ചെങ്കുത്തായി താഴേക്ക് നീണ്ടു കിടക്കുന്ന ആ കൊക്കയിലേക്ക് സുജിത്ത് ഒരിക്കൽ കൂടി പാളി നോക്കി.
താഴെ...
ഇരുണ്ട മര നിരകൾക്കിടയിൽ തിളങ്ങുന്ന രണ്ട് ചോരക്കണ്ണുകൾ! ഭയാനകമായ ആ പൊട്ടിച്ചിരി നിലച്ചിട്ടില്ല. ജീപ്പിന്റെ സൈഡിൽ മുറുകിയിരിക്കുന്ന ആ കൈപ്പത്തി സാവധാനം അതിനെ താഴേക്ക് വലിച്ചു താഴ്ത്തുകയാണ്.
“ശ്രീക്കുട്ടീ!! നീയെങ്കിലും രക്ഷപ്പെടൂ!!” അവൻ അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കിയതും നടുങ്ങിപ്പോയി. അവൾ ഇരുന്നിടത്ത് ഒരു പുകപടലം മാത്രം!
“ശ്രീക്കുട്ടീ!!” അവൻ ഉറക്കെ അലറിയതും, ജീപ്പ് കൊക്കയിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.
മലമടക്കിലൂടെ അനേക തവണ കരണം മറിഞ്ഞ് ഇടക്കെവിടെയോ ഒരു ചെറിയ മരത്തിൽ തടഞ്ഞ് അത് നിന്നു.
സുജിത്ത് ചോരയിൽ കുളിച്ചിരുന്നു. കാലുകളിലൊന്ന് സ്റ്റീറിങ്ങിനിടയിൽ കുടുങ്ങിയ നിലയിൽ ഏതു നിമിഷവും ബോധം മറഞ്ഞേക്കാമെന്ന വിധത്തിൽ അവൻ സീറ്റിൽ നിന്നും താഴേക്കു തലകീഴായി തൂങ്ങിക്കിടന്നു.
സ്വന്തം രക്തം മൂക്കിലൂടെ ഉള്ളിലേക്ക് കയറിയപ്പോഴാണ് അവൻ കണ്ണു തുറന്നത്.
“What happened ?” അവൻ ഭീതിയോടെ ചുറ്റും നോക്കി. “ഞാനെങ്ങനെ ഇവിടെയെത്തി ? ” അവൻ ഉറക്കെ നിലവിളിച്ചു. “Oh my God!! Not again...Please...”
ഈ സമയം താഴെ നിന്ന് അവൻ വീണ്ടും ആ വിളി കേട്ടു. ഒരു കാറ്റടിക്കുന്നതു പോലെ...
“സുജിയേട്ടാ!”
“You are not real! I know!! ” അയാൾ മുരണ്ടുകൊണ്ട് പതിയെ തന്റെ ശരീരമുയർത്തി ജീപ്പിനകത്തേക്ക് ഇഴഞ്ഞു കയറി. സഹിക്കാനാവാത്ത വേദനയിൽ അയാൾ അലറി നിലവിളിച്ചു പോയി.
വീണ്ടും ആ പെൺകുട്ടിയുടെ നിലവിളിയും, ഭയാനകമായ ആ പൊട്ടിച്ചിരിയും ഇടകലർന്നു മുഴങ്ങിത്തുടങ്ങിയപ്പോൾ, സുജിത്ത് പതിയെ ഇഴഞ്ഞ് അപ്പുറത്തേക്കെത്തി. എത്രയും പെട്ടെന്ന് ജീപ്പിൽ നിന്നും വെളിയിലിറങ്ങണം.
“എല്ലാം എന്റെ തോന്നലാണ്... None of this is real! ” അയാൾ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു. പക്ഷേ മുൻപത്തേതു പോലല്ല, അയാളുടെ മുഖത്ത് വല്ലാത്തൊരു നിശ്ചയ ദാർഢ്യമുണ്ട്.
“കൊല്ലും ഞാനവനെ! നീ ചത്തിട്ടേ ഞാനീ ലോകം വിടൂ നായേ!” ഉറക്കെ അലറിക്കൊണ്ട് അവൻ ജീപ്പിൽ നിന്നും പുറത്തേക്ക് തൂങ്ങിയിറങ്ങിയതും, ആ മരം ചുവടോടെ അടർന്ന് ജീപ്പുമായി താഴേക്കു പതിച്ചു. അതിനോടൊപ്പം താഴേക്ക് വീഴാനായി മുൻപോട്ടൊന്നാഞ്ഞെങ്കിലും, അവൻ പെട്ടെന്നു തന്നെ കുനിഞ്ഞിരുന്ന് നിലത്തെ കുറ്റിച്ചെടികളിൽ മുറുക്കിപ്പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ താഴ്വാരത്തിൽ ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു.
നിലം പറ്റെ കമിഴ്ന്നു കിടന്നുകൊണ്ട് അവൻ എത്തി നോക്കി. ആ ജീപ്പിന്റെ പെട്രോൾ ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഒരു വലിയ അഗ്നി സ്തംഭം പോലെ ആ വാഹനം നിന്നു കത്തുകയാണ്.
അവൻ തന്റെ തുടയിലെ വലിയ പോക്കറ്റിൽ നിന്നും വെള്ളക്കുപ്പി പുറത്തെടുത്തു. അത് പുറത്തേക്ക് വലിച്ചെടുത്തപ്പോൾ, ഒരു സിറിഞ്ചും കൂടി ഒപ്പം ഇറങ്ങി വന്നു.
അവൻ അതു കയ്യിലെടുത്ത് ബദ്ധപ്പെട്ട് മലർന്നു കിടന്നു.
“ഇപ്പോഴല്ല... ഒരിക്കൽ ആവശ്യം വരും എനിക്ക് നിന്നെ.” അയാൾ ഭ്രാന്തമായി ആ സിറിഞ്ചിൽ ചുമ്പിച്ചു. “അന്നു വേണം നമുക്കവനെ കൊല്ലാൻ!”
**********************************************************************************
നതാലിയ ആ തോക്ക് അഴിച്ചു കൃത്യമായി പരിശോധിച്ച് അത് പ്രവർത്തനക്ഷമമാണെന്നുറപ്പു വരുത്തിയതിനു ശേഷം സ്റ്റീറിങ്ങിനു താഴെ ഒരു ഓപ്പൺ കാബിനെറ്റിലേക്കിട്ടു.
തുടർന്ന് ഗിയറിലിട്ട് വാഹനം മുൻപോട്ടെടുക്കാൻ തുടങ്ങിയപ്പോഴാണ്, തന്റെ പുറകിൽ സാവധാനം ഒരു ലിമോസിൻ നിർത്തിയത് ശ്രദ്ധയിൽ പെട്ടത്.
അതിൽ നിന്ന് തിടുക്കത്തിൽ ഡോർ തുറന്ന് ചാടിയിറങ്ങിയ മനുഷ്യനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
“ചില മനുഷ്യർ ഇങ്ങനെയാണ്. കിട്ടാനുള്ളതു കിട്ടുന്നതു വരെ പിൻതിരിയില്ല.” മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ ഗ്ലാസ്സ് താഴ്ത്തി.
“ഹേയ്!” ഫാഷൻ ഡിസൈനർ മനോഹരമായി ചിരിച്ചുകൊണ്ട് അവളെ സമീപിച്ചു. എന്നാൽ ചിരിക്കിടയിലും മുഖത്തെ ചമ്മൽ നതാലിയക്കു വ്യക്തമായി കാണാമായിരുന്നു. അവളുടെ മുഖത്ത് സഹതാപം കലർന്ന ഒരു ചിരി വിടർന്നു.
“സീ... നമ്മൾ പരിചയപ്പെട്ട രീതി ശരിയായില്ല. എനിക്കതിൽ നല്ല വിഷമമുണ്ട്. എനിക്കൊരവസരം കൂടി തരണം.”
നതാലിയ ഒന്നും സംസാരിച്ചില്ല.
“ഞാൻ പ്രവീൺ. പ്രവീൺ സത്യ. മലയാളിയാണ്. പക്ഷേ ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയും ബാംഗ്ലൂരുമൊക്കെയാണ്. നാലു വർഷം മുൻപ് ഒരു ചെറിയ ഫാഷൻ ബ്രാൻഡ് തുടങ്ങിയതാണ്. ഇപ്പോ വലിയ തരക്കേടില്ലാതെ പോകുന്നു.” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി. “കുട്ടി കരുതുന്ന ‘അത്രയും’ വഷളനല്ല ഞാൻ. പേരെന്താ ?“
”സുഹൃത്തേ.“ നതാലിയ പതിയെ അയാളുടെ കൈ കടന്നെടുത്തു. ”നമ്മൾ തമ്മിൽ യാതൊരു വിധ ഇടപാടും ഉണ്ടാകാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.നിങ്ങൾക്കെന്നെ അറിയാത്തതു കൊണ്ടാണ്.“
” “നോ! അതു ഞാൻ സമ്മതിക്കില്ല. നമ്മൾ നന്നായി ഒന്നു പരിചയപ്പെട്ടിട്ടേ ഇവിടെ നിന്നു പോകുന്നുള്ളൂ.”
”This is not gonna end well brother!“ നതാലിയായുടെ മുഖം ഗൗരവത്തിലായി.
”ഒരു കോഫി! 15 മിനിറ്റ്. അതു മാത്രമേ ചോദിക്കുന്നുള്ളൂ ഞാൻ.“
നതാലിയ ആലോചനയിലാണ്ടു. ഒടുവിൽ,
”ഓക്കേ! ഗെറ്റ് ഇൻ! ഒരു കോഫി മാത്രം. ഓക്കേ ?“
”ഓക്കേ മാൻ!“ പ്രവീൺ ആഹ്ലാദവാനായി വേഗം അപ്പുറത്തെത്തി പാസഞ്ചർ സൈഡിൽ കയറി ഇരുന്നു കഴിഞ്ഞു. ”ജീവിതത്തിലാദ്യമായാണ് ഒരു പെൺകുട്ടി എന്നെ റിജക്റ്റ് ചെയ്യുന്നത്. അറിയാമോ ?“
”പേരു പറഞ്ഞില്ല.“ അയാൾ സംസാരം തുടങ്ങിവെച്ചു.
”ഇല്ല!“
”ഓക്കെ.താല്പര്യമാകുമ്പോൾ പറഞ്ഞാൽ മതി. എന്തു ചെയ്യുന്നു ? ബോംബേയിൽ ആദ്യമാണെന്നു കണ്ടാൽ അറിയാം. എന്താ ജോലി ?“
”സീ... ഇതൊക്കെക്കൊണ്ടാണ് ഞാൻ പറഞ്ഞത് എന്നെ വിട്ടേക്കാൻ. ഈവക ഒരു കാര്യങ്ങളും എനിക്ക് സംസാരിക്കാൻ പറ്റില്ല.“
”എന്നാലും അങ്ങനെയല്ലല്ലോ. എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു ഇയാൾ. അതാ പറ്റിയത്. പക്ഷേ ഇപ്പൊ, അടുത്തറിഞ്ഞപ്പോ ഒരു വ്യത്യാസം തോന്നുന്നില്ലേ ?“
അവളുടെ മുഖത്ത് ഒരു ചെറുചിരി.
”സീ... ആ ചിരി നല്ല ലക്ഷണമാണ്. നമ്മൾ നല്ല സുഹൃത്തുക്കളാകാൻ പോകുന്നതിന്റെ ലക്ഷ...“ പറഞ്ഞത് പൂർത്തിയാക്കാനായില്ല അയാൾക്ക് അപ്പോഴേക്കും അയാളുടെ കണ്ണിലതു പെട്ടു. ”Is that....a gun ?“
അവൾ അതെയെന്നർത്ഥത്തിൽ തലയാട്ടി.
”You mean... a real gun ?“ അയാൾ കൈ നീട്ടി അതിൽ തൊടാനാഞ്ഞതും നതാലിയ തടഞ്ഞു.
”Are you sure you want your finger prints on that ?“ (അതിൽ നിന്റെ വിരലടയാളം പതിപ്പിക്കണമെന്നുണ്ടോ നിനക്ക് ?”
“ആരാ നീ ?” അയാളുടെ ഭാവം ആകെ മാറിയിരുന്നു. സ്വരം വിറ പൂണ്ടു.
“ഞാൻ തനിക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായി പറഞ്ഞതാണ് എന്നെ പരിചയപ്പെടാൻ വരണ്ട എന്ന്. പക്ഷേ കേട്ടില്ല! ഇനി നമുക്ക് വിശദമായി പരിചയപ്പെട്ട് ആ കോഫിയും കുടിച്ചിട്ട് പോയാൽ മതി. അവിടെ അടങ്ങിയിരിക്ക്!”
മുൻപിൽ വലിയൊരു ട്രാഫിക്ക് ബ്ലോക്കാണെന്നു തിരിച്ചറിഞ്ഞതും, അവൾ വണ്ടി ഇടത്തേക്ക് വെട്ടിച്ച്, വളരെ പരിചയ സമ്പന്നയായ ഒരു ഡ്രൈവറെപ്പോലെ ഇടവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
ഫാഷൻ ഡിസൈനർ വിഭ്രാന്തിയോടെ ചുറ്റും നോക്കുകയാണ്. അവന്റെ തൊണ്ട വരണ്ടു പോയിരുന്നു. “കാറിൽ വെള്ളമുണ്ടോ ?”
അവൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചുകൊണ്ട് അതിവേഗം ആ കാർ പായിച്ചു.
ഏതാണ്ട് 15 മിനിറ്റുകൾക്കു ശേഷം മെയിൻ റോഡിലേക്കു തന്നെ തിരിച്ചു കയറിയ അവൾ ‘പൊവൈ ലേക്ക്’ ഭാഗത്തേക്കാണ് തിരിഞ്ഞത്. അവിടെ പുതുതായി പണി തീർന്ന ഒരു കെട്ടിടത്തിൽ ‘കഫേ മോക്കാ’ എന്ന ബോർഡ് കണ്ടപ്പോൾ അവൾ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് അവന്റെ മുഖത്തേക്കു നോക്കി. “നീയാണ് വാങ്ങിത്തരുന്നത്. ഇവിടെ പോരേ ?”
അയാൾ സമ്മതാർത്ഥത്തിൽ തലകുലുക്കി.
“ഡോണ്ട് വറി മാൻ!” അവൾ കൈ നീട്ടി അയാളുടെ കവിളിൽ തട്ടി. “താൻ കരുതുന്ന ‘അത്രയും’ ഭയങ്കരിയൊന്നുമല്ല ഞാൻ.”
കോഫീഷോപ്പിനുള്ളിൽ തിരക്കു നന്നേ കുറവായിരുന്നു. നതാലിയ പരിചയസമ്പന്നയെപ്പോലെ മുകളിലെ നിലയിലേക്കു കയറി നീളത്തിലുള്ള വലിയ ജനലിനോട് ചേർന്ന് ഇരിപ്പുറപ്പിച്ചു.
വെളിയിൽ മനോഹരമായ പൊവൈ തടാകം കാണാമായിരുന്നു.
“ക്ലാസ്സിക്ക് മൊഹീത്തോ” ഉപചാരപൂർവ്വം അടുത്തേക്കു വന്ന വെയ്റ്ററോട് അവൾ തനിക്കു വേണ്ട ഡ്രിങ്ക് ഓർഡർ ചെയ്തു. പ്രവീൺ അപ്പോഴും തങ്ങളെ പിന്തുടർന്നുകൊണ്ടിരുന്ന സ്വന്തം കാർ തിരഞ്ഞുകൊണ്ട് റോഡിലേക്കു നോക്കിക്കൊണ്ടു തന്നെ നില്ക്കുകയാണ്.
“പ്രവീൺ!” അവൾ ഉറക്കെ വിളിച്ചു. “ഇവിടെ വന്നിരിക്കൂ. പരിചയപ്പെടേണ്ടേ നമുക്ക് ?”
“ലുക്ക്!” അവൻ അവൾക്കെതിരായി കസേരയിൽ ഇരുന്നുകൊണ്ട് ദയനീയമായി നോക്കി. “എനിക്കൊരു തെറ്റു പറ്റിയതാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശമെന്നെനിക്കറിയില്ല. പക്ഷേ പ്ലീസ്.. ഡോണ്ട് ഹർട്ട് മി.”
“കഷ്ടം!” അവൾ പരിതപിച്ചു. “എന്റെ കാറിൽ ഒരു തോക്കു കണ്ടതിനാണോ ഈ പേടിയെല്ലാം ?”
“അം... അതു മാത്രമല്ല. യൂ ആർ...” അയാൾക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. “എനിക്കറിയില്ല, നിന്റെ ഈ രഹസ്യ സ്വഭാവം... ആ വണ്ടിയോടിച്ച രീതി... നിനക്കെന്തൊക്കെയോ ദുരൂഹതകളുണ്ട്.”
“അപ്പോ അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്.”
“അതേ... പക്ഷേ എനിക്ക് മനസ്സിലായിരുന്നില്ല.”
അവൾ പൊട്ടിച്ചിരിച്ചു.
“അപ്പൊ കോഫി വേണ്ടേ ?” അവൾ തല ചെരിച്ചു പിടിച്ച് ചിരിമായാത്ത മുഖവുമായി ഇരിക്കുകയാണ്.
“ഹൂ ആർ യൂ ?”
“വീണ്ടും അതു തന്നെ ചോദിക്കരുത്.” അവളുടെ സ്വരം ഗൗരവത്തിലായി. “പ്രവീൺ മാരീഡാണോ ?”
“അല്ല.”
“ഒറ്റക്കാണോ ജീവിതം ?”
അയാൾ അതെയെന്നർത്ഥത്തിൽ തലയാട്ടി.
“എനിക്ക് ഒരു ജ്യേഷ്ഠനുണ്ടായിരുന്നു .” അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു. വിഷാദച്ചുവയുള്ള ഒരു ചിരി.
“ഉണ്ടായിരുന്നു എന്നു വെച്ചാൽ ?”
“എന്നു വെച്ചാൽ, ഇപ്പോഴില്ല. മരിച്ചു പോയി...” അവൾ ഒരു നിമിഷം നിശബ്ദയായിരുന്നതിനു ശേഷം തുടർന്നു. “ജീവിച്ചിരുന്നെങ്കിൽ ഇപ്പോ ഏകദേശം താങ്കളുടെ പ്രായമുണ്ടായിരുന്നേനെ.”
“അയാം സോറി റ്റു ഹിയർ ദാറ്റ്...”
“സാരമില്ല. നന്നേ ചെറുപ്പത്തിലാണ്. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ. ഞാനതൊന്നും ഇപ്പോൾ ഓർക്കാറേ ഇല്ല... പിന്നെ... ഇടക്കിടക്ക് ഞാനാരാണെന്ന് ചോദിക്കരുത്. നിനക്ക് ഇഷ്ടമുള്ള എന്തു പേരു വേണമെങ്കിലും എന്നെ വിളിക്കാം. എന്റെ യതാർത്ഥ പേരെന്താണെന്ന് ഞാൻ വർഷങ്ങൾക്കു മുൻപേ മറന്നതാണ്.”
“സത്യം പറയാം. ഞാൻ ഒരു സാധാരണ പെൺകുട്ടിയെ പരിചയപ്പെടുന്നതു പോലെ കരുതിയാണ്... ഞാൻ ഈ ഫാഷൻ ബിസിനസിലായതുകൊണ്ട് സാധാരണ ഗതിയിൽ സുന്ദരി പെൺകുട്ടികൾ എന്നെ ഒഴിവാക്കാറില്ല. പക്ഷേ... ആദ്യമായിട്ട് ഒരു കുട്ടി എന്നെ റിജക്റ്റ് ചെയ്തപ്പോൾ എനിക്ക് വാശിയായി. ”
നതാലിയ പുഞ്ചിരി തൂകി.
അതു കണ്ടപ്പോൾ അല്പ്പം ആശ്വാസം തോന്നിയ അയാൾ തിരിഞ്ഞ് ഒരു ബോട്ടിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
“എനിക്ക് ഫോൺ ഒന്നു വേണം. ആ ലിമോ ഡ്രൈവർ ഇപ്പൊ എന്നെ തിരഞ്ഞു നടക്കുന്നുണ്ടാകണം. എന്റെ ഫോൺ ആ വണ്ടിയിൽ വെച്ചു.”
അവൾക്ക് ചിരി വന്നു. “എന്റെ പ്രവീൺ! താങ്കൾ ചോദിക്കുന്ന എല്ലാത്തിനും നോ പറയേണ്ടി വരികയാണല്ലോ എനിക്ക്... എന്റെ ഫോൺ ജോലി ആവശ്യത്തിനു മാത്രമേ വിളിക്കാനാകൂ. പേഴ്സണൽ ഫോൺ ഞാൻ എടുത്തില്ല ഇന്ന്.”
“ചുരുക്കി പറഞ്ഞാൽ... ഞാൻ കുടുങ്ങി.” അയാൾക്കും ചിരി വന്നു.
പെട്ടെന്നാണ് വെളിയിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിനരികിലെ ആ അപരിചിതനെ അവൾ ശ്രദ്ധിച്ചത്. ഒരു വട്ടം കാറിനെ ചുറ്റി നടന്ന ശേഷം, അയാൾ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഹെഡ് ഫോണിലൂടെ ആരോടോ സംസാരിക്കുന്നതു കണ്ടു. ഇപ്പോൾ അയാളുടെ നോട്ടം താനിരിക്കുന്ന റെസ്റ്റോറന്റിനുള്ളിലേക്കാണ്. ആകെ ഒരു അസ്വഭാവികതയുള്ള പെരുമാറ്റം. നതാലിയ ജാഗരൂകയായി.പ്രവീണും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾക്ക് പ്രശ്നമെന്താണെന്ന് മനസ്സിലായില്ല.
ആ മനുഷ്യൻ റെസ്റ്റോറന്റിനകത്തേക്ക് കയറിക്കഴിഞ്ഞു.
അജാനുബാഹുവാണയാൾ. ഹിന്ദി സിനിമകളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനം. മൊട്ടത്തലയും, കൊമ്പൻ മീശയുമൊക്കെയായി ഒരു തനി ഗുണ്ടാ ലുക്ക്. നതാലിയ അയാളിൽ നിന്ന് കണ്ണെടുത്തതേയില്ല.
അധികം വൈകാതെ തന്നെ അയാൾ മുകളിലേക്കു കയറി വന്ന് ഏറ്റവും മൂലയിലുള്ള ഒരു ടേബിളിൽ ഇരിപ്പുറപ്പിച്ചു.
“എന്താ പ്രശ്നം ?” പ്രവീൺ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.
“നീ ഇനി എന്റെ കൂടെ നില്ക്കുന്നത് സേഫല്ല. പതുക്കെ താഴേക്കിറങ്ങിക്കോളൂ.”
“What's Wrong ?”
“പ്രവീൺ! തനിക്കൊരു വലിയ പ്രശ്നമുണ്ട്. എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കേൾക്കില്ല. പിന്നെ ഓരോ പ്രശ്നങ്ങളിൽ ചെന്നു ചാടിക്കഴിയുമ്പോഴേ തിരിച്ചറിവുണ്ടാകൂ.പറയുന്നതനുസരിക്ക്. ആ മനുഷ്യൻ അപകടകാരിയാണ്.”
ആ മനുഷ്യൻ പക്ഷേ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മെനു മറിച്ചു നോക്കിയിരിക്കുകയാണ്.
അപ്പോഴേക്കും നതാലിയാക്കുള്ള ഡ്രിങ്കുമായി വെയ്റ്റർ എത്തിയിരുന്നു. അവൾ സാവധാനം തന്റെ സീറ്റിന്റെ അറ്റത്ത് ജനലിനോട് ചേർന്ന് ചെരിഞ്ഞിരുന്നുകൊണ്ട് പതിയെ സിപ്പ് ചെയ്യാൻ തുടങ്ങി. കൺ കോണിലൂടെ അയാളെ ശ്രദ്ധിച്ചുകൊണ്ട്. പ്രവീൺ അപ്പോഴും ചിന്താകുഴപ്പത്തിലാണ്.
പക്ഷേ അവൾ ആ വലിയ ഗ്ലാസ്സ് ‘മൊഹീത്തോ’ കുടിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യൻ അവിടെ നിന്നും അനങ്ങിയില്ല.
നതാലിയായുടെ മനസ്സിലൂടെ അനേകം സാധ്യതകൾ കടന്നു പോയി. ലക്ഷണം കണ്ടിട്ട് ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെപ്പോലെ തോന്നി അവൾക്ക്. പക്ഷേ വളരെ അമെച്വർ ആയ ഒരു ഡിറ്റക്ടീവ്. ആദ്യ കാഴ്ച്ചയിൽ തന്നെ പന്തികേട് തോന്നിപ്പിക്കുന്ന പെരുമാറ്റം. പക്ഷേ അയാളിൽ നിന്നും യാതൊരു തരം പ്രതികരണങ്ങളും കിട്ടാതെ വന്നപ്പോൾ അവൾ എഴുന്നേറ്റു.
“പോകാം നമുക്ക്. ഞാൻ കരുതിയപോലുള്ള പ്രശ്നമില്ലെന്നു തോന്നുന്നു.”
“എങ്ങോട്ടാണ് നിന്റെ യാത്ര ?”
“സോറി പ്രവീൺ!”
“ഓ! അതും രഹസ്യമാണോ ?” അവനിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “ ആയ്ക്കോട്ടെ. കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം. പേരില്ലാത്ത സുന്ദരി. എനിക്കെന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നു നിന്നോട്. പക്ഷേ സ്വന്തമാക്കാൻ സാധിക്കാത്ത സാധനങ്ങളോട് പൊതുവേ എല്ലാവർക്കും അങ്ങനെയായിരിക്കും. അല്ലേ ?”
മറുപടിയായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ കുറച്ചു നൂറു രൂപാ നോട്ടുകൾ മേശപ്പുറത്തേക്കിട്ടു. “ലെറ്റ്സ് ഗോ!”
പുറത്തിറങ്ങിയതും അവളുടെ ഫോണിൽ ഒരു മെസേജ്
“ഏജന്റ് നതാലിയ! ആരാണ് നിന്റെ കൂടെയുള്ള ആ ചെറുപ്പക്കാരൻ ?”
അവൾ നേരേ മുകളിലേക്കു നോക്കി. സാറ്റലൈറ്റ്സ്! ഡെൽഹിയിലെ ശീതീകരിച്ച തന്റെ കാബിനിലിരുന്ന് തന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഡയറക്ടറുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ.
“അവൻ വെറും ഒരു സുഹൃത്തു മാത്രം. പ്രശ്നമില്ല.” അവൾ മറുപടി അയച്ചു.
“എത്രയും പെട്ടെന്ന് അവനെ ഒഴിവാക്കുക!” പെട്ടെന്നു തന്നെ മറുപടിയും വന്നു.
അവൾ പല്ലു ഞെരിച്ചു. ആരാണെന്നാണ് അയാളുടെ വിചാരം ? തന്റെ സ്വകാര്യതയിൽ കയ്യിട്ടുകൊണ്ടുള്ള യാതൊരു നീക്കവും നതാലിയക്കു താങ്ങാനാകുമായിരുന്നില്ല. അവൾ തിരിഞ്ഞു നിന്നു.
“പ്രവീൺ! നിനക്കെവിടേക്കാണു പോകേണ്ടത് ?” അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. “ഞാൻ ഡ്രോപ്പ് ചെയ്യാം.”
“ഓ... അതു ബുദ്ധിമുട്ടാകും. ഞാൻ ഭാണ്ഠൂപിലേക്കാണ്.”
അവൾ പുഞ്ചിരിച്ചു. “വരൂ. ഞാനും ഏതാണ്ട് ആ ഡയറക്ഷനിൽ തന്നെയാണ്.”
തുടർന്നുള്ള യാത്രയിൽ നതാലിയായുടെ കണ്ണുകൾ റിയർവ്യൂ മിററിൽ അരിച്ചു പെറുക്കിക്കൊണ്ടിരുന്നു. നേരത്തെ കണ്ട അയാൾ എന്തായാലും തന്നെ പിൻതുടരുമെന്നവൾക്കുറപ്പായിരുന്നു.
“ആരായിരുന്നു അയാൾ ?” പ്രവീണിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.
“ഉം? ”
“ആ റെസ്റ്റോറന്റിൽ കണ്ടയാൾ. ആരാ അത് ?”
“അറിയില്ല പ്രവീൺ. ലക്ഷണം കണ്ടിട്ട് എന്തോ ഒരു അപകടം തോന്നി എനിക്ക്. അത്ര മാത്രം.”
“നിന്നെ കൊല്ലാൻ ആളുകൾ നടക്കുന്നുണ്ടല്ലേ ? അതിനല്ലേ നീ ഈ തോക്കൊക്കെയായിട്ട് ?”
നതാലിയ വണ്ടി നിർത്തി. മുൻപോട്ടു പോകാനാവാത്ത വിധം വാഹന ഗതാഗതം സ്തംഭിച്ചിരിക്കുന്നു.
ഒരു നിമിഷം, തനിക്കു പുറകിൽ കണ്ട മൂന്നു കാറുകൾ ശ്രദ്ധിച്ച അവൾ പതിയെ തന്റെ വണ്ടി ഒരല്പ്പം മുൻപോട്ടെടുത്തു.
ആ സെക്കൻഡിൽ തന്നെ പുറകിൽ ഒരു ഗ്രേ കളർ ടയോട്ട കൊറോള അനങ്ങിയത് അവൾ ശ്രദ്ധിച്ചു.
ആ സെക്കൻഡിൽ തന്നെ പുറകിൽ ഒരു ഗ്രേ കളർ ടയോട്ട കൊറോള അനങ്ങിയത് അവൾ ശ്രദ്ധിച്ചു.
“ഇന്ററെസ്റ്റിങ്ങ്...” അവൾ പിറുപിറുത്തു.
“എന്താ ?” പ്രവീൺ ഞെട്ടിത്തിരിഞ്ഞു നോക്കി.
“പ്രവീൺ!” അവൾ പതിയെ അവന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് സഹതാപ ഭാവമായിരുന്നു. “ഞാൻ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ ഒരു സീക്രട്ട് ഏജന്റാണ്. കോഡ് നെയിം നതാലിയ.”
“വാട്ട് ?”
“വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ തനിക്ക് ?”
അവൻ സ്തംഭിച്ചിരുന്നതേയുള്ളൂ.
“വേണമെങ്കിൽ മാത്രം വിശ്വസിച്ചാൽ മതി. സാധാരണ ഇത്തരം കാര്യങ്ങൾ ഞാൻ വെളിപ്പെടുത്താറില്ല.”
“ഐ ബിലീവ് യൂ.” അവന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
ട്രാഫിക്ക് മാറിത്തുടങ്ങിയിരിക്കുന്നു. അവൾ വണ്ടി മുൻപോട്ടെടുത്തു.
“ഇവിടെ എന്തെങ്കിലും മിഷനു വേണ്ടിയാണോ വന്നിരിക്കുന്നത് ?”
“അല്ല. എന്റെ ഒരു പഴയ സുഹൃത്തിനെ കാണാൻ.”
“ഓക്കേ! നീ കള്ളമാണ് പറഞ്ഞത്. പക്ഷേ എനിക്കു മനസ്സിലാകും.”
“ഭാണ്ഠൂപിൽ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്തു കഴിഞ്ഞാൽ, പിന്നെ നിനക്കിതെല്ലാം മറക്കാം. ഓക്കേ ?”
അവൻ തലകുലുക്കി.
വണ്ടി സാമാന്യം വേഗതയാർജ്ജിച്ചു കഴിഞ്ഞിരുന്നു.
“കണ്ടോ ? ഈ നശിച്ച ഓട്ടോകളില്ലെങ്കിൽ ഇവിടെ ഈ ട്രാഫിക്ക് ഉണ്ടാകില്ല. ” അവൻ വിഷയം മാറ്റുകയാണെന്ന് നതാലിയക്കു മനസ്സിലായി.
“ഓട്ടോക്കാർക്കും ജീവിക്കണ്ടേ പ്രവീൺ!”
“അവർക്ക് ബാക്കിയുള്ളവരെപ്പോലെ മര്യാദക്ക് വണ്ടിയോടിച്ചാലെന്താ ? ഇവന്മാരുടെ ഈ സിഗ് സാഗ് ഡ്രൈവിങ്ങ് കാരണം വിലപ്പെട്ട എത്ര സമയമാണ് ട്രാഫിക്കിൽ കുടുങ്ങി നഷ്ടപ്പെടുന്നത്.”
“അതും ശരിയാണ്.” നതാലിയ ആ സംഭാഷണത്തിലേക്ക് ചേർന്നു.
അങ്ങനെ അവർ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി സൗഹൃദ സംഭാഷണം തുടർന്നുകൊണ്ട് ഏതാണ്ട് 30 മിനിറ്റിനുള്ളിൽ ഭാണ്ഠൂപിലെത്തി.
“ഓക്കേ പ്രവീൺ! ഞാനൊരു ചെറിയ പരീക്ഷണം നടത്താൻ പോകുകയാണ്. ഹോൾഡ് ഓൺ!”
തുടർന്ന് അവൾ അപ്രതീക്ഷിതമായി വണ്ടി ഇടത്തേക്ക് വെട്ടിച്ച് ഒരു പോക്കറ്റ് റോഡിലേക്കു കയറി.
“വാട്ട് ഹാപ്പൻഡ് ?” പ്രവീൺ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി.
“ഓർക്കുന്നുണ്ടോ ? ആ റെസ്റ്റോറന്റിലെ മനുഷ്യൻ ? നമ്മുടെ പുറകിലുണ്ടായിരുന്ന മൂന്നു കാറുകളിൽ ഒന്നിൽ അയാളുണ്ട്. എനിക്കുറപ്പാണ്. സോ, ഇപ്പൊ മനസിലാകും ഏതു കാറാണെന്ന്. വെയ്റ്റ്!” അവൾ കൂടുതൽ കൂടുതൽ ഉള്ളിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ടിരുന്നു. കുറേ ചെന്നപ്പോൾ രണ്ട് വലിയ മതിലുകൾക്കിടയിലൂടെ റോഡ് വലത്തേക്ക് തിരിഞ്ഞു. വണ്ടി അങ്ങോട്ട് കയറിയതും, അവൾ ബ്രേക്ക് ചവിട്ടി. സൺ റൂഫിലൂടെ മുകളിലേക്കു നോക്കിയ അവൾ ഒരു വൻ മരത്തിനു ചുവട്ടിലാണ് തങ്ങൾ എന്നുറപ്പു വരുത്തി.
തുടർന്ന് സ്റ്റിയറിങ്ങിനടിയിൽ നിന്നും തോക്കെടുത്ത് തന്റെ അരക്കെട്ടിൽ കൊളുത്തി അവൾ റിയർ വ്യൂ മിററിലേക്ക് തന്നെ നോക്കി കാത്തിരുന്നു.
അടുത്ത നിമിഷം ഒരു ഗ്രേ കളർ ടയോട്ട കൊറോള അതി വേഗത്തിൽ ആ വളവു തിരിഞ്ഞു വരുന്നതു കണ്ടു.
നിർത്തിയിട്ടിരിക്കുന്ന നതാലിയായുടെ കാർ കണ്ടതും ആ കാർ ബ്രേക്കിട്ടു.
നതാലിയായുടെ മുഖത്ത് പുഞ്ചിരിയായിരുന്നു. അവൾ സാവധാനം ഡോർ തുറന്ന് വെളിയിലേക്കിറങ്ങിയതും ആ കാർ റിവേഴ്സെടുക്കാൻ തുടങ്ങി.
അവൾ വിരൽ ചൂണ്ടിക്കൊണ്ട് അരുതെന്നാംഗ്യം കാണിച്ചു. ഒപ്പം ടീഷർട്ട് ഒരല്പ്പം മുകളിലേക്കുയർത്തി തന്റെ തോക്ക് കാണിച്ചുകൊടുത്തു.
പെട്ടെന്നു തന്നെ കാർ നിന്നു.
വെളിയിലേക്കിറങ്ങാൻ തുടങ്ങിയ ആ മനുഷ്യനെ അവൾ വിലക്കി.
“പതുക്കെ മതി. തിരക്കൊന്നുമില്ല. രണ്ടു കൈകളും എനിക്കു കാണണം”
“ഞാൻ ശത്രുവല്ല!” ഉറക്കെ വിളിച്ചു പറഞ്ഞ ആ മനുഷ്യന്റെ സ്വരം ഒരു കൊച്ചു പെൺകുട്ടിയുടേതു പോലെയായിരുന്നു. നതാലിയക്കു ചിരി പൊട്ടി. ഭീകാമാരനായ ആ മനുഷ്യനിൽ നിന്നും വെളിയിൽ വന്ന സ്വരം!
അവൾ അയാൾക്കടുത്തെത്തിക്കഴിഞ്ഞിരുന്നു. നിരായുധനാണെന്നു തിരിച്ചറിഞ്ഞതും അവൾ സ്വരത്തിൽ ഒരല്പ്പം മയം വരുത്തി.
“താങ്കൾ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. അത്രയും എനിക്കു മനസ്സിലായി.”
ആ മനുഷ്യൻ തല കുലുക്കി. “പോക്കറ്റിൽ എന്റെ ഐഡി ഉണ്ട്. എടുക്കട്ടെ ?”
അവൾ അനുവാദം കൊടുത്തു. ബുദ്ധിമാനാണ്. പെട്ടെന്ന് പോക്കറ്റിൽ കയ്യിട്ടാൽ നതാലിയ പ്രതികരിച്ചേക്കുമെന്നയാൾക്കറിയാം.
അയാൾ നീട്ടിയ ഐഡി കാർഡിലൂടെ കണ്ണോടിച്ചതും നതാലിയക്കു മനസ്സിലായി ആരാണ് തന്നെ പിൻതുടരാൻ അയാളെ ഏല്പ്പിച്ചിരിക്കുന്നതെന്ന്. അവളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.
‘MK Securities & Private Detectives’ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. പക്ഷേ അതല്ല നതാലിയ ശ്രദ്ധിച്ചത്. അവരുടെ ഹെഡ് ഓഫീസ് ഉള്ള അതേ കെട്ടിടത്തിലാണ് ആകാൻഷ ജോലി ചെയ്യുന്നത്. അവളുടെ ‘എക്സ്’ ഗേൾഫ്രണ്ട്.
“ആ പെൺകുട്ടി അനാവശ്യമായി ഓരോ പ്രശ്നങ്ങൾ വരുത്തിവെക്കുകയാണ്.”
“ഏതു പെൺകുട്ടി മാഡം ?“ ഒന്നുമറിയാത്തവനെപ്പോലെയുള്ള ഡിറ്റക്ടീവിന്റെ ചോദ്യം അവളെ ചൊടിപ്പിച്ചു.
“തനിക്കറിയില്ലല്ലേ ? ആരുമായിട്ടാണ് ഡീൽ ചെയ്യുന്നതെന്ന് വല്ല ബോധവുമുണ്ടോ നിങ്ങൾക്ക് ? എന്റെ ഈ ചിരി കണ്ട് തെറ്റിദ്ധരിക്കരുത് കേട്ടോ. വളരെ പെട്ടെന്നായിരിക്കും സ്വഭാവം മാറുക! “
”സീ മാഡം! എന്റെ ക്ലയന്റ് ആവശ്യപ്പെട്ടത് ഇത്രമാത്രം. വരുന്ന 15 ദിവസം, താങ്കളെ പിൻതുടരുക. എന്തെങ്കിലും അപകടത്തിലാണെന്നു തോന്നിയാൽ ഹെല്പ്പ് ചെയ്യുക. അതാണ് എന്റെ കോണ്ട്രാക്റ്റ്. എന്റെ ജോലിയേ ഞാൻ ചെയ്തുള്ളൂ. ലൈസൻസ് ഉള്ള ഒരു ഡിറ്റക്ടീവാണ് ഞാൻ.“
”എന്തായാലും, ഇപ്പോൾ താങ്കളെ ഞാൻ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി എന്നെ പിൻതുടർന്നിട്ടു കാര്യമില്ലല്ലോ ?“
അയാൾ തലയാട്ടി.
പക്ഷേ മുഖ ഭാവത്തിൽ നിന്ന് അയാൾ പിൻതിരിയാൻ ഉദ്ദേശമില്ലെന്ന് അവൾക്കു മനസ്സിലായി.
“ഇതവസാനിപ്പിച്ചാൽ നിങ്ങൾക്കു കൊള്ളാം. എനിക്കു പ്രശ്നമൊന്നുമില്ല സുഹൃത്തേ! പക്ഷേ ഉണ്ടാകുന്ന അപകടങ്ങൾ സ്വയം ഡീൽ ചെയ്യേണ്ടിവരും. അവസാനം തന്റെ സുരക്ഷ കൂടി എന്റെ മേലാകരുതെന്നോർമ്മിപ്പിച്ചെന്നേയുള്ളൂ.“
” അതോർത്ത് പേടിക്കണ്ട മാഡം. മിലിട്ടറി ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ ഒരാളാണ് ഞാൻ! എന്റെ ക്ലയന്റിന് നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തിയേ ഒക്കൂ. സോ, വാങ്ങിയ കാശിനുള്ള ആത്മാർത്ഥത എനിക്കു കാണിക്കണ്ടേ ? നമ്മളെല്ലാവരും പ്രൊഫഷണൽസ് അല്ലേ മാഡം ?“
അതീവ ഗൗരവത്തിലാണ് സംസാരം. പക്ഷേ ആ ശരീരത്തിനു ചേരാത്ത ഹൈ ഫ്രീക്വൻസിയിലുള്ള സ്വരം അവളിൽ ചിരിയാണുളവാക്കിയത്.
“പേരെന്താണ് താങ്കളുടെ ?”
“ഞാൻ ഡിറ്റക്ടീവ് ക്രിസ്. ക്രിസ് സെക്വേറ.” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി.
“ഓക്കേ മിസ്റ്റർ സെക്വേറ!” അവൾ ആ കൈ പിടിച്ചു കുലുക്കി. “ഈ മരക്കൂട്ടത്തിനടിയിൽ വെച്ച് ഞാൻ താങ്കളെ പിടികൂടിയതെന്തിനാണെന്നറിയാമോ ?”
അയാളുടെ മുഖത്ത് ചോദ്യ ഭാവം.
“കാരണം...” അവൾ മുകളിലേക്ക് വിരൽ ചൂണ്ടി. “മുകളിൽ ഇരുന്നൊരാൾ ഇതെല്ലാം കാണുന്നുണ്ട്. മരത്തിനടിയിലായാൽ ഒരു പക്ഷേ ചെറിയൊരു ‘കവർ’ കിട്ടിയേക്കും എന്നു കരുതി. “
ആ മനുഷ്യൻ ഞെട്ടി മുകളിലേക്കു നോക്കി.
“മുകളിൽ ഒരാൾ എന്നു പറഞ്ഞപ്പോൾ ദൈവത്തെയല്ല ഞാൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായിക്കാണുമല്ലോ.”
അയാൾ തല കുലുക്കി.
അയാൾ തല കുലുക്കി.
“ബീ വെരി കെയർഫുൾ! താൻ കാണിക്കുന്ന മണ്ടത്തരങ്ങൾ കാരണം ചിലപ്പോൾ അപകടത്തിലാകുന്നത് ആകാൻഷയായിരിക്കും.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ...” സെക്കൻഡുകൾക്കുള്ളിൽ അവളുടെ കയ്യിൽ തോക്കു പ്രത്യക്ഷപ്പെട്ടു. “I am gonna empty an entire clip on your stupid face! മനസ്സിലാകുന്നുണ്ടോ ?”
പെട്ടെന്നുണ്ടായ അവളുടെ ഭാവമാറ്റത്തിൽ അയാളുടെ ശ്വാസം നിലച്ചു പോയി!
അയാൾ ആവശ്യത്തിനു പേടിച്ചിട്ടുണെന്ന് ഉറപ്പു വരുത്തിയാണ് അവൾ തിരിഞ്ഞു നടന്നത്. എന്നാൽ
“എക്സ്ക്യൂസ് മി മാഡം... ” വീണ്ടും പുറകിൽ ആ കിളി നാദം കേട്ട് അവൾ തിരിഞ്ഞു നിന്നു. “ആ കാറിലിരിക്കുന്ന വ്യക്തി ... ആരാണെന്നു പറയാമോ ?”
“പിന്നെന്താ... പറയാമല്ലോ. അയാളുടെ പേരിനു വല്ലാത്ത നീളമാണ്. കുറിച്ചെടുത്തോ. His name is NONE OF YOUR FUCKING BUSINESS! ഒരു സുഹൃത്താണ്. അവളെ വിളിച്ചു റിപ്പോർട്ട് ചെയ്തോളൂ.”
അവൾക്ക് ആകാൻഷയോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. ഒപ്പം അവളുടെ സുരക്ഷയിൽ നേരിയ ആശങ്കയും. ഏജൻസി ഇത്തരം കാര്യങ്ങളിൽ വളരെ രൂക്ഷമായാണ് പ്രതികരിക്കുക.
തുടർന്നുള്ള യാത്രയിൽ നതാലിയ നിശബ്ദയായിരുന്നു.
മറക്കാൻ ശ്രമിച്ചിരുന്ന ഒരു വിഷയം വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. പ്രവീണും അവളെ ശല്യപ്പെടുത്താതെ നിശബ്ദത പാലിച്ചതേയുള്ളൂ.
തിരിച്ച് മെയിൻ റോഡിലെത്തിയപ്പോൾ പ്രവീൺ ദൂരെ ‘ഹയാത് റീജൻസി’ ഹോട്ടലിന്റെ വലിയ നിയോൺ ബോർഡ് കണ്ടു കൈ ചൂണ്ടി. “അവിടെ വിട്ടേക്കൂ എന്നെ. ഞാൻ അവിടെയാണ് താമസം.”
“ഓക്കേ!” നതാലിയ സർവ്വീസ് റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റി.
“പ്രവീൺ റൂമിൽ ചെന്ന് നന്നായി ഒന്നു ഫ്രെഷായി, ഇന്നു നടന്നതെല്ലാം തലയിൽ നിന്നു കളയണം. ഇനി ഒരിക്കലും എന്റെ മുന്നിൽ വന്നു പെടാതെ നോക്കുകയും വേണം. ഓക്കേ ?”
അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു. അവളുടെ സാമീപ്യം തന്നിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സ്വാധീനം ചെലുത്തുന്നുണ്ട്. അതീവ അപകട കാരിയായ ഒരു സുന്ദരി പെൺകുട്ടി. പക്ഷേ പെരുമാറ്റം എത്ര സ്വീറ്റ് ആണ്.
പ്രവീൺ ഇറങ്ങിയതും, നതാലിയ ഫോണിൽ മെസേജയച്ചു.
“ഈ ഹോട്ടലിൽ എനിക്കൊരു റൂം ബുക്ക് ചെയ്യണം. ഡബിൾ സ്യൂട്ട്! ഞാൻ ഇന്ന് ഇവിടെയാണ് തങ്ങുന്നത്. ഇപ്പോൾ ഞാൻ ക്രൈം സീനിലേക്കു പുറപ്പെടുന്നു.”
മറുപടിയായി വന്ന മെസേജ് അവളെ ഞെട്ടിച്ചു കളഞ്ഞു.
“ ഒരു മിസ്റ്റർ ക്രിസ് സെക്വേറ താങ്കളെ പിൻതുടരുന്നുണ്ട്. പ്രൈവറ്റ് ഡിറ്റക്ടീവാണ്. യാതൊരു കാരണവശാലും ഇത് അനുവദിക്കാവുന്നതല്ല.ഗെറ്റ് റിഡ് ഓഫ് ഹിം ഇമ്മീഡിയറ്റ്ലി!”
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക