നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാക്കിയാവുന്നതിത്ര മാത്രം

Image may contain: 1 person, smiling
••••••••••••••••••••••••••••••••••••••
ചെറുപ്പത്തിൽ അമ്മയുടെ വീട്ടിലേക്കുള്ള യാത്രകളിൽ അപൂർവ്വമെങ്കിലും ഏറ്റവും കൗതുകമുണർത്തുന്ന അനുഭവം ബസ്സിൽ പോകുന്നതായിരുന്നു.
ആളുകൾക്കിടയിലെ കമ്പിയിലൊട്ടിയോ, സീറ്റിൽ ആളുകളുടെ നടുവിൽ ഇരുന്നോ, സീറ്റിനിടയിൽ ആരെങ്കിലും സ്നേഹപൂർവ്വം വിളിച്ച്‌ നിർത്തിയാലോ മുകളിലെ കമ്പിയിലേക്ക്‌ നോക്കുമ്പോൾ ആ കമ്പിയിൽ കൈയ്യെത്തിപ്പിടിച്ച്‌ യാത്ര ചെയ്യാനുള്ള ഉയരമായിരുന്നു ആദ്യത്തെ സ്വപ്നം.
ഏകദേശം ആറാംക്ലാസ്സ്‌ മുതൽ ലൈൻ ബസ്സിലായിരുന്നു സ്കൂളിൽ പോയി വന്ന് തുടങ്ങിയത്‌. സ്കൂളിനു തൊട്ട്‌ മുന്നിലെ സ്റ്റോപ്പിൽ നിന്ന് യാത്ര തുടങ്ങുന്ന ബസ്സിൽ കണ്ടക്ടർ മുന്നിലെ ഡോറിനു തൊട്ട്‌ പിന്നിലെ സീറ്റ്‌ എനിക്കും അനിയത്തിക്കുമായി റിസർവ്വേഷൻ ചെയ്ത്‌ വെയ്ക്കുമായിരുന്നു. ഞങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങുന്നത്‌ വരെ വളരെ ഉത്തരവാദിത്തത്തോടെ ആ ഡോറിന്റെ ചുമതല ഞങ്ങൾ രണ്ടാളും മാറി മാറി നിർവ്വഹിക്കുമെന്നതായിരുന്നു പത്ത്‌ പൈസ കൊടുത്തുള്ള ആ യാത്രയിലും കണ്ടക്ടർ നൽകുന്ന ആ റിസർവ്വേഷൻ സീറ്റ്‌ കൊണ്ട്‌ അയാൾക്കുള്ള ലാഭം.
എട്ടാം ക്ലാസ്സിൽ എത്തിയത്‌ മുതൽ കട്ടിമീശ നന്നായി വെട്ടിയൊതുക്കി വരുന്ന മനോജ്‌ മാഷായിരുന്നു മനസ്സിലെ ഹീറോ. മീശവളരാൻ കരടി നെയ്യ്‌ നല്ലതാണെന്ന് കേട്ട്‌ കരടി നെയ്യ്‌ കിട്ടാത്തതിനാൽ വെളിച്ചെണ്ണ ഇട്ട്‌ എന്നും ഓമനിച്ചെങ്കിലും ഒരു മാറ്റവും കാണാത്തതിനാലാണു ഒരു ദിവസം അറ്റകൈ എന്ന നിലയിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ ഷേവിംഗ്‌ സെറ്റിൽ നിന്ന് ആരും കാണാതെ ബ്ലേഡ്‌ എടുത്ത്‌ മീശ “പരണ്ടിയത്‌”. അത്‌ പക്ഷെ വിജയിച്ചു. പത്താം ക്ലാസ്സ്‌ തോറ്റ്‌ നെഞ്ചും വിരിച്ചിറങ്ങുമ്പോളേക്കും ഒത്തൊരു മീശ മൂക്കിൻ താഴെ സ്ഥാനം പിടിച്ചിരുന്നു.
പിന്നീട്‌ എനിക്ക്‌ അസൂയ തോന്നിപ്പിച്ച ഒരു വിഭാഗം ആൾക്കാർ ഷേർട്ട്‌ ഇൻ ചെയ്ത്‌ നല്ല ബെൽട്ടൊക്കെ കെട്ടി പോകുന്ന ആൾക്കാരായിരുന്നു.
ഷേർട്ട്‌ ഇൻ ചെയ്താൽ നല്ല രസമായി തോന്നണമെങ്കിൽ അവരെ പോലെ ഇത്തിരി കുമ്പ (വയർ) ആയിരുന്നു പിന്നീട്‌ കണ്ട ഏറ്റവും വലിയ സ്വപ്നം. മറ്റുള്ളത് പോലെ ശ്രമകരമായ ഒന്നായിരുന്നില്ല അത്‌. എത്ര തിന്നാലും നിറയാത്ത വയർ എനിക്കെപ്പോഴും ഭീഷണി ആയിരുന്നു.
എങ്കിലും കട്ടിയുള്ള ഒന്ന് രണ്ട്‌ ബനിയനും ഉള്ളിലിട്ട്‌ വയർ നിറയെ വെള്ളവും കുടിച്ച്‌ ചിലയവസരങ്ങളിൽ അതും ഞാൻ പരീക്ഷിച്ച്‌ വിജയിപ്പിച്ചിട്ടുണ്ട്‌.
ഇടക്ക്‌ എന്തെങ്കിലും ആലോചിച്ച്‌ നടക്കവെ മുട്ടിയ നെറ്റി തടവുമ്പോൾ, കട്ടി കൂടിയ മീശയിലെ നരയൊളിപ്പിക്കാൻ പാതിയും വെട്ടികളയുമ്പോൾ, “വിരലിനു കുരു” വന്ന മാതിരിയുള്ള കുമ്പ നോക്കി നെടുവീർപ്പിടുമ്പോൾ ഒക്കെയും ഓർത്തുപോകുന്നുണ്ട്‌.
ഇന്നലെകളിലെ കണ്ട ലക്ഷ്യങ്ങൾ എത്ര മാത്രം ബാലിശമാണെന്ന്.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot