദാമോദരൻസാർ പരിചയപ്പെടുത്തി.
"സാർ, ഇതാണ് മീര. ഉണ്ണിയുടെ ഭാര്യ. ഉണ്ണി ജോലിക്ക് പോയിരിക്കുകയാണ്. മകൾ സ്‌കൂളിലും"
"അപ്പോൾ ദാമോദരൻസാറിന്റെ ബന്ധുവാണോ ആ സ്ത്രീ, വല്യച്ഛൻ എന്ന് വിളിക്കുന്നത് കേട്ടു".
"ഇവിടെ ഉള്ളവർ എല്ലാവരും പിള്ളസാറിന്റെ സഹോദരന്മാരാണെന്നാണ് പിള്ളസാർ പറയാറുള്ളത്. അതുകൊണ്ട് എല്ലാവരും വല്ല്യച്ഛനും വല്യമ്മയും ആണ്."
"മീര പണ്ട് പൂനെയിൽ ഒരു നേഴ്സ് ആയിരുന്നു. മീരയാണ് ഇവിടെ എല്ലാവരുടെയും പരിചരണവും ഭക്ഷണകാര്യങ്ങളും ഒക്കെ മീരയാണ് നോക്കുന്നത്. ഇപ്പോൾ പിള്ളസാറിന്റെ ഒരു അനുജനും റിട്ടയർ ആയശേഷം ഇങ്ങോട്ട് വന്നു. അവരുടെ സ്ഥലവും ഇപ്പോൾ ഈ ട്രസ്റ്റിന്റെ കീഴിൽ ആണ്."
"ഉണ്ണിയും ഞാനും ആണ് ഇവിടെ മറ്റു കാര്യങ്ങൾ നോക്കിനടക്കുന്നത്. മക്കൾ എങ്ങോട്ടെങ്കിലും യാത്രപോകുമ്പോൾ ഞാനും ഭാര്യയും ഇങ്ങോട്ട് പോരും, ഇവിടെ ഗസ്റ്റ് ഹൗസിൽ താമസിക്കും. ഇവിടെ താമസിക്കുന്ന പലരുടെയും മക്കൾ ഇവിടെ ഇതുപോലെ മൂന്നും നാലും ദിവസം വന്നു താമസിക്കും. എല്ലാവരുടെയും തറവാടാണ് ഇതിപ്പോൾ."
അന്ന് ദിവസം മുഴുവൻ അവിടെ ചിലവഴിച്ചു. ജീവിതത്തിൽ ഇതിനുമുൻപ് ഇതുപോലെ ഒരു നല്ല ശനിയാഴ്ച്ച ഉണ്ടായിട്ടില്ല. മനസ്സിന് എന്തോ വല്ലാത്ത കുളിർമ്മ പോലെ.
പിള്ളസാറിനെ കുഴിമാടത്തിൽ പോയി നമസ്കരിച്ചു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അടുത്ത തവണ വരുമ്പോൾ ഭാര്യയേയും മക്കളെയും കൊണ്ട് വരണമെന്ന് പിള്ളസാറിന്റെ അനുജൻ പറഞ്ഞു
പണ്ട് ചെറുപ്പത്തിൽ നാട്ടിലെ തറവാട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ അമ്മമ്മയും മുത്തച്ഛനും പടി വരെ വന്നു യാത്രയാക്കാറുള്ളതുപോലെ, കുറെ വല്ല്യമ്മമാരും വല്ല്യച്ഛന്മാരും യാത്രയാക്കാൻ കൂടെ വന്നിരുന്നു. മെയിൻ റോഡിൽ വന്ന് ബസ്സ് കയറുമ്പോഴേക്കും പോക്കുവെയിൽ ചായാൻ തുടങ്ങിയിരുന്നു.
ആരും നോക്കാനില്ലാതെ കാട് കയറിക്കിടന്ന തന്റെ തറവാട്, അവസാനം ഏതോ ബിൽഡേഴ്സിന് വിറ്റ് എല്ലാവരും പൈസ ഭാഗിച്ചെടുത്തത് ഒരു നിമിഷം ഓർത്ത് പോയി. ഇപ്പോൾ ആ പറമ്പിൽ തറവാട് തട്ടി നിരത്തി കൂണ് മുളച്ച പോലെ നിരന്നു നിൽക്കുന്ന വീടുകളെപ്പറ്റി ചിന്തിച്ചപ്പോൾ ആദ്യമായി മനസ്സിൽ ദുഃഖം തോന്നി, തറവാട്ടിലെ പൂർവ്വികരോട് എന്തോ വലിയ അപരാധം ചെയ്ത പോലെ....
(അവസാനിച്ചു)
********
വാൽക്കഷ്ണം : തലമുറകളായി കൈമാറിവന്ന പഴയ തറവാടുകളും പറമ്പും സ്വത്തുക്കളും പണത്തിനുവേണ്ടി വിറ്റ്, പറമ്പിൽ നിറയെ ചെറിയ മണിമാളികകൾ പണികഴിപ്പിച്ച്, മരങ്ങൾ മുറിച്ചുമാറ്റി, മുറ്റം മുഴുവൻ ഇഷ്ടിക വിരിച്ച്, മണ്ണിന്റെ മണം മറന്നുപോകുന്ന പുതിയ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തൽ.
********
ഗിരി ബി. വാരിയർ
06 ജനുവരി, 2019
© copyright protected

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot