നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 1


=അദ്ധ്യായം 1=
Read published parts here ( daily updated) : - https://goo.gl/wqBx8m
കീരു എന്ന കിരൺ, അച്ചു എന്ന അശ്വതി, മീനു എന്ന മീനാക്ഷി,, അപ്പു എന്ന അപ്പൂസ്‌, പ്രാഞ്ചി എന്ന ഫ്രാൻസിസ്....
ഇന്ന് അച്ചു എന്ന അശ്വതിയുടെ വീട്ടിൽ എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്.
അശ്വതിയുടെ ഡാഡി ദേവേട്ടൻ അവളുടെ കല്യാണം അങ്ങു തീരുമാനിച്ചു.
വെള്ളമടി, പുകവലി, വായിനോട്ടം, ഇവയൊന്നുമില്ലാത്ത രാഹുലാണ്‌ വരൻ..
ദേവന്റെ ഭാര്യ ശാലു എന്ന ശാലിനിയുടെ ഒരേ ഒരു സഹോദരനാണ് ദുബൈയിൽ ജോലി ചെയ്യുന്ന മനു എന്ന മനോജ്‌.
"നമ്മുടെ അച്ചുവിന് ഫോറിൻ പാർട്ടീസിനെ വേണ്ട പെങ്ങളെ..." അശ്വതിയുടെ വിവാഹാലോചന തുടങ്ങിയപ്പോൾതന്നെ മനു തീർത്തു പറഞ്ഞു.
"എന്റെ മോൾക്ക് കച്ചവടക്കാരെയും വേണ്ട...' ശാലുവിന്റെ അഭിപ്രായം അതായിരുന്നു...
സിറ്റിയിൽ സ്റ്റേഷനറിക്കടക്കാരനായ ദേവനെ വിവാഹംകഴിച്ചതിലുള്ള അതൃപ്തി ശാലു മറച്ചുവെച്ചില്ല.
വിവാഹത്തെ പറ്റി അശ്വതിയോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
"ഞാൻ കീരുവിനോടും, പ്രാഞ്ചിയോടും ചോദിക്കട്ടെ.'
"എന്തിനാണ് അവന്മാരോട് ചോദിക്കുന്നത്?" ദേവൻ ചോദിച്ചു.
ഒരു പണിയും ഇല്ലാത്ത ആ അലവലാതികളിലൊന്നിനെ തന്റെ മോളെങ്ങാനും പ്രേമിച്ചാൽ തന്റെ ആപ്പീസ് പൂട്ടുമെന്ന് ദേവനറിയാം. അശ്വതി തുടർന്നു.
"മീനുവിനോടും ചളിയനോടും ചോദിച്ചിട്ട് കാര്യമില്ല...അവർക്ക് ഒരു കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല" അപ്പുവിനെ അവൾ ചളിയൻ എന്നാണ് വിളിക്കുന്നത്.
രണ്ടുദിവസം കഴിഞ്ഞപ്പോൾ അശ്വതി ദേവനോട് പറഞ്ഞു.
"എന്റെ ചെറുക്കനെ കണ്ടുപിടിക്കുവാൻ ഞാൻ ഡാഡിയെ അനുവദിച്ചിരിക്കുന്നു....പക്ഷെ എന്റെ ഫ്രണ്ട്‌സ് എൻജോയ് ചെയ്യുന്ന രീതിയിലായിരിക്കണം ഫങ്ക്ഷൻ നടത്തുവാൻ"
ദേവന് ആശ്വാസമായി.....അയാൾ ശാലുവിനോട് പറഞ്ഞു.
"അവൾക്ക് എന്റെ ബുദ്ധിയാണ്...അതല്ലേ അവൾ ഒരുത്തനേം പ്രേമിക്കാത്തത്?"
'ഞാൻ പിന്നെ പ്രേമിച്ചു നടക്കുകയായിരുന്നോ?"
ശാലു ഈർഷ്യയോടെ ചോദിച്ചു.
"ന്യൂ ജനറേഷനാണ് മോനെ..വിവാഹം നടന്നാൽ നടന്നു" ദേവന്റെ അമ്മ പ്രേമം പറഞ്ഞു.
സർക്കാർ ജോലിക്കാരനെ തന്നെ തന്റെ മകൾക്ക് വരനായി ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു ദേവൻ.
അശ്വതിയുടെ വിവാഹം തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ തന്നെ അവളുടെ സുഹൃത്തുക്കൾ ആഘോഷം തുടങ്ങി....
ഡാൻസും പാട്ടും പൊട്ടിച്ചിരികളുമായി ദേവന്റെ വീട് നിറഞ്ഞു.
കല്യാണം കഴിഞ്ഞാലെങ്കിലും അശ്വതിയുടെ കൂട്ടുകാർ ഒഴിഞ്ഞു പോകുമെല്ലോ എന്ന് ദേവൻ പലപ്പോഴും ആശ്വസിച്ചു.
ദേവന്റെ അഭിപ്രായത്തിൽ രാഹുലിന് ഒരു ചെറിയ കുഴപ്പം മാത്രമേയുള്ളൂ.
അവന്റെ രാഷ്ട്രീയം.....നാട്ടിലും..ജോലിസ്ഥലത്തും അവൻ ഒരു ചെറിയ നേതാവാണ്...
അതുമാത്രം വേണ്ടായിരുന്നു എന്ന് ദേവൻ ഇടക്കിടെ ഓർക്കും.
വിവാഹത്തിന് മൂന്നു ദിവസം മുൻപ് കല്യാണ വീഡിയോയുടെ ഇൻട്രൊഡക്ഷൻ ഷൂട്ട്‌ ചെയ്യുവാനായി ഫ്രണ്ട്‌സ് അശ്വതിയുടെ വീട്ടിൽ കൂടിയിരിക്കുകയാണ്!!!
"മച്ചാനെ ഒരു തീം ഉണ്ടാക്കി മൂന്ന് ദിവസമായി ഞാൻ ഇവിടെ കറങ്ങുന്നു..അവന്റെ ഒടുക്കത്തെ ഒരു ജാഡ" തീം തയാറാക്കിയ ചളിയൻ പറഞ്ഞു.
"എന്റെ ബ്രോ....അവന്റെ കാര്യം നമുക്ക് നേരത്തെ അറിയില്ലേ? ഈ അച്ചുവിന് അവനെ ഇഷ്ടപ്പെട്ടതിലാണ് എനിക്ക് അത്ഭുതം" പ്രാഞ്ചിയുടെ അഭിപ്രായം അതായിരുന്നു.
"എനിക്കൊരു ജോലി കിട്ടിയിരുന്നെങ്കിൽ ഞാൻ ഈ അച്ചൂനെ അങ്ങ് കിട്ടിയേനെ.." ചളിയൻ പറഞ്ഞു.
"നിനക്ക് ജോലി കിട്ടാത്തത് നമ്മുടെ അച്ചുവിന്റെ ലക്ക് " മീനു പറഞ്ഞപ്പോൾ എല്ലാവരും ആർത്തു ചിരിച്ചു. ചളിയന്റെ മുഖം വാടി...
"വിഷമിക്കേണ്ടടാ....ജോലി ഇല്ലെങ്കിലും നീ എന്നെ കെട്ടിക്കോ?"അവന്റെ കവിളിൽ തലോടിക്കൊണ്ട് മീനു പറഞ്ഞു.
"ബെസ്റ്റ്,...,"പ്രാഞ്ചിയുടെ കമന്റ്‌ അതിൽ ഒതുങ്ങി.
അവർ ഏറെ സമയം രാഹുലിന്റെ വരവിനായി കാത്തിരുന്നു.
"ഇരുട്ടു വീണാൽ വീഡിയോ നടക്കുമെന്ന് തോന്നുന്നില്ല" പ്രാഞ്ചി പറഞ്ഞു.
അവസാനം വൈകുന്നേരം നാലുമണിക്ക് രാഹുലിന്റെ കാർ അവിടെ എത്തിച്ചേർന്നു.
കാറിൽ നിന്നും ഇറങ്ങിയ രാഹുൽ ചുറ്റുപാടും നോക്കി..
"എടീ അച്ചു...നമ്മുടെ ബ്രോ വലിയ ജാഡക്കാരൻ ആണെന്ന് തോന്നുന്നല്ലോ" മീനു അച്ചുവിന്റെ ചെവിയിൽ പറഞ്ഞു.
"നീ പോടീ..."അശ്വതി മുന്നോട്ട് നടന്നു.
അവൾ രാഹുലിനെ നോക്കി ചിരിച്ചു.
"ഹാലോ..."അവൾ തന്റെ വലതു കൈ നീട്ടിക്കൊണ്ട് രാഹുലിനു നേരെ ചെന്നു.
രാഹുൽ ചിരിച്ചുകൊണ്ട് അവളെ നോക്കി കൈകൂപ്പി..പെണ്ണുകാണൽ ചടങ്ങിനും അയാൾ കൂപ്പു കൈ ആണെല്ലോ ഷേക്ക്‌ ഹാൻഡിനു പകരം തനിക്ക് തന്നത്....അശ്വതി ഓർത്തു.
"നമസ്കാരം..."അയാൾ പിറുപിറുത്തു.
അയാൾ പ്രാഞ്ചിക്കും,അപ്പുവിനും കീരുവിനും ഷേക്ക്‌ ഹാൻഡ് കൊടുത്തു. മീനുവും കൈനീട്ടിക്കൊണ്ട് ചെന്നെങ്കിലും അവളുടെ നേരെയും അയാൾ കൈകൂപ്പി നമസ്കാരം പറഞ്ഞു.
"ഞാൻ അച്ചുവിനെ കെട്ടാൻ ഇരുന്നതാണ്" ചളിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അച്ചുവിന്റെ ഭാഗ്യം കൊണ്ട് ഇവന് ജോലിയൊന്നും കിട്ടിയില്ല" പ്രാഞ്ചി പറഞ്ഞപ്പോൾ രാഹുൽ ഒഴിച്ച് എല്ലാവരും ചിരിച്ചു.
രാഹുൽ ഗൗരവം വിടാതെ അശ്വതിയോട് ചോദിച്ചു.
"എന്തിനാണ് എന്നോട് വരുവാൻ പറഞ്ഞത്?"
"ഞാനൊരു കിടിലൻ തീം പ്ലാൻ ചെയ്തിട്ടുണ്ട്..നമുക്ക് ഷൂട്ടിങ് തുടങ്ങാം.."ചളിയൻ പറഞ്ഞു.
"ഷൂട്ടിങ്ങോ...എന്ത് ഷൂട്ടിംഗ്?'രാഹുൽ ചോദിച്ചു.
"കല്യാണത്തിന്റെ വീഡിയോ എടുക്കണ്ടേ? ഞങ്ങൾ ഇവിടെ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് മൂന്നു മണിക്കൂറായി' പ്രാഞ്ചി പറഞ്ഞു.
"കല്യാണത്തിന്റെ വീഡിയോ കല്യാണത്തിനല്ലേ?"
രാഹുൽ ചോദിച്ചു.
അശ്വതി ആകെ വിഷമിച്ചു.അവൾ രാഹുലിനോട് പറഞ്ഞു.
"രാഹുൽ....നമ്മുടെ കല്യാണത്തിന്റെ വീഡിയോ പിടിക്കണം..ചളിയൻ ഒരു തീം തയാറാക്കിയിട്ടുണ്ട്...."അശ്വതി പറഞ്ഞു.
"തീമോ...അതെന്താണ്?" രാഹുൽ ചോദിച്ചു.
"അത് കല്യാണത്തിന്റെ ഒരു ഇൻട്രൊഡക്ഷൻ..
മീൻസ്... നിങ്ങൾ കണ്ടുമുട്ടുന്നത്....പ്രണയിക്കുന്നത്...അതിനുള്ള ഒരു സാഹചര്യം..അതൊക്ക എന്റെ വിശാലമായ ഭാവനയിൽ വിരിഞ്ഞിട്ടുണ്ട്' ചളിയൻ പറഞ്ഞു.
"അതിന് ഞങ്ങൾ പ്രണയിച്ചതല്ലല്ലോ..." രാഹുൽ പറഞ്ഞു.
"ചടങ്ങായല്ലോ?..,ഈ ബ്രോ...ന്യൂജെൻ അല്ലെന്ന് തോന്നുന്നു" പ്രാഞ്ചി കീരുവിന്റെ ചെവിയിൽ പറഞ്ഞു.
അശ്വതി തന്റെ സുഹൃത്തുക്കളെ വിഷമത്തോടെ നോക്കി. അവൾ ജാള്യത മറച്ചു കൊണ്ട് രാഹുലിനോട് പറഞ്ഞു.
"രാഹുൽ എന്റെ ഫ്രണ്ട്സിന്റെ ആഗ്രഹമാണ്...അവരുടെ ഐഡിയാസിൽ എന്റെ മാര്യേജ് അടിച്ചു പൊളിക്കണമെന്ന് '
"അതിന്?"രാഹുൽ ചോദ്യഭാവത്തിൽ അശ്വതിയെ നോക്കി.
"രാഹുൽ സഹകരിക്കണം.." അശ്വതി പറഞ്ഞു.
"എനിക്ക് പറ്റില്ല കോമാളി വേഷം കെട്ടുവാൻ..മാത്രമല്ല ഞാൻ ഒരു സർക്കാർ ജോലിക്കാരനാണ്....ഡിപ്പാർട്മെന്റ് പെർമിഷൻ ഇല്ലാതെ എനിക്ക് വീഡിയോയിൽ ഒന്നും അഭിനയിക്കുവാൻ സാധ്യമല്ല" രാഹുൽ പറഞ്ഞു.
"സ്വന്തം കല്യാണത്തിന് വീഡിയോ എടുക്കുന്നതിന് പെർമിഷൻ വേണമെന്ന് ഞാൻ ആദ്യം കേൾക്കുകയാണ്"പ്രാഞ്ചി അത്ഭുതത്തോടെ പിറുപിറുത്തു.
"രാഹുൽ പ്ലീസ്....എന്റെ സുഹൃത്തുക്കൾ വല്ലാതെ ആഗ്രഹിച്ചുപോയി...പ്ലീസ്...'അശ്വതി പറഞ്ഞു.
"എന്താണ് മോൻ പുറത്തു തന്നെ നിന്നത്? കയറി ഇരിക്കാം" വീടിനു പുറത്തേക്ക് വന്ന ശാലിനി പറഞ്ഞു.ശാലിനിയുടെ പുറകെ വന്ന ദേവൻ രാഹുലിനെ നോക്കി ചിരിച്ചു.
രാഹുൽ അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു.
"ഡാ...വിഷമിക്കേണ്ട....ഞാൻ രാഹുലിനോട് പറഞ്ഞു ശരിയാക്കാം" തന്റെ സ്ക്രിപ്റ്റ് പഴയല്ലോ എന്ന് വിഷമിച്ചു നിന്ന ചളിയനെ അശ്വതി സമാധാനിപ്പിച്ചു.
"മച്ചാനെ...സീനായല്ലോ? ഇതെന്തൊരു സാധനം. പാവം അച്ചു" പ്രാഞ്ചി പറഞ്ഞു.
അകത്തേക്ക് ചെന്ന അശ്വതി വിവരം ദേവനോട് പറഞ്ഞു.
"അവന്‌ താൽപര്യമില്ലെങ്കിൽ എന്തിനാണ് നീ നിർബന്ധിക്കുന്നത്?"ദേവൻ ചോദിച്ചു.
"ഡാഡി എന്റെ ഫ്രണ്ട്‌സ് ഒരുപാട് ആഗ്രഹിച്ചതാണ് " അശ്വതി പറഞ്ഞു.
"നിന്റെ ഫ്രണ്ട്‌സ്....അലവലാതികൾ!!!...ഞാൻ രാഹുലിന്റെ കൂടെയാണ്.." ദേവൻ പറഞ്ഞു.
അശ്വതിക്ക് ദേഷ്യം വന്നു....."ഡാഡി സൂക്ഷിച്ചു സംസാരിക്കണം....ഡാഡിയോടു ഞാൻ പറഞ്ഞതല്ലേ....ഫങ്ക്ഷൻ നടത്തുന്നത് അവരുടെ ഐഡിയ അനുസരിച്ച് മാത്രമായിരിക്കണെമെന്ന്?"
"അതിപ്പോൾ...രാഹുലിന്റെ ഇഷ്ടം നോക്കേണ്ട?"
ദേവൻ ചോദിച്ചു.
"അതാണ് പറഞ്ഞത് ഡാഡി രാഹുലിനോട് ഒന്ന്‌ സംസാരിക്കാൻ,"അശ്വതി പറഞ്ഞു.
ഈ സമയം പ്രാഞ്ചിയും കീരുവും അകത്തേക്ക് വന്ന്‌ അശ്വതിയുടെ തോളിൽ കൈയിട്ടു കൊണ്ട് നിന്നു. ശാലിനിക്കും ദേവനും ഒരു വല്ലായ്മ അനുഭവപ്പെട്ടു...അവർ രാഹുലിന്റെ മുഖത്തേക്ക് നോക്കി.
അയാളുടെ മുഖം വല്ലാതായിരിക്കുന്നു!!!
ദേവൻ രാഹുലിനെ നോക്കി പറഞ്ഞു.
"അച്ചുവിന്റെ കൂട്ടുകാരാണ്....ഏറെ നാൾ അവർ ഒരുമിച്ചു പഠിച്ചതാണ്.."ജാള്യത മറക്കുവാൻ അയാൾ കഠിന പരിശ്രമം നടത്തി. ദേവന്റെ അമ്മയും അപ്പോൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.
"മോൻ എപ്പോഴാണ് വന്നത്?"അവർ രാഹുലിനോട് ലോഹ്യം ചോദിച്ചു.
രാഹുൽ ചിരിച്ചെന്നു വരുത്തി.
പ്രാഞ്ചിയും ചളിയനും അശ്വതിയുടെ തലങ്ങും വിലങ്ങും നിന്ന് സെൽഫിയെടുത്തുകൊണ്ടിരുന്നു.
"രാഹുൽ കുട്ടികളുടെ ഒരു ആഗ്രഹം അല്ലേ?ഒരു വീഡിയോ എടുക്കുന്നതിൽ എന്താണ് കുഴപ്പം?'
ശാലിനി ചോദിച്ചു. അശ്വതി പ്രതീക്ഷയോടെ രാഹുലിനെ നോക്കി.
രാഹുൽ എഴുനേറ്റു നിന്നു....ശാലിനിയെ നോക്കി പറഞ്ഞു.
"എനിക്ക് ഒരു പോളിസി ഉണ്ട്...
കല്യാണനിശ്ചയത്തിന് നാം ഫോട്ടോയും വീഡിയോയും എടുത്തതാണ്...
ഇനി കല്യാണത്തിനാകട്ടെ"
"അച്ചു....അപ്പോൾ എന്റെ സ്ക്രിപ്റ്റ്?'ചളിയൻ ചോദിച്ചു.
"എന്റെ മച്ചാനെ ഞാൻ ക്യാമറ വാടകക്കെടുത്ത് കൊണ്ടുവന്നത് വെറുതെ ആയല്ലോ " ഫ്രാൻസിസ് പരിതപിച്ചു.
രാഹുൽ കാറിനടുത്തേക്ക് പതുക്കെ നടന്നു.
"രാഹുൽ....എന്റെ ബ്രോസിനെ നീ അപമാനിക്കരുത്. രാഹുൽ ഇവിടെ വരെ വന്ന സ്ഥിതിക്ക് ഞങ്ങളുടെ കൂടെ നിന്ന് ഒരു ഫോട്ടോയ്‌ക്കെങ്കിലും പോസ്സ് ചെയ്യണം...ദിസ് ഈസ്‌ മൈ റിക്വസ്റ്റ്" അശ്വതി പറഞ്ഞു.
എല്ലാവരും പ്രതീക്ഷയോടെ രാഹുലിനെ നോക്കി.
"പറ്റില്ല....ഇവരുടെയൊന്നും ഊളത്തരത്തിനു കൂട്ടു നിൽക്കുവാൻ എനിക്ക് പറ്റില്ല" രാഹുൽ തീർത്തു പറഞ്ഞു.
അശ്വതി രാഹുലിനടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്നുകൊണ്ട് പറഞ്ഞു
"എങ്കിൽ ഈ വിവാഹത്തിനെക്കുറിച്ച് എനിക്ക് ഒന്നുകൂടി ആലോചിക്കണം"
"അച്ചൂ....," ദേവന്റെ ശബ്ദം ഉയർന്നു.
അമ്പരന്നുപോയ അവളുടെ സഹപാഠികൾ അവളുടെയടുത്തേക്ക് ഓടിയെത്തി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - :https://goo.gl/wqBx8m



No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot