"എനിക്കീ വിവാഹത്തിന് സമ്മതമല്ല!" വലിഞ്ഞുമുറുകിയ മുഖത്തോടെ ദത്തൻ പറഞ്ഞു.എല്ലാവരും സ്തബ്ധരായി നിന്നു!
"ദത്താ നീ തമാശ പറയുകയാണോ?" ദേവി അമ്പരപ്പോടെ മകനോട് ചോദിച്ചു.
"തമാശയോ?ഈ അവസരത്തിൽ ആരെങ്കിലും തമാശ പറയുമോ?"ദത്തൻ കൂസലില്ലാതെ പറഞ്ഞു.
മാളു എന്ത് പറയണം എന്നറിയാതെ ദത്തനെ കണ്ണുമിഴിച്ച് നോക്കിനിന്നു.
"ദത്താ നിനക്കത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ ഇവളെ?മാളു വേറൊരാളുടെ ആവാൻ പോവുന്നു എന്നറിഞ്ഞ് നീ നെഞ്ചുപൊട്ടി ഇരിക്കുന്നത് കണ്ടിട്ടുള്ളതല്ലേ ഞാൻ?ദൈവമായിട്ട് ഇങ്ങനെ ഒരവസരം കൈയിൽ കൊണ്ടുതന്നപ്പോൾ നിനക്കവളെ വേണ്ട അല്ലെ?എനിക്കതിന്റെ കാരണം അറിയണം." ദേവി ദത്തന്റെ ചുമലിൽ പിടിച്ച് കുലുക്കി.
അവൻ അവരുടെ കൈ തട്ടിമാറ്റി ആമിയെ എടുത്ത് പോകാൻ തുടങ്ങി.
"പറഞ്ഞിട്ട് പോയാൽ മതി.ഇല്ലെങ്കിൽ നീ മാത്രമേ വീട്ടിലെത്തു .ഞാൻ ആ വീടിന്റെ പടി ചവിട്ടില്ല!" ദേവി മകനെ തടഞ്ഞു.അമ്മ പറഞ്ഞാൽ പറഞ്ഞതാണെന്ന് ദത്തനറിയാം .അവൻ ആമിയെ താഴെ നിർത്തി.
"പറയ് നിനക്കെന്താ മാളുവിനെ വേണ്ടാത്തത് ?അവൾ എന്ത് തെറ്റാ ചെയ്തത്?"ദേവി ചോദിച്ചു.
മാളു ദത്തനെ തന്നെ നോക്കി നിന്നു .അവന്റെ ഉത്തരത്തിനായി ആകാംഷയോടെ കാത് കൂർപ്പിച്ചു.
"പറയ് ദത്താ എന്താ നിന്റെ പ്രശ്നം?"ദേവി വീണ്ടും ചോദിച്ചു.
"എനിക്ക് മറ്റൊരാളുടെ ഉച്ഛിഷ്ടം വേണ്ട!" സഹികെട്ട് ദത്തൻ പൊട്ടിത്തെറിച്ചു.
ലേഖ കൈകൾ കൊണ്ട് ചെവി രണ്ടും പൊത്തിപിടിച്ചു!
മാളു ഇടിവെട്ടേറ്റത് പോലെ നിന്നു !
ദേവി കൈനിവർത്തി മകന്റെ മുഖത്ത് ഒറ്റയടി!
ദത്തൻ അത് പ്രതീക്ഷിച്ചിരുന്നു.
"വൃത്തികേട് പറയുന്നോ അസത്തെ !" ദേവി കോപത്തോടെ മകനെ നോക്കി.
മാളു ഓടിച്ചെന്ന് ദത്തന്റെ കോളറിൽ പിടിച്ച് വലിച്ചു!
"എന്താ പറഞ്ഞത്??നിങ്ങൾ എന്നെ പറ്റി എന്താ പറഞ്ഞത്?" അവൾ അവന്റെ കണ്ണുകളിൽ നോക്കി അലറി .ചന്തു തന്നെ കെട്ടിപ്പിടിച്ച കാര്യമാണ് ദത്തൻ ഉദ്ദേശിച്ചതെന്ന് മാളുവിന് മനസ്സിലായി.
"എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനൊക്കെ?ആ ദിവസം നടന്നതെല്ലാം ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ?എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ?എന്നെപ്പറ്റി ഇല്ലാത്തതൊന്നും പറയല്ലേ" മാളു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു . .അവളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്നത് ചുടുരക്തമാണെന്നവന് തോന്നി.
"ഞാൻ പോവാ ." ദത്തൻ മാളുവിന്റെ കൈകൾ അവന്റെ കോളറിൽ നിന്നും പതിയെ മാറ്റി.
ഇതെല്ലം കണ്ട് പേടിച്ചുനിൽക്കുകയായിരുന്നു ആമി.ദത്തൻ അവളെയും എടുത്ത് അവിടെ നിന്നും പോവാൻ തുടങ്ങി.
"നിൽക്ക് !" ദേവി മകനെ നോക്കാതെ പറഞ്ഞു.
"കുഞ്ഞിനെ താഴെ നിർത്ത് !' അവർ ആജ്ഞാപിച്ചു .
"എന്തിന് ?"ദത്തൻ ചോദിച്ചു.
"എന്തധികാരത്തിലാണ് നീ അവളെ എടുത്തിരിക്കുന്നത്?"ദേവി മകനെ രൂക്ഷമായി നോക്കി.
"അമ്മെ!" അവൻ അവരോട് അരുത് എന്ന് ശാസനപോലെ പറഞ്ഞു .
"ഇത്ര അധികാരം കാണിച്ച് എടുത്തോണ്ടുപോകാൻ അത് നിന്റെ സ്വന്തം കുഞ്ഞൊന്നുമല്ലല്ലൊ !" ദേവി മകനെ പരിഹസിച്ചു.
"അമ്മെ മതി നിർത്ത്! " ദത്തൻ ഒച്ചവെച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും പകച്ച് നിന്നു !
"നീ ഇത് ചോദിച്ച് വാങ്ങിയതാണ് .ഒരു പാവം പെണ്ണിനെ കണ്ണീരുകുടിപ്പിച്ചിട്ട് നീ അങ്ങനെ ഞെളിഞ്ഞ് നടക്കേണ്ട.കുഞ്ഞിനെ താഴെ വെച്ചിട്ട് നിന്റെ വഴിയേ പൊക്കോ." ദേവി കർശനമായി പറഞ്ഞു.
ദത്തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നുവീണു.ആമിയെ താഴെ വെച്ച് അവൻ തിരിഞ്ഞുനടന്നു...
ദത്തൻ മാളുവിനെ കുറിച്ച് പറഞ്ഞത് ആ മുറിയിൽ കൂടി നിന്ന എല്ലാവരും കേട്ടിരുന്നു.അത് നാട്ടിൽ പാട്ടാകാൻ അധികം താമസിച്ചില്ല.മാളു സ്കൂളിൽ പോകാതെ ആയി.ലേഖ അവളെ നിർബന്ധിച്ചുമില്ല.
ഇടയ്ക്ക് ദേവി ആമിയെയും കൊണ്ട് മാളുവിനെ കാണാൻ വരും.ദേവിക്ക് അവരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.എങ്കിലും മാളു നീരസമൊന്നും കാണിച്ചില്ല .അവരോട് പഴയത് പോലെ തന്നെ പെരുമാറി.
ദേവിയും ദത്തനും അധികം സംസാരിക്കാതെ ആയി.
അത്യാവശ്യ കാര്യങ്ങൾ മാത്രം ഒന്നോ രണ്ടോ വാക്കിലൂടെ സംസാരിച്ച് പോന്നു .
ദത്തൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ദേവി മാളുവിനെ വീട്ടിലേക്ക് വിളിച്ചു.
"നെഞ്ചിന് ഒരു വേദന മോളെ.ദത്തൻ വെളിയിലാ.ആമി നല്ല ഉറക്കോം.ഒറ്റയ്ക്കിരിക്കാനൊരു പേടി.അതാ മോളെ വിളിച്ചത്." ദേവി സോഫയിൽ കിടന്നുകൊണ്ട് പറഞ്ഞു.മാളു അവരുടെ അടുത്ത് ഒരു കസേരയിൽ ഇരുന്നു.
"ഹോസ്പിറ്റലിൽ പോകാം അമ്മെ?" മാളു പേടിയോടെ ചോദിച്ചു.
"വേണ്ട മോളെ തീരുന്നെങ്കിൽ അങ്ങു തീരട്ടെ.ആർക്കുവേണ്ടിയാ ജീവിക്കുന്നത്."ദേവി കണ്ണീരോടെ പറഞ്ഞു.
"എന്റെ പേരും പറഞ്ഞ് നിങ്ങൾ വഴക്കിടരുത് കേട്ടോ.ദത്തേട്ടനും ആമിക്കും അമ്മ മാത്രമല്ലെ ഉള്ളു."മാളു പറഞ്ഞു.ദേവി കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
"ആമി ദത്തന്റെ മോൾ അല്ല.." ദേവി പറഞ്ഞുതുടങ്ങി.
മാളുവിനും അതേപ്പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ദേവി എങ്ങനെ പ്രതികരിക്കും എന്നറിയാത്തത്കൊണ്ട് അവൾ ഒന്നും ചോദിച്ചില്ല.ഇപ്പൊ ദേവി തന്നെ അതേപ്പറ്റി സംസാരിക്കുന്നു.മാളു ശ്രദ്ധയോടെ കേട്ടിരുന്നു.
"ആമി എന്റെ ഇളയ മോൾ ലച്ചുവിന്റെ കുഞ്ഞാ . ദത്തനും ലച്ചുവും തമ്മിൽ നല്ല പ്രായവ്യത്യാസ്സം ഉണ്ടായിരുന്നു .മോനുണ്ടായി ഒരുപാട് കഴിഞ്ഞാ അവൾ വന്നത്.അതുകൊണ്ടുതന്നെ അവൾക്കവൻ ഒരേട്ടൻ മാത്രം ആയിരുന്നില്ല.അച്ഛൻ കൂടി ആയിരുന്നു.ഒരുപാട് കൊഞ്ചിച്ചാണ് അവൻ അവളെ വളർത്തിയത്.പറയുന്നതെന്തും സാധിച്ച് കൊടുക്കും.ശാസിക്കേണ്ട പല സമയത്തും അവൻ അവളെ ശാസിച്ചില്ല.എന്നെ അതിനൊട്ട് അനുവദിച്ചുമില്ല.എം.ബി.എ പഠിക്കാൻ ബാംഗ്ലൂർക്ക് പോകണം എന്നുള്ളത് അവളുടെ നിർബന്ധമായിരുന്നു.അവളുടെ ആഗ്രഹം നടക്കട്ടെ എന്ന് വെച്ച് മനസ്സില്ലാമനസ്സോടെ ഞാനും അവനും സമ്മതം മൂളി.അങ്ങോട്ട് പോകുന്നതിനു മുൻപ് അച്ഛന്റെ ഫോട്ടോയുടെ മുൻപിൽ നിന്ന് അവൻ അവളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.അവിടെ ചെന്ന് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമ്പോ ചീത്ത കൂട്ടുകെട്ടുകളിൽ കൂടരുതെന്നും അമ്മയും ഏട്ടനും കണ്ടെത്തുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ മറിച്ചായാൽ ഇങ്ങനൊരു പെങ്ങൾ അവനുണ്ടാവില്ല മരിച്ചതായി കണക്കാക്കും എന്നും .
നിങ്ങളെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല ഏട്ടാ എന്ന് പറഞ്ഞ് സത്യം ചെയ്ത് പോയതാ ലച്ചു." ദേവി വിതുമ്പി.മാളു സഹതാപത്തോടെ അവരെ നോക്കി.
"ആദ്യത്തെ ഒരുവർഷം വലിയ കുഴപ്പമില്ലായിരുന്നു.ദത്തനും ലച്ചുവും ദിവസ്സവും ഫോൺ ചെയ്ത് മണിക്കൂറുകളോളം സംസാരിക്കും. സമയം കിട്ടുമ്പോഴൊക്കെ അവൾ നാട്ടിൽ ഓടിവരും.പിന്നെ എപ്പഴോ അവൾക്കെന്തോ മാറ്റം വന്നതുപോലെ ദത്തന് തോന്നി.ഫോൺ വിളിച്ചാൽ വെയ്ക്കാൻ ധൃതി,വെക്കേഷന് നാട്ടിൽ വരാതെ ഇരിക്കുക.ചോദിച്ചപ്പോ എക്‌സാമിന്റെ തിരക്കാണെന്ന് പറഞ്ഞു.ഓരോന്ന് ചോദിച്ച് അവളെ ശല്യപ്പെടുത്തേണ്ട എന്ന് ഞാനും അവനോട് പറഞ്ഞു.ഈ സമയത്ത് തന്നെ ഞങ്ങളുടെ ബന്ധത്തിൽ പെട്ട ഒരു കൂട്ടർ അവളെ കല്യാണം ആലോചിച്ച് ഇങ്ങോട്ട് വന്നു.ദത്തന് നല്ല താൽപ്പര്യം ഉള്ള ബന്ധമായിരുന്നു.പയ്യന് നാട്ടിൽ തന്നെ ബിസിനസ്.ലച്ചു കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടാവുമല്ലോ എന്ന ആശ്വാസമായിരുന്നു മോന്.അവൾക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടോ എന്നറിയാൻ അവന്റെ ഒരു ഫോട്ടോ അവൾക്കയച്ചുകൊടുത്തു.ലച്ചുവിന്റെ മറുപടി ഒന്നും വരാതിരുന്നപ്പോ ദത്തൻ അവളെ ഫോൺ വിളിച്ചു .ദത്തൻ നിർബന്ധിച്ചപ്പൊ അവളും സമ്മതിച്ചു.തൽക്കാലം നിശ്ചയം നടത്തിയിട്ട് കോഴ്സ് കഴിഞ്ഞാലുടൻ കല്യാണം നടത്താമെന്നും തീരുമാനിച്ചു .ലച്ചുവിന് പരീക്ഷ തുടങ്ങാനിരുന്നതിനാൽ അവൾക്ക് വരാൻ പറ്റില്ല എന്നറിയിച്ചു. അവൾ ഇല്ലാതെ നിശ്ചയം ചെറിയ രീതിയിൽ ഞങ്ങളുടെ വീട്ടിൽ വച്ച് തന്നെ നടത്തി.പരീക്ഷ കഴിയുന്നത് വരെ ചെറുക്കനും പെണ്ണും അധികം ഫോൺ വിളി വേണ്ട അതവളുടെ പഠിത്തത്തെ ബാധിക്കും എന്ന് ദത്തൻ നേരത്തെ തന്നെ പയ്യനോട് പറഞ്ഞിരുന്നു.അതവർക്കും സമ്മതമായിരുന്നു .
ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞയുടനെ ലച്ചുവിന്റെ കോളേജിൽ നിന്നും അവളുടെ ടീച്ചർ വിളിച്ച് ലച്ചുവെന്തേ എക്സാം എഴുതാൻ വരാഞ്ഞത് എന്ന് ചോദിച്ചു.പനിയോ മറ്റോ പിടിച്ച് അവൾ ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരിക്കുമോ എന്ന് പേടിച്ച് മോൻ അവളുടെ അറിയാവുന്ന ഫ്രണ്ട്സിനെ എല്ലാം വിളിച്ചു.അവർക്കാർക്കും അവളെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു.ഹോസ്റ്റലിൽ വിളിച്ചപ്പോ തലേന്ന് ചേട്ടൻ ബാംഗ്ലൂരിൽ വന്നിട്ടുണ്ട് കണ്ടിട്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങിയതാണത്രേ പിന്നെ ആരും അവളെ കണ്ടിട്ടില്ല! എന്ത് ചെയ്യണം ആരുടെ വാതിലിൽ ചെന്ന് മുട്ടണം എന്നൊരു പിടിയുമില്ല.അന്വേഷിക്കാവുന്നിടത്തെല്ലാം പോയി അന്വേഷിച്ചു.അവിടെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു.ദത്തൻ നാലഞ്ചു മാസത്തോളം ബാംഗ്ലൂരിൽ തന്നെ താമസിച്ചു.എന്തെങ്കിലും തുമ്പു കിട്ടുമെന്ന പ്രതീക്ഷയിൽ.പക്ഷെ പിന്നീടൊരിക്കലും ഞങ്ങളവളെ കണ്ടിട്ടില്ല!"
"കല്യാണം ഉറപ്പിച്ച പെണ്ണ് അന്യനാട്ടിൽ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്ന് വാർത്ത പരന്നു .ചെറുക്കനും കൂട്ടരും ഞങ്ങളുടെ വീട്ടിൽ വന്ന് ഒരുപാട് ബഹളമുണ്ടാക്കി.ഞാനും മോനും നാട്ടുകാരുടെ മുൻപിൽ പരിഹാസ പാത്രമായി.വേറെ വഴിയില്ലാതെ ദത്തൻ തിരിച്ച് നാട്ടിലെത്തി.പക്ഷെ അവൻ ആളാകെ മാറിയിരുന്നു.കളിയില്ല ചിരിയില്ല .മാസ്സങ്ങളോളം മുറി അടച്ചിട്ട് ഒരേ ഇരുപ്പ്.ഞാൻ ആ വീട്ടിൽ ഉണ്ടെന്നുപോലും അവൻ അറിഞ്ഞിരുന്നില്ല.അവന്റെ മാനസികനില തെറ്റുമോ എന്ന് ഭയന്നപ്പോഴാണ് ഒരു ദിവസ്സം ഞങ്ങളുടെ വാതിൽക്കൽ ഒരു ചോരക്കുഞ്ഞിനെ ആരോ ഉപേക്ഷിച്ച് പോയത്! കൂടെ ഒരു കുറിപ്പും.
"ഇത് നിങ്ങളുടെ മകളുടെ കുഞ്ഞാണ്.പക്ഷെ ഈ വിവരം പുറത്ത് പറഞ്ഞാൽ അത് ഈ കുഞ്ഞിന്റെ ജീവന് തന്നെ ആപത്താണ്.ഇത് ലച്ചുവിന്റെ കുഞ്ഞാണെന്ന സത്യം തൽക്കാലം ആരും അറിയരുത്."
വിശ്വസിക്കണോ വേണ്ടയോ എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.ആ കുഞ്ഞിനെ കളയാനും ഞങ്ങൾക്ക് തോന്നിയില്ല.ഒരുപക്ഷെ ആ കുറിപ്പിൽ പറഞ്ഞതുപോലെ ഞങ്ങടെ ലച്ചുവിന്റെ ചോര തന്നെ ആണെങ്കിലോ!ഞാൻ ആ കുഞ്ഞിനെ എടുത്തു.ആദ്യമൊന്നും ദത്തൻ അതിനെ തിരിഞ്ഞുനോക്കിയില്ല.പതിയെ അവൻ ആ കുഞ്ഞിൽ അവന്റെ ലച്ചുവിനെ കണ്ടു.അവൻ അവൾക്ക് അമേയ എന്ന് പേരിട്ടു.ആമി എന്ന് വിളിച്ചു.കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ദത്തനാ.അവളെ കുളിപ്പിക്കുവേം കണ്ണെഴുതിക്കുവേം ഒക്കെ ചെയ്തിരുന്നത് അവനാ.അവളൊന്നു തുമ്മിയാൽ ഒരു പനി വന്നാൽ അവളെ നെഞ്ചിൽ പൊതിഞ്ഞുപിടിച്ച് അവനിരിക്കും.നാട്ടുകാർ പതിയെ പറഞ്ഞുതുടങ്ങി ദത്തന് ഏതോ അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞാണ് ആമി എന്ന് .അവൻ അത് തിരുത്താനും പോയില്ല.അവന് വരുന്ന കല്യാണ ആലോചനകൾ എല്ലാം നാട്ടുകാരുടെ നാവിൻ തുമ്പിൽ നിന്ന് മുടങ്ങിപ്പോയി .നമുക്കീ നാട് വിടാം എന്ന് ഞാനവനോട് പല തവണ പറഞ്ഞു അവൻ കേട്ടില്ല.പക്ഷെ ഒരു ദിവസ്സം അവനൊരു ഫോൺ കാൾ വന്നു.അതാരാണെന്നോ അവർ എന്താ സംസാരിച്ചതെന്നോ എനിക്കറിയില്ല.എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞുമില്ല.പിന്നെയും അതേ ഫോൺ കാൾ അവന് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. ആ ഫോൺ കാൾ കാരണമാണോ എന്നെനിക്കറിയില്ല നമുക്ക് ആമിയെയും കൊണ്ടിവിടെ നിന്ന് പോവാമെന്ന് അവൻ പറഞ്ഞു..അങ്ങനെ ആണ് ഞങ്ങൾ ഇവിടേക്ക് വന്നത്." ദേവി പറഞ്ഞുനിർത്തി.
മാളു അടുത്തുവന്നിരുന്ന് ദേവിയുടെ തലയിൽ തലോടി.
"നിന്നെ അവന് ഒരുപാട് ഇഷ്ടമാ മോളെ.പക്ഷെ എന്തുകൊണ്ടാ അവനിങ്ങനെ മാറിയത് എന്നെനിക്കറിയില്ല.നീ അവനെ ശപിക്കല്ലേ മോളെ."ദേവി മാളുവിന്റെ കൈരണ്ടും കൂട്ടിപ്പിടിച്ച് തേങ്ങി.
"എന്താ അമ്മെ ഇത് ..അത് വിട്ടേക്കു .എനിക്കാരോടും ദേഷ്യമില്ല.എന്റെ ജാതകത്തിൽ മംഗല്യ യോഗമില്ലായിരിക്കും.അതൊരുകണക്കിനു നല്ലതാ.വീട്ടിൽ എന്റെ അമ്മ ഒറ്റയ്ക്കാവില്ലല്ലോ.എന്നും ഞാനുണ്ടാവുമല്ലോ കൂട്ടിനു." മാളു ചിരിച്ചുകൊണ്ട് പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ആമിയുടെ കരച്ചിൽ കേട്ട് ദേവി എഴുനേൽക്കാൻ തുടങ്ങി.
"ഞാൻ നോക്കാം അമ്മെ"മാളു അവരെ തിരിച്ച് സോഫയിൽ കിടത്തി അകത്തേക്ക് പോയി.
മാളു പോയി ആമിയെ എടുത്തോണ്ട് വന്നു.
"പാല് കാച്ചി വെച്ചിട്ടുണ്ട് മോളെ.അവൾക്കെടുത്ത് കൊടുക്കാമോ?" ദേവി മാളുവിനോട് പറഞ്ഞു.
മാളു അടുക്കളയിൽ പോയി പാലെടുത്തുകൊണ്ട് വന്ന് ആമിക്ക് കൊടുത്തു..
ദേവി മാളുവിനെ വാത്സല്യത്തോടെ നോക്കി.അവർ പതിയെ എഴുനേൽക്കാൻ തുടങ്ങി.
"ഞാൻ പിടിക്കാം അമ്മെ" ആമി പാല് കുടിച്ച് കഴിഞ്ഞപ്പോൾ മാളു കപ്പ് മേശയിൽ വെച്ചിട്ട് ആമിയെ മടിയിൽ നിന്നെടുത്ത് താഴെ നിർത്തി ദേവിയെ സോഫയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു.
ഇതുകണ്ടുകൊണ്ടാണ് ദത്തൻ കയറിവന്നത്.
"അമ്മയ്‌ക്കെന്ത് പറ്റി ?" ദത്തൻ വെപ്രാളത്തോടെ ചോദിച്ചു.
"ഒരു നെഞ്ചുവേദന.ആമി ഒറ്റയ്ക്കല്ലെ .അതുകൊണ്ടാ മാളുവിനെ വിളിച്ച് വരുത്തിയത്." ദേവി മകന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"ഹോസ്പിറ്റലിൽ പോകാം.എഴുന്നേൽക്ക് .മാളു നീ ആമിയെ എടുക്ക് ."ദത്തൻ മാളുവിനെ നോക്കി പറഞ്ഞു.
"വേണ്ട ജീവിക്കാനുള്ള കോതിയൊക്കെ പണ്ടേ പോയതാ.അവസാനിക്കുന്നതാ നല്ലത്.ആശുപത്രിയിലോട്ടൊന്നും വേണ്ട നേരെ ചുടുകാട്ടിലോട്ട് പോയാമതി!"ദേവി തീർത്തു പറഞ്ഞു.
"അമ്മ എന്താ കൊച്ചുകുട്ടികളെ പോലെ..എഴുന്നേൽക്ക് .ഡോക്ടറെ കണ്ടിട്ട് വരാം .മാളു നിന്നോടല്ലേ പറഞ്ഞെ കുഞ്ഞിനെ എടുക്കാൻ ."ദത്തൻ മാളുവിനോട് ദേഷ്യപ്പെട്ടു.
മാളു ഒന്നും മിണ്ടിയില്ല .കുഞ്ഞിനെ എടുത്തതുമില്ല.
"നീ ആരാ അവളോട് ആജ്ഞാപിക്കാൻ ?അവൾ നിന്റെ ഭാര്യയാണോ പെങ്ങളാണോ അല്ലല്ലോ ?അയൽപക്കത്തുള്ള ഏതോ ഒരു പെണ്ണ് ."ദേവി മകനോട് ചൂടായി.
"ഏതോ ഒരു പെണ്ണ് അല്ല അമ്മെ.വിഴുപ്പുഭാണ്ഡം!" മാളു നിറഞ്ഞകണ്ണുകളോടെ ദത്തനെ നോക്കി പരിഹസിച്ചു.
അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ മുള്ളുപോലെ തറച്ചു !
"ഞാൻ ഇറങ്ങുവാ അമ്മെ.എന്താവശ്യമുണ്ടെങ്കിലും ഏത് പാതിരാത്രിക്കാണെങ്കിലും വിളിക്കണം.ഞാൻ വന്നോളാം."മാളു ദേവിയെ നോക്കി പറഞ്ഞു.
"അമ്മ പോയിട്ട് പിന്നെ വരാം കേട്ടോ" മാളു ആമിക്കൊരു ഉമ്മ കൊടുത്തിട്ട് ദത്തനെ നോക്കാതെ നടന്നു.
രാത്രിയായപ്പോ ദേവിക്ക് നെഞ്ചുവേദന കൂടി! അവരുടെ ദേഹം മുഴുവനും വിയർത്തുകുളിച്ചു. കൈകാലുകൾ തളർന്നു തുടങ്ങി.
ദത്തൻ എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലിൽ പോവാൻ അവർ കൂട്ടാക്കിയില്ല.
To be continued ...............
രചന:അഞ്ജന ബിജോയ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക