നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

Image may contain: 1 person, smiling

••••••••••••••••••••••••••••••••••••
വയൽക്കിളികൾ കൂട്ടത്തോടെ കൂടണയുന്ന ഒരു സായംസന്ധ്യ. സായന്തനസൂര്യരശ്മികളാൽ സ്വർണ്ണവർണ്ണമണിഞ്ഞ നെൽക്കതിരുകളിൽ നിന്നും കൊക്കിലൊതുങ്ങിയ ഇളംകതിരുകളുമായി പനന്തത്തകളും മടങ്ങി തുടങ്ങി.
വയൽക്കരയിലെ ആ ഓലമേഞ്ഞ വീടിന്റെ മുറ്റത്തും ഉമ്മറത്തുമായി കൂട്ടിലിട്ട വെരുകിനെ പോലെ അവൻ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങിയിട്ട്‌ കുറച്ച്‌ നേരമായി. ഇടക്ക്‌ അകത്തെ ചുമരിലെ കരിപിടിച്ച്‌ കരുവാളിച്ച അജന്ത ക്ലോക്കിലെ സൂചികളിലേക്ക്‌ നോക്കി അവൻ ദീർഘനിശ്വാസം വിടുന്നുണ്ട്‌. പാടവരമ്പിലേക്ക്‌ കണ്ണു പായിച്ച്‌ തന്റെ ചേച്ചിയെ കാത്തിരിക്കുകയാണവൻ. അഞ്ചേമുക്കാലിന്റെ ബസ്സ്‌ പോയിട്ടിത്തിരി നേരമായി. ബസ്സിറങ്ങിയാൽ ഏറിയാൽ പതിനഞ്ച്‌ മിനുട്ട്‌ മാത്രമേ പാടം മുറിച്ച്‌ നടന്നാൽ ഈ വീട്ടിലേക്കുള്ളൂ. അവൻ എന്തോ ആലോചിച്ച്‌ അകത്തേക്ക്‌ കയറി.
“ദേവൂ അവൾ കൊയമ്പ്‌ കൊണ്ടന്നിട്ടുണ്ടേൽ അനത്തിയ വെള്ളം ഒഴിക്കൂട്ടോ”
മുത്തശ്ശിയാണു.
“ ഒന്നടങ്ങി കിടക്കമ്മേ അവളൊന്നിങ്‌ വന്നോട്ടെ”
ഈർഷ്യയോടെ നെഞ്ചിലൊരു കനലുമായി അവർ മുറ്റത്തേക്കിറങ്ങി പാടത്തേക്ക്‌ കണ്ണയച്ചു. വീണ്ടും ഉമ്മറത്തേക്ക്‌ കയറാൻ ഒരുങ്ങവേ കോലായിയിലെ നീളൻ കസേരയിൽ കഫം ചുമച്ച്‌ കൊണ്ട്‌
“നീയെന്റെ ബീഡി വാങ്ങിക്കാൻ ഓർമ്മിപ്പിച്ചാരുന്നോ”
അതിനും അവർ “ആ” എന്ന് പല്ലുറുമ്മിയ മുഖവുമായി ആംഗ്യം കാട്ടി.
ഷർട്ടുമിട്ട്‌ മുറ്റത്തേക്കിറങ്ങാനൊരുങ്ങിയ മകനെ കണ്ട ഉടനെ അകത്തേക്കോടി കൈയ്യിലൊരു തുണി സഞ്ചിയുമായി വന്നു മകന്റെ നേരേക്ക്‌ നീട്ടി.
“അവൾക്ക്‌ ആ ബസ്സ്‌ കിട്ടിക്കാണില്ല. ഇനി അവൾ വന്നിട്ട്‌ പോകുമ്പോളേക്കും റേഷൻഷാപ്പ്‌ പൂട്ടിപ്പോകും നീ അവളുടെ കൈയ്യീന്ന് പൈസ വാങ്ങി അരി വാങ്ങിക്കണം വരുമ്പോൾ. നാളെ കഞ്ഞി വെക്കാൻ അരിയില്ല”
“തള്ളേ.. എന്നെ കൊണ്ടൊന്നും പറയിക്കണ്ട.”
നീട്ടിയ തുണിസഞ്ചി കൈകൊണ്ട്‌ തട്ടിമാറ്റിയിട്ടും ദേഷ്യം തീരാതെ കോലായിൽ വെള്ളം നിറച്ച്‌ വച്ച മൊന്തയും ചവിട്ടി തെറിപ്പിച്ച്‌ ഭൂമി കുലുക്കി കൊണ്ടവൻ ഇറങ്ങി പോയി.
അവൻ പോയ വഴിയെ തെറിച്ച്‌ വീണ മൊന്തയും എടുത്ത്‌ അവർ ഉമ്മറത്തേക്ക്‌ കയറുമ്പോളും ആവശ്യക്കാരുടെ കണ്ണുകൾ പാടത്തിലെ നടവഴിയിലായിരുന്നു.
“ശനിയാഴ്ച കൂലി കിട്ടുന്ന ദിവസമെങ്കിലും ഇത്തിരി നേരത്തെ വന്നൂടല്ലൊ ചേഷ്ടക്ക്‌”
മനസ്സിൽ പ്രാകി കൊണ്ട്‌ അവൻ ബസ്സ്‌ സ്റ്റോപ്പിൽ എത്തുമ്പൊഴേക്കും ബസ്സ്‌ ആളുകളെ ഇറക്കി മുരണ്ട്‌ കൊണ്ട്‌ മുന്നോട്ട്‌ നീങ്ങി തുടങ്ങിയിരുന്നു.
ദൂരെ നിന്നേ അവൻ ആ നിറം മങ്ങിയ കോട്ടൻ സാരിയിലെ തന്റെ ചേച്ചിയെ തിരിച്ചറിഞ്ഞു. ബസ്സ്സ്റ്റോപ്പിലെ ആൾക്കാരുടെ ഇടയിൽ വച്ച്‌
അവളുടെ കൈയ്യിൽ നിന്ന് പൈസ വാങ്ങിക്കാൻ അവന്റെ ആത്മാഭിമാനം അനുവദിക്കാത്തതിനാൽ അവൻ ഇത്തിരി മാറി കാത്തു നിന്നു.
ബസ്സിറങ്ങിയ അവൾ തൊട്ടടുത്ത ചായക്കടയിൽ കയറി എന്തോ പൊതിഞ്ഞു വാങ്ങിക്കുന്നത്‌ കണ്ടെങ്കിലും അപ്പൊഴേക്കും അവന്റെ ക്ഷമ നശിച്ചിരുന്നു. ഇനിയും വൈകിയാൽ ചിലപ്പോൾ കൂട്ടുകാർ തന്നെ കൂട്ടാതെ പരിപാടി തുടങ്ങിയേക്കും എന്ന ചിന്ത അവന്റെ കാലുകൾക്ക്‌ വേഗത കൂട്ടി.
പക്ഷെ കടയിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിക്ക്‌ എതിർ ദിശയിൽ നടക്കാനിറങ്ങിയ അവളെ പിന്നിൽ നിന്ന് വിളിച്ച്‌ നിർത്താൻ അവനപ്പോൾ തോന്നിയില്ല.
അങ്ങനെ പലഹാരങ്ങൾ വീട്ടിലേക്ക്‌ വാങ്ങിക്കുന്ന പതിവ്‌ അവൾക്കില്ല. പിന്നെ ആർക്കാണു,ആരെ കാണാനാണു അവൾ പലഹാരവുമായി പോകുന്നത്‌. നാട്ടുകാർ പറയുന്നത്‌ ചിലതൊക്കെ അവന്റെ മനസ്സിലേക്കോടിയെത്തി. അവന്റെ മുഖം വലിഞ്ഞു മുറുകി. അവൻ അവളുടെ പിന്നാലെ ഒരകലം വച്ച്‌ നടക്കാൻ തുടങ്ങി.
“ദേണ്ടെടാ നിന്റെ മദാ….”
വഴിയരികിൽ അവർക്ക്‌ എതിർവശത്ത്‌ കൂടി വന്ന രണ്ട്‌ സുമുഖന്മാർ അവളെ കണ്ട്‌ പറയാൻ വന്നത്‌ പിന്നാലെ അവനെയും കണ്ടതിനാൽ പാതിയിൽ വിഴുങ്ങി.
അവൻ അത്‌ കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ നടന്നു. ‘ശരിയാ ആരും കൊതിച്ച്‌ പോകുന്ന സുന്ദരിയാണു തന്റെ ചേച്ചി’.
ഇവരുടെ പോക്കിൽ അസ്വാഭാവികത തോന്നിയതിനാലും എന്താ കാര്യം എന്നറിയാനുള്ള കൗതുകത്താലും അവരും അവന്റെ പിന്നാലെ ഇത്തിരി മാറി പിന്തുടരാൻ തുടങ്ങി.
അവൾ നടത്തത്തിനു വേഗത കൂട്ടി. റോഡിൽ നിന്നിറങ്ങി ഇടവഴിയിലെ ആ പൊട്ടി പൊളിഞ്ഞ വീടിലേക്കുള്ള വഴിയിൽ നിന്ന് അവൾ ഒന്ന് തിരിഞ്ഞ്‌ ചുറ്റും നോക്കി. ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച്‌ അവളാ വീട്ടിലേക്ക്‌ നടന്നു. മുറ്റത്തെ ചപ്പ്ചവറുകളിൽ അവളുടെ കാലടികൾ ശബ്ദമുണ്ടാക്കാതിരിക്കാൻ വളരെ പതിയെ ആണവൾ നടക്കുന്നത്‌.
ഈ വീട്‌ അവനു പരിചയമുണ്ട്‌. അവളെ പണ്ട്‌ പാരലൽ കോളേജിൽ പഠിപ്പിച്ച ഒരു മാഷുടെ വീടാണിത്‌. അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും
ആ സമയങ്ങളിൽ എന്നും ഇവിടെ വരുമായിരുന്ന അവളിൽ നിന്ന് മകനെ രക്ഷിക്കാൻ താമസം മാറി പോവുകയാണെന്ന് നാട്‌ മുഴുവൻ പാടിയാണു അയാളുടെ അച്ഛനും അമ്മയും ഈ വീട്‌ വിറ്റ്‌ പോയത്‌,
എന്നിട്ടും എന്തിനവൾ ഇവിടേക്ക്‌ ഈ അസമയത്ത്‌ പോകുന്നു, ഇനി ഇവർ തമ്മിൽ ഇപ്പൊളും ബന്ധമുണ്ടാകുമോ? അതാകുമോ അവൾ വരുന്ന വിവാഹാലോചനകൾക്ക്‌ മുഴുവൻ എതിരു പറയുന്നത്‌? അവന്റെ ഉള്ളിൽ ചോദ്യങ്ങൾ തിരമാല കണക്കെ ഉയർന്ന് തുടങ്ങി. “നശിച്ചവൾ” ഇന്നത്തോടെ എല്ലാം തീർക്കണം. വീടിന്റെ അതിരിൽ നിന്നവൻ കൈയ്യിലൊതുങ്ങിയ ഒരു മരക്കമ്പ്‌ വലിച്ചൂരിയെടുത്തു.
“എന്റെ പൊന്ന് വയറു നിറയെ തിന്നോ”
പിന്നാമ്പുറത്തെ വാതിലിനോട്‌ ചേർന്ന ഭാഗത്ത്‌ നിന്ന് അവളുടെ പതിഞ്ഞ ശബ്ദത്തിലെ കൊഞ്ചൽ അവന്റെ കാതുകളിൽ തീ കോരിയിട്ടു. അവന്റെ പല്ലുകൾ കൂട്ടിയുരുമ്മുന്നുണ്ടായിരുന്നുന്നു. മുഖത്തേക്ക്‌ ഇരച്ചു കയറിയ രക്തം അവന്റെ കാഴ്‌ചയെ പോലും മറച്ചു. അവൻ എല്ലാ ശക്തിയും വലതുകൈയ്യിലെ മരക്കമ്പിലേക്കാവാഹിച്ച്‌ മെല്ലെ അവളുടെ അടുത്തേക്ക്‌ നീങ്ങി.
കാൽപെരുമാറ്റം കേട്ട്‌ തലയുയർത്തിയ അവൾ അവനെ കണ്ട്‌ യാതൊരു ഭാവമാറ്റവുമില്ലാതെ
ബാഗിൽ തിരുകിയ രണ്ട്‌ നോട്ടുകളിൽ നിന്ന് ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത്‌ അവന്റെ നേരെ നീട്ടി.
“നിന്റെ കഴിഞ്ഞ്‌ ബാക്കി വല്ലതും ഉണ്ടെങ്കിൽ അച്ഛനു ബീഡി കൊണ്ടുകൊടുക്കണം” അവളുടെ ശബ്ദം കേട്ട്‌ കൈയ്യിൽ നിന്ന് മരക്കൊമ്പ്‌ ഊർന്ന് വീണു. കുനിഞ്ഞ തലയുമായി അവൻ ആ പൈസ കൈയ്യെത്തി വാങ്ങുമ്പോളും മുന്നിൽ കൊണ്ടു വച്ച ആഹാരപ്പൊതി ഒന്ന് മണത്ത്‌ പോലും നോക്കാതെ ചലനശേഷി ഇല്ലാത്ത പിൻകാലുകളിൽ ഇഴഞ്ഞ്‌ മുൻകാലുകൾ അവളുടെ കാലുകളിൽ തൊട്ട്‌ നാവു നീട്ടി അവളുടെ ഇടതുകൈ നക്കി തുടക്കുകയായിരുന്നു ആ ചാവാലിപട്ടി.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot