നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണവീട്ടിലെ കാഴ്ചകൾ

Image may contain: 1 person, closeup and outdoor

അതൊരു മരണ വീടായിരുന്നു. മുറ്റത്ത് അവിടവിടെ കൂടി നിന്ന ചിലരിൽ നിന്നുയർന്ന മർമ്മരങ്ങൾ ഒഴിച്ച് നിർത്തിയാൽ ആ വീട് തികച്ചും നിശ്ശബ്ദമായിരുന്നു. നാളുകൾ കൂടി പല പരിചിതമുഖങ്ങളും കണ്ടുവെങ്കിലും ഒരു പുഞ്ചിരി പോലും സമ്മാനിക്കാൻ കഴിയാതെ ഞാൻ തലകുനിച്ച് നടന്നു. അകത്ത് വെള്ളിനിറത്തിൽ നീളത്തിൽ ഉള്ള പെട്ടിയിൽ തണുത്തുവിറച്ച് നീണ്ടു നിവർന്ന് അദ്ദേഹം കിടക്കുന്നുണ്ടായിരുന്നു. ആ മുഖത്തേക്ക് ഞാൻ നോക്കി. പതിവ് പോലെ ആ മുഖത്ത് ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നുവോ??? അറിയില്ല. ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിച്ചു. ആരോടും മുഖം വീർപ്പിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അവസാനമായി കാണാൻ വരുന്നവർക്കും ആ പുഞ്ചിരി നൽകുകയാണ് അദ്ദേഹം എന്നെനിക്ക് തോന്നി. അങ്ങനെ തന്നെ ഞാൻ വിശ്വസിച്ചു.
എന്നെക്കാൾ രക്തബന്ധം ഉള്ളവർ പലരും ആ സമീപത്ത് തന്നെ ഉണ്ടായിരുന്നു. പതിവ് മരണവീട്ടിലെ പോലെ അലമുറയിട്ട് കരയുന്ന ആരെയും ഞാൻ കണ്ടില്ല. നിർവികാരമായ ഏറെ മുഖങ്ങൾ. ചങ്കിൽ തടഞ്ഞ സങ്കടത്തെ അമർത്തിപിടിച്ചുകൊണ്ട് ഞാൻ അല്പനേരം ആ സമീപത്തിരുന്നു. പലരും വരികയും മടങ്ങുകയും ചെയ്തു. അപ്പോഴും ആ നിശബ്ദത ഭേദിക്കപ്പെട്ടില്ല.
ആ അന്തരീക്ഷം വല്ലാതെ അലോസരം തോന്നിതുടങ്ങിയപ്പോൾ പുറത്തേക്കിറങ്ങി. പരിചിതമുഖങ്ങൾക്കിടയിലേക്ക് ഞാനും ചെന്നു. ആൾക്കൂട്ടത്തിനിടയിൽ ഏകാന്തത എന്നെ പൊതിയുന്നുണ്ടായിരുന്നു. സന്ദർഭത്തിന് വിപരീതമായി എല്ലാ കാര്യങ്ങളും പൊട്ടിച്ചിരിയോടെ അവതരിപ്പിക്കുന്ന ഒരു വിഡ്ഢിയെ ഞാൻ ആ കൂട്ടത്തിൽ കണ്ടു. അത് ഉൾകൊള്ളാൻ കഴിയാതെ വന്നപ്പോൾ വീണ്ടും തിരികെ വന്ന് അദ്ദേഹത്തിനരികിൽ ഇരുന്നു.
അല്പനേരം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് യാത്രക്കുള്ള സമയമായെന്നറിഞ്ഞു. പുത്രനുണ്ടായിട്ടും പുത്ര സ്ഥാനത്ത് നിൽക്കുന്നവരാൽ ദേഹശുദ്ധി വരുത്തി അദ്ദേഹം യാത്രക്ക് ഒരുങ്ങി. അവസാനയാത്രക്ക് തയ്യാറെടുക്കുമ്പോൾ ഉള്ളിൽ അല്പം സ്നേഹം ബാക്കിയുള്ളവരുടെ സങ്കടം പുറത്തേക്ക് അണപൊട്ടിയൊഴുകി.
അവസാനമായി ആർക്കെങ്കിലും കാണാൻ ഉണ്ടോ എന്ന പരികർമിയുടെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. ഓടി ചെല്ലാൻ മനസ്സ് പറഞ്ഞെങ്കിലും നിന്നിടത്ത് നിന്നും അനങ്ങാൻ എനിക്ക് കഴിഞ്ഞില്ല.
അവസാന യാത്രക്ക് വാഹനത്തിലേക്ക് കയറ്റുമ്പോൾ അദ്ദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞ വെറും ശരീരം മാത്രമായിരുന്നു. വാഹനം മെല്ലെ മുന്നോട്ട് നീങ്ങി. ഞാനും തിരിഞ്ഞ് നടക്കാൻ തുടങ്ങി. അവസാനമായി ഞാൻ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കി. ഇനിയൊരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ വരേണ്ടി വരാത്ത ആ മരണവീട്ടിലേക്ക്....

By Samini Gireesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot