നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 15



"ഒരു പാവം പെണ്ണിനെ കൊല്ലാക്കൊല ചെയ്തിട്ട് നീ എന്ത് നേടി സാവിത്രി?"ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി!
 ശിവദാസൻ ആയിരുന്നു അത് !
"ഞാനോ?ഞാൻ എന്ത് ചെയ്തെന്നാ ശിവേട്ടൻ പറയുന്നത്?ശിവേട്ടനാണോ ഇവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്?" സാവിത്രി അയാളോട് ദേഷ്യപ്പെട്ടു.
"നിനക്കൊന്നും അറിയില്ല അല്ലെ? ഞാൻ പറഞ്ഞുതരാം." ശിവദാസൻ എല്ലാവരും കേൾക്കെ പറഞ്ഞുതുടങ്ങി.
"ചന്തുവിന്  പണ്ടുമുതൽക്കേ എന്നോട്  ഒരുതരം അകൽച്ച ആയിരുന്നു.നീ ആയിട്ട് ഉണ്ടാക്കിയെടുത്ത അകൽച്ച.അച്ഛൻ കണിശക്കാരനും സ്നേഹമില്ലാത്തവനുമാണെന്ന് കുഞ്ഞുന്നാള് തൊട്ടേ നീ മകനെ പറഞ്ഞ് പഠിപ്പിച്ചു.ഒരമ്മയുടെ സ്വാർത്ഥത ആയി കണ്ട് ഞാൻ അത് ക്ഷമിച്ചു. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചന്തു  ആദ്യം ഷെയർ ചെയ്തിരുന്നത് നിന്നോടായിരുന്നു..വർഷങ്ങൾക്ക് മുൻപ് ചന്തു ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കാലം. അന്ന് നാട്ടിൽ വന്ന്  മലയ്ക്ക് പോവാൻ മാല ഇട്ടിരിക്കുന്ന സമയം അവൻ നിന്നോട് ഒരു കാര്യം പറഞ്ഞു. അവൻ ബാംഗ്ലൂരിൽ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലാണെന്നും  അവർ എല്ലാ വിധത്തിലും അടുത്തുവെന്നും  അവൻ അവളെ  കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവളുടെ വീട്ടുകാർ അവൾക്ക് വേറൊരു വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും  നിന്നെ അറിയിച്ചു.അവളുടെ കോഴ്സ് ഉടനെ കഴിയുമെന്നും  അതുകഴിഞ്ഞ് അമ്മ തന്നെ നേരിട്ട് വന്ന് അവളുടെ വീട്ടുകാരോട്  കാര്യങ്ങൾ  പറഞ്ഞ് മനസ്സിലാക്കണം എന്നും ചന്തു നിന്നോട് പറഞ്ഞു.നീ സംസാരിക്കാമെന്നും കല്യാണം നടത്തിത്തരാമെന്നും ചന്തുവിന് വാക്കുകൊടുത്തു.തൽക്കാലം  ഇത് അച്ഛൻ അറിയണ്ട അറിഞ്ഞാൽ ഈ ബന്ധം ഒരിക്കലും അംഗീകരിക്കില്ല അതുകൊണ്ട് നീ സാവധാനം എന്നെ കാര്യങ്ങൾ  പറഞ്ഞ് മനസ്സിലാക്കിക്കോളാം എന്ന് നീ അവനോട് പറഞ്ഞു.പിന്നീട് ചന്തു വഴി നീയാ കുട്ടിയെ ഒരു തവണ ഫോൺ ചെയ്തു, പരിചയപ്പെടാനെന്നോണം അതും  ഞാൻ അറിയാതെ. ചന്തു നിന്നോട് ഒരു കാര്യം കൂടി പറഞ്ഞു മലയ്ക്ക് പോയി മടങ്ങിവരുമ്പോൾ അവൻ നിനക്കെന്തൊ സർപ്രൈസ് തരുന്നുണ്ടെന്ന്! ഞാനും  ചന്തുവും മലയ്ക്ക് പോവുന്ന ദിവസം  നീ മനപ്പൂർവം അവന്റെ  ഫോൺ എടുത്ത് മാറ്റി. ഫോൺ കളഞ്ഞുപോയി എന്ന് വിചാരിച്ച് ഇവിടുത്തെ ലാൻഡ്‌ലൈനിൽ നിന്നും ഞാൻ അറിയാതെ അവൻ ആ കുട്ടിയെ വിളിച്ച് അവൻ ഇറങ്ങുകയാണെന്നും അവന്റെ ഫോൺ കളഞ്ഞുപോയി എന്നും ഇനി തിരികെ എത്തിയിട്ടേ  അവൻ അവളെ വീണ്ടും വിളിക്കുകയുള്ളു എന്നും അറിയിച്ചു .ദൂരെ ഉള്ള കുടുംബക്ഷേത്രത്തിൽ തൊഴുത്തിട്ടേ ഞങ്ങൾ മലയ്ക്ക് പോവാറുള്ളു അതുകൊണ്ട് തിരികെ വരാൻ കുറച്ചു ദിവസങ്ങളെടുക്കും  എന്ന് നിനക്ക് അറിയാമായിരുന്നു.ഞങ്ങൾ  മലയ്ക്ക് പോയതിന്റെ പിറ്റേന്ന്  നീ കൃഷ്ണനേയും കൂട്ടി   ആ പെൺകുട്ടിയെ  കാണാൻ ചെന്നു . എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് ഒരു ഹോട്ടലിൽ അവളെ വിളിച്ചുവരുത്തി. കൃഷ്ണനോട് കാറിൽ തന്നെ ഇരുന്നുകൊള്ളാൻ പറഞ്ഞു. നിന്നെ കാണാനെത്തിയ അവളുടെ  മുൻപിൽ നീ പൊട്ടിക്കരഞ്ഞു!  ചന്തുവിന് മലയ്ക്ക് പോവാൻ സാധിച്ചില്ലെന്നും ഇറങ്ങാൻ നേരം വയനാട്ടിൽ ഞങ്ങളുടെ കമ്പനിയിൽ നിന്നും ഫോൺ വന്നു അവിടെ  തൊഴിലാളികൾ തമ്മിൽ എന്തോ കശപിശ ഉണ്ടായി  അടിപിടി നടക്കുന്നതിനിടയിൽ  ഒരാൾ മരിച്ചുവെന്നും അതുകൊണ്ട് ഞങ്ങൾ അങ്ങോട്ട് പോയെന്നും , വയനാട്ടിൽ വെച്ച്  ഞങ്ങൾക്ക്  ഒരു ആക്സിഡന്റ് ഉണ്ടായി എന്നും ഞാൻ കഷ്ടിച്ച് രക്ഷപെട്ടു പക്ഷെ  ചന്തു  ഗുരുതരാവസ്ഥയിലാണെന്നും നീ അവളോട് കള്ളം പറഞ്ഞു! അബോധാവസ്ഥയിലും അവൻ  ആദ്യം പറഞ്ഞത് അവളുടെ പേരാണെന്നും  മകന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാൻ ആണ്  അവളെ കൊണ്ടുപോകാൻ  ഇത്ര ദൂരം വന്നതെന്നും നീ അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു!
ലോകത്തിൽ താൻ ഏറ്റവും സ്നേഹിക്കുന്നത് തന്റെ അമ്മയെ ആണെന്നും അമ്മയോട് പറയാത്തതായി തന്റെ ജീവിതത്തിൽ ഒന്നുമില്ലെന്നും  ചന്തു  ആദ്യമേ ആ പെൺകുട്ടിയോട് പറഞ്ഞിട്ടുണ്ടായിരുന്നു.അങ്ങനെ ഉള്ള അമ്മയുടെ വാക്കുകൾ അവൾക്ക്  വിശ്വസിക്കാതിരിക്കാൻ പറ്റിയില്ല.തന്റെ പഠിത്തവും പരീക്ഷയും എല്ലാം ഉപേക്ഷിച്ച്  അവൾ നിന്നോടൊപ്പം കാറിൽ വയനാട്ടിലേക്ക് തിരിച്ചു.
 നീ അവളെ വയനാട്ടിലെ നമ്മുടെ എസ്റ്റേറ്റിലേക്ക് കൊണ്ടുപോയി.അവിടെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീകളെ നീ തന്ത്രപൂർവം നേരത്തെ പറഞ്ഞുവിട്ടിരുന്നു.ബാക്കി കൃഷ്ണൻ പറയും."ശിവദാസൻ പറഞ്ഞു.
"കൃഷ്ണാ !" ശിവദാസൻ ഉറക്കെ വിളിച്ചു.
കൃഷ്‌ണൻ വെളിയിൽ നിന്നും അകത്തേക്ക് പതിയെ നടന്നു വന്നു.
"പറയ് കൃഷ്ണാ അന്ന് രാത്രി അവിടെ എന്താ സംഭവിച്ചത് ?" ശിവദാസൻ ചോദിച്ചു.
"എന്നോടൊന്നും ചോദിക്കരുത് സാറേ.എന്നെക്കൊണ്ടത് പറയാൻ പറ്റില്ല.." നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് അയാൾ വിതുമ്പി.
"നീ ഒരു തെറ്റും ചെയ്തിട്ടില്ല കൃഷ്ണാ.മറിച്ച് ഇവൾ ചെയ്ത വലിയൊരു തെറ്റ് തിരുത്തുകയാണ് നീ ചെയ്തത്. മാളുവിന്റെ മുത്തശ്ശന്റെ അകന്ന ബന്ധത്തിൽപെട്ട ഒരാളാണ് ഈ കൃഷ്ണൻ.ഭാര്യയെയും കുഞ്ഞുങ്ങളെയും പോറ്റാൻ നിവർത്തിയില്ലാതെ ഒരു ജോലി അന്വേഷിച്ച് വന്ന  ഇയാളെ മാളുവിന്റെ മുത്തശ്ശനാണ് ഈ തറവാട്ടിലേക്ക് കൈ പിടിച്ച് കയറ്റിയത്. ഈ തറവാട്ടിൽ വന്നുകേറിയപ്പോൾ ഇയാൾക്ക്  ചന്തുവിന്റെ പ്രായമേ ഉണ്ടായിരുന്നുള്ളു.ഈ തറവാട്ടിലെ ഓരോ അംഗങ്ങളും ഇയാൾക്ക് ദൈവതുല്യരായിരുന്നു.ഇവിടുത്തെ ഓരോ ആൾക്കാരുടെ സങ്കടത്തിലും സന്തോഷത്തിലും ഇയാളും പങ്കുചേർന്നു. മാളുവിന്റെ  മുത്തശ്ശനും അച്ഛനും മരിച്ചപ്പോ ഞങ്ങൾ കരഞ്ഞതിനേക്കാൾ കൂടുതൽ കണ്ണുനീർ ഈ മനുഷ്യൻ ഒഴുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണറിയുന്നത് ഇയാളുടെ മകൾക്ക് ഹൃദയത്തിന്  തകരാറുണ്ടെന്നും എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ആ കുട്ടി അധികകാലം ജീവിക്കില്ല എന്നും.ഈ സാധു കൂട്ടിയാൽ കൂടാത്ത ഓപ്പറേഷൻ തുക കണ്ടെത്താൻ ഇയാൾ നെട്ടോട്ടം ഓടിയിരുന്ന കാലം. തന്റെ പരാധീനതകളൊന്നും കൃഷ്ണൻ എന്നെ അറിയിച്ചിരുന്നില്ല.പക്ഷെ നിനക്കെല്ലാം അറിയാമായിരുന്നു സാവിത്രി .ഇനി കഥയുടെ  ബാക്കി ഞാൻ പറയാം.രാത്രിയായതിനാൽ അന്ന് ഹോസ്പിറ്റലിൽ ചന്തുവിനെ  കാണാൻ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞുവെന്നും പിറ്റേന്ന്  പോകാമെന്നും സാവിത്രി അവളോട് പറഞ്ഞു. അവൾക്ക് കഴിക്കാൻ ആഹാരം നൽകി.അവൾ നിന്നോടടുത്തു എന്ന് നീ മനസ്സിലാക്കിയപ്പോൾ നീ പതിയെ കാര്യത്തിലേക്ക് കടന്നു.എന്തിനാണ് അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതെന്ന്  നീ അവളെ അറിയിച്ചു.നിന്റെ ഉദ്ദേശം നടക്കില്ലെന്ന് മനസ്സിലായപ്പോൾ  നീ നിന്റെ തനി സ്വരൂപം പുറത്തെടുത്തു..ചന്തുവിന് ഒരാപത്തും സംഭവിച്ചിട്ടില്ലെന്നും അവളെ ഇവിടെ എത്തിക്കാൻ നീ മനപ്പൂർവം കള്ളം പറഞ്ഞതാണെന്നും എത്രയും പെട്ടെന്ന് ചന്തുവിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പോകണമെന്നും അതിന് എത്ര പണം വേണമെങ്കിലും തരാമെന്നും നീ അവളോട് പറഞ്ഞു.  അതിനവൾ ഈ ജന്മം തയ്യാറാവില്ല എന്ന് നിനക്കറിയാമായിരുന്നു. നിന്റെ ഒരു ഭീഷണിക്കും അവൾ വഴങ്ങിയില്ല .നീ അവളെ ഉപദ്രവിക്കുമെന്ന് ഭയന്ന് അവൾ കൈയിലിരുന്ന ഫോൺ  എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി.അതിനുമുൻപ് നീ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നിലത്തെറിഞ്ഞു.അവിടെ  വെച്ചിരുന്ന ടേബിൾ ലാംപ്  എടുത്ത് നീ അവളുടെ തലയിൽ  ആഞ്ഞടിച്ചു!നിന്റെ  അടി ഏറ്റ്  ബോധം മറഞ്ഞു വീണ അവൾ  മരിച്ചെന്നു കരുതി  ഇതൊന്നുമറിയാതെ വെളിയിൽ കാറിൽ ഉറങ്ങിക്കിടന്ന കൃഷ്ണനെ  നീ വിളിച്ചുണർത്തി.
 ഒരു ശവം മറവുചെയ്യാൻ ഉണ്ടെന്നും ഈ വിവരം ആരും അറിയരുതെന്നും നീ ഇയാളുടെ കാലുപിടിച്ചപേക്ഷിച്ചു.കേട്ടത് വിശ്വസിക്കാനാകാതെ മരവിച്ച് നിന്ന ഇയാളുടെ കൈയിൽ മകളുടെ ഓപ്പറേഷൻ നടത്താൻ നീ കുറെ നോട്ടുകെട്ടുകൾ വെച്ചുകൊടുത്തു! ആകെ ഉള്ള മകളുടെ ജീവൻ രക്ഷിക്കാൻ ചക്രശ്വാസം വലിക്കുന്ന ഈ മനുഷ്യനെ നീ മുതലെടുക്കുക ആയിരുന്നുവെന്ന് ഈ പാവം അറിഞ്ഞില്ല.
ഇതും നശിപ്പിച്ചേക്കണമെന്നും പറഞ്ഞ് നീ നിലത്തെറിഞ്ഞുടച്ച അവളുടെ  ഫോണും നീ കൃഷ്ണനെ  ഏൽപ്പിച്ചു.
അവൾ ആരാണെന്നോ അവളെ നീ എന്തിനുകൊന്നുവെന്നൊ  കൃഷ്ണന് അറിയില്ലായിരുന്നു.പക്ഷെ നീ കൊടുത്ത നോട്ടുകെട്ടുകളിൽ ഇയാളുടെ മകൾ  ജീവിതത്തിലേക്ക് മടങ്ങിവരും  എന്ന ഒറ്റക്കാരണത്താൽ  നിൽക്കക്കള്ളിയില്ലാതെ ഇയാൾ അതിന്  സമ്മതിച്ചു.
ആ പെൺകുട്ടിയുടെ ബോഡിയും കൊണ്ട് ഇറങ്ങിയ കൃഷ്ണൻ  അധികം താമസിയാതെ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.മരിച്ചെന്ന് നീ കരുതിയ  ആ കുട്ടിക്ക് ജീവനുണ്ടെന്ന് ! " ശിവദാസൻ പറഞ്ഞതുകേട്ട് എല്ലാവരും കണ്ണുംമിഴിച്ച് നിൽക്കുകയാണ് !
"മതി ! മതി! ശബ്‌ദിച്ചുപോകരുത് ! നിങ്ങൾ എന്തൊക്കെ വൃത്തികേടാണീ പുലമ്പുന്നത്?എന്റെ മകൻ സ്നേഹിക്കുന്ന കുട്ടിയെ ഞാൻ എന്തിന് ഇല്ലാതാക്കണം ?? " സാവിത്രി ശിവദാസന്റെ കോളറിൽപിടിച്ചലറി !
 "കാരണം അവൾ ഗർഭിണിയായിരുന്നു സാവിത്രി ! ചന്തു നിന്നോട് പറയാമെന്ന് പറഞ്ഞ സർപ്രൈസ് അതായിരുന്നു  . ചന്തു നിന്നോട് ആ കുട്ടിയുടെ കാര്യം പറഞ്ഞതിന് ശേഷം തക്കം കിട്ടിയപ്പോൾ ചന്തു അറിയാതെ  അവന്റെ  ഫോണിൽ അവളുടെ മെസ്സേജുകൾ നീ പരിശോധിച്ചു.അവൾ മൂന്നു മാസം ഗർഭിണിയാണെന്ന് നീ മനസ്സിലാക്കി. അവളുടെ വയറ്റിൽ കിടക്കുന്ന ചന്തുവിന്റെ കുഞ്ഞിനെ നശിപ്പിക്കണമെന്നും അതിനു വേണ്ടി നിനക്കറിയാവുന്ന ഒരു ക്ലിനിക്കിൽ നീ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ടെന്നും അതിനുവേണ്ടിയാണ് നീ അവളെ കൂട്ടിയിക്കൊണ്ട് വന്നതെന്നും ആ രാത്രി നീ അവളെ അറിയിച്ചു..നിന്റെ ഭീഷണിക്ക് വഴങ്ങാതിരുന്ന അവളെ നീ ഇല്ലാതാക്കാൻ ശ്രമിച്ചു. പക്ഷെ നീ അവളെ ഭീഷണിപ്പെടുത്തിയതെല്ലാം  അവൾ അവളുടെ ഫോണിൽ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് നീ അറിഞ്ഞില്ല സാവിത്രി!" ശിവദാസൻ സാവിത്രിയുടെ കൈകൾ തട്ടിമാറ്റി.
ലേഖയും മാളുവും ദത്തനും ദേവിയും എല്ലാവരും പകച്ച് നിൽക്കുകയാണ് .
" കൃഷ്ണന് എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. നിന്റെ അടുക്കലേക്ക് തിരിച്ചുവന്നാൽ നീ അവളെ കൊല്ലും എന്നിയാൾക്ക്  ഉറപ്പുണ്ടായിരുന്നു.കൃഷ്ണൻ അവളിൽ സ്വന്തം മകളെ കണ്ടു.അവളുടെ ഞരക്കം കേൾക്കാതെ മരിച്ചുവെന്ന് കരുതി അവളെ കുഴിച്ചുമൂടിയിരുന്നെങ്കിൽ ആ പാപം മരണം വരെ തന്നെ   വേട്ടയാടും എന്നിയാൾക്ക്  അറിയാമായിരുന്നു. എങ്ങനെയെങ്കിലും അവളുടെ ജീവൻ രക്ഷിക്കണമെന്നേ കൃഷ്ണന് അപ്പൊ  ഉണ്ടായിരുന്നുള്ളു..ഗത്യന്തരമില്ലാതെ കൃഷ്ണൻ സജിയെ വിളിച്ചു.അവൻ ആ സമയം വയനാട്ടിൽ തന്നെ ഉണ്ടായിരുന്നു. സജി അപ്പോൾത്തന്നെ  കൃഷ്ണന്റെ അടുത്തേക്ക് ചെന്നു .കൃഷ്ണൻ കാര്യങ്ങളെല്ലാം അവനോട്  പറഞ്ഞ് പൊട്ടിക്കരഞ്ഞു.പാതി ചത്ത ശരീരവുമായി കിടക്കുന്ന അവളെയുംകൊണ്ട് ഹോസ്പിറ്റലിൽ പോവാൻ സജി  മടിച്ചു.കാരണം ഹോസ്പിറ്റലിൽ പോയാൽ അത് പോലീസ് കേസ് ആവുമെന്നും അവർ  കുടുങ്ങുമെന്നും അവനറിയാമായിരുന്നു.
 അവർ  ആ രാത്രി തന്നെ  അവളെയും കൊണ്ട് വയനാട്ടിൽ സജി  താമസിച്ചിരുന്ന വീടിന്റെ  തൊട്ടടുത്ത് താമസിക്കുന്ന അവന്  പരിചയമുള്ള   ഡോക്ടർ  ആനന്ദിന്റെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഈ  കുട്ടി ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അതാപത്താണെന്നും സാവിത്രി എങ്ങനെയെങ്കിലും ഇവളെ തിരഞ്ഞുപിടിച്ച് വീണ്ടും ആക്രമിക്കാൻ നോക്കുമെന്നും സജിയും കൃഷ്‌ണനും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ അദ്ദേഹത്തിന്റെ കൂട്ടുകാരനായ ന്യൂറോളജിസ്റ്റ്  സാം മാത്യുവിന്റെ അടുത്തേക്ക് എത്രയും പെട്ടെന്ന് അവളെ കൊണ്ടുപോകാൻ പറഞ്ഞു. ആ രാത്രി തന്നെ സാം മാത്യുവിന്റെ ക്ലിനിക്കിൽ സജിയും കൃഷ്ണനും ആ കുട്ടിയേയും കൊണ്ടുചെന്നു.അപ്പോഴേക്കും  ആനന്ദ്  സാം മാത്യുവിനെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അവളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണമെന്ന് സാം മാത്യു പറഞ്ഞു. അവൾ അദ്ദേഹത്തിന്റെ റിലേറ്റീവ് ആണെന്നും വീട്ടിലോട്ട് വരുന്ന വഴിക്ക് ആരോ റേപ്പ്  ചെയ്യാൻ ശ്രമിച്ചതാണെന്നും  അതിനടിയിൽ  തലയ്ക്കടിയേറ്റത് കൊണ്ട്  റേപ്പ്  നടന്നില്ലെന്നും മരിച്ചെന്നുകരുതി അവളെ  വഴിവക്കിൽ ഉപേക്ഷിച്ചുവെന്നും  ഇത് പോലീസ് കേസ് ആവാതെ നോക്കണമെന്നും അദ്ദേഹം സ്റ്റാഫിനോട് പറഞ്ഞു.. അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു .
 അവൾ പ്രെഗ്നന്റ് ആണെന്ന വിവരം സാം ഡോക്ടർ സജിയെ അറിയിച്ചു.
അവളുടെ ബോഡി കുഴിച്ചിട്ടുവെന്ന്  നിന്നോട് പറയണമെന്ന് സജി കൃഷ്ണനോടാവശ്യപ്പെട്ടു.ഇയാൾ  അങ്ങനെ തന്നെ ചെയ്തു.നീ കൊടുത്ത കാശുകൊണ്ട് പിന്നീട് കൃഷ്ണന്റെ  മകളുടെ ഓപ്പറേഷൻ പറഞ്ഞസമയത്ത് തന്നെ നടന്നു.അവൾ ജീവിതത്തിലേക്ക് മടങ്ങിവന്നു.
 മലയ്ക്ക് പോയി മടങ്ങിവന്ന ചന്തു  ആ കുട്ടിയുടെ വിവരമൊന്നും കാണാതെ പരിഭ്രമിച്ചു.അവൾ നിന്നെ വിളിച്ചെന്നും അവൾ വേറൊരാളുമായി ഇഷ്ടത്തിലാണെന്നും  ചന്തുവുമായുള്ള  ബന്ധം തുടരുന്നതിൽ താൽപര്യമില്ലെന്നും  അവൾ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ പോവുകയാണെന്നും ഇനി അവളെ ശല്യപ്പെടുത്തരുതെന്ന് അവൾ പറഞ്ഞെന്നും നീ  മകനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അവൾ ഗർഭിണിയാണെന്ന് അവനും ആ കുട്ടിക്കും  മാത്രം അറിയാവുന്ന കാര്യമായിരുന്നതിനാൽ അത് അമ്മ അറിയണമെങ്കിൽ നീ പറഞ്ഞതുപോലെ അവൾ നിന്നെ  വിളിച്ച് സംസാരിച്ചതാകാമെന്ന് അവൻ വിശ്വസിച്ചു.അവൻ അവളെ വിളിച്ചുനോക്കി.അവളുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. പിന്നീട്  ബാംഗ്ലൂരിൽ പോയി.അവളെ അന്വേഷിക്കാവുന്നിടത്തെല്ലാം അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. അവൻ നിന്നോട് പോലും പറയാതെ രഹസ്യമായി അവളുടെ നാട്ടിൽ ചെന്നു.അവിടെ അവളുടെ വീട്ടുകാർ അവൾക്ക് നിശ്ചയിച്ചിരുന്ന കല്യാണം മുടങ്ങിയെന്നും അവൾ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്നുമായിരുന്നു  അവന്  കിട്ടിയ വിവരം. ഒരുപക്ഷെ അവൾ തന്നെ ചതിച്ചതായിരിക്കാം എന്നവനും വിശ്വസിച്ചു! സങ്കടം സഹിക്കവയ്യാതെ ബാംഗ്ലൂരിലെ  ജോലി രാജിവെച്ച് അവൻ ദുബായിലേക്ക് പോയി.” ശിവദാസൻ പറഞ്ഞു നിർത്തി
" ഈ സ്ത്രീ ഇതെല്ലം എന്തിന് ചെയ്തു എന്ന് പറഞ്ഞുകൊടുക്ക് അച്ഛാ!" ചന്തു വെറുപ്പോടെ സാവിത്രിയെ ചൂണ്ടി പറഞ്ഞു.
"പറയാം.പക്ഷെ അത് പറയുന്നതിന് മുൻപ് ഒരാൾ കൂടി ഇവിടെ വേണം." ശിവദാസൻ പറഞ്ഞു.
"സജി ! " അയാൾ ഉറക്കെ വിളിച്ചു.
വെളിയിൽ നിന്നും ഒരു വീൽചെയറുമായി സജി അങ്ങോട്ട് വന്നു.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എല്ലാവരും ആകാംഷയോടെ നിന്നു!
ശിവദാസൻ കണ്ണുകൾ കൊണ്ടെന്തോ ആംഗ്യം കാണിച്ചപ്പോൾ സജി അതുമായി  വീടിനകത്തേക്ക് കയറിപ്പോയി.
കുറച്ച് നേരം കഴിഞ്ഞപ്പോ ആ വീൽ ചെയറിൽ മാളുവിന്റെ മുത്തശ്ശിയുമായി സജി തിരിച്ചുവന്നു!
അവരുടെ കൂടെ ലീലയും ഉണ്ടായിരുന്നു.

To be continued ...............

രചന:അഞ്ജന ബിജോയ്

1 comment:

  1. മാളവിക ഒരു നല്ല കഥയാണ് ..ഇതുവരെയുള്ള എല്ലാ parts ഉം വായിച്ചു കഴിഞ്ഞു... വളരെ നല്ല ഒരു കഥ .. അതിലെ കഥാപാത്രങ്ങളെയും ഇഷ്ടമായി... ഓരോ നാളും ഈ കഥക്ക് വേണ്ടി കാത്തിരിപ്പാണ്... ഈ കഥക്ക് വേണ്ടി തൂലിക ചലിപ്പിച്ചവർക്കും നന്ദി പറയുന്നു.... ഇതുപോലെയുള്ള ഒരുപാടു നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot