നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Final Part (18)

 Final Part:- 

"മോളേ !" ശിവദാസൻ വാതിലിന് നേർക്ക് നോക്കി വിളിച്ചു.
എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ട് തിരിഞ്ഞു.
വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി വെളിയിൽ വാതിലിന് സൈഡിൽ നിന്നും പതിയെ അകത്തേക്ക് കയറി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .അവൾക്കൊരു ധൈര്യത്തിനെന്നോണം ചന്തു അവളുടെ കൈയിൽ പിടിച്ചു.
അവളെ കണ്ടതും ദേവിയും ദത്തനും ഒരുപോലെ ഞെട്ടിത്തരിച്ച് പോയി! ദേവിയുടെയും ദത്തന്റെയും ഭാവമാറ്റം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു മാളു.
"ലച്ചു !" ദത്തന്റെ  ചുണ്ടുകൾ മന്ത്രിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ മാളു ലച്ചുവിനെ നോക്കി.ദത്തന്റെ അനിയത്തി !
"മോളേ നിനക്കറിയുമോ ഈ നിൽക്കുന്നവർ ആരൊക്കെയാണെന്ന് ..?" ശിവദാസൻ ലച്ചുവിനോട് ചോദിച്ചു.
ലച്ചു അവിടെ കൂടി നിന്ന എല്ലാവരെയും ഒന്ന് നോക്കി. പതിയെ അവൾ ദേവിയുടെ അടുത്തേക്ക് ചെന്നു.
കണ്ടത് വിശ്വസിക്കാനാവാതെ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു ദേവി !
"അതാരാണെന്ന് മനസ്സിലായോ മോൾക്ക്?" ശിവദാസൻ ചോദിച്ചു.അവൾ ദേവിയുടെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു.
"എന്റെ..എന്റെ അമ്മ… അല്ലെ ?"ലച്ചു ചോദിച്ചു.
"എന്റെ മോളേ!" ഒരു പൊട്ടിക്കരച്ചിലോടെ ദേവി ലച്ചുവിനെ കെട്ടിപ്പിടിച്ചു.അവർ അവളുടെ മുഖത്തും നെറ്റിയിലും ഒക്കെ തുരുതുരെ ഉമ്മ വെച്ചു.
"എന്തിനാ മോളെ ഞങ്ങളെ ഇട്ടേച്ചുപോയത്?ഞങ്ങൾ എവിടൊക്കെ അന്വേഷിച്ചു നിന്നെ..നീ എവിടെയോ കിടന്ന് നരകയാതന അനുഭവിക്കുകയാണെന്ന് ഞങ്ങൾ അറിയാതെപോയല്ലോ വാവേ..  "ദേവി അവളെ കെട്ടിപ്പിടിച്ച് കരച്ചിലിനിടയിൽ  പറഞ്ഞുകൊണ്ടിരുന്നു..ലച്ചു ഒന്നും മിണ്ടാതെ നിന്നു.അവളും കരയുകയായിരുന്നു.ഈ കാഴ്ച്ച  കണ്ട് ലേഖയും മാളുവും നിറകണ്ണുകളോടെ അവരെ നോക്കി.ദേവിക്ക് ഒരു മകൾ കൂടി ഉണ്ടെന്നത് ലേഖയ്‌ക്കൊരു പുതിയ അറിവായിരുന്നു.
ദത്തൻ ലച്ചുവിന്റെ  അടുത്ത് വന്ന് നിന്നു.
"ഇതാരാ ലച്ചു?" ചന്തു ദത്തനെ ചൂണ്ടി ലച്ചുവിനോട് ചോദിച്ചു.
"ഏട്ടൻ!" ലച്ചു ദത്തനെ നോക്കി പറഞ്ഞു.ദത്തൻ കരഞ്ഞുകൊണ്ട് ലച്ചുവിനെ  കെട്ടിപ്പിടിക്കാൻ  ചെന്നു.പക്ഷെ അവൾ പെട്ടെന്ന് പിന്നിലോട്ട് മാറി! ദത്തനും ദേവിക്കും ഒന്നും  മനസ്സിലായില്ല.
"എന്നോട് ക്ഷമിക്കണം.ചന്തുവും ഡോക്ടറും കുറച്ച് ഫോട്ടോസ് കാണിച്ച് നിങ്ങളെല്ലാവരും ആരാണെന്നും ഞാനുമായി എന്താണ് ബന്ധമെന്നും പറഞ്ഞ് പഠിപ്പിച്ചതല്ലാതെ എനിക്ക് നിങ്ങളെ ആരേയും ഓർമ്മയില്ല.ഒരു കാലത്ത് നിങ്ങൾ എന്റെ  ആരൊക്കെയോ ആയിരുന്നിരിക്കാം.പക്ഷെ ഇപ്പൊ ഇതെനിക്കൊരു രണ്ടാം ജന്മമാണ് ! നിങ്ങൾ  എല്ലാവരെയും ഞാൻ ആദ്യമായി കാണുകയാണ് .എല്ലാവരുമായി ഒന്നടുക്കാൻ എനിക്ക് കുറച്ച് സമയം തരണം. " ലച്ചു കരഞ്ഞുകൊണ്ട്  ദത്തനെയും ദേവിയേയും നോക്കി പറഞ്ഞു.
ദേവിയും ദത്തനും എന്ത് പറയണമെന്നറിയാതെ തരിച്ച്  നിന്നു.
വളർന്നു വലുതായിട്ടും തന്റെ മടിയിൽ കിടന്നുറങ്ങിയും തന്റെ കൈ കൊണ്ട്  ചോറ് വാരിക്കൊടുത്തും എന്താവശ്യത്തിനും ഏട്ടാ ഏട്ടാ എന്ന് വിളിച്ച്   തന്റെ അടുത്ത് നിന്നും മാറാതെ തന്റെ വാല് പോലെ കൂടെ നടന്ന പെണ്ണാണ്! ദത്തൻ വേദനയോടെ  അവളെ തന്നെ നോക്കി നിന്നു.
"ഞാൻ പറഞ്ഞിരുന്നല്ലൊ..അവൾക്കിപ്പോഴും ആരെയും ഓർത്തെടുക്കാൻ സാധിച്ചിട്ടില്ല.."അവരുടെ വിഷമം മനസ്സിലാക്കി  ശിവദാസൻ പറഞ്ഞു.
"ഇപ്പൊ മനസ്സിലായോ ദത്താ നിങ്ങളെ ആരാണീ നാട്ടിൽ എത്തിച്ചതെന്ന്.!" ശിവദാസൻ ദത്തനോട് ചോദിച്ചു.
"നിങ്ങൾ നിങ്ങളാണോ എന്നെ  വിളിച്ചുകൊണ്ടിരുന്നത്?" ദത്തൻ സംശയത്തോടെ ശിവദാസനോട് ചോദിച്ചു.
"അല്ല ദത്താ ..ഞാൻ പറഞ്ഞിട്ട് ദാ ഇവനാണ് നിങ്ങളെ വിളിച്ചുകൊണ്ടിരുന്നത്."ശിവദാസൻ സജിയെ ചൂണ്ടി പറഞ്ഞു.സജി ദത്തനെ നോക്കി ഒന്ന് ചിരിച്ചു.
“എല്ലാവരുടെയും മുൻപിൽ വെച്ച് എല്ലാ സത്യങ്ങളും തെളിയിക്കണം .അതിന് നിങ്ങളും ഇവിടെ വേണം. അത് മാത്രമല്ല  എന്റെ കൊച്ചുമകൾ എന്റെ കൺമുൻപിൽ തന്നെ ഉണ്ടാവണം എന്നൊരു മോഹവും.” ശിവദാസൻ വാത്സല്യത്തോടെ  ആമിയെ നോക്കി..
"മോളേ നിനക്ക് നിന്റെ കുഞ്ഞിനെ കാണണ്ടേ? " ശിവദാസൻ ചോദിച്ചു.ലച്ചു മാളുവിന്റെ കൈയിൽ ഇരിക്കുന്ന ആമിയെ നോക്കി.
പതിയെ ആമിയുടെ അടുത്തേക്ക് നടന്ന്  ചെന്നു.ചന്തുവും അവന്റെ കുഞ്ഞിനെ നോക്കി നിൽക്കുകയായിരുന്നു.
ലച്ചു ആമിയുടെ മുടിയിൽ കൂടി വിരലോടിച്ചു.അവളെ എടുക്കാനായി ലച്ചു  കൈനീട്ടി. ആമി ലച്ചുവിന്റെ കൈ തട്ടിമാറ്റി!
"മോൾടെ അമ്മയാണ്.." മാളു ആമിയോട് പറഞ്ഞു.
"അല്ല ഇതാ എന്റെ അമ്മ "മാളുവിനെ കെട്ടിപ്പിടിച്ച് ആമി പറഞ്ഞു.ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ലച്ചു നേരെ സാവിത്രിയുടെ അടുത്തേക്ക് ചെന്നു.അവരുടെ കണ്ണുകളിൽ നോക്കി.സാവിത്രി കത്തുന്ന കണ്ണുകളോടെ ലച്ചുവിനെ നോക്കി നിന്നു !
"അച്ഛനും ചന്തുവും പറഞ്ഞു നിങ്ങളാണ് എന്നെ കൊല്ലാൻ  നോക്കിയതെന്ന്..നിങ്ങളും ഒരു അമ്മ അല്ലെ? സ്വന്തം മകന്റെ ചോര എന്റെ വയറ്റിലുണ്ടെന്നറിഞ്ഞിട്ടും എങ്ങനെ മനസ്സുവന്നു എന്നെ ഉപദ്രവിക്കാൻ ?  കൊല്ലാനായിരുന്നു നിങ്ങളുടെ  ഉദ്ദേശമെങ്കിലും ഞാൻ  ചത്തില്ല പകരം നരകിച്ചുകൊണ്ടിരിക്കുകയാണ് ! ഒരു ദിവസം  ഉണർന്നെഴുന്നേൽക്കുമ്പോ  സ്വന്തം പേരുപോലും ഓർത്തെടുക്കാൻ കഴിയാത്ത ഒരാളുടെ നിസ്സഹായാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അവിടെ നിന്ന് പൊട്ടിക്കരയുന്ന എന്റെ അമ്മയെ കണ്ടോ? ഒന്ന് തൊടാൻ വന്നപ്പോ അപരിചിതയെ പോലെ പെരുമാറേണ്ടി വന്നത്കൊണ്ട് നെഞ്ചുപൊട്ടി നിൽക്കുന്ന എന്റെ ഏട്ടനെ കണ്ടോ?ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ് ഞാൻ അതിന്റെ അമ്മ ആണെന്ന് മനസ്സിലാക്കാതെ എന്റെ കൈകൾ തട്ടിമാറ്റുന്നത് കണ്ടോ?എല്ലാം നിങ്ങൾ ഒറ്റയൊരുത്തി കാരണം!  ഇതിലും ഭേദം മരണമായിരുന്നു!" ലച്ചു പൊട്ടിക്കരഞ്ഞു.
"കൊല്ലുമായിരുന്നു ഈ പട്ടി ചതിച്ചില്ലായിരുന്നുവെങ്കിൽ !  "അതുവരെ മിണ്ടാതെ നിന്ന സാവിത്രി വെറുപ്പോടെ കൃഷ്ണനെ നോക്കി പറഞ്ഞു.
"അമ്മ കിടപ്പിലായതിൽ പിന്നെ  എന്റെ മുൻപിൽ വന്നിരുന്ന് പൊട്ടിക്കരഞ്ഞതും സ്നേഹം നടിച്ച് ഞങ്ങളുടെ കൂടെ നിന്നതും മാളുവിനെ ചന്തുവിന് വേണ്ടി ആലോചിച്ചതും എല്ലാം എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ ആയിരുന്നു അല്ലെ?" ലേഖ സാവിത്രിയുടെ മുഖത്തു നോക്കി ചോദിച്ചു.
"അതെ കൊല്ലാൻ വേണ്ടി തന്നെ ആയിരുന്നു  ! എവിടുന്നോ വലിഞ്ഞുകേറി വന്നവൾക്ക് ഇതൊന്നും എഴുതിക്കൊടുക്കരുതെന്ന് ഞാൻ കാലുപിടിച്ചപേക്ഷിച്ചതാ ഈ തള്ളയോട് ! ഈ സ്ത്രീയെ ജീവനോടെ ബാക്കി വെച്ചതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്! അപ്പൊ തന്നെ തീർക്കണമായിരുന്നു. !" സാവിത്രി  വീൽ ചെയറിൽ ഇരിക്കുന്ന മാളുവിന്റെ മുത്തശ്ശിയെ നോക്കി വെറുപ്പോടെ പറഞ്ഞു.
"പിന്നെ നീ!" സാവിത്രി പല്ലു ഞെരിച്ചുകൊണ്ട് ലച്ചുവിനെ നോക്കി."അതും എന്റെ തെറ്റ് ! കത്തിച്ചുകളയേണ്ടതായിരുന്നു നിന്നെ.എങ്കിൽ ഇന്നിങ്ങനെ  എന്റെ മുൻപിൽ വന്നു നിൽക്കാൻ നീ ബാക്കി ഉണ്ടാവില്ലായിരുന്നു !"
ശിവദാസൻ കൈ നിവർത്തി സാവിത്രിയുടെ കവിളിൽ ഒറ്റ അടി! സാവിത്രി വേച്ചു പോയി!
"മിണ്ടരുത് നീ! സ്വത്തിനു വേണ്ടി സ്വന്തം അമ്മയെയും മകന്റെ പെണ്ണിനേയും അവരുടെ കുഞ്ഞിനേയും ഇല്ലാതാക്കാൻ നോക്കിയിട്ട് നിന്ന് അഹങ്കരിക്കുന്നോ " ശിവദാസൻ അലറി!
"സജി ഇനി ആ കാമറ അങ്ങ് ഓഫ് ചെയ്തേക്ക് . ഞാൻ വിവരമറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട് സാവിത്രി . നിന്നെ കൊണ്ടുപോകാൻ അവരിപ്പൊ ഇങ്ങെത്തും!" ശിവദാസൻ സാവിത്രിയോട് പറഞ്ഞു.
സജി അവിടെ ഷോക്കേസിൽ  ഒളിപ്പിച്ചുവെച്ചിരുന്ന കാമറ പുറത്തെടുത്തു.അവിടെ  നടന്നതെല്ലാം അതിൽ റെക്കോർഡ് ആയിക്കൊണ്ടിരിക്കുക ആയിരുന്നു.സജി അത് ശിവദാസന്റെ കൈയിൽ ഏൽപ്പിച്ചു.
"ഇപ്പൊ നീ ഇവിടെ നിന്ന് അട്ടഹസിച്ചതൊക്കെ ഇതിൽ പതിഞ്ഞിട്ടുണ്ട് സാവിത്രി.നീ ഇനി പുറംലോകം കാണുമെന്ന് കരുതേണ്ട!" ശിവദാസൻ പറഞ്ഞു.
സാവിത്രി തലയ്ക്ക് കൈയും കൊടുത്ത് നിലത്തിരുന്നു...
"മോളെ ഇത് നിനക്കുള്ളതാണ് ." ഇഷ്ടദാനത്തിന്റെ ഡോക്യുമെന്റ് മാളുവിന്റെ കൈയിൽ ഏൽപ്പിച്ചുകൊണ്ട്  ശിവദാസൻ പറഞ്ഞു.
"എനിക്കിത് വേണ്ട ചിറ്റപ്പാ !ഒരുപാട് പേരുടെ കണ്ണീരും ചോരയും ഇതിലുണ്ട്.എനിക്ക് ശാപം കിട്ടും" മാളു കരഞ്ഞുകൊണ്ട് പറഞ്ഞു.
"നിനക്കൊരു ശാപവും കിട്ടില്ല. ഇതിന്റെ യഥാർത്ഥ അവകാശി നീ തന്നെ ആണ്.നീ പറഞ്ഞതുപോലെ ഒരുപാട് പേരുടെ കണ്ണീരും ചോരയും ഇതിലുണ്ട് .അവർ അനുഭവിച്ച വേദനയ്ക്കും കരഞ്ഞുതീർത്ത കണ്ണീരിനും അർഥം വരണമെങ്കിൽ നിന്റെ മുത്തശ്ശിയുടെ ആഗ്രഹം പോലെ നീ ഇത് സ്വീകരിക്കണം .."  ശിവദാസൻ പറഞ്ഞു.
മാളു സജിയുടെ അടുത്തേക്ക് ചെന്നു.
"എനിക്കറിയില്ലായിരുന്നു നിഴൽ പോലെ എന്റെ കൂടെ നടന്നിരുന്നത് എന്റെ രക്ഷകനായിട്ടായിരുന്നു എന്ന്..ഞാൻ എന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണം ." അവൾ സജിയുടെ മുൻപിൽ നിറകണ്ണുകളോടെ കൈകൂപ്പി.
"അതൊന്നും സാരമില്ല മാളു...നിന്നെ ഞാൻ എന്റെ കൂടപ്പിറപ്പായിട്ടേ കണ്ടിട്ടുള്ളു. " സജി അവളെ ആശ്വസിപ്പിച്ചു.
"എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.തിരിച്ച് കിട്ടില്ലെന്ന് കരുതിയതാ എന്റെ ലച്ചുവിനെ.. ഒരിക്കലും മറക്കില്ല!" ദത്തൻ സജിയേയും കൃഷ്ണനെയും  നന്ദിയോടെ നോക്കി.
പിന്നീട് സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു..ചന്തുവിന്റെ ലീവ് തീർന്നപ്പോൾ  ലച്ചുവിനെ ദേവിയുടെയും ദത്തന്റെയും കൂടെ നിർത്തി  അവൻ തിരിച്ച് ദുബായിലേക്ക് പോയി.മാളുവിന്റെ മുത്തശ്ശിയെ ട്രീറ്റ്മെന്റിനായി സാം മാത്യു ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.ആമി പതിയെ ലച്ചുവുമായി കൂട്ടുകൂടാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവിയും ദത്തനും  ലച്ചുവിനെയും കൊണ്ട് തിരികെ അവരുടെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു..ദത്തൻ മാളുവിന്റെ കാര്യം ദേവിയുടെ മുൻപിൽ അവതരിപ്പിച്ചു.
"നീ തന്നെ അല്ലെ അന്ന് എല്ലാരുടേം മുൻപിൽ വെച്ച് അവളെ നിനക്ക് വേണ്ട എന്ന് പറഞ്ഞത്?" ദേവി ദത്തനോട് ചോദിച്ചു.
“അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നില്ലേ?ഇപ്പൊ അമ്മയ്ക്ക് കാര്യങ്ങൾ എല്ലാം അറിയാമല്ലോ." ദത്തൻ പറഞ്ഞു.
"നിനക്ക് തോന്നുമ്പോ തോന്നുമ്പോ വേണം വേണ്ട എന്ന്  വാശിപിടിക്കാൻ  മാളു എന്താ കടയിലിരിക്കുന്ന വല്ല കളിപ്പാട്ടമോ മറ്റോ ആണോ?"ദേവി മകനെ കളിയാക്കി.
"അമ്മ ഇത് ലേഖ ആന്റിയോട് സംസാരിക്കണം." ദത്തൻ അവരെ നിർബന്ധിച്ചു.
"ഒരിക്കൽ  ഞാൻ ആലോചിച്ചതാണല്ലോ മാളുവിനെ നിനക്ക് വേണ്ടി ? അന്ന് നീ സമ്മതിച്ചില്ലെന്ന് മാത്രമല്ല ആ കൊച്ചിനെ പറ്റി അനാവശ്യോം പറഞ്ഞു..ഇനി ഇപ്പൊ ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാലേ ലേഖ വെട്ടുകത്തി എടുക്കും! എനിക്ക് വയ്യ ഇനി ലേഖയുടെ വായിലിരിക്കുന്നത് കേൾക്കാൻ"ദേവി അവനോട് പറ്റില്ല എന്ന് തീർത്തു പറഞ്ഞു.
പോവുന്നതിനു കുറച്ച് ദിവസം മുൻപ് ദേവിയും ദത്തനും ലച്ചുവും ആമിയും ലേഖയുടെ വീട്ടിൽ വന്നു.
മാളുവും ലേഖയും അവരെ സ്വീകരിച്ചിരുത്തി.
"ഞങ്ങൾ തിരിച്ച് നാട്ടിൽ പോവാ ലേഖേ.ജനിച്ചുവളർന്ന നാടും വീടുമൊക്കെ കാണുമ്പോൾ ലച്ചുവിന് എന്തെങ്കിലും മാറ്റം വരുമായിരിക്കും."ദേവി ലേഖയോട് പറഞ്ഞു.
"ദത്തേട്ടനും അമ്മയും പറഞ്ഞു മാളുവിന് ആമിയെ  ജീവനാണെന്ന് .. സ്വന്തം മോളെ പോലെയാ മാളു അവളെ നോക്കിയിരുന്നതെന്ന്.."ലച്ചു മാളുവിനെ നന്ദിയോടെ നോക്കി..
ആമി മാളുവിനെ ചുറ്റിപറ്റി നടക്കുകയായിരുന്നു.
"ലേഖേ പറയാൻ മറന്നു.ദത്തന്റെ വിവാഹം നിശ്ചയിച്ചു!.."ദേവി പറഞ്ഞതുകേട്ട് ദത്തൻ വാപൊളിച്ച് നിന്നു.
മാളു ദത്തനെ അന്ധാളിപ്പോടെ നോക്കി .അമ്മ എന്താണ് പറഞ്ഞുവരുന്നതെന്നറിയാതെ  ദത്തൻ ദേവിയെ തന്നെ നോക്കി നിന്നു .
"കുട്ടി എവിടുന്നാ ദേവിയേച്ചി?"ലേഖ സന്തോഷത്തോടെ ചോദിച്ചു.
"ഞങ്ങൾക്കറിയാവുന്ന ഒരു കുട്ടിയാ.. എന്റെ മോന് അവളെന്ന് വെച്ചാ ജീവനാ.. വിവാഹം ഉറപ്പിക്കുന്നേനും മുൻപേ തന്നെ എന്നോട് പോലും പറയാതെ അവൻ അവന്റെ പെണ്ണിനൊരു കൂട്ടം വാങ്ങിവെച്ചിരുന്നു.ഇയ്യടെ അവന്റെ അലമാര തുറന്നപ്പഴാ ഇത് കൈയിൽ കിട്ടിയത്.   " ദേവി അവരുടെ കൈയിലിരുന്ന ഒരു പൊതി തുറന്ന് അതിൽ നിന്നും ഒരു ജ്യൂവെൽ ബോക്സ് എടുത്തു.
അവർ ആ ബോക്സ് തുറന്നതും മാളു ഞെട്ടിപ്പോയി!
ആമിക്ക് കൊലുസ്സെടുക്കാൻ പോയ ദിവസം  താൻ അന്ന് സ്വർണ്ണക്കടയിൽ വെച്ച് ഇഷ്ടപ്പെട്ട്  എടുത്തുനോക്കി വില കേട്ട് തിരിച്ചുവെച്ച വെള്ളയും ചുവപ്പും മുത്തുകൾ ഉള്ള സ്വർണമാല!  അതിന്റെ സൈഡിൽ ഒരു ചെറിയ നോട്ടും "എന്റെ മാളൂട്ടിക്ക് !"
ദത്തൻ ചമ്മി അടിച്ച് നിൽക്കുകയാണ്.ആരും കാണാതെ അലമാരിയിൽ ഒളിപ്പിച്ച് വെച്ചത് അമ്മയുടെ കൈയിൽ കിട്ടുമെന്ന് അവൻ ഓർത്തതെ ഇല്ല.അന്ന് മാളു ഇതെടുത്തിട്ട് തിരികെ വെക്കുന്നത് താൻ കണ്ടിരുന്നു. ബില്ല്  കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് എല്ലാവരോടും കാറിൽ പോയി ഇരുന്നുകൊള്ളാൻ പറഞ്ഞത് മാളുവിന്‌ ഇത് വാങ്ങാൻ വേണ്ടി തന്നെയായിരുന്നു.
ലേഖയും ദേവിയും ലച്ചുവും അവരെ  നോക്കി പൊട്ടിച്ചിരിച്ചു! അവർ എല്ലാവരും തങ്ങളെ കളിപ്പിച്ചതാണെന്ന് ദത്തനും മാളുവിനും  മനസ്സിലായി.
"ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം" മാളു അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെടാനായി അടുക്കളയിലേക്കോടി.
ദത്തൻ അവളുടെ പിറകെ ചെന്നു..
"കല്യാണം ഒക്കെ ഉറപ്പിച്ചെന്ന് കേട്ടല്ലോ .." മാളു ദത്തനെ കുസൃതിയോടെ നോക്കി ചോദിച്ചു.
"ആഹ് വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ !" ദത്തൻ മാളുവിനെ കളിയാക്കി. അവൾ മുഖം വീർപ്പിച്ചു.
"ഒരു കടം ബാക്കിയുണ്ട്"ദത്തൻ പറഞ്ഞു.
എന്തെന്നുള്ള അർത്ഥത്തിൽ മാളു അവനെ നോക്കി.
"അന്ന് എന്റെ മുറിയിലേക്ക് നിന്നെ പിടിച്ച് വലിച്ച് കൊണ്ടുവന്നപ്പോൾ തരാൻ കഴിയാതെ പോയത്!"
മാളുവിന്‌ എന്തെങ്കിലും പറയാൻ കഴിയും മുൻപേ ദത്തൻ അവളെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടു ചേർത്തു !
ലേഖയും ദേവിയും ലച്ചുവും ആമിയും  ലേഖയുടെ  മുറിയിലിരുന്ന് ദത്തന്റെയും മാളുവിന്റെയും കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. ഇടയ്ക്ക് ചന്തുവിന്റെ ഫോൺ വന്നപ്പോൾ ലച്ചു അതുമായി ഹാളിൽ പോയിരുന്ന് അവനോട് സംസാരിച്ചു ..
അടുക്കളയിലേക്ക് പോയ മാളുവിനെ കാണാതെ ആമി അങ്ങോട്ട് ചെന്നു.തിരികെ പേടിച്ച് വിറച്ച് ഹാളിൽ ലച്ചുവിന്റെ അടുത്തെത്തി.
"ലച്ചൂമ്മേ അവിടെ.. അവിടെ അച്ഛൻ അമ്മയെ കൊല്ലാൻ നോക്കുന്നു!" ആമി എന്താ പറഞ്ഞതെന്ന് മനസ്സിലാവാതെ ലച്ചു അടുക്കളയിലേക്ക് ചെന്നു.അവിടെ കണ്ട കാഴ്ച്ച കണ്ട് ലച്ചു ചിരിച്ചുപോയി. അവൾ വേഗം ആമിയുടെ കണ്ണുകൾ രണ്ടും പൊത്തി!

Click here to read all parts  - https://www.nallezhuth.com/search/label/MalavikaStory)

(ശുഭം)

ഇത്രയും ദിവസം നിങ്ങൾ എന്റെ കഥയ്ക്ക് തന്ന സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി! അതുപോലെ ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്തിനും എന്റെ നന്ദി രേഖപ്പെടുത്തുന്നു..

അഞ്ജന ബിജോയ്

1 comment:

  1. Nalloru Story aayirunnu. . Iniyum ezhuthanum Adu ayachu taranum abyarthikunnu

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot