നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ നന്ദന


ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ,മൂത്ത രണ്ടു പെണ്കുട്ടികൾക്കുമിപ്പുറം അവരൊരു ആണ്കുട്ടിയെയാണ് ആഗ്രഹിച്ചിരുന്നതെന്ന് പലപ്പോളും അവരുടെ പെരുമാറ്റത്തിൽ നിന്നും വാക്കുകളിൽ നിന്നുമൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട് . ചെറുപ്പത്തിൽ, പിന്നെ വളരുമ്പോളൊക്കെയും ആ അവഗണനയും പക്ഷഭേദവും എന്നിലേൽപിച്ച മുറിവുകൾ ചെറുതായിരുന്നില്ല . എന്റേതല്ലാത്ത തെറ്റിനു ജന്മം കൊണ്ട് പഴി കേൾക്കുന്നതിൽ തുടങ്ങി പിന്നെ എന്തിനും പഴി കേൾക്കുന്നതൊരു ശീലമായി മാറി . ചേച്ചിമാർ രണ്ടു പേരും 'അമ്മ പഠിപ്പിക്കുന്ന കോൺവെന്റ് സ്കൂളിലായിരുന്നെങ്കിലും ഞാൻ പഠിച്ചത് വീടിനു തൊട്ടടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ മലയാളം മീഡിയം ക്ലാസ്സുകളിലായിരുന്നു . ചെറുപ്പത്തിലാണെങ്കിലും മുതിര്ന്നിട്ടാണെങ്കിലും എന്തിനെയെങ്കിലും ആഗ്രഹിക്കാൻ എനിക്ക് പേടിയാണ് .എന്നിലേക്ക്‌ നീളുന്ന കുറ്റപ്പെടുത്തലുകൾ ,തീ പാറുന്ന നോട്ടം ..ഒരിക്കലും സാധിക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ഒരു കുപ്പിവള പോലും ഞാൻ ആശിക്കാറുണ്ടായിരുന്നില്ല .
വീട്ടിൽ എല്ലാവരും പോയി കഴിഞ്ഞു സ്കൂളിലേക്ക് പോയാൽ മതിയെനിക്ക്. ബെൽ അടിക്കുന്നതു വീട്ടിലിരുന്നാൽ കേൾക്കാം .അത് കൊണ്ട് തന്നെ ചേച്ചിമാരുടെ യൂണിഫോമൊക്കെ കഴുകിയിട്ടു അവർ കഴിച്ചിട്ട് കൂട്ടിയിട്ടിരിക്കുന്ന എച്ചിൽ പത്രങ്ങളൊക്കെ കഴുകി വീട് അടിച്ചു വാരിയിട്ടാണ് ഞാൻ എന്നും സ്കൂളിൽ പോകുക. വൈകുന്നേരം വന്നാലും അവർക്കൊരുപാട് പഠിക്കാനുണ്ടാകും . അവർ മുറിക്കുള്ളിൽ തന്നെയാകും എനിക്കങ്ങോട്ട് പ്രവേശനമില്ല .വല്ലപ്പോളും "നീ നനച്ച ഷർട്ടിലെ അഴുക്കു പോയിട്ടില്ലല്ലോ ,എന്റെ റെക്കോർഡ് ബുക്ക് ഒന്ന് വരച്ചു വെച്ചെക്കു എന്നോ , മുറി വൃത്തിയാക്കി വെയ്ക്കുക എന്നോ മറ്റോ പറയാനാണ് അവർ എന്റെ മുന്നിൽ വരിക .
എന്റെ ചേച്ചിമാരെ കാണാൻ നല്ല ഭംഗി ആണ് .രാജകുമാരിമാരെ പോലെ .
നീണ്ടിടംതൂർന്ന മുടിയും വെണ്ണയുടെ മിനുപ്പും വെളുപ്പുമുള്ള സുന്ദരിക്കുട്ടികൾ.ഞാൻ കണ്ണാടിയിൽ നോക്കും
മെലിഞ്ഞ ശരീരം ,വെളുപ്പോ കറുപ്പോ എന്നറിയാത്ത നിറം ,കട്ടിക്കണ്ണട ,കട്ടികുറഞ്ഞ തോളൊപ്പമുള്ള മുടി .ഒരു ഭംഗിയുമില്ലാത്ത എന്നെ ഞാൻ പിന്നെ കണ്ണാടിയിൽ നോക്കാതായി
പക്ഷെ എന്തെന്നറിയില്ല എന്റെ സഹപാഠികൾക്കും ടീച്ചറുമാർക്കുമെല്ലാം എന്നെ വലിയ ഇഷ്ടമാണ് .എന്റെ ചുറ്റും എപ്പോളും കൂട്ടുകാരുടെ ഒരു കൂട്ടം ഉണ്ടാകും .ഞാൻ നന്നായി പ്രസംഗിക്കും സ്റ്റേജ് എനിക്ക് പേടിയില്ല .എന്റെ ടീച്ചർമാർ പറയും "രാഷ്ട്രീയക്കാർ കണ്ടാൽ കുട്ടിയെ കൊണ്ട് പോകും കേട്ടോ "
സ്കൂൾതലം മികച്ച മാർക്കുകളോടെ പൂർത്തിയാക്കിയെങ്കിലും എൻട്രൻസ് എഴുതാനൊന്നും എന്റെ അച്ഛനമ്മമാർ എന്നെ അനുവദിച്ചില്ല .ഞാൻ ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്തു കോളേജിൽ ചേർന്നു.് ചേച്ചിമാർ എൻജിനീയറിങ്ങിനു മറ്റു കോളേജിലും .
ആ കാലത്താണ് ഞങ്ങളുടെ വീടിനു അയല്പക്കത്തു വനജയാന്റിയും കുടുംബവും താമസത്തിനു വന്നത് ആന്റിയുടെ മകൾ ഗൗരി എന്റെ കോളേജിൽ എന്റെ ക്ലാസ്സിൽ തന്നെ .മകൻ പോലീസ് ആണെന്നെ എനിക്കറിയുമായിരുന്നുള്ളു .പിന്നെ അറിഞ്ഞു ഐ പി എസ് ആണ്. വലിയ പുലിയാണ് എന്നൊക്കെ .ആള് ഭയങ്കര സുന്ദരൻ കൂടിയായത് കൊണ്ട് നമ്മളാ ഭാഗത്തു നോക്കാൻ പോലും പോയില്ല ഗൗരിക്കെന്നെ വലിയ ഇഷ്ടമാണ് പക്ഷെ അവളെത്ര നിർബന്ധിച്ചിട്ടും ഞാൻ ആ വീട്ടിൽ പോയിട്ടില്ല. അതിന്റെ പേരിൽ പഴി കേൾക്കാൻ വയ്യ.
എന്നിട്ടും ഒരു ദിവസം ആ വീട്ടിൽ എനിക്ക് പോകേണ്ടി വന്നു വനജയാന്റി നെഞ്ചുവേദന വന്നു ബോധം കെട്ട് വീണ ദിവസം ഗൗരി ഓടി വന്നത് എന്റെ വീട്ടിലേക്കാണ് .ഞാൻ തന്നെ ആണ് ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോയത്. ലൈസെൻസ് ഇല്ലന്നേയുള്ളു കാറും ബൈക്കും വേണമെങ്കില് ബുള്ളറ്റും ഞാൻ ഓടിക്കും . കൂട്ടുകാരുടെ വണ്ടികൾ ഓടിച്ചു സ്വയം പഠിച്ചതാ .
ആശുപത്രിയിൽ വെച്ച് ഐ പി എസ് എന്നോട് ചോദിച്ചു
"ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ എന്താ ശിക്ഷ എന്നറിയുമോ എന്ന് "
"ശ്ശെടാ നിങ്ങളുടെ അമ്മയെ രക്ഷിക്കാൻ വേണ്ടിയല്ലേ? ..എന്നെ വേണമെങ്കിൽ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടോ എന്ന് ഞാനും പറഞ്ഞു ..
ഐ പി എസ് പൊട്ടിച്ചിരിച്ചു പിന്നെ എന്നെ ഒന്ന് നോക്കി ആ നോട്ടം എന്റെ കണ്ണുകളിലൂടെ എന്റെ ആത്മാവിലേക്കു വന്ന് തൊട്ടു
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ഉറക്കം പോയി .ഇയാൾ എന്തിനാ അങ്ങനെ നോക്കിയേ ,ശ്ശോ എന്നൊക്കെ പറഞ്ഞു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടപ്പായി .
ഗൗരി വിളിക്കുമ്പോൾ പിന്നെ ഞാൻ മടിയൊന്നും പറയാതെ അവിടെ പോകും ..ആന്റിക്കും എന്നെ വലിയ ഇഷ്ടമാണ് ..ഐ പി എസ് എന്റെ കൂടെ ചെസ്സ് ഒക്കെ കളിക്കും ആള് ബുദ്ധിരാക്ഷസൻ ഒക്കെ ആണെങ്കിലും മിക്കവാറും തോൽക്കാറാണ് പതിവ്. അത് തോറ്റുതരും പോലെ എനിക്ക് തോന്നാറുമു ണ്ട് എന്റെ പൊട്ടത്തരങ്ങൾ കേട്ട് കക്ഷി ഉറക്കെ ചിരിക്കുമ്പോൾ ഈശ്വര ഇയാൾക്കെങ്ങനെ ആണോ ഐ പി എസ് ഒക്കെ കിട്ടിയത് എന്നെനിക്കു തോന്നാറുണ്ട്.
ഒരു ദിവസം എന്നെ കാണാൻ പുള്ളിക്കാരൻ കോളേജിൽ വന്നു അന്ന് ഗൗരി ലീവ് ആയത് കൊണ്ട് ചിലപ്പോൾ ലീവ് ലെറ്റർ തരാൻ വല്ലോം ആകുമെന്നാണ് ഞാൻ കരുതിയത്
"തനിക്കു ഡിഗ്രി എക്സാം കഴിഞ്ഞു എന്താ പ്ലാൻ ?"നിനച്ചിരിക്കാതെ കക്ഷി ചോദിച്ചു
"ഇത് ചോദിക്കാനാണോ ഇത്ര ദൂരം വണ്ടി ഓടിച്ചു വന്നേ ?"
അങ്ങനെ ചോദിക്കാനാണ് എനിക്ക് അപ്പോൾ തോന്നിയത് .പുള്ളി പൊട്ടിച്ചിരിച്ചു .എന്റെ മനസ്സിൽ സിവിൽ സർവീസ് ഉണ്ടെന്നു ഇങ്ങേരോടു പറയാൻ പറ്റുമോ ?
"എനിക്ക് ചിലപ്പോൾ ട്രാൻസ്ഫർ ആകും കാശ്മീർ ആകും ചിലപ്പോൾ ..താൻ കണ്ടിട്ടുണ്ടോ കാശ്മീർ ?"
"ഉവ്വല്ലോ ടീവിയിൽ .."ഞാൻ ചിരിച്ചു ..."എന്റെ മാഷെ ഞാൻ ഈ പാലക്കാടു വിട്ടു എങ്ങും പോയിട്ടില്ല "
"കാശ്മീർ കാണാൻ നല്ല ഭംഗി ആണ് "
ഈശ്വര ഇങ്ങേർ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് ്‌ ?ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും ...
ഞാൻ ചുറ്റും നോക്കി
"നമുക്ക് ഒരു കോഫീ കുടിച്ചാലോ ?"
'ങേ ?" ഞാൻ വാ പൊളിച്ചു
"വാ അടയ്ക്കു കുട്ടി .വാ ഞാൻ ഒരു കോഫീ വാങ്ങി തരാം "
"കോഫീ അല്ല ചായ. കോഫീ കുടിച്ചാൽ കറുത്ത് പോകും "ഞാൻ പെട്ടെന്ന് പറഞ്ഞു
ഐ പി എസ് വീണ്ടും ചിരി തന്നെ. വെളുത്തു ചുവന്ന മുഖം വീണ്ടും ചുവന്നു .ആ കണ്ണുകൾ വീണ്ടും എന്റെ ഹൃദയത്തെ വന്നു തൊട്ടു.
"തന്നെ എനിക്ക് വലിയ ഇഷ്ടമാണ് ..ആ ഇഷ്ടം ഞാൻ ഇന്നലെ എന്റെ അമ്മയോട് പറഞ്ഞു ഒരു പക്ഷെ ട്രാൻസ്ഫർ ആണെങ്കിൽ ...എനിക്ക് തന്നെ മിസ് ചെയ്യാൻ വയ്യ "
വളരെ പതിയെ ആർദ്രമായ സ്വരത്തിൽ പുള്ളി അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതു കൊണ്ട് ഞാൻ മുഖം കുനിച്ചു
എന്നെ ഇഷ്ടം ആണെന്ന് പറയുന്ന ആദ്യത്തെ ആൾ
എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ ആൾ

"എന്താണ് എന്നെ ഇഷ്ടം ?" ഞാൻ പെട്ടെന്ന് ചോദിച്ചു
ഐ പി എസ് ചിരിച്ചു
"താൻ ഒപ്പമുണ്ടെങ്കിൽ സന്തോഷം ഉണ്ടാകും ..നന്നായി ചിരിക്കാം .തനിക്കു നല്ല കോമൺ സെൻസ് ഉണ്ട് ...വിവേകവും ..എനിക്ക് അതു മതി ..താൻ ഒപ്പമുള്ളപ്പോൾ ..എന്താ പറയുക ഒരു പോസിറ്റീവ് എനർജി ...താൻ വീട്ടിൽ വരാത്ത ദിവസങ്ങളിൽ എന്തോ നഷ്ടം ആയത് പോലെ... "
"പക്ഷെ നോക്ക് ഞാൻ ഐ പി എസിനെ പോലെയല്ല ഒരു ഭംഗീല്ല.എന്റെ നിറം നോക്ക് ..."ഞാൻ എന്റെ കൈ നീട്ടി പുള്ളിയുടെ മുഖത്തിന് നേരെ പിടിച്ചു .
അവിടെ ഞങ്ങൾ രണ്ടു പേര് മാത്രമായത് നന്നായി. അല്ലെങ്കിൽ ഐ പി എസ് എന്നെ ഉമ്മ വെച്ചത് നാട്ടാർ മുഴുവനും കണ്ടേനെ.
അച്ഛനും അമ്മയും ചേച്ചിമാരും എന്തൊക്കെയോ കുത്തുവാക്കുകൾ പറഞ്ഞു കൊണ്ട് എക്സാം കഴിഞ്ഞു ഞങ്ങളുടെ വിവാഹം നടത്തി തന്നു . ഞാൻ എന്റെ ചെക്കനൊപ്പം കാശ്മീരിലേക്ക് പോയി . കൂടെ ഒരു കെട്ടു പുസ്തകങ്ങളും .സിവിൽ സർവീസ് പരീക്ഷയ്ക്കുള്ളത്
അല്ലെങ്കിലും ഈ ദൈവം വലിയ പുള്ളി ആണ് കേട്ടോ .ഒരു പാട് സങ്കടമൊക്കെ തന്നിട്ട് ഒടുവിൽ ചേർത്ത് പിടിച്ചു സ്വർഗത്തിലേക്ക് ഒരു ടിക്കറ്റ് അങ്ങ് തരും .ഭൂമിയിലെ സ്വർഗത്തിലേക്ക്.

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot