Slider

തൊമ്മനും തുപ്പാക്കിയും

0
Image may contain: 1 person, beard
എഴുത്തും തെങ്ങും തമ്മിൽ തൊമ്മനും തുപ്പാക്കിയും പോലെ ബന്ധമുണ്ടെന്ന് അടുത്ത കാലത്താണ് മനസ്സിലായത്.
ഗുണമുള്ള വിത്താണെങ്കിൽ ഏത് മണ്ണിലും മുള വരും. എഴുത്തും അങ്ങിനെതന്നെ. ഉള്ളിൽ നിറഞ്ഞാൽ ഉറക്കത്തും എഴുന്നേറ്റ് എഴുതാം
വീടിന്റെ ചുറ്റുവട്ടത്ത് നട്ട്, തട്ടും തലോടലും കൊണ്ടാൽ തെങ്ങിൻ തൈ പെട്ടെന്ന് വളരും. ഉള്ളിൽ വിത്തിട്ട എഴുത്തിനെ ദൂരെ വിടാതെ, ഇടക്ക് തലോടി, താലോലിച്ചു, ഉമ്മ വെച്ച്, കൊഞ്ചിച്ചു, പിണക്കാതെ മടിയിൽ വെച്ച് ലാളിച്ചാൽ കഥയും കവിതയും കരുത്ത് കാട്ടും.
ഇനി ഒഴിക്കുന്ന വെള്ളത്തിനും ഇടുന്ന വളത്തിനും ഒരു കണക്കും കയ്യുമൊക്കെ വേണം...വീട്ടിലുള്ള "കച്ചറ" വെള്ളം മുഴുവൻ കിടക്കട്ടെയെന്നു വിചാരിച്ചു തെങ്ങിൻ ചുവട്ടിൽ ഒഴിച്ചാൽ ചിലപ്പോൾ മൂട് കെട്ടുപോകും. ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ചാൽ മതി.. വളം ജൈവമാണെങ്കിൽ, സമയമെടുത്താലും ഇളനീർ ധൈര്യത്തിൽ കുടിക്കാം. പക്ഷെ രാസവളം ചേർത്തു അപ്പുറത്തു പെട്ടെന്ന് വലുതാവുന്ന തെങ്ങുകളോട് അസൂയ പാടില്ല..അവയൊക്കെ കൊപ്രയാക്കി വിൽക്കാനുള്ളതാണ്. സ്വന്തമായി എഴുതുന്നതിനോട് ഒരു സ്നേഹം ആദ്യം വേണം.. കഴിയുന്നതും പുറത്തു നിന്ന് ഒരു വളവും വാങ്ങിക്കരുത്..സ്വന്തം മനസ്സിനോട് കടം ചോദിക്കുക. കിട്ടുന്നില്ലെങ്കിൽ വിട്ടേക്കുക...പുറത്തുപോയി കോലു മിട്ടായി തിന്നുകയോ കൂട്ടുകാരോടൊത്ത് ഒരു മസാല ചായ കുടിക്കുകയോ ആവാം...
തെങ്ങിൻ തൈക്ക് ഏറ്റവും പെട്ടെന്ന് പിടിക്കുന്ന രോഗം "തിരി കൂമ്പടയലാണ്". ഏതു കീടമാണ് ബാധിച്ചതെന്നു പെട്ടെന്ന് തിരിച്ചറിഞ്ഞു പ്രതിരോധം തീർത്താൽ പ്രശ്‌നം പശുവിൻ നെയ്യ് കുടിക്കുന്നത്പോലെ തീർക്കാം.. എഴുത്തുകാർക്കും ഈ കൂമ്പടയൽ ബാധിക്കാറുണ്ട്.. പലരും ചെയ്യുന്നത് സ്വന്തം വാളിൽ മൂന്നു നേരം "ഒന്നും എഴുതാൻ പറ്റുന്നില്ല" എന്ന് പറഞ്ഞു കരയുകയാണ്. ആ സമയത്ത് ഇതൊന്നും ആരോടും പറയാതെ സ്വസ്ഥമായിരുന്നു കീടം ശരീരത്തിന്റെ ഏതു ഭാഗത്താണ് ബാധിച്ചിരിക്കുന്നത്, ഉപ്പിട്ടാൽ മാത്രം മതിയോ, ചെറിയ മരുന്ന് തളിയിൽ പോകുമോ അതോ "ഓപ്പറേഷൻ ഒന്നെഴുതൂ" പോലുള്ള സർജിക്കൽ സ്ട്രൈക്ക് വേണോ എന്നൊക്കെ ആലോചിക്കാവുന്നതാണ്..
സാധാരണ ആളുകൾക്ക് ഒരു പ്രശ്‌നമുണ്ട്.. തെങ്ങിന് നാലഞ്ചു നല്ല കുലകൾ ആദ്യം വന്നാൽ പിന്നെ എല്ലാ കുലകളും അതേ വലിപ്പത്തിൽ, കാമ്പിൽ തന്നെ വരണമെന്ന് വാശി പിടിക്കും. തെങ്ങിനോട് വെറുതെ കലഹിച്ചിട്ടു കാര്യമില്ല.. തെങ്ങ് ഒരു "ജൈവ" വസ്തുവാണ്, കല്ലുവെട്ട് യന്ത്രമല്ല... ഒന്ന് രണ്ടു നല്ല കഥകൾ/കവിതകൾ എഴുതിയാൽ പിന്നെ എല്ലാ കാലവും അതേ നിലവാരമുള്ളത് തന്നെ വേണമെന്ന് എതിരാളികൾ പറഞ്ഞാലും കേൾക്കരുത്...
കടന്നു വരുന്ന എഴുത്തു കുട്ടിയെ വഴിയിൽ തടയരുത്..പിറക്കട്ടെ, എന്നിട്ട് തൂക്കം കുറവാണെങ്കിൽ/നിറം പോരെങ്കിൽ വിദഗ്ദ്ധ ചികിൽസക്കായി വിട്ടു കൊടുക്കുക.
ചിലർ തെങ്ങു കൃഷി മാത്രമേ ചെയ്യൂ. തറവാടിത്തമുള്ള കൃഷിയാണത്രെ അത്. ഇക്കൂട്ടർ ഇടവിളകൾ ഇറക്കുകയില്ല.. അവരുടെ തേങ്ങക്ക് കാമ്പും കുഴമ്പും കൂടുതലുണ്ടാവുന്നത് സ്വാഭാവികം.. മറ്റുള്ളവർ ഇടവിളയായി ചേമ്പും ചീരയും പയറും നടും...എഴുത്തിലും ഇങ്ങിനെ ഇടവിള കൃഷിക്കാരെ കാണാം.. വയറ്റിളക്കം ഉണ്ടാക്കാത്ത എന്തും എഴുതട്ടെ, അല്ല, കൃഷി ചെയ്യട്ടെ.. അങ്ങിനെ നാട് കൃഷിയിലും എഴുത്തിലും സ്വയം പര്യാപ്തത പ്രാപിക്കട്ടെ .
തെങ്ങ് വളർന്നു കുറച്ചു വലുതായാൽ, പിന്നെ ചിലർ അതിനെ ശ്രദ്ധിക്കില്ല. എന്നും ഫലം തരുമെന്ന് കരുതും...അത് പാടില്ല. ഇടക്ക് തടമെടുത്ത് ചാണകപ്പൊടിയൊക്കെ വിതറിക്കൊടുക്കണം, ഉണങ്ങിയ ഓല വെട്ടിയിടണം, ഉറച്ചുപോയ മടലുകൾ ഇളക്കണം. അല്പം പേരും പദവിയുമൊക്കെ വന്നാൽ എഴുത്തുകാരും പലപ്പോഴും ഇങ്ങിനെയാണ്‌. ഒന്നുകിൽ പഴയ കൃതികളിൽ കൃതാർത്ഥരായി ചടഞ്ഞുകൂടും അല്ലെങ്കിൽ സ്വന്തം പേജിൽ രണ്ടു വരി എഴുതി രണ്ടായിരം ലൈക്കും വാങ്ങിച്ചു അടങ്ങിയിരിക്കും.
ദൗർഭാഗ്യവശാൽ തെങ്ങിന് മണ്ഡരിയോ മാറാരോഗമോ ബാധിച്ചാൽ അതിന്റെ ചുവട്ടിൽ തലവെച്ചു വിലാപ ഗാനം പാടിയതുകൊണ്ടു കാര്യമില്ല. മൂടോടെ മുറിച്ചു കളഞ്ഞു പുതിയ തൈകൾ വെക്കുക.. എഴുത്തും അങ്ങിനെതന്നെ. തല്ക്കാലം നിർത്തി വെക്കുക - പുതിയ ചിറകുകൾ മുളക്കുന്നതിനായി കാത്തിരിക്കുക..
കൂടുതൽ ഉപദേശങ്ങൾക്ക് അടുത്തുള്ള തെങ്ങെഴുത്ത് ഭവനുമായി നിങ്ങളുടെ തൂമ്പയും തൂലികയും ലിങ്ക് ചെയ്യുക.. 😃🏃‍♀️
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo