നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവഹിതം
ഒരു ബുജി ലുക്ക് വേണം പ്ലെയിൻ കണ്ണട വയ്ക്കാം. മുടി ഉയർത്തി കെട്ടാം. ഇപ്പോ ഏതാണ്ട് ഒരു ലുക്ക് വന്നു.ഈശ്വര മൂന്ന് മാസമായി കാത്തിരുന്ന ആദ്യത്തെ അസൈൻമെന്റ് ആണ്, ഒന്ന് കൂടെ ഉണ്ടാവാണേ... മലയാളം വിഷൻ മാസികയിൽ സബ് എഡിറ്റർ ആയിട്ട് ജോലി കിട്ടിയപ്പോ എങ്ങും ഇല്ലാത്ത സന്തോഷമായിരുന്നു. പക്ഷേ എനിക്കായിട്ടു ഒരു പേജ് വാർത്ത അല്ലെങ്കിൽ ഒരു കഥ പോലും ഇടാൻ എഡിറ്റർ സമ്മതിച്ചില്ല. ഇന്നലെ രാവിലെ മീറ്റിംഗിൽ എനിക്ക് ഒരു അസൈൻമെന്റ് തന്നു. ചാരിറ്റി കോളം എഴുതാൻ. അപ്പൊ തന്നെ നാട്ടിലെ സകല  അനാഥാലയങ്ങളും വൃദ്ധസദനങ്ങളും മറ്റും ഞാൻ അരിച്ചു പെറുക്കി.
ദേവിയെ ഒരു 10 പേരും വിവരവും കൊണ്ട് എഡിറ്റർ സാറിനെ കണ്ടാൽ മതി. ഒന്നും കൊണ്ട് പോയാൽ rejected എന്ന് പറയും. ഹരി അവന്റെ പ്രവർത്തി പരിചയത്തിൽ ഉപദേശിച്ചു. എന്തായാലും ഒരു അഞ്ചു സ്ഥാപനങ്ങൾ തിരഞ്ഞെടുത്തു. ഭാഗ്യം അവസാനത്തെ പേര് എഡിറ്റർ സാറിനു ബോധിച്ചു. അപ്പോ നാളെ തന്നെ സ്റ്റോറി ചെയ്തോ താമസിക്കണ്ട ആജ്ഞാപിയ്ക്കുകയും ചെയ്തു. പിന്നെ ഒന്നും ആലോചിച്ചില്ല സ്ഥാപനത്തിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവർക്കു കേട്ട പാതി കേൾക്കാത്ത പാതി ശരി ശരി എന്ന് പറഞ്ഞു ഫോൺ വച്ചു.
ഹോണ്ട ആക്ടിവ പതിവിലും സ്പീഡിൽ എത്തിച്ചു എന്നെ ഓഫീസിൽ. എഡിറ്റർ എത്തി .പതിവ് പോലെ എല്ലാവരെയും വിളിച്ചു അന്നത്തെ ദിവസത്തെ പരിപാടികൾ ചോദിച്ചു എന്നിട്ടു എന്നെ നോക്കി പറഞ്ഞു ആദ്യത്തെ അസൈൻമെന്റ് ആണ്. തന്റെ ഭാവി ഇതിലൂടി എനിക്ക് മനസിലാകും. ഒരു തരാം മെന്റൽ പ്രഷർ ആയിരുന്നു വാക്കുകൾ. ഇതു നന്നായില്ലെങ്കിൽ ജോലി പോകുമോ? പിന്നെ ഞാൻ എന്ന ചെയ്യും? വന്ന ഉഷാറൊക്കെ പോയി.  ഡോ ടെൻഷൻ വേണ്ട ഇതൊക്കെ എല്ലായിപ്പോഴും അങ്ങേരു പറയുന്നത ...താൻ പോയി ചെയ്തേച്ചു വാ. കാറും ഡ്രൈവറും വേണുവേട്ടൻ ക്യാമറയുമായി പുറത്തു തനിക്കു വേണ്ടി വെയിറ്റ് ചെയുകയാ. ഹരിയുടെ വാക്കുകൾ കുറച്ചു ആശ്വാസമായെങ്കിലും വല്ലാത്ത ഒരു പേടിയുണ്ടായിരുന്നു.

വേണുവേട്ടൻ സ്ഥലമൊക്കെ പറഞ്ഞു കൊടുത്തു ഡ്രൈവർക്കു ഞാൻ പ്രാർത്ഥിച്ചു ഇരുന്നു. പറഞ്ഞ സ്ഥലമെത്തി പക്ഷേ ഡിവൈൻ ഹോം എന്ന സ്ഥാപനം കണ്ടെത്താനായില്ല. അനാഥാലയം അല്ലേ വേണുവേട്ടൻ ചോദിച്ചു. അതേ ചേട്ടാ ഞാൻ പുറത്തേക്കു നോക്കി ബോർഡിനായി പരതി. ഇല്ല ഇവിടെയെങ്ങും കാണുന്നില്ലല്ലോ? ഞാൻ മൊബൈൽ എടുത്തു സ്ഥാപനത്തിലേക്ക് വിളിച്ചു. എടുത്തത് അതിന്റെ നടത്തിപ്പുകാരി തന്നെയാണ്. അവർ സ്ഥലം പറഞ്ഞു തന്നു. ഞങ്ങൾ നിർത്തിയതിനടുത്തു ഒരു പച്ചക്കറി കട അതിനു തൊട്ടടുത്ത് ഒരു ചെറിയ ബോർഡിൽ ഡിവൈൻ ഹോം എന്ന് എഴുതിയിട്ടുണ്ട്. താഴേക്ക് കുറച്ചു പടിക്കെട്ടുകൾ. ഇതാണോ ദേവി കണ്ടുപിടിച്ച സ്ഥാപനം? വേണുവേട്ടൻ പുച്ഛത്തോടെ ചോദിച്ചു. ഒന്നും മിണ്ടാതെ പടിക്കെട്ടുകൾ ഇറങ്ങി.

പഴയ ഓടിട്ട കെട്ടിടം...പക്ഷേ വൃത്തിയായി ഇട്ടിട്ടുണ്ട്. ഇളം റോസ് നിറത്തിലുള്ള സാരി ഉടുത്തു ഒരു സ്ത്രീ ഇറങ്ങി വന്നു മാസികയിൽ നിന്നും അല്ലേ? അതേ എന്ന് പറഞ്ഞു ഞങ്ങൾ മെല്ലെ അവിടേയ്ക്കു കയറി. ഞങ്ങൾ പേര് പറഞ്ഞു പരിചയപെട്ടു. അവരുടെ പേര് മറിയ. സ്ഥലം കണ്ടപ്പോ തന്നെ എന്റെ എല്ലാ കോൺഫിഡൻസും നഷ്ടമായി. എന്താ ചോദിക്കേണ്ടത് എന്ന് പോലും മറന്നു. മറിയ പക്ഷേ ഒരു ചിരിയോടു കൂടി പറഞ്ഞു തുടങ്ങിയിരുന്നു.

ഇതുവരെ ഒരു പത്രത്തിൽ നിന്നോ ചാനലിൽ നിന്നോ മാസികയിൽ നിന്നോ ഇവിടെ വന്നിട്ടില്ല. ആദ്യമായിട്ടാണ് നിങ്ങൾ വരുന്നത്. പള്ളിയിൽ പലരും പറഞ്ഞു ഇങ്ങനെത്തെ സ്ഥാപനങ്ങൾ ഉയർച്ചയിലെത്തുന്നത് നിങ്ങളെ പോലുള്ള പത്രപ്രവർത്തകര് വഴിയാണ് എന്ന്. എന്തോ എനിക്ക് ആരെയും സമീപിക്കാൻ തോന്നിയില്ല. ദൈവം കാത്തോളും എന്ന് കരുതി. ഇപ്പൊ ദൈവത്തിനു തോന്നി കാണും സമയമായി എന്ന് അതാണല്ലോ നിങ്ങൾ ഇവിടെ എത്തിയത്. ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്ക് വല്ലാത്ത പോസിറ്റീവ് എനർജി വന്നു. പിന്നെ ഒരു ജേർണലിസ്റ്റിന്റെ ചോദ്യങ്ങൾ എന്നിൽ നിന്നും വന്നുതുടങ്ങി

ചോദ്യം:എന്നാണ് സ്ഥാപനം തുടങ്ങിയത്?
ഉത്തരം: 10 വർഷത്തോളമായി
ചോദ്യം: എന്തായിരുന്നു ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ തോന്നിയത്  ?
ഉത്തരം: ഇതൊരു തോന്നൽ കാരണം തുടങ്ങിയതല്ല. അത്രയ്ക്ക് കാശു ഒന്നും എനിക്കില്ല. സാഹചര്യം എന്നെ കൊണ്ട് എത്തിച്ചതാണ്. ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ദൈവ ഹിതം ഇതായിരുന്നു.

ചോദ്യം: എന്തായിരുന്നു സാഹചര്യം?
ഉത്തരം: പത്തു വർഷത്തിന് മുൻപു തടവുക്കാർക്ക്  തയ്യൽ പഠിപ്പിക്കാൻ അവസരം കിട്ടി. ജയിലിൽ ഉള്ള സ്ത്രീകളെ തയ്യൽ പഠിപ്പിക്കുക അതായിരുന്നു ജോലി. അങ്ങനെ പോയപ്പോ പരിചയപ്പെട്ട ഒരു സ്ത്രീ എന്നോട് അവരുടെ മകന് 6 വയസാണെന്നും അവൻ അമ്മുമ്മയുടെ കൂടെ നിൽക്കുകയാണെന്നും പറഞ്ഞു. അമ്മുമ്മയ്ക്കു പ്രായമായതിനാൽ നോക്കാൻ പറ്റുന്നില്ല അത് കാരണം അവൻ പഠിക്കാൻ പോകുന്നില്ല എന്നും പറഞ്ഞു. എനിക്ക് വല്ലാത്ത വിഷമം തോന്നി. പെട്ടെന്ന് എനിക്ക് തോന്നി കുട്ടിയെ പഠിപ്പിക്കണം എന്ന്. അവർക്കു ഒരു വർഷവും കൂടി ഉണ്ടായിരുന്നു ശിക്ഷ. ഒരു വർഷമല്ലേ എന്ന് എനിക്ക് തോന്നി ഞാൻ അവരോടു ചോദിച്ചു എന്റെ കൂടെ നിർത്തി സ്കൂളിൽ വിടട്ടെ എന്ന്. സ്ത്രീയുടെ കണ്ണിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെ സൂരജ് എന്റെ കൂടെ വീട്ടിൽ വന്നു. എന്റെ കുട്ടികൾ പോകുന്ന അതേ ഗവണ്മെന്റ് സ്കൂളിൽ ചേർത്തു. ഒരു വർഷം ഞാൻ നോക്കി. പിന്നെ അവന്റെ 'അമ്മ വന്നു കൊണ്ട് പോയി. അതായിരുന്നു തുടക്കം.

ചോദ്യം: സൂരജ് ഒരു വർഷം കഴിഞ്ഞു പോയല്ലോ? ഇപ്പൊ 16   കുട്ടികൾ അതെങ്ങനെ സംഭവിച്ചു?
ഉത്തരം: 16   അല്ല  18   എന്റെ കുട്ടികളും അവരോടൊപ്പം തന്നെയാണ് വളരുന്നത്. എല്ലാരും എന്നെ അമ്മച്ചി എന്ന വിളിക്കുന്നതും. സൂരജ് പോയിക്കഴിഞ്ഞും ഞാൻ തയ്യൽ പഠിപ്പിക്കാൻ ജയിലിൽ പോകുമായിരുന്നു. പല പല ജീവിത അനുഭവങ്ങൾ കേട്ട് ഞാൻ തളർന്നു പോയിരുന്നു. ഒരു രണ്ടു മാസം കഴിഞ്ഞില്ല വീണ്ടും സൂരജിന്റെ 'അമ്മ ജയിൽ എത്തി. പോലീസ്ക്കാർ പറഞ്ഞ അറിഞ്ഞത് ഇപ്രാവശ്യം വ്യഭിചാര കുറ്റമാണ് അവർക്കു. അവിടെ ചില പോലീസ് ചേച്ചിമാരുമായി ഞാൻ കൂട്ടായിരുന്നു. അങ്ങനെ അവരോടു ചോദിച്ചു സ്ത്രീയുടെ കേസുകളെ കുറിച്ച്. ചെറിയ കേസുകൾക്കു അവർ സ്ഥിരമായി എത്താറുണ്ട് ജയിലിൽ. മോഷണം വ്യഭിചാരം ചാരായവാറ്റു തുടങ്ങിയവയാണ് അവരുടെ കുറ്റങ്ങൾ. 3 മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭർത്താവു ഇല്ല. എങ്ങനെയോ ഒരു മകൻ ഉണ്ടായി. അവളുടെ മകൻ ഭാവിലെ ഒരു ഗുണ്ടയ തീർച്ച, എന്ന് പോലീസ് ചേച്ചി പറഞ്ഞപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി.കാരണം സൂരജ് നല്ല ബുദ്ധിയുള്ള കുട്ടിയാണ്. ഒരു പാവം. അവനെ കൂടെ നിർത്തിയാലോ? അധികം ചിലവൊന്നും വരുന്നില്ല. മക്കൾക്ക് കൊടുക്കുന്നതിൽ ഒരു പങ്കു. ഞാൻ അവന്റെ അമ്മയോട് കാര്യം അവതരിപ്പിച്ചു. അവർക്കു വലിയ സന്തോഷം. സ്വന്തം മകൻ നന്നാവണം എന്ന് ആഗ്രഹമില്ലാത്ത ഏതു അമ്മയ ഉള്ളത്? അങ്ങനെ സൂരജ് എന്റെ ഒപ്പം വന്നു. പിന്നെ പലരും ഇതറിഞ്ഞു എന്നോട് ചോദിക്കാൻ തുടങ്ങി. പോലീസ്ക്കാരും പറയാൻ തുടങ്ങി. അങ്ങനെ ഇവിടെ എത്തി നിൽക്കുന്നു.

ചോദ്യം: ഇപ്പൊ ഇവിടെയുള്ള എല്ലാ കുട്ടികളും തടവുകാരുടെ മക്കളാണോ?
ഉത്തരം: അല്ല, മൂന്ന് വര്ഷം മുൻപു ഞാൻ  സ്ഥിരമായി  ഇറച്ചി വാങ്ങുന്ന കടക്കാരൻ വിളിച്ചു. അയാളുടെ കടയുടെ മുൻപിൽ ഒരു കുട്ടി ഉണ്ടെന്നും ഒന്ന് അവിടേം വരെ ചെല്ലാനും പറഞ്ഞു. ഞാൻ അവിടെ എത്തിയപ്പോൾ കുട്ടിക്ക് ഭക്ഷണമൊക്കെ കൊടുത്തിരുന്നു ചേട്ടൻ. കാര്യം തിരക്കിയപ്പോൾ അവൻറെ 'അമ്മ മരിച്ചു പോയതാണെന്നും അച്ഛൻ രണ്ടാം വിവാഹം കഴിച്ചു എന്നും മനസിലായി. കഴിഞ്ഞ രാത്രി കുട്ടിയെ രണ്ടാനമ്മയും അവരുടെ ആങ്ങളയും ചേർന്ന് നന്നായി ഉപദ്രവിച്ചു. അച്ഛൻ ഒന്നും മിണ്ടാതെ നോക്കി നിന്നതേ ഉള്ളു എന്നും അവൻ പറഞ്ഞു. കുട്ടി അവർക്കു ഒരു ഭാരമായി അവന്റെ അച്ഛൻ പറഞ്ഞത്രേ എങ്ങോട്ടെങ്കിലും ഓടി പോകാൻ. അന്ന് മുതൽ അവൻ എന്റെയൊപ്പം ഉണ്ട്. പിന്നെ അങ്ങനെ കുട്ടികൾ വരൻ തുടങ്ങി.

ചോദ്യം: നമ്മുടെ നാട്ടിലെ നിയമം ഇതിനു അനുവദിക്കുന്നുണ്ടോ? ഇതിനൊക്കെ ഒരു നിയമമുണ്ടല്ലോ?
ഉത്തരം: എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. 6 കുട്ടികൾ ആയപ്പോഴാണ് ജയിലിലെ സുപ്രണ്ട് മാഡം ഇതൊരു രജിസ്റ്റേർഡ് സ്ഥാപനം ആക്കണമെന്നും അല്ലെങ്കിൽ പ്രേശ്നമാണെന്നും പറഞ്ഞു തന്നത്. മാഡം തന്നെ അതിനായി എന്നെ ഒത്തിരി സഹായിച്ചു. അങ്ങനെ ഡിവൈൻ ഹോം ആയി... ഒരു തണലായി പല കുട്ടികൾക്കും.

ചോദ്യം: മറക്കാനാവാത്ത എന്തെങ്കിലും അനുഭവം?
ഉത്തരം : ഓരോ കുട്ടികൾ വരുമ്പോഴും എന്നെ ഓരോന്നും പഠിപ്പിച്ചും കാണിച്ചും ആണ്. ഇത്ര ചെറു പ്രായത്തിൽ തന്നെ അവർ അനുഭവിച്ചത്അറിഞ്ഞാൽ നമ്മൾ കരഞ്ഞു പോകും. ഇനി ഞാൻ കൂടുതൽ പറയുന്നില്ല കാണിച്ചു തരാം...വരൂ...

(ഞങ്ങളെ കൂട്ടി മറിയ അല്ല അമ്മച്ചി അകത്തേക്ക് നടന്നു...)

മൂന്ന് മുറിയുള്ള വീടാണ്. 18 പേരാണ് ഇവിടെ താമസിക്കുന്നത്. 6 പേർ അഞ്ചു വയസിനു താഴെയുള്ളവരാണ്. 8 പേർ 10നും 14 നും ഇടയ്ക്കു പ്രായമുള്ളവർ. 4 പേര് 15 വയസിനു മുകളിൽ ഉള്ളവർ. അതിൽ അമ്മച്ചിയുടെ മകനാണ് മുതിർന്നത് 18 വയസു. മകൾക്കു 16ഉം.  അടുത്തുള്ള ഗവെർന്മെന്റ് സ്കൂളിൽ ആണ് പലരും പഠിക്കുന്നത് പിന്നെ +2 കഴിഞ്ഞ 2 പേർ മകനുൾപ്പടെ വിദൂര ഡിഗ്രിക്കു പഠിക്കുന്നു. രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്ന് വരെ 6 വയസിനു താഴെ ഉള്ളവരെ നോക്കുന്നത് അമ്മച്ചിയും രണ്ടു പേരും കൂടിയാണ്. സ്കൂൾ വിട്ടാൽ പിന്നെ എല്ലാരും കൂടി നോക്കും.

മുറിയെല്ലാം വൃത്തിയായി വച്ചിട്ടുണ്ട്. അഞ്ചു കുഞ്ഞുങ്ങൾ കളിക്കുകയും കരയുകയും ഒക്കെ ചെയുന്നുണ്ട്. എന്നാൽ ഒരു കുഞ്ഞു മാത്രം മിണ്ടാതെ തടി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ ഇരിക്കുകയാണ്. മുഖം ആവശ്യത്തിന് വലിപ്പമുണ്ട് എന്നാൽ ശരീരം തീരെ ശോഷിച്ചു ഇരിക്കുന്നു. അമ്മച്ചി അവന്റെ അടുത്തേക്ക് ചെന്നു. അമ്മച്ചിയെ കണ്ടപ്പോ ഒന്ന് ചിരിച്ചു. എന്തോ പറയുന്നുണ്ട്പക്ഷേ മനസിലാകുന്നില്ല. കുട്ടിയെ അമ്മച്ചി എടുത്തു. എന്നിട്ടു എന്നോട് ചോദിച്ചു. ഇവന് എത്ര വയസുണ്ടെന്ന് പറയാമോ? കണ്ടിട്ട് ഒരു ആറു മാസം. അല്ല രണ്ടു വയസായി. ഞാനും വേണുവേട്ടനും അന്യോന്യയം നോക്കി പോയി. അമ്മച്ചി അവനു ഒരു ഉമ്മ കൊടുത്തിട്ടു തൊട്ടിലിൽ ഇരുത്തി. എന്നിട്ടു ഞങ്ങളോട് പറഞ്ഞു. ജനിച്ചു ഒരാഴ്ച തൊട്ടു ഇവൻ മുലപ്പാലിന് പകരം കുടിച്ചത് ചാരായമാണ്. താരാട്ടു പാട്ടിനു പകരം അവൻ കേട്ടത് തെറിപ്പാട്ടാണ്‌. പട്ടിണി മാറ്റാൻ അവന്റെ 'അമ്മ വ്യഭിചാരത്തിന് ഇറങ്ങി. ആരുടെ കൂടെ അവൾ പോയാലും മോനെയും കൊണ്ട് പോകും. അവൻ ഇടയ്ക്കു ഉണരാതിരിക്കാൻ ചാരായം തൊട്ടു നാക്കിൽ വയ്ച്ചു കൊടുക്കും. ആദ്യം ഒന്ന് തൊട്ടു വച്ചാൽ മതിയായിരുന്നു. പിന്നെ പിന്നെ തുള്ളികളായി... അങ്ങനെ 9  മാസം അവനെ എന്റെ കൈയിൽ കിട്ടുമ്പോൾ വെറും ഒരു അസ്ഥികൂടം. കൈയിൽ കുറെ പൊള്ളിയ പാടുകൾ. ഇവൻ ഇടയ്ക്കു എപ്പോഴെങ്കിലും ഉണർന്നാൽ അമ്മയുടെ കൂടെ കിടക്കുന്ന ആളുടെ സമ്മാനം. കുഞ്ഞിനെ മനുഷ്യ കുഞ്ഞാക്കാൻ ഞങ്ങൾ  ഒരുപാടു പാടുപെട്ടു. ആദ്യം പാല് കുടിക്കാൻ പോലും അവൻ കൂട്ടാക്കിയില്ല. അവന്റെ 'അമ്മ ഇപ്പൊ ജയിലിൽ ആണ്. ഉടനെ ഇറങ്ങും പക്ഷേ അവൾക്കു ഇവനെ എപ്പോ വേണ്ടാന്നു പറയുന്നു. ഇടയ്ക്കു വന്നു കാണും കുറച്ചു രൂപ തരും തിരിച്ചു പോകും.
എന്റെയും വേണുവേട്ടന്റെയും കണ്ണുകൾ നിറയുന്നുണ്ട്. മനുഷ്യ ജന്മം ഇങ്ങനെയുമുണ്ടോ?
ഇതു പോലെത്തെ കഥകളാണ് ഇവിടെത്തെ മക്കൾക്ക് പറയാനുള്ളത്...എല്ലാം കൂടി നിങ്ങളുടെ മാസികയിൽ എഴുതാൻ പറ്റില്ലല്ലോ? അത് കൊണ്ട് വേണ്ട. അമ്മച്ചി പറഞ്ഞു. എനിക്ക് ഇവരെ മറ്റുള്ളവർ ശിക്ഷിക്കപ്പെട്ടവരുടെ മക്കളാണെന്ന്അറിയിക്കണമെന്നില്ല. പക്ഷേ ഇന്ന് ഇവരുടെ കാര്യങ്ങൾ നടത്താൻ എനിക്ക് പറ്റുന്നില്ല. സഹായഹസ്തങ്ങൾ വേണം. അത് എനിക്ക് വലിയ ഒരു ബാധ്യത ആണ് എന്നാലും കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റില്ല. അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കണം ഇതിനൊക്കെ എനിക്ക് സഹായം വേണം. അമ്മായി ഒരു ദീർഘ നിശ്വാസം വിട്ടു.

ചോദ്യം:അമ്മച്ചിയുടെ ഭർത്താവ് മറ്റു കടുംബാങ്ങങ്ങൾ?
ഉത്തരം: ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ്. എന്റെ താഴേ 2 അനിയന്മാർ ഉണ്ട് ഒരു അനിയത്തിയും അത് കാരണം പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. പിന്നെ തയ്യൽ പഠിക്കാൻ പോയി.  ചെറിയ തയ്യൽ പണി ചെയ്തു കാശ് കിട്ടും അത് കൊണ്ട് അപ്പനെയും അമ്മച്ചിയേയും സഹായിക്കും.വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. സാധാരണ ഒരു പെണ്ണ്. അപ്പോഴാ ഇച്ചായന്റെ കല്യാണ ആലോചന വന്നേ. അദ്ദേഹം വലിയ കുടുംബത്തിലെ ആയിരുന്നു. സ്ത്രീധനം ഒന്നും ചോദിക്കാതെ വന്നപ്പോ എന്റെ അപ്പനും അമ്മച്ചിയും സമ്മതിച്ചു. ഇച്ചായന്  അന്ന് മധ്യപ്രദേശിൽ ആയിരുന്നു ജോലി. അങ്ങനെ കെട്ടുകഴിഞ്ഞു ഞാനും അദ്ദേഹവും കൂടി അങ്ങ് പോയി. നാല് സന്തോഷമായ വർഷങ്ങൾ രണ്ടു കുഞ്ഞുങ്ങൾ. പെട്ടെന്ന് ഒരു ദിവസം ഓഫീസിൽ നിന്നും വന്ന അച്ചായന് ഒരു മാറ്റം സംസാരിക്കുന്നതിൽ പൊരുത്തക്കേട്. പനിയൊന്നുമില്ല പക്ഷേ കുളിരുന്നു എന്ന് പറഞ്ഞു പുതച്ചു മൂടി കിടന്നു. അടുത്ത ദിവസം കുഴപ്പമില്ലായിരുന്നു. ഞാൻ കരുതി വെള്ളമടിച്ചതായിരിക്കും എന്ന്. പക്ഷേ ഒരു ആഴ്ച കഴിഞ്ഞപ്പോ അദ്ദേഹത്തിനെ കാണാണ്ടായി. ഓഫീസിൽ പോയിട്ട് തിരിച്ചു വന്നില്ല. രണ്ടു ദിവസം കഴിഞ്ഞ തിരിച്ചു എത്തിയത്. ഡോക്ടറിനേ കാണിച്ചു. അപ്പോഴാ അദ്ദേഹത്തിന്റെ സമനില എന്തുകൊണ്ടോ തെറ്റിയിരിക്കുന്നു എന്ന് പറഞ്ഞു. രണ്ടു കുട്ടികളെയും കൊണ്ട് അവിടെ നില്ക്കാൻ എനിക്ക് തോന്നിയില്ല നാട്ടിലേക്ക് ട്രെയിൻ കയറി. രാത്രിലെപ്പോഴോ ഇച്ചായൻ ട്രെയിനിൽ നിന്നും ഇറങ്ങി പോയി.  രാവിലെ നോക്കിയപ്പോ അദ്ദേഹം ഇല്ല. കുറെ അന്വേഷിച്ചു പോലീസിൽ പരാതി കൊടുത്തു പ്രയോജനം ഉണ്ടായില്ല. പിന്നെ കുറെ നാൾ മറ്റുള്ളവരെ ആശ്രയിച്ചു കഴിഞ്ഞു. എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ? പതുക്കെ ഞാൻ ജോലി അന്വേഷിക്കാൻ തുടങ്ങി. പക്ഷേ 10ആം ക്ലാസ് വരെ പഠിച്ച എനിക്ക് എന്ത് ജോലി കിട്ടാനാ? അപ്പോഴാ തയ്യൽ തുടങ്ങിയാലോ എന്ന ചിന്ത വന്നതും...മെല്ലെ കുറെ തയ്യൽ കിട്ടുകയും ചെയ്തു. പിന്നെ തയ്ക്കാൻ തരാറുള്ള ഒരു ചേച്ചി പറഞ്ഞിട്ടാണ് ജയിലിൽ ജോലി കിട്ടുന്നത്.

ചോദ്യം: ഇത്രയും നാൾ എങ്ങനെ ചിലവിനുള്ള വരുമാനം കണ്ടെത്തി?
ഉത്തരം: ആദ്യമൊക്കെ തയ്യൽ കൊണ്ട് കിട്ടുന്ന വരുമാനം മതിയായിരുന്നു. കുട്ടികൾ കൂടിയപ്പോൾ പലരും അറിഞ്ഞു സഹായിച്ചു തുടങ്ങി. മുകളിൽ കണ്ട പച്ചക്കറി കടയിൽ നിന്നും ദിവസവും കുറച്ചു പച്ചക്കറികൾ തരും.ആഴ്ചയിൽ ഒരിക്കൽ ഇറച്ചി ഫ്രീ ആയിട്ട് കടക്കാരൻ തരും. പിന്നെ ചില കുട്ടികളുടെ അമ്മമാർ കാശു തരും....പക്ഷേ ഇപ്പൊ ഇതൊന്നും പോരാതായി.

മാസികയിൽ ഇതു അച്ചടിച്ച് വന്നാൽ സഹായം കിട്ടുമായിരിക്കും അല്ലേ? അമ്മച്ചി ദയനീയതയോടെ ചോദിച്ചു.  ഇനിയും കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്തോ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല . വേണുവേട്ടാ ഫോട്ടോ എടുത്തോളൂ...അത് പറഞ്ഞപ്പോൾ ചേട്ടന്റെ മുഖത്തെ വേദന കണ്ടു. അമ്മച്ചി തടി തൊട്ടിലിലേക്കു പോയി കുട്ടിയെ എടുത്തു വന്നു. ഇവന്റെ ഫോട്ടോ ഇടണം.ഇവന് മരുന്ന് വാങ്ങാൻ പൈസ ഇല്ല ഏതെങ്കിലും നല്ല മനസിന്സഹായിക്കാൻ തോന്നിയാലോ? വേണുവേട്ടൻ നിറകണ്ണുകളോടെ കുറെ ഫോട്ടോ എടുത്തു.

അമ്മച്ചി ഞങ്ങളോടൊപ്പം പടിക്കെട്ടുകൾ കയറി വന്നു."ദൈവം നിങ്ങളെ അനുഗ്രഹിക്കും. ആരും ചോദിക്കാതെ നിങ്ങൾ വന്നല്ലോ? ദൈവമുണ്ട്" അമ്മച്ചി പുഞ്ചിരിയോടെ പറഞ്ഞു. വേണുവേട്ടൻ പോക്കറ്റിൽ നിന്നും ആയിരം രൂപ എടുത്തു അമ്മച്ചിയുടെ കൈയിൽ പിടിപ്പിച്ചു. വേണ്ട എന്ന് പറയാതെ ദൈവം അനുഗ്രഹിക്കട്ടേ ....എന്ന് പറഞ്ഞു. ഒന്നും മിണ്ടാതെ ഞങ്ങൾ കാറിൽ കയറി....

ദൈവം അനുഗ്രഹിക്കട്ടെ....ദൈവം നല്ല മനുഷ്യരെ  ഇവരെ സഹായിക്കാൻ വേണ്ടി അയക്കട്ടെ....എനിക്ക് കിട്ടിയ ജോലി ഇതു ലോകത്തെ അറിയിക്കുക എന്നതാണ്... ബാക്കി അമ്മച്ചി പറഞ്ഞത് പോലെ ദൈവ ഹിതം ...
മനസ്സിൽ തൊട്ടെഴുതിയതു കൊണ്ടാണെന്നു തോന്നുന്നു എഡിറ്റർ സർ എന്റെ ഈ സ്റ്റോറി അപ്പ്രൂവ് ചെയ്തു. മാസിക ഇറങ്ങിയതോടെ അമ്മച്ചി വിശ്വസിച്ചിരുന്ന ദൈവം സഹായഹസ്തങ്ങൾ ധാരാളം അയച്ചു. എന്റെ ധർമ്മം പൂർത്തിയായില്ല. ഇനിയും ഉണ്ട് എനിക്ക് ചെയ്യാൻ പലതും. ഇത്തരം മനുഷ്യരെ രക്ഷിക്കാൻ. വീണ്ടും ഞാൻ അടുത്ത സ്ഥാപനം തേടി ഇറങ്ങി.......ദൈവഹിതം അല്ലാതെന്താ

By Devika Ramachandran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot