Slider

പ്രണയത്തിലേക്കൊരു കടൽ ദൂരം

0
Image may contain: Sajitha Anil, smiling, standing and indoor

"ടീച്ചർ ഈ ലോകത്തൊന്നുമല്ലെന്ന് തോന്നുന്നു.. "
സുനന്ദിനി ടീച്ചർ അടുത്തു വന്ന് ഇങ്ങനെ പറഞ്ഞപ്പോൾ നന്ദിത പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടി ഉണർന്നു..
" രണ്ടീസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു... ടീച്ചർക്കെന്താ പറ്റിയെ ...? ആകെ ഒരു മൂഡ് ഓഫ്..."
"ഒന്നൂല്ല ടീച്ചർ, എനിക്കീ അവർ ക്ലാസ്സ് ഉണ്ട് , പോകട്ടെ സുനന്ദിനിയെ നോക്കി ഒന്ന് ചിരിച്ചിട്ട് നന്ദിത ക്ലാസ്സിലേക്ക് പോയി..
മഹാത്മ ഗാന്ധി കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയും, അറിയപ്പെടുന്ന മലയാളം സാഹിത്യകാര്യയുമാണ് നന്ദിത ടീച്ചർ.
അവരുടെ സഹ
അദ്ധ്യാപികയും മലയാളം പ്രൊഫസ്സറുമാണ് സുനന്ദിനി.
പഠിപ്പിക്കുന്ന വേളയിലും നന്ദിതയുടെ മനസ് അസ്വസ്ഥമായിരുന്നു..
പ്രിയപ്പെട്ട എന്തിനെയോ മനപ്പൂർവ്വം നഷ്ടപ്പെടുത്തിയ ഒരു തോന്നൽ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു..
എങ്ങനെ ഒക്കെയോ ക്ലാസ്സെടുത്തു തീർത്ത നന്ദിത ഡിപ്പാർമെന്റിൽ വന്നിരുന്ന് ആ പുസ്തകം കയ്യിലെടുത്തു....
സ്പാനിഷ് കവി പെട്രോ സാലിനാസിന്റെ
"My Voice because of U "എന്ന കവിതാ സമാഹാരം ആയിരുന്നു അത്..
മുന്നിലത്തെ പേജിൽ വടിവൊത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നത് അവൾ വായിച്ചു ;
"എന്റെ പെണ്ണിന്,,,,സ്നേഹപൂർവ്വം ,, താന്തോന്നി.... "
വല്ലാത്ത ഒരു ആവേശത്തോടെ അതവൾ വീണ്ടും വീണ്ടും വായിച്ചു...
തീവ്രപ്രണയത്തിന്റെ മൂർത്തീഭാവമാണ് സാലി നാസിന്റെ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നത്...
അത് വായിക്കുമ്പോൾ വായനക്കാരനെക്കൂടി പ്രണയിക്കാൻ കവി പ്രേരിപ്പിക്കുകയാണോ എന്ന് തോന്നിപ്പോകും..
എന്തുകൊണ്ടാണ് ഫിറോസ് ഈ കവിതാ സമാഹാരം തനിക്കയച്ചത്,? എന്താണവന്റെ മനസ്സിൽ..?
ഒന്നും പിടി കിട്ടുന്നില്ല..പക്ഷേ അവനോട് പിണങ്ങണ്ടായിരുന്നു..
പ്രണയാർദ്രമായി അവൻ സംസാരിക്കുമ്പോളൊക്കെ താൻ വിഷയം മാറ്റുമായിരുന്നു... അവനത് സമർത്ഥമായി കണ്ടു പിടിക്കുകയും ചെയ്തിരുന്നു..
ഒരു എഴുത്തുകാരിയോടു തോന്നിയ വെറും കൗതുകം മാത്രമായിരുന്നോ അത്.? അവൻ വിളിക്കുമ്പോൾ പലപ്പോഴും അവൻ മാത്രമായിരുന്നല്ലോ സംസാരിച്ചിരുന്നത്...
താൻ അവിടെ ഒരു കേൾവിക്കാരി മാത്രമായിരുന്നു . അങ്ങനെയിട്ട പേരായിരുന്നു താന്തോന്നി..
അധികാര ഭാവത്തോടെയുള്ള അവന്റെ പെണ്ണേ എന്നുള്ള വിളി താൻ സത്യത്തിൽ ഇഷ്ടപ്പെട്ടിരുന്നില്ലെ..? എന്നിട്ടും എന്തിനാണ് അവനോടിനി വിളിക്കണ്ട, എന്നു പറഞ്ഞത്...!
അറിയില്ല തനിക്കൊരുത്തരം കണ്ടെത്താൻ കഴിയുന്നില്ല !

ഒറ്റക്കു ജീവിക്കണം എന്ന തീരുമാനത്തിൽ നിന്നെന്നെ പിൻതിരിപ്പിക്കാൻ, ഫിറോസിന് കുറച്ചെങ്കിലും കഴിഞ്ഞിട്ടുണ്ടോ...?
മനസ്സ് അനന്തമായ പാതയിലേക്ക് സഞ്ചരിക്കുകയാണ്... ശാന്തമായി ഒഴുകുന്ന പുഴ പോലെ അനസ്യൂതം അതും ഒഴുകുകയാണ്..
താൻ ഒരിക്കൽ വായിച്ച കവിതാ സമാഹാരമാണ്
'My Voice because of U'( നീ മൂലമുള്ള എന്റ ശബ്ദം).
എങ്കിലും വിണ്ടും വരികളിലേക്ക് കണ്ണുകൾ പായിച്ചു..
പരസ്പരം മനസ്സിലാക്കുന്ന പ്രണയജോഡികൾ ഏകാന്തജീവിതമാണ് നയിക്കുന്നത്.
തങ്ങൾക്കു വേണ്ടി മാത്രം രൂപപ്പെടുത്തിയെടുത്ത തടവറയിൽ ജീവിക്കാനാഗ്രഹിക്കുന്ന കാമുകീകാമുകൻമാർ ..
ഇതിലെ ഓരോ വരികളുടേയും തീവ്രത കേവലം വാക്കുകൾ കൊണ്ടു ഒതുക്കി നിർത്താൻ കഴിയുന്നതല്ല..
അതുകൊണ്ട് തന്നെ സാലിനാസ് കവിതയ്ക്ക് മറ്റൊരു മുഖം നൽകുമ്പോൾ പ്രണയത്തിന്റെ ഭാവത്തിന് ഒട്ടും അഭംഗി വരുന്നില്ല..
സാലിനാസിന്റെ അമാദ (പ്രണയിനി ) വിരഹിണിയാണ്,... താനങ്ങനെയാണോ...? വിരഹം, അതാണോ താനീപ്പോൾ അണിഞ്ഞിരിക്കുന്ന ഈ മൂടുപടം..!
"നിന്നിൽ നിന്ന് മികച്ചതാണ് ഞാൻ പുറത്തെടുക്കാൻ ആഗ്രഹിക്കുന്നത് " എന്ന് കവിതയിൽ സാലിനാസ് പറയുന്നതുപോലെ എന്താവും ഫിറോസ് എന്നിൽ നിന്നും പുറത്തെടുക്കാൻ ആഗ്രഹിക്കുന്നത്...?
വരികൾ കൂടുതൽ വായിച്ചു വരുംതോറും ഹൃദയത്തിൽ പ്രണയത്തിന്റെ ഇന്ദ്രജാലം നിറയുന്നു..
താനും ഇപ്പോൾ ഒരു തടവറ ആഗ്രഹിക്കുന്നുണ്ടോ..!
തന്നെ അടുത്തറിഞ്ഞതുകൊണ്ട് തന്നെയാണ് ഫിറോസ് ഈ ബുക്ക് തനിക്കയച്ചത്... പക്ഷേ എന്തിനയാൾ എന്നോടുള്ള ഇഷ്ടം മറച്ചു പിടിക്കുന്നു.. ?
വാതോരാതെ സംസാരിക്കുമ്പോഴും ഒരു അൽപ വിരാമം ഇടയ്ക്കിടാറുണ്ടല്ലോ... അറിയില്ല എനിക്ക് ഒന്നുമറിയില്ല.. ഫിറോസ് മുഹമ്മദ് എന്ന മായാജാലക്കാരന് തന്നെ അതറിയാം..
" ടീച്ചർക്ക് ഒരു വിസിറ്ററുണ്ട് ,പ്രിൻസിപ്പാളുടെ റൂമിൽ ഇരിക്കുന്നു. "
പ്യൂൺ ജോസഫ് വന്നു പറഞ്ഞപ്പോഴാണ് നന്ദിത പുസ്തകത്തൽ നിന്നും കണ്ണെടുത്തത്..
"ആരാവും തനിക്കിപ്പൊൾ ഒരു വിസിറ്റർ ?"
നന്ദിത ഇതും ആലോചിച്ചു കൊണ്ട് പ്രിൻസിപ്പളിന്റെ റൂമിലേക്കു നടന്നു..
പ്രിൻസിപ്പൽ രാധാദേവി ടീച്ചറുടെ റൂമിൽ തന്നെയും കാത്തിരുന്ന ആളെ നന്ദിത ഒന്ന് നോക്കി, ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന വെള്ളാരം കണ്ണുള്ള ഒരു ചെറുപ്പക്കാരൻ, അയാൾ നന്ദിതയെ നോക്കി പുഞ്ചിരിച്ചു..
"ടീച്ചർക്ക് മനസ്സിലായോ ആളെ?"
രാധ ടീച്ചർ ചോദിച്ചു. "ടീച്ചർ ടെ ക്ലാസ്മേറ്റും ആരാധകനുമാണ് ഫിറോസ് ഷാ മുഹമ്മദ് ,ഇന്ന്അറിയപ്പെടുന്ന ബിസിനസ്മാനാണ്.
നന്ദിതയ്ക്ക് വിശ്വസിക്കാനായില്ല ...ഇയാളായിരുന്നോ തന്റെ താന്തോന്നി.. !
അപ്പൊൾ തന്റെ പൊതിച്ചോറിന്റെ പകുതി അവകാശിയായിരുന്ന അന്നത്തെ ആ ഫിറോസ് ആയിരുന്നോ ഈ താന്തോന്നി.. ?
" നന്ദിതാ ,,തന്റെ കടുമാങ്ങാ അച്ചാറിന്റെയും, കാച്ചിയ മോരിന്റേയും ചുട്ടരച്ച ചമ്മന്തിയുടേയും രുചി ഇന്നുമെന്റെ നാവിൻതുമ്പിലുണ്ട്.. "
അവന്റെ വാക്കുകളൊന്നും നന്ദിത കേട്ടില്ല. അവളപ്പൊൾ പതിനഞ്ച് വർഷം മുന്നിലുള്ള ആ പത്താം ക്ലാസ് മുറിയിലായിരുന്നു.....
കണക്ക് തനിക്കൊരു കീറാമുട്ടിയായിരുന്നു. ഹോംവർക്ക് ചെയ്യാതെ വരുന്ന തനിക്ക് വേണ്ടി ബുക്കുമായി അരികിൽ വന്നിരിക്കുന്ന വെള്ളാരം കണ്ണുള്ള ആ വെളുത്ത കൊലുന്നനെയുള്ള ആ ചെക്കനാണോ ഇത്..
ഉത്തരം കാണിച്ചുതരുന്നതിന് പ്രത്യുപകരമായി എന്നും ചോറിൽ പകുതി ഫിറോസിന് നൽകുമായിരുന്നു.അത് പ്രത്യുപകാരം മാത്രമല്ല ചോറ് കൊണ്ടുവരാൻ നിവൃത്തിയില്ലാത്ത ഫിറോസ്, വിശന്നിരിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടായിരുന്നു...
കാരണം അന്ന് തന്റെ ഉള്ളിൽ ഒരു രൂപം മാത്രമേ ണ്ടായിരുന്നുള്ളൂ.
അത് അവന്റെ മാത്രമായിരുന്നു..
പക്ഷേ ആ ഇഷ്ടം ഉള്ളിൽ ഒതുക്കി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഫിറോസിന്റെ ഉപ്പ മരണപ്പെട്ടു.
പിന്നെ ഉമ്മ ഫിറോസിനേയും രണ്ട് പെങ്ങമ്മാരേയും കൊണ്ട് ഉമ്മയുടെ വീട്ടിൽ പോയി.. അതോടു കൂടി വിവരങ്ങൾ ഒന്നും അറിയാണ്ടായി..
" ഇനി ഒരവർ കൂടി അല്ലെ ഉള്ളൂ ഞാൻ വെയ്റ്റു ചെയ്യാം ..
നമുക്കൊരുമിച്ച് പോകാം തന്നെ ഞാൻ വീട്ടിൽ കൊണ്ടു വിടാം."
ഫിറോസ് അവളോടായി പറഞ്ഞു.
അവൾ ഒന്നും പറയാതെ തലയാട്ടിയിട്ട് ക്ലാസ് മുറിയിലേക്ക് പോയി.. എങ്ങനെ ഒക്കെയോ ക്ലാസ്സു തീർത്ത് പുറത്ത് വന്നപ്പോൾ ,ഫിറോസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു..
" എന്താടോ ഇത്ര ആലോചിക്കാൻ "?
ഫിറോസിന്റെ ചോദ്യത്തിനുത്തരം നൽകാതെയവൾ ആ കണ്ണുകളിലേക്കു നോക്കി..
"നമ്മുടെയൊപ്പം ഉണ്ടായിരുന്ന മനോജായിരുന്നു തന്റെ വിവരങ്ങൾ എന്നെ അറിയിച്ചിരുന്നത്.."
"പിന്നെന്താ ഫിറോസ് എന്റെ മുന്നിലിതുവരെ വരാഞ്ഞത്..?"
" അതിനു സമയമായില്ലായിരുന്നു പെണ്ണേ ,
ഉപ്പ മരിച്ചതിനുശേഷം ഉമ്മയുടെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്.. മാമയാണ് എന്നെ പഠിപ്പിച്ചത്. കോളേജില്ലാത്ത ദിവസം മാമയുടെ തടിമില്ലിൽ കണക്കെഴുതാൻ പോകുമായിരുന്നു..
ഡിഗ്രി കഴിഞ്ഞപ്പോ പഠിത്തവും നിർത്തി..
പെങ്ങമ്മാരെ കെട്ടിച്ചു വിട്ടു...
എന്റെ ഉമ്മ നൽകിയ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൂടിയായപ്പോൾ ഒരു നല്ല ബിസിനസ് ലോകം കെട്ടിപടുക്കുവാനെനിക്ക് കഴിഞ്ഞു..
തന്നെ വന്ന് കാണണമെന്ന് എന്നും വിചാരിക്കും, പക്ഷേ അപ്പോഴൊക്കെ അതിനുള്ള സമയമായിട്ടില്ല എന്നു മനസ്സു പറയും.
അതൊക്കെ പോട്ടെ താനെന്താ ഇതുവരെ ആർക്കും കഴുത്ത് നീട്ടിക്കൊടുക്കാത്തത്.?"
" ജാതകത്തിൽ ചൊവ്വ ദോഷം അതുപോലുള്ള ജാതകക്കാരനേ ചേരുകയുള്ളൂ, കുറെ വീട്ടുകാർ നോക്കി അവസാനം ഞാമ്പറഞ്ഞു ഇനി നോക്കണ്ടാന്ന്.. കാലം ഇങ്ങനെ കഴിയട്ടെ എന്നു കരുതി "
" ഹ ഹ അതു നന്നായി, ഞങ്ങൾക്ക് ചൊവ്വയും ബുധനുമൊന്നും സാരല്യ "
"എന്താണ് സർ ഉദ്ദേശിച്ചെ?"
ഇനി രണ്ടു തോണിയിൽ സഞ്ചരിക്കേണ്ട കാര്യല്ലല്ലോ., ഒരു തോണി' പോരെ?"
കാർ നന്ദിതയുടെ വീട്ടുപടിക്കലെത്തി..
" ഉമ്മയുമായിട്ട് വൈകാതെ തന്നെ ഒരു ദിവസം ഞാൻ വരും "
ഫിറോസിന്റെ കാർ അകലേക്ക് മറയുന്നതും നോക്കി നന്ദിത വീട്ടുപടിക്കൽ തന്നെ നിന്നു.
*************************
" നന്ദുവേച്ചീ ചേച്ചിയെ കാണാൻ ഒരാൾ വന്നിരിക്കുന്നു, ഒന്നിങ്ങ് വന്നേ"
മാളുവിന്റെ ശബ്ദം കേട്ടിട്ട് നന്ദിത പുറത്തേക്കിറങ്ങി വന്നു.
തന്റെ കണ്ണുകളെയവൾക്ക് വിശ്വസിക്കാനായില്ല..
" ഫിറോസ് " അവൾ മെല്ലെ പറഞ്ഞു.
"നോക്കണ്ട ഉമ്മയെ കൊണ്ടു വന്നിട്ടില്ല"
നന്ദിത അയാൾടെ പുറകിൽ ആരെയോ തിരയുന്നത് കണ്ടിട്ടെന്നോണമവൻ പറഞ്ഞു
" വാക്കുപാലിക്കാനായില്ല തന്റെ അടുത്ത് വരാൻ ഏഴ് വർഷം വേണ്ടി വന്നു..
അന്ന് ഇവിടുന്ന് വീട്ടിൽ ചെന്നപ്പോൾ തന്റെ കാര്യം പറയുന്നതിന് മുമ്പ് തന്നെ ഉമ്മ ഒരു പെൺകുട്ടിയുടെ ഫോട്ടോ എന്നെ കാണിച്ചു , ഉമ്മയുടൊപ്പം പഠിച്ച ഒരാൾടെ മകൾ. കുട്ടിയെപ്പോയി കണ്ട് ഉമ്മ വാക്കു കൊടുത്തിരുന്നു.. നമ്മുടെ കാര്യം ഞാൻ ഉമ്മയോട് പറഞ്ഞപ്പോൾ തന്നെ ഉമ്മ എതിർത്തു. അവസാനം ഉമ്മയുടെ ആത്മഹത്യാ ഭീഷണിക്കു മുന്നിൽ എനിക്കാ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.. "
ഫിറോസ് നന്ദിതയുടെ കണ്ണുകളിലേക്ക് കുറ്റബോധത്തോടെ നോക്കി...
നിർവികാരയായി നിൽക്കുന്നവളുടെ മുഖം അവനെ കൂടുതൽ തളർത്തി...
" വിവാഹം കഴിഞ്ഞുവെങ്കിലും മാനസികമായി ഷാഹിന യോട് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യരാത്രിയിൽത്തന്നെ ഞാനെല്ലാമവളോട് പറഞ്ഞു.
പക്ഷേ അവൾ അതു കേട്ടിട്ട് മൗനം പാലിച്ചതേ ഉള്ളൂ..
അങ്ങനെ ഒരു മാസം ഞങ്ങൾ പരസ്പരം മിണ്ടാതെ കഴിച്ചുകൂട്ടി..
അവസാനം സഹികെട്ട് ഞാൻ ദേഷ്യപ്പെട്ടപ്പോഴാണവൾ വായ തുറന്നത്...
അവൾക്ക് ഇഷ്ടമില്ലാതെ നിർബന്ധിച്ച് ഈ വിവാഹത്തിന് സമ്മതിപ്പിക്കയായിരുന്നു. അവൾ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്നും അയാൾ ഗൾഫിലാണ് രണ്ട് വർഷം കഴിഞ്ഞേ നാട്ടിൽ വരികയുള്ളൂ എന്നും പറഞ്ഞു..
,ഞാൻ പിന്നെയവളെ ശ്രദ്ധിച്ചില്ല ..
രണ്ട് വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ വന്ന അവൾടെ കാമുകനോടൊപ്പം പോകാനുള്ള എല്ലാ സഹായവും ഞാൻ തന്നെ ചെയ്തു കൊടുത്തു.. പിന്നീടെനിക്ക് നാട്ടിൽ നിൽക്കാൻ തോന്നിയില്ല. ഭാര്യയെ കാമുകന് കൈ പിടിച്ചു കൊടുത്ത വനല്ലേ.. കുടുംബക്കാർ കുറ്റം പറഞ്ഞു തുടങ്ങിയപ്പോൾ,ഞാൻ ദുബായിലേക്ക് പോയി. പിന്നീട് കുറെക്കാലം വിളിക്കുമ്പോഴൊക്കെ ഉമ്മ തന്റെ കാര്യം പറഞ്ഞ് കരയുമായിരുന്നു.എപ്പോഴും പറയും നാട്ടിൽ വന്ന് തന്നെ ഒന്ന് കാണാൻ..
പക്ഷേ എനിക്കതിനുള്ള ധൈര്യമില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ഉമ്മയും എന്നെ തനിച്ചാക്കിപ്പോയി.. "
" വിവാഹത്തോടെ മനോജ് എന്നോട് മിണ്ടാതായി...
അങ്ങനെ ആ ബന്ധവും നിലച്ചു.
കഴിഞ്ഞയാഴ്ച അവിചാരിതമായി അവനെ ദുബായിൽ വച്ചു കണ്ടു..
അപ്പോഴാണവൻ പറയുന്നത് താനിപ്പഴും ഒറ്റയ്ക്കാണ് എന്നുള്ളത്.."
ഫിറോസ് പറഞ്ഞു നിർത്തി..
" ഞാൻ ഒറ്റയ്ക്കല്ല മാളു മാളവിക എനിക്ക് കൂട്ടായി ഉണ്ട്.അടുത്ത വീട്ടിലെയാണ്. ഇപ്പൊ ഇവിടെ എനിക്കൊരു കൂട്ടായി എന്നോടൊപ്പം ഉണ്ട്..
"അന്ന് ഫിറോസിന് വരാൻ കഴിഞ്ഞില്ല എങ്കിലും വിവരം എന്നെയൊന്നറിയിക്കാമായിരുന്നു.
കുറെക്കാലം ഞാൻ കാത്തിരുന്നു.
മനോജ് ഒരിക്കൽ എന്നെ കാണാൻ വന്നിരുന്നു. തന്റെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞു.
അങ്ങനെ വിവാഹം എന്ന മോഹവും ഉപേക്ഷിച്ചു.. എന്റെ കണക്കുകൂട്ടലുകൾ ഒരിക്കലും ശരിയായിരുന്നില്ല എന്ന് മറ്റാരെക്കാളും തനിക്കറിയാല്ലോ..? പിന്നെ നമ്മൾ ആഗ്രഹിക്കുന്നതുപോലാവില്ലലോ ജിവിതം...."
അവൾ ദീർഘനിശ്വസിച്ചു.
"ഈ പ്രായത്തിൽ എനിക്കൊരു കൂട്ടിനി വേണ്ട ഫിറോസ്..
ചില കാര്യങ്ങളെങ്കിലും നമ്മൾ വിചാരിക്കുമ്പോലെ നടപ്പാക്കണം..
താൻ പണ്ടെനിക്ക് തന്ന ബുക്ക്,
' My voice because of u ' ൽ കവി പറയുന്നത് ;
Return again........
to a Mortal and Pink body..
where love invents its infinity..
( " വീണ്ടും തിരിച്ചു വരിക നശ്വരവും തവിടുവർണത്തിലുമുള്ള ഒരു ശരീരത്തിലേക്ക് മടങ്ങി വരിക, അവിടെ പ്രണയം അനന്തതയെ സൃഷ്ടിച്ചെടുക്കുന്നതിന്റെ രഹസ്യം തിരിച്ചറിയുവാൻ കഴിയും ) എന്നാണല്ലോ
"പക്ഷേ നമുക്കിത് പ്രസക്തം അടുത്ത ജൻമത്തിൽ ആയിരിക്കും ഫിറോസ്, കാരണം ഈ പ്രണയിനിയുടെ ഉള്ളിൽ പ്രണയം മരിച്ചു കഴിഞ്ഞു.ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസംഭവ്യം."
"എപ്പൊ വേണമെങ്കിലും തനിക്കെന്നെ വിളിക്കാം. ഒരു വിളിപ്പാടകലെ ഞാനുണ്ടാകും"
ഇതും പറഞ്ഞ് തന്റെ വിസിറ്റിംഗ് കാർഡ് 'അവൾക്ക് നൽകിയിട്ടവൻ
അവിടിന്നിറങ്ങാനൊരുങ്ങി.
പക്ഷേ ഫിറോസിന്റെ പാദങ്ങൾ ചലിച്ചില്ല, അറിയാതവൻ അവിടെ തന്നെ നിന്നു.
ഉള്ളിലൊരു നീറ്റൽ,, ഒരു പിൻവിളി അവൻ പ്രതീക്ഷിച്ചു..മെല്ലെയൊന്ന് തിരിഞ്ഞു നോക്കിയപ്പോളവൻ കണ്ടു ;
കാർഡും കൈയ്യിൽ പിടിച്ചു കൊണ്ട് തന്നെ നോക്കിക്കൊണ്ടു നിൽക്കുന്ന നന്ദിതയെ.. അവനവളുടെ അടുക്കലേക്ക് ചെന്നു ,ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.. പ്രതീക്ഷയുടെ ഒരു തിരിനാളം ആ നയനങ്ങളിൽ ജ്വലിക്കുന്നത് കണ്ടു..
ഒരു പാട് ഫിലോസഫി പറഞ്ഞുവെങ്കിലും ,പ്രണയിക്കുന്ന പുരുഷനെ പെട്ടെന്ന് മറക്കാൻ ഒരു സ്ത്രീയ്ക്കാകുമോ.!
അവനവളുടെ മുഖമൊന്നുയർത്തി,, തന്റെ മാറോട് ചേർത്തു പിടിക്കുമ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നുണ്ടാർന്നു..
എല്ലാ ദു:ഖങ്ങളും പരിഭവങ്ങളും മായ്ച്ചു കളയുന്ന മഴ..
ആ മഴ ആർത്തലയ്ക്കുകയാണ് അവരുടെ മനസ്സിലും....
അമാദയെപ്പോലെ നന്ദിത മന്ത്രിക്കുന്നുണ്ടായിരുന്നു..
'' I don't want you to go
Pain, last form of Loving....... "

By Sajitha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo