നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വടിയുടെ കഥ,

Image may contain: Shoukath Maitheen, hat and outdoor
''കുഞ്ഞിളം മേനി നിറയെ എണ്ണ തേച്ച് മുറ്റത്തേക്കിറക്കി വിട്ട എന്നെ
കാണാഞ്ഞപ്പോൾ , പറമ്പായ പറമ്പിലെല്ലാം തിരഞ്ഞ് മടുത്ത ഉമ്മ
ഒടുവിൽ ,
അമ്മിക്കല്ലിൻ ചോട്ടിൽ ചാരി വച്ചിരുന്ന കുറ്റിച്ചൂലിൽ നിന്ന് ഒരീർക്കിലി ഊരി എടുത്ത് ഉമ്മറത്ത് എന്നേയും കാത്തിരുന്നു, .......കുഞ്ഞ് വടിയും പിറകിൽ മറച്ചു പിടിച്ച്,.....
കട്ടിലിനടിയിൽ നിന്ന് എന്നെ കണ്ടെത്തിയ ഉമ്മ കൈയ്യിലെ ഈർക്കിലി കൊണ്ട് , തുടയിൽ ഈർക്കിലിയുടെ ഫോട്ടോസ്റ്റാറ്റ്
തന്നു....ഒന്നല്ല ഒരഞ്ചാറെണ്ണം....
അന്നാണ് ആദ്യത്തെ ' വടി കാണുന്നതും,...., അടി കിട്ടിയതും.,
മുറ്റം തൂക്കാൻ മാത്രമല്ല ചൂലെന്നും , അത് കുസൃതി
പിളേളർക്കുളള ചൂലിന്റെ അടി അവതാരമാണെന്നും അന്നാണ് അടിയന് മനസിലായത്.....!!!
പിന്നീട്.
ഞാൻ വടി കാണുന്നത് മദ്രസയിൽ ഓത്തിനു ചേർത്തപ്പോഴാണ്.....
വടി കൊണ്ട് മേശപ്പുറത്ത് അടിച്ച് കണ്ണുരുട്ടുന്ന ഉസ്ത്താദിന്റെ കൈയ്യിലെപ്പോഴും ഒരു വടിയുണ്ടായിരുന്നു, ....
ഇടക്കിടെ ആ വടിയുടെ തുമ്പു കടിക്കുകയും, താടിരോമങ്ങൾക്കിടയിലും , കക്ഷവും പുറവുമെല്ലാം ചൊറിയുകയും ചെയ്യുമായിരുന്നു ഉസ്ത്താദ് ....!!!
കുട്ടികൾ ഉച്ഛത്തിൽ ഓതി കൊണ്ടിരിക്കുന്ന സമയത്ത്,
പളളിയിൽ നിന്ന് മുക്രി വാങ്ക് വിളിക്കുമ്പോൾ മേശപ്പുറത്താഞ്ഞടിച്ച് ഉസ്ത്താദ് കണ്ണുരുട്ടും,.... മുണ്ടരുതെന്ന് കല്പ്പിക്കും....!!
ഉമ്മയുടെ ഈർക്കിലി പാടിനെ കൊന്നൊടുക്കി ഉസ്ത്താദിന്റെ വടി തുടയിലും മുട്ടിനു താഴേയും കോൽ കളി നടത്തിയ ദിനങ്ങളിൽ ,ഹൃദയം വേദന കൊണ്ട് ദഫ് മുട്ടു നടത്തുകയായിരുന്നു....!!
പ്രായം ചെല്ലുന്തോറും തുടകൾക്ക് വിശ്രമമില്ലായിരുന്നു
, വടി യുടെ അടിയിൽ നിന്ന് തുടയെ രക്ഷിക്കാൻ എനിക്കും എന്റെ സ്വഭാവത്തിനും കഴിഞ്ഞില്ല.....
മദ്രസയിലേ അറബി ചൂരലും, സ്കൂളിലെ മലയാളം ചൂരലും വാശിയോടെ ആടിത്തിമിർത്ത എന്റെ തുടകളിൽ, പിന്നീട്
പേര വടി , കാപ്പി വടി , ചീമ കൊന്ന, പുളി വടി ,
മുതലായവയുടെ കടന്നാക്രമണം തുടകളിൽ വേദനയുടെ പുതിയ പുതിയ ഫോട്ടോസ്റ്റാറ്റുകൾ വീണു കൊണ്ടിരുന്നു,....
ബാത്ത്റൂമിലിരിക്കുമ്പോൾ തുടയിലെ പാടുകളിൽ മുഖം വച്ചുരസി ഊതി സ്വയം സമാധാനിക്കുമായിരുന്നു....
ഏഴാം ക്ളാസു മുതൽ നിക്കറിൽ നിന്ന് വെളളമുണ്ടിലേക്കുളള മാറ്റം തുടയ്ക്കൊരു ആശ്വാസമായിരുന്നു....
തിണിർത്തു പൊങ്ങിയ സീമന്ത രേഖകൾക്ക് നാണം മറയ്ക്കാനുളള വസ്ത്രമായിരുന്നു ആ മുണ്ട്.....!!
പത്താം ക്ളാസിൽ വച്ചായിരുന്നു ഇംഗ്ളീഷ് സാറിന്റെ അവസാനത്ത വടി കൊണ്ടുളള അടിയുടെ കലാശക്കൊട്ട് അരങ്ങേറിയത്....
കലാശക്കൊട്ടായതു കൊണ്ടാണോ എന്നറിയില്ല തുടയിൽ നിന്നും നാലഞ്ചടി മാറി സ്ഥിതി ചെയ്യുന്ന
പർവ്വതങ്ങളുടെ താഴ് വാരത്തു കൂടി വടി കറങ്ങി സഞ്ചരിച്ചത് പുതിയ വേദനാനുഭവമായി,......!!
ഇരിക്കാനുളള അടിയന്റെ സ്വാതന്ത്രത്തിലേക്കുളള വടിയുടെ കടന്നു കയറ്റമായി അപലപിച്ച് ഇന്നാണെങ്കിലൊരു ഹർത്താലിനുളള വകയും... ചാനലുകാർക്കൊരു പാതിര ചർച്ചയ്കൂം വകയായേനെ....
അന്നത്തെ ആ അടിയിൽ, ഡസ്ക്കിൽ തല കുമ്പിട്ട് ഞാൻ കരഞ്ഞപ്പോൾ .......എതിർ വശത്തെ രണ്ടാമത്തെ ബഞ്ചിലിരുന്ന് ആരും കാണാതെ രണ്ട് മാൻ മിഴികൾ കൂടീ കരഞ്ഞെന്ന് വർഷാവസാനം പുറത്തിറങ്ങിയ ''ഓട്ടോഗ്രാഫി''ലൂടെയാണ് ഞാനറിഞ്ഞത്,......!!!
അന്നാണ് ''അടി''യിലൂടേയും പ്രണയം വരുമെന്ന് മനസിലായത്,......!!
പിന്നീടെന്നോ ആ പ്രണയത്തിന്റെ പേരിൽ ഉപ്പ വടി എടുത്തതും....
''വടി കൊടുത്തടി വാങ്ങിയ പ്രണയ ''മെന്ന പേരിൽ ഞാനൊരു കഥ എഴുതിയതും....
അങ്ങനെ ആ പ്രണയവും, കഥയും കാലത്തിന്റെ വഴിയിലെവിടയോ '' വടി ''യായി , ....
പിന്നീടൊരിക്കൽ ആ മാൻ മിഴികൾ ഈ മിഴികളിൽ നോക്കി തറപ്പിച്ചു പറഞ്ഞു , '' വടി വച്ചിടത്ത് കുട വയ്ക്കാത്തവനാണ് ഞാനെന്ന് ...!!
ഞാനന്ന് അവളേയും കൂട്ടി ''വടി'വേലുവിന്റെ സിനിമയ്ക്കു പോയി,....!!!!
പുതിയ കോശങ്ങൾ തീർത്ത തുടയിൽ പഴയ അടയാളങ്ങളൊന്നുമില്ലെങ്കിലും, മനസിലെന്നും വടി യും, അടിയും തെളിഞ്ഞ പാടായി തിണർത്ത് കിടക്കുന്നു,....
എങ്കിലും,.....
ചിലരുടെ നാക്കു കൊണ്ടുളള ''അടി' യുടെ കനത്ത പ്രഹരം ഇതു വരെ ഒരു വടിയും തന്നിട്ടില്ല,....ഒരു ചൂരൽ കഷായത്തിനും അതിന്റെ ഏഴയലക്കത്ത് പോലും വരാൻ പറ്റിയിട്ടില്ല.....
ആ പ്രഹരം തൊലിയുടെ കട്ടി പോലുമില്ലാത്ത ഹൃദയത്തിലാണ് ഏല്ക്കുന്നത് ....ഹൃദയമിടിപ്പു പോലും നിശ്ചലമാക്കാൻ ആ പ്രഹരത്തിന് കഴിയും......
മക്കളുണ്ടായപ്പോൾ വടി എടുക്കാൻ പല അവസരവും മക്കൾ തന്നു ....ഒന്നും പാഴാക്കാതെ '' അടിച്ചു പൊളി''ച്ചെന്ന് ഭാര്യ പറയുമെപ്പോഴും ......
വടി കൊടുത്തടി വാങ്ങുകയും,
അടിക്കാനായി വടി എടുക്കുകയും ചെയ്ത ഈ കൈകളിൽ ,
അവസാനത്തെ വടി കാലം തന്നു,
അടിയേറ്റ കാലുകൾ അടിവച്ചെടിവച്ച്
കാലത്തിന്റെ നെഞ്ചിലൂടെ ആയുസെത്തും വരെ ഊന്നി ഊന്നി നടക്കാനുളള ഊന്നുവടി....
വടി യാകും വരെ നടു നിവർത്തി വടി പോലെ നില്ക്കാൻ വടി ഓരെണ്ണം ആവശ്യമാണിന്ന്......!!
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot